അതിഥിപത്രാധിപകുറിപ്പ്

Homeഅതിഥിപത്രാധിപക്കുറിപ്പ്

അതിഥിപത്രാധിപകുറിപ്പ്

സംഘടിതയുടെ സ്ത്രീവാദദര്‍ശനത്തെ കുറിച്ചുള്ള ലക്കത്തിന്‍റെ പത്രാധിപത്യം ഏറ്റെടുക്കാമോ എന്ന ചോദ്യം എന്നെ പല സന്ദേഹങ്ങളിലേക്കാണ് നയിച്ചത്. സ്ത്രീവാദ ദര്‍ശനത്തിന്‍റെ വൈവിധ്യമാര്‍ന്നതലങ്ങളെ കുറിച്ചുള്ള പലതരം ആലോചനകളിലേക്കും ആ ചോദ്യം എന്നെ വീണ്ടും കൊണ്ട് പോയി. പലധാരകളിലായി വിവിധ സാമൂഹിക സാഹചര്യങ്ങളില്‍ ഉയര്‍ന്നു വന്നിട്ടുള്ള സ്ത്രീവാദ ചിന്തകരും ചിന്താപദ്ധതികളുമുണ്ട്. ഇവയില്‍ ഏതാണ് തിരഞ്ഞെടുക്കേണ്ടത് എന്നത് കുഴപ്പിക്കുന്ന ചോദ്യമാണ്.
സ്ത്രീവാദ ചിന്ത പാശ്ചാത്യഇടങ്ങളില്‍ മാത്രം ഉയര്‍ന്നു വരുന്ന ഒന്നാണോ എന്നതാണ് പ്രാഥമികമായ ചോദ്യം. സ്ത്രീവാദ സിദ്ധാന്തങ്ങളുടെ നേര്‍വിവര്‍ത്തനങ്ങള്‍ മലയാളത്തില്‍ ലഭ്യമായി തുടങ്ങുന്നത് തൊണ്ണൂറുകളിലാണ്. സ്ത്രീവാദ സിദ്ധാന്തങ്ങളുടെ ധൈഷണിക യാത്രകളും വിവര്‍ത്തനവും നേരിടുന്ന പ്രശ്നനങ്ങളെന്തു എന്ന് വളരെ പെട്ടെന്ന് തന്നെ മേരി ജോണിനെ പോലെയുള്ള സ്ത്രീവാദചിന്തകര്‍ ഉന്നയിച്ചു തുടങ്ങി. ഉദാഹരണത്തിന് മൂന്നാം ലോകത്തു (പോസ്റ്റ് കോളനി) ജീവിക്കുന്ന സ്ത്രീവാദ പ്രവര്‍ത്തകര്‍ ഏര്‍പ്പെടുന്ന വിവര്‍ത്തന പ്രക്രിയയുടെ , ചരിത്രപരമായ ഇടങ്ങള്‍ വിവര്‍ത്തനത്തെ വ്യതിരിക്തമായി അടയാളപ്പെടുത്തുന്നതായി തേജസ്വിനി നിരഞ്ജന നിരീക്ഷിക്കുന്നു. ഒന്നിലധികം പുസ്തകങ്ങളിലും ലേഖനങ്ങളിലുമായി സ്ത്രീവാദത്തിന്‍റെ കേരള ചരിത്ര പരിസരത്തെ കുറിച്ച് ജെ ദേവിക വിശദമായി അപഗ്രഥിച്ചിട്ടുണ്ട് . അന്ന ചാണ്ടി, ലളിതാംബിക അന്തര്‍ജ്ജനം, കെ സരസ്വതി ‘അമ്മ തുടങ്ങിയഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിലും എഴുത്തിലും ഏര്‍പ്പെട്ടിരുന്ന സ്ത്രീകളുടെ രചനകളിലെ പല പദപ്രയോഗങ്ങളെയും, ചരിത്രവത്ക്കരിക്കുകയും, സ്ത്രീവാദ രാഷ്ട്രീയ മാനങ്ങളുള്ള പരികല്പനകളായി വായിക്കുകയും ചെയ്യുന്നുണ്ട് ദേവിക. സ്ത്രീവാദ പദാവലി സ്ഥാപനവതകൃതമല്ലാത്ത സംവിധാനങ്ങളുടെയും പ്രാദേശിക പദാവലികളിലൂടെയും വികസിക്കുന്ന ഒന്നായാണ് ദേവിക വിവക്ഷിക്കുന്നത്. ഇത്തരം പ്രാദേശിക പദാവലികള്‍ വികസിച്ചിട്ടുള്ളത് പലപ്പോഴും രാഷ്ട്രീയ ഭാവനകളുടെ ചുവടു പിടിച്ചാണ് എന്നും കാണാം.
ദളിത് ഫെമിനിസം, ബ്ലാക്ക് ഫെമിനിസം, തുടങ്ങി വിവിധ ധാരകളിലുള്ള സ്ത്രീവാദങ്ങള്‍ ജ്ഞാനസിദ്ധാന്തത്തെ കുറിച്ച് പല മൗലിക ചോദ്യങ്ങളും ഉന്നയിക്കുന്നുണ്ടു. സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള ബന്ധം, സിദ്ധാന്തത്തെ പ്രയോഗത്തില്‍ നിന്ന് വേര്‍തിരിക്കുന്നതെങ്ങിനെ തുടങ്ങിയ ചോദ്യങ്ങളും സ്ത്രീവാദ സിദ്ധാന്തം എന്ന സംജ്ഞക്കു കീഴില്‍ അണിനിരത്താവുന്നതെന്തൊക്കെ എന്ന സന്ദേഹത്തിനു ആഴം കൂട്ടുന്നു.
നിലവിലെ ധാര്‍മ്മിക, സാമൂഹിക, രാഷ്ട്രീയ ചോദ്യങ്ങളിലും വെല്ലുവിളികളിലും ഇടപെടാന്‍ ശ്രമിക്കുകയും, തന്നെ ഒരു വിപുല പദ്ധതിയായി നിര്‍വചിക്കുകയും, പ്രതിരോധത്തിന്‍റെ ഒരു പ്രധാന ഇടമായി സങ്കല്പിക്കുകയും ചിന്തകരെയാണ് വായനക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. അതെ സമയം , സ്ത്രീവാദ ദര്‍ശനത്തിന്‍റെ വിള്ളലുകള്‍ മായിച്ചു കളയുന്നതിലല്ല, ‘വിള്ളലുകള്‍ പുനഃസ്ഥാപിക്കുക’ആവശ്യമായി വന്നേക്കാം എന്ന ധാരണയാണ് ഈ ലേഖനങ്ങളെ നയിക്കുന്നത് പുനഃസ്ഥാപത്തെ അര്‍ത്ഥവത്തായ ഒന്നായി എടുത്തു കാട്ടുന്നതിനു പകരം നമ്മള്‍ പലപ്പോഴും സ്വീകരിക്കുന്ന പരമ്പരാഗത മാര്‍ഗം മറയ്ക്കുക എന്നതാണ്. തകര്‍ന്ന സെറാമിക്സിന്‍റെ വിള്ളലുകള്‍ എടുത്തുകാട്ടുന്ന രീതിയില്‍ പുനഃസ്ഥാപിക്കുന്ന ജാപ്പനീസ് കല കിന്‍റ്സുഗിയുടെ ധാര്‍മ്മിക ചിന്താ സമ്പ്രദായം ഈ കാര്യത്തില്‍ സവിശേഷമായ ഉള്‍ക്കാഴ്ചയുള്ളതാണ്. ഇത്തരത്തില്‍ വിള്ളലുകളുമായി ബന്ധപ്പെടുന്ന ചോദ്യങ്ങളെ വിശാലമായ ഇടപഴകലിലൂടെ പരിശോധിക്കുന്ന ചിന്തകരെയും തത്വചിന്ത പദ്ധതികളെയും വിശദീകരിക്കുയാണ് ഈ ലേഖനങ്ങള്‍.
ദളിത് സ്ത്രീ ചരിത്രത്തില്‍ നവീന പരികല്പനകള്‍ മുന്നോട്ടു വെക്കുന്ന ഒന്നാണ് ഷൈജ പൈകിന്‍റെ The Vulgarity of Caste: Dalits, sexuality and Humanity എന്ന പുസ്തകം. ശൈലജയുമായി , സാമൂഹ്യ ശാസ്ത്രജ്ഞയായ കല്യാണി നടത്തുന്ന സംഭാഷണമാണ് ആദ്യത്തേത്. തമാശ നൃത്തനാടക കലാകാരികളുടെ ബഹിഷ്കൃത ജീവിതങ്ങളും, അവര്‍ നീണ്ടകാലത്തെ പ്രവര്‍ത്തനങ്ങളിളിലൂടെ അംബേദ്കര്‍ മുന്നോട്ടു വെക്കുന്ന മനുഷ്യാന്തസ്സു എന്ന പാരികല്പനയെ സ്വായത്തമാക്കാന്‍ പ്രയത്നിച്ചത് എങ്ങനെയെന്നും ശൈലജ വിശദീകരിക്കുന്നു. ഈ സംഭാഷണത്തില്‍ , ഏറ്റവും ശക്തമായി ഉയരുന്നത് തമാശ കലാകാരികളായ ദളിത് സ്ത്രീകള്‍ നടത്തിയവിവിധങ്ങളായ സമരപ്രതിരോധങ്ങളുടെയും , കൊടുക്കല്‍ വാങ്ങലുകളുടെയും , രാഷ്ട്രീയ ഭാഷണങ്ങളുടെയും വാങ്മയ സഞ്ചയമാണ്
ഇസ്ലാമിക ഫെമിനിസത്തിന്‍റെ പുനര്‍നിര്‍മാനം ആഗോള വടക്കന്‍ വീക്ഷണകോണില്‍ നിന്ന് പ്രധാനമായും രൂപപ്പെടുത്തിയിരുന്ന സാഹചര്യത്തില്‍, മുസ്ലീം സമൂഹത്തിലെ സ്ത്രീകളുടെ സ്ഥാനത്തെക്കുറിച്ച്, ചരിത്രപരമായ ആഗോള അസമത്വങ്ങളുടെ സാഹചര്യത്തില്‍ പരിശോധിച്ച പ്രമുഖ തത്വചിന്തകയായിരുന്നു സബ മഹ്മൂദ്. ഒരു വശത്ത് ഇസ്ലാമിന്‍റെയും ലിംഗഭേദത്തിന്‍റെയും ചോദ്യവും മറുവശത്ത് പോസ്റ്റ് കൊളോണിയല്‍ അവസ്ഥയെ പരിഗണിക്കുന്ന ലിബറല്‍ മതനിരപേക്ഷ ചട്ടക്കൂടും തമ്മിലുള്ള വിള്ളലിനെ ഏറ്റവും സമര്‍ത്ഥമായി അപഗ്രഥിക്കുന്നതാന് സബയുടെ രചനകള്‍. മതനിരപേക്ഷത ഒരു വലിയ ചോദ്യമായി മാറുന്ന ഇന്ത്യന്‍ വര്‍ത്തമാന കാലത്തു നൈതികതയെ മുന്‍നിര്‍ത്തുന്ന സബയുടെ സ്ത്രീവാദ ചിന്താ പദ്ധതിയില്‍ നിന്ന് ഇന്ത്യന്‍ ഫെമിനിസത്തിനു കടം കൊള്ളാവുന്ന പരികല്പനകള്‍ എന്തൊക്കെ എന്ന് ഷെറിന്‍ ബീ എസ് പ്രകാശമാനമായ ഭാഷയില്‍ വിശദീകരിക്കുന്നു.
ഡോണാ ഹാരവേയുടെ മുന്‍നിര്‍ത്തി കവിത ബാലകൃഷ്ണന്‍ അന്വേഷിക്കുന്നത, സ്ത്രീ പുരുഷ ശരീരങ്ങള്‍ തത്വത്തില്‍, ലിംഗ നിര്‍മിതിയുടെ കെട്ടുകള്‍ വെടിഞ്ഞു സൈബോര്‍ഗുകള്‍ ആയി മാറാന്‍ സാദ്ധ്യതകള്‍ തുറക്കുന്ന സൈബര്‍ ലോകത്തെ സൗന്ദര്യശാസ്ത്ര പരിണാമങ്ങളെകുറിച്ചാണ്പ്രതിനിധാനത്തിലുപരി , ജൈവശരീരവും യന്ത്രികതയും തമ്മിലുള്ള ബന്ധം, സൈബോര്‍ഗിന്‍ ഇടപെടലുകള്‍ വഴി നോട്ടത്തിനു സംഭവിക്കാവുന്ന മാറ്റങ്ങള്‍, അധികാരബന്ധവും ലിംഗനീതിയും തുടങ്ങിയ പല ഘടകങ്ങളിലേക്കും ഈ അന്വേഷണം നീളുന്നു.
ലിംഗ ബന്ധങ്ങളെയും സ്ത്രീകളുടെ ജീവിതത്തെയും കുറിച്ചുള്ള ചര്‍ച്ചകളില്‍ ‘ feminine mystique” , “the problem that has no name”പദപ്രയോഗങ്ങള്‍ പരിചിതമായ രൂപകങ്ങളായി മാറിയിരിക്കുന്നു. സുപരിചിതമെങ്കിലും, ലിബറല്‍ ഭരണ സംവിധാങ്ങള്‍ക്കു കീഴില്‍ ഫ്രീഡന്‍ യഥാര്‍ത്ഥത്തില്‍ എന്താണ് എഴുതിയത്, 1960കളിലെ ഫെമിനിസ്റ്റുകള്‍ക്കിടയില്‍ ചില ആശയങ്ങള്‍ എങ്ങനെയാണ് പ്രചരിചത്, ഒടുവില്‍, ഇന്നത്തെ സ്ത്രീവാദ രാഷ്ട്രീയത്തിന് ഇതെല്ലാം എന്താണ് അര്‍ത്ഥമാക്കുന്നത്, എന്ത് സാധ്യതകളാണ് തുറക്കുന്നത് എന്നും ചോദിക്കേണ്ടതുണ്ട്. ഈ ചോദ്യങ്ങളാണ് മായാ എസ് ബെറ്റി ഫ്രീഡനെ കുറിച്ചെഴുതിയ ലേഖനത്തില്‍ വിശദമായി പരിശോധിക്കുന്നത് .
ഇന്‍റര്‍സെക്ഷണാലിറ്റിയുടെ ബൗദ്ധിക ചരിത്രത്തെ അടയാളപ്പെടുത്തുമ്പോള്‍ , വളരെ കുറച്ച് സിദ്ധാന്തങ്ങള്‍ മാത്രമേ ആഗോള തലത്തില്‍ ഇന്‍റര്‍ ഡിസ്സിപ്ലിനറി സമീപനം സൃഷ്ടിച്ചിട്ടുള്ളൂ എന്ന് കാണാം. ബ്ലാക്ക് സ്ത്രീവാദ തത്വചിന്തയുടെയും സാമൂഹിക നീതിക്കു വേണ്ടിയുമുള്ള പോരാട്ടങ്ങളിലൂടെയും ഉരുത്തിരിഞ്ഞു വന്ന ഈ പരികല്പന ഇന്ന് സ്ത്രീവാദ ചിന്തകളെ നിയമനിര്‍മാണം, സാമൂഹിക നീതിക്കു വേണ്ടിയുള്ള പോരാട്ടം, പ്രതിനിധാനം തുടങ്ങി പല മേഖലകളിലും നയിക്കുന്ന പ്രധാനപ്പെട്ട ഒന്നാണ്. എന്നിരുന്നാലും, ഭൂമിശാസ്ത്രപരവും ദേശീയവുമായ അതിരുകള്‍ എന്നിവയിലൂടെ ഇന്‍റര്‍സെക്ഷണാലിറ്റി എങ്ങനെ ചലിക്കുന്നു എന്ന് കൃത്യമായി പ്രതിഫലിപ്പിക്കാനുള്ള ശ്രമങ്ങള്‍ വളരെ കുറവാണ്. ഈ ചോദ്യങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട്, ആംഗല ഡേവിസിന്‍റെ ജീവിതം, രാഷ്ട്രീയം, ചിന്ത എന്നിവയിലൂടെ സിന്ധു ജോസ് ഇന്‍റര്‍സെക്ഷണാലിറ്റിയുടെ ഉത്ഭവത്തെ പ്രതിഫലിപ്പിക്കുന്നു, അതിന്‍റെ വ്യാപ്തി, സൈദ്ധാന്തിക ശേഷി, ധൈഷണിക യാത്രകള്‍, ഭാവി പാതകള്‍ തുടങ്ങിയവയെ അപഗ്രഥിക്കുന്നു.
ലൈംഗികതയുടെ രാഷ്ട്രീയത്തിലൂടെ ജൂഡിത്ത് ബട്ലറുടെ , ലിംഗപദവിയെക്കുറിച്ചുള്ള പൊളിച്ചെഴുതുകള്‍ വ്യാപകമായി മലയാളത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ , ബട്ലര്‍ രണ്ടു പതിറ്റാണ്ടു മുന്‍പ് മുന്നോട്ടു വെച്ച ലിംഗപദവിയുടെ ‘പ്രദര്ശനപരത’ എന്നതിനപ്പുറം , ആലേഖന വ്യവഹാരങ്ങളെയും , നൈതിക -നിയമ മേഖലകളെയും ഉള്‍ക്കൊള്ളുന്ന ബട്ലറുടെ നൂതന ആശയ സമുച്ചയങ്ങളെയും ചേര്‍ത്ത് വായിക്കാനാണു് സുല്‍ഫിയ സന്തോഷിന്‍റെ ശ്രമം. അക്രമണോത്സുകതയെ നൈതിക-രാഷ്ട്രീയത്തിന്‍റെ തന്നെ കേന്ദ്ര ബിന്ദുവായി പരിഗണിച്ചു കൊണ്ട് , ധാര്‍മ്മികതയെയും രാഷ്ട്രീയത്തെയും കുറിച്ചുള്ള പ്രതിഫലനം വ്യക്തമാക്കുന്ന രീതിയാണ് ബട്ലര്‍ അവലംബിക്കുന്നത് . മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, സമകാലിക സമൂഹങ്ങളില്‍ സവിശേഷമായ ധാര്‍മ്മികത ഉല്‍പ്പാദിപ്പിക്കുന്ന സാമൂഹിക ജീവിതത്തിനുള്ളിലെ പ്രധാന പ്രതിഭാസമായി അക്രമത്തെ എങ്ങനെ കാണാമെന്ന് അവര്‍ കാണിച്ചു തരുന്നു. ധാര്‍മികതയെ മുന്‍നിര്‍ത്തിയുള്ള സ്ത്രീവാദ രാഷ്ട്രീയ പ്രയോഗത്തിനാണ് ബട്ലര്‍ ഊന്നല്‍ നല്‍കുന്നത്.
സില്‍വിയ ഫെഡെറിച്ചി എന്ന ഇറ്റാലിയന്‍ മാര്‍ക്സിസ്റ്റ് പണ്ഡിതയെ കുറിച്ചുള്ള നജ്മ ജോസിന്‍റെ ലേഖനം, പ്രവാസിയും ഇടതു പക്ഷ രാഷ്ട്രീയത്തില്‍ തത്പരയും , കാനഡയില്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന ഒരുവള്‍ സിദ്ധാന്തത്തെ അഭിമുഖീകരിക്കുന്ന രീതികളെകൂടി വിശദീകരിക്കുന്നു . വീട്ടുജോലിക്കു വേതനം തുടങ്ങിയ അവകാശങ്ങള്‍ക്കു വേണ്ടി വാദിക്കുന്നതിനൊപ്പം, ലൈംഗികതയിലും വംശീയതയിലും മുതലാളിത്തം നടത്തുന്ന നിക്ഷേപം ഏതു രീതിയില്‍ എന്ന് ഫെഡെറിച്ചി പരിശോധിക്കുന്നു, മുതലാളിത്ത വ്യവസ്ഥയുടെ ഏകീകരണം സ്ത്രീകളെ കീഴ്പ്പെടുത്തല്‍, കറുത്തവര്‍ഗക്കാരെയും തദ്ദേശീയരെയും അടിമകളാക്കല്‍, കോളനികളുടെ ചൂഷണം എന്നിവയെ എങ്ങനെ ആശ്രയിച്ചിരിക്കുന്നുവെന്ന് വെളിപ്പെടുത്തുന്നു . കൂലിയില്ലാത്ത തൊഴിലാളികള്‍-പ്രത്യേകിച്ച് ഗാര്‍ഹിക മേഖലയിലും അടിമകളായ തൊഴിലാളികളിലും ഒതുങ്ങിനില്‍ക്കുന്ന സ്ത്രീകളുടേത്- കൂലിപ്പണിക്ക് ആവശ്യമായ പിന്തുണയാണെന്ന് അവരുടെ പല രചനകളയും പരിചായപ്പെടുത്തിക്കൊണ്ടു വിശദീകരിക്കുന്നു. കൂടാതെ നഴ്സിംഗ് പോലെയുള്ള തൊഴില്‍ മേഖലകളില്‍ ഈ കാര്യങ്ങള്‍ എങ്ങനെയാണ് പ്രതിഫലിക്കുന്നത് എന്നുകൂടി നജ്മ പരിശോധിക്കുന്നു.
ആധുനിക കാലത്തെ സാങ്കേതിക വിദ്യയേയും ധാര്മികതയെയും കുറിക്കുന്ന ശക്തമായ ഒരു രൂപകമാണ് ഫ്രാങ്കന്‍സ്റ്റീന്‍ എന്ന മേരി ഷെല്ലി 1818ല്‍ എഴുതിയ നോവല്‍. ഷെല്ലി യുടെ നോവലിന്‍റെ വിശദവായന കൂടാതെ, അതിനെ സമകാലിക പ്രശ്നങ്ങളോ ചേര്‍ത്ത് വായിക്കുകയാണ് ആഭ മുരളീധരന്‍. ജൈവരാഷ്ട്രീയ അധികാരത്തിന്‍റെ സ്വാഭാവികവത്കരണത്തിനെതിരെയും അക്രമത്തിനെതിരെയും വിമര്‍ശനം ഉന്നയിച്ചു കൊണ്ട്, ഘടനപരവും നൈതികവുമായ പുനര്‍നിര്‍മ്മാണത്തിനു വേണ്ടി വാദിക്കുന്നു. അപരത്വത്തിന്‍റെ രാഷ്ട്രീയ സങ്കല്‍പ്പങ്ങളെ വിശദമാക്കുന്നതില്‍ ഫ്രാങ്കന്‍സ്റ്റീന്‍ ഒരു പ്രധാന രൂപകമാവുന്നു.
പ്രസന്ന ആര്യന്‍റെ കവിതയും കവിതയോടൊപ്പമുള്ള ചിത്രവും ചേര്‍ന്ന്, കറുപ്പും വെളുപ്പുമായ വരകളില്‍ ഒതുങ്ങാത്ത സ്ത്രീ ജീവിതങ്ങളെ കുറിക്കുന്നു. സ്ത്രീകളുടെ നിത്യജീവിതത്തിന്‍റെ അര്‍ത്ഥബഹുലത പ്രസരിപ്പിക്കുന്ന പ്രസന്നയുടെ നാലു ചിത്രങ്ങളും ഈ ലക്കത്തിലുണ്ട് കവിതയും ചിത്രങ്ങളും ഒരു പ്രത്ത്യേക ഘടകമായല്ല, ഈ ലക്കത്തിലെ സംഭാഷങ്ങളുടെ തുടര്‍ച്ചയായി വായിക്കാന്‍ പ്രിയ വായനക്കാരെ പ്രേരിപ്പിക്കാന്‍ ആഗ്രഹിക്കുന്നു .
ഈ ലക്കം സംഘടിത, സ്ത്രീവാദദര്‍ശനത്തിന്‍റെ സമഗ്രപ്രതിനിധാനമാണ് എന്ന് അവകാശപ്പെടാന്‍ കഴിയില്ല. രണ്ടു കാരണങ്ങളാണ് അതിനുള്ളത് . സമകാലീന സ്ത്രീവാദത്തില്‍ പ്രബലരായ ഒട്ടേറെ ചിന്തകരെ ഈ ലക്കത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. കേരളത്തില്‍, സ്ത്രീവാദ സംഭാഷണങ്ങളില്‍ ഇടപെടുന്ന പ്രമുഖരായ പലരെയും സമയപരിമിതി മൂലം ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞിട്ടില്ല എങ്കിലും, ഈ വ്യത്യസ്ത ചിന്തകളുടെ നൂലിഴകളിലുടനീളം, സ്ത്രീവാദ രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ട രാഷ്ട്രീയ ഭാവനകളും , അവ തമ്മിലുള്ള പരസ്പര്യങ്ങളും വിള്ളലുകളും സൂചികയായും രൂപകമായും ദൃശ്യമാകുന്നുണ്ട് .
പല തിരക്കുകള്‍ക്കിടയിലും, ലേഖനങ്ങള്‍ എഴുതാന്‍ തയാറായ എല്ലാ സുഹൃത്തുക്കള്‍ക്കും, എഡിറ്റിംഗ്, ഡിസൈന്‍ തുടങ്ങിയവയില്‍ സഹായിച്ച സുവിജക്കും, സംഘടിത എഡിറ്റര്‍ ഷീബക്കും അകമഴിഞ്ഞ നന്ദി. കേരളത്തില്‍ സ്ത്രീവാദ ചിന്തക്ക്, കൂടുതല്‍ ദൃശ്യതയും അംഗീകാരവും നേടുന്നതിനുള്ള ഒരു ചെറിയ ശ്രമമായി പ്രിയപ്പെട്ട വായനക്കാര്‍ ഈ ലക്കം സംഘടിതയെ സമീപക്കണമെന്നു അപേക്ഷിക്കുന്നു.
ഗ്രന്ഥസൂചി
Devika, J. “Being “in-translation” in a post-colony: Translating feminism in Kerala state, India.” Translation Studies 1.2 (2008): 182-196.
Devika, J.. “Negotiating women’s social space: public debates on gender in early modern Kerala, India.” Inter-Asia Cultural Studies 7.1 (2006): 43-61.
John, Mary E. Discrepant dislocations: Feminism, theory, and postcolonial histories. University of California Press, 2021.
Niranjana, Tejaswini. Siting translation: History, post-structuralism, and the colonial context. Univ of California Press, 1992.

ബിന്ദു മേനോന്‍ മണ്ണില്‍
അധ്യാപിക, മീഡിയ സ്റ്റഡീസ്
അസിം പ്രേംജി സര്‍വകലാശാല
ബെംഗളൂരു

COMMENTS

COMMENT WITH EMAIL: 0