Homeചർച്ചാവിഷയം

അനന്തു / ലക്ഷ്യ – നര്‍ത്തനത്തിന്‍റെ രണ്ടു ശരീരമാനങ്ങള്‍

ലക്ഷ്യ

വൈറ്റില കണിയാമ്പുഴ എന്ന സ്ഥലത്ത് ജനിച്ചു വളര്‍ന്ന അനന്തു കുഞ്ഞായിരുക്കുമ്പോള്‍ തന്നെ എപ്പോഴും സമയം ചിലവഴിച്ചിരുന്നത് ബന്ധുക്കളുടേയും, അയല്‍വാസികളായ ചേച്ചിമാരുടേയും മറ്റും ഒപ്പമായിരുന്നു. അനന്തുവിന് കുട്ടിക്കാലത്ത് തന്നെ നൃത്തത്തോട് ഒരു പ്രത്യേക ആകര്‍ഷണം തോന്നി തുടങ്ങിയിരുന്നു. ആകയാല്‍ അന്ന് ചേച്ചിമാരൊക്കെ ചില പ്രോഗ്രാമുകള്‍ക്ക് നൃത്തം പഠിക്കുകയും, പരിശീലിക്കുകയും ചെയ്യുമ്പോള്‍ വളരെ കൗതുകത്തോടും, താല്‍പര്യത്തോടും എത്തിനോക്കുമായിരുന്നു. ഒരു പക്ഷേ തന്‍റെ ഉള്ളില്‍ ഒരു സ്ത്രീത്വം ഒളിഞ്ഞുകിടക്കുന്നത് കുട്ടിക്കാലത്ത് തന്നെ അനന്തു അറിഞ്ഞിരുന്നതിനാലാവാം നൃത്തച്ചുവടുകളിലും, സ്ത്രീകളുടെ നൃത്തവേഷങ്ങളിലും, അനുബന്ധമായ മറ്റു കാര്യങ്ങളിലും അനന്തു അതീവതാല്‍പര്യത്തോടെ ശ്രദ്ധിച്ചത്. അതു കൊണ്ടുതന്നെ ചേച്ചിമാരുടെ നൃത്തപാഠങ്ങള്‍ ശ്രദ്ധിച്ചത് മനസില്‍ കരുതിവെച്ച് ഒറ്റക്ക് ചെയ്തു നോക്കുമായിരുന്നു. ആരെങ്കിലും പഠിപ്പിച്ചിരുന്നെങ്കില്‍ എന്ന് അന്നത്തെ നാല് വയസ്സുകാരന്‍ അനന്തു ശരിക്കും ആഗ്രഹിച്ചു. പക്ഷേ പഠിപ്പിക്കാനും, പറഞ്ഞു തരാനും ആരും വന്നില്ല. ഒറ്റക്ക് നൃത്തം ചെയ്തു നോക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മാതാപിതാക്കളും, ചേച്ചിമാരും അനിയനായ അനന്തുവിനെ പ്രോത്സാഹിപ്പിച്ചു. തുടര്‍ന്ന് ഒന്നാം ക്ലാസില്‍ എത്തുന്നതിന് മുമ്പ് തന്നെ ഒരു ക്ലബ്ബിന്‍റെ വാര്‍ഷിക പരിപാടിയില്‍ താന്‍ കണ്ടു മനസിലാക്കി സ്വയം തന്‍റെ അറിവില്‍ പഠിച്ചെടുത്തതും, തോന്നിയതുപോലെ ഒരുക്കിയ ചുവടുകളൊക്കെ വെച്ച് നൃത്തരംഗത്തേക്ക് അരങ്ങേറി. അച്ചനും അമ്മയും തയ്പിച്ച് കൊടുത്ത പുതിയ പട്ടുപാവാടയും ബ്ലൗസുമൊക്കെയണിഞ്ഞ് സുന്ദരിയായ ഒരു പെണ്‍കുട്ടിയുടെ വേഷത്തില്‍ ‘ദേവരാഗം’ എന്ന ചിത്രത്തിലെ ‘ശശികല ചാര്‍ത്തിയ’ എന്ന ഗാനത്തിന് ജീവിതത്തിലാദ്യമായി ഒരു വേദിയില്‍ ചുവടുവെച്ചപ്പോള്‍ എന്തെന്നില്ലാത്ത ആനന്ദവും, ആഹ്ലാദവും അനന്തുവിന്‍റെ ഹൃദയത്തില്‍ അനുഭവപ്പെട്ടു. ഇതായിരുന്നു നൃത്തത്തിലേക്കുള്ള തുടക്കം. മാതാപിതാക്കള്‍ക്കും മറ്റും അനന്തുവിനെ ഒരു പെണ്‍കുട്ടിയുടെ വേഷത്തില്‍ വേദിയില്‍ കാണുന്നത് വളരെ ഇഷ്ടവും, സന്തോഷവും നല്‍കിയതിനാലും, ഈയൊരു കഴിവ് മനസിലാക്കിയതിനാലും കുഞ്ഞ് അനന്തുവിന് നിരവധി വേദികളില്‍ താന്‍ സ്വയം കംപോസ് ചെയ്ത നൃത്തം അവതരിപ്പിക്കുവാന്‍ സാധിച്ചു. മാതാപിതാക്കളുടേയും മറ്റും സപ്പോര്‍ട്ടോടെ അവസരങ്ങള്‍ കിട്ടിയതിലൂടെയെല്ലാം നൃത്തത്തിലേക്ക് അതീവ തല്‍പരനായി അനന്തു മറ്റാരും അറിയാതെ ലയിച്ചു ചേരുകയായിരുന്നു.

പിന്നീട് എരൂര്‍ കെ.എം.പി സ്കൂളില്‍ പഠനത്തിനെത്തി. പഠനകാലയളവിലും പെണ്‍കുട്ടികളുടെ വേഷമണിഞ്ഞ് നാട്ടിന്‍പുറത്തും, സ്കൂളിലും മറ്റു നിരവധി വേദികളിലും നൃത്തം അവതരിപ്പിച്ച് മുന്നോട്ടു പോയി. അപ്പോഴും മറ്റാരും നൃത്തം ഒന്നു പറഞ്ഞു തരാനോ പഠിപ്പിക്കുവാനോ എത്തിയില്ല. എല്ലാം സ്വയം കൃതിയായിരുന്നു. അങ്ങനെ അഞ്ചാം ക്ലാസ്സില്‍ എത്തിയപ്പോള്‍ സ്കൂള്‍ കലോല്‍സവത്തിന് നൃത്തം പഠിപ്പിക്കുവാന്‍ ആര്‍.എല്‍.വി.ജോഷി എന്ന ഒരു നൃത്താധ്യാപകന്‍ വരികയും, അനന്തുവിന് നൃത്തത്തിലുള്ള കമ്പവും, കഴിവും മനസ്സിലാക്കി അനന്തുവിനെ സ്കൂള്‍ നൃത്ത ടീമിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു. അതും പെണ്‍കുട്ടിയുടെ വേഷത്തില്‍. അതിലും സ്കൂളിലെ അധ്യാപകരും, സുഹൃത്തുക്കളും, വീട്ടുകാരും മറ്റും മികച്ച സപ്പോര്‍ട്ട് നല്‍കി. തന്മൂലം ഹൈസ്കൂള്‍ ലെവല്‍ എത്തുന്നത് വരെ അനന്തു കലോത്സവ നൃത്തവേദികളില്‍ പെണ്‍കുട്ടിയുടെ വേഷത്തില്‍ മനംനിറഞ്ഞാടി. ഇതിനിടയില്‍ നൃത്താധ്യപകനായ ആര്‍.എല്‍.വി.ജോഷി സാധാരണ കുടുംബത്തിലെ അംഗമായ അനന്തുവിനെ യാതൊരു ലാഭേച്ചയുമില്ലാതെ ശാസ്ത്രീയ നൃത്തമായ ഭരതനാട്യം പഠിപ്പിച്ചു തുടങ്ങിയിരുന്നു. അപ്പോഴേക്കും ഒരു സ്ത്രീയുടെ രീതിയിലേക്ക് മനസ്സ് മാറുന്ന അവസ്ഥയിലേക്ക് എത്തിക്കൊണ്ടിരിക്കുകയായിരുന്നു. ആണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന എറണാകുളം ടഞഢ സ്കൂളിലാണ് എട്ടാം ക്ലാസ് വിദ്യാഭ്യാസത്തിന് ചേര്‍ന്നത്. അവിടെയെത്തുമ്പോള്‍ അനന്തുവിന്‍റെ മനസ്സില്‍ ആകെ ഒരു സംഭ്രമമായിരുന്നു. പുതിയ സ്കൂളിലെ സഹപാഠികളും, അധ്യാപകരും മറ്റും തന്‍റെയീ പാഷനേയും, താല്‍പര്യത്തേയും ഉള്‍ക്കൊണ്ട് അംഗീകരിക്കുമോ, പ്രോത്സാഹിപ്പിക്കുമോ എന്നും മറ്റുമുള്ള ആശങ്കയില്‍ ചിന്തകള്‍ സഞ്ചരിച്ചു. അനന്തു പഠിച്ചിരുന്ന സമയത്ത് എസ്.ആര്‍.വി.സ്കൂള്‍, മുന്‍പ് പഠിച്ചിരുന്ന സ്കൂളുകളുടെയത്ര കലോത്സവ കലാരംഗത്തേക്ക് കുട്ടികളെ വിടുന്നതിലോ, പ്രോത്സാഹിപ്പിക്കുന്നതിലോ ഒന്നും അത്ര താല്പര്യം കാണിച്ചിരുന്നില്ല. അത് മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. അവിടെ സ്റ്റേജ് പരിപാടികളേക്കാള്‍ കൂടുതല്‍ രചനാ മത്സരങ്ങളും, ക്വിസ് മത്സരങ്ങളും, ചിത്രരചനാ മത്സരങ്ങള്‍ക്കുമൊക്കെയാണ് സ്കൂള്‍ കൂടുതല്‍ താല്‍പര്യം കാണിച്ചത്. ഡാന്‍സിന് കൂടുതല്‍ ശ്രദ്ധ ഇല്ല മനസ്സിലാക്കിയതിനാല്‍ തുടര്‍ന്ന് കഥാരചന, കവിതാരചന, ജലഛായം, ചിത്രരചന, ലളിതസംഗീതം തുടങ്ങിയ പല മത്സരങ്ങളിലും മറ്റും വളരെ തല്പരതയോടെ പങ്കെടുത്തു. ഇതില്‍ പലതിനും സമ്മാനം ലഭിക്കുകയും, സബ് ഡിസ്ട്രിക്റ്റ്, ഡിസ്ട്രിക്റ്റ് തുടങ്ങിയ തലങ്ങളില്‍ പങ്കെടുക്കുവാന്‍ സാധിക്കുകയും, സമ്മാനങ്ങള്‍ നേടുകയും ചെയ്തു. അങ്ങനെ ഡാന്‍സ് ഒഴികെയുള്ള പല ഐറ്റംസിലും അനന്തുവിന് തന്‍റെ പ്രാവീണ്യം തെളിയിക്കാന്‍ സാധിച്ചു. ഈ സമയങ്ങളില്‍ ഡാന്‍സില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന ചിന്ത മെല്ലെ ഉടലെടുക്കാന്‍ തുടങ്ങി. കാരണം നൃത്തത്തിനോട് കൂടുതല്‍ അടുത്താല്‍ താന്‍ സ്ത്രൈണത ഉള്ള ഒരാളായി മാറുമെന്നും, അങ്ങനെ ആണ്‍കുട്ടികള്‍ പഠിക്കുന്ന സ്കൂളിലും, സമൂഹത്തിലും താന്‍ ഒറ്റപ്പെട്ടുപോയേക്കും എന്ന ചിന്ത മനസിലേക്ക് കടന്നു കൂടാന്‍ തുടങ്ങി. പ്രത്യേകിച്ച് ഇന്നത്തേപ്പോലെ ഭിന്നലിംഗക്കാരെ ഒട്ടും അംഗീകരിക്കാത്ത ഒരു സമൂഹമായിരുന്നു അന്നുണ്ടായിരുന്നത്. എന്നാല്‍ ഞഘഢ ജോഷി യില്‍ നിന്നും അപ്പോഴേക്കും ഭരതനാട്യത്തില്‍ പ്രാവീണ്യം നേടുകയും ചെയ്തിരുന്നു. പക്ഷേ താന്‍ ഭരതനാട്യം കളിക്കുമെന്ന് ഹൈസ്കൂളിലെ ഏതാനും ചില സുഹൃത്തുക്കള്‍ക്കുമാത്രമാണ് അറിയാമായിരുന്നത്. എന്നാല്‍ പ്രോത്സാഹനം ഇല്ലാതിരുന്നതിനാല്‍ ഈ വിവരം എസ്.ആര്‍.വി സ്കൂളില്‍ പറയുവാനും സാധിച്ചില്ല. എന്നിരുന്നാലും ആര്‍.എല്‍.വി.ജോഷി യോടൊപ്പം ചില നൃത്ത പരിപാടികള്‍ക്കൊക്കെ പൊയ്ക്കോണ്ടിരിക്കുകയും ചെയ്തിരുന്നു.

പിന്നീട് പ്ലസ് വണ്‍ പ്ലസ് ടു പഠനം അയ്യപ്പന്‍കാവ് മിക്സഡ് സ്കൂളിലായിരുന്നു. അവിടെ സ്കൂള്‍ കലാമത്സരങ്ങള്‍ക്ക് മികച്ച പ്രോത്സാഹനമാണ് നല്‍കിയിരുന്നത്. ഇത് അനന്തു തന്‍റെ ഉള്ളില്‍ ഒതുക്കി വക്കാന്‍ നിശ്ചയിച്ചിരുന്ന നര്‍ത്തകിക്ക് ചിലങ്ക കെട്ടിയാടാന്‍ അവസരം നല്‍കി. പക്ഷേ അപ്പോഴും താന്‍ സ്ത്രീകളുടെ രീതിയിലായിപ്പോയേക്കും എന്ന ചിന്ത മനസ്സിനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നതിനാല്‍ പ്ലസ്ടുവിന് വന്ന അവസരങ്ങള്‍ മനപ്പൂര്‍വം വിനിയോഗിച്ചില്ല. താനൊരു ആണായിട്ടാണ് ജീവിക്കേണ്ടത്. ഇങ്ങനെയൊക്കെ പോയാല്‍ തനിക്ക് മാനസികമായി ഒരു മോചനം കിട്ടിയേക്കില്ല എന്നും, ആരും തന്നെ അംഗീകരിക്കില്ല എന്നും മനസ്സില്‍ നിശ്ചയിച്ചു. അങ്ങനെ നൃത്തം സംബന്ധിച്ച ആഗ്രഹങ്ങളെയും, കഴിവുകളെയുമെല്ലാം മനസ്സില്‍ അടച്ചു വച്ചു. ആര്‍.എല്‍.വി. ജോഷിയുടെ ക്ലാസ്സ് ഉള്‍പ്പെടെ എല്ലാം നിര്‍ത്തിവച്ചു. പക്ഷേ ആര്‍.എല്‍.വി. ജോഷി അനന്തുവിനെ തിരികെ വിളിച്ചുകൊണ്ടേയിരുന്നു. അപ്പോഴും ഇനി വേണ്ട എന്ന് തീരുമാനിച്ച് കലയെ മറന്ന് പഠനത്തില്‍ മാത്രം ശ്രദ്ധിച്ച് പുതിയ ഒരു വ്യക്തിയാകാന്‍ ശ്രമിച്ച് മുന്നോട്ടു പോയി. കലോത്സവത്തില്‍ മറ്റു കുട്ടികള്‍ പങ്കെടുത്തതിന്‍റെ വീഡിയോസും മറ്റും കണ്ട് തനിക്ക് സാധിച്ചില്ലല്ലോ എന്ന് ഒരുപാട് സങ്കടപ്പെട്ട സാഹചര്യങ്ങള്‍ ഉണ്ടായി.

പിന്നീട് ഡിഗ്രി പഠനത്തിന് എറണാകുളം സെന്‍റ് ആല്‍ബര്‍ട്സ് കോളേജിലെത്തി. അവിടെയെത്തിയപ്പോഴേക്കും മനസ്സിനൊക്കെ അല്പം നല്ല ധൈര്യം വന്നിരുന്നു. അവിടെ ക്ലാസിക്കല്‍ ഡാന്‍സ് കളിച്ചിരുന്ന ഒന്നു രണ്ട് ആണ്‍കുട്ടികള്‍ കോളേജില്‍ ഉണ്ടായിരുന്നു. അവരുമായി അടുത്തിടപഴകിയപ്പോള്‍ തന്‍റെ ധൈര്യം ഇരട്ടിയാവുകയും നൃത്തത്തിലേക്ക് തിരികെ എത്തി മികവു തെളിയിക്കണമെന്ന മോഹം കടന്നു കൂടുകയുമുണ്ടായി. ഒന്നാം വര്‍ഷ ഡിഗ്രി ക്ലാസ്സുകള്‍ തുടങ്ങിയ ആ ഇടയ്ക്കു തന്നെയായിരുന്നു യൂണിയന്‍റെ ആനുവല്‍ സെലിബ്രേഷന്‍ നടന്നത്. കോളേജില്‍ ആര്‍ട്സിന് ഒരുപാട് പ്രാധാന്യം നല്‍കുന്നത് മനസിലാക്കിയ അനന്തുവിന് അതില്‍ തനിക്കും പങ്കെടുക്കണമെന്ന് ആഗ്രഹം വരികയും, കോളേജ് കലോത്സവത്തിന് മുന്നോടിയായുള്ള ഒരു സെലക്ഷന്‍ സെക്ഷനായിരിക്കും യൂണിയന്‍ ഡേ സെലിബ്രേഷന്‍ എന്ന ചിന്തയിലുറച്ച് അതില്‍ പങ്കെടുക്കുന്നതിന് വേണ്ടി വളരെ ആത്മാര്‍ത്ഥമായി ഒരുക്കങ്ങള്‍ നടത്തുകയും ഭരതനാട്യത്തിലെ ഒരു ഐറ്റം ആര്‍.എല്‍.വി. ജോഷിയില്‍ നിന്നും ചിട്ടപ്പെടുത്തിയെടുക്കുകയും ചെയ്തു. പരിപാടി ദിവസം ആര്‍.എല്‍.വി.ജോഷിയുടെ വസതിയില്‍ നിന്നും ചമയവും, വേഷധാരണവും ചെയ്ത് കോളേജിലെത്തിയപ്പോള്‍ നര്‍ത്തകീവേഷത്തില്‍ അനന്തുവിനെ കണ്ട് അന്തം വിട്ടുപോയ സീനിയര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ കളിയാക്കി നാണം കെടുത്തി ഒരു വഴിയാക്കുകയുണ്ടായി. എന്നാല്‍ ഇനീഷ്യല്‍ പ്രോഗ്രാം ഒന്നും ഫിക്സാകാതിരുന്നതിനാല്‍ അനന്തുവിന്‍റെ നൃത്തമാണ് ഓര്‍ഗനൈസേഴ്സ് ആദ്യം ചാര്‍ട്ട് ചെയ്തത്. ആ സമയത്താണ് ഇത് യൂണിയന്‍ ഡേ മാത്രമാണന്നും, എം.ജി.സര്‍വ്വകലാശാല മത്സരങ്ങള്‍ക്കു വേണ്ടിയുള്ള സെലക്ഷന്‍ സ്ക്രീനിങ് ഒന്നുമല്ല എന്നുമുള്ള സത്യം അനന്തുവിന് ബോധ്യമായത്. അപ്പോള്‍ തന്നെ ഭരതനാട്യം എന്ന ഐറ്റം മാറ്റി താന്‍ നേരത്തേ പഠിച്ചുവച്ചിരുന്ന ബാലഭാസ്ക്കറുടെ ഒരു സംഗീതത്തിന് സെമിക്ലാസിക്കല്‍ ഐറ്റം കളിക്കുവാന്‍ നിശ്ചയിക്കുകയും, അത് രംഗത്ത് അവതരിപ്പിക്കുകയും, വളരെ നല്ല റെസ്പോണ്‍സ് കളിയാക്കിയ സീനിയര്‍ ചേട്ടന്മാര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും, മറ്റും സഹപാഠികള്‍, അധ്യാപകര്‍ തുടങ്ങിയവരില്‍ നിന്നുമെല്ലാം ലഭിക്കുകയുമുണ്ടായി. കളിയാക്കിയ ചേട്ടന്മാര്‍ നൃത്തത്തിന് ശേഷം അനന്തുവിനെ കണ്ട് ക്ഷമ ചോദിക്കുകയും, പ്രോത്സാഹനം അറിയിക്കുകയും മറ്റും ചെയ്തു. ആ ഒറ്റ പ്രോഗ്രാമിലൂടെ കോളേജിലെ എല്ലാ ഡിപ്പാര്‍ട്ട്മെന്‍റിലുള്ളവരും അനന്തുവിന്‍റെ കഴിവിനെപ്പറ്റി അറിയുകയും, നല്ല ഒരു നൃത്തകലാകാരിയാണെന്ന അംഗീകാരവും, ഇടവും ലഭിക്കുകയുമുണ്ടായി. വളരെ പോസിറ്റീവ് എനര്‍ജിയിലൂടെ അനന്തുവിന്‍റെ ചിന്തകള്‍ കടന്നുപോയ നിമിഷങ്ങളായിരുന്നു അത്. തന്‍റെ ജീവിതത്തിലെ ഒട്ടും മറക്കാത്ത ആനന്ദമുഹൂര്‍ത്തങ്ങളായി ഈ സംഭവം മാറുകയുണ്ടായി. പിന്നീടങ്ങോട് താന്‍ വേണ്ടന്നു വക്കാന്‍ ശ്രമിച്ചിരുന്ന നൃത്ത മോഹങ്ങളുടെ കെട്ടഴിയുവാന്‍ തുടങ്ങി. തുടര്‍ന്ന് വീണ്ടും നൃത്തത്തിലേക്ക് കടന്നു. ഒരു കലാകാരന്‍ എന്ന തലത്തില്‍ താന്‍ വിലയര്‍ഹിക്കുന്ന ഒരാളായിത്തീരണമെന്ന് ധൃഢനിശ്ചയമെടുത്തു. അതോടൊപ്പം അനന്തുവിനുള്ളിലെ സ്ത്രീഭാവം വളരുകയും ചെയ്തു. കോളേജ് വിദ്യാഭ്യാസം പുരോഗമിക്കവെ അനന്തുവിന്‍റെ വീടിന് വളരെ സമീപം ‘യുവ’ എന്ന ഒരു ഡാന്‍സ് കമ്പനി തുടങ്ങുകയുണ്ടായി. അവിടെ വെസ്റ്റേണ്‍ , കണ്ടമ്പററി, ഹിപ് ഹോപ് തുടങ്ങിയ നവീന ശ്രേണിയിലുള്ള നൃത്തരൂപങ്ങളുടെ ക്ലാസ്സുകളും, നിരവധി പ്രഫഷനല്‍ പ്രോഗ്രാമുകളുമായി മുന്നോട്ടു പോകുന്നതും മറ്റും അനന്തുവിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. എന്നും ‘യുവ’ യുടെ മുന്നിലൂടെ യാത്ര ചെയ്യുമ്പോള്‍ അവിടെ നിന്നുമുള്ള ഡാന്‍സ് പ്രാക്ടീസിന്‍റെ ഇംഗ്ലീഷ് പാട്ടുകളുടെ ഉച്ചത്തിലുള്ള ശബ്ദങ്ങളും മറ്റും കേള്‍ക്കുമ്പോള്‍ അതിലേക്ക് വല്ലാത്ത ഒരു ആകര്‍ഷണം തോന്നി. അവിടെ എന്തായിരിക്കും, എങ്ങനെയായിരിക്കും എന്നൊക്കെയുള്ള ചിന്തകള്‍ എപ്പോഴും മനസ്സില്‍ അലയടിച്ചുകൊണ്ടേയിരുന്നു. അതൊന്നു പഠിക്കണം എന്ന ആഗ്രഹം മനസ്സില്‍ വര്‍ദ്ധിച്ചു വന്നു. ക്ലാസിക്കല്‍ നൃത്തങ്ങള്‍ കളിക്കുന്ന ആണ്‍കുട്ടികളെ പൊതുവെ ജനം കാണുന്നത് സ്ത്രൈണത ഉള്ളവരായിട്ടാണ്. എന്നാല്‍ വെസ്റ്റേണ്‍ ശൈലിയാണങ്കില്‍ അങ്ങനൊരു വേര്‍തിരിവില്‍ സമൂഹം കാണുകില്ല എന്ന തോന്നലും, തനിക്ക് ഇതില്‍ കൂടുതല്‍ ശോഭിക്കാനാകും എന്ന വിശ്വാസവും കൂടിയായപ്പോള്‍ ഒട്ടും താമസിക്കാതെ ‘യുവ’ യില്‍ പോയി ജോയിന്‍ ചെയ്തു. അവിടെയുണ്ടായിരുന്ന സുഹൃത്തുക്കളും, കോരിയോഗ്രാഫര്‍മാരും മറ്റും അനന്തുവിന്‍റെ സമപ്രായക്കാര്‍കൂടിയായപ്പോള്‍ വളരെ സുഖപ്രദമായ ഒരു സാഹചര്യം ലഭിച്ചു. എല്ലാ നൃത്തങ്ങളുടേയും അടിസ്ഥാനമായ ശാസ്ത്രീയ നൃത്തം അറിയാവുന്നതിനാല്‍ അനന്തുവിന് വെസ്റ്റേണ്‍ അനായാസം വഴങ്ങി. തുടര്‍ന്ന് ശാസ്ത്രീയ നൃത്തത്തിന് താല്‍ക്കാലികമായി വിരാമമിട്ട് വെസ്റ്റേണില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. തുടര്‍ന്ന് ‘യുവ’ യോടൊപ്പം മഴവില്‍ മനോരമയിലും, ഫ്ലവേഴ്സ് ചാനലിലും, കൂടാതെ നിരവധി ഷോകളിലും അനന്തു ആണ്‍കുട്ടിയുടെ വേഷത്തില്‍ ചുവടു വച്ചു. ആണ്‍കുട്ടിയായ ഒരു കലാകാരനായി സമൂഹത്തില്‍ ഒരു സ്ഥാനം കിട്ടുക എന്നതായിരുന്നു അനന്തു മനസ്സില്‍ കണ്ട ലക്ഷ്യം. എന്നിരുന്നാലും മനസ്സുകൊണ്ട് സ്ത്രൈണത ഉള്ളില്‍ സൂക്ഷിക്കുന്ന ഒരാളായി തന്നെയായിരുന്നു അനന്തു കഴിഞ്ഞത്. തുടര്‍ന്ന് കോളേജിലുള്‍പ്പെടെ അനന്തു വെസ്റ്റേണ്‍ ഡാന്‍സില്‍ തകര്‍ത്താടി. കോളേജില്‍ സെമി ക്ലാസിക്കല്‍ നൃത്തമവതരിച്ചപ്പോള്‍ കിട്ടിയതിനേക്കാള്‍ മികച്ച പ്രോത്സാഹനം കണ്ടമ്പററി ഐറ്റംസിനും മറ്റും ലഭിച്ചു. അനന്തു കൂടുതല്‍ എനര്‍ജറ്റിക്കായി നൃത്ത പ്രകടനങ്ങളുമായി മുന്നോട്ടു പോയി. തുടര്‍ന്ന് ഡിഗ്രി കഴിയുകയും ഉടനെ തന്നെ തേവര എസ്.എച്ച് കോളേജില്‍ സ്പെഷ്യല്‍ എജുക്കേറ്ററായി ജോലി ലഭിക്കുകയും ചെയ്തു. അതോടെ തന്‍റെ എല്ലാ ഡാന്‍സ് പരിപാടികളോടും അനന്തുവിന് വിട പറയേണ്ടി വന്നു.

സെന്‍റ് ആല്‍ബര്‍ട്സ് കോളേജില്‍ പഠിക്കുന്ന സമയത്ത് അനന്തുവിന് പ്രവീണ്‍ എന്ന ഒരു ആത്മാര്‍ത്ഥ സുഹൃത്തുണ്ടായിരുന്നു. ഗായകനായ പ്രവീണ്‍ അനന്തുവിനെ പോലെ സ്ത്രീത്വം മനസ്സില്‍ നിറഞ്ഞു നിന്നിരുന്ന ഒരു വ്യക്തിയായിരുന്നു. കോളേജ് പരിപാടികള്‍ അവതരിപ്പിക്കുന്ന സമയത്ത് ബാക്ക് സ്റ്റേജില്‍ വച്ച് ഇരുവരും ആദ്യമായി കണ്ടുമുട്ടുകയും പിന്നീട് അടുത്ത സുഹൃത്തുക്കളായി മാറുകയുമായിരുന്നു. ഇരുവരുടേയും ഉള്ളില്‍ സ്ത്രീത്വമുണ്ടായിരുന്നതിനാല്‍ എപ്പോഴും ഇരുവരും കാണുകയും തങ്ങളുടെ ആശയങ്ങളും മറ്റും പങ്കുവയ്ക്കുകയും ചെയ്തു പോന്നിരുന്നു. പഠനശേഷം ഇരുവരും അവരവരുടേതായ ജോലിക്കാര്യങ്ങളുമായി മുന്നോട്ട് നീങ്ങി. ഇതിനിടയില്‍ അനന്തു കോളേജില്‍ ജോലി ചെയ്തു വന്നിരു സമയത്ത് പ്രവീണ്‍ സ്ത്രീയായി പരിണാമപ്പെട്ട് (ട്രാന്‍സ് വുമണ്‍) ജീവിതമാരംഭിച്ച വാര്‍ത്ത അറിയുവാനിടയായി. ഉള്ളിലെ ആഗ്രഹം പോലെ ഇങ്ങനെയും ജീവിക്കാന്‍ സാധിക്കുമെന്ന് അനന്തുവിനും ഈ വാര്‍ത്തയിലൂടെ മനസ്സിലാവുകയായിരുന്നു. തുടര്‍ന്ന് അനന്തുവിനും പ്രവീണ്‍ ചെയ്തതുപോലെയാകണം എന്ന ആഗ്രഹം വളര്‍ന്നു. പല വേദികളിലും പ്രവീണ്‍ പ്രോഗ്രാമുകള്‍ ചെയ്യുന്നത് അനന്തു കാണുവാനിടയായി. പ്രവീണില്‍ നിന്നും സ്ത്രീയായി മാറി ജീവിക്കുന്നത് സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ സാധിക്കുകയും, താനും ചെറുപ്പം മുതല്‍ ഈ രീതിയിലല്ലേ ജീവിക്കാനാഗ്രഹിച്ചത് എന്നും, ആണായി ജീവിക്കുന്നത് കൊണ്ട് താന്‍ പല ആഗ്രഹങ്ങളും, സ്വപ്നങ്ങളും വേണ്ടെന്നുവെച്ച് മാറ്റിവെച്ചിരുന്നല്ലോ എന്നുമെല്ലാമുള്ള വസ്തുതകള്‍ അനന്തുവിന്‍റെ ഓര്‍മ്മകളിലൂടെ ഈ സന്ദര്‍ഭത്തില്‍ കടന്നു പോയി. തന്‍റെ ഉള്ളിലെ സ്ത്രീത്വവുമായി സര്‍വ്വസ്വാതന്ത്രത്തോടെ ലോകത്തിന്‍റെ നെറുകയിലേക്കിറങ്ങുവാന്‍ വല്ലാതെ വെമ്പല്‍ കൊള്ളുന്നതായി അനന്തുവിന് അനുഭവപ്പെട്ടു. യഥാര്‍ത്ഥത്തില്‍ താന്‍ ഒരു സ്ത്രീയായി ജീവിക്കേണ്ട ആളാണെന്ന് അനന്തുവിന് നിശ്ചയമായി. മാനസികമായ തയ്യാറെടുപ്പുകള്‍ക്കും, കാത്തിരിപ്പിനുമൊടുവില്‍ 2018ല്‍ ‘ദ്വയ’ എന്ന ബ്യൂട്ടി ഫാഷന്‍ ഷോ എന്ന പേജന്‍റ് വഴി മിസ് ടാലന്‍റ് കാറ്റഗറിയില്‍ നൃത്തത്തില്‍ പങ്കെടുക്കുകയും, ടൈറ്റില്‍ വിജയം നേടിക്കൊണ്ട് താനും സ്ത്രീത്വമുള്ളയാളാണെന്ന തന്‍റെ വ്യക്തിത്വം ‘ലക്ഷ്യ’ എന്ന പേര് സ്വീകരിച്ചു കൊണ്ട് ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തുകയുമാണുണ്ടായത്. ഈ മുഹൂര്‍ത്തത്തില്‍ ലക്ഷ്യയുടെ മനസ്സില്‍ നിറഞ്ഞ സന്തോഷത്തിന് അതിരില്ലായിരുന്നു. ‘ദ്വയ’ യിലെ ഈ പ്രോഗ്രാമിന് പ്രവീണും പങ്കെടുത്തിരുന്നു. പിന്നീട് ‘ദ്വയ’ യിലൂടെ ലക്ഷ്യക്ക് പല വലിയ വലിയ വേദികളില്‍ നൃത്തപരിപാടികള്‍കളില്‍ പങ്കെടുക്കുവാന്‍ അവസരമുണ്ടായി. ഒരു പെണ്ണായി മാറിയപ്പോള്‍ ലക്ഷ്യക്ക് യാതൊരു തടസ്സങ്ങളുമില്ലാതെ താന്‍ ചെറുപ്പം മുതല്‍ സ്നേഹിക്കുകയും എന്നാല്‍ പലപ്പോഴായി ഒഴിവാക്കിവെക്കുകയും ചെയ്തിരുന്ന തന്‍റെ എല്ലാ ആഗ്രഹങ്ങളും സ്വാതന്ത്ര്യത്തോടെ പൊടിതട്ടിയെടുത്ത് കൈവരിക്കുവാന്‍ സാധിച്ചു. സിംഗപ്പൂരില്‍ പേര് കേട്ട ശാസ്ത്രീയ നര്‍ത്തകിയായ പാലക്കാട് സ്വദേശി മാലികാ പണിക്കരോടൊപ്പം പല വേദികളിലും നൃത്തമവതരിപ്പിക്കുവാന്‍ സാധിച്ചു. പിന്നീടങ്ങോട് പ്രഗത്ഭരായ നിരവധി വ്യക്തികളെ പരിചയപ്പെടുവാനും, വലിയ പല വേദികളില്‍ പ്രശസ്തരായ നര്‍ത്തകികള്‍ക്കൊപ്പം നൃത്തം ചെയ്യുവാനും സാധിച്ചു. തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന സൂര്യ ഫെസ്റ്റിവലിലുള്‍പ്പെടെ ലക്ഷ്യ പങ്കെടുത്തു.
ഇപ്പോള്‍ ലക്ഷ്യ നൃത്തരംഗത്തിന് പുറമേ ഫാഷന്‍ ഷോ മോഡലിങ്ങിലും, അഭിനയരംഗത്തും, വളരെ സജീവമായി തന്നെ തന്‍റെ കലായാത്ര യാതൊരു തടസങ്ങളും, മറകളുമില്ലാതെ സ്വതന്ത്രയായി തുടരുകയാണ്. പല വലിയ വേദികളിലും ലക്ഷ്യയെ ഗസ്റ്റ് പെര്‍ഫോമറായി ക്ഷണിക്കുകയും, അവിടെയെല്ലാം തന്‍റെ നൃത്തത്തിന്‍റേയും മറ്റും മികവ് പ്രദര്‍ശിപ്പിച്ച് അനുമോദനങ്ങള്‍ നേടുവാനും ലക്ഷ്യക്ക് സാധിച്ചു. കേരള സംസ്ഥാന സര്‍ക്കാരിന്‍റെ സാന്ത്വനം ങടങ പ്രൊജക്ടിന്‍റെ ആനുവല്‍ ഇനാഗുരേഷന്‍ ഫംക്ഷനിലുമെല്ലാം ലക്ഷ്യക്ക് സ്പെഷ്യല്‍ പെര്‍ഫോമെന്‍സിന് ക്ഷണം ലഭിച്ചു. ഒരിക്കല്‍ താന്‍ ആഗ്രഹിച്ചിരുന്ന ഒരു ജീവിതം തനിക്ക് ലഭിച്ചത് സ്വപ്നനേട്ടമായി ലക്ഷ്യ മനസ്സില്‍ കൊണ്ടു നടക്കുകയാണ്. എല്ലാവരും അംഗീകരിക്കുന്ന, കലയെ നെഞ്ചോട് ചേര്‍ക്കുന്ന സ്വതന്ത്ര പൂര്‍ണ്ണയായ സ്ത്രീത്വത്തിന്‍റെ പവിത്രത നിറഞ്ഞ ഒരു വ്യക്തിയായി, വേറിട്ട ഒരു വ്യക്തിത്വമായി വളരെ സന്തോഷത്തോടെ ലക്ഷ്യയും നമ്മോടൊപ്പം ഈ സമൂഹത്തില്‍ ജീവിക്കുകയാണ്….

 

നര്‍ത്തകി, മോഡല്‍

COMMENTS

COMMENT WITH EMAIL: 0