അധ്യാപനമെന്നത് ഒരു സര്‍ഗാത്മകവൃത്തിയാണെന്ന് നമുക്കറിയാം. മുന്‍കൂട്ടി സെറ്റുചെയ്യപ്പെട്ട ജോലി നിരന്തരം ആവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അതിനെ സര്‍ഗാത്മകമായി കാണാനാവില്ലല്ലോ. ക്രാഫ്റ്റും കലയും തമ്മിലുള്ള വ്യത്യാസം ഇതിലുണ്ട്. പ്രതിഭയെ അപൂര്‍വവസ്തുനിര്‍മ്മാണക്ഷമമായ പ്രജ്ഞ എന്നു നിര്‍വചിച്ചിട്ടുണ്ട്, പ്രാചീനാലങ്കാരികനായ അഭിനവഗുപ്തന്‍. അ-പൂര്‍വമായ, ഇതുവരെയില്ലാത്ത ഒന്നുണ്ടാക്കാനുള്ള കഴിവാണ് സര്‍ഗാത്മകത അഥവാ ക്രിയേറ്റിവിറ്റി. ക്ലാസ് റൂമില്‍ അവശ്യം വേണ്ട ഒന്നുകൂടിയാണ് സര്‍ഗാത്മകപ്രതിഭ. അധ്യാപനവും പഠനവും സാര്‍ഥകമാവുന്നത് അപ്പോഴാണ്. ഉന്നതവിദ്യാഭ്യാസമേഖല, നമ്മുടെ അധ്യാപികമാരുടെ സര്‍ഗാത്മകതയെ ഏതെങ്കിലും മട്ടില്‍ കണ്ടെത്തുകയോ അഭിസംബോധനചെയ്യുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നുണ്ടോ എന്നൊരു ചര്‍ച്ച വളരെ പ്രധാനമാണ്.
നമ്മുടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍, വിശേഷിച്ച് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളൊക്കെയും പ്രവര്‍ത്തിക്കുന്നത് ചില നിയമങ്ങളുടെയും വ്യവസ്ഥകളുടെയും (norms and conditions) അടിസ്ഥാനത്തിലാണ്. അവ പാലിക്കുക എന്നതാണ് അധ്യാപകധര്‍മം. ഈ ധര്‍മം വളരെ കൃത്രിമമായാണ് പലപ്പോഴും പാലിക്കപ്പെടുന്നത് എന്നുകാണാം. സര്‍ഗധനരായ അധ്യാപകരെ സംബന്ധിച്ചെടത്തോളം വളരെ വിരസമായിപ്പോകുന്നുണ്ട്, ഈ വ്യവസ്ഥാപാലനം.
പലവിധത്തില്‍ ക്രിയേറ്റീവായ അധ്യാപികമാര്‍ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിയമങ്ങളും വ്യവസ്ഥകളും പൂര്‍ണമായും പാലിച്ചുകൊണ്ട് ഡാന്‍സര്‍, സംവിധായിക, അഭിനേത്രി, എഴുത്തുകാരി, ചിത്രകാരി, തുടങ്ങി വിവിധമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ഗധനരായ കലാകാരികള്‍ക്ക് അവരുടെ വ്യക്തിജീവിതത്തില്‍ എന്തും ചെയ്യാം. അതിന് ആര്‍ക്കും വിരോധമില്ല. പക്ഷേ, ഇത്തരം കലാകാരികളെ ബോധപൂര്‍വം പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രവര്‍ത്തനവും ഇന്ത്യക്കകത്തോ പുറത്തോ ഉള്ള അംഗീകൃത സര്‍വകലാശാലകളിലോ കോളേജുകളിലോ നടന്നുവരുന്നില്ല. വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ ഉന്നതനിലവാരം പുലര്‍ത്തുന്ന കേരളത്തിലും ഇക്കാര്യത്തില്‍ ഇതേ അവസ്ഥതന്നെയാണുള്ളത്.
പുതിയ ക്രെഡിറ്റ് ആന്‍റ് സെമസ്റ്റര്‍ സിസ്റ്റം വന്നതോടെ അക്ഷരാര്‍ഥത്തില്‍ ‘നിന്നുതിരിയാന്‍ നേരമില്ലാത്ത’ അവസ്ഥയിലാണ്, ഉന്നതവിദ്യാഭ്യാസരംഗത്തെ അധ്യാപകര്‍. പതിനാറു മണിക്കൂര്‍ ക്ലാസ്, ഒരു വര്‍ഷത്തില്‍ രണ്ട് സെമസ്റ്റര്‍പരീക്ഷകള്‍, അവയുടെ ഇന്‍വിജിലേഷന്‍ ഡ്യൂട്ടി, ആ പരീക്ഷാ പേപ്പറുകളുടെ മൂല്യനിര്‍ണയം, വിദ്യാര്‍ഥികളുടെ പ്രൊജക്ട്, അസൈന്‍മെന്‍റ്, സെമസ്റ്റര്‍ പരീക്ഷക്കുമുമ്പ് രണ്ട് ഇന്‍റേണല്‍ പരീക്ഷകള്‍, അതിന്‍റെ മൂല്യനിര്‍ണയം, ഇതിനെല്ലാം പുറമേ എ.പി.സി തയ്യാറാക്കല്‍, ഇന്‍റേണല്‍ മാര്‍ക്ക് അപ് ലോഡ് ചെയ്യല്‍ തുടങ്ങിയ ക്ലറിക്കല്‍ ജോലികള്‍… ഇവയെല്ലാം ജോലിയുടെ ഭാഗമായി അധ്യാപകര്‍ ചെയ്യേണ്ടതാണെങ്കിലും, ഇത്തരം വിരസവൃത്തികള്‍ അധ്യാപകരുടെ സര്‍ഗാത്മകതയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇവയെല്ലാം ചിട്ടപ്രകാരം ചെയ്തശേഷം സമയം ബാക്കിയുണ്ടെങ്കില്‍, അവരവര്‍ക്കു വേണമെങ്കില്‍, അവരവരുടെ ക്രിയേറ്റിവിറ്റിയെ പരിപോഷിപ്പിക്കാം. സര്‍ക്കാറോ സ്ഥാപനങ്ങളോ സ്വയമേവ ഇത്തരം അവസരങ്ങള്‍ അധ്യാപകര്‍ക്ക് നല്‍കുന്നില്ല. അധ്യാപനവും ക്രിയേറ്റിവിറ്റിയും ഒന്നിച്ചു കൊണ്ടുനടക്കുന്നവര്‍ക്ക് ഔദ്യോഗികരംഗത്ത് വീഴ്ച സംഭവിച്ചാല്‍ അത് ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍നിന്നുള്ള വ്യതിചലനമായി കണക്കാക്കും. അത് ആ വ്യക്തിയെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ആത്യന്തികമായി നമ്മുടെ വിദ്യാഭ്യാസസംവിധാനം സര്‍ഗാത്മകതയെ ശ്വാസംമുട്ടിക്കുന്നു. സര്‍ഗാത്മകതയെ പരിപോഷിപ്പിക്കുന്നില്ല എന്നുമാത്രമല്ല, മുരടിപ്പിക്കുകയാണ് എന്ന് ചുരുക്കം. അവരവരുടെ മേഖലയില്‍ എത്രവലിയ നേട്ടങ്ങള്‍ നേടിയാലും അവയൊന്നും ക്രെഡിറ്റായി പരിഗണിക്കപ്പെടുന്നില്ല. നിര്‍ദേശിക്കപ്പെട്ട പ്രവര്‍ത്തനങ്ങളുടെ നിര്‍വഹണത്തിനുമാത്രമാണ് ക്രെഡിറ്റ്. അവരവരുടെ സര്‍ഗാത്മകനേട്ടങ്ങള്‍ അവരവരുടെ മാത്രം ക്രെഡിറ്റാണ്. വിദ്യാഭ്യാസസ്ഥാപനം അവ ക്രെഡിറ്റായി പരിഗണിക്കുന്നില്ല.
പുതിയ വിദ്യാഭ്യാസപദ്ധതിയില്‍ അധ്യാപകരുടെ ജോലിഭാരം ഇരട്ടിയിലേറെയായി. കോളേജില്‍വെച്ചുതന്നെ എല്ലാ പഠനാനുബന്ധ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കാനാവില്ലെന്ന അവസ്ഥയായതിനാല്‍ വീട്ടിലെത്തിയാലും അക്കാദമിക് പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച അനിവാര്യതയായി മാറിയിരിക്കുകയാണ്. നിരന്തരമായ വായനയിലൂടെയും നിരീക്ഷണങ്ങളിലൂടെയും അവരവരുടെ വിഷയമേഖലയെ പരിപോഷിപ്പിക്കേണ്ട ഉത്തരവാദിത്തം അധ്യാപനം എന്ന തൊഴിലിനുണ്ട്. ഔദ്യാഗിക സമയത്തിനപ്പുറം നീളുന്ന നിരന്തരപ്രക്രിയയാണത്. ജോലി കഴിഞ്ഞ് വീട്ടിലെത്തുന്ന അധ്യാപകര്‍ അവിടെയും ഇതേ പ്രവര്‍ത്തനങ്ങള്‍ തന്നെ തുടരുന്നു. എങ്കില്‍മാത്രമേ വിദ്യാര്‍ഥികള്‍ പ്രതീക്ഷിക്കുന്ന ഗുണനിലവാരത്തിലേക്കുയരാന്‍ അവര്‍ക്ക് കഴിയൂ.
രണ്ടുപതിറ്റാണ്ടു മുമ്പത്തെ സര്‍ഗാത്മകരായ അധ്യാപികമാര്‍ക്കുണ്ടായിരുന്നതിനേക്കാള്‍ ശാരീരികവും മാനസികവുമായ പിരിമുറുക്കം ഈ പുതിയ സാഹചര്യത്തിലെ സര്‍ഗധനരായ അധ്യാപികമാരില്‍ ഇരട്ടിയെങ്കിലുമായി വര്‍ധിച്ചിട്ടുണ്ട്. വീട്ടിലേക്കുനീളുന്ന അധ്യയനപ്രവര്‍ത്തനങ്ങള്‍ അവരുടെ ക്രിയേറ്റിവിറ്റിയെ പൂര്‍ണമായും മുരടിപ്പിക്കുന്ന അവസ്ഥയാണ് ഇന്നത്തെ യാഥാര്‍ഥ്യം. കോവിഡാനന്തരം രാത്രിയില്‍പ്പോലും നടന്നുവരുന്ന ഓണ്‍ലൈന്‍ മീറ്റിംഗുകളില്‍ പല വീട്ടുജോലികള്‍ക്കിടയിലാണ് സ്ത്രീകള്‍ പങ്കെടുക്കുന്നത്. ഒരിടത്തും പൂര്‍ണശ്രദ്ധ കൊടുക്കാന്‍ കഴിയില്ലെന്നര്‍ഥം. കാലം മാറിയെങ്കിലും വ്യവസ്ഥാക്രമങ്ങള്‍ കാര്യമായി മാറിയിട്ടില്ലാത്തതിനാല്‍ ഇരട്ടജോലിഭാരം പേറേണ്ടിവരുന്നവരാണ് മിക്ക അധ്യാപികമാരും- അടുക്കള പൂര്‍ണമായും അവരുടെ ഉത്തരവാദിത്തത്തില്‍ത്തന്നെയാണ് പുലരുന്നത് എന്നിരിക്കെ. ഒപ്പം കുട്ടികളുടെ പരിപാലനത്തില്‍ ഏറിയ ഉത്തരവാദിത്തങ്ങളും സ്ത്രീകള്‍ക്കുതന്നെയാണ് എന്നതും ഓര്‍ക്കേണ്ടതുണ്ട്. ഇതെല്ലാം ചെയ്യേണ്ടത് സ്ത്രീ തന്നെയാണ് എന്ന ചിന്തയാണ് ഇന്നത്തെയും ‘നോര്‍മല്‍’ ചിന്ത. അപവാദങ്ങളുണ്ടെങ്കിലും ഭൂരിപക്ഷം സ്ത്രീകളും ഇക്കാര്യത്തില്‍ സമാനരാണ്. ഈയവസരത്തില്‍ സര്‍ഗധനരിലേറെയും തങ്ങളുടെ സര്‍ഗാത്മകതയെ അട്ടത്തുകയറ്റിവെക്കുകയോ ചങ്ങലക്കിടുകയോതന്നെ ചെയ്തുവരുന്നു! അതിന്‍റെ അസ്വാസ്ഥ്യവും പേറിയാണ് അവരുടെ ജീവിതം. ചുരുക്കം ചിലര്‍മാത്രം ‘ഇരവും പകലാക്കി’ സര്‍ഗാത്മകതയെയും തൃപ്തിപ്പെടുത്തുന്നു. അതിന്‍റെ ക്ഷീണത്തില്‍ പകലാകെ ചുറുചുറുക്ക് നഷ്ടപ്പെടുകയും ചെയ്യുന്നു.
ഫെമിനൈസേഷന്‍ ഓഫ് എഡ്യുക്കേഷന്‍ (വിദ്യാഭ്യാസരംഗത്ത് പെണ്‍കോയ്മ) അടുത്ത കാലത്തായി പല സ്റ്റേറ്റുകളിലും സംഭവിച്ചുട്ടുണ്ട് എന്നും കേരളത്തിലിത് കൂടുതല്‍ പ്രകടമാണെന്നും യുനെസ്കോയുടെ ഒരു പഠനറിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നുണ്ട്. (Women and the teaching profession: Exploring the Feminisation Debate, Commonwealth Secretariat and UNESCO, Marlborough House, Pall Mall, London, UK, 2011) പഠിക്കുന്ന വിദ്യാര്‍ഥിനികളുടെയും പഠിപ്പിക്കുന്ന അധ്യാപികമാരുടെയും എണ്ണം ആണ്‍കുട്ടികളെക്കാളും ആണ്‍ അധ്യാപകരെക്കാളും അധികരിച്ച അവസ്ഥയാണ് ഇത്. ഉന്നതവിദ്യാകേന്ദ്രങ്ങളില്‍, വിശേഷിച്ച് ആര്‍ട്സ് ആന്‍ഡ് സയന്‍സ് മേഖലയില്‍, ജെന്‍ഡര്‍ പാരിറ്റി ഇതിനകം സ്ത്രീകള്‍ക്കനുകൂലമായവിധത്തില്‍ മാറിത്തീര്‍ന്നിരിക്കുന്നു എന്നര്‍ഥം. ഇപ്പോള്‍ അധ്യാപകരിലും വിദ്യാര്‍ഥികളിലും എഴുപതു ശതമാനത്തിലേറെയും സ്ത്രീകളാണ്. ഭാവിയില്‍ ഹ്യുമാനിറ്റീസ് മേഖല സമ്പൂര്‍ണമായും സ്ത്രീകളുടേതായിമാറുമെന്നും അധ്യാപനജോലിയില്‍ ബഹുഭൂരിപക്ഷവും സ്ത്രീകളാകുമെന്നും കല്പറ്റ നാരായണന്‍ നിരീക്ഷിച്ചിട്ടുണ്ട്. ഇതിനനുസരിച്ച മാറ്റം എല്ലാതലങ്ങളിലും വരണം. വിശാലമായ കെട്ടിടസമുച്ചയത്തില്‍ പെണ്‍കുട്ടികള്‍ക്കുവേണ്ടിയും അധ്യാപികമാര്‍ക്കുവേണ്ടിയും വിശ്രമത്തിനായി ഒരു മുറി നീക്കിവെച്ച എത്ര സ്ഥാപനങ്ങളുണ്ടെന്ന അന്വേഷണം ഒരുപക്ഷേ ഞെട്ടിപ്പിച്ചേക്കാം. പുരുഷന്മാരെ അപേക്ഷിച്ച് പലമട്ടിലുള്ള ശാരീരികപ്രശ്നങ്ങള്‍ സ്ത്രീകള്‍ അനുഭവിക്കുന്നുണ്ട് എന്നകാര്യം നിസ്തര്‍ക്കമായിട്ടുപോലും.
സ്ത്രീകളുടെ എണ്ണത്തില്‍ മാത്രമാണ് വര്‍ധനവ് (മേധാവിത്തം) ഉണ്ടായിട്ടുള്ളത് എന്നതാണ് യാഥാര്‍ഥ്യം. ജെന്‍ഡര്‍ ഇക്വാലിറ്റി എന്ന ആശയംമാത്രം വെച്ചുപരിശോധിക്കുമ്പോള്‍ വളരെ പോസിറ്റീവായ കാര്യമാണത്. എണ്ണത്തില്‍ മേല്‍ക്കോയ്മ വന്നെങ്കിലും കൂടുതല്‍ ഉയര്‍ന്ന പദവികള്‍ ഇപ്പോഴും വഹിക്കുന്നത് പുരുഷന്മാരാണ്. നാമമാത്രമായി മാത്രമേ സ്ത്രീകള്‍ ‘തലപ്പത്ത്’ പ്രത്യക്ഷപ്പെടുന്നുള്ളൂ. വി.സി, പി.വി.സി, രജിസ്ട്രാര്‍, ഫിനാന്‍സ് ഓഫീസര്‍, കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍സ്, ഡീന്‍, ഐക്യുഎസി കോര്‍ഡിനേറ്റര്‍ തുടങ്ങി കേരളത്തിലെ വിദ്യാകേന്ദ്രങ്ങളില്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിക്കുന്ന ആളുകളുടെ കണക്കെടുത്താല്‍ ഇത് ബോധ്യപ്പെടും. സംഖ്യാപരമായി മേല്‍ക്കോയ്മ സ്ത്രീകള്‍ക്കുണ്ടെങ്കിലും അധികാരപരമായി ഇപ്പോഴും മേല്‍ക്കോയ്മ പുരുഷന്മാര്‍ക്കുതന്നെ.
ജെന്‍ഡര്‍ അവബോധം കൂടുതല്‍ ആഴത്തില്‍ വിദ്യാര്‍ഥികളുടെ മനസ്സുകളില്‍ പതിപ്പിക്കുവാന്‍ പറ്റുന്നതാണ് ഇന്നത്തെ ക്യാമ്പസ്സുകള്‍. അധ്യയനപ്രവര്‍ത്തനത്തിലൂടെ അധ്യാപകരുടെ ക്രിയേറ്റിവിറ്റിയെ വിദ്യാര്‍ഥികളിലേക്ക് പ്രസരിപ്പിക്കാന്‍ പറ്റും. പഠിപ്പിക്കുന്ന എല്ലാ വിഷയങ്ങളും രാഷ്ട്രീയ നിര്‍ഭരമാണ്. സയന്‍സ് വിഷയങ്ങളും ഹ്യൂമാനിറ്റീസ് വിഷയങ്ങളുമുള്‍പ്പെടെ ഒരു വിഷയവും ന്യൂട്രല്‍ അല്ല. ആ വിഷയത്തില്‍ വലിയ സംവാദങ്ങള്‍ ക്ലാസ്റുമില്‍ സൃഷ്ടിക്കാന്‍ അധ്യാപകര്‍ക്കുകഴിയും. സ്ത്രീപക്ഷക്ലാസ്റൂം രാഷ്ടീയം നടപ്പിലാക്കാനുള്ള പരിശ്രമങ്ങള്‍ സാധ്യമാണ്. പക്ഷേ, ക്രെഡിറ്റ് ആന്‍റ് സെമസ്റ്റര്‍ സിസ്റ്റത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും ഒരുപോലെ സമയത്തിന്‍റെ അപര്യാപ്തതയാല്‍ ഞെങ്ങിഞെരുങ്ങുകയാണ്. സിലബസ് ‘കവര്‍ചെയ്യല്‍’ തന്നെ സാഹസമായിരിക്കേ സിലബസ്സിനപ്പുറം കടക്കാന്‍ പലപ്പോഴും കഴിയാതെ പോകുന്നു.
അധ്യാപകര്‍ക്ക് കലാ-കായികമേളകള്‍ സര്‍ക്കാര്‍സംവിധാനം ഉപയോഗിച്ചുകൊണ്ട് നടത്തുന്നത് സര്‍ഗാത്മകത പൂര്‍ണമായും വറ്റിപ്പോകാതെ സംരക്ഷിക്കപ്പെടാന്‍ ഉപകരിക്കും. ഹൈസ്കൂള്‍- ഹയര്‍സെക്കണ്ടറി തലങ്ങളില്‍ അധ്യാപകര്‍ക്കുവേണ്ടി വിദ്യാരംഗംപോലുള്ള രചനാമത്സരങ്ങള്‍ നടന്നുവരുന്നുണ്ട്. ശാസ്ത്രമേളയുമായി ബന്ധപ്പെട്ട് ശാസ്ത്രാധ്യാപര്‍ക്ക് ചിലയിനങ്ങളില്‍ മത്സരിക്കാം. അധ്യാപകസംഘടനയുടെ നേതൃത്വത്തിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ പരിമിതമായതോതിലെങ്കിലും നടക്കുന്നുണ്ട്. ഉന്നതവിദ്യാഭ്യാസരംഗത്ത് ഇത്തരം അവസരങ്ങളേയില്ല.
മാനസികോല്ലാസവും സംതൃപ്തിയും മനുഷ്യര്‍ക്ക് പരമപ്രധാനമാണ്. ഇതുകൂടി പരിഗണിച്ചുകൊണ്ടുള്ള അന്തരീക്ഷം വീട്ടിലേതിനേക്കാള്‍ സമയം ചെലവഴിക്കുന്ന ജോലിസ്ഥലത്ത് ഉണ്ടാകേണ്ടതുണ്ട്. അധ്യാപനം സര്‍ഗാത്മമാക്കാനുള്ള ഒരു വഴി അധ്യാപകരുടെ സര്‍ഗശേഷി വറ്റിപ്പോകാതെ നോക്കലാണ്.
COMMENTS