Homeവഴിത്താരകൾ

അദൃശ്യമായ ഉടലനക്കങ്ങള്‍

ടലിന്‍റെ അനന്ത സാധ്യതകളെ കുറിച്ച്, ആവിഷ്കാര രീതികളെ കുറിച്ച്, ഒരുപാട് സംസാരിക്കുന്ന കാലമാണിത് .അത്തരം ഒരു സമയത്തു നിന്ന് കൊണ്ട് പെണ്ണുടലിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ സ്വാഭാവികമായും ഉടലിന്‍റെ സംവേദനശക്തിയെ പറ്റിയും ചിന്തിച്ചു പോകുന്നു. ഉടലിനു ചുറ്റും മനുഷ്യ സമൂഹം ഒരു മൂല്യ സംഹിത തന്നെ നിര്മിച്ചെടുത്തിട്ടുണ്ട്. ഉടല്‍ സൗന്ദര്യത്തിന്‍റെ ഉറവിടവും, അതുപോലെ തന്നെ ദമനം ചെയ്യാന്‍ ആവാത്ത കാമനകളുടെ, ഉണര്‍ച്ചകളുടെ വിളനിലവും കൂടിയാണ്.വിഭിന്നങ്ങളായ ഉടലുകളെ മാറ്റി നിര്‍ത്തിയാണ് നമ്മള്‍ സുഭഗമായ, യൗവനം നിറഞ്ഞു തുളുമ്പുന്ന, പൂര്‍ണ ആരോഗ്യവതിയായ,ഉടലിനെ നിര്‍മ്മിച്ചെടുക്കുന്നത് .അഥവാ വിഗ്രഹവല്‍ക്കരിക്കുന്നത് . ഉടയാത്ത പെണ്‍ശരീരമാണ് നമ്മുടെ ലാവണ്യബോധത്തെ രൂപപെടുത്തുന്നത്.വാര്‍ദ്ധക്യത്തിന്‍റെ ചുളിവുകള്‍ വീണ ,പലതരം മാരക രോഗങ്ങള്‍ക്കുള്ള ചികിത്സകളിലൂടെ തളര്‍ന്ന ശരീരങ്ങളെ നമ്മള്‍ ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കാറില്ല.

മ്യുറിയല്‍ റുകെയ്സര്‍

രോഗബാധിതമായ ,ഭിന്നശേഷിയുള്ള, മുറിവേറ്റ, ക്ഷതമേറ്റ, പോറല്‍ ഏറ്റ, പൊള്ളല്‍ ഏറ്റ ശരീരങ്ങള്‍ നമുക്ക് സുന്ദരങ്ങളല്ല. അവയെ വിചിത്രവും ഭയാനകവും ആയ സാധനങ്ങള്‍ ആക്കി മാറ്റി നമ്മള്‍ ആ ശരീരങ്ങളേയും, ആ ശരീരങ്ങളുടെ ഉടമകളെയും വെറുക്കാന്‍ പഠിക്കുന്നു.അല്ലെങ്കില്‍ ആ രീതിയില്‍ നമ്മള്‍ പഠിപ്പിക്കപ്പെടുന്നു.അവര്‍ക്കു മേലെ ഹിംസാത്മകമായ അക്രമം നടത്തുന്നതിന് പോലും സമൂഹം മൗനാനുവാദം നല്‍കുന്നു.ചില സവിശേഷ ഉടലുകളെ വെറുത്തു കൊണ്ടാണ് നമ്മള്‍ സദാചാരങ്ങള്‍ കാത്തു സൂക്ഷിക്കുന്നത്.ഈ ആശയവും വികാരവും തങ്ങളുടെ എഴുത്തിലൂടെ ശക്തമായി സൂക്ഷ്മമായി പ്രകാശിപ്പിച്ച രണ്ടു എഴുത്തുകാരികളായിരുന്നു ഇന്ത്യയിലെ റഷീദ് ജഹാനും അമേരിക്കയിലെ മ്യുറിയല്‍ റുകെയ്സറും.
മ്യൂറിയലിന്‍റെ Despisals  എന്ന കവിത ഇരുപതാം നൂറ്റാണ്ടിന്‍റെ പടിഞ്ഞാറന്‍ സമൂഹത്തിന്‍റെ വെറുപ്പുകളുടെ ചരിത്രം തന്നെയാണ്.’അതി’നോടുള്ള വെറുപ്പില്‍ നിന്നാണ് നമ്മള്‍ നമ്മുടെ സ്വത്വബോധം തന്നെ ഉണ്ടാക്കി എടുക്കുന്നത്.നമുക്കു ഉള്‍ക്കൊള്ളാനാവാത്ത മത വിശ്വാസങ്ങള്‍,വര്‍ണ്ണ/ ജാതി ശരീരങ്ങള്‍,ലൈംഗിക കാമനകള്‍,രുചിഭേദങ്ങള്‍ എല്ലാം നമ്മള്‍ കുഞ്ഞു നാളില്‍ തന്നെ വെറുക്കുവാന്‍ പഠിക്കുന്നു.ആ വെറുപ്പിന്‍റെ മനഃശാസ്ത്രമാണ് അമേരിക്കയിലെ വര്ണവെറിയിലും യൂറോപ്പിലെ ജൂതവെറിയിലും , സ്ത്രീവിവേചനത്തിലും, ഭിന്ന ലൈംഗികതയോടുള്ള അസഹിഷ്ണുതയിലും നിഴലിക്കുന്നതെന്നു മ്യൂറിയല്‍ റുകെയ്സര്‍ ഓര്‍മിപ്പിക്കുന്നു.മനുഷ്യരാശിയെ ഞെട്ടിപ്പിച്ച ഹിറ്റ്ലറുടെ നിര്‍ദ്ദേശത്തില്‍ നടന്ന ജനഹത്യ വെറുമൊരു അപവാദമല്ലെന്നും അത്തരമൊരു കൂട്ടക്കൊല നടത്താനുള്ള മനോവികാരവും സാധ്യതയും എല്ലാ ജനതകളിലും കുടികൊള്ളുന്നു എന്നും ആ കവിത ധ്വനിപ്പിക്കുന്നു എന്നതാണ് കൂടുതല്‍ ഭയാനകം, ‘അത്’ മായി ബന്ധം സ്ഥാപിക്കേണ്ട ആവശ്യകതയെ കുറിച്ചാണ് ആ കവിത ഉത്കണ്ഠപ്പെടുന്നത്.അത് പോലെ തന്നെ സാമൂഹ്യബോധത്തില്‍ തീക്ഷ്ണമായി ഇടപെടുന്ന ആഴത്തില്‍ അസ്വസ്ഥപ്പെടുത്തുന്ന കഥയാണ് റഷീദ് ജഹാന്‍ 1930 കളില്‍ എഴുതിയ വോ’ (woh) എന്ന ഉറുദു കഥ.ഈ കഥ കാണുന്നവരില്‍ ജുഗുപ്സ നിറക്കുന്ന ഒരു സ്ത്രീ ശരീരത്തെ കുറിച്ച് തന്നെയാണ്.അതിന്‍റെ വായനാനുഭവം ഒരു തരം ഉച്ചാടനം ചെയ്യലാണ്. ഏറ്റവും പുരോഗമന വാദിയായി സ്വയം അഭിമാനിക്കുന്ന ഒരു വ്യക്തിയുടെ അവകാശ വാദങ്ങളെ പോലും ഒന്ന് അടിമുടി ഉലക്കുന്ന കഥ എഴുതിയ റഷീദ് ജഹാന്‍ ഒരു ഡോക്ടറും കൂടി ആയിരുന്നതിനാല്‍ ആവാം, ഇത്ര സ്ഫുടമായി ഒരു രോഗാതുരമായ ശരീരത്തിന്‍റെ പരിതാപകരമായ അവസ്ഥയെ വിശദമായി അറപ്പില്ലാതെ വിവരിക്കാന്‍ കഴിഞ്ഞത്.ബാഹ്യരൂപം ആന്തരിക ലോകത്തെ അതിന്‍റെ സൗന്ദര്യത്തെയും വൈകല്യത്തെയും ഒരുപോലെ പ്രതിഫലിപ്പിക്കുന്നു എന്ന വിശ്വാസത്തെയും അതില്‍ നിന്ന് ഉയരുന്ന ദയശൂന്യമായ സാമൂഹ്യ മനോഭാവത്തെയുമാണ് റഷീദ് ജഹാന്‍ നിശിതമായി വിമര്‍ശിച്ചതത്  woh എന്ന ഹിന്ദി പദത്തിലൂടെ പുരുഷനെയും സ്ത്രീയെയും സൂചിപ്പിക്കാം.രണ്ടും അല്ലാത്ത അചേതനമായ ഒരു വസ്തുവിനെ സൂചിപ്പിക്കാനും ആ പദം ഉപയോഗിക്കാം.ആ വാക്കിന്‍റെ വഴക്കത്തിലൂടെയാണ് നമ്മുടെ ലൈംഗിക സദാചാരത്തിന്‍റെ പൊള്ളത്തരത്തെ റഷീദ് ജഹാന്‍ രൂക്ഷമായി ആവിഷ്കരിക്കുന്നത്.എപ്പോഴാണ് ജീവനുള്ള മനുഷ്യശരീരം കേവലം ഒരു സാധനമായി,വസ്തുവായി മാറുന്നത്? ആ മാറ്റം നടക്കുന്നത് അധികാരബന്ധങ്ങളുടെ രാഷ്ട്രീയത്തിലൂടെയാണ്.മ്യുറിയല്‍ ഇംഗ്ലീഷിലെ it എന്ന വാക്കിന്‍റെ പ്രയോഗത്തിലൂടെയാണ് വെറുപ്പിന്‍റെ രാഷ്ട്രീയ ധ്വനികളെ ഉണര്‍ത്തിയത്.

റഷീദ് ജഹാന്‍

സിഫിലിസ് ബാധിച്ചു ശരീരമാസകലം വികൃതമായി മാറിപ്പോയ ഒരു സ്ത്രീ, സ്ത്രീകളടങ്ങുന്ന സമൂഹത്തില്‍ ജനിപ്പിക്കുന്ന വെപ്രാളവും, ക്രൂരതയും, ഭീതിയുമാണ് അവര്‍ ഈ പ്രശസ്തമായ കഥയില്‍ വെളിപ്പെടുത്താന്‍ ശ്രമിച്ചത്.ഇന്നും വായിക്കുമ്പോള്‍ ഒരു വിറയല്‍ നമുക്കുള്ളിലൂടെ പാഞ്ഞു പോകുന്നു. അതെന്തു കൊണ്ടാണെന്നു നമ്മള്‍ സ്വയം ചോദിക്കുന്നത് നന്നായിരിക്കും, കാരണം ഒരു വികൃത ശരീരത്തെക്കാള്‍ നമ്മെ വിഷമിപ്പിക്കുന്നത് നമ്മുടെ അക്രമവാസന തന്നെയാണ്.നമ്മളില്‍ ഇന്നും ഉറങ്ങി കിടക്കുന്ന ചില മെരുക്കപ്പെടാത്ത പ്രാകൃത വാസനകളാണ്. ജീവനില്ലാത്ത ഒരു വസ്തുവിനെ എടുത്തു പെരുമാറുന്നത് പോലെ, എറിഞ്ഞുടക്കുന്നത് പോലെ നമ്മള്‍ ആ ശരീരത്തെ എറിഞ്ഞുടക്കുന്നു.നമ്മുടെ സങ്കല്‍പ്പങ്ങള്‍ക്ക് അനുസരിച്ചു കാണപ്പെടാത്ത,ചലിക്കാത്ത ഉടലുകളെ നമ്മള്‍ ബഹിഷ്കരിക്കുന്നത് അങ്ങിനെയാണ്. ആരായിരുന്നു റഷീദ് ജഹാന്‍? ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ പാദത്തില്‍ ഉറുദു സാഹിത്യത്തിലെ ചീത്ത പെണ്‍കുട്ടിയായി അറിയപ്പെട്ട ഇവരുടെ ആരാധകരില്‍ ഒരാളായിരുന്നു ഇസ്മത് ചുഗ്തായി എന്ന പ്രതിഭ.അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ വനിതാ കോളേജ് സ്ഥാപിച്ച ഷെയ്ഖ് അബ്ദുല്ലയുടെ മകള്‍ പിന്നീട് പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്‍റെ സ്ഥാപക അംഗമായതില്‍ അത്ഭുതപ്പെടാനില്ല.ഇന്ത്യയിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്‍റെ മുന്‍ഗാമികളില്‍ ഒരാളായാണ് റഷീദ് ജഹാന്‍ ഇന്ന് കാണപ്പെടുന്നത്. ദരിദ്രയായ ഒരു ലൈംഗിക തൊഴിലാളിയും അഭ്യസ്തവിദ്യരായ ഒരു അധ്യാപികയും തമ്മില്‍ ഉരുത്തിരിയുന്ന അപൂര്‍വ സൗഹൃദം മാന്യ സമൂഹത്തെ ഭയപ്പെടുത്തുന്നതാണ് വോ എന്ന കഥയുടെ കാതല്‍. പര്‍ദ്ദക്കുള്ളിലും വേട്ടയാടപ്പെടുന്ന സ്ത്രീശരീരങ്ങളെ കുറിച്ചും അവര്‍ എഴുതി. അനവധി പ്രസവങ്ങളിലൂടെ കുഴഞ്ഞു പോയ സ്ത്രീ ശരീരവും അവരുടെ കഥയുടെ പ്രധാന ഭാഗങ്ങള്‍ ആയിരുന്നു.സ്ത്രീകള്‍ക്കിടയിലെ ഭിന്നിപ്പുകള്‍ തുറന്നു കാട്ടുന്ന കഥകള്‍ സ്ത്രീസമൂഹം ഏകതാനമായ ഒരു ഗ്രൂപ്പല്ല എന്ന് ദീര്‍ഘ വീക്ഷണത്തോടെ സൂചിപ്പിക്കുന്നുണ്ട് .ഇരട്ടത്താപ്പുകളും കാപട്യങ്ങളും സഹജ പ്രകൃതിയാക്കി മാറ്റിയ സമൂഹത്തെ കണ്‍ തുറപ്പിക്കാന്‍ തന്‍റെ ചെറുകഥകള്‍ ആയുധമാക്കുക ആയിരുന്നു ഇവര്‍.

 

ജാനകി
കോഴിക്കോട് സര്‍വ്വകലാശാല
ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക

 

 

 

 

 

COMMENTS

COMMENT WITH EMAIL: 0