നിറയെ നിലത്തെഴുത്തുകളും കൊടികളും തോരണങ്ങളും നിറഞ്ഞ കോളേജ് ഗ്രൗണ്ടില്‍ നിന്നും, ക്ലാസ് മുറിയില്‍ എത്തുന്ന പെണ്‍കുട്ടികളെയും കാത്തുനില്ക്കുന്ന സീനിയര്‍ ആണ്‍കുട്ടികള്‍… അവരുടെ ഇടയിലൂടെ നടന്നുനീങ്ങുന്ന പെണ്‍കുട്ടികളില്‍ ഒരുവളെ വഴി തടഞ്ഞു നിര്‍ത്തി കൊണ്ട് ഒരു ആണ്‍കുട്ടിയുടെ കമന്റ് ‘താടിയും മീശയും ഒക്കെ എന്നെക്കാള്‍ കൂടുതല്‍ ഉണ്ടല്ലോ…’ എല്ലാ ആണ്‍കുട്ടികളും അവളുടെ മുഖത്തേക്ക് തുറിച്ചു നോക്കുന്നു… ഒരു നിമിഷം പരിസരം മറന്നവള് പകച്ചു നിന്നു പോയി.
‘നീ എന്താ താടീം മീഷേം ഷേവ് ചെയ്തോ? ഇപ്പോ കൊള്ളാം…’ ഓണാവധി കഴിഞ്ഞു കോളേജില്‍ എത്തിയ ആ പെണ്‍കുട്ടിയോട് അതേ സീനിയര്‍ ആണ്‍കുട്ടിയുടെ കമന്റ്. ഇതു കേട്ടു നിന്ന ക്ലാസ്സിലെ മറ്റു വിദ്യാര്‍ത്ഥികളും സീനിയര്‍ വിദ്യാര്‍ത്ഥികളും അവളുടെ മുഖത്തേക്ക് സൂക്ഷ്മമായി നോക്കുന്നു. ഭൂമി തുരന്ന് താഴേക്ക് പോയാല്‍ നന്നായി എന്ന് അവള് ആഗ്രഹിച്ച നിമിഷങ്ങള്‍… തന്റെ മുഖത്ത് ഇതിനു മാത്രം താടിയും മീശയും വളര്‍ന്നു നിന്നിരുന്നോ എന്ന ചിന്തയില്‍ അവള് അടുത്ത കണ്ട ബഞ്ചിലേക്കു നീങ്ങി. വഴി തടഞ്ഞു കൊണ്ട് പിന്നേയും ചോദ്യങ്ങള്‍. ആ ചോദ്യങ്ങള്‍ ഒന്നു തന്നെ അവള് കേട്ടതേയില്ല.
***
പെണ് ഉടലിനെ ഇഞ്ചോടിഞ്ചു വിശകലനം ചെയ്തു അവലോകനം ചെയ്യുന്ന ആണ് സംഘങ്ങള്‍… ചില നിമിഷങ്ങളില്‍ ബുര്‍ക്ക ഒരു അവശ്യവസ്ത്രമായി എനിക്കു തോന്നിയിരുന്നു. സ്കൂളുകളിലും കോളജുകളിലും എന്നു വേണ്ട, പെണ് ഉടലുകള്‍ ചര്‍ച്ചയാകുന്ന വേദികള്‍ ബന്ധു സമാഗമങ്ങളില്‍ പോലും ഉണ്ട്. പലപ്പോഴും തല താഴ്ത്തി നടക്കേണ്ട സാഹചര്യങ്ങള്‍ അല്ലെങ്കില്‍ മാറുമറക്കേണ്ട സാഹചര്യം, മറവില്‍ ഒളിക്കാന്‍ ആഗ്രഹിക്കുന്ന കൗമാരക്കാര്‍ ഏറെ. ഉടലുകള്‍ മൂടി നടക്കുക; ഓരോ പെണ്മനസും ചൂണ്ട കൊളുത്തുകളില്‍ നിന്നും രക്ഷപെടാന്‍ കണ്ടെത്തുന്ന വഴി…
എന്തുകൊണ്ട് പെണ്‍കുട്ടികള്‍ക്ക് അവരുടെ ശരീരം മറക്കേണ്ടി വരുന്നു? മുഖസൗന്ദര്യവര്ദ്ധക വസ്തുക്കളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകേണ്ടി വരുന്നു? അവളുടെയുള്ളില്‍ സൃഷ്ടിക്കപ്പെടുന്ന ഭയം… സമൂഹത്തിന്റെ കണ്ണുകള്‍ തീക്ഷ്ണമായി പതിയാതിരിക്കുക എന്ന ചിന്ത… ഒരു മനുഷ്യ ശരീരത്തില്‍ ഉണ്ടാകുന്നതല്ലേ ഇതെല്ലാം, എങ്കിലും എന്തുകൊണ്ട് അവള് സമൂഹത്തില്‍ ദുര്‍വ്യാഖ്യാനിക്കപ്പെടുന്നു?
സ്ത്രീ സൗന്ദര്യം… ചില കുത്തകകള്‍ വ്യാഖ്യാനിക്കുന്ന സൗന്ദര്യം നേടാന്‍ മുന്നോട്ടു വരുന്നത് സമൂഹത്തെ മാത്രം ഭയന്നാണ്.
എന്റെ ഒരു ആണ് സുഹൃത്ത് ഒരു പെണ് സുഹൃത്തിന്റെ സൗന്ദര്യത്തെ വര്‍ണ്ണിച്ചത് ഇങ്ങനെയാണ്:- “അവരുടെ മുന്‍വശം ഫ്ലാറ്റ് എല്‍. ഇ. ഡി. ടിവി പോലെയാണ്.” ഒരാളെ പെണ്ണ് , ആണ് എന്നൊക്കെ പറയാന്‍ സമൂഹം ചില നിരീക്ഷണങ്ങള്‍ ഉണ്ടാക്കി വച്ചിട്ടുണ്ട്. അത്തരം മാനദണ്ഡങ്ങള്‍ക്ക് വെളിയില്‍ പോകുന്നവര്‍ സമൂഹത്തിന്റെ പരിഹാസത്തിനിരയാകുന്നു. മാറിടത്തിന്റെ വലുപ്പം നോക്കി, രോമവളര്‍ച്ച മുഖത്ത് അധികമുള്ളത് കൊണ്ട് ‘ശരിക്കും പെണ്ണ്’ തന്നെയാണോ എന്ന് സംശയം ഉണ്ട് എന്ന് പറഞ്ഞ സഹപാഠി ഉണ്ട് എനിക്ക്. ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് ഉണ്ടായ അനുഭവങ്ങളാണ് ഞാനിതുവരെ ഇവിടെ എഴുതിയത്.
പെണ്ണുടലിനെ കാഴ്ചയിലൂടെ ആസ്വദിക്കുകയും കണ്ണുകൊണ്ടു പോസ്റ്റ്മോര്‍ട്ടം ചെയ്യുകയും ചെയ്യുന്നവരുണ്ട്. ‘കാഴ്ചക്കസുഖകരമായ ഉടലുകളുള്ള സ്ത്രീകള്‍’ (വിമര്‍ശനകരമായ എന്നാല്‍ ഒഴിവാക്കാനാവാത്ത പ്രയോഗം)- പരിഹസിക്കപ്പെടേണ്ടവരല്ല. ഉയരം, നിറം, ശരീരത്തിന്റെയും അതിലെ അവയവങ്ങളുടെയും ആകാരം, വലിപ്പം,… എന്നിങ്ങനെ നിരവധിയായ കാര്യങ്ങള്‍ വെച്ചു ഒരു വ്യക്തിയെ പരിഹസിക്കുമ്പോള്‍ മനസ്സിലാക്കേണ്ടത് അത് തനിക്കു നേരെ ആയിരുന്നെങ്കില്‍ എത്ര വേദനാജനകമാണെന്നാണ്. പലപ്പോഴും ആളുകളെക്കുറിച്ചു അടയാളം പറയുമ്പോഴും ഇത് കേട്ടിട്ടുണ്ട്: കറുത്ത പെണ്‍കുട്ടി, തടിച്ച സ്ത്രീ… എന്നിങ്ങനെ. ഇത്തരം പ്രയോഗങ്ങള്‍ നെഗറ്റീവ് ആവുന്നത് ഈ നാമവിശേഷണങ്ങള്‍ വ്യക്തികളെ അപഹസിക്കാന്‍ ഉപയോഗിക്കുന്ന ആശയങ്ങളുടെ ഭാഗമാവുന്നതു കൊണ്ടാണ്. ബോഡി ഷെമിങ് നേരിടേണ്ടി വരുന്നത് പെണ്ണുടലുകള്‍ മാത്രമാണെന്ന് പറഞ്ഞു വെയ്ക്കുകയല്ല; മറിച്ചു, ഒരു സ്ത്രീയെന്ന നിലയിലുള്ള വ്യക്തിയനുഭവങ്ങള്‍ വിവരിക്കുകയായിരുന്നു.
പരിഹസിക്കുന്നവരും പരിഹസിക്കപ്പെടുന്നവരും മേല്പറഞ്ഞ ഉടലുകളുടെ സൗന്ദര്യ മാനദണ്ഡങ്ങള്‍ പുനഃ നിര്‍വചനം ചെയ്യണം. സമീപകാലത്തു സോഷ്യല്‍ മീഡിയയില്‍ വന്നു കൊണ്ടിരിക്കുന്ന പല ചര്‍ച്ചകളും ഇത്തരം ബോഡി ഷെമിങ്നെ അടപടലം വിമര്‍ശിക്കുന്നുണ്ട്. അത്തരം ചര്‍ച്ചകള്‍ക്ക് ലഭിക്കുന്ന പോസിറ്റീവ് റെസ്പോണ്‍സ് വളരെ പ്രതീക്ഷ തരുന്നു. ഒരു ഉദയം അധികദൂരയല്ലാതെ കാണുന്നു.
COMMENTS