വനിതാ അദ്ധ്യാപികമാരേ ‘ടീച്ചറമ്മ’ എന്ന് വിശേഷിപ്പിക്കുന്ന സമൂഹമാണല്ലോ നമ്മുടെ. ഒരുതരത്തിലും ‘അമ്മത്ത്വം’ത്തില്‍ നിന്ന് ഒരു പ്രൊഫഷണലായ സ്ത്രീയ്ക്കുകൂടി രക്ഷപ്പെടലില്ല എന്നു തന്നെ അര്‍ത്ഥം. പുറത്തേക്ക് പോകുന്ന സ്ത്രീ തന്റെ കാലില്‍ കുടുംബം എന്ന കല്ല് കെട്ടി വേച്ചു വേച്ചാണ് നടക്കുക എന്ന് എവിടെയോ വായിച്ചൊരു ഓര്‍മ്മയുണ്ട്. ഇതെല്ലാം ക്ലീഷേ അല്ലെയെന്ന് ചോദിച്ചാല്‍ അസ്വസ്ഥതയോടെ ‘അതെ’ എന്നു തന്നെ പറയേണ്ടിവരും. ബാക്കി വഴിയേ വിവരിക്കാം. ഞാനൊരു കോളേജദ്ധ്യാപികയാണ്. കോവിഡ് 19 രൂക്ഷമാകുകയും പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍ വീട്ടമ്മമാരുടെ ജോലിഭാരം കൂടുകയാണുണ്ടായതെന്ന് നമ്മല് കണ്ടതാണ്. നിരവധി സര്‍വ്വേകള്‍ നടക്കുകയും സ്ത്രീകള്‍ ചായയിടുന്ന എണ്ണം കൂടുകയും ചെയ്തുകൊണ്ടിരിക്കുന്നു. അപ്പോഴാണ് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ എന്ന വിപ്ലവം കേരളത്തില്‍ സംഭവിക്കുന്നത്.
പണ്ടുമുതലേ സ്വകാര്യ ഇടം-പൊതുവിടം എന്ന അതിര്വരമ്പൊന്നും സ്ത്രീകളെ സംബന്ധിച്ച് പ്രായോഗികമല്ലാന്ന് സമൂരം തന്നെ നമ്മെ ബോദ്ധ്യപ്പെടുത്തി തന്നിട്ടുണ്ട്. അപ്പോഴാണ് നമ്മുടെയിടയിലേക്ക് ‘വര്‍ച്ച്വല്‍’ ലോകം തുറന്നുവരുന്നത്. വീട്ടിലിരുന്ന് പഠിക്കുന്നു, പഠിപ്പിക്കുന്നു. സ്ത്രീകളായ അദ്ധ്യാപികമാര്‍ എങ്ങനെയായിരിക്കണം ഇതിനെ സ്വീകരിച്ചത്? സ്വതവേ സ്ത്രീകളെ കുറിച്ചുള്ള ഒരു ആക്ഷേപം അവര്‍ സാങ്കേതികതയുടെ കാര്യത്തില്‍ പുറകോട്ടാണ് എന്നുള്ളതാണ്. ആദ്യം കേട്ടത് വാട്സാപ്പ് പോലും മര്യാദയ്ക്ക് ഉപയോഗിക്കാന്‍ അറിയാത്ത ഇവര്‍ എങ്ങനെ ക്ലാസ്സുകള്‍ നടത്തും എന്നുള്ളതാണ്. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനു മുന്‍പ് നമ്മള് കാണേണ്ട ചില സാമൂഹിക യാഥാത്ഥ്യങ്ങള് കൂടിയുണ്ട്. കാലാകാലങ്ങളായി നമ്മള് ഉന്നയിക്കുന്ന ചോദ്യമാണിവിടെ പ്രധാനം – സ്ത്രീകള്ക്കെവിടെയാണ് സ്വന്തമായി കുറച്ച് സമയമുള്ളത്. ഓണ്‍ലൈനായാലും ഓഫ് ലൈനായാലും അവള്‍ക്കു മാത്രം കല്പ്പിച്ചു കിട്ടിയ സമയപരിധികള്‍ ഉണ്ട്. രാത്രി മെസഞ്ചറിലും വാട്സാപ്പിലും പച്ച ലൈറ്റ് കണ്ടാല്‍ തന്നെ പ്രശ്നമാണ്. പിന്നെയാണ് നൂതന സാങ്കേതിക വിദ്യയെക്കുറിച്ച് അപ്ഡേറ്റാവല്! നടക്കുന്ന കാര്യം തന്നെ എന്ന് തോന്നാം. എന്നാല്‍ അതേ സമൂഹമാണ് ഒരാവശ്യം വന്നപ്പോള്‍ മര്യാദയ്ക്കുള്ള ആംഗിളില്‍ ഒരു ഫോട്ടോ പോലും എടുക്കാനറിയാത്തവള് എങ്ങനെ ഓണ്‍ലൈന്‍ ക്ലാസ്സെടുക്കും എന്ന് കളിയാക്കിയത്. ഇയൊരു ആരോപണം സാങ്കേതികതയുടെ കാര്യത്തില്‍ മാത്രമല്ല എല്ലാ മേഖലയിലും സ്ത്രീകള്‍ നേരിടുന്നതാണല്ലൊ. സാഹിത്യമായിക്കോട്ടെ, ശാസ്ത്രമായിക്കോട്ടെ, വേറെയെന്ത് ക്രിയാത്മകമായ മേഖലയായിക്കോട്ടെ – അവള്‍ക്കുള്ള ക്വാളിറ്റി സമയം അപഹരിക്കുകയും പിന്നീടവളുടെ ക്വാളിറ്റിയെ ചോദ്യം ചെയ്യുക എന്നുള്ളത് നമ്മുടെ ശീലമായിപ്പോയി. ഇത്രയും പറഞ്ഞത്, ഈ ആരോപണങ്ങളിലെ അപകര്ഷതയില് നിന്നുകൊണ്ടാണ് മിക്ക വനിതാ അദ്ധ്യാപികമാരും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിച്ചതെന്ന് പറയാന്‍ വേണ്ടിയാണ്.
ഇനി കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി ക്ലാസ്സുകള്‍ എടുക്കാന്‍ തുടങ്ങിയെന്നിരിക്കട്ടെ, പ്രശ്നങ്ങള്‍ തുടങ്ങുന്നതേയുള്ളൂ. കേരള സര്‍ക്കാര്‍ വിക്ടേഴ്സ് ചാനലിലൂടെ കാസ്സുകള്‍ ആരംഭിച്ചപ്പോള്‍ ചില അദ്ധ്യാപികമാര്‍ സോഷ്യല്‍ മീഡിയയില്‍ നേരിടേണ്ടി വന്ന അശ്ലീല പരാമര്‍ശങ്ങള്‍ നമ്മള് കണ്ടതാണല്ലൊ. സ്ത്രീകളെ വര്‍ച്ച്വല്‍ സ്ക്രീനില്‍ കണ്ടാല്‍ ഇന്നും നമ്മുടെ സമൂഹത്തിന് വിറളി പിടിക്കും – ഇതൊരു അപൂര്‍വ്വ അസുഖമാണ് – മുഖം വെളിപ്പെടുത്താതെ തന്നെ സോഷ്യല്‍ മീഡിയയില്‍ എന്ത് വൃത്തികേടും പടച്ചുവിടാം എന്നുള്ള ഒരുതരം ധൈര്യം. തുടര്‍ന്ന് ഓണ്‍ലൈന്‍ വീഡിയോ ക്ലാസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍, അല്ലെങ്കില്‍ ‘ചിലര്‍’ അദ്ധ്യാപികമാരുടെ ‘ചില’ ഭാഗങ്ങള്‍ മാത്രം സ്ക്രീന്‍ ഷോട്ടെടുക്കുന്ന വേറെയൊരു അസുഖം കൂടിയുണ്ട്. ഈ ‘ചിലര്‍’ ചെയ്യുന്ന വൃത്തികേടിന് സേഫ്റ്റി മെഷര്‍ എടുക്കേണ്ടി വരുന്നതും അദ്ധ്യാപികമാര്‍ക്ക് തന്നെ – അവര്‍ക്കു കിട്ടുന്ന ഉപദേശം വൃത്തിയുള്ളതും മാന്യമായതുമായ വേഷം ധരിച്ച് ക്ലാസ്സെടുക്കണം എന്നുള്ളതാണ്. സീനിയര്‍ അദ്ധ്യാപികമാര്‍ മുതല്‍ വീട്ടിലെ പുരുഷന് വരെ സമര്‍പ്പിക്കുന്ന ഉപദേശമിതാണ്. അതായത് സ്ക്രീന്‍ഷോട്ടുകളെ തടയാന്‍ പറ്റില്ല – നീ ശ്രദ്ധിക്ക് എന്ന മട്ട്. ഇതും സ്വാഭാവികമായി സ്ത്രീകള്‍ കേള്ക്കുന്നതാണല്ലൊ – ഓഫ്ലൈനായും ഓണ്‍ലൈനായും (ഇല-മുള്ള് പഴഞ്ചൊല്ല് ഓര്‍ക്കുക)
ഇനിയാണ് അതിഭീകരമായ മറ്റൊരു പ്രശ്നം ‘വര്‍ക്ക്-ഫ്രം-ഹോം’ കാഴ്ച വയ്ക്കുന്നത്. ഭാര്യ, അമ്മ, ചേച്ചി, മകള്‍, അനിയത്തി – ഇവരെല്ലാം വീട്ടില്‍ തന്നെയുണ്ടല്ലൊ. അതുകൊണ്ട് വീട്ടിലെ ജോലിയും, തൊഴിലും എല്ലാം ഒരൊറ്റ കുടക്കീഴില്. ക്യാമറയുടെ മുന്നില്‍ നിന്നും അടുക്കളയിലെ ചോറ് വെന്തോന്ന് നോക്കാനുള്ള റിലേ മത്സരത്തിലാണ് ഇപ്പോഴത്തെ അദ്ധ്യാപികമാര്‍. അതിനിടയില്‍ ക്ലാസ്സെടുക്കാനുള്ള പ്രിപ്പറേഷനുള്ള സമയം സ്വയം ഗ്രേഡ് ടൈം ഉണ്ടാക്കി ചെയ്തെടുക്കണം. ഓണ്‍ലൈനായി പഠിപ്പിക്കുന്നവര്ക്കറിയാം പണ്ടത്തേക്കാള്‍ എത്രയോ കഷ്ടപ്പെട്ടിട്ടാണ് ഓരോ ക്ലാസ്സും എടുക്കുന്നതെന്ന്. ക്ലാസ്സുകളുടെ ഗുണനിലവാരത്തിന് കോട്ടം തട്ടാതെയിരിക്കാനുള്ള എല്ലാ വഴികളും തപ്പിപ്പോയി പ്രായോഗികമാക്കാനുള്ള ഓട്ടമാണ് ഓരോ ടീച്ചറുടേയും ജീവിതം. പുരുഷാധ്യാപകര്‍ ഭൂരിഭാഗം പേര്‍ക്കും ഈ ഓട്ടം മാത്രം നടത്തിയാല്‍ മതി. ഗാര്‍ഹികമായ മറ്റു ഉത്തരവാദിത്തങ്ങളുടെ റിലേയില്‍ അവര്‍ക്ക് പങ്കെടുക്കേണ്ട. അദ്ധ്യാപികമാര്‍ ഓണ്‍ലൈന്‍ പഠനത്തില്‍ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് സംസാരിക്കാന്‍ വേണ്ടി ഒരു മീറ്റിംഗ് കൂടിയപ്പോള്‍ അതിലൊരു അദ്ധ്യാപിക ചോദിച്ച ഒരേയൊരു ചോദ്യം വീട്ടുജോലി കുറയ്ക്കാന ഏതെങ്കിലും വഴിയുണ്ടോ എന്നാണ്. ആകെയുള്ള പോംവഴി ജോലി വീതിക്കുക എന്നുള്ളതാണെന്ന് അറിയിച്ചപ്പോള്‍ മറ്റൊരു ടീച്ചര്‍ അഭിപ്രായപ്പെട്ടത് ജീവിതം കുട്ടിച്ചോറാവും എന്നുള്ളതാണ്. എന്നാണിതിന് സമഗ്രമായ ഒരു മാറ്റം സംഭവിക്കുക? ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ അദ്ധ്യാപികമാരുടെ ശാരീരികവും മാനസികവുമായ ഭാരം വര്‍ദ്ധിപ്പിക്കുകയാണുണ്ടായത്. പല അദ്ധ്യാപികമാര്‍ക്കും ഒരുതരത്തിലുള്ള വിശ്രമവും ആശ്വാസവും എന്തിനധികം പറയുന്നു – …… വായിക്കാന്‍ പോലും സാധിച്ചിരുന്നത് കോളേജില്‍ വരുമ്പോഴാണെന്ന് പറയാറുണ്ട്. ഇപ്പോഴാ ഒഴിവുസമയം അവര്‍ക്ക് നിഷേധിക്കപ്പെട്ടു. രാത്രി വരെ ഓണ്‍ലൈന്‍ വേദികളില്‍ പുരുഷന്മാര് ചര്‍ച്ചകളില്‍ പങ്കെടുക്കുമ്പോഴും രാത്രിയായാല്‍ അദ്ധ്യാപികമാര്‍ അത്താഴം ഒരുക്കുന്നതിന്റേയും കുട്ടികളെ ഉറക്കുന്നതിന്റേയും തിരക്കിലായിരിക്കും. പുരുഷാധ്യാപകര്‍ അക്കാദമിക് പേപ്പറുകള്‍ എഴുതാന്‍ സമയം കണ്ടെത്തുമ്പോള്‍ അധ്യാപികമാര്‍ അടുത്ത ദിവസത്തേക്കുള്ള ക്ലാസ് എടുക്കാനുള്ള തയ്യാറെടുപ്പിനുള്ള സമയം കണ്ടെത്താന്‍ പാടുപെടുകയായിരിക്കും.
ഇതു ഏറ്റവും ചുരുങ്ങിയ രീതിയിലാണ് പ്രശ്നങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്. കൂടുതല്‍ സമയം ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്തുന്നതിന് വീട്ടിലുള്ള അദ്ധ്യാപികമാര്‍ കേള്‍ക്കേണ്ടിവരുന്ന പഴികളും അവരെ ഇടംവലം തിരിയാന്‍ സമ്മതിക്കാതെയുള്ള നിരീക്ഷിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ അതിലും ഭീകരമാണ്. അധ്യാപികമാര്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളുടേയും സാങ്കേതികതയുടേയും വിവിധ മേഖലകളില്‍ പ്രാവിണ്യം നേടിക്കൊണ്ടിരിക്കുന്നു എന്നുള്ളത് വളരെ ധനാത്മകമായ കാര്യമാണ്, സംശയമില്ല. എന്നാല്‍ പുറംലോകം എന്നുള്ളത് വര്‍ച്ച്വല്‍ മാധ്യമം ആണെന്നിരിക്കെ, ആ ലോകം എന്നത്തേയും പോലെ പല രീതിയിലും ഇപ്പോഴും അധ്യാപികമാര്‍ക്ക് നിഷിദ്ധമാണ്. ഇതിനെക്കുറിച്ചുള്ള പോംവഴികളാണാവശ്യം. ജോലിയുടെ നീതിപൂര്‍ണ്ണമായ പങ്കിടല്‍ (division of labour) നടക്കാത്ത കാലത്തോളം വര്‍ച്ച്വല്‍ ലോകവും സ്തീയോട് പക്ഷപാതം കാണിച്ചുകൊണ്ടേയിരിക്കും.
കെ.ആർ. രാഗി
COMMENTS