Homeചർച്ചാവിഷയം

മാനസികാരോഗ്യവും സാമൂഹിക കളങ്കവും – ഒരു വ്യക്തിഗത ആഖ്യാനം

പേര് വെളിപ്പെടുത്താതെ എഴുതാന്‍ താല്‍പ്പര്യപ്പെടുന്ന ഒരാളാണ് ഞാന്‍. കോളേജിലെ താത്കാലിക അധ്യാപികയാണ്. ബൈപോളാര്‍ ഡിസോര്‍ഡറിനു മരുന്ന് കഴിക്കുന്നുണ്ട്. എന്ത് കൊണ്ട് ഞാന്‍ എന്‍റെ സ്വത്വം വെളിപ്പെടുത്തുന്നില്ല എന്നു നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും. സമൂഹം മാനസികരോഗത്തിന് മരുന്ന് കഴിക്കുന്നവര്‍ക്ക് തരുന്ന ബഹുമതികള്‍ ഏറ്റു വാങ്ങാന്‍ ഉള്ള ശക്തി ഇല്ലാത്തതു കൊണ്ടാണ്.
ജനപ്രിയ സിനിമകള്‍ ഡിസേബിള്‍ഡ് ആയിട്ടുള്ള ആളുകളെ, പ്രത്യേകിച്ച് മാനസിക രോഗങ്ങള്‍ ഉള്ള വ്യക്തികളെ, ഒന്നിനും കൊള്ളാത്തവരായും മണ്ടത്തരം പറയുന്നവരായും ക്രിമിനലുകള്‍ ആയും ഒക്കെയാണ് ചിത്രീകരിക്കുന്നത്. ‘നിനക്ക് തലക്ക് സുഖമില്ലേ’, ‘മന്ദബുദ്ധി’, ‘പൊട്ടന്‍’, ‘നിനക്ക് തലക്ക് ഓളമുണ്ടോ’ എന്ന പ്രയോഗങ്ങള്‍ ഒക്കെ ഈ സമൂഹത്തില്‍ ‘നോര്‍മല്‍’ എന്ന് കരുതപ്പെടുന്ന മനുഷ്യര്‍ മറ്റുള്ളവരെ ഇകഴ്ത്തി സംസാരിക്കാന്‍ ഉപയോഗിക്കുന്നതാണല്ലോ .മാനസിക രോഗം ഒരു ശാപമല്ലെന്നും അത് തലച്ചോറിലെ രാസവസ്തുക്കളുടെ ഏറ്റക്കുറച്ചിലുകള്‍ കൊണ്ട് ഉണ്ടാകുന്നതാണെന്നും, ശരിയായ ശാസ്ത്രീയ ചികിത്സയിലൂടെ മാനസിക രോഗമുള്ളവര്‍ക്ക് സാധാരണ ജീവിതം സാധ്യമാണെന്നും ഉള്ള തിരിച്ചറിവ് സമൂഹത്തിലെ പലര്‍ക്കും ഉണ്ടായിട്ടില്ല. മാനസിക രോഗങ്ങള്‍ ഉള്ളവര്‍ പലരും സമൂഹത്തെ പേടിച്ചു ചികിത്സ തേടുന്നില്ല. ചിലരൊക്കെ അശാസ്ത്രീയമായ മന്ത്രവാദം പോലുള്ള ദുരാചാരങ്ങള്‍ക്ക് മാനസിക രോഗം മാറ്റാന്‍ സാധിക്കുമെന്ന് വിശ്വസിച്ചു വൃഥാ അത്തരം ചടങ്ങുകളില്‍ അഭയം പ്രാപിക്കുന്നു. അത് രോഗം വര്‍ധിപ്പിക്കുക മാത്രമേ ചെയ്യാറുള്ളു.

മറ്റാരോടും തന്‍റെ അവസ്ഥ തുറന്നു പറയാന്‍ കഴിയാതെ എല്ലാം സഹിക്കുന്ന എത്രയോ മാനസിക രോഗങ്ങളുള്ള വ്യക്തികള്‍ കേരളത്തില്‍ ഉണ്ട്. ഒന്നും ചെയ്യാന്‍ കഴിയാതെ, കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ പോലും കഴിയാതെ, ജോലിയില്‍ ശോഭിക്കാന്‍ കഴിയാതെ കഷ്ടപ്പെടുന്ന മാനസിക രോഗമുള്ള വ്യക്തികള്‍ ‘മടിയര്‍’ എന്നും ആരോടും മിണ്ടാന്‍ തോന്നാത്തത്ര വിഷാദാവസ്ഥയില്‍ കഴിയുന്ന ആളുകളെ അഹങ്കാരിയെന്നും ഉള്ള പേരുകള്‍ ചാര്‍ത്തി സമൂഹം ഒറ്റപ്പെടുത്തും. ഒരാള്‍ ആരോടെങ്കിലും താന്‍ അനുഭവിക്കുന്ന ഒരു മാനസിക പ്രയാസം തുറന്നു പറഞ്ഞാല്‍, ‘തിന്നിട്ട് എല്ലില്‍ കുത്തുന്നതാണ്. ഈ ലോകത്ത് നിങ്ങളെക്കാള്‍ പ്രയാസം അനുഭവിക്കുന്നവരുണ്ട്. അവരെക്കുറിച്ചോര്‍ക്കൂ. യോഗ ചെയ്യൂ, തമാശ സിനിമകള്‍ കാണൂ’ എന്നൊക്കെയാണ് മിക്ക ആളുകളുടെയും പ്രതികരണം.

മനസ്സിന്‍റെ മുറിവുകള്‍ ദൃശ്യം അല്ലാത്തത് കൊണ്ടാവും സമൂഹത്തിനു പലപ്പോഴും മാനസിക പ്രശ്നങ്ങള്‍ ഉള്ള വ്യക്തികളെ ഒട്ടും മനസ്സിലാക്കാന്‍ സാധിക്കാത്തത്. ആത്മഹത്യാ ചിന്തകള്‍, ആത്മവിശ്വാസക്കുറവ് എന്നിവയും ചികിത്സ തേടാത്ത മാനസിക രോഗങ്ങളുള്ളവരില്‍ കാണപ്പെടാറുണ്ട്. സമൂഹം കല്പിച്ച അയിത്തം മാറിയാല്‍ മാത്രമേ പല ആളുകള്‍ക്കും മാനസിക രോഗങ്ങള്‍ക്ക് ശരിയായ പ്രതിവിധി തേടാനും സമാധാനത്തോടെ ജീവിക്കാനും സാധിക്കുകയുള്ളൂ.

COMMENTS

COMMENT WITH EMAIL: 0