Homeചർച്ചാവിഷയം

അടിത്തട്ടു ജീവിതങ്ങളുടെ രാഷ്ട്രീയ അസാന്നിദ്ധ്യങ്ങള്‍

ല്ലാ ജാതി മത വിഭാഗങ്ങളും പ്രതിനിനിധീകരിക്കപ്പെടുന്ന ശബ്ദങ്ങള്‍ ഭരണകൂടത്തില്‍ സാന്നിധ്യമാകുക എന്നതാണ് മേധാവിത്തവാഴ്ചകളെയും ആധിപത്യ ബോധങ്ങളെയും നിവാരകമാക്കുന്നത്. ജനാധിപത്യം എന്നത് ഒരു ജീവിതക്രമമായി ഏറ്റെടുക്കപ്പെട്ടതും, അത് സുവിശേഷീകരിക്കുന്ന പ്രാതിനിധ്യ ഉള്‍ച്ചേര്‍ക്കല്‍ തത്വത്തിലാണ്. ഒരു രാഷ്ട്രീയ സംവിധാനത്താല്‍ ഒരു രാജ്യം അല്ലെങ്കില്‍ സമൂഹം നിയന്ത്രിക്കപ്പെടുകയോ ഭരിക്കപ്പെടുകയോ ചെയ്യുന്നതിനെയാണ് ഗവണ്മെന്‍റ് എന്നതുകൊണ്ട് അര്‍ത്ഥപ്പെടുത്തുന്നത്.അത്തരത്തില്‍, ഒരു ഗവണ്മെന്‍റ്, രാഷ്ട്രീയ ശരികളുടെ തുടര്‍ച്ചയായി നിലനില്‍ക്കണമെന്ന ലക്ഷ്യത്തില്‍ കേരളം ഒരിക്കല്‍ കൂടി ഇടതുതുടര്‍ച്ചക്ക് അവസരം നല്‍കിയിരിക്കുകയാണ് .

എം.എല്‍.എ ആയി തെരഞ്ഞെടുക്കപ്പെട്ട സി.കെ.ആശ തെരഞ്ഞെടുപ്പില്‍ വോട്ടു ചോദിക്കുന്നു

പ്രാതിനിധ്യം എന്നത് അതുകൊണ്ടു തന്നെ ഈ രാഷ്ട്രീയ ശരി തുടര്‍ച്ചയില്‍ ഒരു സുപ്രധാനചര്‍ച്ചാ വിഷയമായി ഉയര്‍ന്നു വരികയും ചെയ്യുന്നുണ്ട് . പുരോഗമന വിപ്ലവ ആശയ അഹ്വാനങ്ങള്‍ക്കപ്പുറത്ത് അടിത്തറ എന്നത് ജാതി മേധാവിത്വവും ആണാധികാരവും ഉള്‍ച്ചേര്‍ന്ന ഒന്നായി നിലനിര്‍ത്തുന്നു എന്നതിലാണ് രണ്ടാം പിണറായി സര്‍ക്കാറും വിവാദചര്‍ച്ചകളുടെ ഭാഗമാകുന്നത്. ജാതി ,ഭാഷ ,മത ,ലൈംഗിക ,ന്യൂനപക്ഷപ്രാതിനിധ്യ ശബ്ദങ്ങള്‍ പ്രതിജ്ഞാത്മകവും പക്ഷാന്തരവുമായി കേള്‍ക്കപ്പെടുന്ന ഇടങ്ങളാണ് ജനാധിപത്യത്തെ അര്‍ത്ഥപൂര്‍ണമാക്കുന്നത് എന്നതുകൊണ്ട് തന്നെ , അതിന്‍റെ ലംഘനങ്ങള്‍ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട് .ഈ തെരെഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അമ്പതു ശതമാനം മന്ത്രിമാര്‍ നായര്‍ വിഭാഗത്തില്‍ നിന്ന് മാത്രം ഉണ്ടാകുന്നതും അതെ സമയം ദളിത് വിഭാഗത്തില്‍ നിന്നും ഒരാള്‍ മാത്രം പ്രതിനിധിയാക്കപ്പെടുന്നതും ആശങ്ക ഉളവാക്കുന്നതിന്‍റെ സുപ്രധാന കാര്യം പ്രാതിനിധ്യ പ്രശ്നങ്ങളെ മുന്‍നിര്‍ത്തിയാണ് . 1957- 59 ലെ ഒന്നാം അസംബ്ളിയില്‍ ആറ് ,1960 -1964 ലെ രണ്ടാം അസംബ്ലിയില്‍ ഏഴ് ,1967 -70 ലെ മൂന്നാം അസംബ്ലിയില്‍ ഒന്ന് ,1970-71 ലെ നാലാം അസംബ്ലിയില്‍ രണ്ട് ,1977 -79 ലെ അഞ്ചാം അസംബ്ലിയില്‍ മൂന്ന് ,1980 -82 ലെ ആറാം അസംബ്ലിയില്‍ അഞ്ച് ,1982 -87ലെ ഏഴാം അസംബ്ലിയില്‍ അഞ്ച് ,1987 -91 ലെ എട്ടാം അസംബ്ലിയില്‍ എട്ട് ,1991 -96 ഒന്‍പതാം അസംബ്ലിയില്‍ എട്ട് ,1996 -2001 ലെ പത്താം അസംബ്ലിയില്‍ പതിമ്മൂന്ന് ,2001 -2006 ലെ പതിനൊന്നാം അസംബ്ലിയില്‍ ഒന്‍പത് ,2006 -2011 ലെ പന്ത്രണ്ടാം അസംബ്ലിയില്‍ ഏഴ് 2011 -16 ലെ പതിമൂന്നാം അസംബ്ലിയില്‍ ഏഴ് 2016 -21 ലെ പതിനാലാമത് അസംബ്ലിയില്‍ ഒന്‍പത് ,2021 – 26 ലെ പതിനഞ്ചാം അസംബ്ലിയില്‍ പതിനൊന്ന് എന്ന നിലയിലാണ് കേരള നിയമസഭയിലെ ഓരോ അസംബ്ലിയിലേയും വനിതാ പ്രതിനിധാനങ്ങള്‍ . ഇവരില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ആയിരുന്ന ഭാര്‍ഗവി തങ്കപ്പന്‍ പട്ടികജാതി വിഭാഗത്തെ പ്രതിനിധീകരിച്ചു അഞ്ച്, ആറ്, ഏഴ്, എട്ട്, പത്ത് അസംബ്ലിയിലും ,പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിയായി പി.കെ ജയലക്ഷ്മി പതിമൂന്നാം മന്ത്രിസഭയിലും ,സി.കെ ആശ വൈക്കം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചു തുടര്‍ച്ചയായി രണ്ടു നിയമസഭയിലും അംഗമായിട്ടുണ്ട് . എങ്കിലും മൊത്തം ജനസംഖ്യയില്‍ ഇരുപത് ലക്ഷത്തില്‍ അധികം വരുന്ന ദളിത് ക്രിസ്ത്യന്‍വിഭാഗങ്ങളുടെ പ്രതിനിധാനം 1957 മുതല്‍ ഇക്കാലം വരെ സാധ്യമായിട്ടില്ല എന്നതാണ് ചരിത്രപരമായ സത്യം. അതുകൊണ്ടുതന്നെ ദളിത് ക്രിസ്ത്യന്‍ സ്ത്രീ പ്രതിനിധാനം എന്നതുതന്നെ ഒരു വിഷയമായി ഉന്നയിക്കപ്പെടുന്നില്ല .

1931 ലെ സെന്‍സസ് പ്രകാരം പിന്നാക്ക ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ ജാതി ഗോത്ര വിഭാഗങ്ങളിലെ ജനസംഖ്യ നാടാര്‍ 168573 ,ചേരമര്‍ 157813 ,സാംബവര്‍ 71680 ,മുക്കുവന്‍ 30539 ,കത്തോലിക്ക അരസര്‍ 22560 ,ഭരതര്‍ 8669 കുറവര്‍ 8158 അയ്യനാര്‍ 6414 ,അരയന്‍ 3620 ,വണ്ണാന്‍ 2589 ,ഇളവന്‍ 2311 ,പല്ലന്‍ 2225 ,ചക്കരവര്‍ 2108 വേടന്‍ 2000 കരാളമുതലി 1582 ,കാവതി 1403 ,മരക്കാന്‍ 1301 വെള്ളാളന്‍ 1078 ,മറ്റുള്ളവ 8764 അകെ മൊത്തം 503387 (കടപ്പാട് വിനില്‍ പോള്‍). ഇതില്‍ ഏതാനും വിഭാഗങ്ങള്‍ കേരളത്തില്‍ നിലവില്‍ ഇല്ല എങ്കില്‍ കൂടിയും ,ഒരു വലിയ ജനസംഖ്യ ദളിത് ക്രിസ്ത്യന്‍വിഭാഗത്തിന്‍റേതായി ഉണ്ട് എന്നത് തിരസ്കരിക്കാന്‍ കഴിയില്ല .
ഇത്ര വലിയ സമുദായ സംഖ്യയെ പ്രതിനിധീകരിക്കുന്ന ഒരു രാഷ്ട്രീയ പ്രതിനിധിപോലും കേരള നിയമസഭയില്‍ ഇല്ല എന്നതിന്‍റെ അര്‍ഥം ജനാധിപത്യ സംവിധാനത്തില്‍ അവരുടെ പ്രശ്നങ്ങള്‍ ഉന്നയിക്കപ്പെടുന്നില്ല പരിഹരിക്കപ്പെടുന്നില്ല എന്നത് തന്നെയാണ്. മറ്റൊരര്‍ത്ഥത്തില്‍ ഇന്ത്യന്‍ ജനാധിപത്യത്തിലെ അദൃശ്യമാക്കപ്പെടുന്നവിഭാഗങ്ങള്‍ തന്നെയാണ് ദളിത് ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ .ദളിത് ക്രിസ്ത്യന്‍ വിഭാഗത്തിന്‍റെ പ്രശ്നങ്ങളെ പ്രതിനിധീകരിക്കുവാന്‍ പട്ടിക ജാതി വര്‍ഗ വിഭാഗത്തിലെ പ്രതിനിധികള്‍ക്ക് കഴിയില്ല എന്നതും ഒരു സാമൂഹിക യാഥാര്‍ഥ്യമാണ്. അങ്ങനെ എങ്കില്‍ ദളിത് ക്രിസ്ത്യന്‍ ,ദളിത് സ്ത്രീ പ്രതിനിധികള്‍ ഇല്ലാതെ പോകുന്നത് ഗുരുതരമായ പ്രശ്നങ്ങളെയാണ് സൂചിപ്പിക്കുന്നത് . ക്രിസ്ത്യന്‍ ന്യൂനപക്ഷ പ്രതിനിധികളോ പട്ടിക ജാതി വര്‍ഗ വിഭാഗ പ്രതിനിധികളോ ഗൗരവമായി ഈ പ്രശ്നത്തെ കൈകാര്യം ചെയ്തിട്ടുമില്ല .
പട്ടികജാതി വര്‍ഗ വിഭാഗങ്ങളെ പ്രതിനിധീകരിച്ച പലരും ഏതെങ്കിലും ക്ഷേമ പദ്ധതികളെ രൂപപ്പെടുത്തുക എന്നതിനപ്പുറത്ത്, ജാതി ഒരു സുപ്രധാന സാമൂഹിക വിഷയമായി ഉന്നയിച്ചവരായിരുന്നില്ല . ജാതിയെ അഭിസംബോധന ചെയ്യാത്ത ഇടതുപക്ഷവും വലതു പക്ഷവും നേതൃത്വം കൊടുത്ത മുന്നണികളുടെ ഭാഗമായിരുന്നു അവര്‍. പൊതുവായ ദളിത് പ്രാതിനിധ്യം എന്നത് ഇത്ര പ്രശ്നവല്‍കൃതമാകുമ്പോള്‍ ദളിത് സ്ത്രീ പ്രാതിനിധ്യം എന്നത് എത്ര ഗൗരവമായി കാണേണ്ട ഒന്നാണ് എന്ന് ആലോചിക്കേണ്ടതാണ്. പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന പതിനഞ്ചാം നിയമസഭയില്‍ ദളിത് വിഭാഗത്തിന് മൊത്തം പ്രതിനിധിയായുള്ളവരില്‍ ഒരാള്‍ ദേവസ്വം മന്ത്രിയായി ചുമതലയുള്ള കെ.രാധാകൃഷ്ണനാണ്. എന്നാല്‍ അദ്ദേഹം കൈകാര്യം ചെയ്യുന്ന വകുപ്പിന്-ദളിതരുമായുള്ള ബന്ധം ചരിത്രപരമായി തന്നെ പ്രശ്നഭരിതമാണ് എന്നതാണ് യാഥാര്‍ഥ്യം. വീണ ജോര്‍ജിനൊപ്പം രണ്ടാം തവണയും തുടര്‍ച്ചയായി തെരെഞ്ഞെടുക്കപ്പെട്ട സി. കെ ആശയെ ഒരു മന്ത്രിയായി പരിഗണിച്ചില്ല എന്നതും ജാതി അവഗണന തന്നെയാണ്. ജാതിയെ അഭിസംബോധന ചെയ്യാത്ത ഇടതുപക്ഷത്ത് ഈ പ്രതിനിധികള്‍ക്ക് ദളിത് പ്രശ്നങ്ങളെ എങ്ങനെ അഭിസംബോധന ചെയ്യാന്‍ കഴിയും എന്നതും ഒരു സുപ്രധാന ചോദ്യമാണ്. ദളിത് വിഭാഗത്തില്‍ നിന്നും ഒരു മന്ത്രിയില്ലേ എന്നതും ദളിത് സ്ത്രീ വിഷയങ്ങളെ കൈകാര്യം ചെയ്യുവാന്‍ പ്രതിനിധീകരിക്കുവാന്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ള പുരുഷന് കഴിയില്ലേ എന്നതും ഒരു സ്വാഭാവിക ചോദ്യമായി ഉയര്‍ന്നു വന്നേക്കാം . പൂര്‍ണമായും കഴിയില്ല എന്നത് തന്നെയാണ് അതിനുള്ള ഉത്തരവും .ജാതി ,സാമൂഹിക നില ,സാമ്പത്തിക ചുറ്റുപാടുകള്‍ ,സാമൂഹിക അനുഭവങ്ങള്‍ എന്നിവ പൊതുവായിരിക്കെ ദളിത് സ്ത്രീ പ്രതിനിധാനം എന്നത് ഒരു അമിത ആശങ്കയാണ് എന്ന പൊതുധാരണയിലാണ് സമൂഹം നിലനില്‍ക്കുന്നത്. സ്ത്രീകള്‍ പൊതുവായി അസമത്വങ്ങള്‍ ,അതിക്രമങ്ങള്‍ എന്നിവ നേരിടുന്ന വിഭാഗങ്ങള്‍ ആയിരിക്കെ, ഭൂരാഹിത്യം, ജാതീയമായ പിന്നാക്കാവസ്ഥ , വിദ്യാഭ്യാസ അസമത്വം ,പുരുഷമേധാവിത്തം എന്നിവ ദളിത് സ്ത്രീകളുടെ ജീവിതാവസ്ഥകളെ സവര്‍ണ്ണ സ്ത്രീയുടേതില്‍ നിന്നും, സവര്‍ണ്ണ പുരുഷന്‍റേതില്‍ നിന്നും ദളിത് പുരുഷനില്‍ നിന്നും കൂടുതല്‍ സങ്കീര്‍ണമാക്കി മാറ്റുന്നു.ഭൂരഹിത തൊഴിലാളി എന്ന നിലയില്‍ തൊഴിലുടമകളില്‍ നിന്നുള്ള അദ്ധ്വാനപരവും, ലൈംഗികപരവുമായ ചൂഷണങ്ങള്‍, കുറഞ്ഞ വേതന നിരക്ക് എന്നിവ ദളിത് സ്ത്രീ അവസ്ഥകളെ ദുര്‍ഘടമാക്കുന്നു. ജാതി നിലയിലെ പിന്നാക്കാവസ്ഥ ദളിത് പുരുഷനൊപ്പം ദളിത് സ്ത്രീയും അഭിമുഖീകരിക്കുന്ന പ്രശ്നമാണെങ്കിലും ,പുരുഷ മേധാവിത്തപരമായ സാമൂഹിക ക്രമത്തില്‍ അതിന്‍റെ കൈമാറ്റമൂല്യം സ്ത്രീക്കും പുരുഷനും തുല്യമല്ല എന്നതാണ് വാസ്തവം . വിവേചനത്തിന്‍റെ ഇടങ്ങളെ മനസിലാക്കുകയും അതിനെ പൊതു സമൂഹത്തില്‍ പ്രതിഫലിപ്പിക്കുവാനും ശേഷിയുള്ള ദളിത് സ്ത്രീ സാന്നിധ്യങ്ങള്‍ പ്രതിനിധികള്‍ ആകുന്നതാണ് പ്രശ്ന പരിഹാരങ്ങള്‍ക്ക് കൂടുതല്‍ അഭികാമ്യമായ മാര്‍ഗം .സലീന പ്രക്കാനം ,സി.കെ ജാനു ,ജി ഗോമതി തുടങ്ങിയവര്‍ ഇത്തരം പ്രശ്നങ്ങളെ ആന്തരികവല്‍ക്കരിച്ചവരും പ്രതിഷേധാത്മകമായി ശബ്ദം ഉയര്‍ത്തിയവരുമാണ്. എങ്കിലും കേരളത്തിലെ പൊതുസമൂഹം അവരെ അര്‍ഹിക്കുന്ന നിലയില്‍ പിന്തുണച്ചില്ല എന്നതാണ് വാസ്തവം .ഭൂരാഹിത്യത്തിന്‍റെ, ജാതി , ലിംഗ വര്‍ണ്ണ വിവേചനത്തിന്‍റെ അനുഭവങ്ങളെ , പ്രവര്‍ത്തനങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും നേരിട്ടറിഞ്ഞവര്‍ക്കേ അതിനെ സംബന്ധിച്ച പരിഹാര പദ്ധതികളെ രൂപപ്പെടുത്തുവാന്‍ കഴിയുകയുള്ളൂ എന്നത് പരിഗണിക്കപ്പെടേണ്ട വസ്തുതയാണ്.
സ്ത്രീ പുരുഷ പ്രതിനിധ്യത്തിനൊപ്പം ഉന്നയിക്കപ്പെടേണ്ട പ്രശ്നങ്ങളില്‍ ഒന്നാണ് ട്രാന്‍സ് ജെന്‍ഡര്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ എന്നിവരുടെ പ്രശ്നങ്ങള്‍. സാമൂഹികമായും സാമ്പത്തികമായും സാംസ്കാരികമായും മറ്റു വിഭാഗങ്ങളെക്കാള്‍ ഏറ്റവും താഴെ തട്ടില്‍ നില്‍ക്കുന്നവരാണ് ഈ വിഭാഗങ്ങള്‍. 2015 ലാണ് കേരളത്തില്‍ ട്രാന്‍സ് ജെന്‍ഡര്‍ പോളിസി നടപ്പിലാക്കുന്നത് .എങ്കിലും കേരളത്തില്‍ അടുത്ത കാലത്തുമാത്രമായി ട്രാന്‍സ്ജെന്‍ഡര്‍ ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെട്ടവരുടെ മരണങ്ങള്‍ കൊലപാതകങ്ങള്‍ എന്നിവ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്.കേരളത്തില്‍ 25000 ല്‍ അധികം ആളുകളാണ് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങളില്‍ പെടുന്നവരായി ഉള്ളത് . ഈ വിഭാഗങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ അവയുടെ പരിഹാരങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി നിര്‍ണയിക്കുവാന്‍ കഴിയുന്നത് അവരുടെ സാമൂഹിക സാഹചര്യങ്ങളെ മനസിലാക്കുവാന്‍ കഴിയുന്ന ഇതേ വിഭാഗത്തിലുള്ളവര്‍ക്ക് തന്നെയാണ്. അതെ സമയം വിദ്യാഭ്യാസപരവും ജാതീയപരവും വര്‍ണ്ണപരവുമായി പിന്നാക്കം നില്‍ക്കുന്ന ദളിത് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങളെ സവിശേഷമായി കൂടി പരിഗണിക്കേണ്ടതുണ്ട് .
പ്രതിനിധാനം ആവശ്യമായി വരുന്ന ജാതി ലിംഗ വിഭാഗങ്ങളെ സാമൂഹിക സാഹചര്യങ്ങളുടെയും ജീവിത സൂചികകളുടെയും അടിസ്ഥാനത്തില്‍ മനസിലാക്കുമ്പോള്‍ മാത്രമാണ് പ്രതിനിധാനം എന്നത് ഏറെ ഗൗരവമുളള വിഷയമാണെന്ന് മനസിലാക്കുവാന്‍ കഴിയുകയുള്ളൂ. ഭൂവുടമസ്ഥതയുടെ, വിദ്യാഭ്യാസത്തിന്‍റെ, വിദാഭ്യാസസ്ഥാപന ഉടമസ്ഥതയുടെ, രാഷ്ട്രീയ പങ്കാളിത്തത്തിന്‍റെ ആകെ കണക്കില്‍ ഭൂരിപക്ഷ പങ്കാളിത്തമുള്ള ,കേരളത്തിലെ നായര്‍ വിഭാഗത്തിന് ഇടതുഭരണ തുടര്‍ച്ചയിലും അമ്പത് ശതമാനം ഓഹരി നല്‍കി ,വനിതാ മന്ത്രിമാരില്‍ സവര്‍ണ്ണ പങ്കാളിത്തം പൂര്‍ണമായി നടപ്പിലാക്കിയ ഇടതു പക്ഷത്തോട് പ്രതിനിധാനം ഒരു പ്രശ്നമാണ് എന്ന് പറയുന്നത്, ജനാധിപത്യം എന്നത് എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന ഘടന ആയതുകൊണ്ടും, ആ ഘടനയില്‍ എല്ലാവിഭാഗത്തിലുള്ള മനുഷ്യരും നിലനില്‍ക്കുന്നു എന്നത് കൊണ്ടുമാണ്. പ്രതിനിധാനം എന്നതിന്‍റെ അര്‍ഥം ഏതെങ്കിലും സമുദായത്തിന്‍റെ പ്രബലതയുടെ പ്രതിനിധാനം എന്നാണെങ്കില്‍ അതിനെ ഉള്‍ക്കൊള്ളേണ്ട ഇടം ജനാധിപത്യമല്ല എന്ന് നമ്മുടെ രാഷ്ട്രീയ ധാരണകളെ തിരുത്തേണ്ടതുണ്ട്. ജനാധിപത്യം ശോഭിക്കേണ്ടത് ഉള്‍ച്ചേര്‍ക്കലുകളുടെ തിളക്കം കൊണ്ടാവണം. ജനാധിപത്യത്തിന് ഇടര്‍ച്ചയുള്ളത് ഏകമാന സ്വഭാവങ്ങളോടും പ്രതിനിധാനങ്ങളോടും ആണ് .അപരത്വത്തോടുള്ള കരുതല്‍ കൂടിയാണത്. അതുകൊണ്ടു തന്നെ ഇടതുപക്ഷത്തിന്‍റെ രാഷ്ട്രീയ പ്രതിനിധാനങ്ങളോടുള്ള വിയോജിപ്പുകള്‍ പ്രകടിപ്പിക്കേണ്ടതുണ്ട്. എണ്ണപ്പെടുന്നവരുടെ പട്ടികയില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും ലൈംഗിക ന്യൂനപക്ഷങ്ങളും ഉണ്ടാകണം.
അതുകൊണ്ട് തന്നെ സാമൂഹിക അടിത്തട്ട് ജീവിതങ്ങള്‍ കണക്കിലാക്കപ്പെടേണ്ടവരല്ല എന്ന സവര്‍ണ ചിന്തയുടെ രാഷ്ട്രീയ പ്രതിഫലനം കൂടിയാണ് കേരളത്തിന്‍റെ പതിനഞ്ചാം നിയമസഭ എന്നതില്‍ വസ്തുതാപരമായി തര്‍ക്കമുണ്ടാവില്ല.

 

ലിന്‍സി തങ്കപ്പന്‍
മഹാത്മാഗാന്ധി സര്‍വകലാശാലയിലെ
സ്കൂള്‍ ഓഫ് ലെറ്റേസില്‍ ഗവേഷക