Homeചർച്ചാവിഷയം

ഡിസേബിള്‍ഡ് വ്യക്തികളുടെ അതിജീവനത്തില്‍ സാങ്കേതികവിദ്യയുടെ സ്വാധീനം

ശയവിനിമയത്തിന്‍റെ ആദ്യ പടി പരസ്പരം പരിചയപ്പെടുത്തുകയാണല്ലോ. ആദ്യം ഞാന്‍ എന്നെ പരിചയപ്പെടുത്താം. ഞാന്‍ കാഴ്ചപരിമിതിയുള്ള ഒരു അധ്യാപികയാണ്. എന്‍റെ ജീവിതവഴിയില്‍ സാങ്കേതികവിദ്യ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും ഡിസബിലിറ്റികളുള്ള വ്യക്തികളോട് നോണ്‍-ഡിസേബിള്‍ഡ് വ്യക്തികളുടെ മനോഭാവത്തെക്കുറിച്ചുമാണ് ഈ ലേഖനത്തിലൂടെ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്. ഒരു ഡിസേബിള്‍ഡ് വ്യക്തിയുടെ അനുഭവം ആ വ്യക്തി ജീവിക്കുന്ന സാഹചര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും പൊതുവെ ചില സമാനമായ സാഹചര്യങ്ങളും ഉണ്ടാകുമല്ലോ. ഞാന്‍ എന്‍റെ എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യുന്നു. പരമാവധി വിഭവങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്. എന്നാല്‍, നമ്മളോട് അടുപ്പമുള്ളവര്‍ പോലും എന്നെ പോലെയുള്ള ഡിസേബിള്‍ഡ് വ്യക്തികള്‍ ഒതുങ്ങിയിരിക്കേണ്ടവരാണെന്നും ഒന്നും ചെയ്യാന്‍ പറ്റാത്തവരാണെന്നുമാണ് കരുതുന്നത്. ഈ മനോഭാവമാണ് എന്നെ ഈ ലേഖനം എഴുതാന്‍ പ്രേരിപ്പിച്ചത്.

ഇനി വിഷയത്തിലേക്ക് കടക്കാം. എല്ലാവരുടേയും ജീവിതത്തില്‍ ഉണ്ടായിട്ടുള്ളത് പോലെ എന്‍റെ ജീവിതത്തിലും ചില വഴിത്തിരിവുകള്‍ ഉണ്ടായിട്ടുണ്ട്. 2014ല്‍ സാമൂഹ്യ നീതി വകുപ്പിന്‍റെ കീഴില്‍ നടത്തി വന്നിരുന്ന ഇന്‍സൈറ്റ് ആദ്യമായി സന്ദര്‍ശിക്കുമ്പോള്‍ എനിക്ക് കമ്പ്യൂട്ടറും മൊബൈല്‍ ഫോണും അന്യമായിരുന്നു. സ്കൂളില്‍ പഠിക്കുമ്പോള്‍ കമ്പ്യൂട്ടര്‍ എനിക്കൊരു സ്വപ്നം മാത്രമായിരുന്നു. ഒരിക്കലും നടക്കാത്ത സ്വപ്നം. ഐ. ടി ലാബില്‍ എന്‍റെ സ്ഥാനം ഏറ്റവും പിറകിലായിരുന്നു. പഠിപ്പിക്കുന്ന തിയറിയും പ്രാക്ടിക്കലിന്‍റെ ഘട്ടങ്ങളും നന്നായി മനസ്സിലാകുമായിരുന്നു. എന്നാലും സ്വന്തമായി കമ്പ്യൂട്ടറില്‍ ചെയ്യുന്നതുപോലെ ആകില്ലല്ലോ. വീട്ടില്‍ വന്നാല്‍ കീബോര്‍ഡിലും മൗസിലും ക്ലിക്ക് ചെയ്ത് എന്തൊക്കെയോ ചെയ്യുന്നതായി ഞാന്‍ അഭിനയിക്കുമായിരുന്നു.

2000-ത്തിന്‍റെ തുടക്കത്തോടെ ഇന്ത്യയിലെ ജനങ്ങളുടെ ജീവിതത്തിലേക്ക് സാങ്കേതികവിദ്യ കടന്നുവന്നതുപോലെ കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണെങ്കിലും എന്‍റെ ജീവിതത്തിലും സാങ്കേതികവിദ്യ വെളിച്ചം വീശി. സാങ്കേതികവിദ്യ എന്‍റെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനം ചെറുതല്ല. ഇന്‍സൈറ്റില്‍ പഠിക്കാന്‍ തുടങ്ങിയതിനു ശേഷം ഞാനും കമ്പ്യൂട്ടറും മൊബൈല്‍ ഫോണും ഉപയോഗിക്കാന്‍ ആരംഭിച്ചു. കാഴ്ചപരിമിതികളുള്ള ആളുകള്‍ എങ്ങനെയാണ് ഇവയൊക്കെ ഉപയോഗിക്കുന്നത് എന്ന് ഒരു സംശയം സ്വാഭാവികമായും ഉണ്ടായേക്കാം. അതിനുള്ള ഉത്തരം തരാം. ഇത് വിശദീകരിക്കാന്‍ കിട്ടുന്ന ഒരു അവസരവും ഞാന്‍ പാഴാക്കാറില്ല. സ്ക്രീന്‍ റീഡര്‍ ഉപയോഗിച്ചാണ് കാഴ്ചപരിമിതികളുള്ള വ്യക്തികള്‍ കമ്പ്യൂട്ടറും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നത്. സ്ക്രീന്‍ റീഡറിന്‍റെ ശബ്ദം കേട്ടിട്ടില്ലാത്തവര്‍ക്കായി ഒരു ഉദാഹരണം പറയാം. ബാങ്കുകളിലും ആശുപത്രികളിലും ടോക്കണ്‍ വിളിക്കുന്ന യന്ത്രത്തിന്‍റെ ശബ്ദം എല്ലാവര്‍ക്കും പരിചിതമായിരിക്കുമെന്ന് കരുതുന്നു. അതുപോലെ, കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ സ്മാര്‍ട്ട് ഫോണ്‍ കാഴ്ചപരിമിതികളുള്ളവരെ സഹായിക്കുവാനായി പുറപ്പെടുവിക്കുന്ന യന്ത്രവത്കൃത ശബ്ദമാണ് സ്ക്രീന്‍ റീഡറിന്‍റെ ശബ്ദം. ആ ശബ്ദത്തിന്‍റെ വേഗത, ഭാഷ, വോയ്സ് എന്നിവയില്‍ മാറ്റം വരുത്താന്‍ സാധിക്കും. സ്മാര്‍ട്ട് ഫോണിലെ സെറ്റിങ്സില്‍ അക്സസബിലിറ്റി (Accessibility) എന്ന ഓപ്ഷനില്‍ ടോക്ക് ബാക്ക് (Talk Back) എന്ന ടോഗിള്‍ സ്വിച്ച് ഓണ്‍ ചെയ്താല്‍ കാഴ്ചപരിമിതികളുള്ള വ്യക്തികള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന വിധത്തിലാകും. ഫോണ്‍ ഒരു ടാപില്‍ നിന്ന് ഡബിള്‍ ടാപ്പിലേക്ക് മാറുന്നതിനാല്‍ കുറച്ച് പരിശീലനം ആവശ്യമാണ്. ഉബണ്ടു (Ubuntu)) ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ഓര്‍ക്കാ (Orca) എന്ന സ്ക്രീന്‍ റീഡറും വിന്‍ഡോസില്‍ ജോസ് (JAWS), എന്‍. വി. ഡി. എ. (NVDA) എന്നീ സ്ക്രീന്‍ റീഡറുകളുമാണ് നിലവിലുള്ളത്. ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണുകളില്‍ ടോക്ക് ബാക്ക്, ജീഷ്വോ (Jieshuo) എന്നീ സ്ക്രീന്‍ റീഡറുകള്‍ ഉപയോഗിച്ച് എല്ലാ പ്രവര്‍ത്തികളും ചെയ്യാന്‍ സാധിക്കും.

ആദ്യമായി കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യുമ്പോള്‍ത്തന്നെ അത് എന്‍റെ പ്രൊഫഷണല്‍ ജീവിതത്തിലേക്കുള്ള വാതായനമാണ് തുറന്നത് എന്ന് തിരിച്ചറിയാന്‍ വൈകിയില്ല. കീബോര്‍ഡിലെ ഓരോ കീയും എന്‍റെ പുതിയ വഴികളിലേക്കുള്ള പടികളായിരുന്നു. ക്ലാസ്സില്‍ പഠിപ്പിച്ചിരുന്നതിനു പുറമെ പുതിയ പല കാര്യങ്ങളും സ്വന്തമായി ചെയ്യാന്‍ ശ്രമിക്കുകയും പഠിച്ച കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യുമായിരുന്നു. അതു കൊണ്ടു തന്നെ, ആദ്യകാലത്ത് പഠിക്കാന്‍ സാധിച്ചതിനേക്കാള്‍ ഒരുപാട് വലിയ തലത്തിലാണ് ഞാന്‍ ഇപ്പോള്‍ ഉള്ളതെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ഇംഗ്ലീഷില്‍ ബിരുദവും ബിരുദാനന്തര ബിരുദവും ബി.എഡും കഴിഞ്ഞതിനു ശേഷം ധാരാളം പരീക്ഷകളിലും അഭിമുഖങ്ങളിലും ഞാന്‍ പങ്കെടുത്തു. 2019-ല്‍ English Insights with Husna എന്ന പേരില്‍ ഒരു യൂട്യൂബ് ചാനലും തുടങ്ങി. ഇംഗ്ലീഷ് വ്യാകരണമായിരുന്നു അതിന്‍റെ പ്രതിപാദ്യവിഷയം. ആ ചാനലിന്‍റെ എല്ലാ സാങ്കേതികമായ കാര്യങ്ങളും ഞാന്‍ തന്നെയാണ് ഗവേഷണം നടത്തി കണ്ടെത്തിയത്. ഞാന്‍ ഈ ലേഖനം ടൈപ്പ് ചെയ്യുമ്പോള്‍ എന്‍റെ ചാനലില്‍ 2034 സബ്സ്ക്രൈബര്‍മാര്‍ ഉണ്ട്. ഏതാണ്ട് എഴുപത്തി ഏഴോളം വീഡിയോകള്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്.

വായന
മറ്റുള്ളവരുടെ സഹായത്തോടെ മാത്രം പുസ്തകങ്ങള്‍ വായിച്ചു കൊണ്ടിരുന്ന ഞാന്‍ കമ്പ്യൂട്ടര്‍ പഠനത്തിനു ശേഷം ലിയോസ് (Lios), കഴ്സ് വെയില്‍ (Kurzweil)) മുതലായ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് വായിക്കാന്‍ തുടങ്ങി. അതൊരു തുടക്കം മാത്രമായിരുന്നു. വായന എന്നതിലുപരി എഴുത്തിനും കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ തുടങ്ങി.

കമ്പ്യൂട്ടറിലും സ്മാര്‍ട്ട് ഫോണിലുമുള്ള അക്സസബിലിറ്റി സൗകര്യം എന്നെ എത്രമാത്രം ശാക്തീകരിച്ചിട്ടുണ്ടെന്ന് ചില ഉദാഹരണങ്ങളിലൂടെ പങ്കുവെയ്ക്കാം. പഠനത്തിന്‍റെ എല്ലാ ഘട്ടങ്ങളിലും പുസ്തകങ്ങള്‍ വായിക്കാനും പഠിക്കാനും മറ്റൊരാളെ ആശ്രയിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍, ഇന്ന് കാര്യങ്ങള്‍ മാറിമറിഞ്ഞു. ഒരു സ്ക്രീന്‍ റീഡര്‍ സൗകര്യമുള്ള കമ്പ്യൂട്ടര്‍ ഉണ്ടെങ്കില്‍ വായനയും പഠനവും എത്ര എളുപ്പമാണെന്നോ! സ്ക്രീനിലുള്ള എല്ലാ ഉള്ളടക്കവും നമ്മുടെ സ്ക്രീന്‍ റീഡര്‍ വായിച്ചു തരും. കീബോര്‍ഡിലെ ഓരോ കീയും അമര്‍ത്തുമ്പോള്‍ കമ്പ്യൂട്ടറില്‍ ആ അക്ഷരത്തിന്‍റെയോ കീയുടേയോ ശബ്ദസാക്ഷാത്കാരം കേള്‍ക്കാം. അതു വഴി, കമ്പ്യൂട്ടറിലെ എല്ലാ പ്രവര്‍ത്തനങ്ങളും ആരുടെയും സഹായമില്ലാതെ ചെയ്യാന്‍ കഴിയും. ബി.എഡ് പഠനം വരെ കമ്പ്യൂട്ടര്‍ എങ്ങനെ ഉപയോഗിക്കണമെന്നറിയാതിരുന്ന ഞാന്‍ സ്ക്രീന്‍ റീഡര്‍ ഉപയോഗിക്കുവാന്‍ പഠിച്ചതിന് ശേഷം എന്‍റെ എം എ പ്രബന്ധം സ്വന്തമായി ടൈപ്പ് ചെയ്യുകയും ഫോര്‍മാറ്റ് ചെയ്യുകയും ചെയ്തു. എന്നെ സംബന്ധിച്ചിടത്തോളം ഈ നേട്ടം വളരെ വലിയ ഒരു കാര്യമായിരുന്നു. വേര്‍ഡ്, എക്സല്‍, പവര്‍പോയിന്‍റ് മുതലായ ആപ്ലിക്കേഷനുകുളും ഉപയോഗിക്കാന്‍ പഠിച്ചു. ഇന്‍റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യാനും ഡൗണ്‍ലോഡ് ചെയ്യാനും അനായാസം സാധിക്കും. ഈ ലേഖനം വായിക്കുന്ന ഡിസബിലിറ്റി ഇല്ലാത്ത വായനക്കാര്‍ക്ക് ഇത് ഒരു നേട്ടമായി തോന്നണമെന്നില്ല. എന്നാല്‍, എപ്പോഴും അത്തരം ഉപകരണങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടിട്ടുള്ള ഒരാള്‍ എന്ന നിലയില്‍ അവയുടെ പ്രാവീണ്യം എനിക്ക് വിലമതിക്കാനാവാത്തതാണ്.

ഇനി സ്മാര്‍ട്ട് ഫോണിലേക്ക് വരാം. കമ്പ്യൂട്ടറില്‍ കീ അമര്‍ത്തുമ്പോള്‍ ലഭിക്കുന്ന ശബ്ദാവിഷ്കാരം ഫോണില്‍ രണ്ടു ടാപിലൂടെയാണ് ലഭിക്കുക. ആദ്യകാലത്ത് സ്മാര്‍ട്ട് ഫോണുകളില്‍ അന്തര്‍നിര്‍മിത ടോക്ക്ബാക്ക് എന്ന സ്ക്രീന്‍ റീഡറാണ് ഉപയോഗിച്ചിരുന്നത്. സാങ്കേതികവിദ്യയുടെ വികാസം മൂലം പുതിയ സ്ക്രീന്‍ റീഡറുകളും വരുന്നുണ്ട്. അതിലൊന്നായ കമന്‍ററി അഥവാ ജീഷ്വോ സ്ക്രീന്‍ റീഡറാണ് ഞാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. കുപ്പി ഏതായാലും വീഞ്ഞ് ഒന്നു തന്നെ എന്നു പറയുന്നതു പോലെ സ്ക്രീന്‍ റീഡര്‍ ഏതായാലും അടിസ്ഥാന ഉപയോഗം ഒന്നു തന്നെ. ഇത്തരം സ്ക്രീന്‍ റീഡറുകളിലൂടെ സമൂഹ മാധ്യമ ഇടങ്ങളായി വാട്ട്സാപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം മുതലായവയില്‍ സജീവമായി ഇടപെടാനും സാധിക്കുന്നു. ഷെയര്‍ ചെയ്യപ്പെടുന്ന ചിത്രങ്ങളും ഡോക്യൂമെന്‍റുകളും എന്‍വിഷന്‍ എഐ (Envision AI), ഇന്‍സ്റ്റാറീഡര്‍ (InstaReader), കിബോ (Kebo) എന്നീ ആപ്ലിക്കേഷനുകളുകള്‍ ഉപയോഗിച്ച് സുഗമമായി വായിക്കാം.

യാത്രകള്‍

നിത്യജീവിതത്തില്‍ യാത്ര ഒരു വലിയ ഘടകമാണല്ലോ. കാഴ്ചപരിമിതിയുള്ള എന്നെ സംബന്ധിച്ച് ഒറ്റയ്ക്കുള്ള യാത്രകള്‍ ഒരു വലിയ പ്രശ്നമായിരുന്നു. ബസില്‍ യാത്ര ചെയ്യുമ്പോള്‍ അടുത്തിരിക്കുന്ന ആളോട് സ്ഥലങ്ങളുടെ പേര് ചോദിച്ചു കൊണ്ടിരിക്കുമായിരുന്നു. എന്‍റെ ജീവിതത്തിലേക്ക് സ്മാര്‍ട്ട് ഫോണിന്‍റെ കടന്നുവരവോടു കൂടി ആ പ്രശ്നം ഏകദേശം പരിഹരിക്കപ്പെട്ടു. ഗൂഗിള്‍ മാപ്പും (Google Map) ലാസറില്ലോയും (Lazarillo) എന്നെ മേല്‍പ്പറഞ്ഞ കാര്യത്തില്‍ സഹായിക്കാറുണ്ട്. സ്ഥലങ്ങളുടെ പേരുകളും എത്തിച്ചേരാന്‍ എടുക്കുന്ന സമയവും ദൂരവും അവയില്‍ ചിലതു മാത്രം. നല്ല നെറ്റ്വര്‍ക്ക് കവറേജ് ഉണ്ടെങ്കില്‍ ലാസറില്ലോ എനിക്ക് കടകളുടേയും സ്ഥാപനങ്ങളുടേയും പേരുകള്‍ പോലും വായിച്ചു തരാറുണ്ട്. അങ്ങനെ, ജീവിതത്തിന്‍റെ എല്ലാ തുറകളിലും സാങ്കേതികവിദ്യ എന്നെ ശാക്തീകരിച്ചുകൊണ്ടിരിക്കുന്നു. ഈ ലേഖനം ഞാന്‍ എന്‍റെ സ്മാര്‍ട്ട് ഫോണില്‍ ഒരു ബാഹ്യ (external) കീബോര്‍ഡ് ഘടിപ്പിച്ചതിനു ശേഷമാണ് ടൈപ്പ് ചെയ്യുന്നത് കേട്ടോ. അതും പരീക്ഷിച്ചു നോക്കാമെന്നു കരുതി.

ഡിസബിലിറ്റിയോടുള്ള മനോഭാവം
ഡിസബിലിറ്റികളുള്ള ആളുകളോടും നോണ്‍-ഡിസേബിള്‍ഡ് ആളുകളോടും ചില കാര്യങ്ങള്‍ സൂചിപ്പിക്കാനുണ്ട്. ആദ്യം, ഡിസബിലിറ്റികളുള്ള വ്യക്തികളോട് പറയാം. നമ്മള്‍ എന്തു പഠിക്കാന്‍ പോയാലും പഠിപ്പിക്കുന്നവര്‍ അടിസ്ഥാന തത്വങ്ങള്‍ മാത്രമാണ് പഠിപ്പിക്കുക. ബാക്കി നമ്മള്‍ പരിശീലനം നടത്തി പഠിക്കേണ്ടതാണ്. കൂടുതല്‍ മേഖലകള്‍ നാം തന്നെ തേടി കണ്ടെത്തുകയും വിദഗ്ധരായവരോട് ചോദിച്ച് മനസ്സിലാക്കേണ്ടതുമാണ്. എന്നാല്‍ മാത്രമേ നമുക്ക് മറ്റുള്ളവരോടൊപ്പം എത്താന്‍ പറ്റുകയുള്ളൂ. ഇംഗ്ലീഷ് ടൈപ്പിങും മലയാളം ടൈപ്പിങ്ങും പഠിച്ചാല്‍ ബാക്കി ഭാഷകളും ടൈപ്പ് ചെയ്യാന്‍ പഠിക്കാം. ഇന്‍റര്‍നെറ്റില്‍ അടിസ്ഥാന സെര്‍ച്ച് വിദ്യ മനസിലാക്കിയാല്‍ എന്തു കാര്യവും നമുക്ക് കണ്ടെത്താന്‍ സാധിക്കും. സ്വയംപര്യാപ്തത കൈവരിക്കാനുള്ള മാര്‍ഗങ്ങളിലൊന്നായി ഇതിനെ കണക്കാക്കാം.
ഇനി ഡിസബിലിറ്റികളില്ലാത്ത വ്യക്തികളോട് പറയാനുള്ളത് ഇതാണ്. എന്‍റെ ജീവിതത്തില്‍ പലപ്പോഴായി ഉണ്ടായ കുറച്ച് അനുഭവങ്ങള്‍ പങ്കുവെക്കാം. ഒരു ബന്ധുവിന്‍റെ മുമ്പില്‍ വച്ച് ചായ ഇട്ടു. മറ്റൊരാളുടെ മുന്നില്‍ വച്ച് നിറയെ മുള്ളുള്ള മീന്‍ അനായാസം കഴിച്ചു. മറ്റൊരു ദിവസം ആ വ്യക്തിയുടെ വീട്ടില്‍ വച്ച് ഒരു ബന്ധു ഞങ്ങള്‍ കുറച്ചു പേര്‍ സംസാരിച്ചിരുന്നിടത്തേയ്ക്കു വന്നിട്ട് പറഞ്ഞു, ‘മുകളില്‍ തേങ്ങ കിടപ്പുണ്ട്, മഴ വന്നാല്‍ എടുക്കണം’. കേള്‍ക്കേണ്ട താമസം ഞാന്‍ തലയാട്ടി സമ്മതിച്ചു. അപ്പോള്‍ ‘നീയോ? നീയെങ്ങനെ എടുക്കാനാ?’ എന്നൊരു ചോദ്യം. അദ്ദേഹം പറഞ്ഞത് അവിടെ ഉണ്ടായിരുന്ന മറ്റുള്ളവരോടായിരുന്നു. മഴ വന്നപ്പോള്‍ ഞാന്‍ തന്നെ തേങ്ങ എടുത്തു വെച്ചു. അത്ഭുതമെന്ന് പറയട്ടെ, ആ മൂന്നു വ്യക്തികളും ഞാന്‍ അവരുടെ കണ്മുന്നില്‍ വെച്ചു ചെയ്ത പ്രവൃത്തികള്‍ പോലും വിശ്വസിക്കാന്‍ തയ്യാറല്ലായിരുന്നു. ഇത്തരുണത്തില്‍ എനിക്ക് പറയാനുള്ളത് ഇതാണ് – ഞങ്ങളെ വിശ്വസിക്കുക. ഞങ്ങള്‍ക്കും കുറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് വിശ്വസിക്കുക, ചെയ്യാന്‍ അനുവദിക്കുക.

മേല്‍പ്പറഞ്ഞത് പോലെ ഡിസേബിള്‍ഡ് വ്യക്തികള്‍ ദൈനംദിന ആവശ്യങ്ങള്‍ക്കായി വിവിധ മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു എന്നു കരുതി അവര്‍ക്ക് മറ്റുള്ളവരുടെ പിന്തുണ പൂര്‍ണ്ണമായും ആവശ്യമില്ലെന്ന് അര്‍ഥമില്ല. നിങ്ങള്‍ ഒരു ഡിസേബിള്‍ഡ് വ്യക്തിയെ കണ്ടാല്‍ അവരോട് സംസാരിക്കുകയും അവര്‍ക്കെന്തെങ്കിലും സഹായം ആവശ്യമുണ്ടോ എന്ന് ചോദിക്കുകയും ചെയ്യുക. അവരുടെ മറുപടി അനുസരിച്ച് നിങ്ങള്‍ സഹായിക്കാന്‍ ശ്രമിക്കുക. നിങ്ങള്‍ ഞങ്ങളെ തുറിച്ചുനോക്കാന്‍ എടുക്കുന്ന സമയം നമ്മള്‍ തമ്മിലുള്ള ആശയവിനിമയത്തെ സാരമായി ബാധിക്കും. അതിനാല്‍ ദയവായി ഞങ്ങളെ തുറിച്ചുനോക്കുന്നതിനു പകരം ഞങ്ങളോടൊപ്പം ചേര്‍ന്നു നില്‍ക്കുക, ഞങ്ങളിലൊരാളായി. നിങ്ങള്‍ അനുതാപത്തിന്‍റെ ഒരു കൈ നല്‍കിയാല്‍ ഡിസേബിള്‍ഡ് വ്യക്തികള്‍ക്ക് സ്വയംപര്യാപ്തരാകാനും അതുവഴി സ്വന്തം ആത്മാഭിമാനം ഉയര്‍ത്തിപിടിക്കാനും സാധിക്കും. എന്‍റെ ഈ ഉദ്യമം ഇത് വായിക്കുന്നവര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് കരുതി നിര്‍ത്തട്ടെ. ഈ വരികളിലൂടെ എന്‍റെ അനുഭവങ്ങളും നിരീക്ഷണങ്ങളും വായിച്ച എല്ലാവര്‍ക്കും നന്ദി.

ഹുസ്ന അമീന്‍
അറബിക് അധ്യാപിക
ജി.വി.എച്ച്.എസ്.എസ്., വക്കം
തിരുവനന്തപുരം

 

COMMENTS

COMMENT WITH EMAIL: 0