Homeപെൺപക്ഷം

അതിജീവിതമാര്‍ക്കൊപ്പം നില്ക്കേണ്ടത് ചരിത്രപരമായ കടമ

കേരളത്തിലെ സ്ത്രീപ്രസ്ഥാനങ്ങളില്‍, പ്രത്യേകിച്ച് ഫെമിനിസ്റ്റ് പ്രസ്ഥാനത്തില്‍ ഇപ്പോള്‍ അതിജീവിതമാരേയും അവരെ ലൈംഗികമായി അതിക്രമിച്ച ‘മാന്യ’ പുരുഷന്മാരേയും എങ്ങനെ കൈകാര്യം ചെയ്യണമെന്നത് ഒരു ഗൗരവമേറിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുന്നു. അതെ. ഫെമിനിസ്റ്റ് പ്രസ്ഥാനം ആരോടൊപ്പമാണ് നില്ക്കേണ്ടത് എന്നത് ഒരു തര്‍ക്ക വിഷയമായിരിക്കുന്നു.
സൂര്യനെല്ലി, വിതുര, ഐസ്ക്രീം പാര്‍ലര്‍, കിളിരൂര്‍-കവിയൂര്‍ കേസുകളുടെ കാര്യത്തില്‍ ഇങ്ങനെയൊരു ചര്‍ച്ച കേരളം കേട്ടിട്ടില്ല. ആ കേസുകളില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികളോടൊപ്പമായിരുന്നു പ്രസ്ഥാനം. അവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താനും മുന്നില്‍ നില്‍ക്കാനും മല്‍സരമായിരുന്നു. അന്ന് എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ആ പ്രസ്ഥാനമുണ്ടായിരുന്നു – കേരള സ്ത്രീവേദി. എന്തെല്ലാം പോരായ്മകളുണ്ടായിരുന്നെങ്കിലും സ്ത്രീ വേദിയെപ്പോലുള്ള ഒരു പ്രസ്ഥാനത്തിന്‍റെ അഭാവം വളരെ തിക്തമായി അനുഭവിക്കുന്ന ഒരു കാലഘട്ടമാണിത്.

സിനിമാ മേഖലയില്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ച ക്വട്ടേഷന്‍ ബലാല്‍സംഗത്തിന്‍റെ പ്രശ്നത്തില്‍ പ്രമുഖ നടന്‍ ദിലീപിന്നെതിരായി ഫെമിനിസ്റ്റ് പ്രസ്ഥാനം-അക്കാദമിസ്റ്റുകളും ആക്ടിവിസ്റ്റുകളും ഒന്നടങ്കം സന്ദേഹമൊന്നുമില്ലാതെ അതിജീവിതയോടൊപ്പം നിന്നു. ആ സംഭവത്തിനു ശേഷം ഈ മേഖലയില്‍തന്നെ ഉയര്‍ന്നു വന്ന ശക്തമായ ഒരു സ്ത്രീ സംഘടനയാണ് ‘വിമെന്‍ ഇന്‍ സിനിമാ കളക്ററീവ്’. ആ പ്രസ്ഥാനത്തോടൊപ്പംഅതേ മേഖലയില്‍ തൊഴില്‍ ചെയ്യുന്ന നടിമാരും മററു ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും തങ്ങള്‍ക്കുണ്ടായ ലൈംഗിക പീഡനങ്ങളുടെ കഥകള്‍ തുറന്നുപറയാന്‍ തുടങ്ങി. സാമൂഹ്യ മാദ്ധ്യമങ്ങളിലും പൊലീസ് സ്റ്റേഷനുകളിലും ഇത്തരം സംഭവങ്ങളുടെ വേലിയേറ്റം തന്നെ യുണ്ടായി. പെണ്‍കുട്ടി കള്‍ സമൂഹത്തിന്‍റെ പല മേഖലകളില്‍ നിന്നും സ്വന്തം അനുഭവങ്ങള്‍ തുറന്ന് പറഞ്ഞു.കേരളത്തിലുണ്ടായ ഈ വെളിപ്പെടുത്തലുകള്‍ ‘മീ ടൂ പ്രസ്ഥാനം’ എന്നറിയപ്പെട്ടു.
ദേശീയ അന്താരാഷ്ട്ര തലങ്ങളിലുണ്ടായിരുന്ന ഇത്തരം വെളിപ്പെടുത്തലുകളില്‍ വന്‍മരങ്ങള്‍ കടപുഴകി വീണു. സ്വാധീനമുള്ളവര്‍ പ്രതികളാക്കപ്പെട്ട, അറസ്റ്റ് ചെയ്യപ്പെട്ട സംഭവങ്ങള്‍ ഏറെയുണ്ടായി. കോടതികള്‍ പലപ്പോഴും പ്രതികള്‍ക്കനുകൂലമായ നിലപാടുകളെടുത്തു. ലിംഗനീതിക്കുവേണ്ടിയുള്ള പുതിയ പോരാട്ടങ്ങള്‍ പല തട്ടുകളിലായി നടന്നു കൊണ്ടിരിക്കുന്നു. ഇതിനെയെല്ലാം നിഷ്പ്രഭമാക്കുന്ന ഒരു സംഭവമാണ് അതുവരെ ഇരകളെന്ന് വിളിക്കപ്പെട്ട, പീഡിതരായ സ്ത്രീകള്‍ക്കെല്ലാം ആത്മവിശ്വാസം പകര്‍ന്നു കൊണ്ട് നടി ഭാവന ‘ഞാന്‍ ഇരയല്ല, അതിജീവിതയാണ്’ എന്ന് ലോകത്തോട് പ്രഖ്യാപിച്ചുകൊണ്ട് ഐ.എഫ്.എഫ്.കെ യുടെ ഉദ്ഘാടന വേദിയില്‍ പ്രത്യക്ഷപ്പെട്ടത്. ഒരു മിന്നല്‍പിണറിന്‍റെ ശക്തിയും ഊര്‍ജവുമാണ് പൊതുസമൂഹത്തിന് ഈ പ്രവൃത്തി യില്‍നിന്ന് പകര്‍ന്നത്. അതിനുശേഷം ‘അതിജീവിതക്കൊപ്പം’ എന്ന മുദ്രാവാക്യവുമായി കേരളത്തിലങ്ങോളമിങ്ങോളം ചലനങ്ങളുണ്ടാക്കിക്കൊണ്ട് തൃശൂര്‍, മലപ്പുറം, കോഴിക്കോട്, എറണാകുളം തുടങ്ങിയ നഗരങ്ങളില്‍ അനൗപചാരികമായ ജനകീയ പ്രതിഷേധ സംഗമങ്ങളുണ്ടായി.

മീ ടൂ പ്രസ്ഥാനത്തിന്‍റെ അലയൊലികള്‍ സാഹിത്യ-സാംസ്കാരിക മേഖലകളില്‍ കേട്ടുതുടങ്ങി. സിവിക് ചന്ദ്രന്‍, വി.ആര്‍.സുധീഷ് എന്നീ ‘സാംസ്കാരിക നായകര്‍’ ഇത്തരത്തില്‍ തങ്ങളെ ആരാധനയോടെ സമീപിക്കുന്ന സ്ത്രീ കളേയും പെണ്‍കുട്ടികളേയും എങ്ങനെ ലൈംഗികമായ അതിക്രമങ്ങള്‍ക്ക് കീഴ്പെടുത്തുന്നു എന്ന സംഭവങ്ങള്‍ അനുഭവസ്ഥരായ അതിജീവിതമാര്‍ തുറന്ന് പറയാനും നീതിക്കായി നിയമസംവിധാനത്തെ ആശ്രയിക്കാനും തുടങ്ങിയപ്പോള്‍ ഈ രംഗമാകെ മാറി. അതുവരെ ഒററക്കെട്ടായി അതിജീവിതമാര്‍ക്കൊപ്പം നിന്നിരുന്ന പല സാമൂഹ്യ- രാഷ്ട്രീയ-സാംസ്കാരിക പ്രവര്‍ത്തകരും ലൈംഗിക പീഡന കുററവാളികളെന്ന് ആരോപിക്കപ്പെട്ട അതികായരോടൊപ്പം നിന്നുകൊണ്ട് അതിജീവിതമാരെ ഒററപ്പെടുത്താനും അധിക്ഷേപിക്കാനും തുടങ്ങി. ഈ കൂട്ടത്തില്‍ കേരളത്തിലെ ഫെമിനിസ്ററുകളില്‍ കറകളഞ്ഞതെന്ന് കൊട്ടിഘോഷിക്കപ്പെട്ട പ്രമുഖ  അക്കാദമിസ്റ്റുകളും പെടുന്നു. പല പുതിയ സിദ്ധാന്തങ്ങളും ഈ ക്രിമിനല്‍ പുള്ളികളെ പിന്തുണയ്ക്കാനായി രംഗത്തിറക്കുന്നു. അതുവരെ ഇക്കാര്യത്തിലുണ്ടായ ഒരുമ പൂര്‍ണമായും നഷ്ടപ്പെടുന്നു… ഇതുകണ്ട് കൈകൊട്ടി ച്ചിരിക്കാന്‍ വന്‍ ജനക്കൂട്ടം കാണികളായുമുണ്ട്.

ഒരു കാര്യം തിരിച്ചറിഞ്ഞു കഴിഞ്ഞു.. ഇതൊരു പുതിയ, ജീവന്മരണപ്പോരാട്ടമാണ്. തങ്ങളുടെ തിക്താനുഭവങ്ങള്‍ ഉറക്കെ വിളിച്ചു പറഞ്ഞു അനീതിക്കെതിരെ ശബ്ദിക്കാന്‍ ധൈര്യപ്പെട്ട ഈ സഹോദരിമാര്‍ക്ക് സ്വന്തം ഐഡന്‍റിറ്റി ഉയര്‍ത്തി പ്പിടിച്ചുകൊണ്ട് തലയുയര്‍ത്തിത്തന്നെ ജീവിക്കാന്‍ കഴിയുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയെന്നതാണ് ഇനി നമ്മുടെ കടമ. ആരാണ് ശരിയായ ഫെമിനിസ്റ്റ് എന്ന തര്‍ക്കത്തിന് പ്രസക്തിയില്ല. ആരാണ് ഈ പുതിയ മീ ടൂ പ്രസ്ഥാനത്തോടൊപ്പം നില്ക്കുന്നത്, അതിജീവിത മാരോടൊപ്പം നില്ക്കുന്നത്, അവരാണ് ശരി. കൂടുതലൊന്നും എനിക്ക് പറയാനില്ല…

അജിത കെ.

 

 

 

 

COMMENTS

COMMENT WITH EMAIL: 0