Homeചർച്ചാവിഷയം

ശരീരം എന്ന ആതുരതയുടെ പ്രതിനിധാനം

നതയുടെ സംസ്കാരത്തിന്‍റെ ഭാഗമായി ഓരോ കാലഘട്ടങ്ങളിലും ഓരോ രീതിയില്‍ പ്രതിപാദിക്കപ്പെടുന്ന, മനുഷ്യശരീരത്തിന്‍റെ ഒരു ജൈവസ്വഭാവമാണ് രോഗം. രോഗാതുരമാവുന്നതോടെ ശരീരം ഒരു പ്രധാന ശ്രദ്ധാകേന്ദ്രമാവുന്നു. അതു കൊണ്ടാണ് കലകളിലേക്ക് കേവല ശരീരത്തേക്കാള്‍ ആതുര ശരീരം പ്രക്ഷേപിക്കപ്പെട്ടത്. ജനകീയകലകളിലും സംസ്കാരത്തിലും രോഗാതുരമായ സ്ത്രീശരീരം, രോഗാതുരമായ പുരുഷശരീരത്തില്‍നിന്ന് വിവിധ മാനങ്ങളില്‍ വ്യത്യസ്തമായ ഒരു ചിത്രമാണ് സൃഷ്ടിക്കുന്നത്. രോഗാതുരവും ദീനബാധിതവുമായ സ്ത്രീശരീരത്തോട് സ്ത്രീയ്ക്ക് പെട്ടെന്ന് തന്മയീഭവിക്കാവുന്നതാണ്. എന്നാല്‍ അരോഗദൃഢഗാത്രമായ ശരീരം പൗരുഷചിഹ്നമായിട്ടാണ് കാലങ്ങളായി പരിഗണിക്കപ്പെട്ടുവരുന്നത്. ഇത്തരത്തില്‍ പരിഗണിക്കപ്പെടുന്നതില്‍ അടിസ്ഥാനപരമായ ഒരനീതി നിലനില്‍ക്കുന്നുണ്ട്.

രോഗാതുരമായ പുരുഷശരീരവും സ്ത്രീ ശരീരവും ജനപ്രിയസംസ്കാരത്തില്‍ ഭിന്നമായ ആഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. ഒരു പുരുഷശരീരം രോഗാതുരമാകുമ്പോള്‍ ജനപ്രിയസംസ്കാരം ആ രോഗത്തെ വ്യക്തിയുടെ നിര്‍ഭാഗ്യമായി കാണുകയും അനുതപിക്കുകയും, ഒരു സ്ത്രീശരീരം രോഗാതുരമാകുമ്പോള്‍ രോഗം സ്ത്രീ ജീവിതത്തിന്‍റെ തികച്ചും സ്വാഭാവികമായ ഒരു പരിണാമമായി കാണുകയും രോഗത്തില്‍ സഹതപിക്കുകയും ചെയ്യുന്നു. അനുതാപവും സഹതാപവും തമ്മില്‍ അടിസ്ഥാനപരമായ വ്യത്യാസങ്ങളുണ്ട്. ഇവിടെ സ്ത്രീശരീരത്തിലെ രോഗാവസ്ഥകള്‍ സാധാരണീകരിക്കപ്പെടുന്നു. അഥവാ, രോഗാതുരമല്ലാത്ത സ്ത്രീശരീരം എന്നത് അസാധാരണമായ ഒന്നായി ചിത്രീകരിക്കപ്പെടുന്നു. ഇക്കാര്യത്തില്‍ ജനപ്രിയ കലകളും മാധ്യമങ്ങളും അവയുടെ കൃത്യമായ പങ്ക് കാലാകാലങ്ങളായി വഹിച്ചുപോരുന്നുണ്ട്. അവയില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ആചാരങ്ങള്‍.
ആചാരങ്ങളുടെ മാധ്യമം മനുഷ്യശരീരമാണ്. അഥവാ, മനുഷ്യജീവിതത്തെയും ഒരു വ്യക്തി ജീവിച്ചുവരുന്ന ഭൗതിക പരിസരത്തെയും ആസ്പദമാക്കിയാണ് ആത്മീയതയും ആത്മീയതയെ അടിസ്ഥാനപ്രേരണയായി കണക്കാക്കുന്ന ആചാരങ്ങളും രൂപപ്പെടുന്നത്. നോമ്പ്, ഏകാദശി പോലെയുള്ള ആചാരാനുഷ്ഠാനങ്ങള്‍ ഈ വിധത്തില്‍ സമൂഹത്തിന്‍റെ ഭക്ഷണസംസ്കാരവുമായി ബന്ധപ്പെട്ട് രൂപംകൊണ്ട നിയന്ത്രണമെന്ന തത്വം മുന്നോട്ടു വയ്ക്കുന്ന ആചാരങ്ങളാണ് എന്ന് കരുതാം. എന്നാല്‍ അവ തന്നെയും പല അവസ്ഥകളിലും ലിംഗപരമായ അനാരോഗ്യകരമായ ജീവിത പരിസരങ്ങളെ സൃഷ്ടിക്കുന്നുണ്ട്. തിരുവാതിര പോലുള്ള വ്രതങ്ങള്‍ ഇതിന് ഉദാഹരണമാണ്. ഗുണവാനായ ഒരു പങ്കാളിയെ ലഭിക്കുന്നതിനായി സ്ത്രീകള്‍ മാത്രം ഭക്ഷണവും ഉറക്കവും ഉപേക്ഷിച്ച് ആചരിക്കുന്ന വ്രതമാണ് തിരുവാതിര. ഇത്തരം വ്രതങ്ങള്‍, അഥവാ നിലനിന്നു പോരുന്ന ആചാരങ്ങള്‍ ജനകീയവുമാണ്. അതിനാല്‍ത്തന്നെ കല, ജനകീയമായ കഥാപാത്രങ്ങളുടെ സൃഷ്ടിയില്‍ ഇത്തരം ആചാരാനുഷ്ഠാനങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തും. ആചാരരീതികള്‍ പിന്തുടരുന്ന ഒരു സ്ത്രീകഥാപാത്രം ജനങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യയാകുന്നതും അത്തരം രീതികളില്‍ ശ്രദ്ധയൂന്നാതെ കൂടുതല്‍ ആരോഗ്യകരവും ശാസ്ത്രീയവുമായ രീതികള്‍ പിന്തുടരുന്ന ഒരു സ്ത്രീകഥാപാത്രം അത്രതന്നെ ജനങ്ങള്‍ക്ക് സ്വീകാര്യയല്ലാതിരിക്കുന്നതിനും കാരണം ഇത്തരം ആചാരങ്ങളാല്‍ നിര്‍മിക്കപ്പെട്ട പൊതുബോധമാണ്. ഈ പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന ഘട്ടത്തില്‍ കല കൂടുതല്‍ ജനപ്രിയമാകുന്നു. എന്നാല്‍ അവ പലപ്പോഴും മനുഷ്യത്വവിരുദ്ധമായ ആശയങ്ങള്‍ കൈമാറുകയും ചെയ്യുന്നു.

ഹോം എന്ന സിനിമയില്‍ നിന്ന്

നേരത്തെ സൂചിപ്പിച്ചതുപോലെ, രോഗത്താല്‍ അവശയായ, ദൈന്യാവസ്ഥയിലുള്ള ഒരു സ്ത്രീ പൊതുബോധത്തിന് ഏറെ സാധാരണമായ ഒരു കാഴ്ചയാണ്. എന്നാല്‍ ആരോഗ്യവതിയായ ഒരു സ്ത്രീ അത്രതന്നെ സ്വീകാര്യയുമല്ല. അതുമൂലമാണ് കരയുന്ന സ്ത്രീകഥാപാത്രങ്ങള്‍ക്ക് ഇത്രമേല്‍ സ്വീകാര്യത ലഭിച്ചുപോരുന്നത്. സാഹിത്യത്തിലേക്ക് നോക്കുമ്പോഴും സ്ഥിതി വ്യത്യസ്തമല്ല. മാധവിക്കുട്ടിയുടെ ഏറെ ആഘോഷിക്കപ്പെട്ട കോലാട് എന്ന കഥതന്നെ ഉദാഹരണമായി കണക്കാക്കാവുന്നതാണ്. അവിടെ നിത്യവൃത്തികളാല്‍ രോഗിയായിത്തീര്‍ന്ന സ്ത്രീകഥാപാത്രത്തെ ശ്രദ്ധിക്കാം. രോഗാവസ്ഥ മാത്രമാണ് വായനക്കാര്‍ക്ക് അവര്‍ക്കുമേല്‍ സഹതാപം സൃഷ്ടിക്കുവാനായി ഉപകാരപ്പെടുന്നത്. അഥവാ, കോലാട് എന്ന കഥയിലെ സ്ത്രീ പൂര്‍ണാരോഗ്യവതിയായ ഒരുവളായിരുന്നെങ്കില്‍ അവര്‍ക്കുമേല്‍ വായനാസമൂഹത്തിന് ഇത്രമേല്‍ അനുകമ്പയുണ്ടായിരിക്കുമോ എന്നത് സംശയാസ്പദമാണ്. അവിടെ സൃഷ്ടിക്കപ്പെടുന്ന വികാരം, അവരുടെ ആരോഗ്യത്തെപ്രതിയല്ല. മറിച്ച്, ദൈനംദിനജോലികള്‍ മൂലം രോഗിയാക്കപ്പെട്ട ഒരു സ്ത്രീ എന്നത് സഹതാപാര്‍ഹയായ ഒരു കഥാപാത്രമാണ്. എന്നാല്‍ അവര്‍ തന്‍റെ ആരോഗ്യത്തെപ്രതി പിറ്റേന്ന് മുതല്‍ ജോലികളില്‍ നിന്ന് വിട്ടുനിന്നാല്‍ വായനക്കാരില്‍ സൃഷ്ടിക്കുന്ന പ്രതീതി വ്യത്യസ്തമായിരിക്കും. അനാരോഗ്യവതിയായ, കരയുന്ന സ്ത്രീയെയാണ് ജനപ്രിയ കലാരൂപങ്ങള്‍ക്കും അതിന്‍റെ ആസ്വാദകര്‍ക്കും ആവശ്യം. ആ രോഗം രൂപപ്പെടുന്നത് കുടുംബത്തിനു വേണ്ടിയുള്ള നിത്യാധ്വാനത്തില്‍ നിന്നുമാകണം. കണ്ണീര്‍ സീരിയലുകളുടെയും അടിസ്ഥാന തത്വശാസ്ത്രം ഇതുതന്നെയാണ്.

സിനിമാരംഗത്തേക്കു നോക്കുമ്പോഴും അടുത്ത കാലം വരെയും സ്ഥിതി ഏറെ വ്യത്യസ്തമായിരുന്നില്ല. എന്നാല്‍ സമീപകാലത്ത് സൃഷ്ടിക്കപ്പെട്ട പല സ്ത്രീകഥാപാത്രങ്ങളും താന്താങ്ങളുടെ ആരോഗ്യത്തെപ്രതി കുടുംബം ഉപേക്ഷിച്ചവരാണ്. കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലെ അമ്മ കഥാപാത്രം ഇതിന് കൃത്യമായൊരു ഉദാഹരണമാണ്. തന്‍റെ ആരോഗ്യത്തെ കണക്കിലെടുക്കാതെയുള്ള ഒരു നീക്കത്തിനും തയ്യാറാകാത്ത ഒരു സ്ത്രീകഥാപാത്രം അത്രയൊന്നും സാധാരണമല്ല.

എന്നാല്‍ അതിന് എതിരായി ഇന്നും ‘അമ്മ’ എന്ന അവസ്ഥയെ ഉപയോഗിച്ചുകൊണ്ട് സ്ത്രീകളെ മഹത്വത്തിലേക്കടുപ്പിക്കുന്നത് അവരുടെ കുടുംബത്തിനുവേണ്ടിയുള്ള കഷ്ടപ്പാടുകളും അതുമൂലമുണ്ടാകുന്ന അനാരോഗ്യവുമാണ്. ഈ മട്ടിലുള്ള ആഖ്യാനങ്ങള്‍ ഇന്നും ധാരാളമായിത്തന്നെ രൂപപ്പെടുന്നുണ്ട്. ഹോം എന്ന സിനിമ അതിന് ഒരു ഉദാഹരണമാണ്. ഈ സിനിമയിലെ കുട്ടിയമ്മ എന്ന കഥാപാത്രത്തിന് സിനിമയുടെ അവസാനം വരെയും നീതി ലഭിക്കുന്നില്ല. കുട്ടിയമ്മയുടെ ദൈന്യത മുന്നോട്ടു വയ്ക്കുന്നത്, ഈ കുടുംബമാണ്, കുടുംബത്തിനുവേണ്ടിയുള്ള അദ്ധ്വാനമാണ് അവരെ ഈ നിലയിലെത്തിച്ചത്, അതിനാല്‍ അവര്‍ തീര്‍ത്തും സഹതാപാര്‍ഹയാണ് എന്ന ആശയമാണ്. അവര്‍ അപ്പോഴും അര്‍ഹിക്കുന്നത് സഹതാപം മാത്രമാണ്, ആരോഗ്യപൂര്‍ണ്ണമായ ഒരു ജീവിതമല്ല. അഥവാ, കുട്ടിയമ്മ എന്ന കഥാപാത്രം പൂര്‍ണ ആരോഗ്യവതിയായിരുന്നെങ്കില്‍ അവര്‍ക്ക് ഈ സഹതാപവും പ്രേക്ഷകപക്ഷത്തു നിന്ന് ലഭിക്കുവാന്‍ സാധ്യത കുറവാണ്. ഇവിടെ രോഗം ഒരു ആഖ്യാനമാര്‍ഗ്ഗമാണ്.
രോഗമില്ലാത്ത സ്ത്രീയ്ക്കും രോഗമില്ലാത്ത പുരുഷനും പൊതുബോധം നല്‍കുന്ന വ്യാഖ്യാനം വ്യത്യസ്തമാണ്. പൂര്‍ണാരോഗ്യവതിയായ സ്ത്രീ എന്ന ചിത്രം എന്തുകൊണ്ടെല്ലാമോ പൊതുബോധത്തിന് സ്വീകാര്യമല്ലാത്തതാണ്. അഥവാ, സ്വന്തം ആരോഗ്യത്തില്‍ വേണ്ടതരത്തില്‍ ശ്രദ്ധ ചെലുത്തുന്ന സ്ത്രീ അസാധാരണവും കുടുംബാന്തരീക്ഷത്തില്‍ അസംഭ്യവുമാണെന്ന പൊതുബോധത്തെ ഇത്തരം കലകള്‍ ഊട്ടിയുറപ്പിക്കുന്നു. കുടുംബവ്യവസ്ഥ എത്രമാത്രം അനീതികളെയും ചൂഷണങ്ങളെയും സൃഷ്ടിക്കുന്നു എന്നത് ഇത്തരം കലകളില്‍നിന്ന് വായിച്ചെടുക്കാമെങ്കിലും ഇവ സൃഷ്ടിക്കുന്ന ചില ചിത്രങ്ങള്‍ അത്യന്തം അപകടകരമാണ്.

കുടുംബവ്യവസ്ഥയിലുള്‍പ്പെട്ട സ്ത്രീ സഹതാപാര്‍ഹയാകുന്നതിനുള്ള ഏക കാരണം അവരുടെ അനാരോഗ്യമാണ് എന്ന ആഖ്യാനമാണ് ഇവ സൃഷ്ടിച്ചെടുക്കുന്നത്. എന്നാല്‍ ആ അനാരോഗ്യം അഭിസംബോധന ചെയ്യപ്പെടുന്നത് ആരോഗ്യത്തെപ്രതിയല്ല. മറിച്ച്, കുടുംബവ്യവസ്ഥയിലെ ജീവിതം അനാരോഗ്യം സൃഷ്ടിക്കുന്നുവെന്നും, അതിനാല്‍ അവര്‍ സഹതാപം (ആരോഗ്യമല്ല) അര്‍ഹിക്കുന്നുവെന്നുമുള്ള തലത്തിലേക്കാണ് സ്ത്രീയുടെ അനാരോഗ്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. അതിനാലാണ് സ്ത്രീ ബഹുമാനിക്കപ്പെടേണ്ടത് എന്ന തരത്തില്‍ നിര്‍മിക്കപ്പെടുന്ന ആഖ്യാനം സ്ത്രീയെ കൂടുതല്‍ കൂടുതല്‍ കുടുംബവ്യവസ്ഥയിലേക്കും അനാരോഗ്യത്തിലേക്കുമല്ലാതെ മറ്റൊന്നിലേക്കും നയിക്കുന്നില്ല. ആരോഗ്യവതിയായ സ്ത്രീ ഇവിടെ സഹതാപാര്‍ഹമായ കുടുംബചിഹ്നമല്ല. അതിനാല്‍ രോഗിയായ സ്ത്രീയെ കല പ്രയോജനപ്പെടുത്തുന്നു.

സാമൂഹിക മാധ്യമങ്ങളില്‍ ഈ അവസ്ഥയുടെ വിവിധ രീതികളിലുള്ള പ്രതിപാദനങ്ങള്‍ കാണാനാകും. സാമൂഹിക മാധ്യമങ്ങള്‍ അടിസ്ഥാനപരമായി പ്രവര്‍ത്തിക്കുന്നത് കുമിളകള്‍ പോലെയുള്ള ഒരു പരിസരത്തിനകത്താണ് എന്നത് ഇവിടെ ഓര്‍ത്തുവയ്ക്കേണ്ട ഒരു വസ്തുതയാണ്. മാതൃദിനങ്ങളിലും വനിതാദിനങ്ങളിലും സാമൂഹിക മാധ്യമങ്ങളില്‍ കണ്ടുവരുന്ന ആശംസാചിത്രങ്ങള്‍ ഇവിടെ പ്രസക്തമാണ്.

ഈ അടുത്ത കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു ചിത്രമായിരുന്നു ഓക്സിജന്‍ മാസ്കുമിട്ട് ഒരു അമ്മ അടുക്കള ജോലികളിലേര്‍പ്പെടുന്നത്. ഈ ചിത്രം നിര്‍വ്വഹിക്കുന്ന ധര്‍മ്മം തന്നെയാണ് അത്രതന്നെ പ്രകടമായല്ലെങ്കിലും മുഖ്യധാരാ സാഹിത്യവും സിനിമകളും നിര്‍വ്വഹിക്കുന്നത്. ദൈന്യതയിലും കുടുംബത്തെപ്രതി അദ്ധ്വാനിക്കുന്ന അമ്മ എന്ന ചിത്രം ഏറെ ആഘോഷിക്കപ്പെടുന്നതും അപകടകരവുമാണ്. എന്നാല്‍ സാമൂഹിക മാധ്യമങ്ങളുടെ വരവോടെ ഇത്തരം രീതികള്‍ പലതും ചോദ്യം ചെയ്യപ്പെടാനും എതിര്‍ക്കപ്പെടാനും തുടങ്ങിയിട്ടുണ്ട് എന്നത് അംഗീകരിക്കേണ്ട വസ്തുത തന്നെയാണ്. ആര്‍ത്തവശുചിത്വം, പി എം എസ്, പോസ്റ്റ് പാര്‍ട്ടം ഡിപ്രെഷന്‍ പോലുള്ള വിഷയങ്ങള്‍ ധാരാളമായി ചര്‍ച്ചയില്‍ വരുന്നതും അത്തരം ചര്‍ച്ചകളില്‍ സാധാരണക്കാര്‍ പോലും പങ്കാളികളാകുന്നതും പ്രതീക്ഷ നല്കുന്നതുതന്നെയാണ്.

എന്നാല്‍ സാമൂഹിക മാധ്യമങ്ങളുടെ പ്രവര്‍ത്തനം പരിശോധിക്കുമ്പോള്‍ അടിസ്ഥാനപരമായി ഒരേ താല്പര്യക്കാര്‍ അടങ്ങുന്ന മറ്റൊരിടത്തെ സൃഷ്ടിച്ചു എന്നതാണ് വസ്തുത. ഇവിടെ, ഇത്തരം ചര്‍ച്ചകള്‍ രൂപപ്പെടുന്നതും സ്വാധീനം ചെലുത്തുന്നതും അവയില്‍ തത്പരരായ ഒരു കൂട്ടം വ്യക്തികള്‍ക്കുള്ളില്‍ മാത്രമാണ് എന്നത് സാമൂഹികമാധ്യമങ്ങള്‍ വഴിയുള്ള ചര്‍ച്ചകളുടെ ഫലപ്രാപ്തിയെ ചോദ്യം ചെയ്യുന്നു. എന്നാല്‍ത്തന്നെയും നീതിബോധത്തോടെയുള്ള ഇത്തരം ചര്‍ച്ചകള്‍ക്ക് നിലനില്‍ക്കാനാവശ്യമായ കൃത്യമായ ഒരു ഇടം രൂപപ്പെട്ടു വരുന്നുണ്ട്. ഇത് സാമൂഹിക മാധ്യമങ്ങള്‍ നല്‍കുന്ന ഒരു ശുഭസൂചന തന്നെയാണ്.

ഒരു സ്ത്രീ പരിപൂര്‍ണ സ്വതന്ത്രയാകണമെങ്കില്‍ അവര്‍ക്ക് സ്വന്തമായ വരുമാനവും പാര്‍പ്പിടവും ആവശ്യമാണ്. എന്നാല്‍ അതോടൊപ്പം തന്നെ പ്രധാനമാണ് ആരോഗ്യപൂര്‍ണമായ ഒരു ശരീരവും. ഏതു രീതിയില്‍ സൃഷ്ടിക്കപ്പെടുന്ന അനാരോഗ്യത്തെയും കൃത്യമായി ചികിത്സിക്കാനും വ്യക്തിക്ക് ആരോഗ്യപൂര്‍ണമായ മനസ്സും ശരീരവും നിലനിര്‍ത്തുവാനുമുള്ള സാഹചര്യം ഉണ്ടാവുക എന്നത് പ്രധാനമാണ്. അനാരോഗ്യത്തെയും അതുമൂലമുള്ള ദൈന്യാവസ്ഥകളെയും സ്ത്രീജീവിതത്തിന്‍റെ മഹത്വമെന്ന രീതിയില്‍ ചിത്രീകരിച്ച് ആഘോഷിക്കുന്ന പൊതുബോധം അത്യന്തം അപകടകരമാണ്. രോഗം ആഘോഷവസ്തുവല്ല.

ശരണ്യ പി. എസ്.
രണ്ടാം വര്‍ഷ എം.എ മലയാളം വിദ്യാര്‍ത്ഥിനി
വിമല കോളേജ്, തൃശൂര്‍

 

 

COMMENTS

COMMENT WITH EMAIL: 0