Homeചർച്ചാവിഷയം

എയിംസ് വരുന്നതും കാത്ത്…

കുഞ്ഞുങ്ങള്‍ ഒരു രാഷ്ട്രത്തിന്‍റെ ഭാവി വാഗ്ദാനങ്ങളാണ്. ഓരോ മാതാപിതാക്കളുടേയും പ്രതീക്ഷയാണ് അവരുടെ കുട്ടികള്‍. എല്ലാവരും സ്വന്തം മക്കളില്‍ കാണുന്ന സ്വപ്നങ്ങള്‍ പോലെ കാസര്‍ഗോഡിലെ മാതാപിതാക്കള്‍ക്കും ഉണ്ടായിരുന്നു സ്വപ്നങ്ങള്‍. പക്ഷെ അവരുടെ സ്വപ്നങ്ങള്‍ 88ന് ശേഷം എന്‍ഡോസള്‍ഫാന്‍ തളിച്ചതോടുകൂടി കരിഞ്ഞുപോയി . ഇവിടെ ഇങ്ങ് വടക്ക് കാസര്‍ഗോഡ് കുറെ പേര്‍ തങ്ങുളുടെ കുട്ടികള്‍ വലുതായിട്ടും പറക്കമുറ്റാത്തതിനാല്‍ കഷ്ടപ്പെടുകയാണ്. അവരുടെ ഒരേ ഒരു വിഷമം ഞാന്‍ ഇല്ലാതാവുംമുമ്പ്എന്‍റെ ഈ കുട്ടി ഭൂമിയില്‍ നിന്ന് ഇല്ലാതാവണം എന്നാണ്. അത്രയും തീവ്രമാണിവിടത്തെ അവസ്ഥ . കൊറോണ എന്നമഹാമാരി വന്ന് എല്ലാം അടച്ചിട്ടപ്പോള്‍ ഇങ്ങ് മംഗലാപുരവും കാസര്‍ഗോഡുകാരുടെ മുമ്പില്‍ അടഞ്ഞു. അങ്ങനെ ആയപ്പോള്‍ പൊലിഞ്ഞില്ലാതായത് ഇരുപത്തിരണ്ടോളം കുരുന്ന്ജീവനുകളായിരുന്നു.
ഒരുപാട് കടമ്പകള്‍ കടന്നു വേണം എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ കുട്ടിയെ ഒന്നുള്‍പ്പെടുത്തി കിട്ടാന്‍ . ക്യാമ്പിലെ പരിശോധന വെച്ച് ഡോക്ടര്‍മാരുടെ അപ്പഴത്തെ മാനസികാവസ്ഥയില്‍ ലിസ്റ്റില്‍ ഉള്‍പ്പെടുവാന്‍ കഴിഞ്ഞാല്‍ ഇരകളുടെ ഭാഗ്യം . ആ കടമ്പ കടന്നാല്‍ തന്നെ സൗജന്യചികിത്സക്കു വേണ്ടി ഹോസ്പിറ്റലുകാരുടെ അവഹേളനം സഹിക്കേണ്ടിവരും. ചികിത്സ സൗജന്യമാക്കിക്കിട്ടാന്‍ കാഞ്ഞങ്ങാട് D.P.M ന്‍റെ കത്ത് വേണം കുട്ടി ലിസ്റ്റില്‍ഉള്‍പ്പെട്ടതാണെന്നും ചികിത്സക്ക് ആനുകൂല്യം നല്‍കണം എന്നും അറിയിക്കാന്‍ .

റംലയെ ഞാന്‍ പരിചയപ്പെടുന്നത് കഴിഞ്ഞ ഓണക്കാലത്ത് എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണി കാസര്‍ഗോഡ് നടത്തിയ സമരപ്പന്തലില്‍ വെച്ചാണ് . പിന്നീട് തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ സമരം നയിക്കാന്‍ ഒന്നിച്ചുണ്ടായിരുന്നു. മുടങ്ങിക്കിടന്ന തുച്ഛമായ പെന്‍ഷന്‍ തുക ലഭിക്കാന്‍, ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരെ അതില്‍ ഉള്‍പ്പെടുത്താന്‍, മുടങ്ങിക്കിടന്ന സെല്‍ മീറ്റിങ്ങ് വിളിച്ചു ചേര്‍ക്കാന്‍ , കാസര്‍ഗോഡ് ഒരു ന്യൂറോളജിസ്റ്റിനെ നിയമിക്കാന്‍ , എത്ര മുറവിളി കൂട്ടണം ഇനിയും ഇതൊക്കെ നടപ്പിലാവാന്‍ റംലയുടെ രണ്ടാമത്തെ കുട്ടിയായിരുന്നു മരിച്ച നാലു വയസ്സുകാരി ഫാത്തിമ. പ്രസവ സമയത്ത് ഞരമ്പിനു പ്രശ്നമായതിനാല്‍ മംഗലാപുരത്ത് പോയി ചികിത്സിച്ചു. അവിടെ ഐ.സി.യുവില്‍ നാല് ലക്ഷം ചെലവായി. നാലു മാസത്തെ ചികിത്സക്കു ശേഷം കോഴിക്കോടുള്ള ശ്രീകുമാര്‍ ഡോക്ടറുടെ ചികിത്സ, ടെയിനിലാണ് കുട്ടിയെ കൊണ്ടുപോക്ക്. സാധാരണ കുട്ടി അല്ലാത്തതു കൊണ്ടു തന്നെ യാത്ര ബുദ്ധിമുട്ടായി. പക്ഷേ മരുന്നു മുടങ്ങിയാല്‍ കുട്ടിക്കുവരുന്ന അപസ്മാരത്തെ പേടിച്ച് രണ്ടര വയസ്സു വരെ ബുദ്ധിമുട്ട് സഹിച്ചു കൊണ്ടുപോയി. പിന്നീട് കാഞ്ഞങ്ങാട്ടെ ചികിത്സ. മരുന്ന് പഴയതു തന്നെ. കുട്ടിക്ക് രാത്രി ഉറക്കമില്ല. ഓരോ മാസത്തിലും പനി. അപ്പോഴൊക്കെ അരിമല ഹോസ്പിറ്റലിലേക്ക്. 2019 സെപ്റ്റംബര്‍ 15 ന് നാല് വയസ്സ് തികയുന്ന മകള്‍ക്ക് ആഗസ്ത് 26 ന് അസുഖം കൂടി. ഐസിയുവിലാക്കി. അവിടെ നിന്ന് ഡോക്ടര്‍ കയ്യൊഴിഞ്ഞു. തിരുവനന്തപുരത്തേക്കോ, മംഗലാപുരത്തേക്കോ കൊണ്ടുപോകാന്‍ പറഞ്ഞു. കുറച്ചു മാറ്റം വന്നപ്പോ റൂമിലേക്ക് മാറ്റി. പിന്നീട് രോഗം മൂര്‍ഛിച്ച് മരണപ്പെട്ടു. കൂലിപ്പണിക്കാരനായ ഭര്‍ത്താവ് എന്നും റംലയുടെ സഹായത്തിന് താങ്ങായുണ്ടായിരുന്നു. കുട്ടിയുടെ ഓരോ മരുന്നിനും നാനൂറ്റിഅമ്പത് രൂപ വിലവരും. കുറച്ചൊക്കെ കുട്ടിയെ കാണാന്‍ വരുന്ന ബന്ധുക്കള്‍ നല്‍കും . കുഞ്ഞ് മരിക്കുന്നതിന് ആറു മാസം മുമ്പ് എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടു. പക്ഷേ ആനുകൂല്യം ഒന്നും കിട്ടാതെ അവള്‍ മരണത്തിനു കീഴടങ്ങി. ഇന്നലെ ഞാന്‍ പോയത്, അമയ എന്ന കൊച്ചു മിടുക്കിയുടെ വീട്ടിലേക്കാണ്. അവളുടെ ആ തിളങ്ങുന്ന ചിരി ഇനി കാണാന്‍ പറ്റില്ല. അന്ന് എയിംസ് കാസര്‍ഗോഡിന് വേണം എന്ന സമരവുമായി തിരുവനന്തപുരത്ത് പോയി വരവേ ആ കൊച്ചു സുന്ദരിക്കുട്ടിയെ ഞാന്‍ ടെയിനില്‍ വെച്ച് പരിചയപ്പെട്ടു. എന്ത് ഉത്സാഹത്തോടെയാണെന്നോ ആ അഞ്ച് വയസ്സുകാരി പാട്ടു പാടിയത്.

അമ്മയെക്കുറിച്ച് സംസാരിച്ചത് ! എല്ലാത്തിനു മൊടുവില്‍ അവള്‍ക്ക് ഞങ്ങളുടെ കയ്യടി വേണമായിരുന്നു. മനു – സുമിത്ര ദമ്പതികളുടെ ഏകമകളായ അമയ 2019 ല്‍ ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ന്യൂറോ വിഭാഗത്തില്‍ പെട്ട തല വളരുന്ന തരം രോഗമായിട്ടു പോലും പട്ടികയില്‍പെടുത്താന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല. ശനിയാഴ്ച നീരോടുകൂടിയ പല്ലുവേദന വന്നു. അമ്പലത്തറ മുക്കുഴി സ്വദേശിയായ കുഞ്ഞാറ്റയെന്ന അമയയെ എണ്ണപ്പാറ പി.എച്ച്.സി യില്‍ പോയി മരുന്ന് നല്‍കി. ജില്ലാ ആശുപത്രിയില്‍ പോയി രക്ത പരിശോധന കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടി പാട്ടും കളിയും തുടങ്ങുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. തലയില്‍ രക്തം കട്ട പിടിച്ചതാണെന്നും, വൃക്കകള്‍ തകരാറിലായിരുന്നു എന്നുമുള്ള വിശദീകരണം മാത്രം. ഡോക്ടര്‍മാര്‍ക്ക് മണിക്കൂറുകളോളം പരിശോധിച്ചിട്ടും കാരണം കണ്ടെത്താന്‍ കഴിഞ്ഞില്ല. ആറു മാസംമുമ്പ് കുഞ്ഞിനെ ശ്രീചിത്രയില്‍ ഏതാനും മനുഷ്യസ്നേഹികളുടെ സഹായത്തോടെ എത്തിച്ച് ചികിത്സിച്ചിരുന്നു. പൈസ കടം വാങ്ങിയും ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ സഹിച്ചുമാണ് ഇവര്‍ മകളെ ചികിത്സിച്ചത്. ദുരിത ബാധിതരുടെ പട്ടികയില്‍ പെടാത്തതിനാല്‍ ചികിത്സാസഹായം സര്‍ക്കാര്‍ നല്‍കിയിരുന്നില്ല. നാലു വര്‍ഷമായി മെഡിക്കല്‍ക്യാമ്പ് നടക്കുന്നില്ല. പിന്നെ എങ്ങനെ കുഞ്ഞാറ്റയെ പോലെയുള്ള കുഞ്ഞുങ്ങള്‍ തിരഞ്ഞെടുക്കപ്പെടും?

കാസര്‍ഗോഡ് പെരിയ മഹാത്മ ബഡ്സ് സ്കൂളിലെ വിദ്യാര്‍ഥിയായിരുന്നു അന്‍വാസ്. കടുത്ത വയറു വേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ട അന്‍വാസിനെ 2018 ജൂണ്‍ 15 ന് രാവിലെയാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്‍വാസിന്‍റെ രക്തപരിശോധന റിപ്പോര്‍ട്ട് കിട്ടാന്‍ വൈകുന്നേരം വരെ കാത്തു നില്‍ക്കേണ്ടി വന്നു. ഇതിനു ശേഷമാണ് ഡോക്ടര്‍മാര്‍ വിദഗ്ധചികിത്സക്ക് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ അവിടെ എത്തുമ്പോഴേക്കും അന്‍വാസ് മരിച്ചിരുന്നു. എന്‍ഡോ സള്‍ഫാന്‍ ഇരകളുടെ ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ള നിരന്തര സമരങ്ങളിലെ മുന്നണിപ്പോരാളി കൂടിയായ അന്‍വാസ് മുന്‍നിര രാഷ്ട്രീയ സിനിമാ നേതാക്കളുടെയൊക്കെ ഉറ്റ ചങ്ങാതി കൂടിയായിരുന്നു.

കാഞ്ഞങ്ങാട് തൈക്കടപ്പുറം വാടക വീട്ടില്‍ താമസിച്ചിരുന്ന ഇസ്മായില്‍ പ്രതിസന്ധികളോടും രോഗത്തോടും നിരന്തരം പൊരുതി കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങി. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായിരിക്കെ രണ്ടര വര്‍ഷം മുമ്പാണ് വ്യക്കരോഗം പിടികൂടിയത്. കാഴ്ചക്കുറവുള്ള ഇസ്മായില്‍ ബാലന്‍സ് തെറ്റുന്ന രീതിയിലായിരുന്നു. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലെ സൗജന്യ ചികിത്സ ഇടക്കു വെച്ചു നിലച്ചു. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയമുന്നണി നേതാക്കള്‍ ഡെപ്യൂട്ടി കലക്ടറെ കണ്ട് ആവശ്യങ്ങളുന്നയിച്ചപ്പോഴാണ് വീണ്ടും സൗജന്യ ചികിത്സ ലഭിച്ചത്. റോട്ടറി സ്പെഷ്യല്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന ഇസ്മായിലിന് കിഡ്നി സംബന്ധമായ അസുഖം മൂര്‍ച്ചിച്ചാണ് മരണമടഞ്ഞത്.
ഇരിയ സായ് ഗ്രാമത്തില്‍ താമസിക്കുന്ന നളിനിയുടെ ഇരുപത് വയസ്സുള്ള മായ മോള്‍ 2021 ജൂണ്‍ 8 നാണ് മരണമടഞ്ഞത്. 2005 – 06 – 07 കാലഘട്ടങ്ങളില്‍ മംഗലാപുരത്ത് ചികിത്സിക്കുകയും ചികിത്സച്ചലവ് താങ്ങാനാകാതെ പിന്നീട് കാഞ്ഞങ്ങാട് നന്ദകുമാര്‍ ഡോക്ടറുടെ ചികിത്സയില്‍ തുടരുകയും ചെയ്ത കുട്ടിക്ക് ഒരു ദിവസം തന്നെ രണ്ടിലധികം ഡയപ്പര്‍ മാറ്റേണ്ട അവസ്ഥ. കുട്ടിക്ക് മൂന്ന് മാസമായപ്പോഴേക്കും ഉപേക്ഷിച്ചു പോയ ഭര്‍ത്താവുമായി ഡിവോഴ്സ് ആയ നളിനി ഇപ്പോള്‍ ഒറ്റക്കായിരിക്കുന്നു. കുഞ്ഞിന് അവസാന കാലങ്ങളില്‍ വയര്‍ വീര്‍ക്കുകയും പുറത്ത് പോയ്ക്കൊണ്ടിരിക്കുകയും ചെയ്തു. കേശവന്‍ പോറ്റി ഡോക്ടറായിരുന്നു അവസാന സമയത്ത് കുട്ടിയെ ചികിത്സിച്ചിരുന്നത്. എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത കുട്ടിയെ ചികിത്സിക്കാന്‍ തന്നെ വലിയ ബുദ്ധിമുട്ടായിരുന്നു.

2018 മെയ് 26 ന് ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ മരിച്ച ശ്രീതുവിന്‍റെ അമ്മ പ്രസന്നക്ക് മുപ്പത്തിഒന്ന് വയസ്സുകാരിയായ പ്രജിത എന്ന എന്‍ഡോസള്‍ഫാന്‍ ബാധിതയായ മോളെ വിട്ട് എവിടെയും പോകാന്‍ പറ്റാത്ത അവസ്ഥ. സംസാരിക്കാത്ത പ്രജിത സ്വന്തം കാര്യങ്ങളൊന്നും ചെയ്യില്ല. അമ്മ പ്രസന്ന പെരിയയിലെ ക്യാമ്പില്‍ മാസത്തില്‍ എല്ലാ ചൊവ്വാഴ്ചകളില്‍ പോയി മരുന്ന് വാങ്ങും. മീനാപ്പീസില്‍ പുറംപോക്കില്‍ താമസിക്കുന്ന ഇവര്‍ മത്സ്യത്തൊഴിലാളികളാണ്. മരിച്ച ശേഷം ലിസ്റ്റില്‍ വന്ന ശ്രീതു എല്ലാം കിടന്നകിടപ്പിലായിരുന്നു ചെയ്തിരുന്നത്. 2014 – 17 ലെ ക്യാമ്പില്‍ പോയെങ്കിലും പ്രജിതയെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മരണ സമയത്ത് ശ്രീതുവിനെ പത്മനാഭന്‍ ഡോക്ടറും പ്രഭാകരന്‍ ഡോക്ടറുമാണ് നോക്കിയിരുന്നത്. രോഗം മൂര്‍ച്ഛിച്ചെങ്കിലും വിദഗ്ധ ചികിത്സ നല്‍കാന്‍ അവര്‍ക്കും കഴിഞ്ഞില്ല. ഇതുപോലെ വേറെയും കുട്ടികള്‍. മരണം തുടര്‍ക്കഥയായിരിക്കയാണ് ഇവിടങ്ങളില്‍. എല്ലാ കേസുകളിലും നമുക്ക് കാണാന്‍ കഴിയുന്നത് വിദഗ്ധ പരിശോധന നടത്തിയിട്ടും രോഗം നിര്‍ണ്ണയിക്കാന്‍ പറ്റാത്ത അവസ്ഥ. കുട്ടികളില്‍ ന്യൂറോണുകളെ ബാധിക്കുന്ന രോഗം നിര്‍ണ്ണയിക്കാന്‍ നല്ലൊരു ന്യൂറോളജിസ്റ്റു ഇവിടെ വേണം. സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കാസര്‍ഗോഡിലെ പീഡിത ജനവിഭാഗത്തിന് വെറും വാഗ്ദാനപ്പെരുമഴ മാത്രമാണ് തുടര്‍ന്ന് വരുന്ന ഭരണാധികാരികള്‍ നല്‍കുന്നത്. ലാഭക്കൊതിയന്‍മാരായ രാഷ്ട്രീയക്കാര്‍ കോടികള്‍ ലാഭം തരുന്ന എന്‍ഡോസള്‍ഫാന്‍ ലോബികളുടെ കൂടെ നില്‍ക്കും. കെ. റെയില്‍ പോലുള്ള വന്‍കിട മുതലാളിമാര്‍ക്ക് ഒത്താശചെയ്യും …. കൊന്നതാണ് … ഭരണകൂടത്തിന്‍റെ ഭീകരത ….
ഭീകരതക്കെതിരെ നമുക്കൊരുമിച്ച് നിന്നു പോരാടാം. ഇരകള്‍ക്കൊപ്പം നമുക്കും ഉറക്കെ പ്രഖ്യാപിക്കാം. എയിംസ് വേണം കാസര്‍ഗോഡിന്.

പ്രസീതകുമാരി
ടീച്ചര്‍
സാമൂഹ്യ പ്രവര്‍ത്തക

COMMENTS

COMMENT WITH EMAIL: 0