2022 ജൂണ്‍ 1 ന് ഉച്ചയ്ക്ക് 2 മണി മുതല്‍ തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടന്ന ‘അതിജീവിതയ്ക്കാപ്പം സാംസ്കാരിക കേരളം’ എന്ന ഐക്യദാര്‍ഢ്യ പരിപാടി പലതുകൊണ്ടും ശ്രദ്ധേയമായിരുന്നു.കഴിഞ്ഞ 5 വര്‍ഷമായി നീതിക്കുവേണ്ടി പോരാടിക്കൊണ്ടിരിക്കുന്ന അവര്‍ക്കൊപ്പം നില്ക്കേണ്ടത് നീതിബോധമുള്ള ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. അവള്‍ക്കൊപ്പം മാത്രമല്ല അതിജീവിതരായരും ,നീതി നിഷേധിക്കപ്പെടുന്നവരുമായ എല്ലാ സ്ത്രീകള്‍ക്കുമൊപ്പം ഞങ്ങള്‍ ഉണ്ടാവും എന്ന പ്രതിജ്ഞ സിനിമ ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ചൊല്ലിക്കൊടുത്തത് സദസ്സ് ഒന്നാകെ ഏറ്റുചൊല്ലിക്കൊണ്ടു നടന്ന ഉദ്ഘാടന പരിപാടി വ്യത്യസ്തമായ ഒരു ഐക്യദാര്‍ഡുമായിരുന്നു.
സാറാ ജോസഫ്, കെ.അജിത, വൈശാഖന്‍ ,ടി.ഡി.രാമകൃഷ്ണന്‍, പാര്‍വ്വതി പവനന്‍ ,സി.എസ്.ചന്ദ്രിക, സിസ്റ്റര്‍ ജെസ്മി, ബൈജു കൊട്ടാരക്കര ജിയോബേബി, മൈത്രേയന്‍ ,വി.എസ് സുനില്‍കുമാര്‍തുടങ്ങിയ വിവിധ മേഖലകളിലുള്ള വരൂടെ ഐക്യദാര്‍ഢ്യ പ്രസംഗങ്ങളും വി.എം.ഗിരിജ ,പി .എന്‍ ഗോപീകൃഷ്ണന്‍, വി ജയരാജമല്ലിക, ബള്‍ക്കീസ് ബാനു ,നഫീസത്ത് ബീവി, ബിലു സി.നാരായണന്‍, – വി.ആര്‍.പ്രഭ, അനുപാപ്പച്ചന്‍ തുടങ്ങിയവരുടെ കവിതകളും,സിതാര കൃഷ്ണകുമാര്‍, രശ്മി സതീഷ്, മാര്‍ട്ടിന്‍ ഊരാളി, ചെമ്പരുന്ത് റോക്കിംഗ് ഫോക്സ് തുടങ്ങിയവരുടെ പാട്ടുകളും ഐക്യദാര്‍ഡ്യത്തിന്‍റെ ഭാഗമായി നടന്നു.ശ്രീജ ആറങ്ങോട്ടുകരയും സംഘവും അവതരിപ്പിച്ച നാടകം, അജിത കല്യാണിയുടെ ഏകാംഗ നാടകം ,സുലേഖ ജോര്‍ജ്ജ്, ശീതള്‍ ശ്യാം , ഐശ്വര്യ, തുമ്പി’, സംഗീത ,സോന തുടങ്ങി നിരവധി പേരുടെ ഡാന്‍സുകളും ഐക്യദാര്‍ഢ്യത്തെ മിഴിവുറ്റതാക്കി. ആലങ്കോട് ഹരിയുടെ ഒരു മണിക്കൂര്‍ നീണ്ട സന്തുര്‍വാദനം അതിജീവിതയോടുള്ള ഐക്യപ്പെടലായിരുന്നു. നീതി നിഷേധിക്കുന്നവരുടെ ഒപ്പം നില്‍ക്കലാണ് സംസ്കാരമെന്നും ഒപ്പം നില്‍ക്കുന്നവരാണ് സാംസ്കാരിക പ്രവര്‍ത്തകരെന്നും സംഘാടക സമിതിയുടെ കണ്‍വീനര്‍ പ്രൊഫ: കുസുമം ജോസഫ് അധ്യക്ഷ പ്രസംഗത്തില്‍ സൂചിപ്പിച്ചതു പോലെ വ്യവസ്ഥാപിത സാംസ്കാരിക പ്രവര്‍ത്തകരായിരുന്നില്ല ഐക്യദാര്‍ഢ്യവുമായി ഒത്തുചേര്‍ന്നവര്‍.”നമ്മൾ അതിജീവിതയ്ക്കൊപ്പം ” ജസ്റ്റിസ് ഫോർ അതിജീവിത എന്നീ വാട്ട്സാപ്പ് കൂട്ടായ്മകളുടെയും നീതി ആഗ്രഹിക്കുന്ന വ്യക്തികളുടെയും മുൻകയ്യിൽ ചുരുങ്ങിയ സമയം കൊണ്ടായിരുന്നു സംഘാടനം . കേസിന്‍റെ നാള്‍വഴികള്‍ സംഘാടക സമിതിയുടെചെയര്‍പേഴ്സണ്‍ അഡ്വ: ആശ അവതരിപ്പിച്ചു.എം.സുല്‍ഫത്ത് സ്വാഗതവും ജോളി ചിറയത്ത് നന്ദിയും പറഞ്ഞു.
പ്രതിജ്ഞ:
നീതിക്കുവേണ്ടി പോരാടിക്കൊണ്ടിരിക്കുന്ന അതിജീവിതക്കൊപ്പമാണ് ഞങ്ങള്‍. അവരുടെ പോരാട്ടം എത്ര നീണ്ടു നിന്നാലും എന്തു പ്രതിസന്ധി നേരിട്ടാലും, ലോകത്തിന്‍റെ ഏത് കോണിലിരുന്നായാലും ഞങ്ങള്‍ അവള്‍ക്കൊപ്പം ഉണ്ടാകും. ഭരണകൂടമോനീതിന്യായ സംവിധാനങ്ങളോ നീതി നിഷേധിച്ചാല്‍ അതിജീവിത നടത്തുന്ന പോരാട്ടങ്ങള്‍ക്ക് വിജയം വരെ അവളോടൊപ്പം ഞങ്ങളും ഉണ്ടാകും. എല്ലാ അതിജീവിതകള്‍ക്കും നീതി നിഷേധിക്കപ്പെടുന്ന സ്ത്രീകള്‍ക്കും ഒപ്പമായിരിക്കും ഞങ്ങള്‍ എന്നും 2022 ജൂണ്‍ 1ന് തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ അതിജീവിതയ്ക്ക് ഐക്യദാര്‍ഡ്യവുമായി ഒത്തുചേര്‍ന്ന ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു.
COMMENTS