കവിത അഫ്ഘാനിസ്ഥാനിന്‍റെ ആത്മ സ്പന്ദനമാണ്. കവിതയിലൂടെയാണ് തങ്ങളുടെ ഏറ്റവും ആര്‍ദ്രവും തിക്തവുമായ അനുഭവങ്ങളേയും വികാരങ്ങളേയും അഫ്ഗാനിസ്ഥാന്‍ ജനത ആവിഷ്കരിച്ചിട്ടുള്ളത്. ശാന്തിയുടെയും സ്നേഹത്തിന്‍റെയും ആത്മീയ സൗന്ദര്യത്തെ, സാന്ത്വന ലാവണ്യത്തെ ഉണര്‍ത്തുന്ന ജലാലുദിന് റൂമിയുടെ കവിതകളുടെ ഉറവിടം അഫ്ഘാന്‍ ജീവിതത്തിലാണ്.തീരാ യുദ്ധങ്ങളുടെയും, സംഘര്‍ഷങ്ങളുടെയും, ഭീകരതയുടെയും, ദുഖങ്ങളെയും, ഭീതികളെയും, ആഗ്രഹങ്ങളേയും അവര്‍ കരുതി വെച്ചിട്ടുള്ളത് കവിതകളിലാണ്. ഇന്ന് പൂര്‍വ്വാധികം വേദനയോടെ, ഉത്കണ്ഠയോടെ ലോകം അഫ്ഘാനിലെ സ്ത്രീകളിലേക്കു ഉറ്റു നോക്കുകയാണ്.സ്ത്രീകളും ഈ കരാളമായ കാലഘട്ടത്തെ അതിജീവിക്കുന്നത് കവിതയിലൂടെയാണ്.2005ല്‍ വെറും ഇരുപത്തി അഞ്ചു വയസ്സില്‍ സംശയകരമായ സാഹചര്യത്തില്‍ മരണമടഞ്ഞ നാദിയ അഞ്ചുമന്‍റെ വരികള്‍ ഇന്നത്തെ സ്ത്രീകളുടെ മാനസികാവസ്ഥയെ തീക്ഷ്ണമായി ഉണര്‍ത്തുന്നു.ഈ വരികളില്‍ തുടിക്കുന്നത് പ്രത്യാശയും പ്രതിരോധവുമാണെന്നത് പ്രതീക്ഷ പകരുന്നു.ഈ കവിതയെ ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യാനുള്ള ഒരു എളിയ ശ്രമത്തിലൂടെ ‘വഴിത്താരകള്‍’ അഫ്ഘാന്‍ ജനതയെ,പ്രത്യേകിച്ചും അവരിലെ പെണ്‍പാതിയെ ചേര്‍ത്തുപിടിക്കുകയാണ്.
അഫ്ഘാനിസ്താന്‍റെ മകള്‍
എനിക്ക് ശബ്ദിക്കാന്‍ ആഗ്രഹമില്ല. ഞാന്‍ എന്ത് ചൊല്ലാനാണ് ?
കവിത ചൊല്ലിയാലും ഇല്ലെങ്കിലും ഈ കാലത്താല്‍ ഞാന്‍ നിന്ദിക്കപ്പെടുക തന്നെ ചെയ്യും
നാവില്‍ വിഷമായി മാറിയ തേനിനെ കുറിച്ച് ഞാന്‍ എങ്ങിനെ പാടുവാനാണ്?
എന്‍റെ ശബ്ദത്തെ ഞെരിച്ചമര്‍ത്തുന്ന ഭീകരമുഷ്ടിയെ ശപിക്കട്ടെ ,
കരഞ്ഞാലും, ചിരിച്ചാലും, മരിച്ചാലും, ജീവിച്ചാലും
എന്‍റെ ദുഃഖത്തില്‍ പങ്കു ചേരാന്‍ ഒരാള്‍ പോലുമില്ലാത്ത ഈ ലോകത്തിനു നന്മ നേരട്ടേ.
ഞാനും ഈ തടവറയും :ഒന്നുമല്ലാതാക്കപ്പെട്ട എന്‍റെ ആഗ്രഹങ്ങള്‍
വ്യര്‍ത്ഥമാം എന്‍ ജന്മം —-നിശ്ശബ്ദയാക്കപ്പെടാന്‍ വേണ്ടി മാത്രം ജനിച്ചവള്‍
വസന്തത്തിന്‍ ഹര്‍ഷങ്ങള്‍ കടന്നു പോയെന്നു ഞാന്‍ അറിയുന്നു
ഈ തകര്‍ന്ന ചിറകുകളുമായി പറക്കുവതെങ്ങിനെ ഞാന്‍ ?
സദാ മൂകയെങ്കിലും കേട്ടിരിക്കുന്നു ഞാന്‍ ശ്രദ്ധയോടെ
എന്‍മനം മന്ത്രിക്കുന്നവളുടെ ഗാനങ്ങള്‍,
അവള്‍ക്കായി പുതു ഈണങ്ങള്‍ പിറക്കുന്നോരോ നിമിഷവും
ഒരു നാള്‍ ഈ കൂടിന്‍ ഏകാന്തത ഞാന്‍ തകര്‍ക്കും
ആനന്ദത്തിന്‍ വീഞ്ഞു മോന്തി ,വസന്ത പറവയെ പോല്‍ പാടും
പേലവാന്ഗിയാം വൃക്ഷമെങ്കിലും ഉലയുകില്ല ഞാന്‍ ഓരോ കാറ്റിലും
അഫ്ഘാന്‍റെ മകളാണ് ഞാന്‍. ..എന്‍ ഫഘാന്‍റെ ഒലികള്‍ നിത്യതയില്‍ അലിഞ്ഞുചേരട്ടേ …
ജാനകി
കോഴിക്കോട് സര്‍വ്വകലാശാല
ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക
COMMENTS