കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ സംരംഭമായ ഒരുമയുടെ അമരക്കാരിയും 2022 ലെ ട്രാന്‍സ്ജെന്‍ഡര്‍ കലോത്സവത്തില്‍ ഏറ്റവും മികച്ച സംരംഭയ്ക്കുള്ള പുരസ്ക്കാരം നേടിയ വര്‍ഷ നന്ദിനി സ്വന്തം അനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ തൊഴിലനുഭവങ്ങള്‍ പങ്കു വയ്ക്കുന്നു.
കേരളത്തിലെ ആദ്യത്തെ ട്രാന്‍സ് ജന്‍ഡര്‍ കുടുംബശ്രീ സംരംഭത്തിന്‍റെ അമരക്കാരിയെന്ന നിലയില്‍ എന്നെ പരിചയപ്പെടുത്താന്‍ വളരെ അഭിമാനമുണ്ട് . 2018 മുതല്‍ പ്രവര്‍ത്തിക്കുന്ന ഈ സംരംഭത്തിന് മുമ്പും പിമ്പുമായി നല്ലതും ചീത്തയുമായ അനുഭവങ്ങളുടെ നീണ്ട കഥയാണ് എനിക്ക് പറയാനുള്ളത്.
കുടുംബത്തിലും സമൂഹത്തിലും നിലനില്ക്കാന്‍ തീരെ ബുദ്ധിമുട്ടാവുമ്പോള്‍ നാടുവിടുക എന്ന തിരഞ്ഞെടുപ്പ് മാത്രമേ ഞങ്ങളെപ്പോലെയുള്ളവര്‍ക്ക് ഉള്ളു. നിര്‍ബന്ധിത വസ്ത്രധാരണവും അതല്ലെങ്കില്‍ അസഹനീയമായ കളിയാക്കലുകളുമായിരുന്നു കൗമാരക്കാലത്തും പഠന കാലത്തും ഞാനുള്‍പ്പെടെയുള്ളവര്‍ നേരിടേണ്ടി വന്നത്. അതുപോലെ ഞങ്ങളുടെ അവസ്ഥകളെ മനസ്സിലാക്കാതെ വിവാഹം കഴിക്കുന്നതിനും വല്ലാതെ നിര്‍ബന്ധിക്കപ്പെട്ടിരുന്നു. മിക്കവരും വിദ്യാഭ്യാസം പൂര്‍ത്തിയാക്കാതെ ആണ് നാട് വിടാന്‍ നിര്‍ബന്ധിതരാവുന്നത്. മറ്റ് സംസ്ഥാനങ്ങളിലുള്ള ഞങ്ങളുടെ കമ്മ്യൂണിറ്റിയില്‍ പോയി സഹജീവികളോടൊപ്പം കിട്ടുന്ന ദിവസ വേതന പണികള്‍ ചെയ്ത് ജീവിക്കുക എന്നതാണ് ഞങ്ങള്‍ ചെയ്തു വരുന്നത്. ഞാനും അങ്ങനെ തന്നെയാണ് ജീവിച്ചത്. ലൈംഗീക ന്യൂനപക്ഷങ്ങള്‍ എന്ന അംഗീകാരമില്ലായ്മയും വിദ്യാഭ്യാസ ന്യൂനതയും സ്ഥിരം തൊഴില്‍ എന്ന അവസ്ഥ സ്വപ്നം കാണാന്‍ പോലും ആവാറില്ല.
2017 ല്‍ ആണ് ഞാന്‍ കേരളത്തിലേക്ക് തിരികെ വന്നത്. കേരള ഗവണ്‍മെന്‍റ് ട്രാന്‍സ്ജെന്‍റേഴ്സിന് അനുകൂലമായ ഒരു സാഹചര്യം ഒരുക്കുന്നു എന്ന പശ്ചാത്തലത്തിലാണ് ഇവിടേക്ക് എത്തുന്നത്. പാലക്കാടാണ് എന്‍റെ നാടെങ്കിലും കോഴിക്കോടേക്കാണ് മടങ്ങിയെത്തിയത്. ട്രാന്‍സ്ജെന്‍ഡേഴ്സിനായി പ്രത്യേക കുടുംബശ്രീകള്‍ രൂപീകരിക്കപ്പെടുന്ന കാലമായിരുന്നു അത്. ഞാനും ഒരു കുടുംബശ്രീ ഗ്രൂപ്പിന്‍റെ ഭാഗമായി. അവിടുത്തെ ജില്ലാ മിഷന്‍റെ സഹായത്തോടെ ചെറിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള ധൈര്യം ലഭിച്ചു.കോഴിക്കോട് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കവിതാ മാഡവും രജിത ചേച്ചിയുമായിരുന്നു ഈ ഉദ്യമത്തില്‍ ഞങ്ങള്‍ക്ക് ധൈര്യം പകര്‍ന്ന് മുന്നോട്ട് കൊണ്ട് പോയിരുന്നത്. ജ്യൂസ് കടയായിരുന്നു ആദ്യത്തെ ഞങ്ങളുടെ പരീക്ഷണം. ഞങ്ങള്‍ 3 – 4 പേര്‍ ഈ സംരംഭത്തില്‍ ഒരുമിച്ചു നിന്നു. ജില്ലാ മേളകളിലുമൊക്കെ താല്ക്കാലിക ജ്യൂസ് കൗണ്ടറുകള്‍ നടത്തിയത് വലിയ അനുഭവമായിരുന്നു. ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ മേളകളിലും ജ്യൂസ് കൗണ്ടറുകള്‍ ഞങ്ങള്‍ നടത്തിയിട്ടുണ്ട്.
സംരംഭം നടത്തുന്നതിനായി സാമ്പത്തിക സഹായവും തിരിച്ചറിയല്‍ കാര്‍ഡും ലഭിക്കണമെന്നുണ്ടെങ്കില്‍ സ്വന്തം ജില്ലയില്‍ നിന്നാകണം എന്നതിന്‍റെ അടിസ്ഥാനത്തില്‍ 2018ല്‍ എന്‍റെ നാടായ പാലക്കാടെത്തി ഒരുമ എന്ന സെപ്ഷ്യല്‍ അയല്‍കൂട്ടത്തിന്‍റെ ഭാഗമായി. ഞങ്ങള്‍ 10 പേര്‍ ഒരുമിച്ച് ആയിരുന്നു അത് തുടങ്ങിയത്. അതിന്‍റെ പ്രധാന ആള്‍ പെട്ടെന്ന് മരണപ്പെട്ടെങ്കിലും 8 പേര്‍ ചേര്‍ന്നാണ് സംരംഭം തുടങ്ങുന്നതിനായി ധൈര്യം കാണിച്ചത്. ജില്ലാ പഞ്ചായത്തിന്‍റേയും സാമൂഹിക നീതി വകുപ്പിന്‍റേയും കുടുംബശ്രീയുടേയും സഹായത്തോടെ ആണ് ഈ സംരംഭം ആരംഭിച്ചത്. ജില്ലാ പഞ്ചായത്തില്‍ നിന്ന് 5 ലക്ഷം രൂപ സാമ്പത്തിക സഹായം ഇതിനായി ലഭിച്ചു. പാലക്കാട് സിവില്‍ സ്റ്റേഷന് താഴെയാണ് ഈ ക്യാന്‍റീന്‍ ആരംഭിച്ചത്.
പ്രഭാത ഭക്ഷണം, ചായ, കടി, ഊണ് എന്നിവയാണ് ഇവിടെ ലഭിക്കുന്നത്. ഈ സംരംഭം തുടങ്ങി അധികം താമസിയാതെ തന്നെ കോവിഡ് മഹാമാരി ലോകം മുഴുവന്‍ സ്തംഭിപ്പിച്ചല്ലോ. ഞങ്ങളുടെ ക്യാന്‍റീനും ഒരു പാട് നാള്‍ അടച്ചിടേണ്ടി വന്നു.
കോവിഡ് സമയത്ത് ഞങ്ങളുടെ സ്ഥാപനത്തിനു സമീപമുള്ള വിശ്വാസ് എന്ന സന്നദ്ധ സംഘടനയുടെ സഹായത്തോടെ 200 പൊതിച്ചോറുകള്‍ എല്ലാ ദിവസവും വിതരണം ചെയ്യുന്നതിനായി ഞങ്ങള്‍ക്ക് അവസരം ലഭിച്ചു. കോവിഡിന്‍റെ തീവ്ര വ്യാപനത്തിന് ശേഷം വീണ്ടും തുറക്കാന്‍ ഞങ്ങള്‍ നന്നേ ബുദ്ധിമുട്ടി. മനോരമ ഞങ്ങളുടെ ഈ ദുരവസ്ഥ അറിഞ്ഞ സാഹചര്യത്തില്‍ മുതലമട ചാരിറ്റബിള്‍ ട്രസ്റ്റിനെ ബന്ധപ്പെടുകയും അവിടുത്തെ ശ്രീ സുനില്‍ദാസ് സ്വാമി ഞങ്ങള്‍ക്ക് ഒരു മാസത്തെ ചലചരക്ക് സാധനങ്ങള്‍ എത്തിച്ചു തരികയും ചെയ്തു. വീണ്ടും ക്യാന്‍റീന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ അവര്‍ നല്കിയ സഹായം വളരെ വലുതാണ്. സിവില്‍ സ്റ്റേഷന്‍ ക്യാന്‍റീനായതിനാല്‍ സ്റ്റാഫുകള്‍ക്ക് സബ്സിഡി റേറ്റില്‍ 40 രൂപയും മറ്റുള്ളവര്‍ക്ക് 50 രൂപയുമാണ് ഊണിനു വില. അനുദിനം വര്‍ദ്ധിക്കുന്ന സാധന വിലയും ഊണിന്‍റെ വിലയുമായി ഒട്ടും പൊരുത്തപ്പെട്ടു പോകുന്നുണ്ടായിരുന്നില്ല. പിഡബ്ള്യുഡി യുമായാണ് കെട്ടിടത്തിന്‍റെ കരാര്‍ . 4200 രൂപ പ്രതിമാസം വാടകയായി നല്കണം. അതിനു പുറമേ വെള്ളം, വൈദ്യുതി തുടങ്ങിയവയുടെ ചെലവും അടയ്ക്കണം. 40 – 45 ഊണാണ് ദിവസവും പോകുന്നത്. അതോടൊപ്പം കുറച്ച് ചായയും വടയും. തീരെ പിടിച്ചു നില്ക്കാനാവാതായപ്പോള്‍ ഞങ്ങള്‍ ജീവനക്കാര്‍ക്ക് 50 രൂപയും മറ്റുള്ളവര്‍ക്ക് 60 ഉം ആക്കി. പലര്‍ക്കും ഇതിഷ്ടപ്പെട്ടിട്ടില്ല എങ്കിലും ഞങ്ങള്‍ക്ക് മറ്റ് നിവൃത്തിയില്ലാതായി. ഒന്നര വര്‍ഷത്തെ വാടക കുടിശ്ശികയായി നില്ക്കുകയാണ്. കോവിഡിന്‍റെ ആഘാതം കണക്കിലെടുത്തു കൊണ്ട് ഇത് ഇളവ് ചെയ്ത് നല്കാനായി മുഖ്യമന്ത്രിയ്ക്കും സാമൂഹിക നീതി വകുപ്പിനുമൊക്കെ ഞങ്ങള്‍ കത്തയച്ചിട്ടുണ്ട്.
ഒരു പാട് പരിമിതികളും വെല്ലുവിളികളും ദൈനം ദിനം ഞങ്ങള്‍ നേരിടുന്നുണ്ടെങ്കിലും സ്വയം തൊഴില്‍ ചെയ്ത് ജീവിക്കാനുള്ള താല്പര്യവും ധൈര്യവും പ്രാപ്തിയും ഉണ്ടായി എന്നതാണ് ഈ പരീക്ഷണത്തിലൂടെ എനിക്കും ടീമിനുമുണ്ടായ വലിയ മെച്ചം. ട്രാന്‍സ് ജെന്‍ഡേഴ്സ് നടത്തുന്നതായതു കൊണ്ട് ഞങ്ങളുടെ ക്യാന്‍റീനിലേക്ക് കയറാത്ത ഒരു പാട് ഉദ്യോഗസ്ഥരും പൊതുജനങ്ങളും ഉണ്ട്. കോവിഡ് സമയത്ത് കടബാദ്ധ്യത നന്നായി വര്‍ദ്ധിച്ചു. ഞങ്ങള്‍ മൂന്നു പേരാണ് ഇപ്പോള്‍ ക്യാന്‍റീനില്‍ പണി എടുക്കുന്നത്. 500 രൂപ ദിവസവും ഞങ്ങള്‍ കൂലിയായി എടുക്കുകയും ബാക്കി കടം വീട്ടാനും സാധനങ്ങള്‍ വാങ്ങാനുമായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. കടയ്ക്ക് സ്ഥലപരിമിതി ഉള്ളതു കാരണം മറ്റു പരീക്ഷണങ്ങളൊന്നും നടത്താനായി സാധ്യമാവുന്നില്ല. ചുറ്റും ധാരാളം കടകളുള്ളതും പരിമിതിയാണ്. 3 മണി കഴിഞ്ഞാല്‍ അങ്ങോട്ടേയ്ക്ക് ആരും വരാറില്ല . എങ്കിലും ഇനിയും ഞങ്ങള്‍ പട്ടിണി കിടക്കില്ല എന്നുറപ്പുണ്ട്. വഴിയോരത്ത് തട്ട് കട നടത്തിയാണെങ്കിലും ഞങ്ങള്‍ക്ക് ജീവിക്കാം എന്ന ധൈര്യമുണ്ട്. സര്‍ക്കാര്‍ വാടകയ്ക്ക് എന്തെങ്കിലും പരിഹാരം കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍.
അതിനിടയിലാണ് കോവിഡ് കാരണം മുടങ്ങി കിടന്ന സംസ്ഥാന ട്രാന്‍സ്ജെന്‍ഡര്‍ കലോത്സവം – വര്‍ണ്ണപകിട്ട് പുനരാരംഭിച്ചത്. ഈ കലോത്സവത്തില്‍ പാലക്കാട് ജില്ലയ്ക്ക് മൂന്നാം സ്ഥാനം ലഭിച്ചു. ഏറ്റവും സന്തോഷകരമായ വാര്‍ത്ത എനിക്ക് മികച്ച സംരംഭകയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു എന്നുള്ളതാണ്. കഠിനാദ്ധ്വാനത്തിന് ദൈവം തന്ന വരദാനമായാണ് ഞാനിതിനെ കാണുന്നത്. ഇതിന് മുമ്പ് 2020ല്‍ ഏകതാ ചാരിറ്റബിള്‍ സൊസൈറ്റിയുടെ മികച്ച ട്രാന്‍സ്ജെന്‍ഡേഴ്സ് ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള അവാര്‍ഡ് ലഭിച്ചെങ്കിലും സംസ്ഥാന അവാര്‍ഡ് വലിയ പദവിയായാണ് ഞാന്‍ കാണുന്നത്. ഞങ്ങളെ അംഗീകരിക്കുകയും ഞങ്ങളുടെ നിലനില്പ്പിനായി ധാരാളം പ്രവര്‍ത്തനങ്ങള്‍ ആവിഷ്ക്കരിക്കുകയും ചെയ്യുന്ന കേരള സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ വലിയ പ്രതീക്ഷയുണ്ട്. ഇതിനിടയിലും ഞങ്ങള്‍ നേരിടുന്ന പല വെല്ലുവിളികളുമുണ്ട്. സ്ഥിരമായി തൊഴില്‍ എന്നത് മിക്ക ട്രാന്‍സ്ജെന്‍ഡേഴ്സിന്‍റെയും പ്രധാന പ്രശ്നമാണ്. വിദ്യാഭ്യാസം പൂര്‍ത്തികരിക്കാനാവാത്തതും കുടുംബത്തിലും സമൂഹത്തിലും അംഗീകരിക്കപ്പെടാത്തതും ഭാവി ഒരു ചോദ്യചിഹ്നമായി തന്നെ നിലനിര്‍ത്തുന്നു. വിദ്യാഭ്യാസത്തിനുള്ള പ്രോത്സാഹനവും അതിനനുസരിച്ചുള്ള തൊഴിലും ഞങ്ങളുടെ സ്വപ്നമാണ്. തൊഴിലിനെ കുറിച്ചും സ്വയം പര്യാപ്തതയെ കുറിച്ചും പൊതു സമൂഹം അധികം ശ്രദ്ധ ചെലുത്താത്തത് കൊണ്ടാണല്ലോ മറ്റ് രീതികളിലേക്ക് പോവാന്‍ നിര്‍ബന്ധിതരാവുന്നത്. മുഖ്യധാരയ്ക്കും പോലീസിനുമൊക്കെ പലപ്പോഴും ഞങ്ങളോട് പുച്ഛമാണ്. കച്ചവടം നടത്തിയും തുന്നല്‍ പണി ചെയ്തും ലോട്ടറി വിറ്റുമൊക്കെയാണ് ഞങ്ങളുടെ കമ്മ്യൂണിറ്റിയിലുള്ളവര്‍ ജീവിക്കുന്നത്. 2-3 സംരംഭങ്ങള്‍ നടത്തുന്നവരുണ്ട്. ഞങ്ങളുടെ വിദ്യാഭ്യാസവും വൈദഗ്ദ്ധ്യവും താല്പര്യവും അനുസരിച്ച് തൊഴില്‍ സാദ്ധ്യതകള്‍ കണ്ടത്തേണ്ട തുണ്ട്.
ഞാനിപ്പോള്‍ പ്രീഡിഗ്രി തുല്യതാ പരീക്ഷയ്ക്ക് പഠിക്കുന്നു. ഞായറാഴ്ച്ചകളില്‍ ക്ലാസ്സിന് പോയാണ് പഠിക്കുന്നത്. ഞാനുള്‍പ്പെടെയുള്ള പല ട്രാന്‍സ്ജെന്‍ഡര്‍ സ്വത്വമുള്ളവരും ആത്മഹത്യയുടെയും ശാരീരിക ചൂഷണങ്ങളുടേയും അനുഭവങ്ങളെ അതിജീവിച്ചവരാണ്. ധാരാളം ഉപദ്രവങ്ങളും ശല്യങ്ങളും ഒക്കെ സഹിക്കേണ്ടി വന്നിട്ടുണ്ട്. ഞങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ തുറന്നു പറയാന്‍ പലപ്പോഴും അവസരങ്ങള്‍ ലഭിക്കാതെ പോവും. സര്‍ക്കാര്‍ ഒരു പരിധി വരെ ഞങ്ങള്‍ക്ക് ആശ്വാസമാണ്. ചിന്നി ചിതറാതെ ഒരുമിച്ച് നിന്നാല്‍ പല കാര്യങ്ങളും നേടാനാവുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. കലാ-കായിക മേഖലകളില്‍ താല്പര്യമുള്ള ഒരു പാട് പേരുണ്ട്. ഞാനുമൊരു നാടക പ്രവര്‍ത്തകയാണ്. ഒഴിവുള്ളപ്പോള്‍ എല്ലാം നാടകം ചെയ്യാനായി പോവാറുണ്ട്. അതിനുള്ള സാമൂഹ്യ സാംസ്ക്കാരിക ഇടവും അവസരങ്ങളും ഉണ്ടായാല്‍ ഒരുപാട് പേരെ പിന്തുണയ്ക്കാന്‍ ആവും.
സ്വന്തമായി ഭൂമിയും വീടും ഞങ്ങളുടെ വലിയ ആഗ്രഹമാണ്. സര്‍ക്കാര്‍ പദ്ധതികളില്‍ ട്രാന്‍സ്ജെന്‍ ഡേഴ്സിനുള്ള പ്രത്യേക സംവരണം ഉണ്ടാവണം. വാടകയ്ക്ക് വീട് ലഭിയ്ക്കുവാന്‍ പോലും വലിയ ബുദ്ധിമുട്ടാണ്. ട്രാന്‍സ്ജെന്‍ സേഴ്സ് ആണ് എന്നറിഞ്ഞു കഴിഞ്ഞാല്‍ പല ഉടമകളും അവരുടെ വീടുകള്‍ നല്കാന്‍ വിസമ്മതിക്കും. പലപ്പോഴും മറ്റ് പലരിലൂടെയുമാണ് താമസ സൗകര്യം ശരിയാക്കുന്നത്. സര്‍ക്കാര്‍ അടിയന്തിരമായി പരിഗണിക്കേണ്ട വിഷയമാണിത്.
എനിക്ക് അമ്മ മാത്രമേയുള്ളൂ. കൂലി പണി എടുത്താണ് അമ്മ എന്നെ വളര്‍ത്തിയത്. എന്നെ പൂര്‍ണ്ണമായി അറിയുകയും അംഗീകരിക്കുകയും ചെയ്തിരുന്നു അമ്മ. ഇപ്പോള്‍ അമ്മയ്ക്ക് 75 വയസ്സുണ്ട്. അമ്മയെ നന്നായി നോക്കണം എന്നതാണ് എന്‍റെ ആഗ്രഹം. ഇതോടൊപ്പം ട്രാന്‍സ്ജെന്‍ഡര്‍ സമൂഹങ്ങളെ യോജിപ്പിച്ച് നിര്‍ത്തുന്ന പരിവാറിന്‍റെ ഭാഗമാണ് ഞാന്‍ . ഞങ്ങള്‍ക്ക് ഓരോ ജില്ലയിലും കൂട്ടായ്മകളുണ്ട്. പാലക്കാട് ജില്ലയിലെ മക്കള്‍ക്കെല്ലാം അമ്മയാണ് ഞാന്‍. എന്‍റെ മക്കളില്‍ പലര്‍ക്കും മക്കളുണ്ട്. അങ്ങനെ ഞാന്‍ ഒരുപാടു പേരുടെ അമ്മയും അമ്മൂമ്മയുമാണ്. വളരെ സന്തോഷം നല്കുന്ന ജീവിതാവസ്ഥ ണിത്. സമൂഹത്തിലെ മുഖ്യധാരയില്‍ മറ്റെല്ലാവരെയും പോലെ നല്ല തൊഴില്‍ ചെയ്ത് ജീവിതം മുന്നോട്ട് കൊണ്ട് പോവണം എന്നതാണ് ഞങ്ങളുടെയെല്ലാം ആഗ്രഹം!
COMMENTS