ഇത്തവണ ലോകകപ്പ് ഫുട്ബോള്‍ മത്സരം ചരിത്രം തിരുത്തിക്കൊണ്ടാണ് അരങ്ങേറിയത്. ഉടനീളം പുരുഷ സാന്നിധ്യം മാത്രം അടയാളപ്പെടുന്ന ഈ കളിയില്‍ ഇത്തവണ മൂന്ന് വനിതാ റഫറിമാരാണ് കളി നിയന്ത്രിക്കാന്‍ ഉണ്ടായിരുന്നത്. ഫ്രാന്‍സിന്‍റെ സ്റ്റെഫാനി ഫ്രാപ്പാര്‍ട്, ബ്രസീലിന്‍റെ ന്യൂസബക്, മെക്സിക്കോയുടെ കരണ്‍ ഡയസ് എന്നിവരാണ് ഈ ചരിത്രം കുറിച്ചവര്‍. കളിക്കളത്തെ ലിംഗനീതിയുറ്റതാക്കുക എന്ന സന്ദേശം ഇത് വഴി പകര്‍ന്നതില്‍ സംഘാടകര്‍ക്ക് അഭിനന്ദനങ്ങള്‍. എന്നാല്‍ ക്വിയര്‍ രാഷ്ട്രീയം മുന്നോട്ട് വെയ്ക്കുന്നതില്‍ മത്സര സംഘാടനം ദയനീയമായി പരാജയപ്പെട്ടു എന്നും ഇത്തരുണത്തില്‍ എടുത്തു പറയേണ്ടതായുണ്ട്.
സ്കൂള്‍ പാഠ്യപദ്ധതിയില്‍ ശരീര അപമാന (ബോഡിഷേമിങ്ങ് ) പ്രവണതകള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണത്തിന് ഊന്നല്‍ നല്‍കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി അറിയിച്ചത് സ്വാഗതം ചെയ്യുന്നു.ശരീരത്തെക്കുറിച്ച് അപമാനം അനുഭവിപ്പിച്ചുകൊണ്ട് ആയുഷ്കാലം മുഴുവന്‍ മായാതെ കിടക്കുന്ന ഹിംസയുടെ മുറിപ്പാടുകള്‍ എത്രയോ വിദ്യാര്‍ത്ഥികളുടെ മനസ്സുകളില്‍ ഉണങ്ങാതെ കിടപ്പുണ്ടാവും. അതിനൊരു ശാശ്വത പരിഹാരം ഉണ്ടാവും എന്ന് പ്രത്യാശിക്കട്ടെ.
കോട്ടയം സി.എം. എസ്. കോളേജിലെ വിദ്യാര്‍ത്ഥികളെ സദാചാര പോലീസ് ചമഞ്ഞ് ചോദ്യം ചെയ്യുകയും അക്രമിക്കുകയും ചെയ്തവര്‍ക്കെതിരെ അവിടത്തെ വിദ്യാര്‍ത്ഥികള്‍ മുടി മുറിച്ച് ശക്തമായി പ്രതിഷേധിച്ചു. മൗനമായി എല്ലാ പീഡനങ്ങളും സഹിച്ചൊതുങ്ങുന്നവരല്ല യുവതലമുറ എന്നതില്‍ ആശ്വസിക്കുന്നു. ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നു.
ലെഗ്ഗിന്‍സ് ധരിച്ച അധ്യാപികയോട് പ്രധാന അധ്യാപിക മോശമായി പെരുമാറിയെന്ന പരാതി കുറച്ചു നാള്‍ മുന്‍പ് ഉയര്‍ന്നു. ഈ പ്രശ്നത്തില്‍ വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും യുവജനേ ക്ഷേമ കമ്മീഷനും അധ്യാപിക പരാതി കൊടുക്കേണ്ടി വന്നു. കാലമിത്രയായിട്ടും നവോത്ഥാന കേരളത്തില്‍ സ്ത്രീകളുടെ വസ്ത്രങ്ങള്‍ക്ക് നേരെയുള്ള മേല്‍നോട്ടങ്ങള്‍ക്കും നിയന്ത്രണശ്രമങ്ങള്‍ക്കും അവസാനമുണ്ടാകുന്നില്ല. ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലനില്‍ക്കുന്ന നിയന്ത്രണങ്ങളില്‍ നിന്നും നാട്ടുകാരുടേയും വീട്ടുകാരുടേയുമൊക്കെ സമ്മര്‍ദ്ദങ്ങളില്‍ നിന്നും ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ യുവതലമുറ രക്ഷപ്പെട്ടോടുകയാണ്. സംസ്ഥാനത്തിന് പുറത്ത് ഏതെങ്കിലുമൊരു പഠനമേഖല കണ്ടെത്താനുള്ള വ്യഗ്രതയിലാണവര്‍ എന്ന ആപല്‍ സൂചന നാം കണക്കിലെടുത്തേ മതിയാകൂ. ഉന്നതവിദ്യാഭ്യാസ രംഗത്ത് ഏതു വിധേനയാണ് ലിംഗനീതി ഉറപ്പുവരുത്താന്‍ ആവുക എന്ന ആലോചനയാണ് കെ. ആര്‍.രാഗി അതിഥിപത്രാധിപയായി ‘ ഉന്നത വിദ്യാഭ്യാസ രംഗം ‘ ചര്‍ച്ച ചെയ്യുന്ന ഈ ലക്കം സംഘടിതയിലൂടെ അന്വേഷിക്കുന്നത്. പുതുവത്സരാശംസകളോടെ സമര്‍പ്പിക്കുന്നു.
COMMENTS