Homeശാസ്ത്രം

അന്താരാഷ്ട്ര ബഹിരാകാശ നിലയം- മനുഷ്യവാസത്തിന്‍റെ രണ്ടു പതിറ്റാണ്ടും ആകാശം കൈയെത്തിപ്പിടിച്ച വനിതകളും

സീമ ശ്രീലയം

“ഒരു പക്ഷിക്ക് ഒറ്റച്ചിറകിനാല്‍ മാത്രം പറക്കാനാവില്ല. മനുഷ്യന്‍റെ ബഹിരാകാശപ്പറക്കലില്‍ ഇനിയും സ്ത്രീകളുടെ സജീവ സാന്നിധ്യമില്ലാതെ മുന്നോട്ടു പോവാന്‍ സാധിക്കില്ല” ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയായ വാലന്‍റീന തെരഷ്ക്കോവയുടെ വാക്കുകളാണിത്. ഇത് വാസ്തവമാണെന്ന് കാലം തെളിയിച്ചു കഴിഞ്ഞു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ മനുഷ്യന്‍ സ്ഥിരതാമസമാക്കാന്‍ തുടങ്ങിയിട്ട് ഈ നവംബര്‍ 2-ന് രണ്ടു പതിറ്റാണ്ടു തികയുമ്പോള്‍ ആകാശം കൈയെത്തിപ്പിച്ച വനിതകളുടെ, ബഹിരാകാശ സഞ്ചാരമൊന്നും സ്ത്രീകള്‍ക്കു പറഞ്ഞിട്ടുള്ളതല്ലെന്ന ധാരണ തിരുത്തിക്കുറിച്ച വനിതകളുടെ വിജയഗാഥ കൂടിയാണ് നമുക്കു മുന്നിലുള്ളത്. ഒപ്പം കഠിന പരിശീലനം ലഭിച്ചിട്ടും ഒരിക്കല്‍പ്പോലും ബഹിരാകാശപ്പറക്കല്‍ നടത്താന്‍ കഴിയാതെ പോയ മെര്‍ക്കുറി 13 പ്രോജക്റ്റിലെ വനിതകളെപ്പോലെ സ്വപ്നങ്ങളുടെ ചിറകരിയപ്പെട്ടവരുമുണ്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയമടക്കം വിവിധ ബഹിരാകാശ ഗവേഷണ പ്രോജക്റ്റുകളുടെ പിന്നണിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ചിട്ടും അര്‍ഹിക്കുന്ന അംഗീകാരം കിട്ടാതെ പോയ, വെള്ളിവെളിച്ചത്തിലേക്ക് എത്താതെ പോയ വനിതകളും നിരവധി. എക്സ്പെഡിഷന്‍-1 എന്ന ദൗത്യത്തില്‍ സോയൂസ് ടി.എം 31 എന്ന റഷ്യന്‍ പേടകത്തിലേറി ബില്‍ ഷെപ്പേഡ് എന്ന അമേരിക്കന്‍ ആസ്ട്രോനോട്ടും യൂറി ഗിഡ്സെന്‍കോ, സെര്‍ജി ക്രിക്കലേവ് എന്നീ റഷ്യന്‍ കോസ്മോനോട്ടുകളുമാണ് ആദ്യമായി നമ്മുടെ തലയ്ക്കു മീതെ ഭൂമിയെ ചുറ്റുന്ന ഈ ബഹിരാകാശ പരീക്ഷണ നിലയത്തിലെ താമസക്കാരായത്. ഈ ദൗത്യത്തില്‍ സ്ത്രീകളാരും തന്നെ ഉണ്ടായിരുന്നില്ല. എന്നാല്‍ 2001-ല്‍, രണ്ടാമത്തെ ദൗത്യ സംഘത്തിനൊപ്പം സൂസന്‍ ജെ,ഹെംസ് എന്ന യു.എസ്. വനിതയുമുണ്ടായിരുന്നു.

Shannon Lucid

എന്നാല്‍ 2020 മാര്‍ച്ച് വരെയുള്ള കണക്കെടുത്താല്‍ 65 സ്ത്രീകള്‍ ബഹിരാകാശ യാത്ര നടത്തിക്കഴിഞ്ഞു. ഇതില്‍ 38 സ്ത്രീകള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ദീര്‍ഘനാള്‍ താമസിക്കുകയും ശ്രമകരമായ പരീക്ഷണങ്ങളും ബഹിരാകാശ നടത്തങ്ങളുമൊക്കെ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു. അപാരമായ മനക്കരുത്തും ശാരീരിക ക്ഷമതയും കഠിനാധ്വാനവും തീവ്ര പരിശീലനവും ആവശ്യമായ ബഹിരാകാശ പര്യവേക്ഷണങ്ങളില്‍ നിന്ന് സ്ത്രീകളെ ഒഴിച്ചു നിര്‍ത്താന്‍ കഴിയില്ല എന്ന സ്ഥിതി യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു. ഗുരുത്വാകര്‍ഷണത്തിന്‍റെ അഭാവത്തിലുള്ള ജീവിതം, ബഹിരാകാശ പരീക്ഷണങ്ങള്‍, സ്പേസ് വാക്ക്, ബഹിരാകാശ നിലയത്തിന്‍റെ അറ്റകുറ്റപ്പണികള്‍ തുടങ്ങി അതിസങ്കീര്‍ണ്ണമായ ദൗത്യങ്ങളിലെല്ലാം സ്ത്രീകള്‍ മികവു തെളിയിച്ചു കഴിഞ്ഞു.

Anoushe Ansari

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള പറക്കല്‍ ദൗത്യങ്ങളില്‍ വനിതകള്‍ കൈയെത്തിപ്പിടിച്ച റെക്കോര്‍ഡുകളും നിരവധി. 377 ദിവസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ചെലവഴിച്ചു ചരിത്രം കുറിച്ച വനിതയാണ് പെഗ്ഗീ വിറ്റ്സണ്‍. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ ആദ്യ വനിതാ കമാന്‍ഡര്‍ എന്ന നേട്ടവും ഈ അമേരിക്കക്കാരിക്കു സ്വന്തം. രണ്ടു തവണയായി ആകെ 322 ദിവസം ബഹിരാകാശത്തു വസിച്ച ഇന്ത്യന്‍ വംശജയാണ് സുനിതാ വില്ല്യംസ്. വിവിധ രാജ്യങ്ങളുടെ അതിരുകളോ മതില്‍ക്കെട്ടുകളോ ഇല്ലാത്ത ഭൂമിയാണ് താന്‍ ബഹിരാകാശത്തിരുന്നു കണ്ടതെന്നാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ രണ്ടാമത്തെ വനിതാ കമാന്‍ഡര്‍ കൂടിയായ സുനിത അഭിപ്രായപ്പെട്ടത്. എക്സ്ട്രാ വെഹിക്കുലാര്‍ ആക്റ്റിവിറ്റി എന്ന ബഹിരാകാശ നടത്തിലും സുനിതാ വില്ല്യംസ് റേക്കോര്‍ഡിട്ടു. ആദ്യമായി സ്പേസ് ഷട്ടില്‍ കമാന്‍ഡര്‍ സ്ഥാനം അലങ്കരിച്ച വനിതയാണ് എയ്ലീന്‍ കോളിന്‍സ്. അഞ്ചു തവണ ബഹിരാകാശപ്പറക്കല്‍ നടത്തിയ വനിതയാണ് ഷാനന്‍ ലൂസിഡ്. ആദ്യമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വിനോദ സഞ്ചാരം നടത്തിയ വനിതയാണ് അനൂഷെ അന്‍സാരി. ഇറാനില്‍ ജനിച്ച് പിന്നീട് അമേരിക്കന്‍ പൗരത്വമെടുത്ത അനൂഷെ 2006-ല്‍ റഷ്യയുടെ സോയൂസ് പേടകത്തിലേറിയാണ് ബഹിരാകാശ വിനോദയാത്ര നടത്തിയത്.

Susan J Helms

ബഹിരാകാശ സ്വപ്നങ്ങള്‍ കൈയെത്തിപ്പിടിച്ചു മടങ്ങുന്നതിനിടെ ഒരു കണ്ണീരോര്‍മ്മയായി മാറിയ വനിതയാണ് കല്പനാ ചൗള. ഹരിയാനയിലെ കര്‍ണാലില്‍ ജനിച്ച് ആകാശത്തെയും നക്ഷത്രങ്ങളെയും സ്നേഹിച്ച കല്പന നാസയുടെ കൊളംബിയ പേടകത്തില്‍ രണ്ടു തവണ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറന്നു. എന്നാല്‍ 2003 ഫെബ്രുവരി 1 ന് ഭൂമിയിലേക്കുള്ള മടക്കയാത്രയില്‍ കൊളംബിയ സ്പേസ് ഷട്ടിലിനു തീ പിടിച്ചപ്പോള്‍ കല്പ്നയടക്കം ഏഴു ബഹിരാകാശ സഞ്ചാരികളുടെ ജീവനാണ് പൊലിഞ്ഞു പോയത്.

സ്ത്രീകള്‍ മാത്രമടങ്ങുന്ന ബഹിരാകാശ നടത്തത്തിലൂടെ കഴിഞ്ഞ വര്‍ഷം ജെസീക്ക മെയറും ക്രിസ്റ്റീന കോക്കും ചരിത്രത്തില്‍ ഇടം പിടിക്കുന്നത് ലോകം കൈയടിയോടെ വീക്ഷിച്ചു. ഏഴു മണിക്കൂര്‍ നീണ്ട ബഹിരാകാശ ‘നടത്ത’ത്തിനിടെ ബഹിരാകാശ നിലയത്തിലെ ചില അറ്റകുറ്റപ്പണികളും ഇവര്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഇതു വരെ പന്ത്രണ്ടു വനിതകള്‍ സ്പേസ് വാക്ക് നടത്തിയിട്ടുണ്ട്. റഷ്യന്‍ ബഹിരാകാശ യാത്രികയായ സ്വെറ്റ്ലാന സവിറ്റ്സ്കയാണ് സ്പേസ് വാക്ക് നടത്തിയ ആദ്യ വനിത. 2010-ല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള എസ്.ടി.എസ്- 131 ദൗത്യത്തിലെ ഏഴു പേരില്‍ നാലു പേര്‍ സ്ത്രീകളായിരുന്നു. ഡൊറോത്തി മെറ്റ്കാഫ് ലിന്‍ഡര്‍ബര്‍ഗര്‍, സ്റ്റെഫാനീ വില്‍സണ്‍, നവോകോ യാമസാക്കി, ട്രേസി കാഡ്വെല്‍ ഡൈസണ്‍ എന്നിവരാണ് ആ ചരിത്രം കുറിച്ച വനിതകള്‍. ഇങ്ങനെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ ചരിത്രത്തിലും ബഹിരാകാശ ഗവേഷണങ്ങളിലുമൊക്കെ വിസ്മയ നേട്ടങ്ങള്‍ കൈയെത്തിപ്പിടിച്ച വനിതകള്‍ നിരവധിയാണ്. ബഹിരാകാശം നമുക്ക് അകലെയകലെയല്ല മറിച്ച് അരികെയരികെയാണെന്ന സന്ദേശമാണീ ഗഗന സഞ്ചാരിണികള്‍ നല്‍കുന്നത്.

 

 

(പ്രമുഖ ശാസ്ത്ര ലേഖിക,
നിരവധി ബഹുമതികള്‍ക്ക് ഉടമ)