Homeചർച്ചാവിഷയം

തത്ത്വശാസ്ത്ര കാലം

മൂന്നുവര്‍ഷം തത്വശാസ്ത്രം പഠിച്ച വിദ്യാര്‍ത്ഥി എന്ന നിലയ്ക്ക് ഈ വിഷയം എന്നെ അത്ഭുതപ്പെടുത്തുന്നു. ഹയര്‍സെക്കന്‍ഡറി പഠനം കഴിഞ്ഞ് ഇറങ്ങുന്ന ഭൂരിഭാഗം വിദ്യാര്‍ഥികളെയും പോലെ തുടര്‍ പഠനം എന്തായിരിക്കണം? എവിടെയായിരിക്കണം? എന്ന ചോദ്യങ്ങള്‍ എന്നെയും വല്ലാതെ കുഴക്കിയതാണ്. ബയോളജി സയന്‍സിന്‍റെ തുടര്‍ച്ചയായി ബോട്ടണി, സുവോളജി എന്നിവക്ക് അപേക്ഷിക്കാം എന്ന് തീരുമാനിച്ചു. കണക്കും, കെമിസ്ട്രിയും, ഫിസിക്സും എനിക്ക് പണ്ടേ പിടിതരാത്ത വിഷയങ്ങള്‍ ആയതുകൊണ്ട് അതിനൊന്നും അപേക്ഷിക്കാന്‍ പോലും മുതിര്‍ന്നില്ല. കൂട്ടത്തില്‍ ഫിലോസഫിക്കും സൈക്കോളജിക്കും മലയാളത്തിനും അപേക്ഷിച്ചു .80 ശതമാനത്തില്‍ താഴെയാണ് മാര്‍ക്ക് എന്നുള്ളത് കൊണ്ടും സീറ്റു കിട്ടുമോ എന്ന് അതിയായ ഭയം ഉള്ളതുകൊണ്ടും കേരളവര്‍മ്മയില്‍ ഫിലോസഫിക്ക് അവസരം കിട്ടിയപ്പോള്‍ ഒന്നും ആലോചിക്കാതെ ചേര്‍ന്നു എന്നതാണ് വാസ്തവം. മുഴുവന്‍ കുട്ടികളും തികഞ്ഞതിനുശേഷം ഒരു കുട്ടി മറ്റൊരു വിഷയത്തിലേക്ക് മാറിയതിനെ തുടര്‍ന്നാണ് കാലം കരുതിവെച്ച കേരളവര്‍മ്മയിലെ ഫിലോസഫി ക്ലാസിലെ ഒരു ഇരിപ്പിടം എനിക്കും കിട്ടിയതെന്ന് ഞാനിന്ന് നന്ദിയോടെ ഓര്‍ക്കുന്നു.

സാധാരണക്കാരുടെ സ്വാഭാവിക സംഭാഷണങ്ങളില്‍ പോലും കടന്നു വരുന്ന ഒരു വാക്കാണ് ഫിലോസഫി എങ്കിലും അതിനെ കുറിച്ച് കാര്യമായ ധാരണയൊന്നും ആര്‍ക്കുമില്ല എന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു. എല്ലാവരെയും പോലെ ഞാനും ചിന്തിച്ചു ഫിലോസഫിയില്‍ എന്താണ് നമ്മെ പഠിപ്പിക്കാന്‍ പോകുന്നത്. എന്നെ സംബന്ധിച്ചിടത്തോളം അതൊരു വലിയ ചോദ്യം തന്നെയായിരുന്നു. ആദ്യം ക്ലാസ്സില്‍ വന്ന അധ്യാപിക ഫിലോ , സോഫിയ എന്ന പിരിച്ചെഴുത്തിലൂടെ അറിവിനോടുള്ള സ്നേഹമാണ് ഫിലോസഫി എന്ന് പഠിപ്പിച്ചു. രസകരമെന്നു പറയട്ടെ , ഇരുണ്ട മുറിയിലെ കറുത്ത പൂച്ചയെ അന്വേഷിക്കല്‍ ആണ് ഫിലോസഫി എന്ന വില്യം ജെയിംസിനെ ഉദ്ധരണി അവതരിപ്പിച്ചുകൊണ്ടാണ് അടുത്ത അധ്യാപിക ക്ലാസിലേക്ക് കയറി വന്നത്. അജ്ഞാതമായ വിഷയത്തെക്കുറിച്ചുള്ള കൗതുകം കൊണ്ട് ശ്രദ്ധയോടെ കേട്ടിരുന്നത് ഓര്‍ക്കുന്നു. ഇന്ത്യന്‍ ഫിലോസഫി എന്നും വെസ്റ്റേണ്‍ ഫിലോസഫി എന്നും വേര്‍തിരിച്ചിട്ടുണ്ട് എന്ന ധാരണ തന്നു. പ്രപഞ്ചത്തെയും, സ്നേഹത്തെയും , നീതിയേയും, അറിവിനെയും പറ്റി രൂപപ്പെടുത്തിയ സിദ്ധാന്തങ്ങളാണ് പരിചയപ്പെടാന്‍ പോകുന്നതെന്ന് ആമുഖം നല്‍കി. ആദ്യം ലഘു ആണെന്ന് തോന്നിപ്പിച്ചെങ്കിലും ഓരോ സിദ്ധാന്തങ്ങളും വലിയ ചിന്തകള്‍ക്ക് സാധ്യതയുണ്ടായിരുന്നു. എനിക്ക് തോന്നുന്നു, അവയൊന്നും തന്നെ മറ്റു ശാസ്ത്രവിഷയങ്ങളുടേത് പോലെ പരീക്ഷിച്ചു കാണിക്കാന്‍ സാധ്യമായവയല്ലായിരുന്നു എന്നതാണ് ഒരു പോരായ്മ. എന്നിരുന്നാല്‍ കൂടിയും ചിന്തയില്‍ നിന്നാണല്ലോ പിന്നീട് പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നത്. ശാസ്ത്രീയമായി വിശദീകരിക്കാന്‍ കഴിയാത്ത ചില വിഷയങ്ങളെക്കുറിച്ചുള്ള യുക്തി ചിന്തയാണ് തത്വശാസ്ത്രം എന്നും പറയാം .ഇത്തരത്തില്‍ നിലനില്‍പ്പ്, സൗന്ദര്യം, മനസ്സ് ,മൂല്യബോധം എന്നിവയെപ്പറ്റി ഓരോ ചിന്തകനും ഓരോ കണ്ടെത്തലുകള്‍ ഉണ്ടായിരുന്നു.

ഇന്ത്യന്‍ ഫിലോസഫിയില്‍ വേദത്തില്‍ വിശ്വസിക്കുന്നവരും അല്ലാത്തവരുമായ രണ്ടു കൂട്ടരെ കണ്ടു. ജൈനിസവും ബുദ്ധിസവും ചാര്‍വാകന്‍മാരേയും കണ്ടു. ജൈനിസം ശരിയായ വിശ്വാസം, ശരിയായ പെരുമാറ്റം, ശരിയായ അറിവ് എന്നിവയിലൂടെ മോക്ഷത്തെ കുറിച്ചും ജീവ, അജീവ എന്നിവയെക്കുറിച്ചും ചിന്തിപ്പിച്ചപ്പോള്‍, ബുദ്ധിസം മോക്ഷം പ്രാപിക്കാനുള്ള നാല് ഉദാത്ത സത്യത്തെക്കുറിച്ച് സംവദിച്ചു.
“ഇല്ല ദൈവം ദേവ ശാപങ്ങള്‍ മിഥ്യകള്‍
ഇല്ലില്ല ജാതിമതങ്ങള്‍
പരേതര്‍ക്ക് ചെന്നിരിക്കാന്‍ ഇല്ല സ്വര്‍ഗ്ഗവും നരകവും
ഇല്ല പരമാത്മാവും ഇല്ലാത്ത മോക്ഷവും
മുന്‍ജന്മം ഇല്ല പുനര്‍ജന്മമില്ല ഒറ്റ ജന്മം നമുക്ക് ഒറ്റ ജീവിതം’
കുരീപ്പുഴ യുടെ “ചാര്‍വാക ‘ കവിതയിലെ ഈ വരികള്‍ തന്നെയായിരുന്നു ഏതാണ്ട് ചാര്‍വാക തത്വം. ആത്മാവും, ബ്രഹ്മനും ഇന്ത്യന്‍ തത്വചിന്തകന്‍മാരുടെ ചിന്തയില്‍ പലതരത്തില്‍ ഉയിര്‍കൊണ്ടു. പ്രകൃതിയും, പുരുഷനും എല്ലാത്തിനും അടിസ്ഥാനമായി. ശങ്കരാചാര്യരുടെ അദ്വൈത വേദാന്തവും, മാധവാചാര്യരുടെ ദ്വൈതവേദാന്തവും രാമാനുജാചാര്യരുടെ ‘സച്ചിദാനന്ദ ‘ യും തത്വശാസ്ത്രത്തെ ഊട്ടിയുറപ്പിക്കാന്‍ ഉതകുന്നവയായിരുന്നു. വിശിഷ്ടാദ്വൈത വേദാന്തം ആയിരുന്നു അദ്ദേഹത്തിന്‍റെ ദര്‍ശനം.
പാശ്ചാത്യ വിജ്ഞാന ശാസ്ത്രത്തില്‍ അനുഭവം, സംശയം പ്രായോഗികത,യുക്തി, അതീന്ദ്രിയത തുടങ്ങിയവയില്‍ നിന്നാണ് അറിവ് ഉണ്ടാകുന്നതെന്ന ചര്‍ച്ച ചൂടുപിടിച്ചു. മൂല്യവുമായി ബന്ധപ്പെട്ട് ചിന്തയില്‍ ശരിതെറ്റുകളെ കുറിച്ചും, സൗന്ദര്യത്തെ കുറിച്ചും സിദ്ധാന്തങ്ങള്‍ ഉണ്ടായി. ഭാഷാ തത്വശാസ്ത്രം മറ്റൊരു വിശാലലോകം തുറന്നു വച്ചു. അസ്തിത്വ വാദികള്‍ സത്തയ്ക്ക് മുന്‍പ് അസ്തിത്വം എന്ന് വാദിച്ചു.

“Man is only free ,But he is condemned to be free” -Jean Paul Sartre
ഇത്തരത്തില്‍ സ്വാതന്ത്ര്യത്തോടൊപ്പം മനുഷ്യന്‍റെ ഉത്തരവാദിത്വങ്ങള്‍ കൂടി ഓര്‍മിപ്പിച്ചത് സാര്‍ത്രെ യാണ്. ആധുനിക പാശ്ചാത്യ തത്വചിന്തയില്‍ മനുഷ്യന്‍ ശരീരത്തെയും, മനസ്സിനെയും, ദ്വൈതവാദത്തില്‍ പഠിച്ചു. ഓരോ തത്വചിന്തകരും സ്വതന്ത്രരായി സത്യത്തെ തിരഞ്ഞു. രൂപീകരണം എങ്ങനെയാണെന്നും അത് എവിടെയാണ് നടക്കുന്നതെന്നും ചിന്തിച്ചു.
അനുഭവവാദത്തെ അനുകൂലിക്കുന്നവര്‍ മനസ്സ് ശൂന്യമായ ഒന്നാണെന്നും അനുഭവങ്ങളിലൂടെ മാത്രമാണ് അറിവ് ഉണ്ടാകുന്നത് എന്നും പറഞ്ഞുവെച്ചു. മറുകൂട്ടര്‍ അറിവ് മനസ്സിന്‍റെ സഹജമായ ഒന്നാണെന്നാണ് അഭിപ്രായപ്പെട്ടത്.എന്താണോ അവര്‍ അംഗീകരിക്കുന്നത് അതില്‍ അവര്‍ ശരിയാണ് എന്നാല്‍ എന്താണോ അവര്‍ നിഷേധിക്കുന്നത് അവിടെയാണ് അവര്‍ക്ക് തെറ്റ് പറ്റുന്നത് എന്നു പറഞ്ഞുകൊണ്ടാണ് കാന്‍റ് കടന്നുവരുന്നത്. അറിവ് ഇന്ദ്രിയങ്ങളിലൂടെ തുടങ്ങുകയും മനസ്സിലാക്കലിലൂടെ തുടരുകയും യുക്തിയില്‍ അവസാനിക്കുകയും ചെയ്യുന്ന ഒന്നാണ് എന്ന് അദ്ദേഹം പറയുന്നു. തത്വചിന്ത കൊണ്ട് മാത്രം മനുഷ്യ ജീവിതത്തിലെ പ്രശ്നങ്ങള്‍ അവസാനിക്കുക ഇല്ലെന്നും ആ ചിന്ത സാമൂഹ്യ വിപ്ലവത്തിലേക്ക് നയിക്കണമെന്നും പറഞ്ഞുകൊണ്ടാണ് മാര്‍ക്സ് കടന്നുവന്നത്. ഭൗതികവാദം എന്ന മറ്റൊരു വാദം ആണ് അദ്ദേഹം അനുകൂലിച്ചത്. ഉള്ളവരെയും ഇല്ലാത്തവരെയും വ്യത്യസ്തപെടുന്നത് എന്താണെന്ന് അദ്ദേഹം ഗാഢമായി ചിന്തിച്ചു. അതായത് തത്വശാസ്ത്രം സാമൂഹ്യ ജീവിതത്തിലേക്കും പടര്‍ന്നു എന്നതാണ് ഇവിടെ തെളിയുന്നത്.

ഇത്തരത്തില്‍ ശാരീരികമായും മാനസികമായും ലഭിക്കുന്ന മോക്ഷം ആയിരുന്നു തത്വശാസ്ത്രത്തിന്‍റെ ആത്യന്തികലക്ഷ്യം. യുക്തിപരവും ,സൂക്ഷ്മവും, വിമര്‍ശനാത്മകവുമായിരുന്നു തത്വശാസ്ത്രത്തിന്‍റെ രീതി. ഒരു കലാകാരന്‍റെയോ, വ്യവസായിയുടെയോ ശാസ്ത്രജ്ഞന്‍റേയോ വീക്ഷണകോണിലൂടെ അല്ല തത്വശാസ്ത്രജ്ഞന്‍ ജീവിതത്തെ നോക്കി കാണുന്നത്. എന്നാല്‍ ഇവയുടെയൊക്കെ ആകെ തുകയുടെ കലര്‍പ്പിലാണ് ജീവിതത്തെ ഗ്രഹിക്കുന്നത്. ഭാഷയില്‍ വാക്കുകളുടെയും,ആശയങ്ങളുടെയും യുക്തിപരമായ,കൃത്യമായ വിശകലനവും തത്വശാസ്ത്രം മുന്നോട്ടുവയ്ക്കുന്നു. പ്രശ്നപരിഹാരം എന്നതിലുപരി ഒരുകൂട്ടം പ്രശ്നങ്ങളായിരുന്നു ഫിലോസഫിയുടെ മൂലധനം. എന്ത്? എന്നിടത്ത് എന്തുകൊണ്ട്? എന്ന ചോദ്യം ഉന്നയിക്കുന്നിത്താണ് തത്വശാസ്ത്രം വളരുന്നത്. ദൈവത്തിന്‍റെ യാഥാര്‍ത്ഥ്യമെന്താണ്?,അറിവിന്‍റെ സ്രോതസ്സും പരിധിയും എന്താണ്?, എന്തുകൊണ്ടാണ് ശരിയും തെറ്റും ഉണ്ടാകുന്നത്? എന്നിങ്ങനെ മറ്റുള്ളവര്‍ അധികം കടന്നു ചെല്ലാത്ത ഇടത്തേക്ക് ആണ് ശാസ്ത്രം മൂര്‍ച്ച കൂട്ടിയ മനസ്സു മാത്രം ആയുധമാക്കി കടന്നുചെല്ലുന്നത് . അപ്പോഴും ചിന്തിക്കാന്‍ മനസ്സാണൊ വേണ്ടത്? അതോ മനസ്സു മാത്രം മതിയോ? എന്ന ചിന്തയും അവിടെ ബാക്കി വയ്ക്കുന്നു എന്ന വസ്തുത വിസ്മരിക്കരുത്. നിലനില്‍പ്പിന്‍റെ നിഗൂഢതയും, യാഥാര്‍ഥ്യവും വിശാലതയില്‍ നിന്നും തത്വശാസ്ത്രം വേര്‍തിരിച്ചെടുക്കുന്നു. ചോദ്യംചെയ്യലിലാണ് തത്വശാസ്ത്രം ആരംഭിക്കുന്നത്. ഓരോ ചോദ്യങ്ങള്‍ക്കും നിലവിലുള്ള ഉത്തരങ്ങള്‍ക്ക് അപ്പുറത്തേക്ക് സഞ്ചരിക്കാന്‍ തത്വശാസ്ത്രം മുതിരുന്നു.
”philosophy as a science of knowledge.”
– -fichte
ശാസ്ത്രവിഷയങ്ങള്‍ ചില പ്രത്യേക ഭാഗങ്ങളെ മാത്രം പഠന വിധേയമാക്കുമ്പോള്‍, തത്വശാസ്ത്രം ജീവിതത്തെ സംബന്ധിക്കുന്ന എല്ലാ വസ്തുതകളും വിമര്‍ശനാത്മകമായി പരിശോധിക്കുന്നു. ഇത്തരത്തില്‍ ഫിലോസഫി സ്കൂള്‍ തലം മുതല്‍ പഠിക്കേണ്ടുന്ന ഒരു വിഷയം ആക്കേണ്ടതിന്‍റെ ആവശ്യകതക്ക് കാരണങ്ങളുണ്ട്. മനസ്സിനെയും, ചിന്തയെയും കാര്യക്ഷമമാക്കാനും കൃത്യമായി അവലോകനം ചെയ്ത് ശരിയും തെറ്റും തിരിച്ചറിഞ്ഞ് വ്യക്തമായ തീരുമാനമെടുക്കാനും തത്വശാസ്ത്രം കൊണ്ട് സാധ്യമാണ്. സമകാലിക ജീവിതത്തെ മനസ്സിലാക്കാനും ധാര്‍മിക തകര്‍ച്ചയിലും തത്വശാസ്ത്രം നമ്മെ തുണയ്ക്കുന്നു. ജീവിതത്തിലൊരു സങ്കീര്‍ണത കടന്നുവരുമ്പോള്‍, മാനസിക തകര്‍ച്ചയിലേക്ക് വീണുപോകുമ്പോള്‍ നാം തത്വശാസ്ത്രത്തെ കൂട്ടുപിടിക്കുന്നു എങ്കില്‍ അത് ഈ വിഷയത്തിന്‍റെ ഗംഭീരമായ വിജയമാണ്.

‘ഫിലോസഫി എല്ലാ ശാസ്ത്രങ്ങളുടെയും അമ്മയാണ്’ – സിസറോ
ഒട്ടുമിക്ക ശാസ്ത്രവിഷയങ്ങളും തത്വശാസ്ത്രത്തില്‍ നിന്ന് വേര്‍പെട്ടുപോയതാണെന്ന് പറയുന്നു. തത്വശാസ്ത്രം പഠിച്ച ,പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം അതില്‍പരം എന്ത് സന്തോഷമാണ് ലഭിക്കാനുള്ളത്. ഞാന്‍ മുകളില്‍ സൂചിപ്പിച്ചിരുന്നത് പോലെ സയന്‍സ് വിഷയങ്ങള്‍ കീറാമുട്ടി ആയിരുന്ന എനിക്ക് തത്വശാസ്ത്ര ബിരുധത്തില്‍ യൂണിവേഴ്സിറ്റി റാങ്ക് നേടാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ചില വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടും, സാഹിത്യത്തോടുള്ള താല്പര്യം കൊണ്ടും ഇന്ന് ഞാനൊരു സാഹിത്യ ബിരുദാനന്തര ബിരുദ ത്തിനു മലയാള സാഹിത്യം പഠിക്കുമ്പോഴും, തീര്‍ച്ചയായും സാഹിത്യ പഠനത്തിന് മൂന്നു വര്‍ഷത്തെ തത്വശാസ്ത്ര പഠനം വലിയൊരു മുതല്‍ക്കൂട്ടായി തന്നെ കരുതുന്നു. സാഹിത്യത്തില്‍ കഥാപാത്രങ്ങളുടെ ചിന്തയിലൂടെയും, വികാരവിചാരങ്ങളിലൂടെയും തത്വശാസ്ത്രം അവതരിപ്പിക്കപ്പെടുന്നു.

അനുലക്ഷ്മി വി.എസ്.
ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളേജില്‍ എം.എ മലയാളം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി.

COMMENTS

COMMENT WITH EMAIL: 0