Homeഉപ്പും മുളകും

ആണുങ്ങളെയാണു ബോധവത്കരിക്കേണ്ടത്

വീണ്ടും വീണ്ടും സ്ത്രീകളെ ബോധവത്കരിക്കുകയും ശാക്തീകരിക്കുകയും സ്ത്രീകൾക്ക് സുരക്ഷയൊരുക്കുകയും ചെയ്യുന്ന സംരംഭങ്ങൾ കേരളമാകെ പടർന്നു വികസിച്ചു കൊണ്ടിരിക്കുകയാണ് . ഔദ്യോഗിക , ഔപചാരിക, അക്കാദമിക മേഖലകളിൽ ഈ ശ്രമം നടക്കുന്നു. എന്നാൽ എന്താണ് യഥാർഥത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്? സ്വതവേ ദുർബലരാണ് സ്ത്രീകൾ എന്ന് പൂർവാധികം ശക്തമായി ഉറപ്പു വരുത്തുന്ന വിധമാണ് സംഗതികൾ നടന്നുകൊണ്ടിരിക്കുന്നതെന്നു സൂക്ഷ്മമായി ശ്രദ്ധിച്ചാൽ മനസിലാകും.

ഉത്ര എന്ന പെൺകുട്ടിയെ ഭർത്താവും വീട്ടുകാരും കൂടി പാമ്പിനെക്കൊണ്ടു കൊത്തിച്ചു കൊന്ന് അധികം വൈകാതെ ദുരൂഹ സാഹചര്യത്തിൽ വിസ്മയ എന്ന പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ ഭർതൃവീട്ടിൽ കണ്ടെത്തി . തുടർന്ന് കുറേയേറെ പെൺകുട്ടികൾ ദുരൂഹമായി മരണപ്പെട്ടു. ഭർതൃമതികളായ പെൺകുട്ടികളുടെ ദുരൂഹ മരണങ്ങളിൽ 99% വും സ്ത്രീധന പീഡനമരണങ്ങളായിരുന്നു എന്ന് കേരളത്തിലെ പൊതു സമൂഹത്തിന് അംഗീകരിക്കേണ്ടി വന്നു. സ്ത്രീധന നിരോധന നിയമം നിലവിലുള്ള ഒരു നാട് . വികസിതം, പുരോഗമനപരം എന്നൊക്കെ സ്വയം അഭിമാനിക്കുന്ന ഒരു പൊതു സമൂഹമാണ് കേരളത്തിലുള്ളത്. എന്നിട്ടും കിട്ടിയ സ്ത്രീധനം പോരെന്നു പറഞ്ഞ് പെൺകുട്ടികൾക്കു മേൽ ഭർത്താവോ ഭർതൃവീട്ടുകാരോ കടുത്ത പീഡനങ്ങളും സമ്മർദ്ദങ്ങളും ഉണ്ടാക്കിക്കൊണ്ടിരുന്നു. ഇത്രയും വിദ്യാഭ്യാസ പുരോഗതിയുള്ള കേരളത്തിൽ ഇത്രയൊക്കെ സ്ത്രീധന പീഡനമരണങ്ങളോ എന്നു മൂക്കത്തു വെച്ച വിരൽ അർഥശൂന്യവും സ്വയം പരിഹസിക്കുന്നതുമായി തിരിച്ചറിയേണ്ടി വരുന്നു. കാരണം ഇന്ത്യയിലെ മറ്റേതു സംസ്ഥാനങ്ങളെയും പോലെ അഥവാ അവയേക്കാൾ ആണധികാര യുക്തികൾ അടക്കിവാഴുന്ന ഒരിടമാണ് കേരളം എന്നതു തന്നെ. മധുര സ്വരങ്ങൾ കൊണ്ട് ആ വികൃതാലാപനത്തെ മറയ്ക്കാൻ കഴിയാതെ വന്നിരിക്കുന്നുവെന്നർഥം.

ഇവിടെ സ്വാഭാവികമായും ഒരു സംശയം ഉയർന്നു വരുന്നു – സ്ത്രീധനം പോരെന്ന കാരണം പറഞ്ഞ് നിരവധിയായ സ്ത്രീകൾ ദൈനം ദിനം പീഡിപ്പിക്കപ്പെടുകയോ ഉപേക്ഷിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തു കൊണ്ടിരിക്കുന്നു. അതിൽപ്പെട്ട ഒരു ശതമാനം പോലുമാവില്ല ഉത്രയും വിസ്മയയുമെന്നും . ആ വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളുടെ പ്രതിനിധികൾ എന്ന നിലയ്ക്കാണ് ഉത്രയെയും വിസ്മയയെയും തിരിച്ചറിയേണ്ടത്. ഊരും പേരുമൊന്നും പുറത്തു വരാത്ത ആയിരക്കണക്കിനു പെൺകുട്ടികളുടെ വിരലിൽ എണ്ണാവുന്ന പ്രതിനിധികൾ. പത്തിൽ ഒരുഭാഗം പോലും പുറത്തുവന്നിട്ടില്ല എന്നതാണ് യാഥാർഥ്യം. ഈ പെൺകുട്ടികൾ ഇങ്ങനെ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തതിന് ആരാണ് കാരണക്കാർ? അതെ, ഇക്കാര്യത്തിൽ ആരെയാണ് ബോധവത്കരിക്കേണ്ടത് എന്നതു തന്നെയാണു വിഷയം. ഏതു പെൺകുട്ടിയെ / സ്ത്രീയെ ബോധവത്കരിക്കുകയും ശാക്തീകരിക്കുകയും ചെയ്താൽ ഈ അത്യാചാരം ഇല്ലാതാകും? അമ്മായിയമ്മയെ, നാത്തൂനെ, സ്ത്രീധനം കൊടുക്കാൻ തയ്യാറാവുകയും അവളെ ഭർതൃവീട്ടിലേക്കു തള്ളിവിടുകയും ചെയ്ത പെറ്റമ്മയെ എന്നൊക്കെ പിറുപിറുക്കുന്നുണ്ടാകുമെന്ന് ഊഹിക്കാം. ഇവരിതൊക്കെ ചെയ്യുന്നത് എന്തിനു വേണ്ടിയാണ്, ആർക്കു വേണ്ടിയാണ്, അഥവാ ഇവർ ആരുടെ / എന്തിൻ്റെ ഏജൻസിയാണ്? ഇതിനുത്തരം പറഞ്ഞാൽ മാത്രമേ യഥാർഥ പ്രശ്നത്തിൻ്റെ വേരുകളിലേക്കെത്താൻ കഴിയൂ. സ്ത്രീ തന്നെയാണു സ്ത്രീയുടെ ശത്രുവെന്നു പഠിപ്പിച്ചുറപ്പിച്ച ആണധികാരത്തിൻ്റെ താല്പര്യം തിരിച്ചറിയാതെ പ്രശ്ന പരിഹാരം സാധ്യമേയല്ല.

പോലീസുൾപ്പടെയുള്ള അധികാരികൾ ഒരു കുടുംബ പ്രശ്നത്തിൽ , സ്ത്രീ പ്രശ്നത്തിൽ ഇടപെടുന്ന രീതി ശ്രദ്ധിക്കുക. പരാതിയുമായി വരുന്ന സ്ത്രീകളെ ഗുണദോഷിച്ചു തിരിച്ചയക്കുകയും പരാതിക്കാരികളെ പ്രശ്നക്കാരികളായി ചിത്രീകരിച്ച് പ്രശ്നത്തെ നിസ്സാരീകരിക്കുകയും പൊതുമധ്യത്തിൽ അവരുന്നയിക്കുന്ന പരാതിയുടെ വിശ്വാസ്യത ഇല്ലാതാക്കുകയും ചെയ്യുന്ന പ്രവണതയാണ് പോലീസിൽ വ്യാപകമായി കാണുന്നത്. ഒരു നൂറ്റാണ്ടു മുമ്പുള്ള നാട്ടുകാര്യസ്ഥൻ്റ റോളിൽ നിന്ന് പോലീസുകാർക്ക് ഇക്കാര്യത്തിൽ എന്തു മാറ്റം വന്നു? അതു കൊണ്ടവർ സ്ത്രീകളെ ബോധവത്കരിച്ചു കൊണ്ടേ ഇരിക്കുന്നു . പോലീസുകാർ മാത്രമല്ല ഇത്തരം വിഡ്ഢിത്തങ്ങൾ ചെയ്യുന്നത്. സർക്കാർ തലത്തിൽത്തന്നെ സ്ത്രീധന നിരോധനത്തിന് സ്ത്രീകളെ ബോധവത്കരിക്കുകയും ശാക്തീകരിക്കുകയുമാണ് വേണ്ടതെന്ന സമീപനം സ്വീകരിക്കുന്നു.

സമാന്തരമായി സംഭവിക്കുന്ന മറ്റൊരാപത്തിലേക്കു വരാം. വിവാഹമല്ല, പ്രണയമാണവിടെ വിഷയം. താൻ നടത്തിയ പ്രണയാഭ്യർഥന നിഷേധിക്കുന്ന പെൺകുട്ടിയുടെ മുഖത്ത് ആസിഡൊഴിക്കലൊക്കെ പഴഞ്ചനായി. അവളെ കൊന്നു കൊണ്ടാണ് പ്രണയി തൃപ്തനാകുന്നത്. സ്ത്രീധനത്തിൽ കുറവു വരുത്തിയ ഭാര്യയെ എന്ന പോലെ പ്രണയം നിഷേധിക്കുന്നവളെയും ഇല്ലാതാക്കാൻ പുരുഷന് അധികാരമുണ്ട് എന്നാണ് അവൻ ധരിച്ചു വെച്ചിരിക്കുന്നതെന്നു തോന്നുന്നു. ഇത് ” പാരൻ്റേജി ” ൻ്റെ പ്രശ്നമായി വിലയിരുത്തുന്നത് ഈ വിപത്തിൻ്റെ ഒരു വശം മാത്രമാണ്. കാരണം രക്ഷാകർതൃത്വമെന്നത് കുടുംബ പരമെന്നതിനേക്കാൾ സാമൂഹികവുമാണ്. സ്ത്രീയോടു അക്രമം പ്രവർത്തിക്കാനുള്ള അദൃശ്യമായ അധികാരം ആണധികാര സമൂഹം പുരുഷനു നല്കുന്നുണ്ട്. കുടുംബം / ജന്മം കൊടുത്ത രക്ഷിതാക്കൾ ആ അധികാരം പ്രയോഗിക്കുന്നതിനുള്ള നിർദേശം പാലിക്കുന്നുവെന്നു മാത്രം.

മലപ്പുറം ജില്ലയിലെ ഏലങ്കുളത്ത് തന്‍റെ പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് വീട്ടില്‍ക്കയറി ‘വെട്ടിക്കൊന്നു. കണ്ണൂര്‍ക്കാരിയായ പെണ്‍കുട്ടിയെ കോതമംഗലത്തുവെച്ച് കണ്ണൂര്‍ക്കാരനായ യുവാവ് വെടിവെച്ചു കൊന്നു. അയാള്‍ സ്വയം വെടിവെച്ചു മരിക്കുകയും ചെയ്തു. പ്രണയ നിരാസത്തിന്‍റെ പേരില്‍ നടന്ന ഈ കൊലപാതകങ്ങള്‍ക്കു വേണ്ടി യുവാക്കള്‍ വളരെയേറെ ആസൂത്രണങ്ങളും മുന്നൊരുക്കങ്ങളും നടത്തിയതായി കാണാം. ‘ അവള്‍ പഠിച്ചു വലുതായപ്പോള്‍ അവനെ തേച്ചിട്ടു പോയതുകൊണ്ടാണ് ‘ എന്നു തുടങ്ങിയ പുരുഷന്യായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സുലഭമാണ്. അതായത് ‘തേച്ചിട്ടു പോയവളെ ‘ കൊല്ലാം എന്ന പൊതുബോധ ന്യായീകരണത്തിന്‍റെ പ്രതിഫലനങ്ങളാണ് പ്രസ്തുത അഭിപ്രായങ്ങള്‍. സ്ത്രീ ഒരു വ്യക്തിയാണെന്നതും അവള്‍ക്കു തെരഞ്ഞെടുപ്പുകള്‍ ഉണ്ട് എന്നതും ഈ ‘പ്രണയി’ കള്‍ക്കും കൂട്ടാളി ആണുങ്ങള്‍ക്കും ഒരു വിഷയമേ അല്ല. ഒരിക്കല്‍ പ്രണയം തോന്നിയാല്‍ ഏതെങ്കിലുമൊക്കെ കാരണത്താല്‍ സ്ത്രീയുടെ മനസിലും അതില്ലാതെയാകാനുള്ള സാധ്യത ഉണ്ട് എന്നത് ഇവര്‍ക്കൊരു വിഷയമേ അല്ല. ആണ് പെണ്ണിന്‍റെ പ്രണയം നിഷേധിച്ചാലോ പ്രണയിച്ച ശേഷം അവളെ ഉപേക്ഷിച്ചു പോയാലോ അതു പെണ്ണിന്‍റെ കുറ്റമാണ്. അപ്പോള്‍ അവള്‍ക്ക് ആത്മഹത്യ ചെയ്യാം. പെണ്ണ് ആണിന്‍റെ പ്രണയം നിഷേധിച്ചാല്‍ ആണിന് അവളെ കൊല്ലാം. എപ്പോഴും ചാവേണ്ടത്, ഇല്ലാതാകേണ്ടത് പെണ്ണുതന്നെ! ഇതെവിടുത്തെ ന്യായമാണ്? അപ്പോഴും ശാക്തീകരിക്കേണ്ടതും ബോധവത്കരിക്കേണ്ടതും പെണ്ണിനെത്തന്നെ!

വണ്ടിപ്പെരിയാറില്‍ രണ്ടരവയസു മുതല്‍ തന്‍റെ ലൈംഗികാനന്ദങ്ങള്‍ക്കായി പീഡിപ്പിക്കുകയും മൂന്നുവര്‍ഷത്തിനു ശേഷം ആ കുഞ്ഞിനെ കൊന്നു കെട്ടി തൂക്കുകയും ചെയ്തത് അയല്‍പക്കക്കാരനായിരുന്നു. എന്തെന്നറിയാതെ കുഞ്ഞുങ്ങള്‍ മരിച്ചു പോകുമ്പോഴും ബോധവത്കരിക്കേണ്ടതും ശാക്തീകരിക്കേണ്ടതും സ്ത്രീകളെത്തന്നെയാണ് സുഹൃത്തുക്കളേ.ഓ മറന്നു പോയി വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മയെ സ്മാര്‍ത്തവിചാരം നടത്തിയ നിയമജ്ഞരുടെ നാടാണല്ലോ. കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടതും കൊല്ലപ്പെട്ടതുമെങ്കില്‍ അമ്മ എന്ന സ്ത്രീയെയാണ് ശാക്തീകരിക്കേണ്ടതും ബോധവത്കരിക്കേണ്ടതുമെന്ന്! കഷ്ടം! കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്തു കൊന്നു കെട്ടി തൂക്കുന്ന ആണുങ്ങളല്ല കുറ്റക്കാര്‍ അവരെ പെറ്റ അമ്മമാരാണത്രെ കുറ്റക്കാര്‍!
സമൂഹമാധ്യമങ്ങളില്‍ ഫോട്ടോ ഇടുന്ന പെണ്‍കുട്ടികള്‍ക്കാണ് പോലീസുകാരുടെ ഉപദേശങ്ങള്‍ . ആ ഫോട്ടോ ദുരുപയോഗം ചെയ്യുന്ന കൊലപാതകികളെ ബോധവത്കരിക്കേണ്ടതില്ല. സ്ത്രീധനം പോരാതെ ഭാര്യമാരെ കൊല്ലുന്ന പുരുഷന്മാരും പ്രേമനിരാസത്തിന്‍റെ പേരില്‍ പെണ്‍കുട്ടിയെ കൊല്ലുന്ന യുവാവും കുഞ്ഞു മക്കളെ ലൈംഗികമായി ഉപയോഗിച്ച ശേഷം കൊന്നു കെട്ടി തൂക്കുന്ന കാമവെറിയന്മാരുമൊന്നും കുറ്റക്കാരേ അല്ല. പെണ്ണിനെ ബോധവത്കരിക്കാനും സംരക്ഷിക്കാനുമാണ് പരിപാടികള്‍.

അല്ലയോ അധികാരികളേ
ഇക്കാണായ വൃത്തികേടുകള്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും കൊച്ചു കുഞ്ഞുങ്ങള്‍ക്കും മേല്‍ ചെയ്തു കൂട്ടി അവരെ കൊന്നൊടുക്കുന്ന ആണുങ്ങളെയാണ് നിങ്ങള്‍ ബോധവത്കരിക്കേണ്ടത്. ഇത്തരം അത്യാചാരങ്ങളെ സൈദ്ധാന്തികമായി ന്യായീകരിച്ച് സാഹിത്യമെഴുതുന്ന ആണുങ്ങളെ ബോധവത്കരിക്കുക .ആ അശ്ലീലങ്ങള്‍ സാഹിത്യമെന്നു പ്രസിദ്ധീകരിക്കുന്ന പത്രാധിപന്മാരെ അതു സഹജീവി ഹിംസയും ആയതിനാല്‍ കുറ്റകൃത്യവുമെന്നു ബോധവത്കരിക്കുക. സ്ത്രീകളും പെണ്‍കുട്ടികളും കുഞ്ഞുങ്ങളുമല്ല ഇവിടെ ഹിംസ ചെയ്തത്. അവര്‍ക്കു മേല്‍ ആണുങ്ങളാണതു ചെയ്തത്. ആണുങ്ങളുടെ അധികാരമാണതു ചെയ്തത്. അതിനാല്‍ ആണുങ്ങളെ തിരുത്തുകയും പഠിപ്പിക്കുകയും ചെയ്യുക. തുല്യ പൗരത്വമുള്ള സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മേല്‍ അതിക്രമങ്ങള്‍ പ്രവര്‍ത്തിക്കുന്ന പുരുഷന്മാരെയും അവരെ പിന്തുണക്കുന്നവരെയും കൊടും കുറ്റവാളികളായി പ്രഖ്യാപിക്കുകയും അവര്‍ക്കു കാലാകാലമായി നല്കിക്കൊണ്ടിരിക്കുന്ന സുരക്ഷകള്‍ പിന്‍വലിക്കുകയും ചെയ്യുക.

സാറമ്മാരേ,
സ്ത്രീകളെ കുട്ടികളെ വീണ്ടും വീണ്ടും ആക്രമിക്കുകയും
നിങ്ങളാല്‍ ആക്രമിക്കപ്പെടുകയും ഹിംസിക്കപ്പെടുകയും ചെയ്ത സ്ത്രീകളെ വീണ്ടും വീണ്ടും നിങ്ങള്‍ ബോധവത്കരിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്ന പ്രഹസനം ദയവായി ഒന്നവസാനിപ്പിക്കണം. സ്ത്രീകള്‍ക്കു അക്രമികളായ നിങ്ങള്‍ നല്കുന്ന സുരക്ഷയല്ല ആവശ്യമെന്നു ദയവായി തിരിച്ചറിയുക.
അതെ
ഈ നാട്ടിലെ ആണുങ്ങളെ ബോധവത്കരിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുക.

 

 

 

 

 

 

ഗീത

 

 

COMMENTS

COMMENT WITH EMAIL: 0