Homeചർച്ചാവിഷയം

ക്വിയര്‍ മനുഷ്യരുടെ സമ്മതത്തിനു വിലയില്ലേ?

രു വ്യക്തിയുടെ ശരീരത്തിന് മേല്‍ ആ വ്യക്തിക്കല്ലാതെ മറ്റൊരാള്‍ക്ക് അവകാശമില്ല എന്നത് ഏവര്‍ക്കും ബോധ്യമുള്ളതും എന്നാല്‍ നിരന്തരം ആവര്‍ത്തിച്ചു പഠിച്ചെടുത്താല്‍ മാത്രം ‘ശരി’യായി പാലിക്കാന്‍ കഴിയുന്നതുമായ ഒരു കാര്യമാണ്. ഒരാളുടെ വ്യക്തിസ്വാതന്ത്ര്യം, സ്വകാര്യത എന്നിവ പരമപ്രധാനമായിരിക്കുമ്പോഴും അവയിലേക്ക് മറൊരാള്‍ ഇടിച്ചു കയറുന്നത് ഒരു സാധാരണ കാര്യമെന്ന പോലെയായിട്ടുണ്ട്. മറ്റുള്ളവരുടെ അഭിപ്രായം, മനോഭാവം, ചുഴിഞ്ഞുനോട്ടം, സ്വകാര്യതയെ മാനിക്കാതിരിക്കല്‍ എന്നിവയെ സമൂഹത്തിന്‍റെ സാധാരണഘടനാസവിശേഷതകളില്‍ പെടുത്തി സ്വയം ‘നിയന്ത്രിക്കുന്ന’വരായി നമ്മള്‍ നമ്മളെത്തന്നെ മാറ്റിയിട്ടുണ്ട്. നമ്മുടെ മാനസികാവസ്ഥ, ശരീരം, എന്നിവയുടെ നിയന്ത്രണം നമ്മളിലല്ല എന്നും അതിനു മറ്റുള്ളവര്‍ക്ക് ഇടപെടാവുന്ന ഒരു തലമുണ്ട് എന്നും നമ്മള്‍ നമ്മളെത്തന്നെ വിശ്വസിപ്പിച്ചിരിക്കുന്നു. ഇത്തരം ധാരണകളെ അഴിച്ചെടുക്കുകയാണ് സമ്മതം എന്ന വാക്കിന്‍റെ പൊരുള്‍ പഠിക്കുവാന്‍ നാം ആദ്യം ചെയ്യേണ്ടത്.

എന്താണ് സമ്മതം (Consent) ?
ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം എവിടെ തുടങ്ങി എവിടെ വെച്ചു അവസാനിക്കുന്നു എന്നും അതിന്‍റെ പരിധിയിലേക്ക് കടക്കുവാന്‍ ആ വ്യക്തിയുടെ സമ്മതം വാക്കാല്‍ അല്ലെങ്കില്‍ പൂര്‍ണ്ണമനസ്സോടെ ആവശ്യമാണ് എന്നും ഇത് ഓരോ തവണയും ആവര്‍ത്തിക്കപ്പെടേണ്ടതാണെന്നുമുള്ള കാര്യത്തെയാണ് സമ്മതം ആയി കണക്കാക്കേണ്ടത്. അപരിചിതര്‍ തൊട്ട് പങ്കാളി വരെയുള്ള വ്യക്തികളില്‍ ഇത് പ്രാവര്‍ത്തികമാക്കേണ്ടതുണ്ട്. ലൈംഗികതയുമായി മാത്രം ചേര്‍ത്തു കൊണ്ടാണ് നിലനില്‍ക്കുന്ന പല വ്യവഹാരങ്ങളും സമ്മതത്തെ കാണുന്നത്. അതിലുപരി രണ്ടോ അതിലധികമോ വ്യക്തികള്‍ ഇടപെടുന്ന എല്ലാ ഇടങ്ങളിലും സമ്മതത്തിന്‍റെ ആവശ്യം കടന്നുവരുന്നുണ്ട്. ശരീരങ്ങള്‍ സ്പര്‍ശനാവസ്ഥയിലേക്ക് വരുന്നിടത്തെല്ലാം തന്നെ സമ്മതത്തിന്‍റെ ആവശ്യമുണ്ട്. ഒരു ഹസ്തദാനത്തിനു പോലും ഇത്തരം സമ്മതത്തെ കരുതേണ്ടത് ആവശ്യമാണ്. സ്പര്‍ശനം എല്ലാവ്യക്തികളും ഒരുപോലെ ആസ്വദിക്കുന്നവരാകില്ല. ചിലര്‍ക്ക് അത് അരോചകമായിരിക്കാം. സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമായി ചെറിയൊരു സ്പര്‍ശനത്തെ അവര്‍ക്ക് അനുഭവപ്പെട്ടു എന്നും വരാം.

ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ച് ഒരു സ്ത്രീ പൂര്‍ണ്ണമനസ്സോടെ വാക്കുകള്‍, വ്യംഗ്യം എന്നിവയിലൂടെ ലൈഗികപ്രവൃത്തിക്ക് സന്നദ്ധത അറിയിക്കലാണ് ലൈംഗികബന്ധത്തിനുള്ള സമ്മതമായി കണക്കാക്കുന്നത്. കൊളോണിയല്‍ കാലത്തെ സദാചാരത്തിന്‍റെ പശ്ചാത്തലത്തില്‍ ഉണ്ടാക്കപ്പെട്ട ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ഭിന്നലൈംഗിക മനുഷ്യരുടെ ലൈംഗികാഭിരുചിയെ മാത്രം കണക്കാക്കുന്ന രീതിയിലാണ് മാനഭംഗം, ബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍. സമലൈംഗികപരമായുള്ളതും ലിംഗയോനീബന്ധമല്ലാത്തതുമായ സമ്മതമില്ലാത്ത ലൈംഗികബന്ധത്തെ ഐ.പി.സി 377ലെ (റദ്ദാക്കപ്പെട്ടതിനു ശേഷം) നിലനില്‍ക്കുന്ന ഉപവകുപ്പുകളിലൂടെയാണ് കുറ്റവല്‍ക്കരിക്കുന്നത്. ലൈംഗികകുറ്റകൃത്യത്തിനു ഇരയാവുന്ന വ്യക്തി അക്രമിയുടെ അതേ ലിംഗത്വമുള്ളവരാവുക, ട്രാന്‍സ്ജെന്‍റര്‍/നോണ്‍ ബൈനറി മനുഷ്യര്‍ ആവുക എന്നത് സിസ് ജെന്‍റര്‍ സ്ത്രീയെ അക്രമിക്കുന്നതിനേക്കാള്‍ ലാഘവമുള്ള കുറ്റകൃത്യമായിട്ടാണ് നിലവിലെ ശിക്ഷാനിയമവും ട്രാന്‍സ്ജെന്‍റര്‍ നിയമവും കണക്കാക്കുന്നത്. സമ്മതവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സിസ് ജെന്‍റര്‍- ഭിന്നലൈംഗിക സ്ത്രീക്ക് നേരിടേണ്ടിവരുന്ന ലൈംഗികാക്രമണം എന്ന രീതിയില്‍ മാത്രം കണക്കാക്കുന്നതും ക്വിയര്‍ വിരുദ്ധതയുടേയും ഹെറ്റെറോ സെക്സിസത്തിന്‍റേയും സൂചനയാണ്. ക്വിയര്‍ മനുഷ്യര്‍ നേരിടേണ്ടി വരുന്ന പല ലൈംഗികാതിക്രമങ്ങളും സാധാരണവല്‍ക്കരിക്കുന്നതിനും ഇത് കാരണമാകുന്നുണ്ട്.

ക്വിയര്‍ മനുഷ്യരും ഗാര്‍ഹികപീഡനവും.
സമൂഹത്തില്‍ സിസ് ജെന്‍റര്‍ മനുഷ്യര്‍ മാത്രമേ ഉള്ളൂ എന്നും ട്രാന്‍സ്/നോണ്‍ബൈനറി മനുഷ്യര്‍ പ്രകൃതിപരമായി നിലനില്‍ക്കുന്നില്ല എന്നും ഉള്ള സിസ് സാധാരണത്വമാര്‍ന്ന സമൂഹത്തില്‍ ജൈവികമായി സ്ത്രീശരീരത്തില്‍ ജനിച്ച ജെന്‍റര്‍ക്വിയര്‍ മനുഷ്യര്‍ ജീവിതത്തിന്‍റെ പലവിധഘട്ടങ്ങളില്‍ നേരിടേണ്ടി വരുന്ന മാനസികവും ശാരീരികവുമായ അക്രമങ്ങള്‍ ആരാലും അഭിസംബോധന ചെയ്യപ്പെടുന്നില്ല. മാനസികമായി താന്‍ സ്ത്രീയല്ല എന്നും പുരുഷനാണ് എന്നുമൊക്കെ തിരിച്ചറിവുണ്ടാകുമ്പോഴും പുരുഷാധിപത്യഘടനകളാല്‍ സ്ത്രീശരീരത്തിന്‍റെ പേരില്‍ ചെറുപ്പകാലം തൊട്ടു അതിക്രമങ്ങള്‍ക്ക് ഇരയാകേണ്ടി വരുന്ന ക്വിയര്‍മനുഷ്യര്‍ അനവധിയാണ്. നിര്‍ബന്ധിതവിവാഹത്തിന് ഇരയാകേണ്ടി വരിക, നിര്‍ബന്ധിത ലൈംഗികപ്രവര്‍ത്തികളിലൂടെ സമൂഹത്തിന്‍റെ ‘നേരെയാക്കലുകള്‍ക്ക് ‘ ഇരയാകേണ്ടി വരിക എന്നിവ ഇക്കൂട്ടര്‍ക്ക് നിരന്തരം നേരിടേണ്ടി വരുന്ന കാര്യങ്ങളാണ്. ഒരു സിസ് സ്ത്രീക്ക് നേരിടേണ്ടിവരുന്ന ലൈംഗികചൂഷണങ്ങളോട് സമൂഹത്തിന്‍റെ പൊതുമനസ്സാക്ഷിക്ക് അനുതാപപൂര്‍ണ്ണമായ സമീപനമാണ് എങ്കില്‍ സിസ് ഇതരവും ശാരീരികമായി സ്ത്രീശരീരമുള്ളവരുമായ മനുഷ്യര്‍ക്ക് സദാചാരത്തിന്‍റേയും സാധാരണത്വത്തിന്‍റേയും അച്ചടക്കവല്‍ക്കരിക്കലിന്‍റേയും പേരില്‍ നേരിടേണ്ടിവരുന്ന ലൈംഗികചൂഷണങ്ങളോട് സമൂഹത്തിന്‍റെ പൊതുമനസ്സിന് നിസ്സംഗഭാവമാണുള്ളത്. അവര്‍ ഇത്തരത്തില്‍ ‘നേരെയാക്ക’പ്പെടുന്നത് ഭാവിയില്‍ അവര്‍ക്കും സമൂഹത്തിനും ‘നല്ലതാണ്’ എന്ന ധാരണ ഇത്തരം ലൈംഗികാതിക്രമങ്ങള്‍ സാധാരണവല്‍ക്കരിക്കപ്പെടുന്നതിനു കാരണമാകുന്നു. സുരക്ഷിതമായിരിക്കേണ്ട ഗാര്‍ഹികഅന്തരീക്ഷത്തില്‍ സകലരാലും അംഗീകരിക്കപ്പെട്ട പീഡനമുറകള്‍ സാധാരണയെന്ന പോലെ അനുഭവിക്കാന്‍ ഈ ക്വിയര്‍ മനുഷ്യര്‍ നിര്‍ബന്ധിതരാകുന്നു. ‘നേരെയാക്കലി’ന്‍റെ പേരില്‍ ഒരു പുരുഷനുമായി വിവാഹം നടത്തപ്പെടുന്ന ജൈവികസ്ത്രീശരീരമുള്ള ക്വിയര്‍ മനുഷ്യര്‍ നേരിടേണ്ടി വരുന്ന ഭര്‍തൃഗൃഹത്തിലെ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന അവസ്ഥയും സംജാതമാകുന്നു. അത്തരം അക്രമങ്ങള്‍ ‘ഭര്‍ത്താവിന്‍റെ അവകാശം’ എന്നത് പോലെ പൊതുവില്‍ അംഗീകരിക്കപ്പെട്ടിട്ടുമുണ്ട്. ജെന്‍റര്‍ ക്വിയര്‍ മനുഷ്യര്‍ക്കും ലെസ്ബിയന്‍ സ്ത്രീകള്‍ക്കും ഭര്‍തൃഗൃഹത്തില്‍ നേരിടേണ്ടി വരുന്ന ലൈംഗികപീഡനങ്ങള്‍ ഒരു സിസ് ജെന്‍റര്‍ ഹെറ്ററോസെക്ഷ്വല്‍ സ്ത്രീക്ക് നേരിടേണ്ടി വരുന്നതു പോലെ കണക്കാക്കാറില്ല. എഴുതപ്പെട്ട നിയമങ്ങള്‍ എല്ലാ സ്ത്രീകളുടേയും ലൈംഗികസ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്ന നിലയിലാണെങ്കിലും സമൂഹത്തിന്‍റേയും സംസ്കാരത്തിന്‍റേയും സിസ്-ഹെറ്ററോ കേന്ദ്രിത ചിന്തകളുടെ സ്വാധീനം ഈ നിയമങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെല്ലാം കടന്നുവരുന്നു.


ലെസ്ബിയന്‍ സ്ത്രീകള്‍ രക്തബന്ധമുള്ള മനുഷ്യരാല്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന ‘ചടങ്ങുകള്‍’ വരെ നിലനില്‍ക്കുന്നതാണ് നാം ജീവിക്കുന്ന സമൂഹം. സ്വന്തം സഹോദരനാലും പിതാവിനാലും ഒക്കെ ലൈംഗികമായി ലെസ്ബിയന്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പുരുഷനെ അറിയാത്തതാണ് അവരുടെ ലെസ്ബിയന്‍ സ്വത്വത്തിനും സമലൈംഗികതക്കും കാരണം എന്ന ധാരണയില്‍ ആണ് ലെസ്ബിയന്‍ സ്ത്രീകളുടെ മേലുള്ള ലൈംഗികാക്രമങ്ങള്‍ സാധാരണവല്‍ക്കരിക്കപ്പെട്ടിരിക്കുന്നത്. ശരീരത്തെ വലിയ രീതിയില്‍ രാഷ്ട്രീയവല്‍ക്കരിച്ചിരുന്ന രണ്ടാംതരംഗ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ കാലത്തും ക്വിയര്‍ സ്ത്രീകള്‍ നേരിടേണ്ടിവരുന്ന ലൈംഗികാതിക്രമങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോയത് അക്കാലത്തും പിലല്‍ക്കാലത്തും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ശരീരത്തിന്‍റെ രാഷ്ട്രീയനില, ശരീരത്തിന്മേലുള്ള സ്വയംനിര്‍ണയാവകാശം, സ്വയംഭരണബോധം എന്നിവയൊക്കെ തന്നെ സിസ് ജെന്‍റര്‍ ഹെറ്റെറോ സെക്ഷ്വല്‍ ആയിട്ടുള്ള മനുഷ്യര്‍ക്കും ആ പ്രിവിലേജ് ഉള്ളവര്‍ക്കും മാത്രം സ്വാഭാവികമായി ലഭിക്കുന്നതും അങ്ങനെയല്ലാത്തവര്‍ക്ക് കടുത്ത പോരാട്ടം അവയ്ക്ക് വേണ്ടി നടത്തേണ്ടി വരികയും ചെയ്യുക എന്നതും ഒട്ടും അത്ഭുതമില്ലാതെ സാധാരണമായിരിക്കുന്നു നിലവില്‍.

പീഡനവും പ്രകൃതിവിരുദ്ധപീഡനവും
സ്വവര്‍ഗത്തില്‍ നിന്ന് തന്നെ സംഭവിക്കുന്ന ലൈംഗികപീഡനങ്ങളെ മാധ്യമങ്ങള്‍ ഇപ്പോഴും പ്രകൃതിവിരുദ്ധപീഡനം എന്നുള്ള രീതിയിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രകൃതിക്ക് വിധേയമായ പീഡനം, പ്രകൃതിക്ക് വിരുദ്ധമായ പീഡനം എന്നിങ്ങനെ ഒരു ദ്വന്ദ്വത്തെ സ്ഥാപിച്ചു പാലിക്കുകയാണ് ഈ ചിന്താഗതിയിലൂടെ. ലിംഗം യോനിയെ ഭേദിക്കുന്ന തരം പീഡനത്തെ പ്രകൃതിപരമായ പീഡനം എന്നും അല്ലാത്തതിനെയെല്ലാം പ്രകൃതിവിരുദ്ധമായ പീഡനം എന്നും തിരിച്ചിരിക്കുന്നത് സാമ്രാജ്യത്വകാലത്തെ സദാചാരയുക്തി വെച്ചായിരുന്നു. ഇതിന്‍റെ ചുവടു പിടിച്ചായിരുന്നു പ്രായപൂര്‍ത്തിയായ മനുഷ്യരുടെ സ്വവര്‍ഗലൈംഗികപ്രവര്‍ത്തിയേയും കുറ്റകൃത്യമായി 2018 സെപ്റ്റംബര്‍ 6 വരെ ഐ പി സി അനുസരിച്ച് കണക്കാക്കിയിരുന്നത്.
ഒരു പുരുഷന് പുരുഷനാല്‍ തന്നെ നേരിടേണ്ടി വരുന്ന ലൈംഗികകുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനോ നീതി തേടുവാനോ കഴിയാത്ത അവസ്ഥ നിലനില്‍ക്കുന്നുണ്ട്. അതിനെ ചൂഷണം ചെയ്യുന്ന സ്ഥാപിതതാല്പര്യക്കാര്‍ ഉണ്ടാവുന്നതും സാധാരണമാകുന്നു. സ്വവര്‍ഗാനുരാഗികള്‍ക്ക് ഡേറ്റിങ്ങ് ആപ്പുകളിലൂടെയോ മറ്റോ പരിചയപ്പെടുന്ന വ്യക്തിയില്‍ നിന്നുണ്ടാവുന്ന ശാരീരികപീഡനങ്ങള്‍, സംഘം ചേര്‍ന്നുള്ള ബലാത്സംഗം, തട്ടിക്കൊണ്ടു പോകല്‍, ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടല്‍ എന്നിവയില്‍ പരാതിപ്പെട്ടാല്‍ പോലും നീതി ലഭിക്കാത്ത അവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഐ പി സി 377 പൂര്‍ണ്ണമായി നിലനിന്ന കാലത്തായിരുന്നു എങ്കില്‍ പരാതിക്കാരന്‍ കുറ്റവാളിയാവുന്ന അവസ്ഥയും ഉണ്ടായിരുന്നു. മാനഹാനി ഭയന്നോ നീതി ലഭിക്കില്ല എന്ന ധാരണ കൊണ്ടോ ഇത്തരം കുറ്റകൃത്യങ്ങള്‍ പുറത്തറിയപ്പെടുന്നില്ല. ഇത്തരം ദുരനുഭവങ്ങളാല്‍ മാനസികമായി തകര്‍ന്നവരും സ്വൈരജീവിതം നശിച്ചവരും ആത്മഹത്യ ചെയ്തവരും അനവധിയാണ് നമുക്ക് ചുറ്റും.

ക്വിയര്‍ മനുഷ്യര്‍ക്കും ക്വിയര്‍ ഇതര മനുഷ്യര്‍ക്കും ഒരേ പരിഗണനയായിരിക്കണം.
2018 ല്‍ നവതെജ് സിംഗ് ജോഹര്‍ യൂണിയന്‍ ഓഫ് ഇന്ത്യ കേസില്‍ ഐ പി സി 377 ഭാഗികമായി റദ്ദാക്കാന്‍ സുപ്രീം കോടതി പരിഗണിച്ച പ്രധാന മുന്‍കാല കേസുകളില്‍ ഒന്ന് പുട്ടസ്വാമി കേസ് ആയിരുന്നു. ഏതൊരു പൗരനും സ്വകാര്യതക്കും മാന്യതക്കും അവകാശം ഉണ്ടെന്നും അത് അനുച്ഛേദം 21 അനുസരിച്ച് മൗലികാവകാശം തന്നെയാണ് എന്നും അതില്‍ പറയുന്നുണ്ട്. ഈ നിയമവ്യാഖ്യാനം നിലനില്‍ക്കുന്ന ഇന്ത്യയില്‍ ക്വിയര്‍ മനുഷ്യരുടെ മാന്യത ഹനിക്കപ്പെടുന്നത് ഒരു സാധാരണസംഭവം ആകാന്‍ പാടില്ല. മെഡിക്കല്‍ പരിശോധനകളുടെ പേരില്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ വിവസ്ത്രരായി പരിശോധനക്ക് നിന്നുകൊടുക്കേണ്ടി വരുന്ന ട്രാന്‍സ്ജെന്‍റര്‍ മനുഷ്യര്‍ നിയമം നല്‍കുന്ന പരിരക്ഷ അനുഭവിച്ചു കിട്ടാത്തവരാകുന്നു. ഒരു വ്യക്തിയുടെ ജെന്‍റര്‍ ആ വ്യക്തിയാണ് നിര്‍ണയിക്കുന്നത് എന്നിരിക്കെ ഇത്തരം സ്വകാര്യതാ ലംഘനങ്ങള്‍ക്ക് ട്രാന്‍സ്മനുഷ്യര്‍ ഇരയാകേണ്ടി വരുന്നത് ക്രൂരതയും നിയമവിരുദ്ധതയും ആണ്.

ഒരു ക്വിയര്‍ വ്യക്തിയുടെ സമ്മതം, സ്വകാര്യത, മാന്യത ശരീരസ്വാതന്ത്ര്യം എന്നിവ കൃത്യമായി പാലിക്കപ്പെടുന്ന നിയമപാലനവും സാമൂഹികഘടനയും ഇവിടെ ഉറപ്പാക്കേണ്ടതുണ്ട്. ഇന്ത്യന്‍ ഭരണഘടന ഓരോ പൗരനും അനുവദിക്കുന്ന പ്രാഥമികവും മൗലികവും ആയ അവകാശത്തിന്‍റെ ഭാഗമാകുന്നു അത്.

അനസ്.എന്‍.എസ്.
ക്വിയര്‍ വ്യക്തി ഗവേഷകന്‍
കേരള സര്‍വ്വകലാശാല

COMMENTS

COMMENT WITH EMAIL: 0