ആണുങ്ങള്ക്കെന്ന പോലെ പെണ്ണുങ്ങള്‍ക്കു മാത്രമായും ചില നിയമങ്ങള്‍ കേരളത്തിലെ സുറിയാനി കത്തോലിക്കാഭവനങ്ങളില്‍ പാലിക്കപ്പെടുന്നുണ്ട്. ദൈവം പോലും പുരുഷനായ മതമാണ് ക്രൈസ്തവ മതം. സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്നാണ് ദൈവത്തെ ഞങ്ങള്‍ വിളിക്കുന്നത്. അപ്പന് മക്കള്‍ എല്ലാവരും തുല്യരാണ്. സ്നേഹമുള്ള അപ്പനാണ് ദൈവം എന്നതാണ് യേശു പഠിപ്പിച്ചത്. അങ്ങനെയാണല്ലോ ക്രിസ്ത്യാനി ഉണ്ടായത്.
എന്നാല്‍ കേരളത്തില്‍ പാരമ്പര്യ സ്വത്ത് അതായത് അപ്പനും അമ്മയും ഉണ്ടാക്കിയതോ അവര്‍ക്ക് പൂര്‍വ്വികമായി കിട്ടിയതോ ആയ സ്വത്തുക്കള്‍ പങ്കുവെക്കുമ്പോള്‍ ആണ്മക്കള് ഉണ്ടെങ്കില്‍ അവര്‍ക്കാണ് അതില്‍ പ്രധാന അവകാശം. പെണ്മക്കള് മാത്രമാണെങ്കില്‍ തുല്യമായി കിട്ടും. നമ്പൂതിരി പാരമ്പര്യം അനുസരിച്ച് ജീവിച്ചു പോരുന്ന കേരള ക്രിസ്ത്യാനികളില്‍ ഇങ്ങനെയാണ് ശീലം. തറവാട് താഴെയുള്ള മകന് / മകനില്ലെങ്കില്‍ മകള്‍ക്ക് . തറവാട് എടുക്കുന്നവരുടെ പ്രധാന ഉത്തരവാദിത്വമാണ് അപ്പന്റെയും അമ്മയുടെ കാലം കഴിയും വരെ നോക്കുക, അവരുടെ മരണാനന്തര ചടങ്ങുകള്‍ നടത്തുക, തറവാട്ട് മഹിമ നിലനിര്‍ത്തുക എന്നതൊക്കെ.
കോട്ടയത്ത് മേരി റോയിയുടെ പരാതിയില്‍ കോടതി ക്രിസ്ത്യന്‍ സ്ത്രീകള്‍ക്കും പാരമ്പര്യ സ്വത്തില്‍ ആണ്മക്കള്ക്കൊപ്പം തുല്യ അവകാശമുണ്ടെന്നു പറഞ്ഞപ്പോഴാണ് ഇങ്ങനെ ഒരു കാര്യത്തെക്കുറിച്ച് ഇവിടത്തെ ക്രിസ്ത്യാനികള്‍ കേട്ടതും ഞെട്ടിയതും. എന്തെന്നാല്‍ അങ്ങനെ ഒരു തുല്യത ഞങ്ങള്‍ എന്നു പറഞ്ഞാല്‍ ആണും പെണ്ണും അതുവരെ സ്വപ്നം കണ്ടിട്ടില്ല. കെട്ടിക്കാത്ത പെണ്മക്കള്ക്ക് കൂടുതല്‍ ഓഹരി നല്കി വരാറുണ്ട്. എന്തെന്നാല്‍ അവര്‍ തറവാട് മാറിപ്പോകുന്നില്ല. മാത്രമല്ല മറ്റൊരു വീട്ടീല് കയറി ച്ചെല്ലാത്തതു കൊണ്ട് അവിടത്തെ സ്വത്തിനും അവകാശിയല്ലല്ലോ!
ഇത് മാറ്റമില്ലാത്ത ശീലമായി വീടുകളില്‍ തുടരുകയായിരുന്നു. ആ മാമൂലിനെയാണ് മേരി റോയ് ചോദ്യം ചെയ്തതും വിജയിച്ചതും .മേരി റോയ് പിന്തുടര്ച്ച സ്വത്തവകാശ നിയമത്തില്‍ തുല്യത നേടി. എന്നാല്‍ പിതൃസ്വത്ത് തുല്യമായി കിട്ടിയപ്പോള്‍ അത് താന്‍ എടുക്കാതെ തന്റെ സഹോദരനു തന്നെ കൊടുത്തു എന്നും കേട്ടിരുന്നു. അതിനര്‍ത്ഥം സ്വത്തിനോടുള്ള പ്രിയമല്ല എന്റെ അവകാശമാണ് പ്രധാനം എന്നു തെളിയിക്കലായിരിക്കാം. എന്നാല്‍ ഇങ്ങനെ ഒരു കോടതി വിധി ലഭ്യമായെങ്കിലും അതിനു ശേഷവും ക്രൈസ്തവകുടുംബങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും സ്വത്ത് വിഭജനകാര്യത്തില്‍ ഉണ്ടായിട്ടില്ല. ചിലരൊക്കെ പറയാന്‍ തുടങ്ങി എങ്കിലും പ്രവര്‍ത്തിയില്‍ വരുമ്പോള്‍ പഴയ ശീലം തന്നെയാണ് തുടരുക. എന്തായാലും ആണ്മക്കളില്ലാത്തവരുടെ സ്വത്ത് ബന്ധുക്കള്‍ കൊണ്ടു പോകുന്ന അവസ്ഥയല്ല.
പെണ്മക്കളെ കെട്ടിച്ചു വിടുമ്പോള്‍ വരന്റെ വീട്ടുകാര്‍ക്ക് ഒത്ത വിധം പെണ്ണിന് സ്വര്‍ണ്ണാഭരണം, വസ്ത്രം, പണം എന്നിവ നല്‍കുക എന്നത്. പെണ്ണ് മാറ്റാന്‍ വീട്ടില്‍ ചെന്നു കേറുമ്പോള്‍ ഉള്ള അന്തസ്സ് പാലിക്കാന്‍ അപ്പനും ആങ്ങളമാരും അമ്മ വീട്ടൂകാരും ഒക്കെ ഉത്സാഹിക്കും. പിന്നെ രണ്ടു പ്രസവം വരെ പെണ്ണിന്റെ കാര്യങ്ങള്‍ എല്ലാം പെണ്‍വീട്ടുകാര്‍ നോക്കുന്നതാണ് തറവാടിത്തം. കല്യാണ സമയത്ത് കൊടുത്തതിനു പുറമേ സ്വത്ത് ഭാഗം വെക്കുമ്പോള്‍ ചെറിയ ഒരു വീതവും പെണ്മക്കള്ക്ക് നല്‍കും. പിന്നെ അമ്മ മരിച്ചു കഴിഞ്ഞാല്‍ അമ്മയുടെ സ്വര്‍ണ്ണത്തിനും അവകാശികള്‍ പെണ്മക്കളാണ്. അമ്മായി വരുന്നു എന്നു പറയുന്നത് തറവാട്ടില്‍ ഒരു അലങ്കാരമാണ്. വിശേഷങ്ങള്‍ക്ക് വന്ന് രണ്ടു ദിവസം നിന്നുപോകാനുള്ള വിരുന്നുകാരി. ഇതാണ് കെട്ടിച്ചു വിട്ട പെണ്‍കുട്ടികള്‍ക്ക് ജനിച്ച വീട്ടിലുള്ള പ്രത്യേക അവകാശങ്ങള്‍ .എന്നാല്‍ കെട്ടിച്ചു ചെല്ലുന്ന വീട്ടില്‍ ഭര്‍ത്താവിന്റെ സ്വത്തിന് അവള്‍ക്കും അവകാശമുണ്ട്. അത് അവളുടെ കുടുംബമാണ്. അവിടെ എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും പിടിച്ചു നില്ക്കുന്നിടത്താണ് പെണ്ണിന്റെ വിജയം. ചട്ടീം കലവും ആകുമ്പോള്‍ തട്ടീം മുട്ടീം ഒക്കെയിരിക്കും അതൊന്നും കാര്യമാക്കണ്ട. ഞാന്‍ സഹിച്ച അത്രയൊന്നും നിനക്ക് സഹിക്കണ്ടല്ലോ. ഇതായിരിക്കും ഓരോ അമ്മയും കെട്ടിച്ചുവിട്ട മകള്‍ക്ക് നല്കുന്ന ഉപദേശം.
കാരണം അവള്‍ക്ക് അന്തസ്സുണ്ടാകണമെങ്കില്‍ കെട്ട്യോന്റെ കൂടെ തന്നെ കഴിയണം. എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും അതെല്ലാം നന്നാക്കിയെടുക്കേണ്ടതും കുടുംബം അന്തസ്സോടെ കൊണ്ടു നടക്കേണ്ടതും അവളുടെ ഉത്തരവാദിത്വമാണ്. ഇതൊക്കെയാണ് കത്തോലിക്ക കുടുംബങ്ങളില്‍ പെണ്ണുങ്ങളുടെ പ്രത്യേക അവകാശങ്ങള്‍. നടക്കുന്ന ആണിന്റെ വെല ഇരിക്കണ പെണ്ണിന്റെ ഊരേടെ ചോട്ടിലാന്ന് പെണ്പഴമ. തീര്‍ച്ചയായും ആണധികാര മതമാണ് ക്രൈസ്തവ മതം. ഉമ്മറം ആണുങ്ങള്‍ക്ക് പതിച്ചു നല്‍കും പോലെ വടക്കോരം അടുക്കള ഭാഗം പെണ്ണുങ്ങള് തീരുമാനിക്കും.
പുരുഷാധികാര വ്യവസ്ഥ അതിന്റെ ഏറ്റവും ഭീകരമായ തേര്‍വാഴ്ച നടത്തുന്നത് വിവാഹ കാര്യത്തിലാണ്. മകന് കെട്ടിക്കൊണ്ടു വരേണ്ടവനും മകള്‍ കെട്ടിച്ചുകൊടുക്കേണ്ടവളുമാണ്. ഈ രീതിയെ ഇതുവരെ ആരും ചോദ്യം ചെയ്തിട്ടില്ല. വിവാഹത്തോടെ അതുവരെ വീടിന്റെ വിളക്കും കണ്മണിയുമായവള് അന്യ വിട്ടുകാരുടേതായി. മാറ്റാം കുടുംബത്തേക്ക് അയക്കപ്പെട്ടവള്‍ മാറ്റാത്തിയായി. പിന്നെ ചെന്നു കേറിയിടത്തെ പെണ്ണാണ്. ഐഡന്റിറ്റിയും അഡ്രസുമെല്ലാം അവിടത്തെയാണ്. രക്ഷിതാവിന്റെ പേരിന്റെ സ്ഥാനത്ത് ഭര്‍ത്താവിന്റെ പേര് അവള്‍ക്ക് അലങ്കാരമാകും.
ബൈബിള്‍ പറയുന്നത് പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും തന്റെ ഭവനത്തെയും മാതാപിതാക്കളെയും വിട്ട് ഒന്നിക്കുകയം അവരിരുവരും ഒന്നായി തീരുകയും ചെയ്യും എന്നാണ്. എന്നാല്‍ പുരുഷന് അവന്റെ ഭവനത്തെ ഉപേക്ഷിക്കേണ്ടതില്ല. മാത്രമല്ല സ്വന്തം ഭവനത്തിലേക്ക് തനിക്കും തന്റെ കുടുംബത്തിനും സാമ്പത്തികമായും ശാരീരികമായും സഹായിക്കാന്‍ കഴിയുന്നവളും തന്റെ കുഞ്ഞുങ്ങളെ പ്രസവിച്ച് വളര്‍ത്താന്‍ പ്രപ്തിയുമുള്ളവളുമായ ഒരു സ്ത്രീയെ തനിക്ക് അവകാശമായി ലഭിക്കുകയും ചെയ്യുന്നു. മതവും പൊതുസമൂഹവും അവനെ അതിന് ശക്തനാക്കുന്നു. കെട്ടിയ പെണ്ണിനെ എന്തു ചെയ്യണം എന്ന് അവനാണ് തീരുമാനിക്കുക. പൊതുവില്‍ പണം വരുത്താനുള്ള ഒരു വഴിയാണ് അവന് പെണ്ണും പെണ്‍വീട്ടുകാരും. അവന്റെ ആവശ്യങ്ങള്‍ക്ക് അപ്പപ്പോള്‍ പണം കിട്ടിയില്ലെങ്കില്‍ തല്ലാനും ‘മോള് വീട്ടില്‍ വന്ന് നില്‍ക്കേണ്ടത് കാണേണ്ടി വരും’ എന്ന് ഭീഷണിപ്പെടുത്താനും ഒക്കെ അവന് അധികാരമുണ്ട്. സ്ത്രീധനം നിയമം മൂലം നിരോധിക്കപ്പെട്ടിട്ട് കാലമേറെയായെങ്കിലും ചെന്നു കേറുന്ന പെണ്ണ് കൊണ്ടുവരുന്ന പൊന്നും പണവും പിന്നെ അതു കിട്ടിക്കൊണ്ടിരിക്കാനുള്ള സാധ്യതയുമാണ് അവളുടെ നിലനില്പിന്റെ ആധാരം. അപ്പനും അമ്മയും ചത്താലും പെണ്ണ് കൊണ്ടുവരുന്ന സാരിയും പലഹാരവും തറവാട്ടു മഹിമയുടെ അടയാളമാണ്.
സാമ്പത്തികമായി അല്പമെങ്കിലും ദുരിതത്തില്‍ കഴിയുന്നവര്‍ക്ക് പെണ്‍കുട്ടിയെ കെട്ടിച്ചുവിടലും രണ്ടു പ്രസവം നോക്കലും മറ്റ് അനുബന്ധ ചടങ്ങുകളും അധികഭാരവും പെണ്‍കുട്ടിക്ക് താന്‍ സ്വന്തം വീടിന് എന്തൊരു ബാധ്യതയാണ് എന്ന തോന്നലും ചെന്നു കേറിയ വീട്ടിലാകാട്ടെ താനൊരു വിലയുമില്ലാത്തവളാണ് എന്ന ബോധ്യവും മാത്രം ബാക്കിയാകുന്ന, ബോധ്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് അമ്മായിയമ്മ, നാത്തൂന് എന്ന പദവികള്‍. മോന്റെ ഭാര്യ എന്തുകൊണ്ടുവന്നു എന്നതാണ് പൊതുവെ ഒരു അന്വേഷണം. അതു കുറയാതിരിക്കാന്‍ പെണ്‍വീട്ടുകാര്‍ ശ്രദ്ധിക്കണം. അങ്ങനെ ചെറിയ സാമ്പത്തിക സ്ഥിതിയുള്ളവര്‍ ഉള്ളതെല്ലാം എടുത്ത് വിറ്റ് മകളെ കെട്ടിച്ച പോരായ്മകള്‍ തീര്‍ത്ത് മുടിഞ്ഞിരിക്കുമ്പോള്‍ അതില്‍ നിന്നു കരകയറാനുള്ള മാര്‍ഗ്ഗമാണ് മകന് കെട്ടിക്കൊണ്ടുവരിക എന്നത്. ഈ പ്രരാബ്ധങ്ങള്‍ എല്ലാം ആ വീട്ടുകാര്‍ നികത്തണം.
സ്വന്തം അപ്പനും അമ്മയും മരിക്കാറായി കിടന്നാലും ഒന്നു പോയി കണ്ടിട്ടു വരാനുള്ള ഉത്തരവാദിത്തമേ മകള്ക്കുള്ളൂ. അത്രയേ, എത്ര വയ്യെങ്കിലും മാതാപിതാക്കളും ആഗ്രഹിക്കുന്നുള്ളൂ. രണ്ടു ദിവസത്തില്‍ കൂടുതല്‍ നിന്നാല്‍ എന്നാ പോണത് എന്നാണ് കാണുന്നവര്‍ ആദ്യം ചോദിക്കുക.- മൂന്നാം ദിവസം കണ്ടാല്‍ എന്തോ വഴക്കായിട്ടു പോന്നതാകും എന്നാകും കുശുകശുക്കല്. രണ്ടു ദിവസം കൂടി ഞാന്‍ വീട്ടില്‍ നിന്നോട്ടെ എന്നു ചോദിച്ചാല്‍ ഭര്‍ത്താവിന്റെ മറുപടി പിന്നെ ഇവിടത്തെ കാര്യങ്ങള്‍ ആരുനോക്കും എന്നാകും.
പാരമ്പര്യ സ്വത്തില്‍ തുല്യ അവകാശം ലഭിച്ചാലും ആ സ്വത്ത് കൈകാര്യം ചെയ്യാന്‍ ഇന്നത്തെ മത/സാമൂഹ്യ വ്യവസ്ഥയില്‍ പെണ്ണിന് എത്രത്തോളം അവകാശമുണ്ടാകും. അവള്‍ക്ക് കല്യാണത്തിത് കിട്ടുന്ന പെന്നും പണവും ഭൂരിഭാഗവും ആരാണ് കൈകാര്യം ചെയ്യുന്നത്?
പെണ്ണിന്റെ അപ്പനും അമ്മയും കെട്ടിച്ചു വിട്ടാല്‍ അവളെ മാറ്റാത്തിയായിട്ടാണ് കാണുന്നത്. പിന്നെ ഈ തറവാട്ടു സ്വത്തു കണ്ടു കൊതിക്കണ്ട എന്നാണ് ഏറെ സ്നേഹമുള്ള മകളോടും അവര്‍ പറയുക. എന്തെന്നാല്‍ അവര്‍ക്ക് മരണം വരെ ജീവിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നത് മകനോടൊപ്പമാണ്. അതിനാല്‍ സ്വത്ത് മകള്‍ക്ക് നല്കി മകനെ പ്രകോപിപ്പിക്കാതിരിക്കുന്നത് അവരുടെ ആത്മ ശരീര രക്ഷക്ക് അനിവാര്യമാണ്. അതു കൊണ്ട് പറമ്പിലെ പ്ലാവില്‍ നിന്നൊരു ചക്കയിടാനോ വേപ്പില്‍ നിന്ന് രണ്ട് തണ്ട് ഇല പൊട്ടിക്കാനോ ശ്രമിച്ചാന് മകളോട് ഏറെ വാത്സല്യമുള്ള അമ്മ പറയും അയ്യോ. അത് നീ അവനോട് ( ആങ്ങളയോട്) ചോദിച്ചിട്ട് പൊട്ടിച്ചാ മതി. അങ്ങനെ വീട്ടുകാരി വിരുന്നുകാരി ആകുന്ന അവസ്ഥയാണ് ഇന്നത്തെ ക്രിസ്ത്യന്‍ കല്യാണം.
തുല്യമായ സ്വത്ത് ലഭിക്കുമ്പോള്‍ തന്നെ അത് സ്വന്തമായി കൈകാര്യം ചെയ്യാനുള്ള സാമൂഹ്യ അന്തരീക്ഷം കൂടെ ഇനിയും ഉണ്ടാകേണ്ടതുണ്ട്. അതിന് വിവാഹരീതീയും സമൂഹത്തിന്റെ കാഴ്ചപ്പാടും മാറണം. ചുരുങ്ങിയത് ഇത്രയെങ്കിലും സംഭവിക്കണം. ഇഷ്ടമുള്ള ഒരാളെ കണ്ടെത്തുകയും രണ്ടു പേരുടെയും ഉത്തരവാദിത്വത്തില്‍ ജീവിക്കാന്‍ പ്രാപ്തി നേടുകയും ചെയ്യുമ്പോഴെ ഇനിയെങ്കിലും വിവാഹം തെരഞ്ഞെടുക്കാവു.
മാതാപിതാക്കള്‍ തങ്ങളുടെ ആരോഗ്യ കാലത്തു തന്നെ തങ്ങളുടെ മക്കള്‍ക്ക് എന്തു കൊടുക്കാന്‍ ഉദ്ദേശിക്കുന്നുവോ അതു കൊടുക്കുക. കാലശേഷം എന്ന പരിപാടി ഒഴിവാക്കുക.
സ്വത്തുള്ളവര്‍ തങ്ങള്‍ക്ക് മരണം വരെ കഴിയാനുള്ളത് കഴിച്ചേ മക്കള്‍ക്ക് കൊടുക്കാവൂ. മാതാപിതാക്കള്‍ മക്കളെ ജനിപ്പിച്ചു വളര്‍ത്തി വലുതാക്കി എന്നതുകൊണ്ട് തങ്ങളുടെ വാര്‍ദ്ധക്യം മുഴുവന്‍ മക്കള്‍ ഏറ്റെടുക്കണം എന്നു വാശി പിടിക്കേണ്ട കാലം കഴിഞ്ഞു. തങ്ങളുടെ സമ്പത്ത്, ആരോഗ്യം, വാര്‍ദ്ധക്യം എങ്ങനെ സന്തോഷകരമാക്കാം എന്ന് വ്യക്തികളും സമൂഹവും മതവും സര്‍ക്കാരും എല്ലാം ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..
വിഷയം പല തരത്തില്‍ മാറി പോയി എന്നറിയാം. കാര്‍ഷിക വ്യവസ്ഥയില്‍ ജീവിച്ചിരുന്ന ജനത തലമുറകളുടെ സുരക്ഷിതമായ ജീവിതത്തിന് അവര്‍ക്ക് ശരിയെന്നു തോന്നിയ രീതിയില്‍ ഉണ്ടാക്കിയ രീതീയാണ് വിവാഹവും സ്വത്തവകാശവുമെല്ലാം.എന്നാല്‍ ഇന്ന് നമ്മള് ജീവിക്കുന്നത് സുരക്ഷിതമായ ഒരു കാര്‍ഷിക വ്യവസ്ഥയിലല്ല.ആഗോള തലത്തിലുള്ള ഐ.ടി. ലോകത്താണ്. എന്നാല്‍ നമ്മുടെ ശീലങ്ങള്‍ പഴയതും. പുതിയ വീഞ്ഞ് പഴയ തോല്ക്കുടത്തില് നിറക്കാനാകില്ല.പുതിയ തോല്ക്കുടം നമ്മള് നിര്‍മ്മിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ സമൂഹം ഒരുമിച്ചല്ല മാറ്റത്തിന് വിധേയമാകുന്നത് എന്നതുകൊണ്ട് മാറ്റം വലിയ ബുദ്ധിമുട്ടുള്ളതാണ്.
ഈ രീതീയില്‍ വേണം തുല്യ സ്വത്തവകാശത്തെക്കുറിച്ച് ചിന്തിക്കേണ്ടത്. നമ്മളാകട്ടെ അമ്മാത്ത് നിന്ന് പോരുകയും ചെയ്തു, ഇല്ലത്ത് എത്തിയതുമില്ല എന്ന അവസ്ഥയിലാണ്.
ജീവിതം ഐ.ടി.യുഗത്തിലും നിയമങ്ങളും ശീലങ്ങളും മതങ്ങളും കാര്‍ഷിക / കന്നുകാലി വളര്‍ത്തല്‍ കാലത്തേതുമാണ്. ഇന്നും ഒരു ആണ്‍കുട്ടിയോട് ഇത് നിന്റെ വീടാണെന്നും പെണ്‍കുട്ടിയോട് നീ മാറ്റാന്റേടക്ക് പോകേണ്ടവളാണെന്നും അപ്പനും അമ്മയും കുഞ്ഞുനാള് മുതല്‍ പഠിപ്പിക്കുകയും ചെയ്യുമ്പോള്‍ അവരുടെ മരണശേഷം പിന്നെ എന്ത് സ്വത്താണ് അവള്‍ക്ക് കിട്ടുക.
സ്വത്തിലും അവരെ സംരക്ഷിക്കുന്നതിലും തുല്യ അവകാശം മകനും മകള്‍ക്കും ഉണ്ടാകണം.
ഒരിക്കല്‍ അപ്പന് വീട് പുതുക്കി പണിയുന്നതിനെ പറ്റി എന്റെ അനിയനുമായി വഴക്കിട്ടപ്പോള്‍ അപ്പന്റെ പുന്നാരമോളായ ഞാന്‍ പറഞ്ഞു അപ്പന് ഈ വീട് എന്റെ പേരില്‍ എഴുതി തന്നോ പിന്നെ അവന് ഇവിടെ വഴക്കിന് വരില്ലല്ലോ? ഇതു കേട്ട പാടെ അപ്പന് അതുവരെയുണ്ടായിരുന്ന ദേഷ്യവും കോപവും എല്ലാം മറന്ന് വളരെ ഉറച്ച ശബ്ദത്തില്‍ നടേലകത്തിരുന്ന് ഒരു പ്രഖ്യാപനം നടത്തി. څആഹ അതേയ് തെക്കടാന്മാരുടെ മെതല് കണ്ട് നീ തുള്ളണ്ട’.
അപ്പോള്‍ മധ്യസ്ഥം പറയാന്‍ ചെന്ന ഞാന്‍ ആരായി. ഇതാണ് ഇപ്പഴും ആണ്മക്കളുള്ള തറവാട്ടുകാരുടെ അവസ്ഥ. അപ്പനും അമ്മയും ജീവിച്ചിരിക്കുമ്പോള്‍ തരാന്‍ ആഗ്രഹിക്കാത്തത് അവരുടെ കാലശേഷം കേസു കൊടുത്ത് വാങ്ങിയിട്ടെന്ത് എന്ന് പെണ്മക്കളും ചിന്തിക്കുന്നുണ്ടാകും.
അപ്പന് ഭൂസ്വത്ത് ഒന്നും തന്നില്ലെങ്കിലും അപ്പനായിരുന്നു എന്റെ സ്വത്ത് എന്ന് തിരിച്ചറിഞ്ഞത് അപ്പന്റെ മരണശേഷമാണ്. അപ്പന് ഇറങ്ങി പോയതിനു ശേഷം വീടെനിക്ക് അന്യമായി. വീടിപ്പോള്‍ സഹോദരന്റെ ഭവനം മാത്രമാണ്. അമ്മയെ കാണാന്‍ പോകാം. ഉമ്മറത്തിരിക്കാം. വിശേഷങ്ങള്‍ പറഞ്ഞാല്‍ കേള്‍ക്കാം. അമ്മക്ക് സുഖമല്ലേ എന്നു വെറും വാക്കു ചോദിക്കാം. എന്തെന്നാല്‍ മകനെതിരായൊന്നും അമ്മക്ക് പറഞ്ഞു കൂടാ. കാരണം ഭര്‍ത്താവ് മരിച്ചാല്‍ തന്നെ സംരക്ഷിക്കേണ്ടതു മകനാണെന്ന് ഏതൊരു കത്തോലിക്ക പെണ്ണിനും അറിയാം. അതെ അവള് ഇപ്പോഴും അപ്പനും ഭര്‍ത്താവും മകനും സംരക്ഷിക്കുന്നവള്‍ തന്നെയാണ് .
അതുകൊണ്ടാകും കേസ് ജയിച്ച് സ്വത്തു കിട്ടിയാലും അത് ആങ്ങളക്കു തന്നെ തിരിച്ചു കൊടുക്കുന്നത്. ഇപ്പോള്‍ അപൂര്‍വ്വമായി സ്വത്ത് തുല്യമായി പങ്കുവെക്കുന്ന വീടുകളും ഉണ്ട്. സ്വത്ത് ഭാഗം വെപ്പിനെ തുടര്‍ന്ന് പലപ്പോഴും സഹോദരങ്ങള്‍ തമ്മിലുള്ള സ്നേഹബന്ധം നഷ്ടപ്പെടുന്നുണ്ട്. മാതാപിതാക്കളുടെ വാര്‍ദ്ധക്യവും ദുസ്സഹമാകുന്നുണ്ട്.
COMMENTS