Homeചർച്ചാവിഷയം

സ്ത്രീവിരുദ്ധത മനുസ്മൃതിയില്‍

തിപ്രാചീനകാലം മുതല്‍ നിയമവാഴ്ചയുടെ ആധാരം എന്ന നിലയില്‍ വ്യവഹരിച്ചിരുന്ന ഗ്രന്ഥമാണ് മനുസ്മൃതി. മതപരമായ ഗ്രന്ഥങ്ങളും നിലനില്‍ക്കുന്ന സാഹിത്യവും ജനങ്ങളില്‍ ചെറുതല്ലാത്ത സ്വാധീനം തന്നെയാണ് ചെലുത്തുന്നത്. ലോകമെമ്പാടുമുള്ള ആശയ രൂപീകരണത്തില്‍ താത്വിക ഗ്രന്ഥമായ മനുസ്മൃതി കാരണമായി തീര്‍ന്നിട്ടുണ്ട്. മനുസ്മൃതി അവലോകനം ചെയ്യുമ്പോള്‍ കുടുംബത്തെക്കുറിച്ചും അതിനുള്ളിലെ അംഗങ്ങളുടെ ലിംഗ കേന്ദ്രീകൃതമായ ധര്‍മ്മങ്ങളെ കുറിച്ചും വിവരിക്കുന്നതായി കാണാം. സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന സ്വാതന്ത്ര്യവും, ബഹുമാനവും ലഭിച്ചിരുന്ന, വേര്‍തിരിവുകള്‍ നാമമാത്രമായിരുന്ന സംഘകാലത്തിനു ശേഷമാണ് ആര്യവല്‍ക്കരണം സംഭവിക്കുകയും ഇത്തരം ഗ്രന്ഥങ്ങള്‍ എഴുതപ്പെടുകയും ചെയ്തത്. ഇത്തരം ഗ്രന്ഥങ്ങള്‍ ലക്ഷ്യമിട്ടത് ഹിന്ദു ജനതയുടെ മാത്രം സുഖജീവിതമായിരുന്നില്ല, മറിച്ച് എല്ലാ വിഭാഗം ജനങ്ങളുടെയും കൂടിയായിരുന്നു. സമകാലിക സാഹചര്യത്തില്‍ മനുസ്മൃതിയുടെ പ്രാധാന്യം ചര്‍ച്ച ചെയ്യ പ്പെടേണ്ടതുതന്നെയാണ്. എങ്കിലും ചില ആശയ രൂപീകരണങ്ങളില്‍ മനുസ്മൃതിക്ക് പിഴവ് പറ്റിപ്പോയി എന്ന് പറയേണ്ടതായി വരും. ജനാധിപത്യം ശക്തമായ ഇന്നത്തെ ഇന്ത്യയില്‍ മനുസ്മൃതിയിലെ ചിലത് വിമര്‍ശന വിധേയമാകുന്നതില്‍ തെറ്റുപറയാനാകില്ല.

ബി.ആര്‍.അംബേദ്കര്‍ മനുസ്മൃതിയെ എതിര്‍ത്തത് അത് മനുഷ്യത്വത്തിനും സമത്വത്തിനും നീതിക്കും എതിരാണ് എന്ന പക്ഷത്ത് നിന്നു കൊണ്ടാണ്. ഡോ. എസ്. രാധാകൃഷ്ണന്‍റെ അഭിപ്രായത്തില്‍ സ്മൃതികളില്‍ ഏറ്റവും ഉന്നത സ്ഥാനം അലങ്കരിക്കുന്നതും ധാര്‍മികതക്ക് കൃത്യമായ ചട്ടക്കൂടുകള്‍ ഒരുക്കിയതും മനുസ്മൃതി ആണ്. ഒരുകാലത്ത് നിലനിന്നിരുന്ന സംസ്കാരത്തിന്‍റേയും നാഗരികതയുടേയും കൃത്യമായ രൂപം ഈ കൃതിയില്‍ പ്രതിഫലിക്കുന്നുണ്ട് എന്നതാണ് വാസ്തവം. എങ്കില്‍പോലും സാമൂഹികമായ പുരോഗതി നല്‍കാത്ത ഒന്നാണ് മനുസ്മൃതി എന്നുകൂടി അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
മോക്ഷത്തെക്കുറിച്ചും, ആത്മീയ ലക്ഷ്യത്തെ കുറിച്ചും മനുസ്മൃതി നമ്മോട് സംവദിക്കുന്നുണ്ട് .ഗ്രന്ഥത്തില്‍ കുടുംബജീവിതത്തിന് പ്രഥമസ്ഥാനം നല്‍കപ്പെടുന്നു. ആശ്രമങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഗാര്‍ഹസ്ഥ്യം ആണെന്നും മറ്റുള്ളവ അതില്‍ പെടേണ്ടതാണെന്നും അവകാശപ്പെട്ടുകൊണ്ട് ഗാര്‍ഹിക ആചാരങ്ങള്‍ അനുശാസിക്കുന്നതിനാണ് മനുസ്മൃതി ശ്രദ്ധയൂന്നിയത്.

മനുസ്മൃതിയുടെ അഞ്ചാം അധ്യായത്തില്‍ സ്ത്രീകളുടെ ധര്‍മ്മത്തെക്കുറിച്ച് വിവരിക്കുന്നു. സ്ത്രീയുടെ വ്യക്തിത്വം വീടിനുള്ളില്‍ തളച്ചിടുന്നതിനും ഇല്ലാതാക്കുന്നതിനു മുള്ള ശ്രമമാണ് ഗ്രന്ഥത്തില്‍ നടന്നിരുന്നത് എന്ന് തന്നെ പറയേണ്ടി വരും. സ്ത്രീത്വത്തിന്‍റെ അളവുകോല്‍ പോലും പുരുഷനെ അനുസരിക്കുന്നതിനും വീട് നോക്കുന്നതിനും അവള്‍ക്കുള്ള കഴിവാണ്. സ്ത്രീകളുടെ സ്വത്വത്തെ നിയന്ത്രിക്കുന്ന തരത്തിലുള്ള മനോഭാവമാണ് മനുസ്മൃതി വച്ചുപുലര്‍ത്തുന്നത്. മൂന്നാം അദ്ധ്യായത്തിലെ കുടുംബാസൂത്രണ ത്തില്‍ പുരുഷകേന്ദ്രീകൃതമായ വിവാഹ രീതികളെ പറ്റിയും പരാമര്‍ശിക്കപ്പെടുന്നു. നരച്ച മുടിയും തടിച്ച ശരീരവും രോഗാതുരമായവളും ആയ സ്ത്രീക്ക് വിവാഹം അര്‍ഹമല്ല എന്ന് മനു സൂചിപ്പിക്കുന്നു. എട്ടു തരത്തിലുള്ള വിവാഹത്തെക്കുറിച്ച് പറയുമ്പോഴും അവിടെയെല്ലാം പുരുഷന്‍ എങ്ങനെയാണ് സ്ത്രീയെ തിരഞ്ഞെടുക്കുന്നത് എന്നതിനെപ്പറ്റി മാത്രമാണ് ചര്‍ച്ച ചെയ്യുന്നത്. സ്വന്തം വരനെ തിരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം പോലും സ്ത്രീക്ക് തീര്‍ത്തും നിഷേധിക്കപ്പെടുന്നു. ഗൃഹനാഥന്‍റെ വിജയകരമായ ജീവിതത്തിനും അവന്‍റെ ആഗ്രഹസഫലീകരണത്തിനും വേണ്ടി മാത്രമുള്ളതാണ് വിവാഹം എന്ന സങ്കല്‍പം എന്നതാണ് മനുസ്മൃതി മുന്നോട്ടുവെക്കുന്ന ആശയം. ഭര്‍ത്താവിനെ സേവിക്കുന്നത് സ്ത്രീയെ സംബന്ധിച്ചിടത്തോളം വേദപഠനത്തിന് തുല്യമാണെന്ന് പോലും പറഞ്ഞുവെക്കുന്നു. സമ്പത്ത്, കുതിര, രഥം മുതലായവയുടെ ഗണത്തില്‍ സ്ത്രീയേയും ഉള്‍പ്പെടുത്തുന്ന അപഹാസ്യമായ ശ്ലോകങ്ങളും മനുസ്മൃതിയില്‍ ഉണ്ട്. യുദ്ധത്തിലും മറ്റും സ്ത്രീകളെ പണയം വെക്കുന്ന ഏര്‍പ്പാടുകളും ഉണ്ടായിരുന്നു. ഇവയെല്ലാംതന്നെ സ്ത്രീകളെ വസ്തുക്കളായി കണക്കാക്കുന്ന രീതി വെളിപ്പെടുത്തുന്നു. ഒമ്പതാം അധ്യായത്തില്‍ കുടുംബത്തില്‍ സ്ത്രീക്കും പുരുഷനും കടമകള്‍ വിഭജിച്ചു നല്‍കുന്നു. അവ ഒരിക്കലും സ്ത്രീകളോട് നീതി പുലര്‍ത്തുന്നവ ആയിരുന്നില്ല .വര്‍ണാശ്രമത്തിനെ അംഗീകരിക്കുമ്പോഴും സവര്‍ണ്ണ പുരുഷന്മാര്‍ക്ക് അവര്‍ണ്ണ സ്ത്രീകളുമായുള്ള ബന്ധം ഒരു സാധ്യതയായി തന്നെ നിലനില്‍ക്കുന്നു. പെണ്‍കുട്ടി ആകട്ടെ, വേലക്കാരി ആകട്ടെ, വൃദ്ധ ആകട്ടെ അവള്‍ക്ക് സ്വന്തം വീട്ടില്‍ പോലും ഇഷ്ടാനുസരണം ജീവിക്കാനുള്ള അനുവാദമില്ല. മകള്‍ ഭാര്യ ,അമ്മ എന്ന നിലയില്‍ മാത്രമാണ് അവളുടെ ജീവിതമത്രയും കടന്നുപോകുന്നത്.

‘പിതാ രക്ഷതി കൗമാരേ
ഭര്‍ത്താ രക്ഷതി യൗവനേ
രക്ഷതി സ്ഥാവിരേ പുത്രാ
നാ സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി ‘.
കൗമാരത്തില്‍ പിതാവിന്‍റെ സംരക്ഷണത്തിലും യൗവനത്തില്‍ ഭര്‍ത്താവിന്‍റെ സംരക്ഷണത്തിലും വാര്‍ദ്ധക്യത്തില്‍ പുത്രന്‍റെ സംരക്ഷണത്തിലും സ്ത്രീ കഴിയണം. ഏതവസ്ഥയിലും സ്ത്രീ സംരക്ഷിക്കപ്പെടേണ്ടവളാണ്.അവള്‍ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല .സ്ത്രീ പൂജിക്കപ്പെടേണ്ടവളാണെന്ന് പറയുന്നുവെങ്കിലും വസ്ത്രം ,ആഭരണം ഭക്ഷണം എന്നിവ കൊണ്ടാണ് അവള്‍ പൂജിക്കപ്പെടുന്നത്. അവിടെയും അവരുടെ സ്വത്വത്തിന് വിലയില്ലാതെ പോകുന്നു. ഭര്‍ത്താവ് ഭാര്യയെ കുറിച്ച് ചിന്തയില്ലാത്തവനോ, പരസ്ത്രീ ബന്ധമുള്ളവനോ, നിര്‍ഗുണനോ ആയാലും പതിവ്രതയായ ഭാര്യ അവനെ ദേവനെപ്പോലെ പൂജിക്കണം.പുനര്‍വിവാഹത്തിന് സ്ത്രീക്ക് അര്‍ഹതയില്ലെന്ന് എഴുതുമ്പോഴും തന്നേക്കാള്‍ മുന്‍പ് മരിച്ച ഭാര്യയെ ദഹിപ്പിച്ചതിന് ശേഷം പുരുഷന്‍ വീണ്ടും വിവാഹിതനാകണം എന്ന് നിഷ്കര്‍ഷിക്കുന്ന നിലപാട് മനുസ്മൃതിയില്‍ ഉയരുന്നു. സ്ത്രീക്ക് കുടുംബസ്വത്തിന് അവകാശമില്ല. സ്ത്രീകളെ അപഹരിച്ചു കൊണ്ടുവന്ന് വിവാഹം കഴിക്കുന്ന രീതിയായ ‘രാക്ഷസം’ ക്ഷത്രിയന്‍റെ ധര്‍മ്മമാണെന്ന് പോലും മനുസ്മൃതി അവകാശപ്പെടുന്നു. ശൃംഗാര ചേഷ്ഠകളാല്‍ പുരുഷന്മാരെ വശീകരിച്ച് ദുഷിപ്പിക്കുന്നവരാണ് സ്ത്രീകള്‍ എന്നും ഗ്രന്ഥത്തില്‍ അവതരിപ്പിക്കുന്നു. മനുസ്മൃതിയിലെ ശ്ലോകങ്ങള്‍ അനുസരിച്ച് സ്ത്രീകളെ അവളുടെ പിതാവില്‍ നിന്നോ, ഭര്‍ത്താവില്‍ നിന്നോ, പുത്രന്മാരില്‍ നിന്നോ, വേര്‍പിരിയാന്‍ ആഗ്രഹിക്കുന്നതില്‍ നിന്നുപോലും തടയുന്നു. ബന്ധുക്കളില്‍ നിന്ന് വേറിട്ട് താമസിക്കുന്ന സ്ത്രീ എല്ലാകാലത്തും അപലപിക്കപ്പെടുന്നു. എന്തിനേറെ പറയുന്നു, സ്ത്രീക്ക് സ്വന്തമായി വീട് എവിടെയാണ് ഉള്ളത്? പിതാവിന്‍റെ വീട്, അല്ലെങ്കില്‍ ഭര്‍ത്താവിന്‍റെ വീട്. അവിടെയാണ് അവള്‍ വസിക്കാന്‍ വിധിക്കപ്പെടുന്നത്. ഇത് പുരുഷാധിപത്യത്തിന്‍റെ പ്രത്യക്ഷ പ്രഖ്യാപനം തന്നെയാണ്. എപ്പോഴും സന്തോഷവതിയായി ഇരിക്കുകയും, വീടിനെ പരിപാലിക്കുകയും ആണ് സ്ത്രീ ചെയ്യേണ്ടത് .അവളുടെ ചുറ്റുപാടുകള്‍ക്ക് അനുസരിച്ചുള്ള വികാരങ്ങള്‍ക്കും വിചാരങ്ങള്‍ക്കും അവിടെ പ്രസക്തിയില്ല. സ്ത്രീയുടെ മറ്റൊരു ഉത്തരവാദിത്വം എന്തെന്നാല്‍ അവള്‍ക്ക് അച്ഛന്‍റേ യോ ,സഹോദരന്‍റേയോ പരിപൂര്‍ണ സമ്മതപ്രകാരം ലഭിക്കുന്ന ഭര്‍ത്താവിനെ പരിപാലിക്കുക എന്നതാണ്. അത് മാത്രമാണ് മനുസ്മൃതി പ്രകാരം അവള്‍ക്ക് സ്വര്‍ഗ്ഗം നേടാനുള്ള ഏക മാര്‍ഗ്ഗം. സ്ത്രീ പുരുഷന്‍റെ ഒരു ഭാഗം മാത്രമാണ് , അവള്‍ക്ക് സ്വന്തമായി ഒരു സ്വത്വം ഇല്ല. എന്ത് കാരണത്താലായാലും സ്ത്രീ രണ്ടാമതൊരു വിവാഹം കഴിക്കുമ്പോള്‍ അവള്‍ സമൂഹത്തില്‍ മോശക്കാരി ആകുന്നു.

പാപത്തെക്കുറിച്ചും ശിക്ഷയെ കുറിച്ചും അവളെ മാത്രം പറഞ്ഞു പഠിപ്പിക്കുന്നു. ഒരു ഉത്തമ സ്ത്രീ മനസ്സും ശരീരവും സംസാരവും നിയന്ത്രിക്കുന്ന ആള്‍ ആണെന്ന് വരുത്തിത്തീര്‍ക്കുന്നു. മനുസ്മൃതി പോലുള്ള ഒരു വലിയ വിഭാഗം ജനങ്ങള്‍ ഇപ്പോഴും വിശ്വസിച്ചുപോരുന്ന ഒരു ത്വാത്വിക ഗ്രന്ഥം സമൂഹത്തില്‍ ചെലുത്തുന്ന തെറ്റായ സ്വാധീനം ഇപ്രകാരമാണ്. സ്ത്രീയുടെ ലോകം വീടാണ് എന്നും അവളുടെ ഏകലക്ഷ്യം വീട് സംരക്ഷിക്കുക എന്നത് ‘മാത്രമാണെന്നുമുള്ള പരാമര്‍ശം മനുസ്മൃതിയെ വിമര്‍ശന വിധേയമാക്കുന്നു. പുരുഷന്‍ സ്ത്രീയെ സംരക്ഷിക്കണം എന്നു പറയുന്നുണ്ടെങ്കിലും ‘സംരക്ഷണം’ എന്നത് സ്ത്രീയുടെ മനസ്സിന്‍റേയും ശരീരത്തിന്‍റേയും നിയന്ത്രണത്തെ ആണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ എളുപ്പമാണ്. പുരുഷനും സ്ത്രീക്കും ലഭ്യമാകുന്ന വ്യത്യസ്ത നീതി ഈ ഗ്രന്ഥത്തിന് പറ്റിയ പിഴവ് വെളിവാക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ചിന്താ പുരോഗതിയോകൂടി ഇത് വായിക്കുന്ന ഒരാള്‍ക്ക് പല കാര്യങ്ങളും അസാമാന്യമായി തോന്നുന്നതില്‍ അത്ഭുതമില്ല. ഭാര്യ എന്ന നിലയിലുള്ള കീഴ്വഴക്കവും ഭര്‍ത്താവായ പുരുഷന്‍റെ ആധിപത്യവും ഗ്രന്ഥത്തില്‍ സ്പഷ്ടമാകുന്നു. പൂജിക്കപ്പെടുമ്പോഴും പരോക്ഷമായി സ്വഭാവവും സ്വത്വവുമില്ലാത്ത വെറും വസ്തുവകകളായി മാത്രം സ്ത്രീകളെ കാണുന്ന മനുസ്മൃതി തിരുത്തപ്പെടുക അസാധ്യമാണെങ്കിലും അതിലെ പെരുമാറ്റച്ചട്ടങ്ങള്‍ തീര്‍ച്ചയായും പുനര്‍വായനക്ക് വിധേയമാകേണ്ടതുണ്ട്.

അവലംബം:
S. Maya, Discursive Structures of Family in ManuSmrti, Journal of Dharma, Bangalore, 2008
S. Radhakrishnan, Indian Philosophy, Oxford University Press, N Delhi, 1923
Buhler Ed. Max Muller Trans., Manusmrti, Sacred Books of India.

അനുലക്ഷ്മി വി.എസ്.
ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളേജില്‍ എം.എ മലയാളം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി.

 

COMMENTS

COMMENT WITH EMAIL: 0