ക്യുവെര്‍ ജീവിതം / ക്യുവെര്‍ ആയിരിക്കുക എന്നാല്‍ ദൃശ്യതയും, ശബ്ദവുമില്ലാതെ അരികുകളിലും അണിയറകളിലും ഉപജീവിക്കുക എന്നതുകൂടിയാണ് ഹെട്രോനോര്‍മേറ്റീവ് സമൂഹങ്ങളിലെ യാഥാര്‍ഥ്യം. ഒരു സാംസകാരിക വ്യവഹാരം എന്നനിലയിലും, തൊഴിലിടമെന്ന നിലയിലും എത്രമാത്രം പുരുഷകേന്ദ്രീകൃതമായ മുതലാളിത്ത അധികാരസ്വരൂപമാണ് മലയാള സിനിമ എന്നത് നിശ്ശബ്ദരാക്കപ്പെട്ട മനുഷ്യരുടെയും, പറയപ്പെടാതെപോയ ഉള്ളടക്കത്തിന്‍റേയുമെല്ലാം അടിച്ചമര്‍ത്തിയ ചരിത്രങ്ങളില്‍നിന്നു മനസിലാക്കാം. പി.കെ. റോസിയെ നാടുകടത്തിയ മലയാള സിനിമയുടെ വരേണ്യ ചരിത്രത്തില്‍ ചവിട്ടിനിന്നു അതിലെ ക്യുവെര്‍ മനുഷ്യരുടെ ചരിത്രത്തെ അന്വേഷിക്കുന്നിടത്തുതന്നെയുണ്ട് ഒരു അസംബന്ധം . മെയ്ക്കപ്പ്, വസ്ത്രാലങ്കാരം, നൃത്തം മറ്റ് അനുബന്ധ അണിയറ വൃത്തികള്‍ എന്നിവയിലെല്ലാം ക്യുവെര്‍ മനുഷ്യരുടെ, വിശേഷിച്ച് ഗേ, ട്രാന്‍സ് ആളുകളുടെ സാന്നിധ്യത്തിന് സിനിമയോളം പഴക്കമുള്ള തമസ്കൃത ചരിത്രമുണ്ട്. സിനിമയുടെ ആവിര്‍ഭാവ കാലത്ത് ക്രോസ്സ് ഡ്രസ്സ് ചെയ്ത് പെണ്‍വേഷങ്ങള്‍ ചെയ്തിരുന്ന പലരും വിമത ലിംഗ-ലൈംഗിക അനുഭാവങ്ങള്‍ പുലര്‍ത്തിയിരുന്നവരാകാം എന്നൊരു സാധ്യതയുമുണ്ട് (സ്ത്രൈണത ഉള്ള ഹെട്രോ പുരുഷന്മാരെയല്ല ഉദ്ദേശിച്ചത്).
അദൃശ്യരിലും അദൃശ്യരായ ജനിക്കുമ്പോള്‍ സ്ത്രീയായി അടയാളപ്പെടുത്തപ്പെട്ടവരെക്കുറിച്ച് (female aasigned ta birth) ഊഹിക്കാന്‍ പോലുമാവില്ലന്നുള്ളത് മറ്റൊരു ക്രൂര യാഥാര്‍ഥ്യമാണ് .എന്തായാലും സ്ത്രൈണതയുള്ള, കുണുങ്ങിനടക്കുന്ന, വിധേയത്വമുള്ള ശരീരങ്ങളെയും, സാന്നിധ്യങ്ങളെയും കാമനകളുടെ കല/ കമ്പോളം അതിന്‍റെ അണിയറകളില്‍ അദൃശ്യരാക്കി നിലനിര്‍ത്തിയിരുന്നു . പുരുഷകേന്ദ്രികൃത വ്യവസ്ഥിതി സ്ത്രീകളെക്കുറിച്ച് വെച്ചുപുലര്‍ത്തുന്ന സ്റ്റീരിയോടൈപ്പിക്കല്‍ സങ്കല്പനങ്ങള്‍ തന്നെയാണ് ക്യുവെര്‍ സാന്നിധ്യങ്ങളോടുള്ള സഹിഷ്ണുതയെയും നിര്ണയിച്ചിരുന്നത്/ നിര്‍ണയിച്ചുകൊണ്ടിരിക്കുന്നത്.
മലയാള സിനിമ എന്ന സാംസകാരിക വ്യവഹാരത്തിലും, വിനിമയത്തിലും, വിപണിയിലും ക്യുവെര്‍ ഉള്ളടക്കങ്ങള്‍ക്ക് ഒരുകാലത്തും സ്വീകാര്യത ഉണ്ടായിട്ടില്ല. നൂറുവര്‍ഷത്തെ മുഖ്യധാരാ
മലയാള സിനിമയുടെ ചരിത്രത്തില്‍ വിരലിലെണ്ണാവുന്നത്ര പ്രാധിനിത്യം പോലും ഒരു സാമൂഹിക ഭൂരിപക്ഷ സമുദായത്തിന് (Constitutional Minority) പരിരക്ഷണം വെച്ച് സാമൂഹ്യ ഭൂരിപക്ഷം എന്ന സമുദായ യാഥാര്‍ഥ്യത്തെ റദ്ദ് ചെയ്യാനാവില്ല )ഉണ്ടായിട്ടില്ല എന്നതുതന്നെ എത്രമാത്രം അയിത്തവും, സ്റ്റിഗ്മയുമാണ് മലയാള സിനിമ ക്യുവെര്‍ ജീവിതത്തോടും. ആഖ്യാനങ്ങളോടും വച്ചുപുലര്‍ത്തുന്നത് എന്ന് വെളിവാക്കുന്നുണ്ട്.
തിരശീലക്ക് അഭികാമ്യമായ ഉള്ളടക്കമായി ക്യുവെര്‍ ജീവിതങ്ങളും,കഥകളും, സാന്നിധ്യങ്ങളും അംഗീകരിക്കപ്പെടാത്തത് സിനിമ ഉണ്ടാക്കുന്നവരെയും,കാണുന്നവരെയും, വിപണിയെയുമെല്ലാം സ്വാധീനിക്കുന്ന പൊതുബോധം എന്നത് ഒരു സദാചാര നിര്‍മ്മിതി ആയതുകൊണ്ടാണ്, സവര്‍ണ ഹിന്ദു-കൊളോണിയല്‍ പാട്രിയാര്‍ക്കിക് യുക്തികളാണ് അതിന്‍റെ കാതല്‍ എന്നുള്ളതുകൊണ്ടാണ്. സിസ് ഹെട്രോ പ്രേമഗാനങ്ങളും, ഉള്ളടക്കങ്ങളും സ്വന്തം ഭാവനയില്‍ പുനര്‍വ്യാഖ്യാനിച്ച് കേള്‍ക്കുകയും, കാണുകയും ചെയ്ത് സിനിമക്കൊപ്പം സഞ്ചരിക്കേണ്ട ഗതികേടിലാണ് നൂറുവര്‍ഷത്തിനിപ്പുറവും ക്യുവെര്‍ സമുദായം. ക്യുവെര്‍ ഉള്ളടക്കങ്ങളെ തിരശീലയിലെത്തിക്കാന്‍ പരിഗണനാര്‍ഹമായ ശ്രമങ്ങള്‍ സ്വതന്ത്ര സിനിമകളില്‍ ഉണ്ടായെങ്കിലും, ആളുകളിലെത്തിക്കാന്‍ വഴികള്‍ കിട്ടാതെ അതൊക്കെ അങ്ങനെ മൂടപ്പെടുകയാണ് പതിവ് . കൊമേര്‍ഷ്യല്‍ സിനിമയുടെ ഫോര്‍മാറ്റില്‍ കഥപറയാന്‍ ശ്രമിച്ചിട്ടും സഞ്ചാരത്തിനും (ലിജി ജെ പുല്ലപ്പള്ളി, 2004 ), മൂത്തോന്‍ (അരികുവല്‍ക്കരിക്കപ്പെടുന്ന സമൂഹങ്ങളുടെ കഥ എങ്ങനെ പറഞ്ഞാലും പരിസരം എപ്പഴും അവസാനം ചേരിയിലും,മയക്കുമരുന്നിലും, അധോലോകത്തിലുമെത്തുന്ന ശീലത്തോടും, ട്രാന്‍സ് കഥാപാത്രത്തിന്‍റെ പോട്രീയല്‍നോടും, കടലൊറ്റക്ക് താണ്ടാന്‍ തന്‍റേടമുളള ടോംബോയ്ഷ് ആയിട്ടുള്ള കുട്ടിയെ അവസാനം മുടിവളര്‍ത്തി ഡിസയറബിള്‍ ആയ ‘സ്ത്രീ’യാക്കിയതുമെല്ലാം ഒരുതരം ക്യുവെര്‍ ഒബ്ജെക്റ്റിഫിക്കേഷന്‍ പോണ്‍ ആയിട്ടാണ് തോന്നിയത്.
സിനിമയുടെ ഉദ്ദേശശുദ്ധിയേയും, പ്രേമരംഗങ്ങള്‍ ക്യുവെര്‍ സമുദായത്തിന് കൊടുത്ത അതിര്‍പ്പത്തെയും അംഗീകരിച്ചേ പറ്റൂ സ്വീകാര്യത കിട്ടാഞ്ഞത് പോതുബോധത്തിനെ അസ്വസ്ഥമാക്കുന്നുണ്ട് എന്നതുകൊണ്ടാണ്. ജനസമ്മിതിയും വിപണിവിജയവും നേടിയത് ചാന്തുപൊട്ട്, ഞാന്‍ മേരിക്കുട്ടി തുടങ്ങിയ അങ്ങേയറ്റം ഹോമോഫോബിക് ആയ ഉഡായിപ്പുകള്‍ക്കും. സദാചാര സമൂഹത്തെ നോവിക്കാതെ, അതിന്‍റെ ഉള്ളില്‍ കെട്ടിക്കിടന്നു നാറുന്ന ഹോമോഫോബിയക്ക് സാധൂകരണം കൊടുത്ത്, നാളിതുവരെ തെരുവില്‍ നിന്ന് ക്യുവെര്‍ മനുഷ്യരും, മനുഷ്യാവകാശ പ്രവര്‍ത്തകരും, ആക്ടിവിസ്റ്റുകളുമെല്ലാം ചേര്‍ന്ന് ഒച്ചയെടുത്തുണ്ടാക്കിയ ദൃശ്യതയെ, ഇടത്തെ എത്ര എളുപ്പത്തിലാണ് ഇക്കൂട്ടര്‍ ഏറ്റെടുപ്പുനടത്തി വിറ്റുകാശാക്കിയതും, ക്യുവെര്‍ സംരക്ഷക പട്ടം സ്വന്തമാക്കിയതും. സിസ് ഹെട്രോ അഭിനേതാക്കള്‍ അഭിനയശേഷി മാറ്റുരക്കാന്‍ ട്രാന്‍സ് കഥാപാത്രങ്ങളെ കെട്ടിയാടുന്നു, ട്രാന്‍സ് മനുഷ്യര്‍ അണിയറകളില്‍ അദൃശ്യരായി തുടരുന്നു. അവസര സമത്വമോ, നൈതികതയോ ഇവരുടെ ‘കഴിവിന്‍റെ’ ഏബിളിസ്റ്റ് ലോകത്തിനെ, ബോധത്തിനെ അലട്ടുന്നില്ല. ക്യുവെര്‍ മനുഷ്യര്‍ക്ക് എന്നെങ്കിലും സ്വന്തം കഥകള്‍ പറയുവാനും, ഉണ്ടാക്കുവാനും സാധിക്കുന്നിടത്തെ, അവസരങ്ങള്‍ ഉണ്ടാവുന്നിടത്തെ ഇത്തരം വയലന്‍സുകളെ ചെറുക്കുവാന്‍ സാധിക്കുകയുള്ളു.
തിരശ്ശീലയില്‍ നിന്ന് അകറ്റി, അണിയറയില്‍ അനുവദിക്കപ്പെട്ടിട്ടുള്ള ക്യുവെര്‍ മനുഷ്യരുടെ അദ്ധ്വാനത്തെ മലയാള സിനിമാവ്യവസായം ഒരുകാലത്തും അംഗീകരിക്കുകയോ, അടയാളപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഇന്‍ഡസ്ട്രിയില്‍ സ്ത്രീകള്‍ അനുഭവിക്കുന്നതിനു സമാനമായ അതിക്രമങ്ങള്‍ അനുഭവിക്കുകയും, അര്‍ഹിക്കുന്ന അംഗീകാരമോ, വേതനമോ കിട്ടാതെ, ലൈംഗികചൂഷണങ്ങള്‍ക്കും ക്രൂരമായ അധികാരപ്രയോഗങ്ങള്‍ക്കും വിധേയരാവുകയും ചെയ്യുന്നു. ഒരു തൊഴിലിടമെന്നനിലയില്‍ മുഖ്യധാരാ മലയാള സിനിമ സ്വംശീകരിച്ചിരിക്കുന്ന, ആദര്‍ശവല്‍ക്കരിച്ചിരിക്കുന്ന വിവേചനപരമായ ബോധ്യങ്ങളോട് സംവദിക്കുക എന്നത് എത്രമാത്രം ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നുള്ളത് ഡബ്ലിയൂസീസിയുടെ രൂപീകരണവും, ഇടപെടലുകളും, അതിനോടുള്ള ഇന്‍ഡസ്ട്രിയുടെയും, പൊതുസമൂഹത്തിന്‍റെയും മനോഭാവങ്ങളില്‍ നിന്നും വ്യക്തമാവുന്നുണ്ടല്ലോ. ലോകത്തെമ്പാടുമുള്ള ക്യുവെര്‍ മൂവ്മെന്‍റിന്‍റെ ചരിത്രത്തില്‍, ഫെമിനിസ്റ്റ് മൂവ്മെന്‍റുകള്‍ അതിനെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട്, പരിപോഷിപ്പിച്ചുണ്ട്, വിശാലമാക്കിയിട്ടുണ്ട് എന്ന് അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്.
ബയോളജിക്കല്‍ എസ്സെന്‍ഷ്യലിസത്തെ കുടഞ്ഞെറിഞ്ഞുകൊണ്ടുള്ള സ്ത്രീകളുടെ നേതൃത്വത്തിലുള്ള പോരാട്ടങ്ങള്‍ക്ക് ക്യുവെര്‍ മനുഷ്യരുമായി സഖ്യങ്ങള്‍ സാധ്യമായിട്ടുണ്ട്. മുഖ്യധാരാ മലയാള സിനിമയുടെ അബോധത്തെ പൊളിച്ചെഴുതുവാനും, ഇന്‍ഡസ്ട്രിയിലെ വിവേചനപരമായ, സ്ത്രീവിരുദ്ധമായ, വരേണ്യമായ, ഹോമോഫോബിക്കായ, ഇസ്ലാമോഫോബിക്കായ നടപ്പുശീലങ്ങളെ തകര്‍ക്കുവാനും പലതരം സ്വത്വ സ്ഥലങ്ങളില്‍നിന്നുള്ള, അരികുകളില്‍ നിന്നുള്ള മനുഷ്യര്‍ സംഘടിച്ചേതീരൂ. അണിയറയില്‍ നിന്ന് തിരശീലയിലേക്കു അന്തസ്സോടെ നടന്നു കയറാന്‍ ദളിതര്‍ക്കും, ആദിവാസികള്‍ക്കും, ലിംഗ -ലൈംഗിക ന്യൂനപക്ഷത്തിനും, അരികുവല്‍ക്കരിക്കപ്പെടുന്ന മറ്റ് ബഹുജങ്ങള്‍ക്കും സാധ്യമാവുന്ന ഒരു നാളെ,
സ്ത്രീകള്‍ക്ക് ആത്മാഭിമാനത്തോടെ, സുരക്ഷിതരായി ജോലിചെയ്യുവാനുള്ള സാഹചര്യങ്ങളുള്ള ഒരു നാളെ ഒക്കെ ഉണ്ടായിവരുന്നിടത്തെ അണിയറയിലെ അദൃശ്യ ശരീരങ്ങള്‍ക്കു ദൃശ്യത ഉണ്ടാവൂ, നീതികിട്ടൂ .
(ഫ്രീലാന്‍സ് ആര്‍ട്ടിസ്റ്റും ജെന്‍റര്‍ ആക്ടിവിസ്റ്റുമാണ്)
COMMENTS