ശാസ്ത്ര നൊബേലിനര്‍ഹയായ മൂന്നാമത്തെ വനിത. വൈദ്യശാസ്ത്ര നൊബേലിനര്‍ഹയായ ആദ്യ വനിത. പറഞ്ഞുവരുന്നത് ഗെര്‍ട്ടി തെരേസ കോറിയെക്കുറിച്ചാണ്. പെണ്‍കുട്ടികള്‍ക്ക് ശാസ്ത്രപഠനത്തിനും ഗവേഷണത്തിനുമുള്ള അവസരങ്ങള്‍ തുലോം തുച്ഛമായിരുന്ന ഒരു കാലത്ത് പ്രതിസന്ധികളോടും വിവേചനങ്ങളോടും പടവെട്ടി ശാസ്ത്രവിസ്മയങ്ങള്‍ കൈയെത്തിപ്പിടിച്ച ഗെര്‍ടി കോറിയുടെ ജീവിതകഥ ഗവേഷണരംഗത്തെ സ്ത്രീകള്‍ക്ക് നല്‍കുന്ന പ്രചോദനം വളരെ വലുതാണ്.
1896-ല്‍ പ്രാഗില്‍ കെമിസ്റ്റായ ഓട്ടോ റാഡിറ്റ്സിന്‍റെയും മാര്‍ത്തയുടെയും മകളായി ഒരു ജൂത കുടുംബത്തിലാണ് ഗെര്‍ടിയുടെ ജനനം. സ്ക്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം വൈദ്യശാസ്ത്രം പഠിക്കാനാഗ്രഹിച്ച ആ പെണ്‍കുട്ടിക്കു കടക്കാനുണ്ടായിരുന്നത് വലിയ കടമ്പകളായിരുന്നു.വൈദ്യശാസ്ത്ര പഠനത്തിന് അഡ്മിഷന്‍ ലഭിക്കണമെങ്കില്‍ ലാറ്റിന്‍, ഊര്‍ജതന്ത്രം, രസതന്ത്രം, ഗണിതം എന്നീ വിഷയങ്ങള്‍ പഠിച്ചിരിക്കണമെന്നായിരുന്നു നിബന്ധന. എന്നാല്‍ ഗെര്‍ടി പഠിച്ച പെണ്‍കുട്ടികള്‍ക്കായുള്ള സ്ക്കൂളില്‍ ഇതൊന്നും പഠിപ്പിച്ചിരുന്നില്ല. എന്നാല്‍ പിന്മാറാന്‍ ആ പെണ്‍കുട്ടി തയ്യാറായിരുന്നില്ല. വൈദ്യശാസ്ത്രപഠനത്തിന് പ്രവേശനം ലഭിക്കാനുള്ള യോഗ്യത നേടാനായി ഈ വിഷയങ്ങളുടെ തുല്ല്യതാ ക്ലാസ്സുകളില്‍ ചേര്‍ന്നു പഠിച്ചു. പ്രാഗിലെ കാള്‍ ഫെര്‍ഡിനാന്‍റ്സ് യൂണിവേഴ്സിറ്റിയുടെ എന്‍ട്രന്‍സ് പരീക്ഷയെഴുതി വൈദ്യശാസ്ത്രപഠനത്തിന് പ്രവേശനവും നേടി. അക്കാലത്ത് ഒരു പെണ്‍കുട്ടിയെ സംബന്ധിച്ച് അതൊരു അസാധാരണ നേട്ടം തന്നെയായിരുന്നു.മെഡിക്കല്‍ ബിരുദം നേടിയശേഷം തന്‍റെ സഹപാഠിയായിരുന്ന കാള്‍ കോറിയെ ഗെര്‍ടി വിവാഹം ചെയ്തു.
തുടര്‍ന്ന് വിയന്നയിലേക്ക് പോയ ഗെര്‍ടി കരോലിനന്‍സ് ചില്‍ഡ്രണ്‍ ഹോസ്പിറ്റലിലും കാള്‍ ഒരു ഗവേഷണശാലയിലും ജോലിചെയ്യാനാരംഭിച്ചു. ഒന്നാം ലോകമഹായുദ്ധ സമയത്ത് കാള്‍ സൈനികസേവനത്തിനു നിയോഗിക്കപ്പെട്ടു. യുദ്ധാനന്തരമുണ്ടായ കടുത്ത പ്രതിസന്ധികളും അനാരോഗ്യവും തളര്‍ത്താന്‍ തുടങ്ങിയതോടെ ആ ദമ്പതികള്‍ യൂറോപ്പ് വിടാന്‍ തീരുമാനിച്ചു. അങ്ങനെ 1922-ല്‍ കോറി ദമ്പതികള്‍ യുഎസ്സിലേക്ക് കുടിയേറി.
ന്യൂയോര്‍ക്കിലെ റോസ്വെല്‍ പാര്‍ക്ക് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അവസരം ലഭിച്ചതോടെ ഗവേഷണ സ്വപ്നങ്ങള്‍ക്ക് പുതിയ ചിറകുകള്‍ മുളച്ചു. എന്നാല്‍ ഒട്ടും സുഗമമായിരുന്നില്ല അവിടുത്തെ ഗവേഷണം. ഭര്‍ത്താവിനൊപ്പമുള്ള സംയുക്ത ഗവേഷണങ്ങള്‍ തുടര്‍ന്നാല്‍ ഗവേഷണശാലയില്‍ നിന്നും പുറത്താക്കുമെന്നായിരുന്നു ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്റ്ററുടെ ഭീഷണി! ഒരു സ്ത്രീ പുരുഷന്മാര്‍ക്കൊപ്പം ഗവേഷണശാലയില്‍ ഉന്നത ഗവേഷണങ്ങള്‍ നടത്തുന്നത് പലര്‍ക്കും ദഹിച്ചിരുന്നില്ല. എന്നാല്‍ ഗവേഷണത്തെ ജീവവായുവായി കരുതിയ ഗെര്‍ടി ഇതൊന്നും വകവയ്ക്കാതെ ഗവേഷണത്തില്‍ മുഴുകി. പരീക്ഷണശാലയില്‍ എത്ര സമയം ചെലവഴിക്കാനും അവര്‍ക്ക് മടിയുണ്ടായിരുന്നില്ല. മനുഷ്യശരീരത്തില്‍ ഗ്ലൂക്കോസിന്‍റെ ഉപാപചയ പ്രവര്‍ത്തനം ,അതിനെ സ്വാധീനിക്കുന്ന ഹോര്‍മോണുകള്‍ എന്നിവയൊക്കെയായിരുന്നു ഗവേഷണ മേഖല. ഏഴുവര്‍ഷത്തോളം നീണ്ട ഗവേഷണങ്ങള്‍ക്കൊടുവില്‍ 1929-ല്‍ ഗെര്‍ടിയും കാളും ചേര്‍ന്ന് മനുഷ്യശരീരത്തില്‍ ഗ്ലൂക്കോസിന്‍റെ ഉപാപചയപ്രക്രിയയിലേക്ക് വെളിച്ചം വീശുന്ന കോറി സൈക്കിള്‍ അവതരിപ്പിച്ചു.
1931-ല്‍ റോസ്വെല്ലില്‍ നിന്നിറങ്ങിയ ഗെര്‍ടിയും കാളും സംയുക്ത ഗവേഷണത്തിനായി പല ഗവേഷണശാലകളെയും സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. കാളിന് അവസരം നല്‍കാന്‍ പല ഗവേഷണശാലകളും തയ്യാറായെങ്കിലും സ്ത്രീയായതിന്‍റെ പേരില്‍ ഗെര്‍ടിക്ക് അവസരങ്ങള്‍ നിഷേധിച്ചു. ചില സ്ഥാപനങ്ങളാവട്ടെ സംയുക്ത ഗവേഷണത്തെ ഒട്ടും പ്രോല്‍സാഹിപ്പിച്ചില്ല. ഒടുവില്‍ വാഷിങ്ടണ്‍ സര്‍വ്വകലാശാല രണ്ടുപേര്‍ക്കും അവസരം നല്‍കിയെങ്കിലും ഗെര്‍ടിയുടെ സ്ഥാനവും വേതനവും കാളിനെക്കാള്‍ എത്രയോ താഴെയായാണ് നിജപ്പെടുത്തിയത്. സംയുക്ത ഗവേഷണത്തിലൂടെ ഭര്‍ത്താവിന്‍റെ ഗവേഷണഭാവി തുലയ്ക്കരുതെന്ന ഉപദേശവും നിരന്തരം കേള്‍ക്കേണ്ടിവന്നു ഗെര്‍ടിക്ക്.എന്നാല്‍ ഗെര്‍ടിയുടെ ഗവേഷക മികവ് മനസ്സിലാക്കിയ യൂണിവേഴ്സിറ്റി ചാന്‍സലര്‍ ആര്‍തര്‍ കോംപ്റ്റണ്‍ അവര്‍ക്ക് ഒരു സ്പെഷ്യല്‍ അലവന്‍സ് അനുവദിച്ചുകൊടുത്തു. കാളിന്‍റേതിനു സമാനമായ ഒരു സ്ഥാനം ലഭിക്കാന്‍ നീണ്ട പതിമൂന്നു വര്‍ഷമാണ് ഗെര്‍ടിക്ക് കാത്തിരിക്കേണ്ടി വന്നത്! ഒരു ഫുള്‍ ടൈം പ്രഫസര്‍ ആയത് 1947-ലും!
മനുഷ്യശരീരത്തില്‍ ഗ്ലൂക്കോസിന്‍റെ ഉപാപചയ രഹസ്യങ്ങള്‍ ചുരുള്‍ നിവര്‍ത്തിയ വിസ്മയനേട്ടത്തിന് ഗെര്‍ടി കോറിയും കാള്‍ കോറിയും 1947-ലെ വൈദ്യശാസ്ത്ര നൊബേല്‍ സമ്മാനത്തിന് അര്‍ഹരായി. ഗവേഷണമൊന്നും സ്ത്രീകള്‍ക്ക് പറഞ്ഞിട്ടുള്ളതല്ലെന്ന് പറഞ്ഞു മാറ്റിനിര്‍ത്താന്‍ ശ്രമിച്ചവര്‍ക്കുള്ള ചുട്ടമറുപടിയായി ഈ പുരസ്ക്കാരലബ്ധി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ എന്‍സൈം ഗവേഷണത്തില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കാനും ഗെര്‍ടിക്ക് സാധിച്ചു.
മരണം വരെ ഗെര്‍ടി ഗവേഷണങ്ങള്‍ക്ക് അവധി കൊടുത്തതേയില്ല. അസ്ഥിമജ്ജയെ ബാധിക്കുന്ന ഗുരുതരമായ രോഗം ശരീരത്തെ കാര്‍ന്നു തിന്നുമ്പോഴും അവര്‍ ഗവേഷണങ്ങളില്‍ മുഴുകി. ഒടുവില്‍ 1957-ല്‍ അറുപത്തിയൊന്നാമത്തെ വയസ്സില്‍ ശാസ്ത്രത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ആ ശാസ്ത്രജ്ഞ വിടവാങ്ങി.
COMMENTS