Homeചർച്ചാവിഷയം

അതിജീവനം തേടുന്നവര്‍

വീട്ടുമുറ്റത്ത് പൂത്തുകിടക്കുന്ന പനിനീര്‍ പൂക്കളും,വിടരാനൊരുങ്ങി നില്‍ക്കുന്ന പൂമൊട്ടുകളും കാണുമ്പോള്‍ കണ്ണിനും മനസ്സിനും എന്തൊരാനന്ദം. ചുറ്റിലും കണ്ണോടിച്ചു . പയറും പാവലും വെണ്ടയും വഴുതനയും പുകയിലച്ചെടികള്‍ക്കിടയില്‍ മയങ്ങിക്കിടക്കുന്നു. വീടിനു പുറത്തേക്ക് കുതറിയോടുന്ന ഉച്ചത്തിലുള്ള കരച്ചിലും അതിന്‍റെ പ്രതിധ്വനിയായി മറുകരച്ചിലും പരസ്പരം മത്സരിച്ചുകൊണ്ടിരുന്നു. നിറഞ്ഞ ചിരിയോടെ വീട്ടുമുറ്റത്തേക്ക് ഓടിവന്ന അമ്മ അകത്തേക്ക് ക്ഷണിച്ചു.

കരച്ചിലിന്‍റെ ഉറവിടം അടുത്തുള്ള മുറിയാണ്, ആ മുറിയിലേക്ക് ആശങ്കനിറഞ്ഞ മനസുമായ് അമ്മയുടെ പിന്നാലെ ഞങ്ങളും കയറി
‘ഉത്കൊള്ളൂ……
കസേരയിലേക്ക് അമ്മ കൈകാണിച്ചു.
ഇരിപ്പുറക്കാതെയിരുന്നു.
‘സ്വാതി……… നോക്ക് അക്ക… ‘
കന്നഡ കലര്‍ന്ന മലയാളത്തില്‍ അമ്മയെന്നെ പരിചയപ്പെടുത്തി…..
കിടക്കയില്‍ തലയമര്‍ത്തി കമിഴ്ന്നുകിടക്കുന്ന വെളുത്ത പെണ്‍കുട്ടി നോക്കി ചിരിച്ചു….
അവളുടെ നോട്ടം എന്നിലേക്ക് പതിഞ്ഞില്ല അടുത്തിരുന്ന അമ്മയിലേക്ക് ചെരിഞ്ഞു….
വീണ്ടും കരച്ചില്‍ തുടങ്ങി…
എണീറ്റിരുന്ന് ചിരിച്ചു….
വീണ്ടും കിടന്നു.
ഇങ്ങനെ പലകുറിയാവര്‍ത്തിച്ചു കൊണ്ടിരുന്നു.
അവളുടെ ശബ്ദത്തിന് ആര്‍ത്തവത്തിന്‍റെ കടും ചുകപ്പ് നിറമായിരുന്നു. വേദനകൊണ്ട് പുളയുന്ന സ്ത്രീത്വത്തിന്‍റെ കരച്ചില്‍.
പതിനഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന വേദനയുടെ ആദ്യനാളുകള്‍….
തളര്‍ന്നുവീണ് അമ്മയുടെ മടിയില്‍ തല ചായ്കുമ്പോള്‍ അടുത്ത മുറിയില്‍ നിന്നും വീണ്ടും വേറൊരു കരച്ചില്‍ അവളെയുണര്‍ത്തുന്നത് കണാം …..
ഞെട്ടലോടെ തിരിഞ്ഞു നോക്കി…
‘ശ്രുതി……… ഇവള്ടെ ചേച്ചി…… ‘
എന്‍റെ മുഖഭാവം കണ്ടിട്ടാവാം അമ്മയുടെ മറുപടി…
ഒന്‍പതുവയസ്സില്‍ തളര്‍ന്നു വീണ സ്വാതിയേയും കൊണ്ട് ‘ കയറിയിറങ്ങാത്ത ആശുപത്രികളില്ല ,’…
അമ്മയുടെ വേദന പുരണ്ട വാക്കുകള്‍
കാതുകളില്‍ കനല് കോരിയിട്ടു.
ഇവരിലേക്ക് ഒതുങ്ങി കൂടുന്ന തന്‍റെ ചെറിയ വലിയ ലോകം.
വീടിന് ചുറ്റും പലതരം പച്ചക്കറി കൃഷിയില്‍ ഏര്‍പ്പെട്ട
അച്ഛനും അമ്മയും അമ്മമ്മയും അടങ്ങുന്ന ലോകം.
രണ്ടു പെണ്‍ മക്കളും ഇങ്ങനെ ആയതില്‍ പിന്നെ
‘ഞാന്‍ അമ്മ മാത്രമാണ്… ‘
‘പെണ്ണാവാന്‍ എനിക്ക് പറ്റിയില്ല…..
കല്യാണം ആഘോഷം ഇതൊക്കെ എന്നോ കണ്ടു മറന്ന ഒരു സ്വപ്നം മാത്രം.
അതികമാരും വീട്ടിലേക്ക് വരാറുമില്ല, ക്ഷണിക്കാറുമില്ല.
അവര്‍ക്ക് ഈ ശ്രുതിയും താളവും ഏറെ നേരം കേട്ടിരിക്കാവില്ല……
അടുത്ത മുറിയിലേക്കൊന്ന് എത്തി നോക്കി…
ശ്രുതി…..
അവളുടെ ലോകത്ത് ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് കിടക്കുന്നു …
വിളിച്ചിട്ടൊന്നും പ്രതികരിക്കുന്നില്ല…


ശ്രുതി, സ്വാതി പേരുകളും വല്ലാതെ അതിശയിപ്പിച്ചു… ഇവരുടെ ഈ സംഗീതമാണ് അമ്മയുടെ ഊര്‍ജ്ജം.
രണ്ടുമുറികളില്‍ രണ്ടു പെണ്‍കുട്ടികള്‍ അല്ല യുവതികള്‍ കൊച്ചുകുട്ടികളെ പോലെ ചുരുണ്ടു കിടക്കുന്നു. ചിരിയും കരച്ചിലും മൂര്‍ച്ചയുള്ള കഠാരകള്‍ പോലെ ഹൃദയത്തില്‍ കയറിക്കൂടി…..
പള്ളിക്കര പഞ്ചായത്തിലെ പാലക്കുന്നിലേക്ക്… താഹിറയുടെ മക്കളെ കാണാനുള്ള ലക്ഷ്യമായിരുന്നു അടുത്തത്.
ഇരുനില ഗ്രാനേറ്റ് പാകിയ വീട് ! എന്‍റെ കണ്ണൊന്ന് തള്ളി.
‘വീട് കണ്ടുപിടിക്കാന്‍ കഷ്ടപ്പെട്ടല്ലേ കഴിഞ്ഞമാസാ ഇങ്ങോട്ട് താമസം മാറിയത് “….
‘ഇനി ഒരുകൊല്ലത്തേക്ക് ഈഡന്നെ ഉണ്ടാവും. വീട്ടുകാര്‍ ഗള്‍ഫിലേക്ക് മടങ്ങി പോയി…. ‘
‘എത്രെ ന്നു പറഞ്ഞിട്ട് വാടക കൊടുക്കേണ്ടത്..
താഹിറയുടെ ഉള്ള് തുറന്നുകാട്ടുന്ന വിടര്‍ന്ന ചിരി ഞങ്ങളെ വീടിനുള്ളിലേക്കു കൂട്ടികൊണ്ടുപോയ് . മുറിയില്‍ ചുരുണ്ടു കിടക്കുന്ന പതിനൊന്നുകാരി മുബീനയുടെ കട്ടിലിനരികിലിരുന്നു…..
വല്യ പീലികളുള്ള കണ്ണുകള്‍ വിടര്‍ത്തി അവളെന്നെ നോക്കി…
എന്‍റെ മകന്‍റെ പ്രായം .ഓടിച്ചാടി നടക്കേണ്ടവള്‍ വാതോരാതെ കണ്ടതും കേട്ടതും സംസാരിക്കേണ്ട മുത്തുമണി. നനഞ്ഞു കുതിര്‍ന്ന തൂവാലപോലെ ചുരുണ്ടു കിടക്കുന്നു…
വായ മുറുകെ കടിച്ച് പല്ലുകള്‍ പൊട്ടിക്കും വിധം ശബ്ദമുണ്ടാക്കുന്നതല്ലാതെ മറ്റൊന്നും അവള്‍ ചെയ്യില്ല……..
അടുത്ത മുറിയില്‍ പതിനാലു കാരനായ സഹോദരന്‍ അസറുജമാല്‍
ടി വി യിലേക്ക് കണ്ണും നട്ടിരിക്കുന്നു. ചിരിക്കുന്നു…
അവന് നടക്കാനും പ്രാഥമിക കര്‍മ്മങ്ങള്‍ ചെയ്യാനുമാവുന്നുണ്ട്…
‘ഇങ്ങെനെ കിടക്കും ആട്ടവും അനക്കവും ഒന്നൂ…. ല്ല….’ മുബീനയെ നോക്കി താഹിറ പറഞ്ഞു തുടങ്ങി
വിളിച്ചാലും മിണ്ടൂല…
ഇങ്ങനെ നോക്കും…..
ഒന്നും അറീന്നും ഇല്ല…
ഇത് നോക്കറോ..
കരയലൊന്നും ഇല്ല…
കാലിലെ വലിയ വ്രണം ആ ഉമ്മ ഞങ്ങള്‍ക്ക് കാണിച്ചു തന്നു…..
ഒന്നും തുന്നൂല വായില്‍ ഇട്ടൊടുത്താല്‍ ഇങ്ങനെ നോക്കും……
രണ്ടാളും ഇങ്ങനെ ആയിപ്പോയി….. വാക്കുകള്‍ തൊണ്ടയിലിടറി..
ഓന്‍ ഇങ്ങനെ നടക്കും പുറത്തൊന്നും പോവൂല….
ഓന്‍ ഒറ്റക്ക് ഇണ്ടെങ്കില് സാധനെല്ലം എടുത്ത് എറിയും.. അയിനി പേടിച്ചിട്ട്
എടീം പോലില്ല ….
ഇപ്പൊ ഇങ്ങനെ ഇരിക്കുമ്പോ മനസ്സില്‍ ബേജാറന്നെ ……
ഇങ്ങനെ രണ്ടാളേം ആരെയും ഏല്പിച്ചു പുറത്തു പോകാന്‍ പറ്റുന്നില്ല….
മൂന്ന് മാസത്തില്‍ ഒരുതവണ ചികിത്സയ്ക്കായ് മംഗലാപുരത്തു പോകുന്നതാണ് ഈ കുടുംബത്തിന്‍റെ യാത്ര.
പെരിയ ജഒഇ യില്‍ നിന്നും കുട്ടിക്ക് വേണ്ട മരുന്നും മറ്റു സഹായങ്ങളും ലഭിക്കുന്നതാണ് മറ്റൊരാശ്വാസം….
വയസ്സും തടിയും കൂടുമ്പോ എനിക്കും ഒന്നും കയ്നില്ല……… ഇടയ്ക്ക് ഓരോന്നാലോചിച്ചു പ്രാന്തു കയറുന്നപോലെ…
എന്നാലും രണ്ടുമക്കളുണ്ടായിട്ടും
ഉമ്മാന്നുള്ള വിളി കേള്‍ക്കാന്‍ ആ മാതൃഹൃദയം വീര്‍പ്പ്മുട്ടുന്നു…
എന്നിട്ടും
താഹിറ വെറുതെ ചിരിക്കുന്നു.
മക്കളും ചിരിക്കുന്നു.
ആരെയും തോല്പിക്കുന്ന നിഷ്കളങ്കമായ ചിരിയാണ് നിസ്സഹായരായി നോക്കിനിലല്‍കുന്നവര്‍ക്ക് അവര്‍ നല്‍കുന്ന ഊര്‍ജ്ജം.
ശിബ്ലി ഷക്കീലിന്‍റെ വീട്ടിലേക്കുള്ള വഴി തച്ചങ്ങാട് സ്കൂളിനടുത്തുകൂടിയാണ്. അവിടെയും രണ്ടു കുട്ടികളാണ് ദുരിത ബാധിതര്‍ ഷിബിലിയുടെ ഉമ്മ
ജമീലയുടെ വാതോരാതെയുള്ള സംസാരം അതിശയിപ്പിച്ചു. മണിക്കൂറുകളോളം ആ ഉമ്മ നിര്‍ത്താതെ സംസാരിച്ചു…..
ഇടയ്ക്ക് ഇടറുന്ന ശബ്ദം.
ഓര്‍മ്മകളിലൂടെ കയ്യൂര്‍ ചീമേനിയിലെ പെരുമ്പട്ടയിലേക്ക് ഞങ്ങളെയും കൂട്ടികൊണ്ട് പോയി…..
വെള്ളചാട്ടത്തിലും നീര്‍കെട്ടുകളിലും വെള്ളം കോരിയും ,അലക്കിയും കുളിച്ചും, ഇലത്താളതിനൊപ്പം ചുവടുകള്‍ വെച്ച മധുവിധു നാളുകള്‍….
അഞ്ചു വര്‍ഷം പിന്നിട്ട ദാമ്പത്യം. ഒരു കുഞ്ഞിനായി ഒരുപാട് ആശുപത്രികളും പള്ളികളും കയറിയിങ്ങി. കാത്തിരിപ്പിനൊടുവില്‍ മകന്‍ പിറന്നു..
‘പത്തുമാസമായിട്ടും ഒരു മാറ്റവുമില്ല കിടത്തിയ കിടപ്പ് മാത്രം…’
‘ഇപ്പൊ ശിബിലിക്ക് ഇരുപത്തിയേഴു വയസ്സ്
ഇരുത്തിയാല്‍ ഇരിക്കും കിടത്തിയാല്‍ കിടക്കും…’
കുളിപ്പിക്കാന്‍ കസേരയിലിരുത്തിയ ശിബിലിയെ ഒന്ന് നോക്കി. ചിരിക്കുന്നുണ്ട്, കയ്യും കാലും വളര്‍ന്നിട്ടുണ്ട്. കണ്ണുകള്‍ മുറുകെ അടക്കുന്നുണ്ട് വീണ്ടും വീണ്ടും ചിരിക്കുന്നു….
ശിബിലിക്ക് ഇളയ രണ്ടു സഹോദരിമാരും രണ്ടു സഹോദരങ്ങളുമുണ്ട്. രണ്ടു പെങ്ങമ്മാരില്‍നിന്നും ഉമ്മയെപോലെ തന്നെ കരുതലും സ്നേഹവും അവന് ലഭിക്കുന്നു….
ഇരുപത്തൊന്നു വയസ്സായ മുഹമ്മദ് അജ്സലാണ് മറ്റവന്‍.
‘ദേഷ്യക്കാരന്‍ വാശിക്കാരന്‍…
യോനെക്കൊണ്ടന്നെ ബെല്യ ബേസാറ്….
പുള്ളറെല്ലം കല്ലെടുത്ത് എറിഞ്ഞക്ക്ന്ന്……..
ഒന്നും പറഞ്ഞാ തിരീന്നില്ല….
ഓനെന്നെ ഇപ്പൊ ചിന്തിക്കല് . ബേജാറാന്നത് അയ്നി മാത്രം…..
മറ്റോന് ഒന്നുല്ല നാളെ രാവിലെ വരെ ഇരുത്തിയാലും അനങ്ങൂല…
ഇങ്ങനെ ചിന്തിച്ചു കൂട്ടിറ്റ് എന്ത് വേണ്ടത് പടച്ചോന്‍ കണക്കാക്കിയതല്ലേ നടക്കൂ…
ഉമ്മയുടെ വര്‍ത്തമാനം തുടര്‍ന്നു ഇടയ്ക്ക് മുറിഞ്ഞുപോകുന്നുമുണ്ട്. കണ്ണില്‍ പൊടിഞ്ഞ മുത്തുകള്‍ കവിളിലൂടെ ഉരുണ്ട് മടിയില്‍ വീണു…. തൊണ്ടയില്‍ കുരുങ്ങിയ വാക്കുകള്‍ എങ്ങും തൊടാതെ ഉള്ളിലേക്ക് തന്നെ വിഴുങ്ങി… എല്ലാവേദനകളും സഹിച്ചും കണ്ടും എങ്ങനെയാണ് ഈ അമ്മമാര്‍ ഇങ്ങനെ ചിരിക്കുന്നത്..?
എവിടുന്നാണ് ഇവര്‍ക്ക് ഇത്രയും മനോധൈര്യം..?
ഇങ്ങനെ ഒരു വീട്ടില്‍ തന്നെ ഒന്നും, രണ്ടും, മൂന്നും, നാലും ദുരിതബാധിതരുള്ള എത്രയെത്ര വീടുകളാണ് ഇനിയും കയറിയിറങ്ങേണ്ടത്. നിഷ്കളങ്കമായി ചിരിക്കുന്ന ഓരോ കുഞ്ഞുങ്ങളുടെയും മുഖത്ത് സ്നേഹത്തിന്‍റെ തലോടല്‍ മാത്രം നല്‍കി പടിയിറങ്ങുമ്പോള്‍ എന്‍ഡോസള്‍ഫാന്‍ എന്ന നിശബ്ദ കൊലയാളി മറഞ്ഞുനിന്നു ചിരിക്കുന്നുണ്ടാവണം.

ഫറീന കോട്ടപ്പുറം
അധ്യാപിക,
സാമൂഹ്യ പ്രവര്‍ത്തക

COMMENTS

COMMENT WITH EMAIL: 0