ഈ വര്‍ഷത്തെ രസതന്ത്ര നൊബേല്‍ പുരസ്ക്കാരത്തെ ഏറെ ശ്രദ്ധേയമാക്കിയത് കരോലിന്‍ റൂത്ത് ബെര്‍റ്റോസിയുടെ പുരസ്ക്കാരലബ്ധി കൂടിയാണ്. ഒരു ലെസ്ബിയന്‍ എന്ന നിലയില്‍ നേരിടേണ്ടി വന്ന കടുത്ത വിവേചനങ്ങളെയും പ്രതിബന്ധങ്ങളെയുമൊക്കെ മറികടന്നാണ് ബെര്‍റ്റോസി ഗവേഷണരംഗത്ത് വിസ്മയനേട്ടങ്ങള്‍ കൈയെത്തിപ്പിടിച്ചത് എന്നത് ഏറെ ശ്രദ്ധേയം.രസതന്ത്രത്തില്‍ അക്ഷരാര്‍ഥത്തില്‍ ക്ലിക്ക് ആയ ക്ലിക്ക് കെമിസ്ട്രിയില്‍ നിര്‍ണ്ണായക വഴിത്തിരിവാണ് ബെര്‍റ്റോസിയുടെ നേട്ടം. ബാരി ഷാര്‍പ്ലെസ്സും മോര്‍ട്ടന്‍ മെല്‍ഡലുമാണ് ബെര്‍റ്റോസിക്കൊപ്പം പുരസ്ക്കാരം പങ്കിട്ടവര്‍.രസതന്ത്രത്തില്‍ തികച്ചും ഹരിതവും നൂതനവുമായ സാധ്യതകളിലേക്ക് നയിച്ച ക്ലിക്ക് കെമിസ്ട്രി സങ്കീര്‍ണ്ണ തന്മാത്രാനിര്‍മ്മിതി കൂടുതല്‍ എളുപ്പവും ലാഭകരവും ഹരിതവുമാക്കി. ഇതില്‍ ജീവജാലങ്ങള്‍ക്കുള്ളില്‍ സാധ്യമാവുന്ന ബയോ ഓര്‍ത്തോഗണല്‍ രാസപ്രവര്‍ത്തനമാണ് ബെര്‍റ്റോസിയുടെ നേട്ടം. ജീവകോശങ്ങളിലെ സങ്കീര്‍ണ്ണതന്മാത്രകളുടെ നിരവധി രഹസ്യങ്ങള്‍ ചുരുള്‍നിവര്‍ത്താനും ഇതിലൂടെ സാധിച്ചു.
ബയോ ഓര്‍ത്തോഗണല്‍ കെമിസ്ട്രി എന്ന വാക്കിന്‍റെ ഉപജ്ഞാതാവും കരോലിന്‍ ബെര്‍റ്റോസി തന്നെ. കോശങ്ങളുടെ ഉപരിതലത്തിലുള്ള ഗ്ലൈക്കന്‍സ് എന്ന സുപ്രധാന ജൈവതന്മാത്രകളെ മാപ്പ് ചെയ്യാന്‍ ബെര്‍റ്റോസി ക്ലിക്ക് കെമിസ്ട്രി ഉപയോഗിച്ചതോടെ സാധ്യതകളുടെ പുതിയ വാതായനങ്ങളാണ് തുറക്കപ്പെട്ടത്. കോശങ്ങളുടെ സ്വാഭാവികപ്രവര്‍ത്തനങ്ങള്‍ക്ക് ഭംഗമൊന്നും വരാത്ത തരത്തില്‍ ജീവജാലങ്ങള്‍ക്കുള്ളില്‍ സാധ്യമാവുന്ന ബയോ ഓര്‍ത്തോഗണല്‍ രാസപ്രവര്‍ത്തനങ്ങള്‍ വികസിപ്പിച്ചെടുത്തതോടെ രസതന്ത്രത്തില്‍ നൂതന സാധ്യതകളുടെ പെരുമഴ തന്നെയുണ്ടായി.
കോശരഹസ്യങ്ങള്‍, ജീവല്‍പ്രക്രിയകള്‍ എന്നിവയെക്കുറിച്ച് സൂക്ഷ്മമായി പഠിക്കാനും കാന്‍സര്‍ ചികില്‍സയ്ക്കുള്ള ഔഷധങ്ങളെ കൃത്യമായി ലക്ഷ്യസ്ഥാനത്ത് എത്തിച്ച് ചികില്‍സ കൂടുതല്‍ കാര്യക്ഷമമാക്കാനും ഒക്കെ സഹായിക്കുന്നതാണ് ബെര്‍റ്റോസിയുടെ ഗവേഷണങ്ങള്‍. കോവിഡ് 19 പോലുള്ള വൈറസ് രോഗങ്ങള്‍ കോശങ്ങളെ എങ്ങനെ ബാധിക്കുമെന്ന് സൂക്ഷ്മതലത്തില്‍ മനസ്സിലാക്കാനും സഹായകമാണ് ഈ ഗവേഷണങ്ങള്‍.
1966-ല്‍ യു.എസ്സിലെ മസാച്ചൂസെറ്റ്സില്‍ വില്ല്യം ബെര്‍റ്റോസിയുടെയും നോര്‍മ ഗ്ലോറിയയുടെയും മകളായാണ് ബെര്‍റ്റോസിയുടെ ജനനം. ഹാര്‍വാഡ് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദവും കലിഫോര്‍ണിയ സര്‍വ്വകലാശാല ബെര്‍ക്കിലിയില്‍ നിന്ന് ഡോക്റ്ററേറ്റും നേടിയ ബെര്‍റ്റോസി പോസ്റ്റ്ഡോക്റ്റോറല്‍ ഗവേഷണത്തിനുശേഷം 1996-ല്‍ കലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ത്തന്നെ രസതന്ത്രവിഭാഗത്തില്‍ പ്രഫസറായി. ഇവിടുത്തെ ഗവേഷണകാലം രസതന്ത്രത്തെയും ജീവശാസ്ത്രത്തെയും സംയോജിപ്പിച്ചുകൊണ്ടുള്ള ബെര്‍റ്റോസിയുടെ പഠനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കി. കലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ പത്തൊമ്പതു വര്‍ഷം നീണ്ട ഗവേഷണകാലത്തിനിടെയാണ് ഈ വര്‍ഷത്തെ നൊബേല്‍ പുരസ്ക്കാരത്തിനര്‍ഹമായ നേട്ടം അവര്‍ കൈവരിച്ചത്. ഇന്ന് കെമിക്കല്‍ ബയോളജി രംഗത്ത് വെന്നിക്കൊടി പാറിക്കുന്ന ബെര്‍റ്റോസിയുടെ ഗവേഷണങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് ലോകം വീക്ഷിക്കുന്നത്.
2015-ല്‍ സ്റ്റാന്‍ഫഡ് സര്‍വ്വകലാശാലയിലെ കെം-എച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് തന്‍റെ ഗവേഷണ തട്ടകം മാറ്റിയ ബെര്‍റ്റോസി ബയോതെറാപ്യൂട്ടിക്സില്‍ നാനോടെക്നോളജിയുടെ സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തി നിരവധി രോഗനിര്‍ണ്ണയ സങ്കേതങ്ങള്‍ വികസിപ്പിച്ചെടുത്തു. ഒട്ടേറെ ബയോടെക്നോളജി സ്റ്റാര്‍ട്ടപ്പുകളിലൂടെയും അവര്‍ ശ്രദ്ധേയയായി. ഗവേഷണത്തില്‍ വിസ്മയനേട്ടങ്ങള്‍ കൈയെത്തിപ്പിടിച്ചു മുന്നേറുന്നതിനൊപ്പം ഗവേഷണരംഗത്തെ പുതുനാമ്പുകള്‍ക്ക് വഴികാട്ടിയാവുന്നതിലും ബദ്ധശ്രദ്ധയാണ് ബെര്‍റ്റോസി. ഒപ്പം എല്‍ജിബിറ്റി വിഭാഗത്തിന്‍റെ ക്ഷേമത്തിനായും പ്രവര്‍ത്തിക്കുന്നു. മക് ആര്‍തര്‍ ഫൗണ്ടേഷന്‍ ഫെല്ലോഷിപ്പ്, എ.സി.എസ് അവാര്‍ഡ് ഇന്‍ പ്യുവര്‍ കെമിസ്ട്രി, ലെമല്‍സണ്‍ എം ഐ ടി പ്രൈസ്, വോള്‍ഫ് പ്രൈസ് തുടങ്ങി നിരവധി പുരസ്ക്കാരങ്ങളും ബെര്‍റ്റോസിയെ തേടിയെത്തി. ഇപ്പോള്‍ നൊബേല്‍ പുരസ്ക്കാരവും.
COMMENTS