Homeചർച്ചാവിഷയം

‘അടുത്ത ജന്മത്തിലാരാവണമെന്നു ചോദിച്ചാല്‍ ഞാന്‍ പറയും, സരോജ് ഖാന്‍ ! അതു മതി’

ഗാര്‍ഗി ഹരിതകം

ലോകത്തില്‍ ഹിന്ദി സിനിമാസംഗീതവും നൃത്തവും എവിടെയൊക്കെ പ്രചാരത്തിലുണ്ടോ, അവിടെയാര്‍ക്കും ഒഴിവാക്കാന്‍ പറ്റാത്ത ഒരപാരസാന്നിദ്ധ്യമാണ് സരോജ് ഖാന്‍. ഹിന്ദി ഭാഷയറിയാത്തവര്‍ പോലും അനുകരിക്കാന്‍ ശ്രമിച്ചത് അവരുടെ ചുവടുകളെയാണ്. നമ്മളില്‍ പലരും പരസ്യമായോ രഹസ്യമായോ ഒക്കെ ചെയ്തു നോക്കിയിട്ടില്ലേ, ‘ഏക് ദോ തീന്‍!’ ന്‍റെ ചുവടുകള്‍? ‘ചോളി കെ പീഛെ’ കണ്ട്, അതിലെ കൂസലില്ലായ്മ കണ്ട് അന്തം വിടാത്തവരാരുണ്ട്? അവയുടെ ചടുലതയ്ക്കു പിന്നില്‍, അവയുടെ താന്തോന്നിത്തരങ്ങള്‍ക്കു പിന്നിലുള്ള ആ നൃത്ത സംവിധായിക, സരോജ് ഖാന്‍, അവരുടെ ആവേശവും ചതികളും ദുഖങ്ങളും സന്തോഷങ്ങളും പിന്നെ നൃത്തത്തോടുള്ള ഒടുക്കത്തെ അഭിനിവേശവും ചേര്‍ന്ന ഹിന്ദി സിനിമയെ വെല്ലുന്ന ജീവിതം. 1948 മുതല്‍ 2020 വരെ നീണ്ട ഒന്ന്.
മൂന്നാം വയസ്സില്‍ ചന്ദ്രനെ നോക്കി പാട്ടുപാടുന്ന ഒരു കൊച്ചു നര്‍ത്തകിയായി സിനിമയില്‍ വന്ന നിര്‍മല നാഗ്പാല്‍ എന്ന കൊച്ചു കുട്ടിയ്ക്ക് അപമാനകരമായ തൊഴില്‍ ചെയ്യുന്നതിനാല്‍ പേര് നിലനിര്‍ത്താനായില്ല. പാകിസ്താനില്‍ നിന്ന് പാലായനം ചെയ്യേണ്ടിവന്ന കുടുംബത്തിന് കൂടുതല്‍ നാണക്കേടുണ്ടാക്കാന്‍ പാടില്ലല്ലോ.അങ്ങിനെ അവള്‍ സരോജായി. കഥകളി മുതല്‍ കഥക് വരെ പലതരം നൃത്തരൂപങ്ങളിലൂടെ പഠനം കടന്നുപോയി. പതിമൂന്നാം വയസ്സില്‍ തന്‍റെ ഡാന്‍സ് മാസ്റ്ററെ വിവാഹം ചെയ്തതായി സരോജ് ഖാന്‍ മനസ്സിലാക്കി ഗര്‍ഭിണിയായി. പ്രസവത്തിനു ശേഷമാണ് അയാള്‍ക്ക് ഭാര്യയും നാലു കുട്ടികളുമുള്ളത് അറിയുന്നത്. പിന്നീടും പല തവണ അയാളുടെ കൂടെ തന്നെ ജോലി ചെയ്യേണ്ടി വരിക, അങ്ങിനെ വീണ്ടും ഗര്‍ഭിണിയാവുക. തുടര്‍ച്ചയായുള്ള അപമാനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അവരെ സഹായിക്കുന്നത് മറ്റൊരു സ്ത്രീയാണ് – ആദ്യമായി സ്വതന്ത്ര സ്ത്രീ നൃത്തസംവിധായികയാവുന്നത് സാധന എന്ന നടിയുടെ നിര്‍ബന്ധത്തില്‍, ഗീതാ മേരാ നാം എന്ന ചിത്രത്തില്‍.

നൃത്തം ചെയ്തുയരുന്നവര്‍

എന്നാല്‍ സരോജ് ശ്രദ്ധിക്കപ്പെടുന്നത് വര്‍ഷങ്ങള്‍ക്കു ശേഷം, മിസ്റ്റര്‍ ഇന്ത്യ എന്ന ചിത്രത്തില്‍ ശ്രീദേവിയുടെ അനശ്വരമായ നൃത്തങ്ങള്‍ സംവിധാനം ചെയ്തതോടെയാണ്. അതോടെ അവരെ ആര്‍ക്കും പിടിച്ചാല്‍ കിട്ടാതായി. പല നടിമാരും നടന്‍മാരും, അമിതാബ് മുതല്‍ ഷാറുഖ് വരെ അവരെ ‘മാസ്റ്റര്‍ജി’ എന്നു വിളിച്ചു. എന്നാല്‍ ചില നടിമാരെ, പ്രത്യേകിച്ചും മാധുരി ദീക്ഷിത് എന്ന നര്‍ത്തകിയെ, ഏറ്റവും ഉയരങ്ങളിലെത്തിച്ചത് സരോജിന്‍റെ നൃത്തങ്ങളായിരുന്നു. പരസ്പര സ്നേഹബഹുമാനങ്ങളുടെയും, നൃത്തത്തോടുള്ള പ്രണയത്തിന്‍റെയുമൊക്കെ കൂടിച്ചേരലായിരുന്നു ആ നൃത്തരൂപങ്ങള്‍. ഈ നടിമാര്‍ ഏറ്റവും സുന്ദരിമാരാവുന്നത് ഏറ്റവും നല്ല നൃത്തം ചെയ്യുമ്പോഴാണ് എന്ന വിജയരഹസ്യം അവര്‍ക്ക് ആരും പറഞ്ഞുകൊടുക്കേണ്ടി വന്നില്ല. അങ്ങിനെ സൃഷ്ടിക്കപ്പെട്ടത് മറക്കാനാവാത്ത അനവധി ക്ലാസിക്കുകളാണ്. പരസ്പരം സ്ത്രീകള്‍ കൈപിടിച്ചുയര്‍ത്തുന്ന ചരിത്രത്തിലെ ഒരപൂര്‍വ്വ കാഴ്ചയാണത്. ഒരുപാടു പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നത്. സരോജ് ഖാന്‍ ഒരു ലജണ്ട് ആയിരുന്നു. ബോളിവുഡിന്‍റെ പുരുഷലോകത്തെ തന്‍റെ താളച്ചുവടുകള്‍ കൊണ്ട് പിടിച്ചു കുലുക്കാനുള്ള അസാമാന്യ ധൈര്യം കാണിച്ച ഒരു പ്രതിഭ.

എഴുത്തുകാരി, സ്വതന്ത്ര രാഷ്ട്രീയ പ്രവർത്തക. കഴിഞ്ഞ 5 കൊല്ലമായി പെൺകൂട്ടിന്‍റെ ഭാഗമായി പ്രവർത്തിക്കുന്നു.

COMMENTS

COMMENT WITH EMAIL: 0