Homeപെൺപക്ഷം

അനന്യയുടെ ദാരുണ മരണവും എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അവഗണിക്കപ്പെട്ട ജീവിതങ്ങളും

ക്കഴിഞ്ഞ മാസത്തില്‍ കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളാണ് ഞാന്‍ മേല്‍ സൂചിപ്പിച്ചത് . ദേശീയതലത്തില്‍ പാര്‍ലമെന്‍റ് സമ്മേളനവും കര്‍ഷക സമരത്തിന്‍െറ പുത്തന്‍ ഉണര്‍വ്വുമൊ ക്കെ ശ്രദ്ധേയമായ രീതിയില്‍ തന്നെ മുന്നോട്ടു പോകുന്നു . പ്രതിപക്ഷ ഐക്യനിരയുടെ നേതൃത്വത്തില്‍ പെഗാസസ് ചാരവൃത്തിക്കെ തിരായും, മാസങ്ങളായി നടക്കുന്ന കര്‍ഷക സമരത്തോടുള്ള തികഞ്ഞ അലംഭാവത്തിനും
അനിയന്ത്രിതമായ പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവിനുമെല്ലാം എതിരായുള്ള ശക്തമായ പ്രതിഷേധങ്ങളാണ് പാര്‍ലമെന്‍റില്‍ അരങ്ങേറിയത്.

എന്നാല്‍ അനന്യയെന്ന ട്രാന്‍സ്ജെന്‍ഡര്‍ പെണ്‍കുട്ടി കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ച് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതിനാല്‍ അനുഭവിച്ച അതിതീവ്രമായ വേദനയും , ആ വേദന സഹിക്കാനാവാതെ ആ കുട്ടി സ്വയം ജീവനൊടുക്കിയതും പൊതുസമൂഹത്തിന്‍റെ ശക്തമായ പ്രതികരണങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. അവളുടെ ജീവിത പങ്കാളിയും പിറ്റേന്ന് ആത്മഹത്യചെയ്തു. അവളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതുവരെ ആ ചര്‍ച്ച നീണ്ടു. ഇപ്പോള്‍ നമ്മള്‍ ഒന്നും അറിയുന്നില്ല. ഓപ്പറേഷന്‍ ചെയ്ത ഡോക്ടര്‍ക്ക് പറ്റിയ പിഴവാണോ മറ്റു വല്ല പ്രശ്നങ്ങളുമാണോ ഈ കുട്ടിയുടെ ജീവനൊടുക്കിയത് എന്ന ചോദ്യത്തിന് ഒരു മറുപടി നമുക്ക് ഇതുവരെയും ലഭിച്ചിട്ടില്ല. പോലീസ് അന്വേഷണം നടക്കുന്നു എന്ന ഒരു ഒഴുക്കന്‍ മറുപടിയാണ് കിട്ടുന്നത്. ട്രാന്‍സ്ജെന്‍ഡേഴ്സിനോട് അനുഭാവപൂര്‍ണമായ സമീപനമാണ് സര്‍ക്കാരിനുള്ളത് എന്ന് പ്രഖ്യാപിക്കുമ്പോഴും അനന്യയെന്ന വളരെയേറെ അറിയപ്പെട്ട, മാധ്യമലോകത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച ഒരു വ്യക്തിക്ക് എന്തുകൊണ്ട് ജീവിച്ചിരിക്കുമ്പോള്‍ നീതി ലഭിച്ചില്ല. വേദന സഹിക്കാനാവാതെ അനന്യ സ്വന്തം ജീവനൊടുക്കിയിട്ടും ആ കേസിന്‍റെ നീതിപൂര്‍വ്വമായ ഒരു അന്വേഷണവും നിയമ നടപടിയും ഉണ്ടാകുമോ? ഇതെല്ലാം ഉത്തരം ലഭിക്കാത്ത ചോദ്യചിഹ്നമായി നില്‍ക്കുന്നു.

എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ പ്രശ്നങ്ങള്‍ തികച്ചും മറ്റൊന്നാണ് . ദശകങ്ങള്‍ക്ക് മുമ്പ് കാസര്‍കോട്ടെ കശുവണ്ടി എസ്റ്റേറ്റുകളില്‍ പ്ളാന്‍റേഷന്‍ കോര്‍പ്പറേഷന്‍ എന്ന കോര്‍പ്പറേറ്റ് ഭീമന്‍ വര്‍ഷിച്ച വിഷമഴയുടെ ദുരന്താനുഭവങ്ങള്‍ ഏറ്റുവാങ്ങിയ ഒരു ജനത കാസര്‍കോഡു ണ്ട്. മാറിമാറിവരുന്ന സര്‍ക്കാറുകള്‍ പല പല വാഗ്ദാനങ്ങളും ഇവര്‍ക്ക് നല്‍കുന്നു .
എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് നിര്‍ത്തിയിട്ട് ഏറെ വര്‍ഷങ്ങളായെങ്കിലും അതിന്‍റെ ദുരന്തഫലങ്ങളിലൂടെ കടന്നുപോകുന്നത് ഇപ്പോള്‍ ജീവിച്ചിരിക്കുന്നവര്‍ മാത്രമല്ല, പുതുതായി ജനിക്കുന്ന ശിശുക്കളും കൂടിയാണ് .

എണ്ണിയാല്‍ തീരാത്ത, നമുക്കാര്‍ക്കും വിഭാവനം ചെയ്യാന്‍ പറ്റാത്ത തരത്തിലുള്ള യാതനകളിലൂടെ കടന്നു പോകുന്ന ആ ജനതയ്ക്ക് വിദഗ്ധചികിത്സയ്ക്ക് കര്‍ണാടകയിലെ മണിപ്പാലിനേയും കോഴിക്കോടും കണ്ണൂരും മറ്റുമുള്ള മെഡിക്കല്‍ കോളേജുകളെയും ആശ്രയിക്കേണ്ടിവരുന്നു. എട്ടുവര്‍ഷം മുമ്പ് കാസര്‍കോട് ഒരു മെഡിക്കല്‍ കോളേജിനു തറക്കല്ലിട്ടു . ഇപ്പോഴും ആ തറ അങ്ങനെ തന്നെ കിടക്കുന്നു. സുപ്രീംകോടതിയും മനുഷ്യാവകാശകമ്മീഷനുമൊക്കെ ഈ വിഭാഗത്തിന്‍റെ മനുഷ്യനായി ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി പല ഇടപെടലുകളും നടത്തി. ഇവര്‍ക്ക് അര്‍ഹമായ പല സര്‍ക്കാര്‍ ആനുകൂല്യങ്ങളും ചിലര്‍ക്ക് മാത്രമേ കിട്ടിയിട്ടുള്ളൂ.

ചിലര്‍ക്ക് കിട്ടിയിട്ടേയില്ല. മാത്രമല്ല, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പ്ലാന്‍റേഷന്‍ കോര്‍പ്പറേഷനില്‍ നിന്ന് എന്തുകൊണ്ട് നഷ്ടപരിഹാരം വാങ്ങി കൊടുക്കുന്നില്ല? നമ്മുടെ ഭരണ- പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഈ വിഭാഗത്തിന്‍േറതല്ലാത്ത കാരണങ്ങള്‍ കൊണ്ട് നിരന്തരം വേദനയനുഭവിക്കുന്ന ഈ മനുഷ്യജീവിതങ്ങള്‍ക്ക്നിര്‍ബന്ധമായും പിന്തുണ നല്‍കാത്തത് ? കോവിഡ് മഹാമാരിയെ നിയന്ത്രിക്കാന്‍ എടുക്കുന്ന ശ്രമത്തിന്‍റെ ഒരംശം പോരേ ഈ വിഭാഗത്തെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍? ആരാണ് നമുക്ക് ഇതിനൊക്കെ മറുപടി തരിക?

 

 

 

 

അജിത കെ.

COMMENTS

COMMENT WITH EMAIL: 0