Homeചർച്ചാവിഷയം

‘കന്യാസ്ത്രീക്കു’ തൊഴില്‍ ചര്‍ച്ചകളില്‍ എന്ത് കാര്യം?

തൊഴിലാളിയായ സ്ത്രീ അല്ലെങ്കില്‍ തൊഴില്‍ ചെയ്യുന്ന സ്ത്രീ എന്ന് പറയുമ്പോള്‍ മലയാളിയുടെ ചിന്തയിലേക്ക് പെട്ടെന്ന് കടന്നു വരാത്ത ഒരു വിഭാഗം സ്ത്രീകളാണ് കേരളത്തിലെ കത്തോലിക്കാ കന്യാസ്ത്രീകള്‍. അതെ സമയം തന്നെ മലയാളികളില്‍ ഭൂരിഭാഗം പേരും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒരു കന്യാസ്ത്രീയായ നഴ്സിനെയോ, ടീച്ചറെയോ, ഡോക്ടറെയോ, ഹെഡ് മിസ്ട്രെസ്സിനെയോ കാണാത്തവരായും ഉണ്ടാകില്ല. കേരളത്തിന്‍റെ എല്ലാ ജില്ലകളിലും എണ്ണാന്‍ കഴിയുന്നതിലും കൂടുതല്‍ കോണ്‍വെന്‍റ് സ്കൂളുകളും കത്തോലിക്കാ ആശുപത്രികളും ഉണ്ടെങ്കില്‍ പോലും തൊഴില്‍ ചെയ്യുന്ന സ്ത്രീ എന്ന സങ്കല്പത്തില്‍ എന്തുകൊണ്ടാണ് പലപ്പോഴും നമുക്ക് ഒരു കന്യാസ്ത്രീയെ സങ്കല്‍പ്പിക്കാന്‍ കഴിയാത്തതു? പല കാരണങ്ങള്‍ കൊണ്ടായിരിക്കാം ഒരു പക്ഷെ, നമുക്ക് ഒരു കന്യാസ്ത്രീയെ അവരുടെ മതപരമായ സ്വത്വത്തിനപ്പുറത്തേക്കു സങ്കല്പിക്കാന്‍ സാധിക്കാത്തത്. ഒരു കന്യാസ്ത്രീ തന്നെ അവരുടെ പ്രഥമ സ്വത്വം ആയി കണക്കാക്കുന്നത് സന്യാസം ആണ്. ദൈവത്തിനു വേണ്ടി ജീവിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ എന്ന നിലയില്‍ ഈ സ്വത്വത്തിന്‍റെ ഒരു ഭാഗം മാത്രമായാണ് തൊഴില്‍ അല്ലെങ്കില്‍ വേല സങ്കല്പിക്കപ്പെട്ടിരിക്കുന്നതു. പല മേഖലകളിലായി തങ്ങള്‍ ചെയ്യുന്ന തൊഴിലിനെ ‘ശുശ്രൂഷ’യായാണ് പലപ്പോഴും കന്യാസ്ത്രീകള്‍ തന്നെ വിശദീകരിക്കാറുള്ളത്. അതെ സമയം തന്നെ, പുരോഗമന മലയാളി ചര്‍ച്ചകളിലോ മാധ്യമങ്ങളിലോ ചൂഷണത്തിന്‍റെ പരിപ്രേക്ഷ്യത്തിലൂടെ മാത്രമാണ് കൂടുതലും കന്യാസ്ത്രീ എന്ന സ്വത്വം അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത്. കേരളത്തില്‍ ഉടനീളം പല സ്ഥാപനങ്ങളിലായി ടീച്ചര്‍മാരായോ ഡോക്ടര്‍മാരായോ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍മാരായോ നഴ്സുമാരായോ ഹെഡ്മിസ്ട്രെസ്സ്മാരായോ ജോലി ചെയ്യുന്ന കന്യാസ്ത്രീകളൊന്നും തന്നെ ഈ ‘ചൂഷിതസ്ത്രീ’ വ്യാഖ്യാനങ്ങളുടെ പരിഗണനയില്‍ പോലും വന്നിട്ടില്ല. അത് കൊണ്ട് തന്നെ ആയിരിക്കണം മലയാളിയുടെ തൊഴില്‍ അനുബന്ധ വ്യവഹാരങ്ങളിലോ ചര്‍ച്ചകളിലോ ഒരു കന്യാസ്ത്രീ ചെയ്യുന്ന ജോലികള്‍ക്കു ദൃശ്യത ഇല്ലാതിരിക്കുന്നതും മലയാളിയുടെ സാമൂഹിക സാംസകാരിക ഇടങ്ങളിലും ബോധ മണ്ഡലങ്ങളിലും ‘കന്യാസ്ത്രീ’ തൊഴില്‍ ചെയ്യുന്ന സ്ത്രീ ആയി രേഖപ്പെടാതെ പോയത്.

ഒരു കന്യാസ്ത്രീ അവരുടെ തൊഴിലുമായുള്ള അവരുടെ തന്നെ ബന്ധത്തെ വിവരിക്കുന്ന വിധം പ്രത്യക്ഷത്തില്‍ മനസിലാക്കാന്‍ സാധിക്കുന്നതിലും വളരെയേറെ സങ്കീര്‍ണമാണ് . വേതനത്തിന് വേണ്ടി ചെയ്യുന്ന തൊഴില്‍ അല്ലാത്തതുകൊണ്ടു തന്നെ മതത്തിന്‍റെയും വിശ്വാസത്തിന്‍റെയും സന്യാസത്തിനുള്ളിലെ സ്വത്വ പുനര്നിര്മ്മിതിയുടെയും ആത്മീയതയുടെയും സങ്കീര്‍ണമായ തലങ്ങളില്‍ ഇഴ ചേര്‍ന്ന് കിടക്കുന്ന ഒന്നാണ് ഒരു കന്യാസ്ത്രീയുടെ ‘തൊഴില്‍’ അല്ലെങ്കില്‍ ‘ജോലി’. അത്തരം ഒരു ചര്‍ച്ചയിലേക്ക് കടക്കുന്നതിനു മുന്‍പ്, ഒരുപക്ഷെ, മലയാളിയുടെ സാംസകാരിക പശ്ചാത്തലങ്ങളിലും മുഖ്യധാരാ പുരോഗമന വ്യവഹാരങ്ങളിലും എങ്ങനെയാണു ഒരു കന്യാസ്ത്രീ അടയാളപ്പെട്ടിരിക്കുന്നതു എന്ന് പരിശോധിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു. സന്യാസത്തിനുള്ളിലെ തൊഴില്‍ സങ്കല്പങ്ങളോടോ സന്യാസത്തോടു തന്നെയോ കലഹിക്കുന്ന കന്യാസ്ത്രീ സ്വരങ്ങളെയാണ് മലയാളിക്ക് കൂടുതല്‍ പരിചയം. അത്തരം സ്വരങ്ങള്‍ സുപ്രധാനം ആണെന്നിരിക്കെ തന്നെ, സ്വയം ചൂഷിതയായി കാണാന്‍ തയ്യാറല്ലാത്ത കന്യാസ്ത്രീ ഉണ്ടോ, ഉണ്ടെങ്കില്‍ അവരെങ്ങനെ തങ്ങളുടെ തിരഞ്ഞെടുപ്പുകളെ കുറിച്ച് സംസാരിക്കുന്നു എന്ന് കേള്‍ക്കേണ്ടതുണ്ട് എന്ന് തോന്നാത്തതുകൊണ്ടു കൂടിയായിരിക്കാം, കന്യാസ്ത്രീ ഇപ്പോഴും നമുക്ക് ‘അതിപരിചിതമായ ഒരു അപരിചിതത്വം’ ആയി തുടരുന്നതു. കന്യാസ്ത്രീ എന്ന വാക്കു തന്നെ മലയാളിക്ക് ഏറ്റവും പരിചയം വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ്. സിസ്റ്റര്‍ അഭയ കേസിലൂടെയും ബിഷപ്പ് ഫ്രാങ്കോ കേസിലൂടെയും സിസ്റ്റര്‍ ജെസ്മിയിലൂടെയും സിസ്റ്റര്‍ ലൂസിയിലൂടെയും മലയാളിക്ക് പരിചിതയായ കന്യാസ്ത്രീ കത്തോലിക്ക സഭയെന്ന പുരുഷമേധാവിത്വ സ്ഥാപനത്തിന്‍റെ ക്രൂരമായവശങ്ങള്‍ തീര്‍ച്ചയായും നമുക്കു തുറന്നു കാട്ടുന്നുണ്ട്. പക്ഷെ, മലയാളിയുടെ പൊതുവ്യവഹാരങ്ങളില്‍ തൊഴില്‍ ചെയ്യുന്ന തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യം ഉള്ള കന്യാസ്ത്രീ എന്നത്ന മുക്ക് അത്ര പരിചയം ഇല്ലാത്ത ഒന്നാണ്.

എന്നാല്‍ കേരളത്തിന്‍റെ തൊഴില്‍ ചരിത്രത്തില്‍ ഒഴിച്ച് കൂടാനാവാത്ത പ്രാധാന്യം ഉണ്ട് കന്യാസ്ത്രീമാര്‍ക്കും അവര്‍ സാധുത നല്‍കിയ സ്ത്രീ തൊഴിലുകള്‍ക്കും. ഉദാഹരണത്തിന്, നഴ്സിംഗ് എന്ന തൊഴിലിനു കന്യാസ്ത്രീ മഠങ്ങളും അവരുടെ സേവനപാരമ്പര്യവുമായി അഭേദ്യമായ ബന്ധം തന്നെ ഉണ്ട് എന്നത് മാഡ്ലിന് ഹീലിയെ പോലുള്ള ഗവേഷകര്‍ നിരീക്ഷിച്ചിട്ടുള്ള കാര്യമാണ്. ‘സ്ത്രീകള്‍ക്ക് പറ്റിയത്’ എന്ന് പൊതുവെ വിശേഷിപ്പിക്കപ്പെടുന്ന ജോലികളിലെല്ലാം തന്നെ കന്യാസ്ത്രീമാരുടെയും പ്രാധിനിത്യം കാണാന്‍ സാധിക്കും . നഴ്സിങ്ങിന്‍റെ ചരിത്രം പരിശോധിക്കുക്കയാണെങ്കില്‍ നഴ്സിങ്ങും അതിന്‍റെ പരിശീലനവും കേരളത്തില്‍ തുടങ്ങി വെച്ചത് പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ അവസാനത്തില്‍ യൂറോപ്യന്‍ കോണ്‍ഗ്രിഗേഷനുകളിലെ കന്യാസ്ത്രീമാരായിരുന്നു. 1906ല്‍ തിരുവിതാംകൂര്‍ മഹാരാജാവാണ് സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹോളി ക്രോസ്സ് എന്ന കോണ്‍ഗ്രിഗേഷനിലെ കന്യാസ്ത്രീമാരെ തിരുവന്തപുരം ജനറല്‍ ആശുപത്രിയില്‍ സേവനമനുഷ്ടിക്കാനായി ഔദ്യോഗികമായി ക്ഷണിക്കുന്നത്. നഴ്സിങ്ങില്‍ ശരിയായ പരിശീലനം ലഭിച്ചവരെ കിട്ടാന്‍ അക്കാലത്തു വലിയ ബുദ്ധിമുട്ടായിരുന്നത് കൊണ്ട് കന്യാസ്ത്രീമാര്‍ക്കു ഈ ക്ഷണം സ്വീകരിക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ ആശയകുഴപ്പം ഉണ്ടായിരുന്നു. എന്നാല്‍ നഴ്സിംഗ് ചെയ്യാന്‍ ബിരുദത്തിനേക്കാള്‍ വേണ്ടത് അര്‍പ്പണമനോഭാവവും ത്യാഗപൂര്‍ണമായ സേവനസന്നദ്ധതയും ആണെന്ന് കത്തോലിക്ക സഭയുടെ കൊല്ലം മെത്രാന്‍ അഭിപ്രായപെട്ടതോടെ കന്യാസ്ത്രീമാരെ അയക്കാന്‍ കോണ്‍ഗ്രിഗേഷന്‍ തയ്യാറായി. പരിശീലനം ലഭിച്ചവരായിരുന്നില്ലെങ്കിലും ഇവരാണ് കേരളത്തിലെ ആദ്യ സര്‍ക്കാര്‍ നഴ്സുമാര്‍ എന്ന് പറയാം. (ഹീദ്ലി 2010 )

ഒരു നഴ്സിന് വേണ്ട ഗുണങ്ങളില്‍ നഴ്സിംഗ് ഡിഗ്രിയെക്കാള്‍ അത്യാവശ്യമുള്ളതായി കണക്കാക്കിയിരുന്നത് അര്‍പ്പണബോധം, ത്യാഗം, സേവനസന്നദ്ധത എന്നിവയായിരുന്നുവെന്നു കാണാം . സ്വാതന്ത്ര്യത്തിനു മുന്‍പുള്ള വര്‍ഷങ്ങളില്‍ പല സര്‍ക്കാര്‍ ആശുപത്രികളിലും ഇത്തരത്തില്‍ കന്യാസ്ത്രീ മഠങ്ങള്‍ക്കു കരാര്‍ നല്‍കിയിരുന്ന ചുമതലയായിരുന്നു നഴ്സിംഗ് ജോലി. കന്യാസ്ത്രീമാര്‍ക്കാണെങ്കില്‍ ഇതവരുടെ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള സേവന പ്രവര്‍ത്തനങ്ങളായിരുന്നു. (ഗീത അറവമുദന്‍ 1975). നഴ്സിംഗ് എന്ന തൊഴിലിനെ സ്ത്രീകള്‍ക്ക്സാ അനുയോജ്യം എന്ന തരത്തില്‍ ധൂകരിച്ചിച്ചെടുക്കുന്നതിലും കന്യാസ്ത്രീമാരുടെ പങ്കു നിര്‍ണ്ണായകമാണ്. ഏതു ജാതിയില്‍പെട്ടവരെയും പുരുഷന്മാരെയും സ്പര്‍ശിക്കേണ്ടി വരും എന്നത് കൊണ്ട് തന്നെ’കൊള്ളാവുന്ന’ കുടുംബങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്ക് ചേരാത്ത തൊഴിലായാണ് ആദ്യ കാലങ്ങളില്‍ നഴ്സിംഗിനെ കണക്കാക്കിയിരുന്നത്. മാത്രവുമല്ല തദ്ദേശീയരായ ജനങ്ങള്‍ ഇതിനെ ഒരു യൂറോപ്യന്‍ തൊഴിലായിട്ടാണ് മനസ്സിലാക്കിയിരുന്നത് . അത് കൊണ്ട് തന്നെ അക്കാലത്തു നഴ്സിംഗ് പരിശീലനത്തിന് ചേര്‍ന്നിരുന്നതു കന്യാസ്ത്രീ മഠങ്ങളോട് ചേര്‍ന്നുള്ള അനാഥാലയങ്ങളിലോ ബോര്‍ഡിങ്ങുകളിലോ നിന്ന് പഠിച്ച പെണ്‍കുട്ടികള്‍ ആയിരുന്നു. ഈ കുട്ടികള്‍ എല്ലാം തന്നെ അനാഥരോ ദലിത് -ആദിവാസി വിഭാഗങ്ങളില്‍പെട്ടവരോ ആയിരുന്നു. ഇവരെ കൂടാതെ നഴ്സിങ്ങിന് ചേര്‍ന്നിരുന്ന മറ്റൊരു കൂട്ടര്‍ വിധവകളാണെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ടു. (നായര്‍ ആന്‍ഡ് ഹീദ്ലി 2006 ) എന്നാല്‍, കര്‍മലീത്താ മഠം, ആരാധനാ മഠം, തിരുഹൃദയ മഠം തുടങ്ങിയ തദ്ദേശീയ കന്യാസ്ത്രീ സ്ഥാപനങ്ങള്‍ ഈ രംഗം ഏറ്റെടുക്കുകയും സവര്‍ണ സുറിയാനി ക്രിസ്ത്യാനി കുടുംബങ്ങളില്‍ നിന്നുള്‍പ്പെടെ ഉള്ള കന്യാസ്ത്രീമാര്‍ നഴ്സിംഗ് പരിശീലനം നേടി മിഷന്‍ ആശുപത്രികളില്‍ സേവനമനുഷ്ഠിക്കാന്‍ തുടങ്ങുകയും ചെയ്തതോടെ നഴ്സിങ്ങിന് ഒരു തൊഴില്‍ എന്ന നിലയില്‍ വലിയ സ്വീകാര്യത ലഭിച്ചു. ‘സ്പര്‍ശിക്കുക’ എന്ന പ്രവൃത്തിക്ക് തന്നെ പുതിയ അര്‍ത്ഥങ്ങളും മാനങ്ങളും കൈവന്നു. ‘ക്ലിനിക്കല്‍’ ആയ ആശ്വാസം പകരുന്ന വിഷയാസക്തമല്ലാത്ത സ്പര്ശനത്തിനു സാധുത കൈവന്നു. നഴ്സുമാര്‍ക്ക് മുന്നേ വലിയ തോതില്‍ വിദേശ രാജ്യങ്ങളില്‍ പ്രവാസമാരംഭിച്ച മലയാളി സ്ത്രീകള്‍ വിവിധ കോണ്‍ഗ്രിഗേഷനുകളില്‍ ചേര്‍ന്ന കന്യാസ്ത്രീമാരായിരുന്നു. ഇതേ സഞ്ചാര പാതകളാണ് നഴ്സുമാരുടെ വിദേശ രാജ്യങ്ങളിലേക്കുള്ള ആദ്യ കാല കുടിയേറ്റത്തിനു വഴി കാട്ടിയതും.
നഴ്സുമാരും കന്യാസ്ത്രീമാരും തമ്മിലുള്ള ഈ ബന്ധം, ഇന്ന് നഴ്സുമാര്‍ നേരിടുന്ന കുറഞ്ഞ വേതനം ഉള്‍പ്പെടെയുള്ള ചൂഷണങ്ങളെ മനസ്സിലാക്കുന്നതില്‍ നിര്‍ണ്ണായകമാണ്. സിസ്റ്റര്‍ എന്ന വിളി മുതല്‍ മാലാഖമാര്‍ എന്ന വിശേഷണം വരെ ഈ ചരിത്രത്തിന്‍റെ ബാക്കിയാണ്. നഴ്സിങ്ങിന് സമൂഹത്തില്‍ സ്വീകാര്യത നേടി കൊടുക്കുന്നതിനു സന്യാസിനി സ്ഥാപനങ്ങള്‍ കാര്യമായ പങ്കു വഹിച്ചിട്ടുണ്ടെങ്കില്‍ കൂടിയും, ഈ ബന്ധം നഴ്സുമാര്‍ക്ക് ഗുണത്തേക്കാള്‍ ദോഷമാണ് ചെയ്തിട്ടുള്ളത്. ഇത്തരത്തില്‍ ക്രിസ്ത്യന്‍ മിഷനറി സ്ഥാപനങ്ങളിലൂടെ രൂപപ്പെട്ടു വന്ന തൊഴിലായതു കൊണ്ട് തന്നെ സന്യാസിനി ജീവിതത്തിന്‍റെയും മിഷന്‍ സ്ഥാപനങ്ങളുടെയും അടിസ്ഥാന മൂല്യങ്ങളാണ് നഴ്സിങ് എന്ന തൊഴിലിലും ഉള്‍ച്ചേര്‍ന്നിരിക്കുന്നതു. സേവന സന്നദ്ധതയും പ്രതിഫലം പ്രതീക്ഷിക്കാത്ത ത്യാഗവും അര്‍പ്പണബോധവും ഈ തൊഴിലിന്‍റെ പ്രധാനപ്പെട്ട യോഗ്യതയായി നമ്മള്‍ ഇന്നും കരുതുന്നു.

അധ്യാപന രംഗത്തും കന്യാസ്ത്രീകളുടെ ഇടപെടലും സാന്നിധ്യവും പരാമര്‍ശിക്കപ്പെടേണ്ടതുണ്ട്. പ്രൊട്ടസ്റ്റന്‍റ് മിഷനറിമാരാണ് വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ സജീവമായ ഇടപെടലുകള്‍ കേരളത്തില്‍ പതിനെട്ടാം നൂറ്റാണ്ടു മുതല്‍ തന്നെ നടത്തിയിട്ടുള്ളതെങ്കില്‍ കൂടിയും, 1850 കള്‍ മുതല്‍ വേദോപദേശ പഠന പള്ളിക്കൂടങ്ങള്‍ ഏകാധ്യാപക പ്രൈമറി സ്കൂളുകള്‍ ആയി മാറ്റിയതോടു കൂടി കത്തോലിക്കാ വിദ്യാലയങ്ങളും അധ്യാപന രംഗത്തേക്ക് കടന്നു വന്നതായി ചരിത്രകാരന്മാര്‍ നിരീക്ഷിക്കുന്നുണ്ട് (തരകന്‍ 1984). അതെ സമയം തന്നെ പ്രൊട്ടസ്റ്റന്‍റ് മിഷനറിമാരുടെ സ്കൂളുകളില്‍ ചേര്‍ന്ന് പഠിക്കാന്‍ മുതിര്‍ന്നാല്‍ കത്തോലിക്കാ കുട്ടികളെയും അവരുടെ കുടുംബത്തെയും സഭയില്‍ നിന്ന് പുറത്താക്കുമെന്ന തരത്തിലുള്ള ഇടയലേഖനങ്ങളും ഈ കാലഘട്ടത്തില്‍ കത്തോലിക്കാ സഭാധികാരികള്‍ പുറത്തിറക്കുന്നതായി കാണാം . 1866 ഇല്‍ കേരള കത്തോലിക്കാ സഭയുടെ ആദ്യ കന്യാസ്ത്രീ മഠം കര്‍മ്മലീത്ത കോണ്‍ഗ്രിഗേഷന് കീഴില്‍ സ്ഥാപിക്കപെടുമ്പോള്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനം അവരുടെ പ്രധാന കര്‍ത്തവ്യങ്ങളിലൊന്നായി എഴുതിച്ചേര്‍ക്കപ്പെടുന്നത് ഈ പശ്ചാത്തലത്തില്‍ നിന്ന് കൊണ്ട് കൂടി വേണം വായിക്കാന്‍. ചുരുക്കി പറഞ്ഞാല്‍ കേരളത്തിലെ ആദ്യ തദ്ദേശീയ കന്യാസ്ത്രീ മഠത്തിന്‍റെ സ്ഥാപനം മുതല്‍ തന്നെ കന്യാസ്ത്രീകളെ ഏതെങ്കിലും തരത്തിലുള്ള തൊഴില്‍ ചെയ്യുന്നവരായി തന്നെയാണ് സഭാസ്ഥാപകര്‍ മുതല്‍ വിഭാവനം ചെയ്തിട്ടുള്ളത്. പ്രാര്‍ത്ഥനചര്യകളോടൊപ്പം തന്നെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പ്രവര്‍ത്തിക്കാനും, വിവാഹപ്രായമെത്താത്ത കുട്ടികള്‍ക്ക് ‘നല്ല ശീലങ്ങള്‍’ കണ്ടു പഠിക്കാന്‍ വേണ്ടി താമസിക്കാവുന്ന ബോര്‍ഡിങ്ങുങ്ങള്‍ നടത്താനും എല്ലാം സാധിക്കുന്നവരായും തന്നെയായാണ് തുടക്കം മുതല്‍ കന്യാസ്ത്രീകളെ കണ്ടിട്ടുള്ളത്. പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യത്തിലുമായി വിദ്യാഭ്യാസ രംഗത്ത് കത്തോലിക്കാ സഭ കൂടുതല്‍ മുന്നേറ്റങ്ങള്‍ നടത്തിയപ്പോള്‍ സഭയുടെ സ്കൂളുകളിലെ നിര്‍ണ്ണായക സാന്നിധ്യമായിരുന്നു അധ്യാപകരായ തദ്ദേശീയ കോണ്‍ഗ്രിഗേഷനുകളിലെ കന്യാസ്ത്രീമാര്‍. ഇന്നും കേരളത്തില്‍ കോണ്‍വെന്‍റ് സ്കൂളുകള്‍ക്കുള്ള പ്രാധാന്യം തള്ളിക്കളയാന്‍ കഴിയുന്ന ഒന്നല്ല.

കന്യാസ്ത്രീ എന്ന സ്വത്വത്തെ അതുകൊണ്ടു തന്നെ കേരളത്തിന്‍റെ തൊഴില്‍ ഭൂപടത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ സാധിക്കില്ല. കേരളത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനപ്പെട്ട ഒരുപാടു സ്ഥാപനങ്ങളുടെ നടത്തിപ്പുകാര്‍ കൂടിയാണ് കന്യാസ്ത്രീകള്‍. ഒരുപക്ഷെ വിവാദങ്ങളിലൂടെ മാത്രം പൊതു വ്യവഹാരങ്ങളില്‍ രേഖപെടുത്തപ്പെട്ടിട്ടുള്ള കന്യാസ്ത്രീകള്‍ മലയാളിയുടെ കാഴ്ചകളുടെ പരിമിതികളെ കൂടിയാവാം നമുക്കു തുറന്നു കട്ടി തരുന്നത്. 150 ലേറെ വര്‍ഷങ്ങളിലേറെയായി വ്യത്യസ്ത തൊഴില്‍ മേഖലകളിലൂടെ കേരളത്തിന്‍റെ പൊതു ഇടങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന സ്ത്രീകളായിട്ടു കൂടിയും മുഖ്യധാരാ സാംസ്കാരിക ചര്‍ച്ചകളില്‍ ചൂഷിതരായി മാത്രം ഇവര്‍ അടയാളപ്പെടുത്തപ്പെടുന്നത് സ്വത്വനിര്‍മിതി പ്രക്രിയകളുടെ വൈവിധ്യങ്ങളെ ഉള്‍കൊള്ളാന്‍ കെല്‍പ്പുള്ള കാഴ്ച്ചപ്പാടുകളുടെ അഭാവം മൂലമായിരിക്കാം ഒരുപക്ഷെ.

അനു കെ. ആന്‍റണി
അധ്യാപിക
ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് തുല്‍ജാപൂര്‍

COMMENTS

COMMENT WITH EMAIL: 0