മലബാറിലെ ഏറ്റവും പ്രബലമായ കൊളോണിയല്‍ വിരുദ്ധ സമരം എന്നു വിലയിരുത്തപ്പെടുന്ന മലബാര്‍ കലാപത്തിന്‍റെ കെടുതികള്‍ അനുഭവിച്ച ഒരു ജനത അതിനെ എങ്ങനെ വിലയിരുത്തുന്നു എന്നതാണ് ഈ പേപ്പറില്‍ അന്വേഷിക്കാന്‍ ശ്രമിക്കുന്നത്; അതിനു പതിവ് ഉപദാനങ്ങള്‍വിട്ട് സാമാന്യജനങ്ങളുടെ വാമൊഴിപ്പാരമ്പര്യങ്ങളെ ആശ്രയിക്കുന്നു. കലാപങ്ങളിലായാലും യുദ്ധങ്ങളിലായാലും എത്ര സ്ത്രീകള്‍ ഇരകളാക്കപ്പെട്ടു, എത്ര പേര്‍ ദുരന്തമനുഭവിച്ചു എന്നിങ്ങനെ സ്ഥിതി വിവരക്കണക്കുസ്വഭാവമുള്ള അന്വേഷണങ്ങളേ നടന്നിട്ടുള്ളൂ. അവരുടെ പ്രവര്‍ത്തനങ്ങള്‍ ഗുണപരമായി വിലമതിക്കാന്‍ ശ്രമങ്ങള്‍ ഏറെ ഉണ്ടായിട്ടില്ല എന്നു കാണാം.
മലബാര്‍ കലാപത്തെക്കുറിച്ചുള്ള തന്‍റെ വിഖ്യാത പുസ്തകത്തില്‍ പ്രൊഫ.കെ.എന്‍. പണിക്കര്‍ കൗതുകകരമായ ഒരു കണക്കവതരിപ്പിക്കുന്നുണ്ട്.
കലാപത്തിന് സാക്ഷ്യം വഹിച്ച നാല് തെക്കന്‍ താലൂക്കളില്‍ 6,88,731 മാപ്പിളമാരുണ്ടായിരുന്നു. നാലുപേരില്‍ ഒരാളെന്ന കണക്കിലെടുത്താല്‍ തന്നെ അവരില്‍ 1,72,183 പേര്‍ പ്രായപൂര്‍ത്തിയെത്തിയ പുരുഷന്മാരായിരുന്നു. എന്നാല്‍ കീഴടങ്ങിയവരും അറസ്റ്റുചെയ്യപ്പെട്ടവരും എല്ലാം അടക്കം കലാപത്തില്‍ സജീവമായി പങ്കെടുത്തവരുടെ സംഖ്യ 50,000-ത്തോളമേ വരൂ. പ്രായപൂര്‍ത്തി വന്ന പുരുഷന്മാരായ മാപ്പിളമാരുടെ മൊത്തം സംഖ്യയുടെ മൂന്നിലൊന്നില്‍ താഴയേ അത് വരുന്നുള്ളൂ. (1991:10)
ഇത്രയധികം സ്ത്രീകള്‍, കുട്ടികള്‍ ജീവിച്ചിരുന്നിടത്ത്, ഇതില്‍ പ്രായപൂര്‍ത്തിയെത്തിയ പുരുഷന്മാരെ മാത്രമാണ് കലാപത്തില്‍ പങ്കെടുത്തവരായി വേര്‍തിരിക്കുന്നത്. സാമൂഹ്യ ഘടനയുടെ വിശകലനത്തിലും സ്ത്രീകള്‍ പൂര്‍ണ്ണമായും അദൃശ്യരാണ്. കെ.എന്‍. പണിക്കരെപ്പോലെ ലിബറല്‍മാര്‍ക്സിസ്റ്റും പുരോഗമന വാദിയുമായ ഒരു ചരിത്രകാരന്‍റെ കണക്കുകളില്‍ നിന്ന് എങ്ങനെ സ്ത്രീകളും കുട്ടികളുമടക്കമുള്ള ഒരു വിഭാഗം അപ്രത്യക്ഷരായി എന്നു ചിന്തിക്കുമ്പോള്‍ ഈ സമീപനത്തെ മാര്‍ക്സിയന്‍ വീക്ഷണത്തിന്‍റെയോ പുരുഷാധിപത്യത്തിന്‍റെയോ മാത്രം പ്രശ്നമായി കാണാനാവില്ല. ചരിത്രമെന്ന വിജ്ഞാന രൂപത്തിന്‍റെ പ്രശ്നമായിതിനെ വിലയിരുത്തേണ്ടിയിരിക്കുന്നു. ഒരു ഡിസിപ്ലിന്‍ എന്ന നിലക്ക് കൃത്യവും യുക്തി ഭദ്രവുമായി കാര്യങ്ങളവതരിപ്പിച്ച് ശാസ്ത്രീയമാക്കിത്തീര്‍ക്കാനാണ് ചരിത്രകാരന്‍ ശ്രമിക്കുന്നത്. കേന്ദ്രത്തില്‍ നിന്നുള്ള വീക്ഷണം ഒരു സംഭവത്തെക്കുറിച്ച് മൊത്തത്തില്‍ ഒരു ചിത്രം നല്‍കാന്‍ ശ്രമിക്കുന്നതിന്‍റെ ഫലമാണ്. ചരിത്രത്തിന്‍റെ നാട്യം എന്നത് അതിലുള്‍പ്പെട്ട എല്ലാ സംഭവങ്ങളെയും പ്രതിനിധാനം ചെയ്യലാണ്. അങ്ങനെ മുഴുവന്‍ കാര്യങ്ങളും അവതരിപ്പിക്കാനുള്ള ശ്രമത്തില്‍ കലാപത്തിന്‍റെ ചരിത്രം അതില്‍ മരണപ്പെട്ടവരുടെ കണക്കുകളാകുന്നു. എന്തുകൊണ്ട് കലാപം, എങ്ങനെ അത് പെട്ടെന്നവസാനിച്ചു ഈ ചോദ്യങ്ങള്‍ക്കുത്തരം പറയാനാണ് ചരിത്രം ശ്രമിക്കുന്നത്. ഒരു വിഭാഗം ജനങ്ങളില്‍ രൂപപ്പെട്ട ഇച്ഛാശക്തിയും സമരവും നഷ്ടങ്ങളും ത്യാഗങ്ങളും സഹനങ്ങളും പ്രതിരോധങ്ങളും ചരിത്രത്തില്‍ അസന്നിഹിതമാകുന്നു.
മലബാറില്‍ ജനിച്ചു വളര്‍ന്ന ഏതൊരു വ്യക്തിയെ സംബന്ധിച്ചും കലാപം ക്രൂരതയുടെ, ചെറുത്തു നില്പിന്‍റെ, തമാശകളുടെ കഥകളായി തലമുറകളിലൂടെ ഇന്നും ഓര്‍മ്മിക്കപ്പെടുന്നു. പക്ഷെ ഈ സ്മരണകളെ ഉള്‍ക്കൊള്ളാന്‍ ചരിത്രത്തിന്‍റെ വഴികള്‍ക്കാവില്ല. ഇതിലെ വേദനകള്‍, സഹനങ്ങള്‍ ഒന്നും ചരിത്രത്തിന് പ്രതിനിധാനം ചെയ്യാനാവാത്തവയാണ്.
മലപ്പുറം മേല്‍മുറിയിലുണ്ടായ ഡോര്‍സെറ്റ് ആക്രമത്തെക്കുറിച്ച് ഒരു ചരിത്ര പുസ്തകത്തിലെ പരാമര്‍ശം ഇങ്ങനെയാണ്.
പട്ടാളത്തിന്‍റെ പെരുമാറ്റത്തിലും കലാപത്തിന്‍റെ ഗതിവിഗതികള്‍ക്കിടയില്‍ തന്നെയും വഴിത്തിരിവ് കുറിച്ചത് മേല്‍മുറി അംശത്തില്‍ ഡോര്‍സെറ്റ് റെജിമെന്‍റില്‍പ്പെട്ട വെള്ളപ്പട്ടാളം 1921 ഒക്ടോബര്‍ 25-ന് നടത്തിയ കടന്നാക്രമണം തൊട്ടായിരുന്നു. ഇവിടുത്തെ മാപ്പിള പാര്‍പ്പിടങ്ങള്‍ പട്ടാളം കൂട്ടത്തോടെ ചുട്ടെരിക്കുകയും ലഹളയില്‍ സജീവ പങ്കാളിത്തമില്ലാത്തവരുള്‍പ്പെടെ തദ്ദേശവാസികളായ അസംഖ്യം മാപ്പിളമാരെ കൂട്ടക്കൊല നടത്തുകയും ചെയ്തു. തുടര്‍ന്നുണ്ടായ കടന്നാക്രമണ പരമ്പരയില്‍ മേല്‍മുറി റെയ്ഡ് ആദ്യത്തേതുമാത്രമായിരുന്നു. (കോണ്‍റാഡ് വുഡ്: 2000, 242)
ഇതില്‍ ആക്രമണത്തിന്‍റെ ഭീകരത തുടര്‍ന്നു നല്കുന്ന മരണപ്പെട്ടവരുടെ സംഖ്യയില്‍ ഒതുങ്ങുമ്പോള്‍ ഉമ്മാച്ചുവിന്‍റെ ആഖ്യാനത്തില്‍ അത് പ്രിയപ്പെട്ടവരുടെ മരണമാണ്. പുരുഷന്മാരെയെല്ലാം നിരത്തിനിര്‍ത്തി വെടിവെച്ച കൂട്ടത്തില്‍ ബാപ്പയെ പിരിയാന്‍ കൂട്ടാക്കാതിരുന്ന മകളുടെ മരണം കൂടിയാണ്.
29.1: ബ്ട ബാപ്പേം, ബല്ല്യപ്പേന്‍റെ, ആല്യോതൊടൂന്ന് രണ്ടെണ്ണും കാര്യേത്തൊടുന്ന് രണ്ടെണ്ണും, ആല്യേത്തൊടൂലെ മിതീംകുട്ട്യാജിന്‍റെ ആ ഏട്ടന് ഒന്നും. വെട്യച്ച് ബെള്ളക്കാരന്‍ ബെട്യച്ചതല്ലെ. ഏത്തിന് ബെള്ളക്കാരന്‍ അന്ന് ഓലെ ബരണം നടത്ത്യേത്. അങ്ങനൊക്കെ ഓല് ചെയ്യീന്നെ കണ്ടോലൊക്കെ ഓര് ബെട്യക്കല്ലെ. ആണ്ങ്ങളെ, അപ്പം പിന്നെ അക്കരെന്ന് അക്കരപ്പൊറത്ത്ന്ന് ആള് വന്ന് കുഞ്ഞിതങ്ങള്‍പ്പാപ്പള്ളന്ന് തങ്ങപ്പാപ്പ പറ്ഞ്ഞ് ങ്ങള് മറചെയ്യുപോന്നോന്നും കാട്ടണ്ട. തെങ്ങുകുയ്യോണം ത്രപോണം ബെല്പ്പത്തിലൊരു കുജ്ജ് കുത്തീങ്ങാണ്ട് (ആഗ്യം). അതിനെന്നെ കടക്കാന്‍പേടി ആണ്ങ്ങളെ കണ്ടാ ഓല് ബെക്കും ബെടി. അതില് പിന്നെങ്ങള് ബേറൊന്നും നോക്കാന്‍ ഇല്യ. ങ്ങള് കുളിപ്പിച്ചൊന്നും മാണ്ട. പിറ്റേന്ന് ഒഴ്ക്ക് വെള്ളം പാര്‍ന്ന്ങ്ങാണ്ടാണേലോ ബല്ലിപ്പിന്നെ ബാപ്പേ. കുഞ്ഞാലന്‍ന്നൊറ്റേണ് പേര്ട്ട്ക്ണത്. ന്‍റെ അമ്മാസങ്ക. (ഉമ്മാച്ചു, മലപ്പുറം:282)267
മതാചാര പ്രകാരം മറചെയ്യാനാകാത്തതു കൊണ്ട് തങ്ങള്‍പ്പാപ്പ (പുരോഹിതന്‍) പറഞ്ഞതു പ്രകാരം ഒഴുക്കുവെള്ളം പാര്‍ന്ന് ഒരുമിച്ച് ഒരു കുഴിയില്‍ അടക്കുകയായിരുന്നു.
പെണ്ണ്ങ്ങള് ദീ പെട്ടിട്ടില്യ. ചെല്യങ്ങന്തൊടൂലെ അതില് പെട്ട്ക്കണുന്ന് പറഞ്ഞു. വെട്യെച്ചേയ്ല്. ബാപ്പുഹാജിന്‍റൊക്കെ. അത് എങ്ങനെ ആയാലും ഇങ്ങനെങ്ങട്ട് പറ്റി പുടിച്ച്ങ്ങാട്ട് ബിടൂല. എത്ര ….. പെണ്ണ്ങ്ങളെ ബെക്കല്ല്യല്ലോ. എത്ര തോക്കിന്‍റെ ചട്ടോണ്ട് കുത്ത്യാലും ഓള് പോകൂല. അയില് അങ്ങട്ട് പോയി. ഓലങ്ങട്ട് കൊണ്ടോയ്ങ്ങാണ്ട് തോക്കങ്ങട്ട് ചൂണ്ടിയാരെ പെണ്ണ് പാഞ്ഞങ്ങട്ട് ചെന്നു. ന്‍റെപ്പാനെ ബെടി വെച്ച്ട്ട് ഞാനിവിടെ നിക്കൂലാന്നറഞ്ഞ് കെട്ടിച്ചാന്‍ ബെല്പ്പായ പെങ്കുട്ട്യേര്‍ന്ന്. അയില്ങ്ങനെ പറ്റിപ്പുടിച്ച് നിന്ന് ഓല് ബെട്യെച്ച്, അങ്ങട്ട് മരിച്ച്. ഓല ബാപ്പിം മരിച്ച്. ഇതിനാലെങ്ങനെ കെട്ടിപ്പട്ത്തീനിംപ്പൊ ഒക്കെ കേട്വന്ന് കാണണം. (ഉമ്മാച്ചു………….)
ഇതിലെ വൈകാരികത, വ്യക്തിബന്ധങ്ങള്‍ അതിന്‍റെ തീവ്രത ഒന്നും ഉള്‍ക്കൊള്ളാന്‍ ചരിത്രത്തിന്‍റെ വഴികള്‍ക്കാകില്ല. ആക്രമണത്തിന്‍റെ കൃത്യമായ തിയതി രേഖപ്പെടുത്താനും ബ്രിട്ടീഷ് പട്ടാളക്കാരുടെ നീക്കങ്ങളെ പിന്തുടരാനുമാണ് ചരിത്രം ശ്രമിക്കുന്നതെങ്കില്‍ ഈ ആഖ്യാനം സംഭവത്തിന്‍റെ സൂക്ഷ്മാംശങ്ങളിലേക്ക് കടന്നുചെല്ലാന്‍ ശ്രമിക്കുന്നുണ്ട്. ചിരുത എന്ന സ്ത്രീയെക്കുറിച്ചുള്ളതല്ലാതെ സമരങ്ങളില്‍ സ്ത്രീകളുടെ നേരിട്ടുള്ള പങ്കാളിത്തത്തെക്കുറിച്ചിവയില്‍ സൂചനകളില്ല. മലബാര്‍ കലാപത്തെക്കുറിച്ചുണ്ടായ പഠനങ്ങളില്‍ ബഹുഭൂരിപക്ഷവും കേന്ദ്രീകരിച്ചിട്ടുള്ളത് അതിന്‍റെ സാമ്പത്തിക-സാമൂഹിക കാരണങ്ങളിലും ദേശീയ രാഷ്ട്രീയ പ്രചോദനങ്ങളിലുമാണ്. ലിഖിത പാഠങ്ങളില്‍ തന്നെ വൈവിധ്യ പൂര്‍ണ്ണമായ പരിപ്രേക്ഷ്യങ്ങളില്‍ ഇത് പഠിക്കപ്പെട്ടിട്ടുണ്ടെങ്കിലും ബഹുഭൂരിപക്ഷം പഠനങ്ങളിലും ഇതിന്‍റെ ഗാര്‍ഹിക തലം പരാമര്‍ശം പോലും അര്‍ഹിക്കാത്ത തരത്തില്‍ അവഗണിക്കപ്പെടുകയാണുണ്ടായത്. പക്ഷെ, അക്കാലത്തെ ഏത് കുടുംബത്തിലും അത് ഏത് വിഭാഗത്തില്‍പെട്ടവരായാലും കലാപത്തിന്‍റെ അനന്തര ഫലങ്ങളനുഭവിച്ചവരാണുള്ളത്; മുസ്ലീമോ, ഹിന്ദുവോ ഉയര്‍ന്ന സാമ്പത്തിക വിഭാഗത്തിലുള്‍പ്പെട്ടവരോ സാധാരണക്കാരോ ദലിതരോ ആരായിരുന്നാലും. ആക്രമികളുടെ ചിത്രങ്ങള്‍ മാറിവരുമ്പോഴും ഒരു കുടുംബം പോലും ഇതിന്‍റെ ആക്രമണങ്ങളില്‍ നിന്നൊഴിവാക്കപ്പെടുന്നില്ല
മമ്മാതുവിന്‍റെ ആഖ്യാനത്തില്‍ ബ്രിട്ടീഷുകാരില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വീകരിച്ച കൗശലങ്ങളെക്കുറിച്ചാണ് പറയുന്നത്.
അത് ആണ്ങ്ങളൊക്കെ പൊയ്ക്ക്ണല്ലോ, അന്ന് പെറ്റ് കെടക്കാണ്, എണ്ണ പാത്രങ്ങളൊക്കെ ഒരുപാട് എണ്ണ പാത്രങ്ങളൊക്കെ എണ്ണ, നെജ്ജ്, ബെളിച്ചെണ്ണ, ബാല്യ മാള്യേകാരത്ത്യല്ലേ അയിന് ഒരു പാര്‍പ്പാരത്തീംണ്ട്. ഒരു പാര്‍പ്പാരത്തീ അതും തന്നൊള്ളു. ആണ്ങ്ങള്തെല്ലാം കേട്ടൂട്ബം ആണ്ങ്ങളൊക്കെ നാല്ബയിക്കും മണ്ട്അല്ലെ. ഈ രണ്ട് പെണ്ണ്ങ്ങള് മാത്രണ്ട് ബല്യോര് പെരിംകുടീം ഒക്കെ അതുണ്ട്. അങ്ങനെ നിന്നപ്പം ഓരെ കതപറ്യാണാ, നെഞ്ഞ്ങ്ങനെ പതക്കു ഏല ബെട്യൊറ്റെ ബെക്കോന്നുബെച്ചിട്ട്. അങ്ങനെ ഓല് എന്ത് പണികുട്ടീന്നാ ഈ കുട്ടിന്‍റെ, കുട്ട്യേള്‍ക്കൊക്കെ മഞ്ഞോല്ത്തെ തീട്ടണ്ടാവോലോ കുട്ട്യോള തീട്ടം (ചിരിക്കുന്നു) അതെല്ലാം കൂടി അങ്ങട്ട് ബാരിതേച്ച് അറ്റിങ്ങത് കുപ്പായത്ത്ല് എല്ലാരും കൂടി ബാരിതേച്ചാരെ. കുട്ടിനീങ്ങനെ മലത്തിപുടിച്ച്ങ്ങാണ്ട് അപ്പം ബര് ബന്നു. ബന്നു കുടീക്ക് ബര് ബന്ന്ങ്ങാണ്ട് ഓരോരോ പാഷേല്ങ്ങനെ പറീം ഓല പാഷ ഞമ്മക്ക് തിര്യോ അയില് പൊറത്ത് പോകണംന്ന് പറഞ്ഞു. അയില് പൊറത്ത്ക്ക് എറങ്ങ്യോലോ പൊറത്ത്ക്ക് എറങ്ങീങ്ങാണ്ട് അതും ആ തള്ളീം കൂടി കുട്ടിനിങ്ങനെ പുടിച്ചുങ്ങാണ്ട് ങ്ങനെ കുത്തര്‍ന്ന് നിന്ന്ന്നറഞ്ഞ്, അയില് ഓര് അവുത്ത്ക്കൊക്കെ കാരി എന്തൊക്കെ ചവുട്ടി ഒക്കെ മറിച്ച് നാസാക്കി അതൊക്കെ അങ്ങട്ടുങ്ങട്ടൊക്കെ കാരി കൊറെ കുസുകുസൊക്കെ പറഞ്ഞ്ങ്ങാണ്ട് ബരങ്ങനെ കൊറെ നേരങ്ങനെ നോക്ക്യേലോ. ഈ പെണ്ണ്ങ്ങളെ അയില് ഒര് പട്ടാളം ഓരോരെ പാഷങ്ങനെ പറഞ്ഞേലോ പാകാണ് ബെടി ബെക്കണ്ട പാകാന്ന് പറഞ്ഞേരെ മടങ്ങീപ്പോയീന്നറഞ്ഞ് അങ്ങനെ അറ്റിങ്ങള് ആ തള്ള ഇപ്പന്നാരെ പ്പം കൊറച്ച് കാലായിട്ടൊള്ളു മരിച്ചിട്ട് അത്പ്പം പറഞ്ഞ്ട്ട് അത് പ്പം ഞാങ്കണ്ടതൊന്നല്ലട്ട ഞാങ്കണ്ടതൊന്നല്ലട അത്ങ്ങനെ ഓരോര്ത്തര് പറിമ്പം കേക്ക്ണ്ടാണ്
(മമ്മാതു, വടക്കുംമണ്ണ്)
ഇത് ഭീതി നിറഞ്ഞൊരനുഭവമാണ്. വലിയൊരുവീട്ടില്‍ ഒറ്റപ്പെട്ട്, നെഞ്ഞു പതച്ചു കൊണ്ട് പട്ടാളക്കാരെ നേരിട്ടതിന്‍റെ വിവരണം. അവരില്‍ നിന്ന് രക്ഷപ്പെടാന്‍ കുഞ്ഞിന്‍റെ തീട്ടം ദേഹത്ത് തേക്കുന്നു. എങ്കിലും പട്ടാളക്കാരുടെ ആര്‍ദ്രതകൂടി ഇവിടെ പ്രമുഖമായി വരുന്നുണ്ട്. പട്ടാളക്കാര്‍ പറഞ്ഞ ഭാഷ മനസ്സിലാക്കിയില്ലെങ്കിലും അത് തങ്ങളോടലിവുള്ളതായിരുന്നു എന്നിവര്‍ വിലയിരുത്തുന്നു. ഇത്തരം ചെറുത്തു നില്പുകള്‍ പലതരത്തില്‍ നടത്തിയിരുന്നതായി ആഖ്യാനത്തില്‍ സൂചനകളുണ്ട്. വീട്ടിലെ മുതിര്‍ന്ന സ്ത്രീകള്‍ മറ്റുള്ളവരെ സംരക്ഷിച്ചത്. സ്ത്രീകള്‍ കൂട്ടമായി ആക്രമണങ്ങളെ നേരിട്ടത്. നിലമ്പൂരിലെ പാത്തുമ്മുവിന്‍റെ ആഖ്യാനത്തില്‍ സ്ത്രീകള്‍ ഒരുമിച്ചു ചേര്‍ന്ന് ബഹളം വെച്ചാണ് ഒരു സ്ത്രീയെ ഉപദ്രവിക്കാന്‍ വന്നവരെ ഓടിച്ചത്. ഇങ്ങനെ ഒരുമിച്ചു ചേര്‍ന്നും കൗശലങ്ങളിലൂടെയും തന്‍റേടത്തോടെ ആപത്തിനെ നേരിട്ടതിന്‍റെ വിവരണങ്ങളാണിതിലുള്ളത്.
കലാപശേഷം ഒരു ജനത അനുഭവിച്ച ദാരിദ്ര്യത്തിന്‍റെ ചിത്രമാണ് പൂക്കോട്ടൂരിലെ ആമിനയുടെ ആഖ്യാനത്തില്‍ നിന്ന് ലഭിക്കുക.
ഇമ്മ പണിട്ത്ത്കാണ്ടും ഒക്കത്തന്നേണ് പോറ്റീത് ഇന്‍റമ്മേം മഞ്ചേരിക്ക് നെല്ലുത്താ മ്പോവും വത്തണ്ണികാരന്‍റേട്ക്ക്. വത്തണ്ണിക്കാരോട്ക്ക് നെല്ലുത്താന്‍ പൊയ്ക്കാണ്ട് അവുടന്ന് കൊണ്ടന്നക്കാണ്ടാണ് ഞങ്ങളെ വളര്‍ത്തീക്ണത് ഇമ്മ. എല്ലേ സാമാനും വത്തണ്ടീലേ. ഇമ്പട്ന്ന് കൊണ്ടോരും. കല്ല്യാണം വിസായും ഒക്കെണ്ടായാലും ഒക്കെ അവുട്ന്ന് കൊണ്ടരും ഞങ്ങക്ക്, ഇമ്മ. (ആമിന, പൂക്കോട്ടൂര്‍)
എല്ലാവരും തന്നെ അനാഥരാവുകയോ പ്രിയപ്പെട്ടവരില്‍ നിന്നകലുകയോ ചെയ്യുന്നുണ്ട്. അല്ലെങ്കില്‍ താല്ക്കാലികമായെങ്കിലും വീടുവിട്ടുപോകേണ്ടിവരുന്നുണ്ട്. പക്ഷേ, അനാഥരായ കുട്ടികള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് ഇതിന്‍റെ രാഷ്ട്രീയ ചരിത്രത്തിന്‍റെ വിഷയമാവുന്നില്ല. (തെലുങ്കാന സമരത്തിനിടയ്ക്ക് കുഞ്ഞുങ്ങളെ ഉപേക്ഷിക്കേണ്ടി വന്നതിനെപ്പറ്റിയും അതിന്‍റെ മാനസികവും ശാരീരികവുമായ തീവ്രവേദനകളെപ്പറ്റിയും കെ. ലളിതയും വസന്താകണ്ണഭിരാനും വിവരിക്കുന്നുണ്ട്; തെലുങ്കാന പ്രക്ഷോഭത്തെപ്പറ്റിയുള്ള വിപ്ലവചരിത്രങ്ങള്‍ ഒട്ടും തന്നെ ചെവികൊടുത്തിട്ടില്ലാത്ത കഥകള്‍).
കലാപത്തിന്‍റെ ശേഷം ഒറ്റക്കുടീല് ആണ്ങ്ങളില്യമോളേڈ എന്ന വിലാപവും ڇഇന്‍റെമ്മ പണിട്ത്ത്ന്നെപ്പോറ്റി… എന്നും ഞങ്ങളങ്ങനെങ്ങട്ട് വളര്‍ന്നുڈ എന്നും ഇവര്‍ വിലപിക്കുമ്പോള്‍ അനാഥമായിപ്പോയ ബാല്യത്തിന്‍റെ മാത്രം ദൈന്യങ്ങളല്ല, ഇതിന്‍റെ കഷ്ടതകള്‍ ഇവരേക്കാള്‍ തീവ്രമായനുഭവിച്ച ഇവരുടെ രക്ഷിതാക്കളുടെ ചിത്രമാണ് കൂടുതല്‍ തെളിയുന്നത്. ഇവരെ വളര്‍ത്തിവലുതാക്കാന്‍ വേണ്ടി കഷ്ടപ്പെട്ട ആ തലമുറയുടെ സഹനങ്ങളും ദുരിതങ്ങളുമാണ് ഇത്തരം ആഖ്യാനങ്ങളിലെ മറ്റൊരു സന്ദിഗ്ദ്ധത.
ഇവിടെ ദുരിതങ്ങളെല്ലാം നിശബ്ദം സഹിച്ചവരെന്നോ കുടുംബചുമതലകള്‍ മുഴുവന്‍ ഒറ്റക്കുനിര്‍വഹിച്ചവരെന്നോ സ്തീകളെ ആദര്‍ശവല്ക്കരിക്കുകയല്ല. അത്തരം ആദര്‍ശവത്കൃത നിലപാടുകളാണ് എഴുതപ്പെട്ട ചരിത്രാഖ്യാനങ്ങളില്‍ സ്ത്രീകള്‍ക്കു കിട്ടിയിരുന്ന സഹായങ്ങളുടെയും ദുരന്തങ്ങളുടെയും പട്ടികയില്‍ കാണുന്നത്. സംരക്ഷിക്കപ്പെടേണ്ട ഒരു വിഭാഗത്തിനു സംഭവിച്ച ദുരിതങ്ങള്‍ എന്ന നിലക്കല്ല പകരം ഒരു സവിശേഷ രാഷ്ട്രീയ സാഹചര്യത്തെ ഏങ്ങനെയാണിവര്‍ സ്വന്തം ഇച്ഛാശക്തികൊണ്ട് നേരിടുന്നത് എന്നതാണ് ഇവിടെ പ്രധാനമാകുന്നത്.
പട്ടാളക്കാര്‍ക്കു നേരെയുള്ള പരിഹാസവും നേരിട്ടുള്ള വിമര്‍ശനങ്ങളും ഇത്തരം ആഖ്യാനങ്ങളിലുണ്ട്. കമഴ്ത്തിയിട്ട തോണിക്കകത്ത് ആള്‍ക്കാര്‍ ഒളിച്ചിരിക്കുകയാണെന്നുധരിച്ച് തോക്കിലെ തിര മുഴുവന്‍ തീര്‍ത്ത പട്ടാളക്കാരെ പരിഹസിക്കുന്ന തരത്തിലാണ് മമ്മാതു ഈ കഥ അവതരിപ്പിക്കുന്നത്. ഉമ്മാച്ചുവിന്‍റെ ആഖ്യാനത്തില്‍ പോലീസുകാരെ നേരിട്ടു വിമര്‍ശിക്കുന്നതിന്‍റെ വിവരണമുണ്ട്.
അവിടുന്ന് ന്‍റെ ചെറ്യെ എളാപ്പറഞ്ഞു അയിപ്പളും ച്ച് പുട്യാട്ണ്ട്. ങ്ങളെ പൂള പുക് ഏയ്റ്റ്… അന്ന് ചോന്ത തൊപ്പി ആണേ ങ്ങളെ പൂള പുക് കണ്ട്ന്നെല്ലീങ്ങാണ്ടൊന്നും ബടെ അയിനൊരു പേട്യൊന്നുല്യാ ങ്ങളെവുട്ക്കാ പോണ്ച്ചാ പോണപാട്ട് പൊയ്ക്കോളീന്നറഞ്ഞ് (ഉമ്മാച്ചു)
മുന്‍ വിവരണത്തില്‍ ഉമ്മാച്ചു തന്‍റെ പ്രിയപ്പെട്ടവരെ കൊലപ്പെടുത്തിയതില്‍ ബ്രിട്ടീഷ് ഭരണത്തോടുള്ള ശത്രുതയും രേഖപ്പെടുത്തുന്നുണ്ട്. ഇങ്ങനെ ശത്രുതയുള്ളവരായും പേടിപ്പെടുത്തുന്നവരായും ബ്രിട്ടീഷുകാര്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ തന്നെ അപരത്തിനോടു അഭിനിവേശവും ഇതില്‍ കാണാം.
അറ്റിങ്ങള് രണ്ടിലിള്ള ജന്തുക്കളല്ലെ. വെള് വെള്ള്ത്ത്ട്ട്ങ്ങനെ, ത്ര, ത്ര ബല്പ്പണ്ട് (ഉയരത്തിന്‍റെ ആംഗ്യം) ഓരോന്നിന്‍റെ ത്രങ്ങട്ട് (ആംഗ്യം പോരാഞ്ഞ് ഉയരത്തിലേക്ക് കാട്ടുന്നു) അത്ര ബല്യ ജന്തുക്കളെന്നെ ഞമ്മള ഞമ്മളെ മുസ്ലീമിങ്ങളിലില്യ അങ്ങനെത്ത ജന്തുക്കള്. തൊള്ളങ്ങനെ വായ തുറന്നു കാണിക്കുന്നു) പല്ല് ചീനിക്കാകുരൂന്‍റെ നെറണ്ട് (ചിരിക്കുന്നു)
കണ്ടാത്ര ബല്യ ജന്തുക്കള് ഇത്ര നല്ല ചോറ്ക്ക്ള്ളേയ്റ്റിങ്ങള് ഞാങ്കണ്ട്ട്ടില്ല്യ. ബെള്ബെള്ങ്ങനെ ബെള്ത്ത്ട്ട് ജന്തുക്കള്…. (ഉമ്മാച്ചു)
ശരീരത്തിന്‍റെ ഈ സൂക്ഷ്മമായ വര്‍ണ്ണനയില്‍ അന്യമായ സൗന്ദര്യത്തോടുള്ള തൃഷ്ണയും ആസക്തിയും കൂടി പ്രകടമാണ്. ഖൂര്‍ക്ക പട്ടാളത്തിന്‍റെ വിവരണത്തില്‍ അവര്‍ കറുത്തു കുറിയവരും സ്ത്രീകളെ ഉപദ്രവിക്കുന്നവരുമാണ്. എന്നാല്‍ സ്ത്രീകളെ ഉപദ്രവിക്കാത്തവരാണ് വെള്ള പട്ടാളക്കാര്‍ എന്നും വേര്‍തിരിക്കുന്നുണ്ട്. നിലമ്പൂരിലെ പാത്തുമ്മുവും പട്ടാളക്കാരെ മൊഞ്ചന്മാരായിട്ടാണ് പരിചയപ്പെടുത്തുന്നത്. പട്ടാളക്കാരോടുള്ള ശത്രുതയും ഭീതിയും പരിഹാസവും രേഖപ്പെടുത്തുന്നതോടൊപ്പം അവരോടുള്ള തൃഷ്ണയും കൂടി പ്രകടമാകുമ്പോള്‍ ചരിത്രം രൂപപ്പെടുത്തിയ കൃത്യമായ ദ്വന്ദ്വ വല്ക്കരണത്തെ തന്നെയാണ് ഇതു ചെറുക്കുന്നത്. അതില്‍ നല്ലത്/ചീത്ത, അധിനിവേശകര്‍ (Coloniser/അധിനിവേശിതര്‍ (Colonising), ദേശീയം/പ്രാദേശികം എന്നീ ദ്വന്ദ്വങ്ങള്‍ എല്ലാം കീഴ്മേല്‍ മറിക്കപ്പെടുകയാണ്.
ഷംഷാദ് ഹുസൈന്‍ കെ.ടി.
ശ്രീ ശങ്കരാചാര്യ സംസ്കൃതസര്‍വകലാശാല,
മലയാള വിഭാഗത്തില്‍ അദ്ധ്യാപിക
COMMENTS