Homeചർച്ചാവിഷയം

അ ഫോര്‍ അഭിമാനം, ആ ഫോര്‍ ആദരവ്…

മൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരായ പ്രതികരണം എന്ന നിലയ്ക്കു മാത്രമല്ല ലൈംഗികവിദ്യാഭ്യാസം ചെറിയ ക്ലാസുകളില്‍ നിന്നു തന്നെ ആരംഭിക്കുന്നതിനെക്കുറിച്ച് നാം സംസാരിക്കേണ്ടത്. നമ്മുടെ അദ്ധ്യാപനരീതിയുടെ പിഴവുകള്‍ തീര്‍ക്കുന്ന തരത്തില്‍ സമഗ്രമായി മാറേണ്ടതാണ് ആ ചര്‍ച്ച. ഇത്രനാളും ഇതെല്ലാം സ്വാഭാവികമായല്ലേ അറിഞ്ഞത് എന്ന ചോദ്യമാണ് ലൈംഗികവിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍ ആദ്യം ഉയര്‍ന്നുവരുന്നത്. ഇതെല്ലാം എന്ന വാക്കില്‍ പലപ്പോഴും ഉള്‍ക്കൊള്ളുന്നത് മുതിര്‍ന്നവര്‍ തമ്മിലുള്ള ലൈംഗികപ്രക്രിയ ആണ്. ലൈംഗികവിദ്യാഭ്യാസമെന്നു കേള്‍ക്കുമ്പോള്‍ അതിനെ കേവലം ശാരീരികമായ ഒരു പ്രവൃത്തിയായി കാണുന്നതിന്‍റെ പരിമിതിയാണിത്. പക്ഷേ ശരിയായ രീതിയില്‍ ആരംഭിക്കുകയും നടപ്പില്‍ വരുത്തുകയും ചെയ്താല്‍, ഒരു സമൂഹത്തിന്‍റെ മുഴുവന്‍ ആരോഗ്യത്തെയും മനുഷ്യന്‍റെ അന്തസ്സിനെയും ഗുണകരമായി സ്വാധീനിക്കാന്‍ കഴിവുണ്ട് ഈ അക്കാദമികപ്രവര്‍ത്തനങ്ങള്‍ക്ക്. ഇത് പ്രീ-പ്രൈമറി കാലം മുതല്‍ ആരംഭിക്കേണ്ടതാണ്. അക്ഷരം ചൊല്ലിപ്പഠിക്കുന്ന കാലത്ത്, ചില വലിയ രാഷ്ട്രീയശരികള്‍ കൂടി കുട്ടികള്‍ പഠിച്ചുതുടങ്ങേണ്ടതുണ്ട്.
പരസ്പരബഹുമാനം, വിവേചനമില്ലായ്മ, വ്യത്യസ്തതകളെ അംഗീകരിക്കാനുള്ള കഴിവ്- ഈ മൂന്നു കാര്യങ്ങളാണ് ലൈംഗികവിദ്യാഭ്യാസത്തിന്‍റെ അടിത്തറയായി വര്‍ത്തിക്കേണ്ടത്. പില്‍ക്കാലത്ത് ശരീരവും മനസ്സുമുള്‍പ്പെടുന്ന വലിയ ബന്ധങ്ങളില്‍ അനുഭവപ്പെടുന്ന എല്ലാത്തരം തകര്‍ച്ചകളുടെയും പ്രധാനപ്പെട്ട കാരണം ഇതു മൂന്നുമാണെന്നു മനസ്സിലാക്കാന്‍ രണ്ടാമതൊന്നാലോചിക്കേണ്ടതില്ല. മനുഷ്യരുടെ ശാരീരികസവിശേഷതകളെ സവിശേഷതകളായിത്തന്നെ കാണാന്‍ കുട്ടികളെ ശീലിപ്പിക്കണം.
ശാരീരികമായ പോരായ്മകളെ കളിയാക്കുകയോ ഉയര്‍ത്തിക്കാട്ടുകയോ ചെയ്യുന്ന തരം ഉള്ളടക്കം നഴ്സറി പാട്ടുകളായോ കഥകളായോ പാഠങ്ങളായോ അവര്‍ക്കു മുന്നില്‍ എത്തരുത്. ഏകീകൃത സിലബസ്സില്ലാത്ത പ്രീ-പ്രൈമറി ക്ലാസുകളില്‍ അത്യന്തം ബുദ്ധിമുട്ടേറിയതാണ് ഈ ഫില്‍ട്ടറിംഗ്. വളരെ നിഷ്കളങ്കമായി പണ്ടു നാം കരുതിയ പാഠഭാഗങ്ങളും പാട്ടുകളും പോലും ലിംഗ-ജാതി-വര്‍ണ്ണ സ്റ്റീരിയോടൈപ്പുകളുടെ അരങ്ങാണ്. സൂക്ഷ്മമായ അനീതികളെ നോര്‍മ്മലൈസ് ചെയ്യുമ്പോഴാണ് അവ സമൂഹത്തില്‍ കൂടുതല്‍ക്കൂടുതല്‍ വേരോടുന്നത്. ചായ കൊടുക്കുന്ന അമ്മയുടെയും പത്രം വായിക്കുന്ന അച്ഛന്‍റെയും ചിത്രങ്ങള്‍ പോലും ഇത്തരം സ്റ്റീരിയോടൈപ്പുകളെ എത്ര ആഴത്തില്‍ കുഞ്ഞുമനസ്സുകളില്‍ പതിപ്പിക്കുന്നുണ്ടെന്ന് നാം തിരിച്ചറിയുന്നില്ല. കുട്ടിക്കഥകളില്‍ പോലും സാഹസികരായ ആണ്‍കുട്ടികളെയും ശാന്തപ്രകൃതികളായ പെണ്‍കുട്ടികളെയുമാണ് കാലാകാലങ്ങളായി വരച്ചിടുന്നത്. വിവേചനങ്ങളെയും അസമത്വത്തെയും തികച്ചും സ്വാഭാവികമെന്ന് മനസ്സിലാക്കാനാണ് ഈ ബാലപാഠങ്ങള്‍ കുട്ടികളെ പ്രേരിപ്പിക്കുന്നത്.
പ്രീ-പ്രൈമറി തലത്തില്‍ വായില്‍ തോന്നുന്നത് കോതയ്ക്കു പാട്ടെന്ന മട്ടില്‍ എന്തും പഠിപ്പിക്കാമെന്ന രീതി സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്ത് മാറ്റേണ്ടതാണ്. മതസംഘടനകള്‍ക്കും സ്വകാര്യവ്യക്തികള്‍ക്കുമൊക്കെ യഥേഷ്ടം ആരംഭിക്കാവുന്ന നഴ്സറി സ്കൂളുകളില്‍ കുട്ടികള്‍ എന്തെല്ലാമാണ് പഠിക്കുന്നത് എന്ന കാര്യത്തില്‍ കൃത്യമായ ഒരു നിരീക്ഷണസംവിധാനം ആവശ്യമാണ്. പ്രീ-പ്രൈമറി തലത്തിലുള്ള പാഠപുസ്തകങ്ങളില്‍ സര്‍ക്കാരിന് ഒരു നിയന്ത്രണവുമില്ലാത്ത നിലവിലെ അവസ്ഥ ഒട്ടും ആശാസ്യമല്ല.

വേരിനു വേണം വളം
കണക്കു പോലെ തന്നെയാണ് ലൈംഗികവിദ്യാഭ്യാസമെന്ന് മോണ്ട്ക്ലെയര്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍നിന്ന് ഈ വിഷയത്തില്‍ പഠനം നടത്തിയ ഈവ ഗോള്‍ഡ്ഫാര്‍ബും ലിസ ലീബര്‍മാനും ചൂണ്ടിക്കാട്ടുന്നുണ്ട്. നേരത്തേ തുടങ്ങുകയും, പ്രായത്തിനനുസരിച്ച് വികസിക്കുകയും ചെയ്യുന്ന ഒരു പഠനപദ്ധതി ഇക്കാര്യത്തിലാവശ്യമാണ്. എട്ടാം ക്ലാസില്‍ എണ്ണാന്‍ പഠിപ്പിക്കുംപോലെ അസംബന്ധമാണ് വൈകിമാത്രം തുടങ്ങുന്ന ലൈംഗികവിദ്യാഭ്യാസമെന്ന് അവര്‍ പറയുന്നു (ഇതുവരെ അത് ആരംഭിച്ചിട്ടു കൂടിയില്ലാത്ത നമ്മുടെ നാടിനെ ഒന്നു താരതമ്യപ്പെടുത്തി നോക്കൂ).
എന്താവണം പ്രീ-പ്രൈമറി കുട്ടികളെ പഠിപ്പിക്കേണ്ട ആദ്യത്തെ പാഠം? തീര്‍ച്ചയായും അത് സ്വയവും മറ്റുള്ളവരെയും ബഹുമാനിക്കുക എന്നതാണ്. തന്‍റെയും മറ്റുള്ളവരുടെയും ശരീരം, അവ കൈകാര്യം ചെയ്യുമ്പോഴുള്ള മര്യാദകള്‍, ആരോഗ്യകരമായ സൗഹൃദം, മറ്റുള്ളവരോട് ആദരവോടെ എങ്ങനെ ഇടപെടണം തുടങ്ങിയ കാര്യങ്ങള്‍ പ്രീ-പ്രൈമറി തലത്തില്‍ തന്നെ പഠിപ്പിച്ചു തുടങ്ങണം. നാലും അഞ്ചും വയസ്സുള്ള കുഞ്ഞുങ്ങളെ വ്യക്തികളായിത്തന്നെ കണ്ട് അവരോട് പെരുമാറാന്‍ മാതാപിതാക്കളും അദ്ധ്യാപകരും ശീലിക്കുകയും വേണം. മറ്റൊരാളുടെ വ്യക്തിപരമായ സ്പേസ് ഉല്ലംഘിക്കാന്‍ പാടില്ലെന്ന പാഠം, കുഞ്ഞിന്‍റെ കാര്യത്തിലും നടപ്പില്‍ വരുത്തണമെന്നര്‍ത്ഥം. ഇത്തരം ചെറിയ ചെറിയ പാഠങ്ങളിലാവണം, പിന്നീട് പരസ്പര ബഹുമാനാധിഷ്ഠിതമായ ബന്ധങ്ങളെക്കുറിച്ചുള്ള വലിയ വലിയ ചര്‍ച്ചകള്‍ ചെന്നെത്തേണ്ടത്.
ആണും പെണ്ണും എന്നതിനൊപ്പം ട്രാന്‍സ്ജെന്‍ഡര്‍ ഐഡന്‍റിറ്റിയെക്കുറിച്ചും ഈ പ്രായത്തില്‍ വളരെ സ്വാഭാവികമായി കുട്ടികള്‍ക്കു പറഞ്ഞുകൊടുക്കാം. അമ്മയും അച്ഛനും കുഞ്ഞും എന്നതിനപ്പുറമുള്ള കുടുംബരൂപങ്ങളെക്കുറിച്ച് പറയാം. ഒറ്റ വരയിലൂടെ ഓടുന്ന തീവണ്ടികളാണ് മനുഷ്യരെന്ന ധാരണ അവരുടെ മനസ്സില്‍ ഉറയ്ക്കാതിരിക്കട്ടെ. സമൂഹത്തിന്‍റെ വൈവിദ്ധ്യങ്ങളോട് എത്ര നേരത്തേ നാമവരെ പരിചയപ്പെടുത്തുന്നുവോ, അത്രയും വലുതായിരിക്കും അവരുടെ മാനസികലോകം. വൈവിധ്യങ്ങളെ അംഗീകരിക്കാനും ആസ്വദിക്കാനും അവര്‍ ശീലിക്കട്ടെ.
മറ്റുള്ളവരുടെ അന്തസിനെ അംഗീകരിക്കുന്നവര്‍ ശാരീരികമായോ മാനസികമായോ വരെ ഉപദ്രവിക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കും. ഒരു സ്പര്‍ശം കൊണ്ടുപോലും മറ്റൊരു ആളുടെ വ്യക്തിപരമായ സ്പേസിനെ മറികടക്കാന്‍ അത്തരത്തിലുള്ള വ്യക്തികള്‍ തയ്യാറാവുകയില്ല. ഈ അന്തസ്സ് ലിംഗ-ജാതിമത-വര്‍ഗ്ഗഭേദങ്ങളില്ലാതെ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്ന ബോദ്ധ്യം പ്രീ-പ്രൈമറി ക്ലാസ്സുകളിലെ കുട്ടികള്‍ക്കു നല്‍കാന്‍ ക്ലാസ്സ്റൂമുകള്‍ ശ്രദ്ധിക്കണം. ക്ലാസ്സ് റൂം എന്ന് എടുത്തു പറയാന്‍ കാരണം, പല വീടുകളും ഇന്നും രാഷ്ട്രീയശരികേടുകളുടെ അരങ്ങുകള്‍ തന്നെയാണെന്നതാണ്. ഒന്നോ രണ്ടോ വാക്കുകളിലൂടെ പോലും ജാതീയവും വംശീയവും ലിംഗപരവുമായ തെറ്റായ സന്ദേശങ്ങള്‍ കുട്ടികള്‍ക്കുള്ളിലേക്കെത്തുന്നത് പലപ്പോഴും വീട്ടിനുള്ളില്‍ നിന്നു തന്നെയാണ്. ഈ വിഷയത്തെ അവധാനതയോടെ, ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടത് ക്ലാസ് മുറികള്‍ തന്നെയാവണം.

ആകാംക്ഷകള്‍ക്ക് വിലക്കിടേണ്ട
ശരീരത്തെക്കുറിച്ച് വലുതും ചെറുതുമായ ആകാംക്ഷകള്‍ കുട്ടികളിലുണ്ടാകുന്ന കാലമാണിത്. കൊച്ചുകുട്ടികള്‍ അവരുടെ ലൈംഗികാവയവങ്ങളില്‍ സ്പര്‍ശിക്കുന്നത് വളരെ സാധാരണമാണ്. ഇതു കാണുന്ന ഉടനെ, അതിനെ കളിയാക്കുകയോ അങ്ങനെ ചെയ്യുന്നത് മോശമാണെന്നു പറയുകയോ ചെയ്യുന്നതും, ലൈംഗികാവയവങ്ങളെ കുട്ടിപ്പേരുകളുപയോഗിച്ച് വിശേഷിപ്പിക്കുന്നതും തെറ്റായ രീതിയാണ്. കഴിയുന്നതും ഇംഗ്ലീഷിലോ, മലയാളത്തിലോ സ്വകാര്യഭാഗങ്ങളെ അവയുടെ യഥാര്‍ത്ഥ പേരുകളില്‍ത്തന്നെ വിശേഷിപ്പിക്കുക. അവ സ്വകാര്യമായ ഇടങ്ങളാണെന്നും മറ്റുള്ളവരുടെ മുന്നില്‍വച്ച് അവ സ്പര്‍ശിക്കുന്നത് ഉചിതമല്ലെന്നും കുട്ടികള്‍ക്ക് മനസ്സിലാകുംപോലെ പറഞ്ഞുകൊടുക്കാം. ഇതേ ആകാംക്ഷ മറ്റുള്ളവരുടെ ശരീരത്തെക്കുറിച്ചും കുഞ്ഞുങ്ങള്‍ക്കുണ്ടാകും. അമ്മയ്ക്കു മാത്രം എന്തുകൊണ്ടാണ് മുലകളുള്ളത്, അച്ഛന് എന്തിനാണ് താടി… എന്നിങ്ങനെ നൂറുനൂറു സംശയങ്ങള്‍ അവര്‍ ചോദിക്കാനിടയുണ്ട്. ഒരു സംശയവും നിസ്സാരമെന്നു കരുതി തള്ളിക്കളയാതിരിക്കുക. അവരോട് എങ്ങനെ സംസാരിക്കണം എന്നറിയില്ലെങ്കില്‍, അതിനായി മാനസികമായി തയ്യാറെടുത്ത ശേഷം ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കുക.
ലൈംഗികവിദ്യാഭ്യാസം സ്കൂള്‍ തലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളില്‍ പ്രീ-സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രധാനമായും നാലു കാര്യങ്ങളിലാണ് അവബോധം നല്‍കാന്‍ ശ്രദ്ധിക്കുന്നത്: 1) ശരീരത്തിലെ സ്വകാര്യവും അല്ലാത്തതുമായ ഭാഗങ്ങള്‍ 2) നല്ല സ്പര്‍ശം, മോശം സ്പര്‍ശം 3) വിശ്വാസത്തിലെടുക്കുന്ന മുതിര്‍ന്നൊരു വ്യക്തിയോട് എന്തും തുറന്നു പറയേണ്ടതിന്‍റെ ആവശ്യകത 4) അപരിചിതരോട് ഇടപെടുന്ന രീതി. ഈ നാലു ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കുന്നതോടെ, ഒരു വ്യക്തി എന്ന നിലയില്‍ സ്വയം ഒരു മതിപ്പും ആദരവും കുഞ്ഞിന് തന്നോടുണ്ടാവും. മറ്റുള്ളവരുടെ പക്കല്‍നിന്ന് ന്യായവും മാന്യവും നീതിപൂര്‍വ്വകവുമായ പെരുമാറ്റം അര്‍ഹിക്കുന്നയാളാണെന്ന ആ ബോദ്ധ്യം, ശാരീരികവും മാനസികവുമായ ഏതു കൈയേറ്റശ്രമങ്ങളെയും ചെറുത്തുതോല്‍പിക്കാനുള്ള കരുത്തും കുഞ്ഞിനു നല്‍കും. അടുത്ത ക്ലാസ്സുകളില്‍ ആരോഗ്യകരമായ ബന്ധങ്ങളെക്കുറിച്ചൊക്കെ പഠിക്കുമ്പോള്‍ അവര്‍ക്ക് അടിത്തറയാകുന്നത് ഈ സ്വയംബോധം തന്നെയാവും.
വിദ്യാഭ്യാസത്തിന്‍റെ മുന്നോട്ടുപോക്കിനെക്കുറിച്ച് ആലോചിച്ചു തുടങ്ങുന്ന നിമിഷം മാറ്റിവയ്ക്കേണ്ടതാണ് പണ്ടൊക്കെ എല്ലാം എന്തു നന്നായിരുന്നുവെന്ന ഭൂതകാലക്കുളിര്‍. നാം പഠിച്ച പാഠപുസ്തകങ്ങളൊക്കെ നമുക്ക് ഗൃഹാതുരത കലര്‍ന്ന ഓര്‍മ്മകളായിരിക്കും. പക്ഷേ ഇഴകീറി പരിശോധിച്ചാല്‍, ലിംഗപരവും ജാതീയവും ശാരീരികവുമായ വിവേചനങ്ങളെ ഊട്ടിയുറപ്പിച്ച എത്രയോ പാഠങ്ങള്‍ നാം പഠിച്ചിട്ടുണ്ട്. ഇതൊന്നുമില്ലാത്ത ഒരു വിഡ്ഢിസ്വര്‍ഗ്ഗത്തിലേക്ക് കുട്ടികളെ കടത്തിവിടുകയാണോ വേണ്ടത് എന്ന ചോദ്യത്തില്‍ പതിരില്ല, കാരണം ഒരു ടെക്സ്റ്റിനെ ശരിയായി വായിക്കാനുള്ള അവബോധം ഉണ്ടായശേഷം അവര്‍ക്കു ലഭിക്കുന്ന റിസോഴ്സുകളും അല്ലാത്തതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. സമൂഹത്തെക്കുറിച്ച് അറിവുകളും ധാരണകളും രൂപീകരിക്കുന്ന ആദ്യഘട്ടങ്ങളില്‍ അവരിലേക്കെത്തുന്ന ഓരോ വാക്കും, ആരോഗ്യകരമായ സാമൂഹ്യബോദ്ധ്യങ്ങളെ ഊട്ടിയുറപ്പിക്കുന്നതാകണം എന്നു നാം ഉറപ്പാക്കണം. മുന്‍പ് സൂചിപ്പിച്ചപോലെ, ഇക്കാര്യത്തില്‍ ആധികാരികമായും ഔദ്യോഗികമായും മുന്‍കൈയെടുക്കാന്‍ കഴിയുന്നത് സര്‍ക്കാരിനു മാത്രമാണ്. പല സിലബസ്സുകളില്‍ പലതും പഠിക്കുന്ന പ്രീ-പ്രൈമറി കുട്ടികളെ പുരോഗമനോന്മുഖമായ ഒരു ഏകീകൃതസിലബസ്സിലേക്ക് കൊണ്ടുവരാന്‍ ഇനിയും വൈകിക്കൂടാ.

 

 

 

 

 

എന്‍.ജി.നയനതാര
കവി, സാഹിത്യപ്രവര്‍ത്തക

COMMENTS

COMMENT WITH EMAIL: 0