ആദ്യമായി ചന്ദ്രനിൽ കാലൂന്നാൻ പോവുന്ന വനിത ആരായിരിക്കും? ആർടെമിസ് ദൗത്യത്തിലേക്ക് മിഴിനട്ടിരിക്കുകയാണ് ലോകം. 2024-ൽ ആദ്യമായൊരു വനിതയെ ചന്ദ്രനിലെത്തിക്കുക എന്നതാണ് നാസയുടെ ആർടെമിസ് ദൗത്യത്തിന്റെ ഒരു പ്രധാന ലക്ഷ്യം. ചാന്ദ്രപര്യവേക്ഷണ ചരിത്രം പരിശോധിച്ചാൽ പല ദൗത്യങ്ങൾക്ക് പിന്നിലും നിർണ്ണായക പങ്കു വഹിച്ച കഴിവുറ്റ പല സ്ത്രീകൾക്കും അവരർഹിക്കുന്ന അംഗീകാരം ലഭിക്കുകയോ അവർ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്ക് വരികയോ ചെയ്തില്ല എന്നു കാണാൻ സാധിക്കും. അതികഠിനമായ പരിശീലന കടമ്പകൾ മറികടന്നിട്ടും ഒരിക്കൽപ്പോലും ബഹിരാകാശപ്പറക്കൽ നടത്താൻ കഴിയാതെ പോയ വനിതകളും നിരവധി. പുരുഷമേധാവിത്തം കൊടികുത്തി വാണ ബഹിരാകാശ ഗവേഷണ രംഗത്ത് പല സുപ്രധാന ഗവേഷണങ്ങളിലും സ്ത്രീകളെ പരിഗണിക്കുക പോലും ചെയ്യാത്ത സംഭവങ്ങളും ധാരാളം. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽപ്പോലും പുരുഷ ബഹിരാകാശ യാത്രികർക്ക് യോജിക്കും വിധമാണ് സ്‌പേസ് സ്യൂട്ടുകൾ പോലും ഡിസൈൻ ചെയ്തിരിക്കുന്നത്. എന്നാൽ ബഹിരാകാശ ദൗത്യങ്ങളിൽ നിന്ന് ഇനിയും സ്ത്രീകളെ മാറ്റി നിർത്താൻ സാധിക്കില്ലെന്ന് കാലം തെളിയിച്ചു കഴിഞ്ഞു.
ആർടെമിസ് ദൗത്യവുമായി ബന്ധപ്പെട്ട പരിശീലനത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന 18 പേരിൽ 9 പേർ സ്ത്രീകളാണ്. ഇക്കൂട്ടത്തിൽ ഈ അടുത്തകാലത്ത് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയിലൂടെയും അവിടുത്തെ താമസത്തിൽ റെക്കോഡിട്ടതിലൂടെയും സ്ത്രീകൾ മാത്രമുള്ള സ്‌പേസ് വോക്കിലൂടെയും വാർത്തകളിൽ നിറഞ്ഞ ക്രിസ്റ്റീന കോച്ചും ജെസ്സീക്ക മെയറും ഉണ്ട്. ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദാനന്തര ബിരുദമുള്ള ക്രിസ്റ്റീന കോച്ച് 2013 ലാണ് നാസയുടെ ആസ്‌ട്രോനോട്ട് പരിശീലന പരിപാടിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.ബഹിരാകാശ ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും മറൈൻ ബയോളജിയിൽ ഡോക്റ്ററേറ്റും നേടിയ ജെസ്സീക്ക മെയറും കഴിഞ്ഞ എട്ടു വർഷമായി നാസയുടെ ആസ്‌ട്രോനോട്ട് ആണ്. രാത്രികളിൽ ആകാശത്തേക്ക് നോക്കി ശരിക്കും ചന്ദ്രനിൽ എത്തിയാലുള്ള അവസ്ഥ എന്തായിരിക്കുമെന്നോർത്ത് താൻ വിസ്മയം കൊള്ളാറുണ്ടെന്ന് മെയർ പറയുന്നു.
എയ്‌റോസ്‌പേസ് എഞ്ചിനീയറിങ്ങിൽ മാസ്റ്റർ ബിരുദമുള്ള ആനി മക്ലെയ്‌നും 2013 മുതൽ നാസയുടെ ആസ്‌ട്രോനോട്ട് പരിശീലന പദ്ധതിയിൽ അംഗമാണ്. വിവിധ തരം വിമാനങ്ങൾ പറത്തുന്നതിൽ വിദഗ്ധയായ ആനി രണ്ടു തവണ ബഹിരാകാശ നടത്തവും പൂർത്തിയാക്കിയിട്ടുണ്ട്. അനന്ത വിഹായസ്സിലേക്ക് പോയിക്കൊണ്ടേയിരിക്കുക, അതിന്നുമപുറം എന്താണെന്നറിയുക , ഇതൊക്കെ തന്നെ എപ്പോഴും ആവേശഭരിതയാക്കുന്നുവെന്ന് ആനി പറയുന്നു.കാൻസർ ബയോളജിയിൽ ഡോക്റ്ററേറ്റ് നേടിയ കെയ്റ്റ് റൂബിൻസ് 2009 മുതൽ നാസയുടെ ആസ്‌ട്രോനോട്ട് പരിശീലനത്തിൽ സജീവമാണ്. ചന്ദ്രനിൽ മനുഷ്യ കോളനികൾ യാഥാർഥ്യമായാൽ അതിന്റെ ഗുണഫലങ്ങൾ പ്രവചനങ്ങൾക്കും അപ്പുറത്തായിരിക്കുമെന്നാണ് കെയ്റ്റ് ആവേശം കൊള്ളുന്നത്.
എയ്‌റോസ്‌പേസ് എഞ്ചിനീയറിങ്ങിൽ ബിരുദാനന്തര ബിരുദമുള്ള സ്റ്റെഫാനീ വിൽസൺ 1996 മുതൽ നാസയിലുണ്ട്. മൂന്ന് സ്‌പേസ് ഷട്ടിൽ ദൗത്യങ്ങളിൽ പങ്കാളിയാവുകയും ചെയ്തു.മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ മാസ്റ്റർ ബിരുദമുള്ള നിക്കോളി മാൻ 2013 ലാണ് ആസ്‌ട്രോനോട്ട് പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആർടെമിസ് ദൗത്യം ലോകത്തിലെ യുവതലമുറയ്ക്ക് മുഴുവൻ ആവേശം പകരുന്ന ഒന്നാണെന്ന് നിക്കോളി ചൂണ്ടിക്കാണിക്കുന്നു. എയ്‌റോസ്‌പേസ് എഞ്ചിനീയറിങ്ങിൽ മാസ്റ്റർ ബിരുദമുള്ള ജാസ്മിൻ മോഗ്ബെലി വിവിധ തരം വിമാനങ്ങൾ പറത്തുന്നതിൽ വിദഗ്ധയാണ്. 2017-ലാണ് നാസയുടെ ആസ്‌ട്രോനോട്ട് പരിശീലനത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ന്യൂക്ലിയാർ എഞ്ചിനീയറിങ്ങിൽ ബിരുദാനന്തര ബിരുദമുള്ള കേയ്ല ബാറണും ജിയോളജിയിൽ ഡോക്റ്ററേറ്റ് ഉള്ള ജെസ്സീക്ക വാറ്റ്കിൻസുമാണ് ആർടെമിസ് ദൗത്യ പരിശീലന പദ്ധതിയിലെ മറ്റ് വനിതകൾ. ഇവർ രണ്ടു പേരും 2017 ലാണ് പരിശീലന പരിപാടിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇനിയും ചുരുൾ നിവരാത്ത ചാന്ദ്ര രഹസ്യങ്ങൾ ചുരുൾ നിവർത്തുക, ചന്ദ്രനിലെ മനുഷ്യവാസത്തിനും ഭാവി ചാന്ദ്ര ദൗത്യങ്ങൾക്കും ഏറെ സഹായകമാവുന്ന വിവരങ്ങൾ ലഭ്യമാക്കുക തുടങ്ങി ഒട്ടേറെ സുപ്രധാന ലക്ഷ്യങ്ങളുമായി കുതിച്ചുയരാൻ പോവുന്ന ആർടെമിസ് ദൗത്യത്തിലൂടെ ചാന്ദ്ര മണ്ണിൽ ആദ്യം കാലൂന്നുന്ന വനിത ആരായിരിക്കും എന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കാം. ബഹിരാകാശ ഗവേഷണ ദൗത്യങ്ങളിലേക്ക് കടന്നുവന്ന് ആകാശത്തിന്റെ അറ്റമില്ലാത്ത വിസ്മയങ്ങളിലേക്ക് പറന്നുയരാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് ഈ ദൗത്യവും അതിലെ സ്ത്രീ പങ്കാളിത്തവും ഏറെ പ്രചോദനം നൽകുമെന്നുറപ്പ്.
സീമ ശ്രീലയം
പ്രമുഖ ശാസ്ത്ര ലേഖിക,
നിരവധി ബഹുമതികള്‍ക്ക് ഉടമ
COMMENTS