Homeപെൺപക്ഷം

വിഴിഞ്ഞം സമരവും സഖിയും

കേരളത്തിലെ തെക്കന്‍ തീരപ്രദേശത്ത് പ്രമുഖ മല്‍സ്യബന്ധന മേഖലയായ വിഴിഞ്ഞം കുറച്ചു മാസങ്ങളായി മല്‍സ്യത്തൊഴിലാളി കളുടെ ജീവന്മരണ സമരത്തിന്‍റെ വേദിയായി മാറിയിരിക്കുന്നു. മല്‍സ്യത്തൊഴിലാളി ഗ്രാമമായ ആ മേഖലയിലെ സ്ഥലം വന്‍തോതില്‍ ഏറ്റെടുത്ത് മല്‍സ്യബന്ധനത്തില്‍ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഒരു വലിയ വിഭാഗം ജനങ്ങളെ കുടിയൊഴിപ്പിച്ചുകൊണ്ടിരിക്കുകയാണ് കേരളസര്‍ക്കാര്‍. ആരാണീ നടപടികളുടെ ഗുണഭോക്താവ്?

ഇന്ത്യയിലെ വിമാനത്താവളങ്ങള്‍, റെയില്‍വെ തുടങ്ങിയ ഗതാഗത ശ്രൃംഖലകള്‍ഏതാണ്ട് പൂര്‍ണമായും പിടിച്ചടക്കിയ കോര്‍പറേറ്റ് ഭീമന്‍ അദാനി. ഇതിന്‍റെയൊക്കെ മാസങ്ങള്‍ക്ക് മുമ്പ് കേരളത്തിന്‍റെ ഭൂപടംതന്നെ രണ്ടായി വിഭജിക്കുന്ന, കേരളത്തിന്‍റെ ആവാസവ്യവസ്ഥയെ ആകെ അട്ടിമറിയ്ക്കുന്ന കെ റെയില്‍ പദ്ധതിക്കുവേണ്ടിസര്‍ക്കാറും അതിനെതിരായി സാധാരണ ജനങ്ങളും തമ്മില്‍ നടന്ന മറ്റൊരു ജീവന്മരണ സമരവേദിയായിരുന്നു കേരളം.

ഇത്തരം വികസന സങ്കല്പങ്ങള്‍, വികസനത്തിനുവേണ്ടി വികസനം എന്ന മാതൃക ജനവിരുദ്ധമാണെന്നും വികസനം ജനങ്ങള്‍ക്കുവേണ്ടി എന്ന സങ്കല്പമാണ് കേരളത്തിന് വേണ്ടതെന്നും സ്വാശ്രയത്വം, സ്വയംപര്യാപ്തത എന്ന മുദ്രാവാക്യങ്ങളാണ് വികസന സങ്കല്പമായി ഉയര്‍ത്തിപ്പിടിക്കേണ്ടതെന്നും നമുക്ക് ദിഗംബങ്ങള്‍ മുഴങ്ങുന്ന ശബ്ദത്തില്‍ വിളിച്ചു പറയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
മുകളില്‍ കൊടുത്തത് പക്ഷെ മുഖ്യധാരാ വികസനസങ്കല്പങ്ങള്‍ക്ക് ബദലാണ്. മഹാത്മാഗാന്ധി യുടെ ഗ്രാമസ്വരാജ് എന്ന വികസനസങ്കല്പത്തോട് സാമ്യതയുള്ള ഒരു സമീപനമാണ് ഇതെങ്കിലും ഇന്ത്യയിലിന്ന് നടപ്പിലാകുന്നത് കോര്‍പറേററുകള്‍ക്കുവേണ്ടിയുള്ള വികസന സങ്കല്പമാണെന്നതാണ് യാഥാര്‍ഥ്യം.
അതിനിടയ്ക്ക് ചില മാധ്യമങ്ങള്‍ ഇരുപത്തഞ്ചുവര്‍ഷങ്ങളായി കേരളത്തില്‍ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിനുവേണ്ടി സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച സഖി വിമെന്‍സ് റിസോഴ്സ് സെന്‍റിന്‍റെ പ്രമുഖ നേതാവായ ഏലിയാമ്മ വിജയനേയും അവരുടെ ജീവിത പങ്കാളി വിജയനേയും അപകീര്‍ത്തിപ്പെടുത്തുന്ന കല്ലുവെച്ച നുണകള്‍ പ്രചരിപ്പിച്ചു. വിഴിഞ്ഞം സമരത്തിന്‍റെ പിറകില്‍ ചില വിദേശ താല്പര്യങ്ങളാണെന്നും ഈ സമരത്തിന് വിദേശപണം ലഭിക്കുന്നുണ്ടെന്നും ആ പണം സഖി വഴി ശ്രീ. വിജയനിലൂടെയാണ് സമരക്കാര്‍ക്ക് കിട്ടുന്നതെന്നും മറ്റും ഒരു അപസപക കഥ അവതരിപ്പിക്കുന്ന നാടകീയതയോടെ ഒന്നു രണ്ടു ചാനലുകള്‍ അവതരിപ്പിച്ചു. സ്വന്തം ആവാസവ്യവസ്ഥയില്‍ നിന്നും വേരോടെ പിഴുതെറിയപ്പെടുന്ന ഒരു ജനതയുടെ സമരത്തെ തകര്‍ക്കാന്‍ ഇപ്രകാരം കോര്‍പറേറ്റ് ഭീമനുവേണ്ടി എന്തു വൃത്തികെട്ട കുതന്ത്രങ്ങളും പ്രയോഗിക്കാന്‍ മടിയില്ലാത്ത മാധ്യമ സംസ്ക്കാരത്തെപ്പറ്റി ടവമാല!ടവമാല! എന്നല്ലാതെ എന്തുപറയാന്‍. പൊതുവെ മാധ്യമങ്ങള്‍ ഇത്തരം സ്പോണ്‍സേര്‍ഡ് ന്യൂസുകളുടെ വിളനിലമായിരിക്കുന്നു.

എത്രതന്നെ നുണകള്‍ പ്രചരിപ്പിച്ചാലും, ഓരോ വര്‍ഷവും കണക്കുകള്‍ ഓഡിറ്റ് ചെയ്ത് പരസ്യപ്പെടുത്തുകയും ആധികാരികസ്ഥാപനങ്ങളില്‍ കണക്കുകള്‍ അതാതിന്‍റെ സമയങ്ങളില്‍ കണക്കുകള്‍ ബോധിപ്പിക്കുകയും ഇന്നുവരെ ഇക്കാര്യത്തില്‍ ബോധപൂര്‍വം സുതാര്യത സൂക്ഷിക്കുകയും ചെയ്യുന്ന സംഘടനയാണ് സഖി. ഈ ദുഷ്പ്രചരണങ്ങള്‍ വിഴിഞ്ഞം സമരത്തെ ഭിന്നിപ്പിച്ച് തകര്‍ക്കാനുദ്ദേശിച്ചുമാത്രം കെട്ടിച്ചമച്ചതാണെന്നും ജനങ്ങള്‍ക്കറിയാം.അതിന് ഒരു വോട്ടുബാങ്കല്ലാത്ത ഒരു സ്ത്രുസംഘടനയെ ബലിയാടാക്കാനുള്ള ഈ നീച പ്രവൃത്തി ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. അന്വേഷി സഖിയോടൊപ്പം ഉറച്ചുനില്ക്കുന്നു.

അജിത കെ.

 

 

 

 

COMMENTS

COMMENT WITH EMAIL: 0