Homeചർച്ചാവിഷയം

ഡിസബിലിറ്റിയുടെയും ജാതിയുടെയും സഹവര്‍ത്തിത്വം മൂലമുണ്ടാകുന്ന അസമത്വങ്ങള്‍ – ഒരു ചെറുനിരീക്ഷണം

കേരളം എല്ലാ മേഖലകളിലും ഒന്നാമത് ആണെന്ന് പറയാറുണ്ട്. ജാതി വിവേചനത്തിന്‍റെ കാര്യത്തിലും കേരളം ഒന്നാം സ്ഥാനത്തു തന്നെയാണ് എന്ന് പറയേണ്ടി വരും. മാധ്യമങ്ങളില്‍ ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന കെ. ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനം മുതല്‍ പൊതുസമൂഹത്തിനു മുന്നില്‍ എത്തിപ്പെടാത്തതായ അനവധി ജാതി വിവേചനങ്ങള്‍ നമുക്കിടയില്‍ സംഭവിക്കുന്നുണ്ട്. പൊതു ഇടങ്ങളില്‍ ജാതീയമായ വിവേചനങ്ങള്‍ നിര്‍ബാധം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ജാതീയമായി പീഡനങ്ങളും അവഗണകളും നേരിടുന്നവരും ജാതീയമായ വേര്‍തിരിവുകള്‍ ഉണ്ടാക്കുന്നവരും ഒന്നിച്ച് ഒരേ സ്വരത്തില്‍ ജാതിവിവേചനത്തെ റദ്ദ് ചെയ്യുന്ന വിധത്തില്‍ സംസാരിക്കും. ‘ഹേ ജാതി വിവേചനമോ! അതെന്ത്? അത് പണ്ടല്ലായിരുന്നോ?’ എന്നിങ്ങനെ ചിലര്‍ പറയാറുണ്ട്. എന്നാല്‍ അത്തരം ആളുകള്‍ തന്നെ നിറത്തിന്‍റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ വേര്‍തിരിവുകളോടെ മറ്റുള്ളവരോട് ഇടപെടുന്നുമുണ്ടാകും. ഇതില്‍ നിന്നും വ്യത്യസ്തമായ രീതികളിലൂടെയാണ് ഡിസബിലിറ്റികള്‍ ഉള്ള വ്യക്തികള്‍ക്ക് സാമൂഹിക അസമത്വങ്ങള്‍ നേരിടേണ്ടി വരുന്നത്. സമൂഹത്തില്‍ നിന്നും, സ്വന്തം കുടുംബത്തില്‍ നിന്നും, പീഡനങ്ങളും അവഗണനകളും വേര്‍തിരിവുകളും അവര്‍ അനുഭവിക്കുന്നുണ്ട്. ഡിസബിലിറ്റികള്‍ ഉള്ളതിന്‍റെ അടിസ്ഥാനത്തില്‍ നേരിടേണ്ടി വരുന്ന അവഗണനകള്‍ക്കൊപ്പം ജാതീയമായ അസമത്വങ്ങളും നേരിടുന്നവര്‍ ഡിസേബിള്‍ഡ് ജനവിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ട്.

നാല്‍ക്കവലകളിലും സാമൂഹ്യ മാധ്യമങ്ങളിലും എല്ലാത്തരത്തിലും ഉള്ള അസമത്വങ്ങള്‍ക്കെതിരെ വായ്ത്താളമടിക്കുന്ന പല കപട പുരോഗമനവാദികളും വ്യക്തിജീവിതത്തില്‍ വിപരീതമായിട്ടാകും പ്രവര്‍ത്തിക്കുക. ഡിസേബിള്‍ഡ് വ്യക്തികളുടെ അവകാശങ്ങളെക്കുറിച്ചു പറയുകയും അതെ സമയം സ്വന്തം കുടുംബത്തില്‍ ഡിസബിലിറ്റിയുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ അവരെയും അവരുടെ കുടുംബത്തെയും മാറ്റിനിര്‍ത്തുന്ന, കപടത നിറഞ്ഞ മനസ്സുള്ള, പലരെയും ഞാന്‍ കണ്ടിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ക്കെതിരെ റൈറ്റ്സ് ഓഫ് പേഴ്സണ്‍സ് വിത്ത് ഡിസബിലിറ്റീസ് ആക്ട് 2016 അനുശാസിക്കുന്ന ശിക്ഷ പത്തുവര്‍ഷം തടവും പിഴയുമാണ്. എന്നാല്‍ ഈയൊരു കാര്യം പലരും മറന്നു പോകുന്നു. അതുപോലെ നാലു ശതമാനം സംവരണം ഡിസബിലിറ്റികള്‍ ഉള്ള വ്യക്തികള്‍ക്ക് അവകാശപ്പെട്ടതാണ് എന്നുള്ള കാര്യവും ചിലയിടങ്ങളില്‍ ബോധപൂര്‍വ്വം വിസ്മരിക്കപ്പെടുകയും മറച്ചു വെക്കപ്പെടുകയും ചെയ്യുന്നു. വൈകല്യങ്ങള്‍ ഉള്ള വ്യക്തികള്‍ ജാതീയമായ വിവേചനങ്ങള്‍ അനുഭവിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ അനുഭവിക്കുന്നുണ്ട് എന്നു തന്നെ പറയാം. എന്നാല്‍ അത് ജാതി വിവേചനമാണെന്ന് മനസ്സിലാക്കാനുള്ള ബോധ്യം അവരില്‍ പലരിലും ഉളവായി വരുന്നില്ല എന്നതാണ് വസ്തുത. ഇങ്ങനെ ഒരു സാഹചര്യം ഉടലെടുക്കാന്‍ ഒരു പ്രധാന കാരണം വിദ്യാഭ്യാസത്തിന്‍റെ അപര്യാപ്തതതയാണ്. ഡിസബിലിറ്റികള്‍ ഉള്ള നൂറു വ്യക്തികളില്‍ ഏകദേശം 20% ശതമാനം ആളുകള്‍ മാത്രമേ ഉന്നത വിദ്യാഭ്യാസം നേടിയിട്ടുണ്ടാകുകയുള്ളു. ബാക്കി 80% വ്യക്തികള്‍ക്ക് പ്രൈമറി വിദ്യാഭ്യാസം എങ്ങനെയെങ്കിലും പൂര്‍ത്തിയാക്കി വീടുകളിലെ നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങേണ്ടി വരുന്നു. അവരില്‍ പലരും സമൂഹത്തിന്‍റെ അരികുകളിലേക്ക് തഴയപ്പെടുന്ന ഒരു സാമൂഹിക സാഹചര്യം വ്യക്തമാണ്. അവരില്‍ ആത്മവിശ്വാസം പകര്‍ന്നു നല്‍കാന്‍ സര്‍ക്കാരിന്‍റെയും പൊതുസമൂഹത്തിന്‍റെയും അവസരോചിതമായ ഇടപെടല്‍ വളരെ അത്യാവശ്യമാണ്. അങ്ങനെ മാത്രമേ ഡിസബിലിറ്റികള്‍ ഉള്ള വ്യക്തികളെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് എത്തിക്കാന്‍ കഴിയുകയുള്ളൂ. അതിനായി ആവശ്യാനുസരണം പുതിയ നിയമനിര്‍മ്മാണങ്ങള്‍ നടത്തി ഡിസബിലിറ്റി അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ സര്‍ക്കാരുകള്‍ തയ്യാറാവുകയാണ് വേണ്ടത്.

പ്രിയ മാത്യു വികസന പഠനം ഒന്നാവര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല തിരൂര്‍

COMMENTS

COMMENT WITH EMAIL: 0