Homeവാസ്തവം

എവിടെ സ്ത്രീക്ഷേമം…?

സ്ത്രീകളുടെ ക്ഷേമത്തില്‍ കേരളം എവിടെനില്‍ക്കുന്നു എന്നത് നമ്മെ ആശയക്കുഴപ്പത്തിലേക്ക് തളളിവിടുന്ന ഒരു ചോദ്യമാണ്.വിദ്യാഭ്യാസവും തൊഴിലും സ്വാതന്ത്ര്യവും സ്വത്വബോധവും എല്ലാം നേടിയെടുക്കാവുന്ന സാഹചര്യം കേരളത്തിലുണ്ട് എന്നത് സത്യമാണ്.അതുകൊണ്ടാണല്ലോ അതിജീവിക്കാനും തുറന്നുപറയാനും സ്ത്രീകള്‍ മുന്നോട്ടുവരുന്നത്. അപ്പോള്‍ ഒരു ചോദ്യം ബാക്കി നില്‍ക്കുന്നു. സ്ത്രീകള്‍ക്കുമാത്രമേ വിദ്യാഭ്യാസം കിട്ടുന്നുള്ളോ? അതോ മറ്റുള്ളവരുടെ മേല്‍ വിദ്യയൊന്നും ഫലിക്കുന്നില്ലേ?അതിജീവിച്ചാലും തുറന്നുപറഞ്ഞാലും കൂടെനില്‍ക്കാന്‍ വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രം. ആളും തരവും നോക്കാതെ ശക്തമായ നിലപാടുള്ള ഒരു സര്‍ക്കാരിന്‍റെ പോരായ്മ അനുഭവപ്പെട്ടുതുടങ്ങിയിരിക്കുന്നു.പീഡനങ്ങളും ശ്രമങ്ങളും പുറത്തുവരുമ്പോള്‍ കൂടെനില്‍ക്കുന്നതല്ലല്ലോ അതിനുള്ള പരിഹാരം.
പണത്തിന്‍റെ പിന്നാലെ പോകാത്ത ഒരു സംവിധാനമെങ്കിലും ഇവിടുണ്ടോ എന്നു തിരയുകയാണ് ഞാന്‍.പെണ്ണിനെ കാണുമ്പോള്‍ കാമം വിരിയാത്ത എത്ര ആളുകള്‍ ഇവിടുണ്ട്? പലരും മീ ടു പുറത്തുവിട്ടാല്‍ പലര്‍ക്കും പുറത്തിറങ്ങാന്‍ കഴിയാതെവരും. അതിനര്‍ത്ഥം ഇവരൊക്കെ സഹിക്കുന്നു എന്നല്ല കേട്ടോ.സ്വതന്ത്രയായി പുറത്തിറങ്ങുന്ന ഓരോ പെണ്ണിനേയും ഇതൊക്കത്തന്നെയാണ് കാത്തിരിക്കുന്നത് എന്നാണ് തലമൂത്ത നടന്‍ മധു പോലും പറഞ്ഞത്. ഇവിടെ കവിയാണെങ്കിലും ഫെമിനിസ്റ്റാണെങ്കിലും നടിയാണെങ്കിലും അവരിലെ ശരീരം മാത്രമേ ഇവര്‍ക്കൊക്കെ കാണാന്‍ കഴുയുന്നുള്ളൂ.
നമ്മളെയൊക്കെ നന്നായിട്ടറിയാവുന്നവര്‍പോലും തുറിച്ചുനോക്കാനും മുട്ടിയുരുമ്മാനും മിനക്കെടുന്നതുകാണുമ്പോള്‍ പറഞ്ഞിട്ടെന്തുകാര്യം എന്നുതോന്നിപ്പോകും; പ്രതികരിക്കാന്‍വൈകിയെന്നും. സമത്വത്തിനുവേണ്ടി പെണ്‍കുട്ടികളുടെ തോളില്‍ കൈയിട്ടു നടക്കുന്ന ചില വിദ്വാന്‍മാരുണ്ട്.ആളില്ലാത്തയിടത്ത് സെക്സ് ആവശ്യപ്പടാനും തൊട്ടുംതലോടിയും സ്നേഹം പ്രകടിപ്പിക്കാനും ഇക്കൂട്ടര്‍ മറക്കാറില്ല.ഇവരുടെയൊക്കെ ലൈംഗിക ദാരിദ്ര്യം എനിക്കു മനസ്സിലാക്കാന്‍ കഴിയുന്നില്ല എന്നു പറയരുത്. മനസ്സിലാകുന്നുണ്ട്. ശരിക്കും മനസ്സിലാകുന്നുണ്ട്. രഹസ്യമായും പരസ്യമായും ദാരിദ്ര്യം പ്രകടിപ്പിക്കുന്ന ഇവരെ സൂക്ഷിക്കുക.അല്ലെങ്കില്‍ മനോനിലവീണ്ടെടുക്കാന്‍ കാലമേറെയെടുത്ത പല പെണ്‍കുട്ടികളുടേയുമൊപ്പം നിങ്ങളും ചേര്‍ക്കപ്പെടും.

ഡോ.ജാന്‍സി ജോസ്

 

 

 

 

 

COMMENTS

COMMENT WITH EMAIL: 0