കേരള രാഷ്ട്രീയ ചരിത്രത്തിലെ പുരുഷാധിപത്യ വിവരണങ്ങള്‍ക്കിടയില്‍ സുവര്‍ണ്ണ ലിപിക്കൊണ്ട് എഴുതപ്പെട്ട വനിതാ രത്നമാണ് തിരുവതാംകൂറിന്‍റെ ഝാന്‍സി റാണി എന്ന വിശേഷണത്തിന് ഉടമയായ ആനി മസ്ക്രീന്‍. സ്വാതന്ത്ര്യസമര സേനാനി, തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് സ്ഥാപക നേതാക്കളില്‍ പ്രമുഖ, സ്റ്റേറ്റ് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗമാകുന്ന ആദ്യത്തെ വനിത, തിരു-കൊച്ചി ലെജിസ്ളേറ്റീവ് അസംബ്ലി അംഗം, കേരളത്തിന്‍റെ തലസ്ഥാന നഗരിയില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ആദ്യ ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വനിത, കേരളത്തിലെ ആദ്യ വനിതാ മന്ത്രി, മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച ആദ്യ വനിത, ഭരണഘടനയുടെ കരട് രേഖയില്‍ ഒപ്പുവെച്ച വനിത തുടങ്ങിയ എണ്ണമറ്റ വിശേഷണത്തിന് ഉടമയാണ് ഈ സ്ത്രീരത്നം. ദേശീയ വിമോചനത്തിനായി അടങ്ങാത്ത പോരാട്ട വീര്യത്തോടെ നിര്‍ഭയം പടപൊരുതിയ ആനി മസ്ക്രീനിനെ ഝാന്‍സി റാണിയോടാണ് പലരും വിശേഷിപ്പിച്ചിട്ടുള്ളത്. അനവധി തവണ പാര്‍ലമെന്‍ററി രാഷ്ട്രീയ അധികാരത്തിന്‍റെ ഭാഗമായിരുന്നെങ്കിലും അഴിമതിയുടെ ഒരു കറപോലും പുരളാത്ത വ്യക്തിത്വത്തിന്‍റെ ഉടമയായിരുന്നു അവര്‍.
തിരുവിതാംകൂര്‍ ദിവാന്‍റെ ദാഫെദാര്‍ ആയിരുന്ന ഗബ്രിയേലിന്‍റെയും, ഭാര്യ മറിയത്തിന്‍റെയും മകളായി 1902 ല്‍ തിരുവനന്തപുരത്തെ ഒരു ലത്തീന്‍ കത്തോലിക്കാ കുടുംബത്തിലാണ് ആനി മസ്ക്രീന്‍ ജനിച്ചത്. ഹോളി ഏഞ്ചല്‍സ് ഹൈസ്കൂള്‍, ഗവണ്‍മെന്‍റ് വിമന്‍സ് കോളേജ്, മഹാരാജാസ് കോളേജ് (ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജ്), ഗവണ്മെന്‍റ് ആര്‍ട്സ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ചരിത്രത്തിലും, സാമ്പത്തിക ശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം നേടിയതിന് ശേഷം ശ്രീലങ്കയിലെ കൊളമ്പോ സംഘമിത്ര കോളേജില്‍ അധ്യാപികയായി അല്പകാലം പ്രവര്‍ത്തിച്ചു. നാട്ടില്‍ മടങ്ങിവന്ന ആനി മസ്ക്രീന്‍ ബി എല്‍ ബിരുദം കരസ്ഥമാക്കി വഞ്ചിയൂര്‍ കോടതിയില്‍ മികച്ച അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്നതിനിടയിലാണ് സ്വാതന്ത്ര്യ ദാഹത്താല്‍ തിരുവതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ സജീവമായത്. പട്ടം താണുപിള്ള അധ്യക്ഷനായി 1938 ല്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപീകരിച്ചപ്പോള്‍ വര്‍ക്കിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയായിരുന്നു അവര്‍.
ദേശീയ പ്രസ്ഥാനത്തിന്‍റെ തീക്ഷ്ണ പോരാട്ടത്തിന്‍റെ ഫലമായി സ്വതന്ത്ര രാഷ്ട്രമായി തീര്‍ന്ന ഇന്ത്യയില്‍ തിരുവിതാംകൂറിന്‍റെ സ്ഥാനം സമന്വയിപ്പിക്കുന്നതിനും, ഉറപ്പിക്കുന്നതിനുമുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കിയ പോരാളിയാണ് ആനി മസ്ക്രീന്‍. നിസ്സഹകരണ പ്രസ്ഥാനത്തിന്‍റെ നേതാവും, സജീവ പ്രവര്‍ത്തകയുമായിരുന്ന കേരളത്തിന്‍റെ ഝാന്‍സി റാണി പല കാരണങ്ങളാല്‍ വിവിധ ഘട്ടങ്ങളിലായി അറസ്റ്റ് വരിക്കുകയും, ജയില്‍ വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ചിറയന്‍കീഴിലും കാട്ടാകടയിലും പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ചും, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തില്‍ നേതൃപരമായ പങ്ക് വഹിച്ചതിനാലും, പുന്നപ്ര-വയലാര്‍ സമരത്തെ സര്‍ക്കാര്‍ നിണമൊഴുക്കി അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിനെതിരെ തീപ്പൊരി പ്രസംഗം നടത്തിയതിന്‍റെ പേരിലുമൊക്കെയാണ് ഭരണകൂടം ആനി മസ്ക്രീനെതിരെ പ്രതികാര നടപടികള്‍ സ്വീകരിച്ചത്.
ലിംഗപരമായ വിവേചനം അതിശക്തമായ രാഷ്ട്രീയ പ്രവര്‍ത്തന രംഗത്ത്, തന്‍റെ ആശയങ്ങളെ ജനങ്ങളിലെത്തിക്കാന്‍ ആവേശകരമായ പ്രസംഗങ്ങളെ ശക്തമായ ആയുധങ്ങളായി ആനി മസ്ക്രീന്‍ ഉപയോഗിച്ചിരുന്നു. തന്‍റെ ജീവിതത്തിലുടനീളം സ്ത്രീകളുടെ രാഷ്ട്രീയ-സാമൂഹിക പങ്കാളിത്തവും,സമത്വവും ഉറപ്പുവരുത്തുന്നതിനായി അവര്‍ തീക്ഷ്ണമായി പരിശ്രമിച്ചിരുന്നു. ആയിരങ്ങളെ ആകര്‍ഷിക്കാന്‍ ശേഷിയുള്ള മൂര്‍ച്ചയേറിയ പ്രഭാഷണ പാടവത്താല്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര നേതാക്കളിലെ പ്രധാനിയാകുവാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു.
1948-49 ല്‍ തിരുവനന്തപുരത്ത് നിന്ന് നിയമസഭാ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയായിരുന്നു ആനിമസ്ക്രീന്‍. ടി. കെ നാരായണപിള്ളയുടെ മന്ത്രിസഭയില്‍ ആരോഗ്യ,ഊര്‍ജ്ജ വകുപ്പ് മന്ത്രിയായി സ്ഥാനമേറ്റ ആനിമസ്ക്രീന്‍ ഭരണപക്ഷത്തിന്‍റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചു കൊണ്ട് മന്ത്രിസ്ഥാനം രാജിവെച്ച് ജനങ്ങളോടുള്ള തന്‍റെ പ്രതിബദ്ധത തെളിയിച്ചു.
ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ പകുതിയില്‍ തന്നെ സ്വാതന്ത്ര്യ സമരത്തിനൊപ്പം വിവിധ മേഖലകളില്‍ സ്ത്രീ പ്രാതിനിധ്യം വേണമെന്ന ആവശ്യത്തിന് നേതൃത്വം നല്‍കിയ ആനി മസ്ക്രീന്‍ അന്നത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ ലിംഗപരമായ വിവേചനങ്ങളെ തകര്‍ത്തു കൊണ്ട് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ആദ്യമായി മത്സരിച്ചു വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആയിരുന്നു. ആനി മസ്ക്രീന്‍റെ ലോകസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് വിജയത്തിന് ഒട്ടേറെ പ്രത്യേകതകള്‍ ഉണ്ട്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഒരു സ്ത്രീ മത്സരിച്ച് ജയിച്ചത് കേരള ചരിത്രത്തില്‍ തന്നെ ആദ്യമായിരുന്നു. അതിനുശേഷം ഒരു സ്ത്രീയും കേരളത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ലോകസഭയിലേക്ക് മത്സരിച്ച് ജയിച്ചിട്ടില്ല. അന്നവര്‍ തോല്‍പ്പിച്ചത് തിരു-കൊച്ചിയുടെ മുഖ്യമന്ത്രിയായിരുന്ന പരവൂര്‍ ടി കെ നാരായണ പിള്ളയെ ആയിരുന്നു. 68,117 വോട്ടിനായിരുന്നു സ്വതന്ത്രയായി പോരാടിയ ആനി മസ്ക്രീന്‍റെ ചരിത്ര വിജയം. തിരുവിതാംകൂര്‍ രാഷ്ട്രീയത്തിലെ അതികായകനായ പരവൂര്‍ ടി കെ ക്ക് 48,500 വോട്ടും ആനി മസ്ക്രീനിന് 1,16,617 വോട്ടുമാണ് ലഭിച്ചത് എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്. പോരാടാനും, സ്ഥാനമുറപ്പിക്കാനും, പ്രതികരിക്കാനും കഴിയുന്ന ശക്തരായ സ്ത്രീകള്‍ നമ്മുടെ സമൂഹനിര്‍മ്മിതിക്ക് അമൂല്യ സംഭാവനകള്‍ നല്‍കിയിട്ടുണ്ട് എന്നതിന്‍റെ തെളിവാണ് ഈ ധീര വനിതയുടെ ചരിത്രം. സ്ത്രീകളുടെ അവകാശ പോരാട്ടങ്ങള്‍ക്കും, രാഷ്ട്രീയ ഇടപെടലുകള്‍ക്കും കേരളത്തില്‍ വ്യക്തമായ ഇടമുണ്ട് എന്ന് സ്വജീവിതം കൊണ്ട് തെളിയിക്കാന്‍ ആനി മസ്ക്രീന് സാധിച്ചു.അതാണ് കേരളത്തിലെ ഝാന്‍സി റാണി എന്ന വിശേഷണത്തിന് ഈ ധീര വനിതയെ അര്‍ഹയാക്കിയതും.
വിന്‍ഷി പി. കെ.
കേരള സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് വകുപ്പില്‍
പ്രോജക്ട് ഫെലോ
COMMENTS