സിനിമ കാഴ്ചക്കാരുടെ ദൃശ്യസംസ്കാരത്തെ പല രീതിയില്‍ ഉരുവപ്പെടുത്തുന്ന ഒരു മാധ്യമമാണ്. അതിലെ കഥ, കഥാപാത്രങ്ങള്‍, ദേശം, പ്ലോട്ട്, വസ്തുവകകള്‍, അങ്ങനെ പലതും കാഴ്ചയെ സ്വാധീനിച്ചും, കാഴ്ചയാല്‍ സ്വാധീനിക്കപ്പെട്ടുമിരിക്കുന്നു.സിനിമയില്‍ ‘ഭക്ഷണം’ എന്ന പരികല്‍പ്പനം മറ്റേതൊരു ആശയത്തെ പോലെയും, ഒരു സങ്കല്‍പ്പവും, കാലാനുസൃതമായി വ്യതിയാനപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു അവസ്ഥയുമാണ്. സിനിമയിലെ ഭക്ഷണ പ്രതിനിധാനങ്ങള്‍, അവയെ പ്രകടമാക്കുന്ന ഭാഷ, ബിംബങ്ങള്‍ എന്നിവ സമകാലിക സാമൂഹിക സാംസ്കാരിക യാഥാര്‍ഥ്യങ്ങളേയും, കാഴ്ചപ്പാടുകളേയും വ്യക്തമാക്കുന്നു. മലയാള സിനിമാ ഗാനങ്ങള്‍/ ഗാനരംഗങ്ങള്‍ അവയുടെ വരികളിലൂടെയും, ദൃശ്യങ്ങളിലൂടെയും, എങ്ങനെയാണ് സാമൂഹിക സാംസ്കാരിക വിനിമയ മാധ്യമങ്ങളായി മാറുന്നത് എന്നന്വേഷിക്കുന്നതിനുള്ള ഒരു ശ്രമമാണ് ഈ പഠനം. തിരഞ്ഞെടുത്ത മലയാള സിനിമ ഗാനങ്ങളില്‍ ഭക്ഷണം, അടുക്കള, രുചിയോര്‍മ്മകള്‍, തുടങ്ങിയ ബിംബങ്ങളിലൂടെ കാഴ്ചക്കാര്‍ക്ക് വെളിപ്പെടുത്തുകയും, മറച്ചുപിടിക്കുകയും ചെയ്യുന്ന ചില സാമൂഹിക-സാംസ്കാരിക രാഷ്ട്രീയ വ്യവഹാരങ്ങളുടെ വായനയാണ് ഇവിടെ നടത്തുന്നത്. സിനിമ പലപ്പോഴും ആണ്നോട്ടങ്ങളുടെയും, പുരുഷേച്ഛകളുടെയും, അധികാരത്തിന്റെയും, ഈറ്റില്ലമാകുമ്പോള് അതിലെ ഭക്ഷണ പരികല്പനകള് പൊളിറ്റിക്കല്‍ ആകുന്നുവെന്നു കാണുവാന്‍ സാധിക്കും.
സിനിമയിലെ ഭക്ഷണപ്പാട്ടുകളെ മൂന്നായി തരം തിരിക്കാം. 1. സ്ക്രീനില്‍ ഭക്ഷണം, അതുമായി ബന്ധപ്പെടുന്ന വസ്തുക്കള്‍, വ്യക്തികള്‍, എന്നിവയും; വരികളില്‍ ഭക്ഷണ പരാമര്‍ശങ്ങളും കാണുവാന്‍ സാധിക്കും: ‘ഓ….. പ്ലാത്തൂരേ ശിവന്റമ്പലത്തിന്റടുത്തുള്ള വീട് പ്ലാഞ്ചോട്… ‘ (കുട്ടന്‍പിള്ളയുടെ ശിവരാത്രി ), ‘കുട്ടി ദോശ റവ ദോശ…’ (കമ്മത്ത് ആന്റ് കമ്മത്ത്), 2. ചില ഗാനങ്ങളില്‍ ഭക്ഷണ പരാമര്‍ശങ്ങളുണ്ടെങ്കിലും അവയെ ദൃശ്യവല്ക്കരിക്കാറില്ല: ‘കപ്പ കപ്പ…’ (ബാച്ചലേഴ്സ് പാര്‍ട്ടി), ‘കണ്ടോ നിന്റെ കണ്ണില്‍…’ (സണ്‍ഡേ ഹോളിഡേ) 3. മറ്റു ചില ഗാനങ്ങളില്‍ ഭക്ഷണം ദൃശ്യപ്പെടുന്നുണ്ടെങ്കിലും വരികളില്‍ ഭക്ഷണത്തിന്റെ സൂചനകള്‍ ഉണ്ടാകാറില്ല: ‘പരിമിത നേരം…’ (മധുരം), ‘പറയാതെ വന്നെന്…’ (ബ്രോ ഡാഡി ). ഇപ്രകാരം തരം തിരിക്കപ്പെട്ട ഗാനങ്ങളില്‍ ഭക്ഷണം ഒരു ഏജന്‍സി ആയി മാറുകയാണ്. അത് ദേശം, സംസ്കാരം, ഗൃഹാതുരത്വം, ലിംഗപരത, ഉപഭോഗം, സമകാലികത,അധികാരം എന്നിവയുമായി ചേര്‍ത്തും പേര്‍ത്തും വായിക്കപ്പെടുന്നു.
എന്താണ് ഭക്ഷണം? റൊളാങ് ബാര്‍ത് ഇതിനു നല്കുന്ന ഉത്തരം ഇപ്രകാരമാണ്, “അത് സ്ഥിതിവിവര കണക്കുകള്‍ക്കോ പോഷകാഹാര പഠനങ്ങള്‍ക്കോ ഉപയോഗിക്കാവുന്ന ഉല്പന്നങ്ങളുടെ ഒരു ശേഖരണം മാത്രമല്ല. അത് ആശയ വിനിമയത്തിനുള്ള ഒരു വ്യവസ്ഥയും, സങ്കല്‍പ്പങ്ങളുടെ ചട്ടക്കൂടും, ആചാരങ്ങളുടെയും, അവസ്ഥകളുടെയും, പെരുമാറ്റങ്ങളുടെയും, ആചാരമര്യാദാസംഹിതയും ആണ് (24).’ അതായത് ഭക്ഷണം ഒരു വിഷയമാണ്, അത് ഒരു ബിംബമാണ്, അങ്ങനെ അത് ഒരു വ്യവസ്ഥയുമാണ്. ആണധികാരം സ്വായത്തമാക്കിയ ഒരു സമൂഹത്തില്‍, പുരുഷ മേല്‍ക്കോയ്മ അടിച്ചേല്പിക്കപെടുന്നത് പലപ്പോഴും ഭാഷയിലൂടെയും കാഴ്ചയിലൂടെയുമാണ്. അതിന്റെ ബഹിര്‍സ്ഫുരണങ്ങളാണ് ചലച്ചിത്രഗാനങ്ങളും. ചിത്രവും, ഗാനവും ചേരുമ്പോള്‍ അവിടെ കാഴ്ചയും ഭാഷയും ഉണ്ട്. എന്നാല്‍ നമ്മുടെ (പ്രേക്ഷകന്റെ കാഴ്ചയുടെ ഭാഷയെ നിശ്ചയിക്കുന്നത് ഇത്തരം പരികല്പനകളാണ്. )
ഭക്ഷണം പെണ്ണുടലുമായി ചേര്‍ത്ത് വായിക്കുമ്പോള്‍ മലയാള സിനിമയില്‍ ഭക്ഷണത്തിന്റെ പ്രതിനിധാനങ്ങളും പരികല്പനകളും പെണ്ണിനേയും, അവളുടെ സ്വത്വത്തെയും, ഉടലിനെയും പലപ്പോഴും കാഴ്ചവസ്തുക്കള്‍, കച്ചവട സാമഗ്രി, ഉപഭോഗ വസ്തു എന്നിവയൊക്കെ ആയിയാണ് കരുതുന്നത്. എപ്രകാരം ഭക്ഷണം അല്ലെങ്കില്‍ ആഹാരം അത് ആഹരിക്കുന്ന ആളിന്റെ വയര്‍ നിറക്കുന്നുവോ, വിശപ്പകറ്റുന്നുവോ, പെണ്ണുടലിനെ ദൃശ്യവല്‍ക്കരിക്കുമ്പോള്‍, ആ കാഴ്ചകളും, വരികളും, ഭോജ്യവികാരങ്ങള് ഉണ്ടാക്കുകയും, പലയാവര്‍ത്തി അത്തരം അനുഭവങ്ങളും, കാഴ്ചകളും അനുഭവിക്കുമ്പോള്‍ അത് ഒരു സ്വാഭാവിക ക്രമമായി മാറുകയും ചെയ്യുന്നു, അങ്ങനെ ഒരു വ്യവസ്ഥ രൂപികരിക്കപ്പെടുന്നു.
മലയാള സിനിമയില്‍ ഇപ്രകാരം സ്വാഭാവികമാക്കപ്പെട്ടിട്ടുള്ള പരികല്പനകള് പെണ്ണുടലിനെയും, അവളുടെ സ്വത്വത്തെയും ദൃശ്യവല്ക്കരിക്കുന്നതു എങ്ങനെയെന്ന് നോക്കാം. വേനലില്‍ ഒരു മഴ എന്ന സിനിമയിലെ അതി പ്രശസ്തമായ “അയല പൊരിച്ചതുണ്ട്” എന്ന ഗാനം ഒന്ന് നോക്കാം. ഗാനരംഗത്തു ദൃശ്യമാകാത്ത അയല പൊരിച്ചതും, കരിമീന്‍ വറുത്തതും കൊടംപുളിയിട്ടു വെച്ച ചെമ്മീന്‍ കറിയും, തുമ്പപ്പൂ നിറമുള്ള ചെറുമണിച്ചോറും, ഉപ്പിലിട്ട മാങ്ങയും, ഒക്കെ ഒരുക്കി കാമുകി തന്റെ കാമുകനെ ക്ഷണിക്കുന്നു. മലയാളികള്‍ കൊതിയോടും രുചിയോടും കഴിക്കുന്ന ഒരു നാടന്‍ ഊണിന്റെ രുചിയുടെയും, സമൃദ്ധിയുടെയും സുദീര്‍ഘമായ ഒരു വര്ണനയാണിവിടെ. മലയാളത്തില്‍ പിന്നീട് വന്ന പല ആഹാരപ്പാട്ടുകളും ഇതിനോട് ചേര്‍ത്ത് വായിക്കുന്നതാണ്. ഏറ്റവും രുചികരമായ വിഭവങ്ങളുടെ അവയുടെ ശ്രവ്യതയെയും രുചിയേയും പ്രൊജക്ട് ചെയ്യുന്നു. ഇവിടെ വിവരിച്ചിരിക്കുന്ന വിഭവങ്ങള്‍ ആകര്‍ഷണ വസ്തുക്കളാണ്, അവയെ കാമുകന്റെ മുന്പില് അവതരിപ്പിക്കുന്നതിലൂടെ കാമുകി വെളിപ്പെടുത്തുന്നത്; ഭക്ഷണം ആസ്വദിക്കാനുള്ളതാണെന്നും അതിനാല്‍ അതില്‍ അഭിരമിക്കുകയും ചെയ്യണമെന്നുമാണ്. അപ്പോള്‍ ഭക്ഷണം ഒരു ഭോഗവസ്തു ആയി മാറുന്നു. ഭക്ഷണം ഒരു agency ആയി ഉപയോഗിക്കുന്ന കാമുകി ഒരു വശീകരിക്കുന്ന ഏജന്റ് ആയി മാറുന്നു. എന്റെ കൈവശം ഇതെല്ലാമുണ്ട് എന്ന് പറഞ്ഞു കാമുകനെ ക്ഷണിക്കുന്ന കാമുകി ഓരോ ഭക്ഷ്യ വിഭവങ്ങളെയും ഭോഗവസ്തുക്കളായി തന്റെ കാമുകന്റെ മുന്പില് വിവരിക്കുമ്പോള്‍ ഇന്ദ്രിയങ്ങളാല്‍ ആസ്വദിക്കേണ്ടുന്ന ഭക്ഷണത്തെ കൊതി, രുചി, എന്നീ ചോദനകളിലൂടെയാണ് പ്രകടമാക്കുന്നത്. എന്നാല്‍ പിന്നീട് വന്ന പല ഗാനങ്ങളിലും ഭക്ഷണത്തെ ശരീരമായും , അതിനെ ഒരു വസ്തുവായും അങ്ങനെ നോട്ടമേല്ക്കുന്ന ശരീരം ഒരു വസ്തുവാകുകയും ചെയ്യുന്നിടത്തു കാഴ്ചക്കാര്‍ക്ക് ലഭിക്കുന്ന കാഴ്ചരതി എന്ന തലത്തിലേക്കും പരിണമിക്കുന്നു.
ബാച്ചലേഴ്സ് പാര്‍ട്ടി എന്ന സിനിമയിലെ ഹെല് സോങ് സണ്‍ഡേ ഹോളിഡേ എന്ന സിനിമയിലെ പബ് സോങ് എന്നിവ ഇതിനു ഉദാഹരണങ്ങളാണ്. ഭക്ഷണം നല്കുന്ന തൃപ്തി, നിര്‍വൃതി, സന്തോഷം എന്നിവ രണ്ടു തരത്തിലാകാം. അത് നമ്മുടെ കാഴ്ചക്ക്/ നോട്ടത്തിനു സുഖം പകരാം, അല്ലെങ്കില്‍ നമ്മുടെ സുഖാനുഭവങ്ങളെ ഉത്തേജിപ്പിക്കാം. ഭക്ഷണവും അതുമായി ബന്ധപ്പെടുന്ന വ്യക്തിയും transfer ചെയ്യുന്ന കാഴ്ചരസങ്ങള് ഭക്ഷണത്തെ അതീന്ദ്രിയ തലത്തിലേക്ക് ഉയര്‍ത്തുകയും ഉണര്‍ത്തുകയും ചെയ്യുന്നത് പോലെ അത് കാണുന്ന വ്യക്തിയെയും സുഖിപ്പിക്കുന്നു. ‘ കപ്പപ്പുഴുക്ക്/ ചക്ക വരട്ടി” എന്ന ഗാനം ഭോഗവസ്തു/ഭോഗം എന്നീ ദ്വന്ദ്വങ്ങളെ ബന്ധിപ്പിക്കുന്നു. നരകത്തില്‍ നൃത്തം ചവിട്ടുന്ന ഒരു സംഘം ആണ്‍പെണ്‍ ശരീരങ്ങള്‍ക്കു കപ്പപ്പുഴുക്കും ചക്ക വരട്ടിയതും ഭോഗവസ്തുക്കള്‍ ആകുമ്പോള്‍ പ്രേക്ഷകര്‍ അവ നൃത്തം ചവിട്ടുന്നവരുടെ ശരീരങ്ങളോടും നോട്ടങ്ങളോടും ചേര്‍ന്നാണ് വായിക്കുന്നത്. ആണ്‍നോട്ടങ്ങളാണ് ഈ ഗാനത്തിലുടനീളം വ്യക്തമാകുന്നത്. ‘ സ്ത്രീകള്‍ തങ്ങളുടെ പരമ്പരാഗതവും പ്രകടനപരവുമായ പങ്കുകളാല് ഒരേ സമയം നോട്ടമേല്ക്കപെടുകയും, പ്രദര്ശനവസ്തുവാക്കപ്പെടുകയും ചെയ്യുന്നു, അവരുടെ ആകാരത്താല്‍ ശക്തമായ ദൃഷ്ടിഗോചരവും രതിജന്യവുമായ രഹസ്യചിഹ്നങ്ങളാല് ക്രോഡീകരിക്കപ്പെട്ടിട്ടുള്ളതു അവരുടെ നോട്ടമേല്ക്കപ്പെടലിനെയാണ് സൂചിപ്പിക്കുന്നത്,” (808-809, 1975 ) എന്ന് ലോറ മല്‍വി പറയുന്നത് ഇവിടെ ചിന്തനീയമാണ്.
ഇതേ മാതൃകയില്‍ വാര്ക്കപ്പെട്ടിട്ടുള്ള മറ്റൊരു ഗാനമാണ് സണ്‍ഡേ ഹോളിഡേ എന്ന ചിത്രത്തിലുള്ളത്. “കണ്ടോ നിന്റെ കണ്ണില്‍”എന്ന ഗാനം, പ്രത്യേകിച്ച് ഒരു അര്‍ത്ഥമോ സാഹചര്യം ആവശ്യപ്പെടുന്ന ഒരു നിമിത്തമോ അല്ലെങ്കില്‍ കൂടെ, “ആ കവിളത്തെ പിഞ്ഞാണത്തില്‍/ മോരില്‍ മുങ്ങിയ” എന്ന് ചോദ്യവും, “നിന് ചട്ടികളില്‍ ഒരു ചീലാവായി എന്നും നീന്താന്‍ തോന്നുന്നതും,” / ‘ഒട്ടിച്ചേരും നെയ്ച്ചോറായി നമ്മള്’ എന്ന് പാടുമ്പോഴുമെല്ലാം ശരീരത്തെ വ്യവഹാര വ്യവസ്ഥകള്‍ അല്ലെങ്കില്‍ പാത്രങ്ങളാക്കുക എന്ന രാഷ്ട്രീയമാനം കൂടി അവിടെ കൈവരിക്കുന്നുണ്ട്. സാധാരണയായി തമിഴ് ചലച്ചിത്ര ഗാനങ്ങളില്‍ വളരെയധികം പ്രയോഗിച്ചിട്ടുള്ള ഈ രീതി മലയാളചലച്ചിത്ര ഗാനങ്ങളുടെ സൂക്ഷമാവലോകനത്തിലൂടെ വ്യക്തമാകും. ചട്ടി, ചീലാവ്, നെയ്ച്ചോറ്, എന്നീ പരാമര്‍ശങ്ങള്‍ ശരീരം/വസ്തു എന്നീ ദ്വന്ദ്വങ്ങളെ സൂചിപ്പിക്കുന്നു.
ചെമ്പാവ്, പുന്നെല്ല് , നെല്ലിക്ക, മണ്ണപ്പം, തുടങ്ങിയ ചില പ്രതീകങ്ങള്‍ ഗ്രാമം, കുട്ടിക്കാലം, ഗതകാലം, നഷ്ടസ്വപ്നങ്ങള്‍, എന്നീ images പ്രേക്ഷകനിലേക്കു കൊണ്ടുവരുന്നു. ഇബിലീസ് എന്ന സിനിമയില്‍ തന്റെ കാമുകിക്ക് നെയ്യപ്പത്തിന്റെ മണമാണെന്നാണ് കാമുകന് അദ്ദേഹത്തിന്റെ മുത്തശ്ശനോട് പറയുന്നത്. ഇത് പോലെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന വിഭവങ്ങളാണ് സുലൈമാനിയും (ഉസ്താദ് ഹോട്ടല്‍), ചെമ്പാവ് പുന്നെല്ലിന്‍ ചോറും. മലയാളിയുടെ ഭക്ഷണ ശീലങ്ങളെ വ്യക്തമാക്കുന്നുണ്ടെങ്കിലും “ചെമ്പാവ് പുന്നെല്ലിന്‍ ചോറും” എന്ന ഗാനം ആണ്‍പെണ്‍ ദ്വന്ദ്വങ്ങളെ ഭക്ഷണത്തോട് ബന്ധപ്പെടുത്തുന്നത്, ആണധികാര വ്യവസ്ഥിതിയുടെ ലിംഗപദവി പ്രതീക്ഷകളെ വെളിപ്പെടുത്തുന്നതിലൂടെയാണ്; ‘ മുളകരച്ചൊരുക്കിയ പരല്മീനിന് കറി കൂട്ടീട്ടെരിവ്കൊണ്ടിടം കണ്ണ് തുടിച്ചവനെ” എന്ന് അവനെ പറ്റി പാടുമ്പോള്‍, അവളെ പറ്റി പാടുന്നത് ‘ പഴം പുളിശ്ശേരി ചാറില്‍ പിടിക്കുമ്പോള്‍ വഴുക്കണ മധുരമാം പഴം പോലെ വലക്കുന്നോളെ” എന്നാണ്. എത്ര മാത്രം vulnerable ആണ് അവള് എന്ന് നോക്കൂ. അവള് വലക്കുന്നവളും ആണ്. മറ്റൊരു ഉത്തരവാദിത്തം കൂടി ആണധികാര വ്യവസ്ഥിതിയുടെ അധീശത്വ പ്രതീക്ഷകളില്‍ ഉണ്ട്, ചൂടു കഞ്ഞി കുടിക്കുമ്പോള്‍ വിയര്പ്പാറ്റാന് അടുത്ത് വായോ” എന്ന് വിളിക്കുമ്പോള്‍ വിഭവ സമൃദ്ധമായ സദ്യ ഒരുക്കി മച്ചുനനെ ഊണിനു ക്ഷണിക്കുന്ന കാമുകിയുടെ അതേ റോള്‍ തന്നെയാണ് പെണ്ണില്‍ നിന്നും സമൂഹം പ്രതീക്ഷിക്കുന്നത്.
എന്നാല്‍ ഒരു നാടിനെയോ ദേശത്തെയോ ചലച്ചിത്രഗാനത്തിലൂടെ രേഖപ്പെടുത്തുമ്പോള്‍ കുറെ കൂടെ തുറവിയും വിശാലതയും ദര്‍ശിക്കാവുന്നതാണ്. ഉദാഹരണമായി അങ്കമാലി ഡയറീസ് എന്ന സിനിമയില്‍ “തമരടിക്കുന്ന കാലമായെടി തിയ്യാമേ” എന്ന ഗാനത്തില്‍ അങ്കമാലി എന്ന ഭൂപ്രകൃതിയെ അവിടുത്തെ ആഘോഷങ്ങള്‍, വിരുന്നുകള്‍, ആഹാരശീലങ്ങള്‍, കൂട്ടായ്മകള്‍, സുരപാന സദസ്സുകള്‍ എന്നിവയിലൂടെ കാണാം. എന്നാല്‍ നായകന് വന്നു പോകുന്ന നായികമാരെ നോക്കുമ്പോള്‍ അവരുടെ ബന്ധങ്ങളെ സൂചിപ്പിക്കാനായി കൊടുക്കുന്ന വിശേഷണം പോലും, “പെപ്പേയും സീമയും കുഞ്ചുവിന്റെ കടയിലെ കപ്പയും മുട്ടയും പോലെ ഉദാത്ത ചേര്‍ച്ച എന്നാണ്. ആണ്‍പെണ്‍ ബന്ധങ്ങളെ ഭക്ഷണചേര്ച്ച (ഫുഡ് കോമ്പോ) ആയി പരിഗണിക്കപ്പെടുമ്പോള്‍ കപ്പയും മുട്ടയും എന്ന ജോഡി ഒരു പ്രത്യേക ഭൂപ്രകൃതിയിലെ ആളുകളുടെ ഇഷ്ടഭോജ്യമാണ്. ഭൂപ്രകൃതി മാറുന്നതനുസരിച്ചു രീായീ ചേരുവകള്‍ വ്യത്യാസപ്പെടാം. കഥയില്‍ രണ്ടിലധികം കാമുകിമാര്‍ പല കാലഘട്ടത്തിലായി വന്നു പോകുന്നുണ്ട് പെപ്പെക്ക്, അപ്പോള്‍ ആ ബന്ധങ്ങളെല്ലാം ഓരോ തരം കോമ്പോ ആണ്. കപ്പ-മുട്ട, കപ്പ-മീന്‍, കപ്പ-ബീഫ്, കപ്പ-മുളക്, ഇങ്ങനെ വ്യത്യസ്തമായ ജോഡികളില്‍ കപ്പ ഒരു അവിഭാജ്യ ഘടകമായതു പോലെ ഒന്നിലധികം കാമുകിമാര്‍ ഉണ്ടായിരുന്ന പെപ്പെയുടെ വര്‍ദ്ധിത ആണത്തം (ഹൈപ്പര്‍ മാസ്കുലിന്‍) ഇവിടെ വ്യക്തമാകുന്നു.
അങ്ങനെ ഭക്ഷണമെന്ന ജൈവവ്യവസ്ഥ, മാറുന്ന കാലത്തിനനുസരിച്ചു വ്യത്യസ്തങ്ങളായ കര്‍മ്മങ്ങളനുഷ്ഠിക്കുന്നു. എന്നാല്‍ മാറുന്ന കാലത്തിനനുസരിച്ചു മാറാത്ത ജെന്റര്‍ എക്സ്പെക്റ്റേഷനെയും ആധീശത്വ ആണധികാര പ്രത്യയശാസ്ത്രത്തെയും പൊളിച്ചടുക്കുകയാണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് എന്ന ചലച്ചിത്രം ചെയ്തത്. ഇവിടെ അടുക്കളയും, തീന്മേശയും ലിംഗപദവി ഇടമായി ആണ്. ഈ ഇടങ്ങളെ പെണ്ണുടലുമായി വായിച്ചെടുക്കുകയാണ് സിനിമയില്‍. സദാ കത്തിക്കൊണ്ടിരിക്കുന്ന അടുപ്പ്, അടുക്കളയിലെ വിഭവപ്പെരുമ, തീന്മേശയിലെ എച്ചില് തുടങ്ങിയ ബിംബങ്ങള്‍ പെണ്ണുടല്‍, ലിംഗ വ്യക്തിത്വം, പെണ്ണിടം, സ്വത്വ പ്രതിസന്ധി എന്നിവയെ പ്രശ്നവത്കരിക്കുന്നു.
ഉത്തമയായ ഭാര്യ പാചകം നിര്‍ബന്ധമായും അറിഞ്ഞിരിക്കണം എന്ന ‘കുലസ്ത്രീ’ ചിന്തയും, ഗൃഹഭരണം, ഗൃഹലക്ഷ്മി,തുടങ്ങിയ നിര്‍വ്വചനങ്ങളും സമൂഹം, സ്ത്രീയില്‍ നിന്നും പ്രതീക്ഷിക്കുന്ന ചില gendered expectations ആണ്. സമകാലിക മലയാള സിനിമയില്‍ പാചകം ചെയ്യുന്ന പുരുഷന്മാര്, പാചകം, തൊഴിലോ, വിനോദമോ ആക്കിയിട്ടുള്ളവര്‍ ഉണ്ടെങ്കിലും, പുതിയ കുപ്പിയിലെ പഴയ വീഞ്ഞെന്നോണം വീട്ടാളുകളും ബഹു ചുമതല നിര്‍വ്വാഹകരും സംരഭകരും ഒക്കെ ആയ ഭാര്യമാരും മറ്റൊരു വശത്തു പെരുകുന്നുണ്ട്. ഈ കാഴ്ചപ്പാടിനെ വിമര്‍ശിക്കുന്ന സിനിമയാണ് മധുരം. രണ്ടു വ്യക്തികള്‍ തമ്മിലുള്ള ആത്മബന്ധത്തെ ഊട്ടിയുറപ്പിക്കുന്നതോടൊപ്പം ഭാര്യാഭര്‍ത്തൃബന്ധം സുഗമമാക്കുന്നതിന് ഭാര്യ ഒരു പാചക വിദഗ്ദ്ധ ആയെങ്കില്‍ മാത്രമേ സാധിക്കുകയുള്ളു എന്ന ‘കുലസ്ത്രീ’ കാഴ്ചപ്പാടിനെ ഇവിടെ വിമര്‍ശിക്കുന്നു.
എങ്കിലും മലയാളസിനിമാഗാനങ്ങളില്‍ ആണധികാരങ്ങളും ആണ്‍നോട്ടങ്ങളും പ്രകടമാകുന്നത് ഒരു വ്യത്യസ്ത രീതിയിലാണ്. പുരുഷന് പാചകം ചെയ്യുമ്പോള്‍ അത് ഒരു പ്രാഗല്ഭ്യം ആയി കരുതുകയും, അയാള്‍ ഇടപെടുകയും പാചകം ചെയ്യുകയും ചെയ്യുന്ന ഇടങ്ങള്‍ exoticise ചെയ്യപ്പെടുകയും ചെയ്യുന്നു (എന്റെ മെഴുതിരി അത്താഴങ്ങള്‍). അടുക്കള ഒരു ലിംഗപദവി ഇടമായിമാറുന്നതോടൊപ്പം പുരുഷന് പാചകം ചെയ്യുമ്പോള്‍ അതിന്റെ ‘ആഘോഷവും’, സ്ത്രീ പാചകം ചെയ്യുന്നതിന്റെ ‘ദൈനംദിനകതയും’ പല സിനിമ ഗാനങ്ങളിലും വായിക്കുവാന്‍ സാധിക്കും.
ബ്രോ ഡാഡി എന്ന സിനിമയില്‍ ആധുനിക ത്വരിതയുഗവും, ചെറുപ്പക്കാരുടെ ആഹാരശീലങ്ങളും ദൃശ്യവത്കരിക്കുന്നതോടൊപ്പം മറ്റൊരു തലമുറ ഈ വേഗതയെ എങ്ങനെ സ്വന്തമാക്കുന്നു എന്നും വ്യക്തമാക്കുന്നുണ്ട്. വിശാലമായ ഓപ്പണ്‍ കിച്ചണില്‍ ചൂട് ഇടിയപ്പം ചുട്ട് ഭര്‍ത്താവിനെ പരിപോഷിപ്പിക്കുന്ന ഭാര്യയും ഭാര്യ ഗര്‍ഭവതി ആകുമ്പോള്‍ മേശ നിറയെ വിഭവങ്ങളൊരുക്കി ഭാര്യയെ സ്നേഹിക്കുന്ന ഭര്‍ത്താവും ഇടപെടുന്ന ഭക്ഷണം അതിന്റെ തനതു സ്വഭാവമായ, വിശപ്പ്, രുചി,കൊതി,ആകാംഷ എന്നിവയില്‍ നിന്നുമകന്ന് സമ്പത്തു, ആര്‍ഭാടം, സുലഭ്യത, എന്നീ സ്വഭാവങ്ങള്‍ കൈവരിക്കുന്നു. മേശ നിറയെ വിഭവങ്ങള്‍ ഉണ്ടെങ്കിലും ക്യാമറ ഫോക്കസ് ചെയ്യുന്നത് നായകന്റെയും നായികയുടെയും മുഖഭാവങ്ങളിലേക്കാണ്, നായകന് നളനായും, അപാരമായ കഴിവുള്ളവനായും, അതില്‍ ഭാര്യ അഭിമാനിക്കുകയും ചെയ്യുമ്പോള്‍ അതും മറ്റൊരു തരം ആഹ്ലാദിക്കല്‍ ആകുന്നു. റിലീസ് ചെയ്യാനിരിക്കുന്ന തല്ലുമാല എന്ന സിനിമയിലെ “കണ്ണില്‍ പെട്ടോളെ” എന്ന പാട്ടിലെ വരികള്‍ ഇങ്ങനെ പോകുന്നു. ‘ അള്ളാ ആണേ നിന്നെ കണ്ടാല്‍, മോരും കാച്ചി തേങ്ങാച്ചോറില്‍ ബീഫും കൂട്ടി സേമിയ പായസം തന്നൊരു കിക്കില്‍ കണ്ടൊരു നിന്നെ,” അങ്ങനെയങ്ങനെ ആണ് ആഗ്രഹങ്ങള്‍.
ഇപ്രകാരം മലയാള സിനിമ ഗാനങ്ങള്‍ പലപ്പോഴും ലിംഗവ്യത്യാസങ്ങള്‍ ഭക്ഷണപ്രതിനിധാനങ്ങളിലൂടെ പ്രകടമാക്കാറുണ്ട്. “ഉണ്ണിമധുരം” നാമോര്‍ക്കുന്നതു നായകന്റെ കണ്ടുപിടിത്തമെന്ന രീതിയിലും, ദോശപ്പെരുമയും, ചക്കയുടെ മഹത്വവും നാമോര്‍ക്കുന്നതു അത് ദൃശ്യലോകത്തു പ്രകടിപ്പിച്ച നായകന്മാരിലൂടെയുമാണ്. എന്നാല്‍ നായികയെയും പെണ്ണുടലിനെയും പ്രകടിപ്പിക്കുന്ന ഭക്ഷണം സിനിമയില്‍ ദൃശ്യവത്കരിക്കുമ്പോള്‍ അത് ശരീരത്തെയും, ഭോഗത്തെയും,ലൈംഗികതയെയും, പെണ്ണുടലിന്മേലുള്ള ആണധികാരത്തെയും വ്യക്തമാക്കുന്നു. സിനിമയില്‍ ഭക്ഷണം വിശപ്പകറ്റാന്‍ മാത്രമല്ല, പെണ്ണുടലിനെ, കാമനകളെ, ആസക്തികളെ ഒക്കെ വ്യക്തമാക്കാന്‍ കൂടിയാണ്. ഭക്ഷണം വിശപ്പകറ്റുന്ന, രുചി പകരുന്ന വസ്തു എന്നതിലുപരിയായി പുരുഷകാമനകളെ പ്രകടിപ്പിക്കുന്ന, പെണ്ണുടലിനെ ഭോഗവസ്തുവാക്കുകയും , ആഹരിക്കുകയും ചെയുന്ന ക്യാമറ കണ്ണുകളിലൂടെ കാണുവാനും മലയാള ചലച്ചിത്ര ഗാനങ്ങള്‍ വഴിയൊരുക്കുന്നു.
ഗ്രന്ഥസൂചി
Barthes, Roland. “Towards a Psychosociology of Contemporary Food Consumption.” Annals, Economies, Societies, Civilizations. No 5. September-October, 1961.pages 977-986.
https://scholarblogs.emory.edu/sustain ablefooditaly/files/2016/07/rolandbarthes.pdf
Mulvey, Laura. “Visual Pleasure and Narrative Cinema.”https://www.amherst.edu/system/files/media/1021/Laura%2520Mulvey, %2520Visual %2520Pleasure.pdf
Swenson, Rebecca. ‘’Domestic Divo? Televised Treatments of Masculinity, Femininity and Food.” Carole Cunihan and Penny Van Esterik. Ed. Food and Culture, A Reader. Routledge, New York and London, 2013. Pages 137- 153.
COMMENTS