Homeകവിത

അലസം

‘ഇതിനെ ഒന്നു കൊന്നു തരണം.’
പെണ്ണ് മുന്നിലിരുന്ന് ഏങ്ങലടിക്കുന്നു.
തള്ളയും തന്തയുമറിയാതെ,
ഓടി വന്നതാണ്.
ഇടക്കിടെ വാതിലിലേക്ക് പാളി നോക്കുന്നുണ്ട്.
കണ്ണു തുടച്ച്.
വീണ്ടും കണ്ണീരൊഴുക്കി.
സാരിക്കര്‍ട്ടന് അപ്പുറത്ത്
ഇളം നീല നിറത്തില്‍
ലോകം സാധാരണമായ വേഗത്തില്‍
ചലിക്കുന്നു.
കാറ്റടിച്ച് കര്‍ട്ടനിളകിയാല്‍
നരച്ച നിറങ്ങള്‍ കയറി വരും.
തോര്‍ത്തു കൊണ്ട് കെട്ടി വെച്ചിരിക്കുന്ന വയറ്.
അതിന് ശ്വാസം മുട്ടുകേലേ?
‘ചാകാനുള്ളതാണ്’ .’എങ്ങനെ കിട്ടി?’
ഞാന്‍ താല്പര്യത്തോടെ ചോദിക്കുമ്പോള്‍,
പെണ്ണ് മുഖം പൊത്തി.
അടുക്കള വാതിലില്‍ നിന്നിറങ്ങി,
തെങ്ങുംചോട് കഴിഞ്ഞപ്രേ പോണം
കക്കൂസില്‍.
ഇരുട്ടാകണം.
തണുപ്പത്ത് കൂനിയിരിക്കുമ്പോള്‍
ഒരാള്‍. അല്ല. ഒരു കരടി.

ദേഹം നിറയെ രോമം.
കൂര്‍ത്ത പല്ലുകള്‍.
ചുവന്നു കറുത്ത കണ്ണ്.
‘കരഞ്ഞു കരഞ്ഞ്,
കണ്ണുനീര്‍ ചോര പോലൊഴുകി.
പഴന്തുണികൊണ്ട് ഒപ്പിയൊപ്പി
ഞാന്‍ തറയില്‍ തന്നെയിരുന്നു.’
‘മേരീ’…..
മുറ്റത്താരോ ചരലനക്കുന്നു.
‘മേരിയെ കണ്ടോ?’
ഇളം നീല കര്‍ട്ടന്‍ മാറ്റി ഒരു നരച്ച മുഖം.
‘അമ്മച്ചി!’
ചോരയില്‍ കുതിര്‍ന്ന്
പെണ്ണ് കണ്ണു മിഴിച്ചു.
‘ഇല്ലല്ലോ…’
കര്‍ട്ടന്‍ വീണു.
‘ഇതില്‍ കൂടുതല്‍ ദൈവങ്ങള്‍
ഇനി ലോകത്ത് വേണ്ട മേരീ..’
ഉറക്കം തെളിഞ്ഞ്, ഉടുപ്പു മാറ്റി,
മേരി വീട്ടിലേക്ക് നടന്നു പോയി.

അലീന ആകാശമിഠായി

COMMENTS

COMMENT WITH EMAIL: 0