Homeചർച്ചാവിഷയം

ഏഞ്ജല ഡേവിസ്

സാന്താക്രൂസിലെ കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ (UC Santa Cruz)  അദ്ധ്യാപികയാണ് ഏഞ്ജല ഡേവിസ്. ക്വിയര്‍, സോഷ്യലിസ്റ്റ്, ഫെമിനിസ്റ്റ് എന്നു സ്വയം അടയാളപ്പെടുത്തുന്നു. സാംസ്കാരിക വിമര്‍ശക. ‘ബ്ളാക്ക് ഫെമിനിസത്തിന്‍റെ ആദ്യകാല സൈദ്ധാന്തിക വക്താക്കളില്‍ ഒരാള്‍.
ജീവിത പശ്ചാത്തലം
1944-ല്‍ അലബാമയിലെ ബിര്‍മിംഗ്ഹാമില്‍ ഒരു ആഫ്രിക്കന്‍ അമേരിക്കന്‍ കുടുംബത്തില്‍ ഏഞ്ജല ഡേവിസ് ജനിക്കുമ്പോള്‍, അമേരിക്കയുടെ തെക്കന്‍ സംസ്ഥാനങ്ങളില്‍ നിലവിലുണ്ടായിരുന്ന വംശീയവേര്‍തിരിവുകള്‍ ഏറെയും നിയമസാധുതയോടെയുള്ളവയായിരുന്നു. ‘അപാര്‍ത്തീഡിന്’ സമാനമായ ഈ കാലഘട്ടത്തില്‍ (Jim Crow Era)  ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരുടെ നിത്യജീവിതത്തിന്‍റെ ഭാഗമായിരുന്നു അവരുടെ പ്രതിരോധാത്മകത. പ്രക്ഷുബ്ധമായ ഈ രാഷ്ട്രീയാന്തരീക്ഷത്തിലാണ് (അന്‍പതുകളിലെയും അറുപതുകളിലെയും സിവില്‍ റൈറ്റ്സ് മൂവ്മെന്‍റ്സ്) ഡേവിസ് വളരുന്നതും വംശീയവിരുദ്ധ, സോഷ്യലിസ്റ്റ്, ഇന്‍റര്‍സെക്ഷണല്‍ ഫെമിനിസ്റ്റ് എന്ന നിലയില്‍ അവരുടെ അവബോധം രൂപപ്പെടുന്നതും. അതെ സമയം, യൂറോപ്പിലെ വിദ്യാഭ്യാസ കാലഘട്ടത്തില്‍, ഫ്രാന്‍സില്‍ നിലവിലുണ്ടായിരുന്ന അള്‍ജീരിയന്‍ വിരുദ്ധ വംശീയതയും വംശീയതയോടുള്ള യൂറോപ്യന്‍ നിലപാടും അടുത്തറിയാന്‍ സാധിച്ചത് അമേരിക്കന്‍ വംശീയതയെ അധിനിവേശ   രാഷ്ട്രീയത്തിന്‍റെ വെളിച്ചത്തില്‍ മനസ്സിലാക്കുവാനും ഡേവിസിനെ പ്രാപ്തയാക്കി.
SNCC, ബ്ലാക്ക്പാന്തര്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വര്‍ഷങ്ങള്‍
യൂറോപ്പില്‍ നിന്ന് തിരിച്ചെത്തിയ ഡേവിസ് തുടക്കത്തില്‍ SNCC (Student Nonviolent Coordinating Committee) യിലും ബ്ലാക്ക്പാന്തര്‍ പാര്‍ട്ടിയിലും ശേഷം അമേരിക്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചുവെങ്കിലും ലിംഗാധിഷ്ഠിത വിഷയങ്ങളില്‍ പ്രസ്തുത പ്രസ്ഥാനങ്ങളുടെ നിഷേധാത്മക നിലപാടില്‍ വിയോജിപ്പ് രേഖപ്പെടുത്തി പുറത്തു വരികയായിരുന്നു. SNCC യിലെ പുരുഷാധിപത്യ പ്രവണതകളും ബ്ലാക്ക്പാന്തര്‍ പാര്‍ട്ടി പ്രതിനിധീകരിക്കുന്ന ‘militant masculinity’ യും അവയില്‍ നിന്ന് ഡേവിസിനെ അകറ്റിയപ്പോള്‍ അമേരിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദര്‍ശനം ‘വര്‍ഗം’ എന്ന ചട്ടക്കൂടില്‍ ഉറച്ചു പോയതും മറ്റ് പാര്‍ശ്വവത്കരിക്കപ്പെട്ട സ്വത്വങ്ങളെ അംഗീകരിക്കാന്‍ പാര്‍ട്ടി കാണിച്ച വിമുഖതയുമാണ് ഡേവിസിനെ അലോസരപ്പെടുത്തിയത്.
കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകയായിരിക്കുമ്പോള്‍ തന്നെയാണ് തടവുകാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ഡേവിസ് പ്രവര്‍ത്തിച്ചു തുടങ്ങുന്നതും. സിവില്‍ റൈറ്റ്സ് മൂവ്മെന്‍റിനെതിരെയുള്ള ഭരണകൂട അടിച്ചമര്‍ത്തലുകളുടെ ഭാഗമായി നിരവധി പ്രവര്‍ത്തകര്‍ (ഡേവിസ് അടക്കം) തടവിലാകുകയും തടവറയില്‍ അവകാശലംഘനങ്ങള്‍ നേരിടേണ്ടി വരികയും ചെയ്തത് ഡേവിസിന്‍റെ കാഴ്ചപ്പാടുകളെ വളരെയധികം സ്വാധീനിച്ചു. നിലവിലെ ശിക്ഷാ തടങ്കല്‍ വ്യവസ്ഥിതികള്‍ക്കെതിരെ – പ്രത്യേകിച്ച് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെ അടിച്ചമര്‍ത്തുവാനുള്ള ഭരണകൂടത്തിന്‍റെ ഒരു ഉപകരണമെന്ന നിലയില്‍ – പ്രത്യയശാസ്ത്രപരമായും സമൂഹത്തില്‍ നേരിട്ടുള്ള ഇടപെടലുകളിലൂടെയും പ്രതികരിച്ച ഡേവിസിന്‍റെ പ്രബന്ധങ്ങളും പുസ്തകങ്ങളും ഈ വിഷയത്തില്‍ ഇന്നും വായിക്കപ്പെടുന്ന മാര്‍ഗ്ഗരേഖകള്‍ ആണ് (Are Prisons Obsolete?, Abolition Democracy: Beyond Prisons, Torture, and Empire).
ഇന്‍റര്‍സെക്ഷണല്‍ ബ്ളാക്ക് ഫെമിനിസം
ആറു ദശാബ്ദത്തിലധികമായി അമേരിക്കന്‍ ബൗദ്ധികപൊതുമണ്ഡലങ്ങളിലെ ഉജ്ജ്വല സാന്നിധ്യമായ ഡേവിസിന്‍റെ ആശയങ്ങളെയെല്ലാം (ഉദാ: Abolition of Prisons, African American Philosophy, Queer Politics, Politics of Rape, African American Popular Culture) ഒരുമിച്ചൊരിടത്ത് ഏതാനും വാക്കുകളില്‍ സംഗ്രഹിക്കുകയെന്നത് അസാധ്യമാണ്. പക്ഷെ ഏതൊരു വിഷയത്തിലെ ഏതൊരു വ്യാഖ്യാനത്തിലേക്കും താന്‍ എത്തിച്ചേരുന്നത് മാര്‍ക്സിസ്റ്റ് ഫെമിനിസ്റ്റ് സ്വത്വരാഷ്ട്രീയ രീതിശാസ്ത്രങ്ങള്‍ പ്രദാനം ചെയ്യുന്ന, പുരോഗമനപരമായ എന്തിനെയും ഉള്‍ക്കൊള്ളാനാവുന്ന അയഞ്ഞതും വിശാലവുമായ ചട്ടക്കൂടുകളുടെ സഹായത്തോടെയാണെന്ന് അവര്‍ ആവര്‍ത്തിച്ചു പറയുന്നതിനാല്‍ [1, 2], ഇതേ രീതിശാസ്ത്രങ്ങളുടെ പിന്തുണയോടെ ആഫ്രിക്കന്‍ അമേരിക്കന്‍ സ്ത്രീത്വത്തെ, സ്ത്രീയനുഭവങ്ങളെ സൈദ്ധാന്തികമായി സമീപിച്ച ആദ്യകാല രചനകളില്‍ ഒന്നായ Women, Race and Class [3] ലേക്ക് ഈ ലേഖനം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.

 

വംശീയവിരുദ്ധ, തടങ്കല്‍വിരുദ്ധ, മുതലാളിത്ത വിരുദ്ധ പ്രത്യയശാസ്ത്രങ്ങളുടെ വക്താവായി പല നവോത്ഥാന രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു വരികെയാണ് അവഗണിക്കപ്പെട്ടു കൊണ്ടിരിക്കുന്ന, വിസ്മൃതിയില്‍ ആണ്ടുപോയ സ്ത്രീയാഥാര്‍ഥ്യങ്ങളെ ‘ഫെമിനിസം’ എന്ന ചട്ടക്കൂടിലൂടെ വിശകലനം ചെയ്യാനും വീണ്ടെടുക്കുവാനും ഡേവിസ് ആരംഭിക്കുന്നത്. നിലവിലുണ്ടായിരുന്ന വിശകലന രീതികളില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ഡേവിസിന്‍റെ വായനകള്‍. 1989 ല്‍ കിംബര്‍ലി ക്രെന്‍ഷൗ ‘ഇന്‍റര്‍സെക്ഷണാലിറ്റി’ [4]  എന്ന ആശയം പരിചയപ്പെടുത്തുന്നതിനും എത്രയോ മുന്‍പ് തന്നെ 1981 ല്‍ Women, Race and Class ആഫ്രിക്കന്‍ അമേരിക്കന്‍ സ്ത്രീയാഥാര്‍ഥ്യങ്ങളെ മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്ര ചട്ടക്കൂടിലൂടെ സമീപിച്ചിരുന്നു. അത് വരയുള്ള വായനകളില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ ഒരു ഇന്‍റര്‍സെക്ഷണല്‍ ബ്ളാക്ക് ഫെമിനിസ്റ്റ് രീതിശാസ്ത്രമായിരുന്നു ഇത്.
ഉദാഹരണത്തിന്, തടങ്കല്‍ വിരുദ്ധ പ്രസ്ഥാനങ്ങളുമായി പ്രവര്‍ത്തിച്ചു വരികെയാണ് സഹപ്രവര്‍ത്തകരുടെ നിലപാടുകളില്‍ രൂഢമൂലമായിരുന്ന സ്ത്രീവിരുദ്ധതയും ആഫ്രിക്കന്‍ അമേരിക്കന്‍ സ്ത്രീ വാര്‍പ്പുമാതൃകകളുടെ സാമാന്യവത്ക്കരണവും ഖണ്ഡിക്കുന്നതിന് അടിമത്തകാലത്തെ ആഫ്രിക്കന്‍ അമേരിക്കന്‍ സ്ത്രീകളുടെ ജീവിതത്തെക്കുറിച്ച് “Reflections on the Black Woman’s Role in the Community of Slaves” എന്ന പഠനം 1972 ല്‍ ഡേവിസ് പ്രസിദ്ധീകരിക്കുന്നത് [5]. Women, Race and Class ലെ ‘The Legacy of Slavery’: Standards of a New Womanhood ഇതേ ആശയത്തെ വിപുലീകരിക്കുന്നതും ആഫ്രിക്കന്‍ അമേരിക്കന്‍ സ്ത്രീജീവിതം ഒരു മാര്‍ക്സിസ്റ്റ് ഫെമിനിസ്റ്റ് ചട്ടക്കൂടിലൂടെ സിദ്ധാന്തവല്‍ക്കരിക്കുന്നതും കാണാം. ആഫ്രിക്കന്‍ അമേരിക്കന്‍ സ്ത്രീകളുടെ ഇതരവല്‍ക്കരണത്തെ  ഡേവിസ് നിരീക്ഷിക്കുന്നത് ഇങ്ങനെയാണ്:
“ആനുപാതികമായി, വെളുത്ത സഹോദരിമാരേക്കാള്‍ കൂടുതല്‍ കറുത്ത സ്ത്രീകള്‍ എപ്പോഴും വീടിന് പുറത്ത് ജോലി ചെയ്തിട്ടുണ്ട്. . . അടിമകളെന്ന നിലയില്‍, നിര്‍ബന്ധിത തൊഴിലാണ് ആഫ്രിക്കന്‍ അമേരിക്കന്‍ സ്ത്രീകളുടെ അസ്തിത്വത്തെ പ്രധാനമായും നിര്‍വചിച്ചത്. അതിനാല്‍, അടിമത്തത്തിനു കീഴിലുള്ള കറുത്തവര്‍ഗ്ഗക്കാരായ സ്ത്രീകളുടെ ജീവിതത്തെക്കുറിച്ചുള്ള ഏതൊരു പഠനത്തിന്‍റെയും തുടക്കം തൊഴിലാളികള്‍ എന്ന നിലയിലുള്ള അവരുടെ പങ്കിന്‍റെ വിലയിരുത്തലായിരിക്കുമെന്ന് തോന്നുന്നു.
അടിമ സമ്പ്രദായം കറുത്തവരെ ജംഗമ വസ്തുവായാണ് നിര്‍വചിച്ചത്. സ്ത്രീകള്‍, പുരുഷന്മാരെയെന്ന പോലെ തന്നെ, ലാഭകരമായ തൊഴില്‍ യൂണിറ്റുകളായി വീക്ഷിക്കപ്പെട്ടതിനാല്‍, അടിമഉടമകളെ സംബന്ധിച്ചിടത്തോളം അവര്‍ ലിംഗരഹിതരായിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിലെ ‘ആദര്‍ശസ്ത്രീത്വ’  പ്രത്യയശാസ്ത്രം സ്ത്രീകളെ അമ്മമാരായും സൗമ്യരായ പങ്കാളികളായും വീട്ടമ്മമാരായും നിര്‍വചിച്ചപ്പോള്‍ കറുത്തവര്‍ഗ്ഗക്കാരായ സ്ത്രീകളുടെ തൊഴിലാളി സ്വത്വം സ്വാഭാവികമായും ഒരു ‘അസാധാരണത്വം’ കൈവരിച്ചു.’ (5)
അത് പോലെ, അമേരിക്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകയായിരുക്കുമ്പോഴാണ്, പാര്‍ട്ടി പ്രവര്‍ത്തകരായ സ്ത്രീകള്‍ പ്രത്യയശാസ്ത്രപരമായാതോ ആത്മകഥാപരമായാതോ ആയ എഴുത്തുകള്‍ അവശേഷിപ്പിക്കാതെ കടന്നു പോകുന്നത് അവരുടെ ബൗദ്ധികസാമൂഹ്യ സംഭാവനകളെ എത്ര കണ്ടു മറവിയില്‍ ആഴ്ത്തുന്നു എന്ന് ഡേവിസ് മനസ്സിലാക്കുന്നത്. ഡേവിസിന്‍റെ ‘Communist Women’ ഈ സ്ത്രീ സംഭാവനകളെ, പ്രത്യേകിച്ച് ആഫ്രിക്കന്‍ അമേരിക്കന്‍ സ്ത്രീ സംഭാവനകളെ ഫെമിനിസ്റ്റ് കാഴ്ചപ്പാടിലൂടെ വായിക്കുകയും വര്‍ഗ്ഗരാഷ്ട്രീയം എങ്ങനെ വംശലിംഗ രാഷ്ട്രീയങ്ങള്‍ക്ക് നേരെ കണ്ണടച്ചു എന്നും ചൂണ്ടിക്കാണിക്കുന്നു. നിലവിലെ ചരിത്രരചനാസമ്പ്രദായത്തിന്‍റെ  പോരായ്മകളെക്കൂടി ഡേവിസ് ഇവിടെ അടയാളപ്പെടുത്തുന്നു.
‘. . . 1852-ല്‍ വെയ്ഡെമെയര്‍ പ്രോലിറ്റേറിയന്‍ ലീഗ് സ്ഥാപിച്ചപ്പോള്‍, ഒരു സ്ത്രീപോലും ആ പ്രസ്ഥാനവുമായി ബന്ധപ്പെട്ടതായി കാണുന്നില്ല. യഥാര്‍ത്ഥത്തില്‍ ഏതെങ്കിലും സ്ത്രീകള്‍ ഉള്‍പ്പെട്ടിരുന്നെങ്കില്‍ തന്നെ, അവര്‍ ചരിത്രപരമായ അജ്ഞാതത്വത്തിലേക്ക് മാഞ്ഞുപോയി. അടുത്ത ഏതാനും ദശകങ്ങളില്‍ സ്ത്രീകള്‍ അവരുടെ സ്വന്തം ലേബര്‍ അസോസിയേഷനുകളിലും അടിമത്ത വിരുദ്ധ പ്രസ്ഥാനത്തിലും സ്വന്തം അവകാശങ്ങള്‍ക്കായുള്ള പ്രചാരണത്തിലും സജീവമായി തുടര്‍ന്നു. പക്ഷേ, എല്ലായിടത്തും അവര്‍ മാര്‍ക്സിസ്റ്റ് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തില്‍ നിന്ന് അപ്രത്യക്ഷരായതായി കാണപ്പെടുന്നു. പ്രോലിറ്റേറിയന്‍ ലീഗിനെപ്പോലെ, വര്‍ക്കിംഗ്മെന്‍സ് നാഷണല്‍ അസോസിയേഷനും കമ്മ്യൂണിസ്റ്റ് ക്ലബ്ബും പുരുഷന്മാര്‍ക്ക് ആധിപത്യം നല്‍കി. സോഷ്യലിസ്റ്റ് ലേബര്‍ പാര്‍ട്ടിയില്‍ പോലും പ്രധാനമായും പുരുഷന്‍മാരായിരുന്നു. (149)
തുടര്‍ന്ന്, തൊഴിലാളിപ്രസ്ഥാനത്തിന് അസംഖ്യം സംഭാവനകള്‍ നല്‍കിയ ആഫ്രിക്കന്‍ അമേരിക്കന്‍ സ്ത്രീയായ ലൂസി പാര്‍സണ്‍സ് എങ്ങനെ ഹേമാര്‍ക്കറ്റ് രക്തസാക്ഷിയായ ആല്‍ബര്‍ട്ട് പാര്‍സണിന്‍റെ ‘വിശ്വസ്തയായ ഭാര്യ അല്ലെങ്കില്‍ പ്രതികാരദാഹിയായ വിധവ  മാത്രമായി ചുരുക്കപ്പെട്ടുവെന്ന് ഹേമാര്‍ക്കറ്റ് സംഭവത്തിനും ഒരു ദശാബ്ദം മുന്‍പെങ്കിലും തുടങ്ങിയ അവരുടെ രാഷ്ട്രീയ ജീവിതം അനാവരണം ചെയ്തു കൊണ്ട് ഡേവിസ് ചോദിക്കുന്നു. ചരിത്രരചനയിലെ ഇത്തരം വീഴ്ചകളെ പൊളിച്ചെഴുതാനെന്നവണ്ണം അവഗണിക്കപ്പെട്ട മറ്റനേകം സ്ത്രീപ്രവര്‍ത്തകരെയും (എല്ലാ റീവ് ബ്ളൂര്‍, അനിറ്റാ വിറ്റ്നി, എലിസബത്ത് ഗുര്‍ലേ ഫ്ലിന്‍, ക്ലോഡിയ ജോണ്‍സ്) ഇതേ ലേഖനം വീണ്ടെടുക്കുന്നു.”Class and Race in the Early Women’s Rights Campaign” ആകട്ടെ അടിമത്തനിരോധനപ്രസ്ഥാനങ്ങളോട് അനുഭാവമുണ്ടായിരുന്നതും അവയോടു ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നതുമായ ആദ്യകാല സ്ത്രീ വിമോചന പ്രസ്ഥാനങ്ങളുടെ ന്യൂനപക്ഷവനിതകളുടെയും തൊഴിലാളി സ്ത്രീകളുടെയും അവകാശങ്ങളെപ്പറ്റിയുള്ള അവഗണനാപരമായ മധ്യവര്‍ഗ്ഗ സ്വഭാവം വരച്ചു കാട്ടുന്നു. സ്ത്രീകളുടെ അവകാശങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ കൂടിയ ആദ്യ കണ്‍വെന്‍ഷന്‍റെ (സെനക്കാ ഫാള്‍ കണ്‍വെന്‍ഷന്‍) പ്രഖ്യാപനത്തെ ഡേവിസ് ഇങ്ങനെ വിശകലനം ചെയ്യുന്നു:
“സെനക്കാ ഫാള്‍സ് പ്രഖ്യാപനത്തിന്‍റെ പ്രാധാന്യം, സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള വ്യക്തമായ അതിന്‍റെ അവബോധമായിരുന്നു . . . എന്നിരുന്നാലും, വെള്ളക്കാരായ മധ്യവര്‍ഗ സ്ത്രീകളുടെ ധര്‍മ്മസങ്കടമെന്ന നിലയില്‍, തെക്കും വടക്കുമുള്ള കറുത്ത സ്ത്രീകളുടെയും, വെള്ളക്കാരായ തൊഴിലാളിവര്‍ഗ സ്ത്രീകളുടെയും ദുരവസ്ഥയെ ഈ പ്രഖ്യാപനം അവഗണിച്ചു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, സമൂഹത്തില്‍ മേല്‍ക്കോയ്മയുള്ള സാമൂഹിക വിഭാഗത്തിന് പുറത്തുള്ള സ്ത്രീകളുടെ സാഹചര്യങ്ങളെ അവഗണിക്കുകയായിരുന്നു സെനക്കാ ഫാള്‍സ് പ്രഖ്യാപനം.’ (54)
ഡേവിസ് തുടരുന്നു: “ധാര്‍മ്മികവും മാനുഷികവുമായ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ഏറ്റവും തീവ്രരായ അടിമത്ത ഉന്മൂലനവാദികളായവര്‍ പോലും, വടക്കന്‍ സംസ്ഥാനങ്ങളില്‍ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന മുതലാളിത്തവും ഒരു അടിച്ചമര്‍ത്തല്‍ വ്യവസ്ഥയാണെന്ന് മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടു. അവര്‍ അടിമത്തത്തെ വെറുപ്പുളവാക്കുന്ന, മനുഷ്യത്വരഹിതമായ ഒരു സ്ഥാപനമായി, നീതിയുടെ ലംഘനമായി വീക്ഷിച്ചു. പക്ഷേ, വടക്കന്‍ സംസ്ഥാനങ്ങളിലെ ‘വെള്ളക്കാരുടെ ‘സ്വതന്ത്ര തൊഴിലാളി’ എന്ന പദവി, തെക്കന്‍ സംസ്ഥാനങ്ങളിലെ ‘അടിമത്തൊഴിലില്‍’ നിന്ന് വ്യത്യസ്തമല്ലെന്ന് അവര്‍ തിരിച്ചറിഞ്ഞില്ല: ഇരുവിഭാഗവും സാമ്പത്തിക ചൂഷണത്തിന്‍റെ ഇരകളായിരുന്നു.” (65)
ഇത്തരത്തില്‍ സ്ത്രീവിമോചന പ്രസ്ഥാനങ്ങളോട് കൂറ് പ്രഖ്യാപിക്കുമ്പോള്‍ത്തന്നെ അവയിലെ വര്‍ഗ്ഗസത്വരാഷ്ട്രീയ അഭാവത്തെപ്പറ്റി, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുമായുള്ള സംവാദങ്ങളില്‍ അവര്‍ അവഗണിച്ചു കടന്നു പോകുന്ന വര്‍ണ്ണസത്വപ്രതിസന്ധികളെപ്പറ്റി, തടങ്കല്‍ വിരുദ്ധ പ്രസ്ഥാനങ്ങള്‍ക്കുള്ളിലെ സ്ത്രീവിരുദ്ധതയെപ്പറ്റി, വംശീയവിരുദ്ധ പ്രസ്ഥാനങ്ങള്‍ പ്രാധാന്യം കല്‍പ്പിക്കാതെ പോകുന്ന ലിംഗ, മുതലാളിത്ത രാഷ്ട്രീയ പ്രശ്നങ്ങളെപ്പറ്റി, ഇടപെടുന്ന ഏതൊരു പ്രത്യയശാസ്ത്രത്തിന്‍റെയും രാഷ്ട്രീയ പൂര്‍ണ്ണതയ്ക്കായി അചഞ്ചലമായി വാദിച്ച ഏഞ്ജല ഡേവിസ് പില്‍ക്കാല ഇന്‍റര്‍സെക്ഷണല്‍ ഫെമിനിസത്തിന്‍റെ വഴികാട്ടിയായിരുന്നുവെന്ന് നിസ്സംശയം പറയാം.
ഏഞ്ജല ഡേവിസ്: ഇന്ത്യന്‍ പശ്ചാത്തലത്തില്‍
ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഡേവിസിനെ വായിക്കുമ്പോള്‍ ‘ദളിത് ഫെമിനിസം’ ‘സവര്‍ണ്ണ ഫെമിനിസത്തിന്’ നേരെ ഉയര്‍ത്തുന്ന പ്രതിവാദങ്ങളും ദളിത് സമൂഹത്തിനുള്ളില്‍ തന്നെ നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധതയ്ക്കെതിരെയുള്ള ദളിത് ഫെമിനിസസംവാദങ്ങളും ഡേവിസിന്‍റെ ‘മാര്‍ക്സിസ്റ്റ് ബ്ളാക്ക് ഫെമിനിസ്റ്റ്’ സിദ്ധാന്തങ്ങളും തമ്മിലുള്ള സാമ്യം കാണാതെ പോവുക അസാധ്യമാണ്. അതോടൊപ്പം തന്നെ ഇന്ത്യന്‍ തൊഴിലാളിവര്‍ഗ്ഗ രാഷ്ട്രീയത്തിനുള്ളിലെ വ്യതിരിക്തമായ സ്ത്രീ-ദളിത്-ദളിത് സ്ത്രീ യാഥാര്‍ഥ്യങ്ങളെ അതെ ‘ഇന്‍റര്‍സെക്ഷണല്‍’ വായനയിലൂടെ മനസ്സിലാക്കുവാനും സാധിക്കുന്നു എന്നിടത്താണ് മറ്റെന്തിനേക്കാളുമുപരി ഏഞ്ജല ഡേവിസിന്‍റെ അന്താരാഷ്ട്ര-സമകാലിക പ്രസക്തി.
സഹായകഗ്രന്ഥങ്ങള്‍
  1. Angela Davis on Intersectional Feminism : https://youtu.be/9GDjT3Fw_6w
  2. Angela Davis: Frameworks for Radical Feminism: https://youtu.be/iI28IrXGeOc
  3. Women, Race, and Class; Angela Davis, Vintage Books (1983).
  4. “Demarginalizing the Intersection of Race and Sex: A Black Feminist Critique of Antidiscrimination Doctrine, Feminist Theory and Antiracist Politics”; Kimberle Crenshaw, The University of Chicago Legal Forum, 140:139-167 (1989).
  5. “Reflections on the Black Woman’s Role in the Community of Slaves”; Angela Davis, Woman: An Issue, 13:81-100 (1972).
സിന്ധു ജോസ് ഹൈദരാബാദ് ഇഗ്ളീഷ് ആൻഡ് ഫോറിൻ ലാങ്ഗ്വേജസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് Translation Studies ൽ സ്പെഷ്യലൈസേഷനോടെ English ൽ ഗവേഷണബിരുദം കരസ്‌ഥമാക്കി. Kerala Studies, Gender Studies, Adaptation Studies എന്നിവ മാറ്റ് ഗവേഷണ താത്പര്യങ്ങൾ. നിലവിൽ ടെക്സാസ് എ&എം യൂണിവേഴ്‌സിറ്റിയിൽ എഞ്ചിനീയറിംഗ് റിസർച്ച് ഡെവലപ്‌മെന്റ് സർവീസസിൽ ജോലിചെയ്യുന്നു.

COMMENTS

COMMENT WITH EMAIL: 0