Homeപെൺപക്ഷം

ആ ആത്മഹത്യക്ക് ആര് മറുപടി പറയും?

ക്കഴിഞ്ഞ മേയ് 31 ന് പത്രങ്ങളില്‍ വന്ന ഒരു വാര്‍ത്ത മറ്റേതൊരു പത്രവാര്‍ത്തയേയും പോലെയായിരിക്കാം വായനക്കാര്‍ വായിച്ചത്. കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ പീഡിതയായ തന്‍റെ 28 വയസ്സായ മകളെ കൊലപ്പെടുത്തി ഒരമ്മ ആത്മഹത്യ ചെയ്തു എന്ന വാര്‍ത്തയാണത്. എഡോസള്‍ഫാന്‍ പീഡിത ജനവിഭാഗങ്ങള്‍ കാലങ്ങളായി കടന്നുപോകുന്ന യാതനകള്‍ക്ക് ഒരു ശാശ്വതമായ പരിഹാരം കാണാന്‍ ഇക്കാലമത്രയും കേരളം ഭരിച്ച ഒരു സര്‍ക്കാറുകള്‍ക്കും കഴിഞ്ഞിട്ടില്ല, അഥവാ ഭരണത്തിലുള്ള ആര്‍ക്കും തന്നെ അത്തരമൊരു താല്പര്യമുണ്ടായിട്ടില്ല.

ആരോഗ്യ മേഖലയില്‍ മുതലാളിത്ത രാജ്യങ്ങളോട് കിടപിടിക്കുന്ന വന്‍നേട്ടങ്ങളാണ് കേരളം ഉണ്ടാക്കിയതെന്ന അവകാശവാദം ഉന്നയിക്കുമ്പോഴും എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ പ്രശ്നങ്ങള്‍ ജനാരോഗ്യമേഖലയുടെ ഒരു ഉണങ്ങാത്ത വ്രണമാണെന്ന വസ്തുത സര്‍ക്കാറുകളെ നോക്കി കൊഞ്ഞനംകുത്തുകയാണ്. പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍ എന്ന ഭീമന്‍ കോര്‍പ്പറേറ്റ് വര്‍ഷങ്ങളായി കാസര്‍ഗോട്ടെ കശുവണ്ടിത്തോട്ടങ്ങളില്‍ തളിച്ച വിഷത്തിന്‍റെ ദുരന്തഫലങ്ങള്‍ തലമുറകളായി ഒരു തീരാശാപം പോലെ പേറിക്കൊണ്ടിരിക്കുന്ന ജനങ്ങള്‍ ഇന്ത്യയിലെ രണ്ടാംതരം പൗരരാണോ എന്ന് പൊതുസമൂഹം ചോദിക്കുന്നു. ഒരു മെഡിക്കല്‍ കോളേജ് പ്രര്‍ത്തനമാരംഭിക്കുകയും അതിലൊരു ന്യൂറോളജിസ്റ്റിനെ നിയമിക്കുകയും അടുത്തയിടെ ചെയ്തെങ്കിലും പരിശോധനകള്‍ നടത്താനുള്ള ലാബോ മറ്റു സൗകര്യങ്ങളോ അവിടെയില്ല. ഒരുപാട് പണം ചിലവാക്കി ദൂരസ്ഥലങ്ങളില്‍ പോയി പരിശോധനകള്‍ നടത്തേണ്ടിവരുന്ന പാവം രോഗികളുടേയും അവരെ പരിചരിക്കുന്ന ബന്ധുക്കളുടേയും യാതനകള്‍ക്ക് പരിഹാരം കാണാന്‍ ആരോഗ്യമേഖലയ്ക്ക് ഉത്തരവാദിത്വമില്ലേ?

ആ പീഡീത ജനങ്ങളുടെ നിര്‍ത്താതെയുള്ള ദീനരോദനം കേട്ടിട്ടും എന്തുകൊണ്ട് ഈ പ്രശ്നം ഒരു യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല?കോവിഡിനെപ്പോലെ അന്താരാഷ്ട്ര പ്രശസ്തി ഈ കോര്‍പറേറ്റ് പീഡിതര്‍ക്ക് ഇല്ലാത്തതുകൊണ്ടാണോ? ആ കോര്‍പറേറ്റ് ഭീകരനില്‍ നിന്ന് ഈ വിഭാഗങ്ങള്‍ക്ക് നഷ്ടപരിഹാരം വാങ്ങാനും അധികാരത്തിലുള്ളവര്‍ ഒന്നും ചെയ്യുന്നില്ല. സര്‍ക്കാറിന്‍റെ ഭാഗത്തുനിന്നായാലും ഇതൊരു ക്രിമിനല്‍ കുറ്റമല്ലേ?

അജിത കെ.

 

 

 

 

COMMENTS

COMMENT WITH EMAIL: 0