അതിജീവിത എന്ന വാക്കു കേള്‍ക്കുമ്പോളും വായിക്കുമ്പോളും ആക്രമിക്കപ്പെട്ട നടിയെ ആണ് മലയാളി ഓര്‍ക്കുന്നത്. അത് ഒരു കുറ്റമല്ല. എന്തുകൊണ്ടെന്നാല്‍ പീഡിതയായ “ഇര” എന്ന പദവിയില്‍ നിന്ന് ‘അതിജീവിത’യിലേക്കെത്തിച്ചേരാന് കേരളീയ അബോധത്തിന് ഒരു സെലിബ്രിറ്റി സ്റ്റാറ്റസ് ആവശ്യമായിരുന്നു. കാലത്തിന്റെ ഗുണാത്മകമായ മാറ്റം എന്നതിനേക്കാളേറെ മധ്യവര്‍ഗവത്ക്കരിക്കപ്പെട്ട സന്മാര്ഗ സമൂഹമാണ് മലയാളികള്‍ എന്നത് അതിനൊരു മുഖ്യ കാരണം ആണ്.
തന്റെ സമ്മതമില്ലാതെ ബലപ്രയോഗത്താന് ശാരീരികമായ ആക്രമണം നടത്തുന്നത് കുറ്റകരമാണ് എന്ന് മലയാളി സമൂഹത്തെ അറിയിച്ചവള്‍ സൂര്യനെല്ലിയിലെ പെണ്‍കുട്ടിയാണ്. അവളെ കണ്ടാല്‍ നമ്മള് തിരിച്ചറിയില്ല. കാരണം അവള്‍ക്കു മുഖമില്ല.അവള്‍ക്കു പേരുമില്ല. പക്ഷേ അവളാണ് ആധുനികാനന്തര ഘട്ടത്തിലെ ആദ്യ പോരാളി. താത്രിക്കുട്ടിയുടെ ബ്രാഹ്മണ്യ പരിവേഷം ഇല്ലാത്തതിനാല്‍ അവളുടെ വാക്കുകളും അവള് പറഞ്ഞ പേരുകള്‍ പലതും നിലവിലുള്ള നിയമ വ്യവസ്ഥക്കു വിശ്വാസ്യമായില്ല.
ആ നിരയില്‍ത്തന്നെ ഉള്ളവളായിരുന്നു കിളിരൂരിലെയും കവിയൂരിലെയും പെണ്‍കുട്ടികള്‍. നടികളാകാന് മോഹിച്ചവര്‍. ഷൂട്ടിങ് സൈറ്റില്‍ വെച്ച് ചൂഷണം ചെയ്യപ്പെട്ടവര്‍. പക്ഷേ .അതിജീവിക്കുക പോയിട്ട് ജീവിക്കുക പോലും ചെയ്തില്ല. താരപരിവേഷമില്ലാതെ മണ്ണടിഞ്ഞു പോയവര്‍.
വ്യത്യസ്ത സാഹചര്യങ്ങളില്‍ കൊല്ലപ്പെട്ട കൊട്ടിയത്തെയും പൂവരണിയിലെയും വാളയാറിലെയും വണ്ടിപ്പെരിയാറിലെയും കുട്ടികള്‍. ഒരു മാറ്റം വന്നു പ്രായപൂര്‍ത്തിയാകാത്ത സ്ത്രീകളെ [Little woman] കുട്ടികളായി പരിഗണിക്കാന്‍ ഇന്ത്യന്‍ നിയമ വ്യവസ്ഥ ബാധ്യസ്ഥമായി. വെറും പെണ്ണ് എന്നത് വെറും കുട്ടിയായി.
ഇത്തരം സംഭവങ്ങളുടെ തുടര്‍ച്ചയില്‍ത്തന്നെയാണ് താരത്തിളക്കമുള്ള ഒരു നടി തിരക്കുള്ള ഹൈവേയില്‍ ഓടുന്ന വാഹനത്തില്‍ വെച്ച് പീഡിപ്പിക്കപ്പെടുന്നത്. ആ സംഭവത്തെ വ്യത്യസ്തമാക്കുന്നത് മറ്റാരോ കൊടുത്ത ക്വട്ടേഷന്‍ ടീമാണ് അതു ചെയ്തതും കാമറയില്‍ പകര്ത്തിയതുമെന്നതാണ് . ആ കേസിന്റെ അന്വേഷണ ഘട്ടത്തില്‍ മലയാളത്തിലെ ഒരു ജനപ്രിയ നടന് അറസ്റ്റു ചെയ്യപ്പെട്ടു. സിനിമയില്‍ സംഭവിക്കുന്നതു പോലെ അഥവാ സിനിമയെ അതിശയിപ്പിക്കും വിധമായിരുന്നു ആ പീഡനത്തിന്റെ നടത്തിപ്പ്.
കേസ് കോടതിയില്‍ എത്തിയപ്പോഴാകട്ടെ ചുമതലപ്പെട്ട സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാര്‍ ഓരോരുത്തരായി രാജിവെച്ചൊഴിയുന്നു. വനിതാ ജഡ്ജി അക്ഷരാര്‍ഥത്തില്‍ വാദിയെ പ്രതിയാക്കുന്നു. അവിചാരിതമായ ഒരു സന്ദര്‍ഭത്തില്‍ ബാലചന്ദ്രകുമാര്‍ എന്ന സംവിധായകന്റെ നിര്‍ണായകമായ വെളിപ്പെടുത്തലുകള്‍ വന്നതോടെ പുതിയ അന്വേഷണ സംഘം വരുന്നു. അവര്‍ തെളിവുകളിലേക്കു നീങ്ങിത്തുടങ്ങിയതോടെ അവരെ മാറ്റി മറ്റൊരു ടീം വരുന്നു. ഭരണകക്ഷിയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ ചിലര്‍ പരസ്യമായി നടിയുടെ സ്വഭാവഹത്യ നടത്തുന്നു. ഈയൊരു സാഹചര്യത്തില്‍ സ്ത്രീകളുടെ മുന്‍ കൈയില്‍ തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വെച്ച് അതിജീവിതക്കു വേണ്ടി ഒരു സാംസ്കാരിക സദസ് സംഘടിപ്പിക്കപ്പെട്ടു.
കഷ്ടമല്ലേ പ്രബുദ്ധ / സാക്ഷര കേരളത്തില്‍ ഇത്തരത്തിലൊക്കെ സംഭവിക്കുന്നത്? നടിയുടെ കേസ് നടന്നുകൊണ്ടിരിക്കേത്തന്നെ ഒരു പ്രമുഖ സംവിധായകന്റെ പേരില്‍ പല നടന്മാരുടെ പേരില്‍ ‘കാസ്റ്റിങ് കൗച്ച് ‘പരാതികളും ‘മീടൂ ‘ പരാതികളും ഉയര്‍ന്നു വരികയും അടങ്ങിപ്പോവുകയും ചെയ്തുവെന്നതു ശ്രദ്ധേയമാണ്. അതിനെതിരെയൊന്നും അത്ര വലിയ രോഷം മലയാളികളില്‍ ഉയര്‍ന്നു വരികയും ചെയ്തില്ല. ആ പെണ്‍കുട്ടികളും ‘അതിജീവിതകളുടെ ‘ പട്ടികയില്‍ത്തന്നെ വരുമെന്നതാണ് യാഥാര്‍ഥ്യം. നടിയുടെ കേസ് ഏറ്റു പിടിച്ച പലരും അതിനു മുമ്പുണ്ടായ അതിജീവിതകളുടെ കാര്യത്തില്‍ എന്തു നിലപാടെടുത്തുവെന്നതു മാറ്റിവെക്കാം. പക്ഷേ അതിനു ശേഷവും നിരന്തരമായി സംഭവിച്ചുകൊണ്ടിരിക്കുന്ന അതിജീവിതകളുടെ കാര്യത്തിലെ പ്രതികരണമെന്താണ് എന്നതു പ്രസക്തമാണ്.
ഫലശ്രുതി
അര്‍ഥാപത്തി എന്ന അലങ്കാരം.
ലക്ഷണം:
‘അര്ഥാപത്തിയിതോ പിന്നെ
ചൊല്ലാനില്ലെന്ന യുക്തിയാം’
അതായത് ഇത്രയേറെ ഉയര്‍ന്ന സാമൂഹിക പദവിയിലുള്ള ഒരു സ്ത്രീയുടെ കാര്യത്തില്‍പ്പോലും ഇത്രയേറെ നീതി നിഷേധം സംഭവിക്കുന്നുണ്ടെങ്കില്‍
കേരളത്തില്‍ ആക്രമിക്കപ്പെടുന്ന സാധാരണക്കാരികളുടെ അവസ്ഥ എന്തായിരിക്കും ?! അവരോടുള്ള അധികാരികളുടെ സമീപനം എന്തായിരിക്കും!
അതാണു പറഞ്ഞത്
‘ചൊല്ലാനില്ലെന്ന യുക്തിയാം’!
COMMENTS