‘ഇതെന്തിനാ.. ചേച്ചി മൂത്രൊഴിക്കാതിരിക്കാനാ…?’
ഏഴാം ക്ലാസ്സുകാരിയായ ചേച്ചിക്ക് അച്ഛന്‍ സാനിറ്ററി നാപ്കിന്‍ വാങ്ങിക്കൊടുക്കുന്നത് കണ്ടപ്പോള്‍ അഞ്ചുവയസ്സുകാരന്‍ ആദി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
‘അതേയ്, പെണ്‍കുട്ടികള്‍ക്ക് പത്തു പന്ത്രണ്ടു വയസ്സാകുന്നതോടെ അവരുടെ ശരീരത്തില്‍ പല മാറ്റങ്ങളും ഉണ്ടാകാന്‍ തുടങ്ങും.. അതിന്‍റെ ഭാഗമായി ഓരോ മാസവും ശരീരത്തിനകത്തുനിന്ന് രക്തം പുറത്തുവരും ..ജെട്ടിയിലും ഉടുപ്പിലുമൊക്കെ രക്തമായാല്‍ ആകെ ബുദ്ധിമുട്ടല്ലേ.. അങ്ങനെ രക്തമാവാതിരിക്കാനാ ഈ പാഡ് വെയ്ക്കുന്നത് ” എന്ന് പറഞ്ഞ് അവനെ സമാധാനിപ്പിച്ചു. ഇത്തിരി കൂടി വലുതായിട്ട് കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞു കൊടുക്കണമെന്ന് അന്നേ തീരുമാനിച്ചിരുന്നു. അങ്ങനെ ,ആദി ആറാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആര്‍ത്തവത്തെക്കുറിച്ച് വിശദമായി പറഞ്ഞു കൊടുത്തത്.
പിന്നെയൊരു ദിവസം സ്കൂളുവിട്ടു വന്നപ്പോള്‍ ആദിക്ക് പറയാനുണ്ടായിരുന്നത് അവന്‍റെ കൂട്ടുകാരിയുടെ വിശേഷങ്ങളായിരുന്നു. ‘കഴിഞ്ഞ മൂന്നു ദിവസം അവള്‍ സ്കൂളില്‍ വന്നിരുന്നില്ല, ആദ്യമായി പീരിയഡ്സ് ആയപ്പോള്‍ ലീവെടുത്തതാണ്, ഇതിനോടനുബന്ധിച്ച് വീട്ടില്‍ പല ചടങ്ങുകളും ഉണ്ടായിരുന്നു.മറ്റു കൂട്ടുകാരികളുടെ വീട്ടിലും ഇങ്ങനെയൊക്കെ ഉണ്ടായിരുന്നു’ എന്നൊക്കെ ആദിയങ്ങനെ വിവരിച്ചു. ഞാന്‍ മൂളിക്കേട്ടു .
‘ഓരോരോ മണ്ടത്തരം’ എന്ന് പറയാന്‍ ഞാന്‍ വാ തുറന്നപ്പോഴേക്കും അവന്‍റെ അടുത്ത വാചകം :
അമ്മേ.. ഇങ്ങനെ മണ്ടത്തരം കാട്ടിയതിന് ഞാനവരെ കൊറേ കളിയാക്കി.. പിന്നെ, അമ്മ പറഞ്ഞു തന്ന കാര്യങ്ങളൊക്കെ ഞാനവര്‍ക്ക് പറഞ്ഞു കൊടുക്കേം ചെയ്തു.. അവരുടെയൊന്നും അമ്മമാര് ഇതൊന്നും പറഞ്ഞു കൊടുത്തിട്ടില്ലാത്രേ..
ഞാനവനെ ചേര്‍ത്തു പിടിച്ച് ഉമ്മ കൊടുത്തു. ആറാം ക്ലാസ്സുകാരനായ ഒരാണ്‍കുട്ടി അവന്‍റെ കൂട്ടുകാരികളോട് അവരുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് പറഞ്ഞു കൊടുക്കുന്നു. ആര്‍ത്തവത്തെക്കുറിച്ച് പറഞ്ഞു കൊടുക്കുന്നു. ആര്‍ത്തവം സ്വാഭാവികമായ ഒരു ശാരീരിക പ്രക്രിയ മാത്രമാണെന്നു പറഞ്ഞു കൊടുക്കുന്നു. ആദ്യആര്‍ത്തവത്തിന്‍റെ പേരില്‍ നടത്തുന്ന ചടങ്ങുകളെ വിമര്‍ശിക്കുന്നു.. എത്ര മനോഹരമായ ഒരു കാര്യമാണിത്.. ഓരോ സ്കൂളും കൊബായാഷി മാസ്റ്ററുടെ റ്റോമോസ്കൂള്‍ പോലെയാവുന്ന ഒരു കാലം സ്വപ്നം കാണാറുണ്ടായിരുന്ന എനിക്ക് ഇത്രയെങ്കിലും സാധിച്ചല്ലോ..
എന്‍റെ കണ്ണു നിറഞ്ഞു. സന്തോഷം കൊണ്ടോ അതോ അഭിമാനം കൊണ്ടോ എന്നറിഞ്ഞുകൂടാ..
ആദിക്ക് നീ പറഞ്ഞു കൊടുത്ത കാര്യങ്ങള്‍ എല്ലാ കുട്ടികളും അറിയേണ്ടതാണ്. കുട്ടികള്‍ക്കു വേണ്ടി ഇതൊന്ന് എഴുതി നോക്കൂ എന്ന് നിര്‍ദ്ദേശിച്ചത്
യുറീക്കയുടെ മുന്‍ എഡിറ്ററായിരുന്ന ജന്വേട്ടനാണ് .അങ്ങനെയാണ് ഞാനിതെഴുതുന്നത്. ഈ ലേഖനത്തിലെ ഹസില്‍ ഞങ്ങളുടെ മകന്‍ ആദി തന്നെയാണ്.. 2017 ല്‍ യുറീക്കയുടെ മൂന്നു ലക്കങ്ങളിലായി ഇത് പ്രസിദ്ധീകരിച്ചു വരുകയും ചെയ്തു.
അമ്മ പറഞ്ഞത്
“അല്ല മിത്രേ… മൂന്നു ദിവസം ലീവെടുക്കാന്‍ മാത്രം എന്തായിരുന്നു നിനക്ക്? രാവിലെ ചോദിച്ചപ്പോഴും പറഞ്ഞു പിന്നെ പറയാംന്ന്.”
ചോറുപാത്രം തുറക്കുന്നതിനിടെ ഹസില്‍ അന്വേഷിച്ചു. മിത്രയുടെയും ലയയുടെയും ശ്രദ്ധ ഹസിലിന്‍റെ പാത്രത്തിലേക്കാണ്.
“ഹായ് ഇന്ന് ‘കൂണ്‍ ഫ്രൈ’ ആണ്.” രണ്ടുപേരുടെയും കൈകകള്‍ ഹസിലിന്‍റെ പാത്രത്തിലേക്കു നീണ്ടു.
“ഓ… വല്ലാത്ത കൊതിച്ചികള്‍ തന്നെ. കൊതി മൂത്ത് മൂത്ത് ചെവി കേള്‍ക്കാതായോ? എന്തേ നിനക്ക് പറ്റീത്ന്ന്?”
ഹസില്‍ കൂണ്‍കറിയുടെ പാത്രം മുന്നോട്ട് നീക്കിവെച്ചുകൊടുത്തു. മിത്രയുടെയും ലയയുടെയും പാത്രത്തില്‍ നിന്ന് ഉപ്പേരിയും അച്ചാറും എടുത്തു.
“നിക്കെടാ… ആദ്യം ഇതൊന്ന് തിന്നട്ടെ… എന്താ സ്വാദ്… ആ ഇനി നീ ചോദിച്ച കാര്യം… മിത്രയ്ക്കൊന്നൂല്യ. അവള് വലിയ പെണ്ണായി… അത്ര തന്നെ.” ലയ ചിരിച്ചു.
“ആര്… ഇവളോ… വല്യ പെണ്ണോ? ഇവളിപ്പഴും ആറാം ക്ലാസ്സില്‍ തന്നെയല്ലേ…” ഹസിലിന് ചിരിയടക്കാനായില്ല.
“ടാ… നിന്നെ ഞാന്‍.” മിത്ര ഹസിലിനു നേരെ കയ്യോങ്ങി.
“എടാ കൊരങ്ങാ… അവള്‍ക്ക് ‘പ്രായപൂര്‍ത്തി’യായീന്നാ ഞാനുദ്ദേശിച്ചത്…” ലയ വിശദീകരിച്ചു.
“ഓ… അങ്ങനെ.. പക്ഷേ, അതിന് നീയെന്തിനാ അവധിയാക്കിയത്. കള്ളത്തരം തന്നെ ല്ലേ?” ഹസില്‍ മിത്രയുടെ ചെവി പിടിച്ച് തിരിച്ചു.
“ഈ പൊട്ടന് ഒന്നും അറിയില്ല. എടാ പെണ്‍കുട്ട്യോള്‍ പ്രായപൂര്‍ത്തിയാവുമ്പോ വീട്ടില് ചെല ചടങ്ങുകളൊക്കെ നടത്തും. ഞങ്ങള്‍ടെ വീട്ടിലുംണ്ടായിരുന്നു അതൊക്കെ. കൊറേ വിരുന്നുകാരൊക്കെ വന്നിരുന്നു. എനിക്കെത്ര സമ്മാനങ്ങളാ കിട്ടീത്… സ്വര്‍ണമോതിരം, കമ്മല്‍, ഉടുപ്പുകള്‍… എല്ലാരും പലഹാരങ്ങളും കൊണ്ടുവന്നിരുന്നു…” മിത്ര ചോറുണ്ണല്‍ നിര്‍ത്തി വര്‍ണിക്കാന്‍ തുടങ്ങി.
“അയ്യയ്യേ.. ഇതെന്തൊക്ക്യാ ചെയ്യ്ണത്… നാണല്ല്യാല്ലോ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇത്തരം മണ്ടന്‍ ഏര്‍പ്പാടുകളും കൊണ്ട് നടക്കാന്‍. നിന്‍റെച്ചനും അമ്മയും നല്ല വിദ്യാഭ്യാസംള്ളോരല്ലേ… മാഷും ടീച്ചറും അല്ലേ… എന്നിട്ടും… വെറുതെ മൂന്ന് ദിവസത്തെ ക്ലാസ്സും കളഞ്ഞ്… ഛെ…” ഹസിലിന് നന്നായി ദേഷ്യം വരുന്നുണ്ട്.
“ഓ… നീ വല്യ വര്‍ത്താനൊന്നും പറയണ്ട… നിന്‍റെ ചേച്ചിക്കും ഇങ്ങനെയൊക്കെ നടത്തീട്ട്ണ്ടാവും. അവന്‍ വല്ല്യൊരാള്.” ലയ തര്‍ക്കിച്ചു.
മിത്രയും തലകുലുക്കി ലയയെ ശരിവെച്ചു.
“അയ്യടാ… ന്‍റെ വീട്ടില് ഇത്തരത്തിലുള്ള ഒരു പൊട്ടത്തരവും നടത്തീട്ട്ല്യ… ഇനി നടത്തുകയും ല്ല്യ”
ഹസില്‍ ഉറപ്പിച്ചു പറഞ്ഞു. മിത്രയുടെയും ലയയുടെയും മുഖത്ത് അത്ഭുതവും അവിശ്വാസവും മിന്നിമറഞ്ഞു.
‘ന്‍റെ മണ്ടൂസുകളേ… ആണ്‍കുട്ടികളാണെങ്കിലും പെണ്‍കുട്ടികളാണെങ്കിലും 8 മുതല്‍ 18 വയസ്സുവരെയുള്ള കാലത്ത് ശരീരത്തിലും മനസ്സിലുമൊക്കെ ഒരുപാട് മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. അതിന്‍റെ ഭാഗം തന്നെയാണ് പെണ്‍കുട്ടികളിലെ ‘പ്രായപൂര്‍ത്തിയാവല്‍.’ അല്ലെങ്കില്‍ ആര്‍ത്തവം. ‘പീരിയഡ്സ്’ എന്നൊക്കെ പറയാറില്ലേ… ആ സംഭവം തന്നെ…” ഹസില്‍ കൂട്ടുകാരികളുടെ മുഖത്തേക്കു നോക്കി.
“എന്താ രണ്ടും അന്തംവിട്ട് കണ്ണുംമിഴിച്ച് ഇരിക്ക്ണത്? ഞാന്‍ പറഞ്ഞത് ശരിയാ…” ഹസിലിന് ചിരിവന്നു.
“”അല്ലാ… നിനക്കിതൊക്കെ എങ്ങന്യാ അറിയ്യാ?” മിത്ര ചോദിച്ചു.
“അമ്മ പറഞ്ഞുതന്നു. എനിക്കെന്‍റമ്മ ഇത്തരം കാര്യങ്ങളൊക്കെ പറഞ്ഞു തന്നിട്ടുണ്ട്” ഹസില്‍ അഭിമാനത്തോടെ പറഞ്ഞു.
“ടാ… ടാ… നിന്‍റമ്മ പറഞ്ഞുതന്ന കാര്യൊക്കെ ഞങ്ങള്‍ക്കും പറഞ്ഞുതാ…” ലയ കെഞ്ചി.
“ശരിയാടാ… ഒക്കേം പറഞ്ഞുതാ… ഞങ്ങള്‍ക്കിതൊന്നും അറിയില്ല.” മിത്രയും കൂടെക്കൂടി.
“ശരി… കേട്ടോളൂ… നമ്മുടെയീ ശരീരമില്ലേ…. സത്യത്തില്‍ അതൊരു ഫാക്ടറിയാണ്. ഏറെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഫാക്ടറി. അതില്‍ തന്നെ സ്ത്രീശരീരം എന്ന ഫാക്ടറിയിലാണ് ഏറെ വൈവിധ്യമുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഏറെ സങ്കീര്‍ണമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.”
“ആഹാ കൊള്ളാലോ…” മിത്ര ചിരിച്ചു. ഒരു അഭിമാനച്ചിരി… ലയയുടെ മുഖത്തേക്കും ആ ചിരി പടര്‍ന്നു.
“അല്ലാ കൈ കഴുകണ്ടേ…. എത്ര നേരായി ചോറുണ്ണല്‍ കഴിഞ്ഞിട്ട്…” ഹസില്‍ എണീക്കാനൊരുങ്ങി.
“ടാ… നിക്കെടാ… കയ്യൊക്കെ പിന്നെ കഴുകാം… നീ പറയ്… എങ്ങന്യാ ഈ ആര്‍ത്തവം ഉണ്ടാവ്ണത്?” മിത്ര ഹസിലിനെ പിടിച്ചിരുത്തി.
തെരക്കു കൂട്ടല്ലേ… പറയാം… അതിനു മുമ്പ്, നിങ്ങളുടെ ശരീരത്തിനകത്തുള്ള ചില അവയവങ്ങളെ പരിചയപ്പെത്തിത്തരാം. ഗര്‍ഭാശയവും അണ്ഡാശയങ്ങളും. ഗര്‍ഭാശയത്തെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാവും. നമ്മളൊക്കേം അമ്മേടെ വയറ്റിനകത്ത് പത്തുമാസം ചുരുണ്ടുകൂടിക്കിടന്ന സ്ഥലം. ഏതാനും കോശങ്ങള്‍ മാത്രമുള്ള ഒരു ഭ്രൂണം കോടിക്കോടിക്കണക്കിനു കോശങ്ങളുള്ള മനുഷ്യശിശുവായി മാറുന്നത് ഇവിടെ വച്ചാണ്. പിന്നെ അണ്ഡാശയം. സ്ത്രീ ശരീരത്തില്‍ രണ്ട് അണ്ഡാശയങ്ങളുണ്ട്. ഇവ വളരെ ചെറുതായിരിക്കും കേട്ടോ. ഒരു ചക്കക്കുരൂന്‍റെ വലിപ്പമേ ഉണ്ടാവൂ… നിങ്ങള്‍ പെണ്‍കുട്ടികളുടെ ജീവിതത്തിന്‍റെ ആദ്യകാലത്തൊന്നും അണ്ഡാശയത്തിനും ഗര്‍ഭാശയത്തിനും പ്രത്യേകിച്ചൊരു ജോലിയുമില്ല. ഉറങ്ങിക്കിടക്കുന്നതു പോലങ്ങനെ കിടക്കും. എന്നാല്‍, പെണ്‍കുട്ടിക്ക് ഏകേദശം എട്ടൊമ്പത് വയസ്സാവുമ്പോഴേക്കും സ്ഥിതി മാറും. തലച്ചോറ് നല്‍കുന്ന ചില നിര്‍േദശങ്ങള്‍ക്കനുസരിച്ച് പിറ്റ്യൂറ്ററി ഗ്രന്ഥി അണ്ഡാശയങ്ങളെ ഉത്തേജിപ്പിക്കാന്‍ തുടങ്ങും. ഇതോടെ അണ്ഡാശയം ‘ഈസ്ട്ര ജന്‍’ എന്ന ഹോര്‍േമാണ്‍ ഉല്‍പ്പാദിപ്പിക്കാന്‍ തുടങ്ങും. ചില്ലറക്കാരിയല്ല കേട്ടോ ഇത്. വളരെ പ്രധാനപ്പെട്ട ഒരു സ്ത്രീ ഹോര്‍മോണ്‍ ആണ് ഈസ്ട്രജന്‍. ഇതിന്‍റെ ഇന്ദ്രജാലം മൂലമാണ് പെണ്‍കുട്ടിയുടെ ശരീര്രപകൃതിയില്‍ പല മാറ്റങ്ങളും വരുന്നത്. അതായത്, വളരെക്കുറഞ്ഞ കാലം കൊണ്ട് ഒരു പെണ്‍കുട്ടിയെ സ്ത്രീയായി മാറ്റുന്നത് ഈസ്ട്രജനാണ്.”
“എന്താക്കെ അത്ഭുതങ്ങളാണല്ലേ നമ്മുടെ ശരീരത്തിനകത്തു നടക്കുന്നത് ?” മിത്രയും ലയയും അത്ഭുതത്തോടെ തമ്മില്‍ തമ്മില്‍ നോക്കി.
“ഒക്കെ പ്രകൃതിയുടെ കളികളാണ് മക്കളേ ഓരോ ജീവിയുടെയും വംശവര്‍ദ്ധനയ്ക്കാവശ്യമായ കാര്യങ്ങള്‍ പ്രകൃതി കൃത്യമായി ആസൂത്രണം ചെയ്തിട്ടുണ്ട്.. മനുഷ്യശരീരത്തിനകത്തെ ഈ അത്ഭുതങ്ങളും അതിനുവേണ്ടിത്തന്നെയാണ്. മനുഷ്യരുടെ വംശവര്‍ദ്ധനയ്ക്കു വേണ്ടി. പിന്നെ, ഒരു കുഞ്ഞിന്‍റെ പിറവിയിലും വളര്‍ച്ചയിലും ഏറിയ പങ്കും വഹിക്കുന്നത് ആരാ? സ്ത്രീയല്ലേ… ഗര്‍ഭധാരണം, പ്രസവം, മുലയൂട്ടല്‍ … അങ്ങനെയങ്ങനെ എന്തെല്ലാം കാര്യങ്ങള്‍… അതുകൊണ്ടുതന്നെ, സ്ത്രീശരീരത്തിനകത്താണ് പ്രകൃതി ഏറെ അത്ഭുതങ്ങള്‍ കരുരിവെച്ചിരിക്കുന്നത്.” ഹസിലിന്‍റെയുള്ളില്‍ അമ്മയുടെ മുഖം തെളിഞ്ഞുതെളിഞ്ഞുവന്നു.
2
‘ഉം… ബാക്കി അത്ഭുതങ്ങളെക്കുറിച്ച് പറയെടാ…” ലയ തിരക്കുകൂട്ടി.
”പിറ്റിയൂട്ടറി ഗ്രന്ഥി അണ്ഡാശയങ്ങളെ ഉത്തേജിപ്പിക്കും എന്നു പറഞ്ഞില്ലേ. അപ്പോ അണ്ഡാശയത്തിലെ കുഞ്ഞ് കുഞ്ഞ് കുഞ്ഞ് അണ്ഡങ്ങള്‍ വികസിക്കാന്‍ തുടങ്ങും. പെട്ടെന്നെവിടുന്നാ ഈ അണ്ഡങ്ങള്‍ പ്രത്യക്ഷപ്പെട്ടത് എന്നൊന്നും സംശയിക്കണ്ടട്ടോ. പെണ്‍കുട്ടി ജനിക്കുമ്പോള്‍ തന്നെ അവളുടെ അണ്ഡാശയത്തില്‍ ലക്ഷക്കണക്കിന് അ
ണ്ടണ്ഡങ്ങളുണ്ടാവുംത്രേ.”
”ലക്ഷക്കണക്കിന് അണ്ഡങ്ങളോ! അണ്ടപ്പോ ഈ അണ്ഡങ്ങളൊക്കേം വികസിക്ക്യോ?” മിത്ര അമ്പരപ്പോടെ ചോദിച്ചു.
”ഹേയ്… ഇല്ലില്ല. വളരെക്കുറച്ച്… ഇരുപതോളം എണ്ണം മാത്രമാണ് ഒരു സമയം വികസിക്കുന്നത്. ഇവ വികസിച്ച് വികസിച്ച് ഒരു കുമിള പോലെയാവും. ഈ കുമിളകളെ ‘ഫോളിക്കിള്‍’ എന്നാണ് പറയുക. പിന്നെ, അവരു തമ്മിലൊരു മത്സരമാണ്. ഒരു വലുതാവല്‍ മത്സരം… അഞ്ചെട്ട് ദിവസം നീണ്ടുനില്‍ക്കും ഇത്. അങ്ങനെ വികസിച്ച് വികസിച്ച് എല്ലാവരും ഏകദേശം ഒരുപോലെയായിട്ടുണ്ടാവും… പിന്നെയാണ് അത്ഭുതം…” ഹസില്‍ നാടകീയമായി നിര്‍ത്തി. ചങ്ങാതിമാരെ നോക്കി. അവരുടെ കണ്ണുകള്‍ വിടര്‍ന്നു വിടര്‍ന്നു വരുന്നുണ്ട്.
”ടാ…. വേഗം പറയ്… പറയ്…” ലയയും മിത്രയും ചിണുങ്ങി.
”അതെ വലിയൊരത്ഭുതം… കൂട്ടത്തില്‍ ഒരാള്‍ മാത്രം ‘ശടേ’ന്നങ്ങ് വലുതാകും. മറ്റുള്ളോരെയൊക്കെ ഏറെ പിന്നിലാക്കിക്കൊണ്ട്. അദ്ദേഹത്തിന്‍റെ വലുപ്പത്തിനു മുന്നില്‍ മറ്റുള്ളോര്‍ അന്ധാളിച്ചുപോകും. ഇനി എത്ര മെനക്കെട്ടാലും അദ്ദേഹത്തോടൊപ്പമെത്താന്‍ പറ്റില്ല്യാന്ന് തിരിച്ചറിഞ്ഞ് പരാജയം സമ്മതിക്കും. വികസിച്ചു വലുതാകല്‍ നിര്‍ത്തും എന്നു മാത്രമല്ല; മുരടിക്കാനും തുടങ്ങും. അങ്ങനെ ചുരുങ്ങിച്ചുരുങ്ങി ഇല്ലാതാകും. മുമ്പില്‍ പോയ കക്ഷിയോ? ഒരു ഘട്ടമെത്തുമ്പോള്‍ പൊട്ടിപ്പിളരും. അതില്‍ നിന്ന് അണ്ഡം പുറത്തുവരും. ഇതാണ് ‘അണ്ഡോത്സര്‍ജ്ജനം’ അഥവാ ‘ഓവുലേഷന്‍’. പിന്നെ അണ്ഡത്തിന്‍റെ യാത്രയാണ് ഗര്‍ഭാശയത്തിലേക്ക്.” ഹസില്‍ കൈവിരലുകള്‍ കൂട്ടിയുരച്ചു. ആകെ ഉണങ്ങിപ്പിടിച്ചിരിക്കുന്നു.
”ഒരു ദൃക്സാക്ഷിവിവരണം കേള്‍ക്ക്ണ പോലെണ്ട്. ബാക്കീം കൂടി പറയെടാ കേള്‍ക്കട്ടെ.” ലയ ആവേശത്തോടെ ഇളകിയിരുന്നു.
”അതേയ്… ഞാനാകെ ക്ഷീണിച്ചു. ഇനി ഇത്തിരി കഴിഞ്ഞിട്ടാവാം. അണ്ഡം ഗര്‍ഭാശയത്തിലേക്കു യാത്രചെയ്തോട്ടെ. അതുവരെ ഒരു ചെറിയ ഇടവേള…” ഹസില്‍ പാത്രവുമെടുത്ത് എഴുന്നേറ്റു. മിത്രയും ലയയും മനസ്സില്ലാമനസ്സോടെയാണ് എണീറ്റത്.
”അല്ലെങ്കില്‍ ഇടവേള വേണ്ട. നിങ്ങള് വല്ല്യ ആവേശത്തിലാണല്ലോ. ബാക്കീം കൂടി പറയാം.”
”ഈസ്ട്രജന്‍റെ വരവോടെ ഗര്‍ഭാശയവും ഉറക്കത്തില്‍ നിന്നുണരും. ഗര്‍ഭാശയത്തിന്‍റെ ഉള്ളിലെ പാളിയായ എന്‍ഡോമെട്രിയത്തില്‍ ഒരുപാട് മാറ്റങ്ങളുണ്ടാകും. അത് കൂടുതല്‍ മൃദുലമായിത്തീരും. അതോടൊപ്പം അതിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിക്കുകയും ചെയ്യും. പുതിയ ഗ്രന്ഥികള്‍ ഉണ്ടാവുകയും അവ വലുതാകുകയും ചെയ്യും. അതുവഴി എന്‍ഡോമെട്രിയത്തിന്‍റെ കട്ടി കൂടും. ഇതൊക്കെയും ഒരാളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളാണ്.”
”ആരെ സ്വീകരിക്കാന്‍?” മിത്ര ചോദിച്ചു.
”പുരുഷബീജവുമായി ചേര്‍ന്നുവരുന്ന സാക്ഷാല്‍ അണ്ഡത്തെ സ്വീകരിക്കാന്‍.”
”ഹസില്‍, ഈ അണ്ഡത്തിന് ഭയങ്കര വലിപ്പം ണ്ടാവ്വോ?”
”ഇല്ല മിത്രാ. പൂര്‍ണവളര്‍ച്ചയെത്തിയ അണ്ഡമാണ് ശരീരത്തിലെ ഏറ്റവും വലിയ കോശം എന്നാണ് അമ്മ പറഞ്ഞത്. പക്ഷേ, വെറും കണ്ണുകൊണ്ട് കാണാന്‍ പറ്റില്ലത്രേ… അത്രേം ചെറുത്.” ഹസില്‍ ചിരിച്ചു.
”അപ്പോ ആ പാവം ഫോളിക്കിളില്ലേ… പൊട്ടിപ്പൊളിഞ്ഞ ഫോളിക്കിള്‍… അതിന്‍റെ അവസ്ഥയെന്താടാ? അതും ചുരുങ്ങിച്ചുരുങ്ങിപ്പോവ്വോ?” ലയയാണ്.
”അണ്ഡം പുറത്തുപോയിക്കഴിഞ്ഞാലും ഈ ഫോളിക്കിള്‍ കുറച്ചുദിവസം കൂടി നിലനില്‍ക്കും. ചെറിയ ചെറിയ ചില മാറ്റങ്ങളൊക്കെയുണ്ടാവും. അതിന്‍റെ നിറം നേരിയ മഞ്ഞയായി മാറും. പുതിയ കോശങ്ങളുണ്ടാവും. ‘മഞ്ഞക്കരു’ എന്നാണ് അദ്ദേഹത്തിന്‍റെ പുതിയ പേര്. അദ്ദേഹം വെറുതെ നില്‍ക്കുകയല്ലട്ടോ… പുതിയ ഒരു ഹോര്‍മോണ്‍ ഉല്‍പ്പാദിപ്പിക്കലാണ് പ്രധാന ജോലി.
”അയ്യോ… ആ ഹോര്‍മോണിന്‍റെ പേര് ഞാന്‍ മറന്നു… ഉം…” ഹസില്‍ കണ്ണിറുക്കിയടച്ച് ഓര്‍ത്തെടുക്കാന്‍ നോക്കി.
”സാരല്യ… ഹോര്‍മോണിന്‍റെ പേരല്ലേ ഓര്‍മ്മയില്ല്യാതുള്ളൂ. അത് അമ്മയോട് ചോദിച്ച് നാളെ പറഞ്ഞുതന്നാല്‍ മതി. നീ ബാക്കി പറയ്.” ലയയ്ക്ക് കാത്തിരിക്കാന്‍ വയ്യ.
”കൊഴപ്പല്ല്യ. ഞാനത് എന്‍റെ ഡയറിയില്‍ എഴുതിവെച്ചിട്ടുണ്ട്. ഇപ്പോ എടുത്തിട്ടു വരാം.” ഹസില്‍ കൈകഴുകാനോടി.
3
‘പ്രൊജസ്റ്ററോണ്‍’ എന്ന ഹോര്‍മോണിന്‍റെ കാര്യം അമ്മ പറഞ്ഞുതന്നപ്പോള്‍ ശരിക്കും അത്ഭുതപ്പെട്ടുപോയി. ഓവുലേഷന്‍ കഴിയുന്നതോടെ ആ ഫോളിക്കിളിന്‍റെ കാര്യം കഴിഞ്ഞു എന്നല്ലേ വിചാരിച്ചത്. എന്നാല്‍ കാര്യങ്ങളങ്ങനെയൊന്നുമല്ല. ആ ഫോളിക്കിള്‍ പിന്നെ ‘മഞ്ഞക്കരു’വാണ്. അതിന് പിന്നേയും ജോലികളുണ്ട്. പ്രധാനമായും ‘പ്രൊജസ്റ്ററോണ്‍’ എന്ന ഹോര്‍മോണിന്‍റെ ഉല്‍പ്പാദനം തന്നെ. കൂടെ ഈസ്ട്രജനും ഉല്‍പ്പാദിപ്പിക്കുന്നുണ്ടത്രേ. ഈസ്ട്രജനെപ്പോലെത്തന്നെ പ്രൊജസ്റ്ററോണും പ്രധാനപ്പെട്ട ഒരു സ്ത്രീ ഹോര്‍മോണാണ്. ‘പ്രൊജസ്റ്ററോണ്‍’ എന്താ ഒരു ഗാംഭീര്യം. ‘ഗര്‍ഭസഹായി’ എന്നാണത്രേ ഈ വാക്കിനര്‍ത്ഥം. ഗര്‍ഭാശയത്തെയാണ് ഈ ഹോര്‍മോണ്‍ ലക്ഷ്യം വെക്കുന്നത്. ഇതിന്‍റെ പ്രവര്‍ത്തന ഫലമായി എന്‍ഡോമെട്രിയത്തിലെ ഗ്രന്ഥികള്‍ കൂടുതല്‍ വലുതാകും. വീര്‍ക്കും. ഗര്‍ഭാശയഭിത്തിയുടെ കനം കൂടും. പുതിയ രക്തധമനികളുടെ ഒരു കൂട്ടം തന്നെ രൂപപ്പെടും. മുമ്പ് ഗര്‍ഭാശയത്തില്‍ ഈസ്ട്രജന്‍ ചെയ്തുവച്ച ഒരുക്കങ്ങളെ ‘പ്രൊജസ്റ്ററോണ്‍’ ഒന്നുകൂടി പൊലിപ്പിക്കുകയാണ്. ഹോ! എന്തെല്ലാം സജ്ജീകരണങ്ങളാണ്! ഒരു പുതിയ ജീവനെ സ്വീകരിക്കാന്‍. അതിനെ വളര്‍ത്തിക്കൊണ്ടുവരാന്‍ ഗര്‍ഭപാത്രം ഒരുങ്ങുന്നു. ഒരു ഗര്‍ഭത്തെ വളര്‍ത്താനുള്ള മുന്നൊരുക്കങ്ങള്‍ അതിശയം തന്നെ.
ലയയും മിത്രയും കൈ കഴുകി ക്ലാസ്സിലെത്തിയപ്പോഴേക്കും ഹസില്‍ ഡയറിയെടുത്ത് തയ്യാറായി ഇരിക്കുകയായിരുന്നു.
“ഡാ… കിട്ട്യോ?” രണ്ടുപേരുടെയും ചോദ്യം ഒരുമിച്ചായിരുന്നു.
“ഓ… ദാ, ഇതു വായിച്ചുനോക്ക്.” ഹസില്‍ ഡയറിയിലെ ഒരു പേജ് കാണിച്ചു.
മിത്രയും ലയയും ഒറ്റവീര്‍പ്പിന് ഡയറി വായിച്ചുതീര്‍ത്തു. അവരുടെ കണ്ണുകള്‍ അത്ഭുതംകൊണ്ട് തിളങ്ങി.
“ഇനീം എഴുതി വച്ചിട്ടുണ്ടോ? കാണിക്ക്…” മിത്ര തിടുക്കത്തില്‍ പേജുകള്‍ മറിച്ചു.
“ഇല്ലെടാ. എല്ലാമൊന്നും എഴുതീട്ടില്ല. ബാക്കി ഞാന്‍ പറഞ്ഞുതരാം. ആട്ടെ, ബീജസങ്കലനം നടക്കും എന്ന പ്രതീക്ഷയിലാണല്ലോ ശരീരം ഈ ഒരുക്കങ്ങളൊക്കെ നടത്തുന്നത്. അപ്പോ അത് നടന്നില്ലെങ്കിലോ?” ഹസില്‍ പുസ്തകം മടക്കിവെച്ചു.
“അതിപ്പോ… നടന്നില്ലെങ്കില്‍ എന്താണ്ടാവ്ാ? എന്തായാലും ഇച്ചെയ്ത പണിയൊക്കെ വെറുതെയാവും.” ലയ ചാടിക്കയറി പറഞ്ഞു. മിത്രയും ‘അതെ’ എന്ന് തലകുലുക്കി.
“അതെ… ഒക്കെം വെറുതെയാവും. പിറ്റിയൂട്ടറി ഗ്രന്ഥിയും അണ്ഡാശയവും ഗര്‍ഭാശയവും ഒക്കെ ദിവസങ്ങളായിട്ട് ചെയ്ത പണികള്‍ വെറുതെയാവും.” ഹസില്‍ പറഞ്ഞുതുടങ്ങി.
“ഒരു പാടുപേരോട് മത്സരിച്ച് ഫോളിക്കിള്‍ വികസിച്ചതും വലുതായതും ഒക്കെ വെറുതെയാവും.” ലയ താളത്തില്‍ പറഞ്ഞു.
“ഓവുലേഷന്‍ നടന്നതും വെറുതെ.” മിത്ര കൂട്ടിച്ചേര്‍ത്തു… “പാവം അണ്ഡം. അതും മരിച്ചുപോവും ല്ലേ…” ലയ ഊഹിച്ചു.
“അതെ. അപ്പോ രണ്ടും നല്ല മിടുക്കികള്‍ തന്നെ. പറഞ്ഞുതന്ന കാര്യൊക്കെ ഓര്‍മയിലുണ്ട്.” ഹസില്‍ കൂട്ടുകാരെ തോളത്തുതട്ടി അഭിനന്ദിച്ചു.
“ഡാ… അപ്പോ മഞ്ഞക്കരുവോ?” മിത്ര ചോദിച്ചു.
“പ്രതീക്ഷിച്ച ഗര്‍ഭം ഉണ്ടായില്ലാന്നു കാണുമ്പോ മഞ്ഞക്കരു പിണങ്ങും. ഇനിയിപ്പോ ഹോര്‍മോണുകളുടെ ആവശ്യമില്ലല്ലോന്നും പറഞ്ഞ് അവയുടെ ഉല്‍പ്പാദനം നിര്‍ത്തും.”
“പാവം പ്രൊജസ്റ്ററോണ്‍.. പാവം പാവം ഈസ്ട്രജന്‍…” ലയ ആത്മഗതം ചെയ്തു.
“ശര്യാ… ഈസ്ട്രജന്‍റെയും പ്രൊജസ്റ്ററോണിന്‍റെയും അളവ് കുത്തനെ താഴുന്നു. ഇതിന്‍റെയെല്ലാം ഫലമായി എന്‍ഡോമെട്രിയത്തിലുണ്ടായ പുതിയ വളര്‍ച്ചകളെല്ലാം അടര്‍ന്നുപോവുന്നു. പുതുതായി രൂപംകൊണ്ട രക്തധമനികളും പൊഴിഞ്ഞുപോരും. അതോടെ രക്തസ്രാവമുണ്ടാകും. അങ്ങനെ ഇവയെല്ലാം കൂടി ആര്‍ത്തവരക്തമായി യോനിയിലൂടെ ഒഴുകി പുറത്തേക്ക് പോവുന്നു.” ‘എങ്ങനെയുണ്ട്’ എന്ന ഭാവത്തില്‍ ഹസില്‍ ചങ്ങാതിമാരെ നോക്കി. രണ്ടുപേരുടെയും മുഖത്ത് പുതിയൊരു തെളിച്ചം.
“അപ്പോ ഇതിങ്ങനെ മാസംമാസം ഉണ്ടാവുംന്ന് പറയ്ണതോ ഹസില്‍. അതെങ്ങന്യാ?” മിത്രയുടെ സംശയം തീരുന്നില്ല.
“പറയാം, വംശവര്‍ദ്ധന എന്നതാണ് പ്രകൃതിയുടെ ലക്ഷ്യം എന്നുപറഞ്ഞില്ലേ… അതുകൊണ്ടുതന്നെ ഒരു പ്രാവശ്യം ഗര്‍ഭമുണ്ടായില്ലെന്നു വച്ച് ശരീരം പിന്‍വാങ്ങുന്നില്ല. രക്തസ്രാവം തുടങ്ങുന്ന അന്നുതന്നെ പിറ്റിയൂട്ടറി ഗ്രന്ഥി അണ്ഡാശയത്തെ ഉത്തേജിപ്പിക്കുമത്രേ. പിന്നെ, ഈസ്ട്രജന്‍റെ ഉല്‍പ്പാദനം – ഫോളിക്കിളുകളുടെ വികസനം – ഓവുലേഷന്‍. അങ്ങനെയങ്ങനെ ഓരോ പ്രവര്‍ത്തനവും വീണ്ടും നടക്കും.”
‘ബീജസങ്കലനം നടന്നില്ലെങ്കില്‍ പഴയതുപോലെ തന്നെ അല്ലേ… ആര്‍ത്തവം ആരംഭിക്കും” മിത്രയ്ക്ക് കാര്യങ്ങള്‍ വ്യക്തമായിത്തുടങ്ങി.
“അതെ… ആ ദിവസം തന്നെ പിറ്റിയൂട്ടറി ജോലി തുടങ്ങും.” ഹസില്‍ പറഞ്ഞു.
“വഴിയേ മറ്റുള്ളോരും.” ലയ പൂരിപ്പിച്ചു.
“അതെ. 28-30 ദിവസം കൂടുമ്പോ ഇതിങ്ങനെ ആവര്‍ത്തിച്ചുകൊണ്ടിരിക്കും.” ഹസില്‍ മിത്രയെ നോക്കി. അവളെന്തൊക്കെയോ കണക്കുകൂട്ടുകയാണ്.
“ആഹാ… ഇതിങ്ങനെ കറങ്ങിക്കൊണ്ടിരിക്ക്യാണല്ലോ… ചക്രം പോലെ.” ലയ വിരലുകൊണ്ട് വായുവില്‍ വട്ടംകറക്കി.
“ഹായ്. ഞാനും ഇതേ ചോദ്യം അമ്മയോട് ചോദിച്ചതാ. നമ്മുടെ സംശയം ശരിയാ. ഇതൊരു ചക്രം തന്നെയാണ്. ആര്‍ത്തവചക്രം. ഗര്‍ഭമുണ്ടാവുകയാണെങ്കില്‍ ഗര്‍ഭപാത്രത്തിലെ വളര്‍ച്ചകളൊക്കെ ആ ഭ്രൂണത്തെ പരിപോഷിപ്പിക്കാന്‍ വേണ്ടി ഉപയോഗിക്കും. അപ്പോ ആര്‍ത്തവം ഉണ്ടാകുന്നില്ല. അപ്പോ ചക്രത്തിന്‍റെ കറങ്ങല്‍ നില്‍ക്കും. പിന്നെ, പ്രസവം കഴിഞ്ഞ് ഏതാനും മാസം കഴിയുമ്പോ വീണ്ടും തുടങ്ങുംത്രേ.”
“ഹസില്‍… ഞങ്ങള്‍ടെ അമ്മമാര് ഇതൊന്നും ഞങ്ങള്‍ക്ക് പറഞ്ഞുതന്നിട്ടില്ലല്ലോ. ഞങ്ങള്‍ടെ ശരീരത്തിനകത്ത് നടക്കുന്ന കാര്യങ്ങളെന്തൊക്കെയാണെന്ന് ഞങ്ങളറിയേണ്ടേ…” ലയ ഹസിലിന്‍റെ തോളില്‍ പിടിച്ച് കുലുക്കി. അവള്‍ക്ക് ദേഷ്യവും സങ്കടവും വരുന്നുണ്ട്.
“ശര്യാ… കുളിക്കാന്‍ കേറിയപ്പോ എന്‍റെ അടിവസ്ത്രത്തില്‍ നെറയെ രക്തം… ഞാനൊറക്കെ കരഞ്ഞു. ഇതൊക്കെ മുമ്പേ അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ കരയില്ല്യാരുന്നു.” മിത്രയുടെ ശബ്ദത്തില്‍ ആരോടൊക്കെയോ ഉള്ള പ്രതിഷേധം കലര്‍ന്നിരുന്നു.
“സാരല്ല്യ… സാരല്ല്യ…” ഹസില്‍ മിത്രയുടെ കൈ പിടിച്ചമര്‍ത്തി ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.” ഇനിയിപ്പോ പേടിക്കേണ്ടല്ലോ… കാര്യങ്ങളൊക്കെ മനസ്സിലായില്ലേ… ങ്ഹാ… ഒരു കാര്യം കൂടിണ്ട്ട്ടോ… ഈ രക്തസ്രാവത്തിന്‍റെ കാര്യം. 4-5 ദിവസം വരെ ഇതു നീണ്ടുനില്‍ക്കുമത്രേ. ചിലര്‍ക്ക് 6-7 ദിവസം വരെയും ആവും. ഇതൊക്കെ വ്യക്തികള്‍ക്കനുസരിച്ച് വ്യത്യാസപ്പെടുന്നതാണെന്നാ അമ്മ പറഞ്ഞത്. ആര്‍ത്തവചക്രത്തിന്‍റെ കാര്യത്തിലും അങ്ങനെയാണത്രേ. 28-30 ദിവസം എന്നത് 40-45 ദിവസം വരെ ആവാറുണ്ട്ന്ന്.”
“എടാ… എനിക്ക് നല്ല വയറുവേദനണ്ടായിരുന്നു… അതിനെപ്പറ്റി അമ്മ എന്തേലും പറഞ്ഞുതന്നിട്ടുണ്ടോ?” മിത്രയുടെ ചോദ്യം കേട്ട് ഹസിലിന് പാവം തോന്നി.
“പേടിക്കേണ്ടെടാ… അതൊക്കേം ഓരോരുത്തര്‍ക്കനുസരിച്ച് വ്യത്യാസംണ്ടാവുംത്രേ. ചേച്ചിക്ക് ഭയങ്കര വയറുവേദനണ്ടാവാറുണ്ട്. പാവം… വയറും പൊത്തിപ്പിടിച്ച് കെടക്കും. അമ്മയ്ക്കാണെങ്കില്‍ നടുവേദനയാണ്. കാലുകഴപ്പും ഒക്കെണ്ടാവും. ചെലര്‍ക്ക് ഒന്നുംണ്ടായില്ല്യാന്നും വരും. ഇതൊക്കെ കേട്ട് പേടിച്ച് ‘ഈ ആര്‍ത്തവമൊന്നും വേണ്ടായിരുന്നേ’ എന്നൊന്നും കരുതല്ലേ… കൃത്യമായ ആര്‍ത്തവം എന്നത് ഒരു തെളിവാണ് – സ്ത്രീയുടെ പ്രത്യുല്‍പ്പാദന വ്യവസ്ഥയുടെ സ്വാഭാവികവും ആരോഗ്യകരവുമായ പ്രവര്‍ത്തനത്തിന്‍റെ തെളിവ്.” അമ്മ ഏറെ അഭിമാനത്തോടെ പറഞ്ഞ കാര്യങ്ങള്‍ ഹസില്‍ ആവര്‍ത്തിച്ചു.
മിത്രയും ലയയും അഭിമാനത്തോടെ പരസ്പരം നോക്കി.
“സന്തോഷായീലേ രണ്ടാള്‍ക്കും.” ഹസില്‍ മിത്രയുടെയും ലയയുടെയും മുടിപിടിച്ച് കുലുക്കി.
“ഓ സന്തോഷായി മോനേ… ഞങ്ങളുടെ ശരീരത്തില്‍ നടക്ക്ണ വളരെ പ്രധാനപ്പെട്ട ഒരു പ്രവര്‍ത്തനത്തെപ്പറ്റി മനസ്സിലാക്കാന്‍ പറ്റീലോ. ഒരുപാട് സന്തോഷം. പിന്നെ, മറ്റൊരു കാര്യം ആലോചിക്കുമ്പോ അതിലേറെ സന്തോഷം ണ്ട്ട്ടോ… നിന്നെപ്പോലെ ഒരു ചങ്ങാതിയുണ്ടായതോണ്ടാണല്ലോ ഇതൊക്കേം മനസ്സിലായത്.” മിത്ര ഹസിലിന് കൈകൊടുത്തു.
“ശരിയാടാ… സത്യം….” ലയ ഹസിലിന്‍റെ പുറത്ത് സ്നേഹപൂര്‍വം തട്ടി.
“ശരി… ശരി… ബെല്ലടിക്കാറായി. ഞാനൊന്ന് പുറത്തുപോയി വരാം.” ഹസില്‍ പുറത്തേക്കു നടന്നു.
“ഡാ… പിന്നേയ്… നിന്‍റമ്മയ്ക്ക് എന്‍റെ വക ഒരുമ്മ കൊടുക്കണേ…” മിത്ര വിളിച്ചുപറഞ്ഞു.
“എന്‍റെ വകേം ഒന്ന്…” ലയ വിളിച്ചുകൂവി..
2017 ഒക്ടോബര്‍ 16, നവംബര്‍ 1, നവംബര്‍ 16 ലക്കങ്ങളില്‍ യുറീക്കയില്‍ വന്ന കഥയുടെ റീപോസ്റ്റ്
*കുഞ്ഞിക്കിളി*, *നീലീടെ വീട്* , *തീവണ്ടിക്കൊതികള്‍* (കഥ ), *കിനാവില്‍ വിരിഞ്ഞത്* (കവിതാ സമാഹാരം) , *അമ്മൂന്‍റെ സ്വന്തം ഡാര്‍വിന്‍* (ജീവചരിത്ര നോവല്‍), (കേരള ശാസ്ത്രസാഹിത്യ പരിഷത് ), *ആനയുടേയും അണ്ണാരക്കണ്ണന്‍റേയും കഥ,* *വാലു പോയ കുരങ്ങന്‍റെ കഥ* (കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ) , *വെയിലിനുമുണ്ടേ നിറമുള്ള ചിറകുകള്‍* (കഥാസമാഹാരം) , *അങ്ങനെയാണ് മുതിരയുണ്ടായത്* (നാടോടിക്കഥകള്‍), *ചെറിയ ഋതുവും വലിയ ലോകവും* (ശാസ്ത്രലേഖനങ്ങള്‍) ( പൂര്‍ണ പബ്ലിക്കേഷന്‍സ്), *പ്രീ പ്രൈമറി കുട്ടികള്‍ക്കു വേണ്ടി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ‘കുരുന്നില’പുസ്തക സഞ്ചികയിലെ മൂന്നു പുസ്തകങ്ങളായ ഒന്നിനു പകരം മൂന്ന്, സ്നേഹം, ഇഷ്ടം എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍.* യുറീക്കയില്‍ പ്രസിദ്ധീകരിച്ച *അമ്മമണമുള്ള കനിവുകള്‍ എന്ന നോവല്‍* പുസ്തകമാക്കാനുള്ള തയ്യാറെടുപ്പിലാണ്. *കുഞ്ഞിക്കിളിക്ക് കേരള വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രൊഫ:ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ് (2009) ലഭിച്ചു.*
*അമ്മൂന്‍റെ സ്വന്തം ഡാര്‍വിന്‍ എന്ന കൃതിക്ക് കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്‍റെ ബാലശാസ്ത്ര സാഹിത്യ പുരസ്കാരവും (2011)* *അധ്യാപക ലോകം സാഹിത്യ അവാര്‍ഡും ( 2019)* *അങ്ങനെയാണ് മുതിരയുണ്ടാകുന്നത് എന്ന കൃതിക്ക് ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡും ( 2020 ) ലഭിച്ചു .* *ബാലസാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്ക് 2016ലെ വി.സി.ബാലകൃഷ്ണപ്പണിക്കര്‍ സ്മാരക പുരസ്കാരത്തിന് അര്‍ഹയായി.*
ഇ.എന്‍. ഷീജ
ഇരുമ്പുഴി ഗവ.ഹൈസ്കൂളില്‍ മലയാളം അധ്യാപികയാണ്.യുറീക്ക ദ്വൈവാരികയുടെ എഡിറ്ററായിരുന്നു. ഇപ്പോള്‍ പത്രാധിപ സമിതി അംഗം.
COMMENTS