പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല.
പണ്ട്, സ്കൂളില്‍ പഠിക്കുമ്പോള്‍
അദൃശ്യര്‍ ആകാനുള്ള കഴിവ്
ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു.
ക്ലാസ് മുറിയിലേക്ക്
കാലെടുത്തു വച്ചാല്‍ മതി.
ഞങ്ങള്‍ അരൂപികളാകും.
ഒരു ഫോട്ടോണ്‍ പോലും
ഞങ്ങളെ തട്ടി പ്രതിഫലിക്കില്ല.
ഞങ്ങള്‍ക്കു ചുറ്റുമുള്ള വായു
ഒരു കമ്പനവുമില്ലാതെ നിശ്ചലമാകും.
വിശന്നാലോ,
വയറു വേദനിച്ച് കരഞ്ഞാലോ
ആരുമറിയില്ല.
ആരും കാണാതെ, കേള്‍ക്കാതെ
ഉച്ചയൂണിന് പുറത്തേക്കിറങ്ങി
സ്റ്റാഫ് റൂമിനു മുന്നിലെ
ഓറഞ്ചു പൂക്കള്‍ പെറുക്കി
മടിയില്‍ വെക്കും.
വര്‍ഷത്തിലൊരിക്കല്‍,
പ്യൂണ്‍ നോട്ടീസുമായി വരുന്ന
ഒരേയൊരു ദിവസമൊഴിച്ച്.
അന്ന് ഞങ്ങളാണ് ഈ ലോകത്ത്
ഏറ്റവും ദൃശ്യമായവര്‍.
എല്ലാ കണ്ണുകളും കാതുകളും
ഒരുമിച്ച് ഞങ്ങളിലേക്ക് തിരിയും.
അലീന ആകാശമിഠായി
COMMENTS