Homeചർച്ചാവിഷയം

ഒന്നായി മുന്നോട്ട്

ര്‍ഷം 2018. തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളേജില്‍ ഡിസബിലിറ്റി വിഭാഗത്തില്‍ ബി എ ക്കു പ്രവേശനം ലഭിച്ച ഒരു കുട്ടി. ബുദ്ധിവൈകല്യം ആയിരുന്നു അവളുടെ പരിമിതി. ആദ്യ ദിവസം മുതല്‍ കണ്ണുകളില്‍ ഭീതിയും, സംസാരിക്കുവാനും കൂട്ട് കൂടുവാനും ഒക്കെ മടിയും ആയിരുന്നു.
വര്‍ഷം 2019. കോളേജിലെ ഒരു കൊച്ചു മുറിയില്‍ അവളെപ്പോലെയുള്ള പെണ്‍മക്കള്‍ക്കായി കോളേജില്‍ ഒരു കുടുംബം ഒരുങ്ങി. കൃത്യമായി പറഞ്ഞാല്‍ ഒക്ടോബര്‍ 25 -ന്. അവിടേക്കു കയറി വന്നപ്പോള്‍ അവളുടെ മുഖത്ത് പതിവു ഭാവം തന്നെ ആയിരുന്നു. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ഒരു ചിരി വിടര്‍ന്നു. തൊട്ടടുത്ത് അവള്‍ അന്ന് ആദ്യമായി കണ്ടുമുട്ടിയ ചക്രക്കസേരയില്‍ ഇരുന്ന മറ്റൊരു കുട്ടി അവളുടെ വിരലുകളില്‍ സ്വന്തം വിരലുകള്‍ കോര്‍ത്തു. അത്ര സംസാര ശേഷിയില്ലാത്ത കൂട്ടുകാരിയും, സംസാര ശേഷിയുണ്ടെങ്കിലും അന്നുവരെയും നിശ്ശബ്ദയായിരുന്ന അവളും തമ്മില്‍ സംസാരിക്കുവാന്‍ തുടങ്ങി. ഈ ലോകത്തിലെ ഏറ്റവും സുന്ദരമായ ഹൃദയഭാഷയില്‍. ഉദ്ഘാടനച്ചടങ്ങ് കഴിഞ്ഞു എല്ലാവരും പിരിഞ്ഞപ്പോഴും അവര്‍ കൈകള്‍ കോര്‍ത്ത് പിടിച്ചു തന്നെ ഇരിക്കുകയായിരുന്നു. അന്നവള്‍ ആദ്യമായി ചിരിച്ചു…മിണ്ടി….സന്തോഷിച്ചു.

ഇതില്‍ ഞാന്‍ അത്ഭുത ചിഹ്നങ്ങള്‍ ഒന്നും ചേര്‍ക്കുന്നില്ല. കാരണം, ഒരു ചെറുസ്പര്‍ശത്തില്‍ സ്നേഹം നിറഞ്ഞാല്‍, ഒപ്പമുണ്ട് എന്ന് മൗനത്തില്‍ കൂടിയും ഉറപ്പു നല്‍കിയാല്‍ ഉണ്ടാകുന്ന സ്വാഭാവിക പരിണാമം മാത്രമായിരുന്നു ആ സൗഹൃദത്തിന്‍റെ തുടക്കം. ബുദ്ധിവൈകല്യമുള്ള ആ മകള്‍ അത് തൊട്ടറിഞ്ഞപ്പോള്‍ അവളുടെ അന്ന് വരെയുള്ള ലോകത്തില്‍ അവള്‍ കൊതിച്ച സൗന്ദര്യം നിറഞ്ഞു. കോളേജിലെ മഞ്ചാടി മുറ്റം അവളുടേതു കൂടിയായി. സ്വന്തം ഇടം അവള്‍ അറിഞ്ഞു തുടങ്ങി. പിന്നീടങ്ങോട്ട് അവളുടെ മണവും മുഖവും ഇരുണ്ടിട്ടില്ല. 2019 ഡിസംബര്‍ മാസം അവള്‍ പുല്‍ക്കൂടും നക്ഷത്രങ്ങളും ഒരുക്കി പാട്ടും നൃത്തവും ഒക്കെയായി ഉണ്ണി യേശുവിനെ ഹൃദയത്തില്‍ നിറച്ചു. അപ്പോഴേക്കും ശാരീരിക പരിമിതികള്‍ ഉള്ള നാല്‍പ്പതോളം കൂട്ടുകാരും, ഒപ്പം നടന്നു തുടങ്ങിയ കുറച്ചു ‘ ചങ്ങാതിമാരും’ അവളുടെ സഹോദരിമാരായി മാറിക്കഴിഞ്ഞിരുന്നു. 2020 മാര്‍ച്ചില്‍ മഹാമാരി വരുത്തി വെച്ച അടച്ചു പൂട്ടലില്‍ അവര്‍ പകച്ചില്ല. പരസ്പരം കാണാതെയും മിണ്ടിക്കൊണ്ടേയിരുന്നു, കണ്ടു കൊണ്ടേയിരുന്നു. ആഴ്ച തോറുമുള്ള ഗൂഗിള്‍ മീറ്റുകള്‍, എന്നുമുള്ള വാട്സ്ആപ്പ് സന്ദേശങ്ങള്‍. കൊച്ചു കൊച്ചു സന്തോഷങ്ങള്‍ അവര്‍ തന്നെ കണ്ടുപിടിച്ചു….ചോരാതെ കാത്തു.

നിയമങ്ങള്‍ ഡിസബിലിറ്റികളുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അനുശാസിക്കുന്ന ഉള്‍പ്പെടുത്തലുകള്‍ രേഖകളില്‍ നിന്ന് ഹൃദയങ്ങളിലേക്ക് കൃത്യമായി എത്തുകയും അവരോടുള്ള മനോഭാവത്തിലും ,പെരുമാറ്റത്തിലും, സഹായരീതികളിലും, എന്തിനേറെ, സംസാരത്തില്‍ പോലും പൊരുത്തപ്പെടുമ്പോള്‍ മാത്രമേ നയരേഖകളിലെ സമാശ്ലേഷിത വികസനം അര്‍ത്ഥപൂര്‍ണമാകുകയുള്ളൂ എന്നതിന് ഒരു സന്ദര്‍ഭം വിവരിച്ചുവെന്നു മാത്രം.

പ്രാപ്തയുടെ ജീവന്‍ പ്രാപ്തകള്‍ തന്നെയാണ്. അവരുടെ ഓരോ രീതിയും സ്നേഹവും നന്മയും നിറഞ്ഞതാണ്. ഏറ്റവും എടുത്തു പറയേണ്ടത് പരസ്പര സ്നേഹവും, കണക്കെടുപ്പുകളോ ഉപാധികളോ ഇല്ലാത്ത സഹകരണവും, എല്ലാ വേദനകളെയും മുള്ളുകളെയും പൊടിച്ചു കളയുന്ന സന്തോഷവും ആണ്. പക്ഷെ ഇതിന്‍റെ അര്‍ഥം ദിവ്യത്വം എന്നല്ല. ജീവിതം എന്ന് തന്നെയാണ്. ഒരു മാന്ത്രികച്ചെപ്പില്‍ അടച്ചു പൂട്ടിയോ, അത്ഭുതങ്ങള്‍ വാഴ്ത്തിയോ, അനുകമ്പകള്‍ ചൊരിഞ്ഞോ ഇവരുടെ സത്യങ്ങളെ മൂടേണ്ടതില്ല. ഇനിയും താണ്ടാന്‍ ദൂരങ്ങള്‍ ഏറെയുണ്ട്.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഡിസബിലിറ്റികളുള്ള വിദ്യാര്‍ത്ഥികളുടെ സമഗ്രക്ഷേമത്തിനായി കൃത്യമായ നിര്‍ദ്ദേശങ്ങള്‍ കാലാകാലങ്ങളായി യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷന്‍ ( യു ജി സി) സ്വമേധയായും, കോടതികളുടെ ഇടപെടലുകളില്‍ കൂടിയും ഒക്കെ പുറപ്പെടുവിച്ചിട്ടുണ്ട്. ഒപ്പം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും കര്‍മപദ്ധതികളും, പ്രവര്‍ത്തന തത്വങ്ങളും, നടപടികളും രൂപീകരിക്കുകയും നടപ്പിലാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഡിസബിലിറ്റികളുള്ള വ്യക്തികള്‍ക്ക് തുല്യ വിദ്യാഭ്യാസ അവസരങ്ങള്‍ ലഭ്യമാക്കുക, അവരുടെ ആവശ്യങ്ങളെക്കുറിച്ച് ഉന്നതവിദ്യാഭ്യാസ പ്രവര്‍ത്തകരില്‍ അവബോധം സൃഷ്ടിക്കുക, അവര്‍ക്കു പ്രാപ്യമായ രീതിയില്‍ എല്ലാ ഭൗതിക സാഹചര്യങ്ങളും ഒരുക്കുക, പഠനത്തിനായി സാങ്കേതിക സൗകര്യങ്ങളും, സഹായകരമായ ഉപകരണങ്ങളും, പഠന വിഭവങ്ങളും ഉറപ്പാക്കുക, തൊഴില്‍ ശേഷി വര്‍ധിപ്പിക്കുക, വിവിധ പരീക്ഷകളില്‍ അര്‍ഹമായ എല്ലാ പിന്തുണയും കൊടുക്കുക, സാമ്പത്തിക സഹായം നല്‍കുക, പദ്ധതി നിര്‍വഹണത്തിന്‍റെ മേല്‍നോട്ടവും, അവലോകനവും നടത്തുക, പോരായ്മകള്‍ പരിഹരിക്കുക തുടങ്ങി നിരവധി വ്യവസ്ഥകള്‍ നിലവിലുണ്ട്.

അവഗണനകളും, തെറ്റിദ്ധാരണകളും, തിരസ്കാരങ്ങളും, പരിഹാസങ്ങളും, നീതിനിഷേധങ്ങളും ഒക്കെ സൃഷ്ടിച്ചിരുന്ന ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേയ്ക്കു തെളിഞ്ഞു കൊണ്ടിരിക്കുന്ന ശുഭസൂചനകള്‍ വര്‍ധിച്ചു വരുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്തും, വിവിധ തൊഴില്‍ മേഖലകളിലും ഡിസബിലിറ്റികളുള്ള വ്യക്തികളുടെ പങ്കാളിത്തം തന്നെ ഇതിനു തെളിവാണ്. എങ്കിലും കണക്കുകള്‍ സൂചിപ്പിക്കുന്ന ലക്ഷ്യപ്രാപ്തികള്‍ക്കിടയില്‍ എവിടെയൊക്കെയോ നമ്മുടെ മാര്‍ഗ സ്വഭാവം അത്രക്കങ്ങു മാറിയിട്ടില്ല എന്നതും സത്യം തന്നെയാണ്. തുല്യനീതിയും, സുഗമമായ വിജ്ഞാന സമ്പാദനവും, പ്രാപ്യമായ പഠന ഇടങ്ങളും പരിപൂരകങ്ങളും, ആവശ്യാധിഷ്ഠിത പദ്ധതികളും, അവസരങ്ങളെക്കുറിച്ചുള്ള അവബോധവും ,ഉപയോഗമാര്‍ഗങ്ങളെപ്പറ്റിയുള്ള കൃത്യമായ ധാരണയും, ശേഷീവികസനത്തിനുള്ള തയ്യാറെടുപ്പും, കൂട്ടായ ശ്രമങ്ങള്‍ക്കുള്ള ശൃംഖലകളും, അതിവേഗം മുന്നോട്ടു കുതിക്കുന്ന പുതുയുഗത്തിന്‍റെ ഭാഗമാകാനുള്ള ഊര്‍ജ്ജവും ഇനിയും ഏറെ ബലപ്പെടുവാനുണ്ട്.

ബൃഹദ് സങ്കല്പങ്ങള്‍ക്കും വന്‍കിട പദ്ധതികള്‍ക്കും ഇടയില്‍ പുറം തള്ളപ്പെടുന്ന സൂക്ഷ്മ സത്യങ്ങളുണ്ട്. അവിടെ നിന്ന് തുടങ്ങിയാല്‍ വികസനം ഭംഗിയാകും എന്ന സാമാന്യ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളേജില്‍ ഡിസബിലിറ്റികളുള്ള വിദ്യാര്‍ത്ഥിനികള്‍ക്കായി ഈ കുറിപ്പിന്‍റെ തുടക്കത്തില്‍ സൂചിപ്പിച്ച ഒരു സമിതിക്ക് അന്നത്തെ പ്രിന്‍സിപ്പല്‍ ഡോ. വിജയലക്ഷ്മി നിര്‍ദ്ദേശവും അനുമതിയും നല്‍കിയത്. കോളേജിന്‍റെ അഭിമാനമായ പൂര്‍വ വിദ്യാര്‍ത്ഥിനി ശാരദാ ദേവിയും പരിമിതികളില്‍ വാടി വീഴാത്ത ഹുസ്ന അമീനും ചേര്‍ന്നാണ് ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചത്. ആദ്യ ദിവസം തന്നെ അംഗങ്ങളായി ചേര്‍ന്ന കുട്ടികളില്‍ നിന്നും അവരുടെ മാതാപിതാക്കളില്‍ നിന്നും പകര്‍ന്നു കിട്ടിയ സ്നേഹപാഠങ്ങള്‍ ഇതിലെ നിര്‍വഹണ സമിതി അംഗങ്ങളായ അദ്ധ്യാപകര്‍ക്ക് ബോധവും മാര്‍ഗവും ആയി. ഒരു ‘സമിതി’ എന്നതിലെ അനാവശ്യ ആകൃതികളും മുറകളും കൊണ്ട് കുട്ടികളില്‍ ഭീതിയും അകല്‍ച്ചയും ഉണ്ടാകാതിരിക്കുവാന്‍ “പ്രാപ്ത” എന്ന് പേരിട്ടു. ഒരു കുടുംബപ്പേരിനപ്പുറം ഒരേ കുടുംബമായി പ്രാപ്ത മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു .

കോളേജ് കൗണ്‍സില്‍ നിയോഗിച്ച അധ്യാപകരും, ഡിസബിലിറ്റികളുള്ള വിദ്യാര്‍ത്ഥിനികളുടേയും അവരുടെ മാതാപിതാക്കളുടേയും , ചങ്ങാതിമാരുടേയും (സന്നദ്ധ പ്രവര്‍ത്തകരായ ഡിസബിലിറ്റി വിഭാഗത്തില്‍ പെടാത്ത വിദ്യാര്‍ത്ഥിനികള്‍) പ്രതിനിധികളും അനധ്യാപക പ്രതിനിധിയും അടങ്ങിയതാണ് നിര്‍വഹണ സമിതി. ‘ഞാന്‍ പ്രാപ്ത’ എന്ന വാട്സ്ആപ്പ് കൂട്ടായ്മയും രക്ഷാകര്‍ത്താക്കള്‍ക്കായി ‘കാവല്‍’ എന്ന വാട്സ്ആപ്പ് കൂട്ടായ്മയും ഉണ്ട്. കോളേജിലെ എല്ലാ കെട്ടിടങ്ങള്‍ക്കും റാമ്പ്, പുതിയ കെട്ടിടങ്ങള്‍ക്കു ലിഫ്റ്റ് എന്നിവ ബില്‍ഡിങ് സമിതി ഉറപ്പാക്കിയിട്ടുണ്ട്. ഡിജിറ്റല്‍ ലൈബ്രറി എന്ന ആവശ്യത്തിന് ഒരു ഓഡിയോ റെക്കോര്‍ഡിങ് സ്റ്റുഡിയോ സജ്ജീകരിക്കുവാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ശേഷീ വികസനത്തിന്‍റെ ഭാഗമായി വിദഗ്ദ്ധരുടെ ക്ലാസ്സുകളും, പരിമിതികളെ അതിജീവിച്ചു കൊണ്ട് ജീവിതം പഠിപ്പിക്കുന്നവരുടെ അനുഭവങ്ങള്‍ പങ്കു വെയ്ക്കലും സ്ഥിരമായി സംഘടിപ്പിക്കുന്നുണ്ട്. മത്സര പരീക്ഷകള്‍ക്കായി തയ്യാറെടുക്കുവാന്‍ ‘ചുവട്’ എന്ന പേരില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നത് ചങ്ങാതിമാരും അധ്യാപകരും ആണ്. ഏറെ താമസിയാതെ പ്രാപ്തമാരില്‍ തന്നെ ചിലര്‍ ചുവടിന്‍റെ സെഷനുകള്‍ കൈകാര്യം ചെയ്തു തുടങ്ങും.

ഓരോ കുട്ടിയുടെയും ആവശ്യങ്ങളും കഴിവുകളും സവിശേഷവും വൈയക്തികവും ആണെന്ന തിരിച്ചറിവാണ് പ്രാപ്തയുടെ മാര്‍ഗ്ഗരേഖ. അത് കൊണ്ട് തന്നെ കുട്ടികള്‍ക്കൊപ്പം നടക്കുവാന്‍ അധ്യാപകരും കുട്ടികളുമായി ‘മെന്‍ററിങ്’ ഗ്രൂപ്പുകള്‍ രൂപീകരിച്ചിട്ടുണ്ട്. കൈത്തൊഴില്‍ പരിശീലനം, കരകൗശല വൈദഗ്ദ്ധ്യ പരിപോഷണം തുടങ്ങിയവയ്ക്കായി 2023 ജനുവരി 20 മുതല്‍ ശ്രമങ്ങള്‍ തുടങ്ങുന്നു. ഓണവും ക്രിസ്തുമസും പെരുന്നാളും പൊങ്കലും ഒക്കെ പ്രാപ്തയില്‍ ഒരുമിച്ചുള്ള ആഘോഷവും ഉപാധികളില്ലാത്ത സന്തോഷങ്ങളുമായി വിരിയുന്നു. മഹാമാരിക്കാലത്തും ഇടവേളകള്‍ ഉണ്ടായിരുന്നില്ല.
“പ്രാപ്ത” എന്ന പേരിനെ അന്വര്‍ത്ഥമാക്കുന്ന തരത്തിലുള്ള പ്രാപ്തി ഈ മക്കള്‍ക്കുണ്ടെന്നതിനു നേര്‍സാക്ഷ്യങ്ങള്‍ ഉണ്ട്. എല്ലാ പരിപാടികളുടെയും ഏകോപനം, പോസ്റ്റര്‍ മുതല്‍ കൃതജ്ഞത വരെ കോര്‍ത്തിണക്കുന്ന പാടവം, എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകുന്ന സ്നേഹം, സാഹിത്യ രചനകള്‍, ചിത്രങ്ങള്‍, സംഗീതം, നൃത്തം, അഭിനയം എന്നിവയും സിദ്ധികളുടെ അടയാളങ്ങളാണ്. യുജിസി നെറ്റ് പരീക്ഷകളില്‍ രണ്ടു പേര്‍ ജയിച്ചത് അവരുടെ മികവിന്‍റെ തെളിവാണ് . 2019-ലെ ലോക ഡിസബിലിറ്റി ദിനത്തോടനുബന്ധിച്ചു സംസ്ഥാന സര്‍ക്കാര്‍ വനിതാ കോളേജില്‍ വച്ചു നടത്തിയ സംസ്ഥാന തല ഉദ്ഘാടന ചടങ്ങില്‍ പ്രാപ്തയിലെ കുട്ടികളെ പ്രധാന വേദിയില്‍ ഇരുത്തുകയും അവര്‍ ചൊല്ലിയ പ്രതിജ്ഞ മറ്റെല്ലാവരും ഏറ്റു ചൊല്ലുകയും ചെയ്തു.

കോളേജിലെ നാക് റീ-അക്ക്രെഡിറ്റേഷന്‍ സമിതി മുന്‍പാകെ സാംസ്കാരിക പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തതും അവര്‍ തന്നെയായിരുന്നു. അന്ന് അവരില്‍ ചിലരുടെ ചിത്രപ്രദര്‍ശനവും ഉണ്ടായിരുന്നു. ഇപ്പോള്‍ ഇവര്‍ ഒരു കൈയെഴുത്തു മാസികയുടെ പണിപ്പുരയിലാണ്.

2022 -ല്‍ പ്രാപ്തക്ക് സ്വന്തം ഇടം കിട്ടി. ഒരു മുറി. ഇത് ദിവസവുമുള്ള കൊച്ചുവര്‍ത്തമാനങ്ങള്‍ തുടങ്ങി പഠന ക്ലാസ്സുകള്‍ക്കും പരിശീലനങ്ങള്‍ക്കും ശേഷീവികസന പരിപാടികള്‍ക്കും ആഘോഷങ്ങള്‍ക്കും സ്വന്തമായ അന്തരീക്ഷം സൃഷ്ടിച്ചു. ഒപ്പം, പരിമിതികള്‍ ഉള്ള ചില മക്കളുടെ അമ്മമാര്‍ക്ക് കോളേജില്‍ത്തന്നെ നില്‍ക്കേണ്ട സന്ദര്‍ഭങ്ങളില്‍ സുരക്ഷിതമായ ഒരു സ്ഥാനവും ആയി. ഒരു കൊച്ചു മുറി വീടായി മാറിയ പ്രതീതി.

അമ്മമാരും അച്ഛന്മാരും ഇവിടെ അതിഥികളല്ല. എല്ലാ പരിപാടികളിലും ചങ്ങാതിമാരാണ്. അവരുടെ നിര്‍ദേശങ്ങള്‍ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സഹായകരമാണ്. ഇവിടെ നിന്ന് പടിയിറങ്ങുന്നവരില്ല. പഠനം കഴിഞ്ഞാലും പ്രാപ്തയുമായുള്ള ബന്ധം ആരും മുറിച്ചു കളയുന്നില്ല.

പ്രാപ്തയുടെ ജീവന്‍ പ്രാപ്തകള്‍ തന്നെയാണ്. അവരുടെ ഓരോ രീതിയും സ്നേഹവും നന്മയും നിറഞ്ഞതാണ്. ഏറ്റവും എടുത്തു പറയേണ്ടത് പരസ്പര സ്നേഹവും, കണക്കെടുപ്പുകളോ ഉപാധികളോ ഇല്ലാത്ത സഹകരണവും, എല്ലാ വേദനകളെയും മുള്ളുകളെയും പൊടിച്ചു കളയുന്ന സന്തോഷവും ആണ്. പക്ഷെ ഇതിന്‍റെ അര്‍ഥം ദിവ്യത്വം എന്നല്ല. ജീവിതം എന്ന് തന്നെയാണ്. ഒരു മാന്ത്രികച്ചെപ്പില്‍ അടച്ചു പൂട്ടിയോ, അത്ഭുതങ്ങള്‍ വാഴ്ത്തിയോ, അനുകമ്പകള്‍ ചൊരിഞ്ഞോ ഇവരുടെ സത്യങ്ങളെ മൂടേണ്ടതില്ല. ഇനിയും താണ്ടാന്‍ ദൂരങ്ങള്‍ ഏറെയുണ്ട്. അതില്‍ പ്രധാനം നേടുന്ന വിദ്യ ആത്മവിശ്വാസത്തോടെയുള്ള നിലനില്‍പ്പിനും അര്‍ഹതയുള്ള വികസനത്തിനും ഉതകണം എന്നതു തന്നെയാണ്. നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആവാസവ്യവസ്ഥയില്‍ ഉള്ള സമഗ്ര ഘടകങ്ങളുടെ സന്തുലനവും, ദിശാ ബോധവും, കലര്‍പ്പില്ലാത്ത കര്‍മങ്ങളും തുടങ്ങേണ്ടത് മഹാ സിദ്ധാന്തങ്ങള്‍ക്കപ്പുറം ജീവിത യാഥാര്‍ഥ്യങ്ങളില്‍ നിന്നാണ്. അവിടെ ഞങ്ങളും നിങ്ങളും ഇല്ലാതെ നമ്മള്‍ എന്നത് ഒരു വികാരമായി മാറിയാല്‍ ഇവരുടെ വേദനകളെയും സന്തോഷങ്ങളെയും തൊട്ടറിയുവാന്‍ സാധിക്കും. മനസ്സുകളില്‍ ഉള്ള അകലങ്ങള്‍ വിദ്യാഭ്യാസ നയം മുതല്‍ അവലോകന പരിശോധനകള്‍ വരെ നീണ്ടുകിടക്കുന്ന മാര്‍ഗങ്ങളില്‍ വിള്ളലുകള്‍ ഉണ്ടാക്കും. അത് കൊണ്ട് നമുക്ക് ആദ്യം അതൊക്കെ ഒന്നടക്കാം. കൂടെ നിന്ന് അറിയാം. ഒപ്പം നടക്കാം. അവകാശമുള്ള എല്ലാ വാതിലുകളും തുറക്കാം. ഒന്നും കൊട്ടിയടക്കാതിരിക്കാം. അനന്തമായ ആകാശങ്ങള്‍ക്കായല്ല. നേര്‍വഴികള്‍ക്കായി, പ്രാപ്യമാകേണ്ട ലക്ഷ്യങ്ങള്‍ക്കായി.

ഡോ. വി. ഉമാജ്യോതി
(കണ്‍വീനര്‍, പ്രാപ്ത )
അസ്സോസിയേറ്റ് പ്രൊഫസര്‍ &
ഹെഡ്
സാമ്പത്തിക ശാസ്ത്ര വകുപ്പ്
സര്‍ക്കാര്‍ വനിതാ കോളേജ്
തിരുവനന്തപുരം.

COMMENTS

COMMENT WITH EMAIL: 0