വടക്കേ ഇന്ത്യയിലും മറ്റും പലപ്പോഴായി കേട്ടുകൊണ്ടിരുന്ന മന്ത്രവാദ കഥകളും നരബലിയും അഭിമാനക്കൊലകളും മറ്റും ഇപ്പോള്‍ കേരളത്തിലും വലിയ സംഭവമൊന്നുമല്ലാതായിരിക്കുന്നു. ആദ്യത്തെ ഞെട്ടല്‍ കഴിഞ്ഞാല്‍ പിന്നെ എല്ലാവരും ഇതൊക്കെ സൗകര്യപൂര്‍വം മറക്കുന്നു.
അപ്പോഴാണ് കേരളത്തിലെ ഫിലിം വിദ്യാര്ത്ഥികള്‍ക്ക് വേണ്ടി സ്ഥാപിച്ച വിഷ്വല്‍ മീഡിയ സ്ഥാപനത്തിലെ ഭരണകര്‍ത്താക്കളുടെ ജാതിവെറിയുടെ ഞെട്ടിക്കുന്ന കഥകള്‍ പുറത്തു വന്നത്. പത്തിരുപതു ദിവസങ്ങളിലെറേയായി ആ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ തീവ്രമായ സമരത്തിലാണ്. ഇന്ത്യയുടെ ആദ്യത്തെ ദളിത് രാഷ്ട്രപതിയായ ഡോ. കെ. ആര്‍. നാരായണന്‍റെ നാമധേയത്തില്‍ തുടങ്ങിയ ഈ സ്ഥാപനത്തിന്‍റെ ചെയര്‍മാന്‍ വിശ്വപ്രസിദ്ധനായ ഫിലിം ഡയറക്ടര്‍ അടൂര്‍ ഗോപാലകൃഷ്ണനാണ്. അതിന്‍റെ ഡയറക്ടര്‍ ശങ്കര്‍ മോഹനും. ഈ ഡയറക്ടര്‍ വളരെ നീചമായ രീതിയില്‍ ജാതി വിവേചനം കാണിക്കുന്നു, ആ സ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റിയേ തീരൂ എന്ന് കുട്ടികള്‍ ആവശ്യപ്പെടുന്നു. സമരം ചെയ്യുന്നതിന്‍റെ പേരില്‍ ആ സ്ഥാപനവും അതോടനുബന്ധിച്ച ഹോസ്റ്റലും ജില്ലാ കളക്ടര്‍ രണ്ടാഴ്ചത്തേക്ക് പൂട്ടിയിട്ടിരിക്കുകയാണ്. ഇനി രോഹിത് വെമുലയെപോലെ ഒരു രക്തസാക്ഷിയുണ്ടായാലേ സര്‍ക്കാര്‍ എന്തെങ്കിലും പരിഹാരവുമായി മുന്നോട്ടു വരികയുള്ളൂ എന്നാണോ?
ഇവിടെ എനിക്ക് മറ്റൊരു ചോദ്യംചോദിക്കാനുണ്ട്. ഈ ഇന്‍സ്ടിട്യൂട്ടിന്‍റെ അധികാര സ്ഥാനത്തേക്ക് കേരളത്തിലെ ഫിലിം – വിഷ്വല്‍ മീഡിയ മേഖലയിലെ ദളിത് ഐഡന്‍റിറ്റിയുള്ള ഒരു പ്രഗത്ഭരെയും കിട്ടിയില്ലേ? സ്ത്രീകള്‍ക്ക് വേണ്ടി രൂപം കൊടുത്ത കുടുംബശ്രീയുടെ തലപ്പത്തു എപ്പോഴും ഒരു പുരുഷനായ ഐ.എ.എസ്. ഓഫീസറാണ് ഉണ്ടാവാറുള്ളത്. ഒരു തവണ മാത്രം ഡോ.ശാരദാ മുരളീധരന്‍ ഡയറക്ടറായിരുന്നു. ഇതേ രീതിയാണ് ഇവിടെയും കാണുന്നത്. ഏതെങ്കിലും ഒരു പ്രത്യേക സമൂഹത്തിന്‍റെ ആവശ്യങ്ങള്‍ക്കുവേണ്ടി ഒരു സംവിധാനമുണ്ടാക്കിയാല്‍ അതിന്‍റെ ഭരണ തലപ്പത്തു ആ വിഭാഗത്തിന്‍റെ എതിര്‍ വിഭാഗത്തുനിന്ന് തന്നെയുള്ള വ്യക്തികളെ അവരോധിക്കുന്നതിന്‍റെ യുക്തിയും ഔചിത്യവും എനിക്കിനിയും മനസ്സിലായിട്ടില്ല.
എന്ന് മാത്രമല്ല,അവിടെ നടന്ന കാര്യങ്ങള്‍ നമ്മുടെ സംസ്ഥാനത്തു ജാതിഭേദങ്ങള്‍ ഇല്ലെന്നു അവകാശവാദമുള്ള മലയാളികള്‍ക്കു മൊത്തം നാണക്കേടുണ്ടാക്കുന്ന സംഭവങ്ങളാണ് എന്ന് ആ സ്ഥാപനത്തിലെ വിദ്യാര്‍ഥികള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു . സ്ഥാപനത്തില്‍ ശുചീകരണജോലി ചെയ്യാന്‍ നിയമിതാരായ കുറച്ചു സ്ത്രീകളെ ഈ ഡയറക്ടര്‍ സ്വന്തം വീട്ടിലെ കക്കൂസ് വൃത്തിയാക്കുന്ന പണി ചെയ്യിക്കാറുണ്ടത്രെ. അതുതന്നെ മലമൂത്രവിസര്‍ജനം ചെയ്യുന്ന അവരുടെ ക്ലോസെറ്റ് കഴുകാന്‍ ബ്രഷ് കൊടുക്കാതെ ജോലിക്കാര്‍ സ്വന്തം കൈകള്‍ കൊണ്ടുതന്നെ വൃത്തിയാക്കണമെന്ന് നിര്‍ബന്ധിക്കുന്നുവെന്നും മറ്റും ആ സ്ത്രീകള്‍ തന്നെ തുറന്നു കാട്ടിയിരിക്കുന്നു. അവര്‍ WCC യിലെ സ്ത്രീകളെപ്പോലെ ഉടുത്തൊരുങ്ങി നടക്കുന്നുവെന്ന ഒരു പരിഹാസവും ശ്രീ അടൂരിന്‍റെ ഭാഗത്തുനിന്നു നമ്മള്‍ കേട്ടു. അങ്ങേയറ്റം നികൃഷ്ടമായ സവര്‍ണ മനോഭാവം പ്രകടമാക്കിയതോടൊപ്പം താന്‍ എത്രമാത്രം സ്ത്രീ വിരുദ്ധനാണെന്ന് അടൂര്‍ തെളിയിക്കുന്നു. WCC എങ്ങനെയാണുണ്ടായതെന്നും എന്തിനുവേണ്ടിയാണുണ്ടായതെന്നും അടൂരിനറിയില്ല എന്നുണ്ടോ? കൊട്ടേഷന്‍ ബലാത്സംഗം എന്ന ‘ചെല്ലപ്പേരില്‍’ അറിയപ്പെട്ട ആ സംഭവത്തിലെ പ്രതിനായകനോടൊപ്പമാണ് അടൂരെന്ന് വ്യക്തം.
അപ്പോള്‍ ശങ്കര്‍ മോഹന്‍ ഒറ്റക്കല്ല ഈ നീച കൃത്യങ്ങള്‍ അരങ്ങേറിയത്, അടൂരിന്‍റെ പൂര്‍ണ പിന്തുണ അയാള്‍ക്കുണ്ടായിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. ഇത് ഈ ജനാധിപത്യകേരളത്തില്‍ വെച്ച് പൊറുപ്പിക്കാനാവുമോ? സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ ജയിക്കേണ്ടത് കേരള സമൂഹത്തിന്‍റെ ആവശ്യമല്ലേ?
ജാതി വിവേചനത്തിനും തികഞ്ഞ അനീതിക്കെതിരായും പോരാടുന്ന വിദ്യാര്‍ഥികളോടൊപ്പം നില്‍ക്കുകയെന്നത് ഒരു മിനിമം ഡിമാന്‍ഡ് മാത്രമാണ്. അവര്‍ വിജയിച്ച തീരൂ. മറ്റൊരു രോഹിത് വേമൂല ഉണ്ടായിക്കൂടാ. ജാതിക്കോമരങ്ങളെ വേരോടെ പിഴുതെറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കെ. ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്ടിട്യൂട്ടിലെ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കു ഊഷ്മളമായ ഐക്യദാര്‍ഢ്യം!

അജിത കെ.
COMMENTS