Homeചർച്ചാവിഷയം

ജെന്‍ഡര്‍ ഇക്വിറ്റി സെല്‍ : കാലം ആവശ്യപ്പെടുന്ന ഇടപെടല്‍

നുഷ്യന്‍റെ സാംസ്കാരികമായ ഉയര്‍ച്ചക്കും, സാമൂഹികമായ വളര്‍ച്ചക്കും, ഭൗതികപരമായ മുന്നേറ്റത്തിനും, മാറ്റങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്ന കലാലയങ്ങള്‍ ആവശ്യമാണ്. കൃത്യമായ അധ്യാപക-വിദ്യാര്‍ത്ഥി ഇടപെടലുകളാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ചലനാത്മകമായി നിലനിര്‍ത്തുന്നത്. കലാലയങ്ങളെ ജീവസ്സുറ്റതാക്കുന്നതിനും പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും നിരവധി പദ്ധതികള്‍ ദേശീയതലത്തിലും സംസ്ഥാനതലത്തിലും നടപ്പിലാക്കപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ഒരു സംവിധാനമാണ് വിമന്‍ സെല്ലുകള്‍. 2013 ലാണ് കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ (കെ.എസ്.ഡബ്ലിയു.ഡി.സി) ഇത്തരം സെല്ലുകളുടെ മേല്‍നോട്ടവും നിയന്ത്രണവും ഏറ്റെടുക്കുന്നത്. സാമ്പത്തിക സ്വാതന്ത്ര്യത്തിന്‍റെ ആവശ്യകത വിദ്യാര്‍ത്ഥിനികള്‍ മനസ്സിലാക്കുക, അവരില്‍ പ്രതികരണ ശേഷിയും സാമൂഹ്യപ്രതിബദ്ധതയും വളര്‍ത്തുക, സമൂഹ നിര്‍മ്മിതിയുടെ നേതൃനിരയിലേക്ക് വിദ്യാര്‍ത്ഥിനികളെ എത്തിക്കുക തുടങ്ങിയവയായിരുന്നു വിമന്‍ സെല്ലുകളിലൂടെ കെ.എസ്.ഡബ്ലിയു.ഡി.സി ലക്ഷ്യമിട്ടത്.

പുതിയതായി ലഭിക്കുന്ന ഒരു അവസരത്തെ/സ്ഥാപനത്തെ എങ്ങനെ ഉപയോഗിക്കണമെന്ന് കാലപ്രവാഹത്തില്‍ തല്‍പരകക്ഷികള്‍ തിരിച്ചറിയും. വിമന്‍ സെല്ലുകളുടെ കാര്യവും വിഭിന്നമല്ല. ആദ്യകാലങ്ങളില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സ്വയം തിരിച്ചറിയാനുള്ള ഒരു വേദി മാത്രയായിട്ടാണ് ക്യാമ്പസുകളില്‍ വിമന്‍ സെല്ലുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. ചില ഇടങ്ങളില്‍ എങ്കിലും വെറും പ്രതീകാത്മക സ്വഭാവം മാത്രമുള്ള പ്രവര്‍ത്തനക്ഷമമല്ലാത്ത ക്ലബ്ബുകളായി വിമന്‍ സെല്ലുകള്‍ ഒതുങ്ങിപ്പോയിട്ടുമുണ്ട്. വിമന്‍ സെല്ലുകളുടെ ലക്ഷ്യങ്ങള്‍, ഇടപെടലുകള്‍ എന്നിവയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ കാണുന്നുണ്ട്.
സമൂഹ മനസ്സാക്ഷിയെ നൂറ്റാണ്ടുകള്‍ പുറകോട്ട് എടുത്തെറിയുന്ന സംഭവങ്ങളും, അസ്വസ്ഥതകളും ആശങ്കകളും ഉണ്ടാക്കുന്ന ലിംഗപരമായ വിഷയങ്ങളും ദിനംപ്രതി വര്‍ദ്ധിച്ചുവരുന്നു. അതിനോടൊപ്പം, ലിംഗം അഥവാ ജെന്‍ഡര്‍ എന്നത്  ബൈനറി’ അല്ല മറിച്ച് ലിംഗ-ലൈംഗിക വൈവിധ്യ വ്യക്തികളും കൂടെ ഉള്‍പ്പെടുന്ന ഒരു സ്പെക്ട്രം’ ആണെന്ന യാഥാര്‍ത്ഥ്യം പൊതുമണ്ഡലം അംഗീകരിച്ചു വരികയുമാണ്. ജെന്‍ഡര്‍ ബൈനറിയാണെന്ന ചിന്തയില്‍ നിന്നും സ്പെക്ട്രമാണെന്ന ബോധ്യത്തിലേക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ക്യാമ്പസുകള്‍ ഒന്നടങ്കം എത്തിച്ചേരണം. ഈ സന്ദര്‍ഭത്തില്‍ വിമന്‍ സെല്‍ എന്ന സ്ഥാപനത്തിന്‍റെ ഘടന മുതല്‍ പ്രസക്തി വരെ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിമന്‍ സെല്ലുകള്‍ ‘ജെന്‍ഡര്‍ ഇക്വിറ്റി സെല്ലുകള്‍ ആയി മാറേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. പേരില്‍ മാത്രമല്ല, ഇത്തരം സെല്ലുകള്‍ എന്ത് അടിസ്ഥാനത്തില്‍ നിലകൊള്ളുന്നു, എന്തിനുവേണ്ടി നടപ്പിലാക്കപ്പെടുന്നു എന്നീ കാര്യങ്ങള്‍ വരെ പൊളിച്ചെഴുതേണ്ടതുണ്ട്. കാലത്തിനൊപ്പം സഞ്ചരിക്കുന്ന ചില കലാലയങ്ങളിലെങ്കിലും വിമന്‍ സെല്ലുകള്‍ ജെന്‍ഡര്‍ ഇക്വിറ്റി സെല്ലുകളായി (ജി.ഇ.സി) പുനര്‍നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്.

ജെന്‍ഡര്‍ എന്നത് ഏറ്റവും സജീവമായി ആവിഷ്കരിക്കപ്പെടുന്ന ഇടമാണ് ക്യാമ്പസ്. സ്വന്തം ലിംഗതന്മ സംബന്ധിച്ചും, സ്വീകരിക്കേണ്ടതും തള്ളേണ്ടതുമായ ലിംഗബോധ്യങ്ങളുമായി ബന്ധപ്പെട്ടും, പല വിധത്തിലുള്ള സംശയങ്ങള്‍ കുട്ടികള്‍ക്ക് ഉണ്ടാകാം. അതിലുമുപരി, അവര്‍ ഭാഗമായിരിക്കുന്ന കുടുംബം, കൂട്ടുകെട്ടുകള്‍, അവര്‍ സമ്പര്‍ക്കം പുലര്‍ത്തുന്ന മാധ്യമങ്ങള്‍ എന്നിവ ചെലുത്തുന്ന ചെറുതും വലുതുമായ സ്വാധീനങ്ങള്‍ കുട്ടികളില്‍ പല മാനങ്ങളിലുള്ള ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കാം. ഇത്തരം സാഹചര്യങ്ങളില്‍ കുട്ടികള്‍ക്ക് വ്യക്തമായ നിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കാന്‍ ജെന്‍ഡര്‍ ഇക്വിറ്റി സെല്ലുകള്‍ ആവശ്യമാണ്.

ആണധികാര ഘടനയില്‍ ജനിച്ചു വളര്‍ന്ന, പുരുഷാധിപത്യ സമ്പ്രദായങ്ങള്‍ ശീലിച്ച കുട്ടികള്‍ അതില്‍ നിന്നും പുറത്തുകടക്കാന്‍ തുടങ്ങുന്ന ഒരു സമയമാണിത്. പഠനത്തിനും ബഹിഷ്കരണത്തിനും (Learning and Unlearning) കുട്ടികളുടെ മനസ്സ് വഴങ്ങുന്ന ഈ സമയം ജി.ഇ.സികള്‍ പ്രയോജനപ്പെടുത്തിയാല്‍, പുരുഷാധിപത്യ ചിട്ടകളോടുള്ള അവരുടെ മനോഭാവത്തില്‍ മാറ്റം വരുത്താന്‍ കഴിയും. കുട്ടികള്‍ തന്നെ ചില രീതികള്‍’ ചോദ്യം ചെയ്ത്, ചില പതിവുകള്‍’ റദ്ദ് ചെയ്ത് പുതുക്കപ്പെടും.

ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിലെ ലിംഗനയം രൂപപ്പെടുത്തുന്നതില്‍ ജെന്‍ഡര്‍ ഇക്വിറ്റി സെല്ലുകള്‍ക്കും ഉത്തരവാദിത്വമുണ്ട്. ലിംഗനയം, ലിംഗസമത്വത്തില്‍ ഊന്നിയാണ് രൂപപ്പെടുത്തുന്നതെന്നും , പുരോഗമനോന്മുഖമായ മൂല്യങ്ങളെയും, നിലനില്‍ക്കുന്ന നിയമസംവിധാനങ്ങളെയും, വ്യവസ്ഥകളെയും അടിസ്ഥാനമാക്കിയാണ് നടപ്പിലാക്കപ്പെടുന്നതെന്നും ജി.ഇ.സികള്‍ ഉറപ്പുവരുത്തണം. വേഷത്തിന്‍റേയും, സമയത്തിന്‍റേയും കാര്യത്തിലുള്ള തുല്യസ്വാതന്ത്ര്യം മുതല്‍ അവസരങ്ങളുടെ തുല്യലഭ്യത വരെ എല്ലാ ലിംഗ വിഭാഗത്തിലുള്ള കുട്ടികള്‍ക്കും, അധ്യാപക-അനധ്യാപക ജീവനക്കാര്‍ക്കും ലഭിക്കണം. ഏതെങ്കിലും രീതിയിലുള്ള വിവേചനമോ, (മനുഷ്യ)അവകാശ ലംഘനമോ സംഭവിക്കുകയാണെങ്കില്‍ അതിനെ കൃത്യമായി ജി.ഇ.സികള്‍ അഭിമുഖീകരിക്കണം.

എല്ലാ ലിംഗ വിഭാഗത്തില്‍ ഉള്ളവരും തുല്യരായി കണക്കാക്കപ്പെടണമെങ്കില്‍, മറ്റൊരു ലിംഗ വിഭാഗത്തില്‍ ഉള്ളവരുടെ പ്രത്യേകതകളെ മനസ്സിലാക്കുന്നതിനോടൊപ്പം എല്ലാ ലിംഗതന്മയിലുള്ളവരും പങ്കിടുന്ന സമാനതകളിലേക്കും മനുഷ്യരുടെ കാഴ്ചകള്‍ തുറക്കണം. ഈ ആശയം ഉള്‍ക്കൊള്ളുന്ന ലിംഗ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കേണ്ടതും സ്ഥാപനത്തിലെ എല്ലാ ലിംഗ വിഭാഗത്തിലുള്ളവരും അതില്‍ പങ്കെടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുമായ ചുമതല ജി.ഇ.സി കള്‍ക്കുണ്ട്. എല്ലാ ലിംഗതന്മകളിലും ഉള്‍ച്ചേര്‍ന്നിരിക്കുന്ന അന്തസ്സിനെ പറ്റിയും ശരീരം-അതിക്രമങ്ങള്‍-പ്രതിരോധ മാര്‍ഗങ്ങള്‍-അതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ എന്നിവയെക്കുറിച്ചും വ്യക്തമായ ബോധ്യങ്ങള്‍ ഇത്തരം പരിപാടികളിലൂടെ ഏവര്‍ക്കും ലഭിക്കണം.

തുറന്ന ചര്‍ച്ചകള്‍ ഉള്‍പ്പെടുന്ന ലിംഗ ബോധവല്‍ക്കരണ പരിപാടികളിലൂടെയാണ് കുട്ടികളിലും ജീവനക്കാരിലും ലിംഗ അവബോധം വളരുന്നതും, ക്യാമ്പസുകളില്‍ ലിംഗനീതി സാധ്യമാകുന്നതും. ഇവര്‍ തിരികെ ചെന്ന് ഇടപെടുന്ന മേഖലകളില്‍ എല്ലാം (കുടുംബം, കൂട്ടുകെട്ടുകള്‍, സാമൂഹ്യ മാധ്യമങ്ങള്‍) ഇതിന്‍റെ പ്രതിദ്ധ്വനികള്‍ ഉണ്ടാകും. ലിംഗനീതി സാധ്യമാകുമ്പോള്‍ അത്യന്തികമായി സാമൂഹ്യനീതിയും സാധ്യമാകുന്നു.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വനിതാ ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും എതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനായി 2015 ല്‍ യു.ജി.സി കൊണ്ടുവന്ന റെഗുലേഷനില്‍ (University Grants Commission-Prevention, Prohibition and Redressal of Sexual Harassment of Women Employees and Students in Higher Educational Institutions-Regulations), ‘വിദ്യാര്‍ത്ഥി’ എന്ന പദത്തെ ജെന്‍ഡര്‍ ന്യൂട്രല്‍ ആയിട്ടാണ് നിര്‍വചിച്ചിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിയമപരമായി രജിസ്റ്റര്‍ ചെയ്യുന്ന ആണ്‍, പെണ്‍, ലൈംഗിക വൈവിധ്യവ്യക്തികള്‍ എന്നിവരെല്ലാം ഈ ചട്ടപ്രകാരം വിദ്യാര്‍ത്ഥികളാണ്. വനിതാ ജീവനക്കാര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും എതിരെയുള്ള വിവേചനങ്ങും അതിക്രമങ്ങളും കൈകാര്യം ചെയ്യുന്നതിനായി എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്‍റേണല്‍ കംപ്ലയിന്‍റ് സെല്ലുകള്‍ (ഐ.സി.സി) അഥവാ ആഭ്യന്തര പരാതി സെല്ലുകള്‍ രൂപവത്കരിക്കേണ്ടതുണ്ട്.

ജെന്‍ഡര്‍ ഇക്വിറ്റി സെല്ലിന്‍റെ മേല്‍നോട്ടത്തില്‍ ആഭ്യന്തര പരാതി സെല്ലുകള്‍ മേല്‍പ്പറഞ്ഞ ചട്ടങ്ങളെ സംബന്ധിച്ചും ലൈംഗിക അതിക്രമങ്ങളെക്കുറിച്ചും വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും ശരിയായ അവബോധം നല്‍കണം. ലൈംഗിക അതിക്രമങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ജി.ഇ.സിയും ഐ.സി.സിയും ചേര്‍ന്ന് ഉചിതമായ നടപടികള്‍ കൈക്കൊള്ളണം. ആരോപണത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണം, ആരോപണ വിധേയരുള്‍പ്പെടെയുള്ളവരെ കേള്‍ക്കാനുള്ള സംവിധാനങ്ങള്‍, ന്യായമായ വിചാരണ, അപ്പീലിനുള്ള അവസരം, ഉള്‍പ്പെട്ട വ്യക്തികള്‍ക്കും, സാക്ഷികള്‍ക്കും വേണ്ടുന്ന പിന്തുണ-സംരക്ഷണം, വേഗത്തിലുള്ള തക്കതായ പരിഹാരം, അല്ലെങ്കില്‍ ശിക്ഷാ നടപടിക്കുള്ള ശുപാര്‍ശ തുടങ്ങിയവ സാധ്യമാക്കണം.

2019-20 ലെ ദേശീയ ഉന്നത വിദ്യാഭ്യാസ സര്‍വ്വേ പ്രകാരം (All India Survey on Higher Education), കേരളത്തില്‍ 18 നും 23 നും ഇടയില്‍ പ്രായമുള്ളവരില്‍ 38.8% പേരാണ് (11.38 ലക്ഷം പേര്‍) വിദ്യാര്‍ത്ഥികളായി എന്‍റോള്‍ ചെയ്തിരിക്കുന്നത്. ഇത് ദേശീയ ശരാശരിയായ ഇരുപത്തേഴുശതമാനത്തിന് ഏറെ മുകളിലാണെങ്കിലും അയല്‍ സംസ്ഥാനങ്ങളിലെ ജി.ഇ.ആറുമായി താരതമ്യം ചെയ്യുമ്പോള്‍ നന്നെ കുറവാണ് (തമിഴ്നാട് 51.4%). കേരളത്തിന്‍റെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമൂലമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ഡോ. ശ്യാം ബി മേനോന്‍ അധ്യക്ഷനായ ഏഴംഗസമിതി സര്‍ക്കാരിന് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍, 2030 ആകുമ്പോഴേക്കും കേരളത്തിലെ ജി.ഇ.ആര്‍ എഴുപത്തഞ്ചു ശതമാനത്തില്‍ എത്തേണ്ടതുണ്ടെന്ന് പറയുന്നു. ദേശീയ വിദ്യാഭ്യാസ നയത്തില്‍ (NEP), 2030 ആകുമ്പോഴേക്കും ഇന്ത്യയിലെ ജി.ഇ.ആര്‍ അന്‍പതുശതമാനത്തില്‍ എത്തിക്കണമെന്ന് പറയുമ്പോഴാണ് കേരളം ഉയര്‍ന്ന ഒരു ലക്ഷ്യത്തിലേക്ക് കണ്ണുവെക്കുന്നത്.

ഉന്നത വിദ്യാഭ്യാസത്തിനായി നിലവില്‍ കേരള സര്‍ക്കാര്‍ ചിലവഴിക്കുന്ന തുക ഇനിയുള്ള വര്‍ഷങ്ങളില്‍ ഓരോ വര്‍ഷവും പതിനാലുശതമാനംവീതം വര്‍ദ്ധിപ്പിച്ചാലാണ് കേരളത്തിന് 2030 ആകുമ്പോഴേക്കും എഴുപത്തഞ്ചുശതമാനം ജി.ഇ.ആര്‍ എന്ന ലക്ഷ്യം കൈവരിക്കാനാവുക. ശരിയായ ആസൂത്രണവും നടത്തിപ്പും, സൂക്ഷ്മതയുള്ള ബജറ്റ് നിര്‍വ്വഹണവും, ആവശ്യമുള്ള ധന-ധനേതര വിഭവ സമാഹരണവും, രാഷ്ട്രീയ-ഉദ്യോഗസ്ഥ ഇച്ഛാശക്തിയും, മികച്ച അധ്യാപകരും, ഉത്സാഹമുള്ള ജീവനക്കാരും ഉണ്ടെങ്കില്‍ കേരളം അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു പോലും കുട്ടികള്‍ എത്തിച്ചേരുന്ന ഒരു വിദ്യാഭ്യാസ കേന്ദ്രമാകും. ജെന്‍ഡര്‍ ഇക്വിറ്റി സെല്‍ പോലെയുള്ള സംവിധാനങ്ങളുടെ ഇടപെടല്‍ നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കൂടുതല്‍ ഉള്‍ക്കൊള്ളല്‍ മനോഭാവമുള്ള ഇടങ്ങളാക്കും, ആകര്‍ഷകമാക്കും. ഊര്‍ജ്ജസ്വലമായ അത്തരം ക്യാമ്പസുകള്‍ നവസമൂഹ നിര്‍മ്മിതിയുടെ ചാലകശക്തികളായി വര്‍ത്തിക്കുകയും ചെയ്യും.

ഡോ. ഷേബ സൂസന്‍ ജോണ്‍സ്
അസിസ്റ്റന്‍റ് പ്രൊഫസര്‍ (കോമേഴ്സ്)
സി എച്ച് എം കെ എം ഗവ: ആര്‍ട്സ് &
സയന്‍സ് കോളേജ് കൊടുവള്ളി
കോഴിക്കോട്

COMMENTS

COMMENT WITH EMAIL: 0