മുഖവുര- ഏപ്രില്‍ ലക്കം

Homeമുഖവുര

മുഖവുര- ഏപ്രില്‍ ലക്കം

ഡോ.ഷീബ കെ.എം.

ശ്രീലങ്കയിലെ സമ്പദ്ഘടന ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. സാമ്പത്തിക ഞെരുക്കങ്ങള്‍ സാധാരണ ജനങ്ങളെ തീവ്രമായി ബാധിക്കുന്നുണ്ട്. ഭക്ഷണത്തിനും മരുന്നിനും ഇന്ധനത്തിനും കടുത്ത ക്ഷാമവും വിലക്കയറ്റവും നേരിടുന്ന ഘട്ടത്തില്‍ ഏതൊരു സംഘര്‍ഷാവസ്ഥയിലുമെന്ന പോലെ ആ രാജ്യത്തെ സ്ത്രീകള്‍ ഇതിന്‍റെ പ്രത്യാഘാതങ്ങള്‍ കഠിനമായി അനുഭവിക്കുന്നുണ്ട്.
ഇന്ത്യാരാജ്യത്തെ വിലക്കറ്റത്തിന്‍റെ പരിധികള്‍ സാമാന്യ ജനജീവിതം അസാധ്യമാക്കുന്ന തരത്തില്‍ മുന്നേറുകയാണ്. ഇന്ധനവില, പാചകവാതക വില , ഭൂനികുതി, വെള്ളക്കരം , അവശ്യമരുന്ന് വില എല്ലാം സാധാരണ ജനങ്ങളുടെ നട്ടെല്ലൊടിക്കും വിധം അനുദിനം കുതിക്കുകയാണ്. പൊതു തെരഞ്ഞെടുപ്പ് കഴിയാന്‍ കാത്തു നിന്നേ പോലെയാണ് ഈ കൊടും വര്‍ദ്ധനവ്. ചുടു വേനലിലെന്ന പോലെ നീറുകയാണ് പ്രജകള്‍ എന്ന യാഥാര്‍ത്ഥ്യം ഭരണകര്‍ത്താക്കള്‍ കണ്ടില്ലെന്ന് നടിക്കുന്നത് അപലപനീയമാണ്.
പുനെയിലെ അറുപതോളം സ്ത്രീകള്‍ക്ക് സ്വന്തം കൃഷിയിടത്തിനുമേല്‍ കൂട്ടുടമസ്ഥത കൈവന്നു എന്ന വാര്‍ത്ത ഏറെ സന്തോഷകരമാണ്. ഒരു ദശകത്തോളമായി സ്വന്തം ഭൂമിയില്‍ വെറും കര്‍ഷകത്തൊഴിലാളികളായി ജോലിയെടുത്തു വരികയായിരുന്നു ഇവര്‍. ‘ലക്ഷ്മി മുക്തി യോജന’ എന്ന പേരില്‍ മുപ്പത് വര്‍ഷമായി ഈ പദ്ധതി നിലവിലുണ്ടായിരുന്നെങ്കിലും അതിന്‍റെ ഗുണഭോക്താക്കളാവാന്‍ സ്ത്രീകള്‍ ഇത്രയും ദീര്‍ഘമായ കാലം കാത്തിരിക്കേണ്ടി വന്നു എന്നത് ഖേദകരമാണ്.
സാങ്കേതികവിദ്യയും സ്ത്രീകളും തമ്മില്‍ വലിയ അന്തരം സ്ഥാപിക്കുന്ന മട്ടിലുള്ള ലിംഗവാര്‍പ്പുമാതൃകകള്‍ നിലനില്‍ക്കുമ്പോള്‍ നൂതന സാങ്കേതിക വിദ്യയുടെ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവരില്‍ 40% സ്ത്രീകളാണ് എന്നാണ് 2022 ല്‍ പുറത്തുവന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. കോവിഡ് മഹാമാരി കാലം ഈ വര്‍ദ്ധനവിന് കാരണമായതായും പറയുന്നു.സ്ത്രീകളുടെ വാഹന ഉപയോഗത്തിലും ഈ മാറ്റം പ്രതിഫലിച്ചിരിക്കുന്നു എന്നുള്ള ആശാവഹമാണ്.
അകംലോകങ്ങളില്‍ ജീവിക്കാന്‍ പ്രേരിപ്പിക്കപ്പെട്ടിട്ടുള്ള സ്ത്രീകള്‍ പൊതു ഇടത്തിന്‍റെ വിവരശേഖരണത്തില്‍ പങ്കാളികളാവുന്നതിന് എക്കാലത്തും തടസ്സങ്ങളുണ്ടായിരുന്നു. എന്നാല്‍ ഒരു നൂറ്റാണ്ടോളം തന്നെ പഴക്കമുണ്ട് സ്ത്രീകളുടെ ഈ മേഖലയിലുള്ള പരിശ്രമങ്ങള്‍ക്ക്. സ്ത്രീകളുടെ ‘പത്രപ്രവര്‍ത്തന ചരിത്രം’ ചര്‍ച്ച ചെയ്യുന്ന മഞ്ജു എം. ജോയ് അതിഥി പത്രാധിപയായ സംഘടിത കരുത്തുറ്റ ശബ്ദങ്ങളുടെ ആ ലോകങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ട് പോകും. സ്നേഹപൂര്‍വം സമര്‍പ്പിക്കുന്നു.

 

COMMENTS

COMMENT WITH EMAIL: 0