പ്രാചീന ഇന്ത്യന്‍ തത്ത്വചിന്തയുടെ അടിസ്ഥാനസ്വഭാവം വൈദികതയും ആത്മീയതയും ആണ് എന്ന് കാണാം. ആധുനികതയിലും അത് വിട്ടുമാറിയിട്ടില്ല. ലോപമുദ്ര, ശാരദാദേവി, ഗൗരിമാ തുടങ്ങിയ ചില സ്ത്രീകള്‍ ഇതേപാത പാലിച്ചു വേദോപനിഷദിക് വിജ്ഞാനങ്ങള്‍ നേടി ആത്മീയതയില്‍ ചരിച്ചതായിക്കാണാമെങ്കിലും, സ്ത്രീകളുടെ ജീവിതാവസ്ഥകളെയും തുല്യ-നീതിരഹിത സാമൂഹ്യപ്രശ്നങ്ങളെയും ഉന്നയിച്ചുകൊണ്ട് വിമര്‍ശന ചിന്തയുമായി മുന്നോട്ടുവന്നിട്ടുള്ള പണ്ഡിത രമാബായി, താരാബായി ഷിന്‍ഡെ, സാവിത്രിബായ് ഫൂലെ തുടങ്ങിയവരെയും രേഖപ്പെടുത്തപ്പെട്ടിട്ടില്ലെങ്കിലും ചരിത്രത്തില്‍ തിരഞ്ഞാല്‍ കാണാം.
ആനുകാലിക തത്ത്വചിന്തകരായി തത്ത്വചിന്ത-ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള സ്വാമി വിവേകാനന്ദന്‍, ശ്രീനാരായണ ഗുരു, അരബിന്ദോ, ഗാന്ധിജി തുടങ്ങിയവരിലൊക്കെ വൈദികതയും ആത്മീയതയും ദര്‍ശിക്കാം. വേദങ്ങളെ അടിസ്ഥാനമാക്കിയുള്ള തത്ത്വചിന്താപദ്ധതിയാണ് പ്രധാനമായി ഇന്ത്യയില്‍ കണക്കാക്കിയിട്ടുള്ളത് എന്നതിനാല്‍, അത് ജാതീയതയുടേയും ലിംഗനീതിയുടേയും പ്രശ്നങ്ങളെ പരിഹരിക്കാന്‍ ഉപകരിക്കുന്നതല്ല എന്ന വിമര്‍ശനം അടുത്ത കാലത്തായി ശക്തി പ്രാപിക്കുന്നുണ്ട്. ഇത്തരം സാമൂഹ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കിവെച്ചതു തന്നെ ഒരുപക്ഷെ വേദങ്ങളും അവയുടെ ചുവടുപിടിച്ചുള്ള ഉപനിഷത്തുക്കളും പുരാണങ്ങളും സ്മൃതികളുമാണെന്നു വരെ വിമര്‍ശിക്കാനാവും. ഹിന്ദു മതത്തിന്‍റെ അടിസ്ഥാനപുസ്തകങ്ങളായ ഇവകള്‍ വളരെയധികം ജീവിതവിശകലനം നടത്താനും കാഴ്ചപ്പാടുകള്‍ മെനയാനും വേണ്ടുന്നതരം താത്ത്വിക അടിത്തറ പാകുന്നുണ്ട്. എന്നാല്‍ അവയില്‍ സ്ത്രീവിരുദ്ധത ധാരാളമുള്ളതായി കാണാനാകും. അവയുടെ അപഗ്രഥനങ്ങളുടെ കുഴപ്പമാണ് അടിസ്ഥാന മതപുസ്തങ്ങളുടെ കുഴപ്പമല്ല എന്ന് വാദിക്കുന്നവരുണ്ട്. പക്ഷെ എന്താണ് അടിസ്ഥാനപുസ്തകം, ആരാണ് അവ എഴുതിയത്, എപ്പോഴാണ് എഴുതിയത് എന്നുള്ള കാര്യങ്ങള്‍ വ്യക്തമല്ല. അതിനാലൊക്കെത്തന്നെ, ക്രിസ്തുവിനു മുന്‍പ് എന്ന് ഗണിക്കപ്പെടുന്ന കാലത്ത് ആയിരമോ അയ്യായിരമോ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഏതോ മുനിമാര്‍ എഴുതിയതും ബ്രാഹ്മണപുരുഷന്മാര്‍ക്കല്ലാതെ മറ്റു മനുഷ്യര്‍ക്കൊക്കെ നിഷേധിക്കപ്പെട്ടിരുന്നതുമായ സംസ്കൃതഭാഷയിലുണ്ടായ ഈ താത്ത്വികപുസ്തകങ്ങള്‍തന്നെ ഇന്നും മുഖവിലക്കെടുത്ത് ഭാരതീയദര്‍ശനം എന്ന നിലയില്‍ കൊണ്ടാടുന്നതില്‍ വലിയ കാര്യമില്ല എന്ന് സ്ത്രീപക്ഷ സൈദ്ധാന്തികത ഉന്നയിക്കേണ്ടിയിരിക്കുന്നു.
ഇന്ത്യന്‍ തത്ത്വചിന്തയിലുള്ള സ്ത്രീകളെക്കുറിച്ച് അന്വേഷിക്കുകയാണെങ്കില്‍ ബുദ്ധകാലഘട്ടത്തില്‍ മുതല്‍ അവരുടെ സാന്നിദ്ധ്യം കാണാം. പ്രത്യേകിച്ചും സ്ത്രീപക്ഷപ്രശ്നങ്ങള്‍ ഉന്നയിച്ചു കൊണ്ട് ജീവിതത്തിന്‍റെ അര്‍ഥം തേടുകയും സ്ത്രീയുടെ അസ്തിത്വം തേടുകയും ചെയ്യുന്നതാണ് ബുദ്ധസന്യാസിനിമാരുടെ ചിന്തകള്‍. തേരിഗാഥ എന്ന പേരില്‍ തേരികള്‍ എന്നറിയപ്പെടുന്ന ആദ്യകാല ബുദ്ധസന്യാസിനിമാര്‍ എഴുതിയ താത്ത്വികകാവ്യങ്ങള്‍ സ്ത്രീജീവിതത്തിന്‍റെ ഗാര്‍ഹിക നിരര്‍ത്ഥകതകള്‍ എടുത്തുകാണിക്കുന്നു. മുത്ത, സോമ , സുമംഗലമാത, തുടങ്ങി നിരവധി ബുദ്ധസന്യാസിനിമാര്‍ എഴുതിയ വരികള്‍ വായിച്ചാല്‍, ഗാര്‍ഹ്യസ്ഥത്തിന്‍റെ പരിവട്ടങ്ങളില്‍ മനം നൊന്തുതന്നെയാണ് അവര്‍ അതുപേക്ഷിച്ചു സന്യാസത്തിലേക്ക് പോകുന്നത് എന്ന് കാണാം. പാചകപാത്രങ്ങളില്‍ നിന്നും അടുക്കളയില്‍ നിന്നും പതിസേവയില്‍ നിന്നും മോചിതരാകാനുള്ള മാര്‍ഗമായിത്തന്നെയാണ് അവര്‍ സന്യാസത്തെ കണ്ടത് എന്ന് സ്പഷ്ടമാകുന്ന വരികളാണ് ബി.സി. ആറാം നൂറ്റാണ്ടിനും നാലാം നൂറ്റാണ്ടിനുമിടയില്‍ എഴുതപ്പെട്ട തേരിഗാഥയിലുടനീളം ഉള്ളത്. ഹിന്ദുമതത്തില്‍ സ്ത്രീകളെ സന്യാസത്തിനും ആത്മീയതക്കുമൊന്നും ഉതകാത്ത, പുരുഷസേവയില്‍ മാത്രം ജീവിക്കേണ്ടുന്നവരായി- അതില്‍ മാത്രം മോക്ഷം സാധ്യമായവരുമായി- കണക്കാക്കുന്നതിനാല്‍തന്നെയാണ് ഈ സ്ത്രീകള്‍ ബുദ്ധസന്യാസിനിമാരായി മാറുന്നത് എന്ന് കാണേണ്ടിയിരിക്കുന്നു.
വേദാടിസ്ഥാനത്തില്‍ പിന്നീട് ക്രിസ്ത്വബ്ദത്തോടടുപ്പിച്ച കാലയളവില്‍ എഴുതപ്പെട്ടതെന്നു വിശ്വസിക്കപ്പെടുന്ന മനുസ്മൃതിയില്‍ ഇക്കാര്യം വ്യക്തമായും പറയുന്നുമുണ്ട്. മന്ത്രോച്ചാരണമോ മറ്റു മത-ദൈവീക-പൂജാകര്‍മ്മങ്ങളോ അനുവദിക്കാനാകാത്ത സ്വന്തമായി ആത്മീയതയില്ലാത്ത മോക്ഷസാധ്യതയില്ലാത്ത വിധമുള്ള ജഡവസ്തു ആണ് സ്ത്രീ എന്നാണ് മനുസ്മൃതി പറയുന്നത്. ഭര്‍ത്താവ് എന്ന പുരുഷനല്ലാതെ ഏതെങ്കിലും പുരുഷനുമായി ലൈംഗികബന്ധമുണ്ടായതിന്‍റെ പേരില്‍ സ്ത്രീകളെ സ്മാര്‍ത്തവിചാരത്തില്‍ ‘സാധനം’ എന്ന് വിളിക്കുന്നതു മാത്രമല്ല, പാതിവ്രത്യത്തില്‍ മുഴുകി മാത്രം -ഒരുപക്ഷെ ഭര്‍ത്താവുണ്ടെങ്കിലും കന്യകയായിത്തന്നെ- ജീവിക്കുന്നുവെങ്കിലും സ്ത്രീയെ വസ്തുവല്‍ക്കരിച്ചു മാത്രമാണ് കാണുന്നത്. ബുദ്ധമതത്തില്‍ അത്തരത്തിലുള്ള ആശയങ്ങള്‍ ഇല്ലെങ്കിലും, ബുദ്ധന്‍ തന്‍റെ അനുയായികളുമായി ചര്‍ച്ച ചെയ്തു തീരുമാനിച്ച പ്രകാരം എട്ടു നിയമങ്ങള്‍ പാലിച്ചുകൊണ്ടാണെങ്കില്‍ മാത്രമാണ് സ്ത്രീകള്‍ക്ക് സംഘത്തിലേക്ക് അംഗത്വം ഉറപ്പിച്ചതത്രെ. ഇതില്‍നിന്നും സംഘം അടിസ്ഥാനപരമായും പുരുഷന്മാരുടേതു തന്നെയാണ് എന്നും സ്ത്രീകള്‍ക്ക് അതിനകത്തു പുരുഷ സന്യാസിമാരില്‍നിന്ന് താഴ്ന്ന സ്ഥാനമാണ് ഉണ്ടായത് എന്നും ധ്വനി ഉണ്ട്. ബി. സി. എട്ടാം നൂറ്റാണ്ടുമുതല്‍ പ്രചാരത്തില്‍ വന്ന ബുദ്ധമതത്തിന് ഹിന്ദുമതത്തെക്കാള്‍ സ്വീകാര്യത വന്നുതുടങ്ങിയോ എന്ന ഭയത്താല്‍ ഹിന്ദു പുനരുദ്ധാരണത്തിന് എഴുതപ്പെട്ടവയാണ് പുരാണേതിഹാസങ്ങളും സ്മൃതികളും ധര്മശാസ്ത്രങ്ങളും എന്ന് വിലയിരുത്താം. മനുഷ്യജീവിതത്തിന്‍റെ രീതിയും ഘടനയും നിശ്ചയിക്കാന്‍ എഴുതപ്പെട്ടവയാണ് ധര്‍മശാസ്ത്രങ്ങള്‍ എന്ന് തന്നെയാണ് പറയുന്നത്. എന്നാല്‍ അവ എത്രമാത്രം സ്ത്രീവിരുദ്ധമാണ് എന്നത് നമ്മുടെ നാട്ടിലെ ഇന്നത്തെ സ്ത്രീവിരുദ്ധ സമൂഹത്തിന്‍റെ ആവിര്‍ഭാവത്തിനും നടത്തിപ്പോരലിനും കാരണമായിട്ടുണ്ട് എന്ന കാര്യം നിഷേധിക്കാനാവില്ല.
ക്രിസ്ത്വബ്ദത്തിനു മുന്‍പായി ഉപനിഷദിക് കാലഘട്ടത്തില്‍ സ്ത്രീപക്ഷ ചിന്തകള്‍ ഉന്നയിച്ചതായി എടുത്തുപറയപ്പെടുന്ന രണ്ടു പേരാണ് മൈത്രേയിയും ഗാര്‍ഗിയും. ബൃഹദാരണ്യക ഉപനിഷത്തില്‍ ഗാര്‍ഗി യാജ്ഞവല്ക്യനോട് കാര്യകാരണ സഹിതം നിരവധി ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കുന്നതായി പറയുന്നു. തത്ത്വചിന്തയിലെ തര്‍ക്കശാസ്ത്രത്തിന്‍റെ ഇന്‍ഫിനിറ്റ് റിഗ്രെസ്സ് അഥവാ അന്തമില്ലാതെ കാരണങ്ങള്‍ ഉന്നയിക്കുന്ന സാധ്യത ഇതില്‍ ദര്‍ശിക്കാനാവുമെന്ന് ചില ചിന്തകര്‍ അഭിപ്രായപ്പെടുന്നു. കൂടാതെ ബുദ്ധിസ്റ്റ് രീതിയിലുള്ള പ്രതീത്യസമുദ്പാദ എന്ന് വിളിക്കപ്പെടുന്ന പന്ത്രണ്ടിന കാരണചക്രത്തിന്‍റെ രീതിയും ചിലരിതില്‍ ദര്‍ശിക്കുന്നു. യാജ്ഞവല്ക്യനെക്കാളും ഒട്ടും പിന്നിലല്ലാത്ത ബുദ്ധിമതിയായ തത്വചിന്തകയായിരുന്നു ഗാര്‍ഗിയെന്ന് കാണാന്‍ കഴിയും. യാജ്ഞവല്ക്യമുനിയുടെ രണ്ടാമത്തെ ഭാര്യയായ മൈത്രേയി ഭാര്യമാരുടെ സമ്പത്തിന്‍റെ അവകാശത്തെക്കുറിച്ചും രണ്ടു ഭാര്യമാര്‍ക്കിടയില്‍ അത് പകുക്കുന്നതിന്‍റെ കാര്യങ്ങളെക്കുറിച്ചും ചോദിക്കുന്നതായി ബൃഹദാരണ്യക ഉപനിഷത്തില്‍ കാണുന്നു. അക്കാലത്തു സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും സമ്പത്തിന്‍റെ തത്ത്വങ്ങളെക്കുറിച്ചും ചിന്തിച്ച സ്ത്രീയായിരുന്നു മൈത്രേയി എന്നത് അന്നും സ്ത്രീകളുടെ അവസ്ഥ എന്തായിരുന്നു എന്നുകൂടി തെളിയിക്കുന്നു. ബഹുഭാര്യാത്വത്തിന്‍റെ പ്രശ്നങ്ങളെക്കുറിച്ചും തദ്വാര പുരുഷകേന്ദ്രിത വ്യവസ്ഥിതിയെക്കുറിച്ചും ഉള്ള വിമര്‍ശന ചിന്ത സ്ത്രീകളില്‍ ഉണ്ടായിരുന്നതായി ഇവിടെക്കാണാം.
ക്രിസ്ത്വബ്ദത്തിന്‍റെ തുടക്കത്തില്‍ മുതല്‍ ആധുനികതയുടെ മുന്‍പ് വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യന്‍ തത്ത്വചിന്തയില്‍ ഉണ്ടായ വേദാന്തം, മീമാംസ, സാംഖ്യം, യോഗം, ന്യായം, വൈശേഷികം എന്നിങ്ങനെയുള്ള ഷഡ്ദര്‍ശനങ്ങളില്‍ ജ്ഞാനശാസ്ത്രപരമായി കാര്യപ്പെട്ട താത്ത്വികവല്‍ക്കരണം ഉണ്ടായി എങ്കിലും, ഭാവശാസ്ത്രപരമായി അതിഭൗതികതയുടെ കേവലവാദത്തില്‍ ഭാരതീയദര്‍ശനം മുങ്ങിക്കിടന്നു. ആത്യന്തികമായ കേവലയാഥാര്‍ഥ്യം അപ്പോഴും വേദാന്തത്തില്‍ പറയുന്ന ബ്രഹ്മനായിരുന്നു. വേദാന്തത്തിലും സാംഖ്യത്തിലും പറയുന്ന ആത്മന്‍-ബ്രഹ്മന്‍, പ്രകൃതി-പുരുഷ എന്നിങ്ങനെയുള്ള ദ്വന്ദ്വങ്ങളില്‍ ആയിരുന്നു യാഥാര്‍ഥ്യചിന്തയുടെ മേല്‍ക്കയ്യ്. ഇത് സ്ത്രീ-പുരുഷ ദ്വന്ദ്വങ്ങളുടെ ആശയങ്ങള്‍ക്കും ആക്കം കൂട്ടിയെന്നുള്ള അടുത്തകാലത്തുണ്ടായിട്ടുള്ള വിലയിരുത്തലുകള്‍ സ്ത്രീപഠനങ്ങളില്‍ ഉണ്ട്.
തേരിഗാഥയില്‍ നിന്ന്
സ്ത്രീവിരുദ്ധമായ സാമൂഹ്യ-സാംസ്ക്കാരിക-മത സ്ഥാപനങ്ങളോട് മല്ലിട്ടുകൊണ്ട് ഇന്ത്യന്‍ സാഹചര്യത്തില്‍ ജീവിതതത്ത്വങ്ങള്‍ മെനഞ്ഞതില്‍ പിന്നീടുള്ള കാലഘട്ടത്തില്‍ കാണാവുന്നത് മീരാബായ് എന്ന കൃഷ്ണഭക്തയെയാണ്. യുദ്ധവും വിനകളും നിറഞ്ഞ പുരുഷാധിപത്യ സമൂഹത്തിന്‍റെ എതിരെയുള്ള ഒരു പ്രതികരണമാണ് മീരാബായ് എന്ന് കാണാം. അവര്‍ ഒരു വിധവയായിരുന്നു എന്നും, അതല്ല രജപുത്രരാജാവിന്‍റെ വധുവായിരുന്ന അവര്‍ ഭര്‍ത്താവിനെ പ്രേമിക്കാതെ ദൈവീകരൂപത്തിലുള്ള കൃഷ്ണനെ പ്രേമിക്കുകയും ഗാര്‍ഹസ്ഥ്യത്തിലൊതുങ്ങാതെ ഭക്തമീര എന്നതരത്തില്‍ ജീവിതഗന്ധിയായ കാവ്യങ്ങള്‍ പാടിക്കൊണ്ട് അലഞ്ഞുള്ള ജീവിതം നയിക്കുകയും ചെയ്തു എന്നും വിവിധ പരാമര്‍ശങ്ങള്‍ ഉണ്ട്. എന്തായിരുന്നാലും മീരാഭായി മുന്നോട്ടുവെച്ചത് അന്നത്തെ കാലഘട്ടത്തില്‍ ഒരു സ്ത്രീക്ക് തന്‍റെ ജീവിതം കൊണ്ട് നല്‍കാവുന്ന ഒരു സ്ത്രീപക്ഷ തത്ത്വമാണ് എന്ന് കാണാം. പുരുഷാധിപത്യ കുടുംബ വ്യവസ്ഥിതിയുടെ പുരുഷതത്ത്വങ്ങളെ പൊളിച്ചെഴുതുന്നതിനുള്ള ശ്രമം ബുദ്ധസന്യാസിനിമാര്‍ ചെയ്തതുപോലെ തന്നെ മീരാബായിയിലും വായിച്ചെടുക്കാം.
ഇന്ത്യയിലെ ബൗദ്ധികതയുടെ തലത്തില്‍ ചിന്തിച്ചാല്‍ രാജഭരണ കാലത്തുള്ള പുരുഷാധിപത്യം കോളനിവത്കൃത കാലത്തും മാറിയില്ല. പതിനേഴാം നൂറ്റാണ്ടിലും പതിനെട്ടാം നൂറ്റാണ്ടിലുമൊക്കെ ഇന്ത്യ കണ്ട കോളനിവത്കരണം എല്ലാവിധത്തിലുമുള്ള സമ്പത്തും ചൂഷണത്തെ ചെയ്യപ്പെടുന്നതില്‍ കലാശിച്ചിരുന്നല്ലോ. ഇതില്‍ താത്ത്വിക-ചിന്താസമ്പത്തും ചൂഷണം ചെയ്യപ്പെട്ടുവെന്നു കാണാം. ബ്രിട്ടീഷുകാരുടെ നേതൃത്ത്വത്തില്‍ ജര്‍മന്‍കാരായ മാക്സ് മുള്ളരും ബൂളരും ചേര്‍ന്ന് ‘ഇന്ത്യയുടെ പരിശുദ്ധപുസ്തകങ്ങള്‍’ എന്ന പേരില്‍ വേദോപനിഷത്തുക്കളും പുരാണേതിഹാസങ്ങളും സ്മൃതികളും ധര്‍മശാസ്ത്രങ്ങളും ഇംഗ്ലീഷിലേക്കു തര്‍ജമചെയ്ത് അവര്‍ക്കുതോന്നിയതരത്തില്‍ അപഗ്രഥനങ്ങള്‍ നടത്തി. എന്നാല്‍ തര്‍ജമചെയ്തു എന്നത് ചില ഗുണങ്ങളും ചെയ്തു എന്നും കാണേണ്ടതുണ്ട്. ബ്രാഹ്മണപുരുഷാധിപത്യത്തിലുള്ള, വിജ്ഞാനപുസ്തകങ്ങള്‍ എന്ന് പറയപ്പെടുന്നവയില്‍ എന്താണുള്ളതെന്ന് ഇന്ത്യയിലെ മറ്റു മനുഷ്യര്‍ക്ക് വായിച്ചു മനസ്സിലാക്കാനും വിമര്‍ശിക്കാനും കഴിയുന്നു എന്ന ഗുണം. സംസ്കൃതം പഠിക്കുന്നതില്‍ വിലക്കുണ്ടായിരുന്ന സ്ത്രീകള്‍ക്കും വേദം കേട്ടാല്‍ ചെവിയില്‍ ഈയമുരുക്കി ഒഴിക്കപ്പെടും എന്നുണ്ടായിരുന്നു. ബ്രാഹ്മണേതര ജാതിക്കാര്‍ക്കും, ഇന്ത്യയിലുണ്ടായ വിജ്ഞാന പുസ്തകങ്ങള്‍ അറിയാനും അതിന്‍റെ ഗുണദോഷവശങ്ങള്‍ മനസ്സിലാക്കാനും കൂടുതലായും വഴിയൊരുക്കിയത് ഈ തര്‍ജ്ജമകള്‍ തന്നെയാണ്.
എന്നാല്‍ ആധുനിക ഇന്ത്യന്‍സ്ത്രീപക്ഷ താത്ത്വിക, പണ്ഡിത രമാബായി സംസ്കൃതവും ഇംഗ്ളീഷും പഠിക്കുകയും മതവും ആത്മീയതയുമൊക്കെ വിമര്‍ശിക്കുകയും നിരാകരിക്കുകയും ചെയ്ത വ്യക്തിയാണ്. മറാത്തി-കൊങ്കണി ബ്രാഹ്മണകുലത്തില്‍ അന്നത്തെ മദ്രാസ് പ്രവിശ്യയില്‍ 1858-ല്‍ ജനിച്ച്, ബ്രാഹ്മണേതര ജാതിയില്‍ വിവാഹം കഴിച്ച്, കുഞ്ഞു ജനിച്ചതോടെ വിധവയായ അവര്‍, മനുസ്മൃതിയെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് എഴുതുകയും, ബ്രാഹ്മണ പുരുഷാധിപത്യത്തിനെതിരായി ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയും ചെയ്തു. കൈക്കുഞ്ഞായ മകളുമൊത്തു ഇംഗണ്ടില്‍ പോയി ഉന്നതവിദ്യാഭ്യാസം ചെയ്യുകയും ജോലി ചെയ്യുകയും ചെയ്തു. പിന്നീട് പള്ളിയുമായിട്ടുള്ള ചില കാര്യങ്ങളിലും ക്രിസ്തീയതത്ത്വങ്ങളിലും ഉള്ള അഭിപ്രായ വ്യത്യാസത്തില്‍ അതില്‍ നിന്നും വിട്ടുപോകുന്ന രമാബായ്, ഇന്ത്യയിലേക്ക് തിരിച്ചു വന്നു സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും അവകാശങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചു. തന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഫണ്ട് സമാഹരണത്തിനു വേണ്ടി അമേരിക്കയില്‍ പോയി സ്ത്രീപ്രശ്നങ്ങളെക്കുറിച്ചും ഇന്ത്യന്‍ സാഹചര്യങ്ങളെക്കുറിച്ചും മതങ്ങളെക്കുറിച്ചും താത്ത്വിക പ്രസംഗങ്ങള്‍ നടത്തി. ഹിന്ദു വിധവകളുടെ പ്രശ്നങ്ങള്‍ തുടങ്ങി അവര്‍ പ്രവര്‍ത്തിച്ച നിരവധി പ്രശ്നങ്ങള്‍ക്കു കാരണം ഹിന്ദു മതപുസ്തകങ്ങളിലെ തത്ത്വങ്ങളാണ് എന്ന് അവര്‍ യുക്തിയുക്തം വിമര്‍ശനാവലോകനം നടത്തിക്കൊണ്ടു എഴുതുകയും ചര്‍ച്ച ചെയ്യുകയും ചെയ്തു. ഇന്ത്യയില്‍ മതവും തത്ത്വചിന്തയും അങ്ങേയറ്റം കെട്ട് പിണഞ്ഞു കിടക്കുന്നു എന്നതിനാലും മതവുമായി ബന്ധപ്പെട്ടു സ്ത്രീപക്ഷപരമായി തുറന്ന വിമര്‍ശനങ്ങള്‍ ഉന്നയിച്ചു എന്നതിനാലും, ഇന്ത്യന്‍ തത്ത്വചിന്തയില്‍ പണ്ഡിത രമാബായ്ക്കു പ്രസക്തമായ സ്ഥാനം നല്‍കേണ്ടിയിരിക്കുന്നു.
പണ്ഡിത രമാബായി
ആധുനിക ഇന്ത്യന്‍തത്ത്വചിന്തയില്‍ ആത്മീയതയുടേയും മതത്തിന്‍റേയും അകമ്പടിയില്ലാതെ, സാമൂഹ്യ-സാംസ്ക്കാരിക- രാഷ്ട്രീയ പ്രശ്നങ്ങളെ മുന്‍നിര്‍ത്തി ചിന്താപദ്ധതികളും പ്രവര്‍ത്തന പദ്ധതികളും മെനഞ്ഞ അപൂര്‍വം സാമൂഹ്യ പരിഷ്ക്കര്‍ത്താക്കളെ ഉണ്ടായിട്ടുള്ളൂ. അവരില്‍ ചിലര്‍ ദേശീയ പ്രസ്ഥാനത്തിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും ഉണ്ടായിട്ടുള്ള പുരുഷന്മാരും അവരുടെ ബന്ധുത്വത്തിലും പരിചയത്തിലും നിന്ന് വന്നിട്ടുള്ള സ്ത്രീകളുമാണ്. അക്കൂട്ടത്തില്‍ സ്വയം പ്രവര്‍ത്തിച്ചു വന്ന സ്ത്രീയെന്ന നിലക്ക് ആധുനിക ഇന്ത്യന്‍തത്ത്വചിന്തകരില്‍ സ്ത്രീപ്രാതിനിധ്യമായി രമാബായ് കണക്കാക്കപ്പെടണം. വെജിറ്റേറിയനിസം പിന്തുടര്‍ന്നതിനാലും ‘ഉയര്‍ന്ന ജാതിയിലെ സ്ത്രീ’ എന്ന തലക്കെട്ടില്‍ ബാല്യ വിവാഹം, കന്യകകളായ വിധവകള്‍, തുടങ്ങിയ ബ്രാഹ്മണ സ്ത്രീകളുടെ പ്രശ്നങ്ങള്‍ എഴുതിയതിനാലും, അവര്‍ ബ്രാഹ്മണ രീതികള്‍ പിന്തുടരുന്നതായും സവര്‍ണത നിരാകരിച്ചിട്ടില്ല എന്നുമൊക്കെയുള്ള വിമര്‍ശനങ്ങള്‍ ചിലരുന്നയിക്കുന്നെങ്കിലും, സ്ത്രീപക്ഷപരമായി ചിന്തിച്ചാലും തത്ത്വചിന്താപരമായി വിലയിരുത്തിയാലും രമാബായിയുടെ പങ്ക് ഇന്ത്യന്‍ ചരിത്രത്തില്‍ നിര്‍ണായകമാണ്. അവരുടെ പാണ്ഡിത്യത്തിന്‍റെ അംഗീകാരമായിട്ടാണ് കല്‍ക്കട്ട യൂണിവേഴ്സിറ്റി അവര്‍ക്ക് ബഹുമതി നല്‍കിയത്.
രാജറാംമോഹന്‍ റോയ് സതി നിര്‍ത്തലാക്കുന്നതിന് പ്രവര്‍ത്തിച്ചപോലെതന്നെ, ബോംബെ, പൂനെ തുടങ്ങിയ ഇടങ്ങള്‍ കേന്ദ്രമാക്കി ബാല്യവിവാഹം നര്‍ത്തലാക്കുന്നതിനു ശ്രമിച്ച വ്യക്തിയാണ് രമാബായ്. സ്ത്രീകളുടെ വിദ്യാഭ്യാസം പരമപ്രധാനമാണെന്ന് കരുതുകയും ആ ആശയം പരിപോഷിപ്പിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്ത രമാബായി, ഇത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട ഗാന്ധിക്കും ടാഗോറിനുമൊക്കെ സമകാലീനയായിരുന്നു എന്നത് വിസ്മരിക്കാന്‍ കഴിയില്ല. പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ അവസാന ദശകങ്ങളിലും ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലും ഇത്തരം സ്ത്രീപക്ഷ സാമൂഹ്യ പരിഷ്ക്കരണ പ്രവര്‍ത്തനങ്ങളും, കൂടാതെ മതാന്ധതയെ പൊളിക്കുന്നതിനുള്ള താത്ത്വിക എഴുത്തിന്‍റെ ഇടപെടലുകളും രമാബായിയെ ഇന്ത്യന്‍ ബൗദ്ധികതയില്‍ മുന്നിട്ടു നില്‍ക്കുന്ന വ്യക്തിത്ത്വമാക്കുന്നു. സവിശേഷവിജ്ഞാനങ്ങള്‍ കരസ്ഥമാക്കിയവര്‍ക്ക്നല്‍കുന്ന പണ്ഡിറ്റ് എന്ന പദവിയില്‍ പണ്ഡിത എന്ന പട്ടം അക്കാലത്തു ആദ്യമായി നേടിയ സ്ത്രീയാണ് രമാബായ്.
ഹിന്ദുമത ഗ്രന്ഥങ്ങളില്‍ ഉള്ള വിജ്ഞാനമാണ് അത് കുറിക്കുന്നതെങ്കിലും ആ വിജ്ഞാനം വഴി അതിലെ സ്ത്രീവിരുദ്ധതയെ കണിശമായി വിമര്‍ശിക്കാനും പ്രചരിപ്പിക്കാനും ശ്രമിച്ചു എന്നതിനാല്‍ ജനിച്ച സമുദായത്തില്‍ അസ്വീകാര്യത നേരിടേണ്ടിവന്നെങ്കിലും താനാര്‍ജ്ജിച്ച താത്വികജ്ഞാനത്തെ അവര്‍ സ്ത്രീകളുടെ ഉന്നമനത്തിനായി വിനിയോഗിച്ചു.
ഇന്ത്യന്‍ തത്ത്വചിന്തയില്‍ പ്രാചീന കാലത്തുള്ള വേദദര്‍ശനങ്ങളുടെ രീതിയിലും പിന്നീടുണ്ടായ സൂത്രകാലഘട്ടത്തെ ഷഡ്ദര്‍ശനങ്ങളിലെ ജ്ഞാനശാസ്ത്രപരവും ഭവശാസ്ത്രപരവുമായ താത്ത്വിക വല്‍ക്കരണങ്ങളിലും അതിഭൗതികവാദത്തിന്‍റേയും കേവലവാദത്തിന്‍റേയും മുന്‍കൈ കാണാം എന്ന വിമര്‍ശനം സ്ത്രീപക്ഷ തത്ത്വചിന്ത ഉയര്‍ത്തുന്നു. സ്ത്രീയെ സംബന്ധിച്ച് ആത്യന്തിക യാഥാര്‍ഥ്യത്തെക്കുറിച്ചുള്ള കേവലവാദം (methaphysical absolutism/ / മെറ്റാഫിസിക്കല്‍ അബ്സോലിയൂറ്റിസം) തീര്‍ത്തും ലോകജീവിതവുമായും ലോകത്തു നിലനില്‍ക്കുന്ന അസമത്വങ്ങള്‍ അവസാനിപ്പിക്കുന്നതിനായും ഭേദപ്പെടുത്താനുള്ള സാധ്യത ഇല്ലാത്തതായിരുന്നു. ആനുകാലിക തത്ത്വചിന്തകള്‍ കൂടുതലും, സ്ത്രീപക്ഷ തത്ത്വചിന്തയും, ഈ പ്രശ്നങ്ങളെ നേരിട്ട് ഇടപെട്ടു പരിഹരിക്കാനുതകുന്ന തരത്തിലുള്ള സാമൂഹ്യ-രാഷ്ട്രീയ തത്ത്വചിന്തകളാണ്.
COMMENTS