അടിമുടി സാമൂഹിക സൃഷ്ടിയായ ലിംഗഭേദം അഥവ ജെന്‍ഡര്‍, സമൂഹത്തിന്‍റെ മുഴുവന്‍ വ്യവഹാര മണ്ഡലങ്ങള്‍ക്കകത്തും അതിഭീകരമായി തന്നെ നിലനില്‍ക്കുന്നുണ്ടെന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്നു വേണം ഉന്നത വിദ്യാഭ്യാസരംഗത്തെ ലിംഗനീതിയെക്കുറിച്ചു സംസാരിക്കാന്‍. മനുഷ്യരെന്ന വൈവിധ്യത്തെ ആണ്‍-പെണ്‍ ദ്വന്ദ്വങ്ങളിലേക്ക് ഒതുക്കാന്‍ നടന്നുകൊണ്ടിരിക്കുന്ന ആസൂത്രിതമായ അത്തരം ശ്രമങ്ങളില്‍ നിന്നാണ് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടു നിരയിലിരുന്ന് പഠിക്കേണ്ടി വന്നതും പരസ്പരം തൊട്ടു പോയാലോ എന്ന് പേടിക്കേണ്ടി വന്നതും.
ശരീരത്തെ ആണെന്നും പെണ്ണെന്നും വക തിരിച്ചാണ് പുരുഷാധിപത്യം എക്കാലവും പ്രവര്‍ത്തിച്ചത്. അവിടെയാണ് ഒരു കൂട്ടം കപടസദാചാരവാദികള്‍ ആണും പെണ്ണും കൂടിയിരിക്കുന്നത് തടയാന്‍ ബസ്റ്റോപ്പിലെ ബെഞ്ച് വെട്ടിപ്പൊളിച്ചിട്ടപ്പോള്‍ ‘അടുത്തിരുന്നാലല്ലേ മടിയിലിരുന്നാല്‍ പ്രശ്നമില്ലല്ലോ’ എന്ന കുറുപ്പടിയോടെ തിരുവനന്തപുരം എന്‍ജിനീയറിങ്ങ് കോളേജിലെ ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധം ശ്രദ്ധേയമാവുന്നതും കേരളത്തിലെ ക്യാമ്പസുകളില്‍ ഇനിയും ആണിനും പെണ്ണിനും തുല്യമാവാത്ത ഹോസ്റ്റല്‍ പ്രവേശന സമയത്തിനായി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യുന്നതും. ഇവയെല്ലാം ഒരുപറ്റം മനുഷ്യരെ ലിംഗത്തിന്‍റെ പേരില്‍ നൂറ്റാണ്ടുകളായി പൊതുമണ്ഡലത്തില്‍ നിന്നും ഭ്രഷ്ട് കല്‍പ്പിക്കുന്ന മുഴുവന്‍ ശ്രമങ്ങള്‍ക്കെതിരെയുമുള്ള സമര തുടര്‍ച്ചയായാണ് വായിക്കേണ്ടത്.
സദാചാരത്തിന്‍റെയും സാന്മാര്‍ഗികതയുടെയും കര്‍തൃ സ്ഥാനം പുരുഷനാവുമ്പോള്‍ ‘ഇന്‍ക്ലൂഷന്‍’ എന്നത് നിഷേധിക്കപ്പെടുകയാണ്. കേവലം ആണ്‍-പെണ്‍ എന്നതിനപ്പുറത്തേക്ക് ജെന്‍ഡര്‍ ഒരു സ്പെക്ട്രമാണെന്നും സകല വൈവിധ്യങ്ങളെയും ഉള്‍കൊള്ളേണ്ടതാണെന്നുമുളള തിരിച്ചറിവ് പലപ്പോഴും വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കു പോലുമുണ്ടാകുന്നില്ല. അതിന്‍റെ ഭാഗമായാണ് കേരളത്തിലെ സര്‍വകലാശാലകളിലും ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ അധ്യാപക പരിശീലന കേന്ദ്രങ്ങളിലും ക്വിയര്‍ വിദ്യാര്‍ത്ഥികളനുഭവിക്കുന്ന പ്രശ്നങ്ങള്‍ പലതായി പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെക്കുറിച്ചും സെക്സ് എജ്യൂക്കേഷനെ സംബന്ധിച്ചുമെല്ലാം വിപ്ലവകരമായ മാറ്റങ്ങള്‍ സ്കൂളുകളെ കേന്ദ്രീകരിച്ച് സര്‍ക്കാര്‍ നടപ്പിലാക്കി കൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് അതിനു സമാന്തരമായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആണ്‍കുട്ടികള്‍ മുടി വളര്‍ത്തിയതിനും വിദ്യാര്‍ത്ഥികള്‍ ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിനും തങ്ങളുടെ ഐഡന്‍റിറ്റിയില്‍ ജീവിക്കുന്നതിനും അധ്യാപകരുടെ ഭാഗത്തു നിന്നും വലിയ തോതിലുള്ള പീഢനങ്ങള്‍ അനുഭവിക്കേണ്ടി വരുന്നതെന്ന വൈരുധ്യത്തെ മറച്ചുവെക്കാനാവില്ല. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ലിംഗപരമായ സവിശേഷതയാല്‍ ഒരു കുട്ടിയെ പോലും മാറ്റി നിര്‍ത്താന്‍ പാടില്ലെന്ന യുക്തിയെ അതിലംഘിക്കുന്നവരായി അധ്യാപകര്‍ മാറുന്നു.
ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 14 എല്ലാ തരത്തിലുമുള്ള സമത്വം വിഭാവനം ചെയ്യുമ്പോഴും ആര്‍ട്ടിക്കിള്‍ 15 മതം, ജാതി, ലിംഗം,വര്‍ണം,വര്‍ഗം,പ്രദേശം എന്നിവയുടെ പേരില്‍ വിവേചനം അനുവദിക്കില്ലെന്ന് പറയുമ്പോഴും ഏറ്റവും ചുരുങ്ങിയത് കേരളത്തിലെ എത്ര കോളേജുകളിലാണ് ട്രാന്‍സ് ജെന്‍ഡര്‍ ഫ്രണ്ട്ലി ടോയ്ലറ്റുകള്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ളതെന്ന് ഓര്‍ത്തു നോക്കേണ്ടത്. മനുഷ്യരുടെ ഏറ്റവുമടിസ്ഥാനമായ ആവശ്യമല്ലേ അത്? മനുഷ്യരുടെ സ്വകാര്യത അവരുടെ അവകാശമല്ലേ ? ഇത്ര ലാഘവത്തോടെയാണോ നമ്മള്‍ ജന്‍ഡര്‍ വിഷയങ്ങളെ സമീപിക്കേണ്ടത്? ക്വിയര്‍ വിദ്യാര്‍ത്ഥികളെ മാനസികമായി പീഡിപ്പിച്ചും അവരുടെ വിദ്യാഭ്യാസവകാശങ്ങളെ നിഷേധിച്ചും പൊതുമണ്ഡലത്തിലേക്കുള്ള അവരുടെ തീര്‍ത്തും ശ്രമകരമായ പരിശ്രമങ്ങളെ നിരാകരിക്കുന്നത് ഇത്തരം ഇടങ്ങളൊന്നും ഈ മനുഷ്യര്‍ ആക്സസ് ചെയ്യരുതെന്ന ഉദ്ദേശ്യത്തോടെയാണോ?
അങ്ങനെയെങ്കില്‍ മനുഷ്യരുടെ ജീവിക്കാനും ഒന്നിച്ചിരിക്കാനും പഠിക്കാനുമുള്ള അവകാശങ്ങള്‍ക്ക് നിങ്ങളെന്ത് മാനദണ്ഡം കല്‍പ്പിച്ചാലും അതംഗീകരിക്കാന്‍ കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹം തയ്യാറാവില്ല.
ഇവിടെ വേരൂന്നിയിരിക്കുന്ന അനീതിയുടെയും അസമത്വത്തിന്‍റെയുമെല്ലാം പ്രധാന കാരണങ്ങളിലൊന്നായി ജെന്‍ഡര്‍ അവബോധമില്ലായ്മയെ കാണുമ്പോള്‍ അത് കഴിഞ്ഞ കാല വിദ്യാഭ്യാസ പദ്ധതിയുടെ പരാജയത്തിലേക്കാണ് വിരല്‍ച്ചൂണ്ടുന്നത്. ജന്‍ഡര്‍ അവബോധവും സെക്സ് എഡ്യൂക്കേഷനുമെല്ലാം നല്‍കാന്‍ തയ്യാറാവാതെ പോയ ഒരു ദീര്‍ഘകാലത്തിന്‍റെ അവശിഷ്ടമാവുമത്.
ഇത്തരം അജ്ഞതകളെ മറികടക്കാന്‍ ബോധപൂര്‍വ്വമായ ഇടപെടലുകളാവശ്യമാണെന്നു തിരിച്ചറിഞ്ഞു കൊണ്ട് കേരള സര്‍ക്കാര്‍ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന പരിഷ്കാരങ്ങള്‍ പ്രതീക്ഷാവഹമാണ്. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമുകള്‍ക്കും മിക്സ്ഡ് സ്കൂളുകള്‍ക്കുമപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ക്കു കൂടെ ഇടപെടാന്‍ ഇടമുള്ള പുതിയ പാഠ്യപദ്ധതി പരിഷ്കാരം കുറേക്കൂടെ ആഴത്തില്‍ ഇത്തരം വിഷയങ്ങളെ ഉള്‍പ്പെടുത്താനും ശാസ്ത്രീയമായ അവബോധം നല്‍കാനും സഹായിക്കുന്നതാണ്. അതിലൂടെ മാത്രമേ ശാസ്ത്രാവബോധമുള്ള, സാമൂഹ്യാവബോധമുള്ള, വൈവിധ്യങ്ങളെയത്രയും ഉള്‍കൊളളാനാവുന്ന, ലിംഗ സമത്വമൊരലങ്കാരമല്ലെന്നും അതവകാശമാണെന്നും തിരിച്ചറിയുന്ന ഒരു തലമുറയെ ഉയര്‍ത്തികൊണ്ടുവരാനാവൂ.
ഇത്തരം ശ്രമങ്ങളുടെ തുടര്‍ച്ച ഉന്നത വിദ്യാഭ്യാസരംഗത്തുമുണ്ടാവേണ്ടതുണ്ട്. കേവലമായ ബോധവല്‍ക്കരണങ്ങള്‍ക്കും ഉപരിപ്ലവമായ ചര്‍ച്ചകള്‍ക്കുമപ്പുറത്തേക്ക് ശാസ്ത്രീയമായി സമത്വത്തിന്‍റെ പാഠങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കേണ്ടതുണ്ട്. സമാന്തരമായി തന്നെ നിലവില്‍ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടു ജോലി ചെയ്യുന്നവരെയും സര്‍ക്കാര്‍ ‘ഇന്‍ക്ലൂഷന്‍’ എന്ന അവബോധത്തിലേക്കുയര്‍ത്താന്‍ തയ്യാറാവേണ്ടതുണ്ട്.
COMMENTS