Homeചർച്ചാവിഷയം

പ്രകൃതിയുടെ സ്ത്രൈണ ഭാവം : ഒരു താത്വിക അവലോകനം

രിത്രാതീത കാലം മുതല്‍ക്കു തന്നെ മനുഷ്യനും പ്രകൃതിയും തമ്മില്‍ അഭേദ്യമായ ബന്ധം പുലര്‍ത്തിയിരുന്നു . മനുഷ്യന്‍ പ്രകൃതിയില്‍ ഇഴുകിച്ചേര്‍ന്ന് ജീവിക്കുകയും പ്രകൃതിയുടെ തന്നെ ഭാഗമായിത്തീരുകയും ചെയ്തിരുന്നു. പ്രപഞ്ചവും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ പ്രാചീന മനുഷ്യര്‍ തിരിച്ചറിഞ്ഞു എന്നതിന്‍റെ വ്യക്തമായ ഉദാഹരണമാണ് യവന ചിന്തയുടെ ആരംഭം. തത്ത്വചിന്ത എന്നത് മനുഷ്യന്‍റെ ധൈഷണികമായ കഴിവുകൊണ്ട് പ്രപഞ്ച രഹസ്യത്തെ അനാവരണം ചെയ്യാനുള്ള ശ്രമമാണ്.
പ്രാചീന ഗ്രീക്ക് ചിന്തകന്മാര്‍, ഭാരതീയ ചിന്തകന്മാര്‍ ഒക്കെതന്നെ ഇത്തരത്തിലുള്ള ഒരു അന്വേഷണത്തിന് തുടക്കം കുറിച്ചിരുന്നു. ഭാരതത്തിലെ ഋഷിമാര്‍ ബാഹ്യ പ്രപഞ്ചത്തിലേക്കും മനുഷ്യന്‍റെഉള്ളിലെ പ്രപഞ്ചത്തിലേക്കും ഒരു പോലെയുള്ള അന്വേഷണത്തില്‍ രണ്ടും ഒന്നു തന്നെയാണ് എന്ന തിരിച്ചറിവ് അവനെ പുതിയ തലങ്ങളില്‍ എത്തിച്ചു. മനുഷ്യനും പ്രകൃതിയും തമ്മില്‍ ഇവിടെ സംഘര്‍ഷമില്ല, മറിച്ചു സമന്വയമാണ് ഉള്ളത് എന്ന കണ്ടെത്തല്‍ അവനെ പ്രകൃതിയിലേക്ക് കൂടുതല്‍ അടുപ്പിച്ചു.
പ്രപഞ്ച സൃഷ്ടികളില്‍ വച്ചേറ്റവും മഹത്തായ രണ്ട് പ്രതിഭാസങ്ങള്‍ ആണ് സ്ത്രീയും പുരുഷനും. ഒന്ന് മറ്റൊന്നിനേക്കാള്‍ വലുതോ ചെറുതോ അല്ല. മനുഷ്യന്‍ എന്ന വിപുലമായപദത്തെ വിഘടിക്കുമ്പോഴുണ്ടാകുന്ന രണ്ടു ശകലങ്ങള്‍ അഥവാ രണ്ട് ഭാഗങ്ങള്‍ ആണ് സ്ത്രീയും പുരുഷനും. പ്രപഞ്ചത്തിന്‍റെ സന്തുലിതമായ പ്രവര്‍ത്തനത്തിനും നിലനില്‍പിനും ഈ രണ്ടു ഘടകങ്ങളും പരസ്പര പൂരകങ്ങളാണ്.

സാഖ്യദര്‍ശനം അനുശാസിക്കുന്നത് പ്രകാരം പ്രകൃതി പുരുഷന്‍ എന്നത് പ്രപഞ്ചത്തിന്‍റെ രണ്ടു അടിസ്ഥാന തത്ത്വങ്ങള്‍ ആണ്. പ്രകൃതി പ്രപഞ്ചത്തിന്‍റെ മൂലകാരണമായി ഇരിക്കെ, പുരുഷന്‍ ബോധത്തിന് ആധാരമാകുന്നു. പരിവര്‍ത്തനത്തിന്‍റെ, ഭൗതികതയുടെ, ഒക്കെ മൂലകാരണം ആയി പ്രകൃതിയെ കാണുന്നു.  (Dasgupta, History of Indian philosophy ,p.256 .)

വന്ദന ശിവ

സദാ സജീവമായി പരിമിധികളില്ലാത്ത ശക്തിയായി സാഖ്യാദര്‍ശനം പ്രകൃതിയെ കാണുന്നു. ഒന്നു മറ്റൊന്നിന് വേണ്ടി നിലകൊള്ളുക എന്നത് പ്രപഞ്ചത്തിന്‍റെ തന്നെ അനിവാര്യതയാണ്. ഇത്തരത്തിലുള്ള ഒരു സന്തുലിതാവസ്ഥയുടെ അഭാവം ആണ് ഒരുപക്ഷെ മനുഷ്യനെ ഇന്ന് കാണുന്ന സംഘര്‍ഷങ്ങളിലേക്ക് നയിക്കുന്നത്. സംഘര്‍ഷങ്ങളിലൂടെയാണ് ഇന്ന് മനുഷ്യരാശി കടന്നുപോകുന്നത്.
ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും ഇത്തരം സംഘര്‍ഷങ്ങള്‍ കാണാന്‍ കഴിയും.. രാഷ്ട്രങ്ങള്‍ തമ്മിലും മനുഷ്യര്‍ തമ്മിലും മനുഷ്യമനസ്സിലെ ആദര്‍ശങ്ങള്‍ തമ്മിലും സംഘര്‍ഷം നിലനിന്നു പോരുന്നു. ഇത്തരം സംഘര്‍ഷങ്ങള്‍ എത്തിനില്‍ക്കുന്നത് അഥവാ ബാധിക്കുന്നത് സ്ത്രീകളെയാണ്. കാരണമെന്തെന്നാല്‍ ചരിത്രാതീത കാലം മുതല്‍ സ്ത്രൈണലക്ഷണങ്ങള്‍ പ്രകൃതിയില്‍ പ്രതിഫലിച്ചു കാണുന്നു . ഒരു പക്ഷേ അത് സ്ത്രീയുടെ പരിചരണ മികവും, പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കാനുള്ള പാടവവും ആയിരിക്കാം. ഇത്തരത്തില്‍ സ്ത്രീയും പ്രകൃതിയും തമ്മിലുള്ള അഭേദ്യമായ ബന്ധം സ്ഥാപിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കാന്‍ ഇക്കോ ഫെമിനിസത്തിന് കഴിഞ്ഞു. അവരുടെ അഭിപ്രായത്തില്‍ സ്ത്രീയും പ്രകൃതിയും ആധുനിക സമൂഹത്തില്‍ പുരുഷ മേധാവിത്ത വ്യവസ്ഥകളാല്‍ അടിച്ചമര്‍ത്തപ്പെട്ട ഘടകങ്ങള്‍ ആണ്. പ്രകൃതിയോടുള്ള അക്രമവും സ്ത്രീകളോടുള്ള അക്രമവും പൊതുവായ പ്രവണതകളാണ്. (Vandana Shiva , Development as a new project of Western Patriarchy.In 1. Diamond and Orenstein (eds.) 1990 .Reweaving the world: The Emergence of Ecofeminism Sanfransisco: SierraClub Books.,p.193 )

ഏരിയല്‍ സല്ലേ

സ്ത്രീകളും പ്രകൃതിയുമായുള്ള ജൈവബന്ധങ്ങളിലും പ്രകൃതി പ്രതിഭാസങ്ങളുടെ മിക്കവാറും എല്ലാ സന്ദര്‍ഭങ്ങളിലും സ്ത്രീയും പ്രകൃതിയും തമ്മിലുള്ള അനിവാര്യമായ ബന്ധം വെളിപ്പെടുന്നു. ജനനം, ശിശുപരിപാലനം എന്നിവയുമായുള്ള സ്ത്രീകളുടെ ശാരീരികബന്ധം ഭാഗികമായി പ്രകൃതിയുമായുള്ള ഈ അടുത്ത ബന്ധത്തിലേക്ക് നയിച്ചു. ചന്ദ്രചക്രങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന ആര്‍ത്തവചക്രം, പ്രകൃതിദത്തമായ താളങ്ങളോടുള്ള സ്ത്രീകളുടെ കെട്ടുറപ്പിന്‍റെ തെളിവായും കാണുന്നു. ഏരിയല്‍ സല്ലേ അവരുടെ പുസ്തകത്തില്‍ ഈ ബന്ധം വളരെ ഭംഗിയായി ചിത്രീകരിക്കുകയും പ്രസ്താവിക്കുകയും ചെയ്യുന്നു. (Ariel Salleh ,Deeper than Deep Ecology:The Ecofeminist Connection, Environmental Ethics, 6.p.340) നാഗരികതയുടെ ആദ്യകാലങ്ങളില്‍ പ്രകൃതിയെ ജീവനുള്ളതായും സ്ത്രീയായും പൂര്‍ണ്ണമായും മനുഷ്യനായും കണ്ടിരുന്നു. ഭാരതീയ യൗവന ചിന്തകളില്‍ പ്രകൃതി ശക്തികളേയും ദേവതയായി ആരാധിച്ചുപോന്നൂ. എന്നാല്‍ ആധുനിക യന്ത്രവല്‍കൃത കാലഘട്ടത്തില്‍ മനുഷ്യന്‍ പൂര്‍ണമായും ടെക്നോളജിയെ ആശ്രയിക്കുകയും പ്രകൃതിയെ അവന്‍റെ ആവശ്യത്തിന് മാത്രം ഉപയോഗിച്ച് നിര്‍ജ്ജീവവും നിഷ്ക്രിയവുമാക്കി തീര്‍ത്തു.

കരോലിന്‍ മര്‍ച്ചന്‍റ് അവരുടെ ദ ഡെത്ത് ഓഫ് നേച്ചര്‍ എന്ന പുസ്തകത്തില്‍ ‘ഡെത്ത്’ എന്ന പദം ഉപയോഗിച്ച് പ്രകൃതിയുടെ നാശത്തെ പരാമര്‍ശിക്കുന്നു (Carolyn Merchant ,The Death of Nature: Women, Ecology and the Scientific Revolution ) മനുഷ്യ-പ്രകൃതി ബന്ധങ്ങള്‍ എന്ന ആശയം ജീവിതത്തിന്‍റെ ഏതൊരു തത്ത്വചിന്തയുടേയും അടിസ്ഥാനമാണ്. പ്രകൃതിയോ പാരിസ്ഥിതികമോ ആയ സന്തുലിതാവസ്ഥയുള്ളിടത്ത് മാത്രമേ ഈ സഹവര്‍ത്തിത്വം സാധ്യമാകൂ.

പാരിസ്ഥിതിക പ്രശ്നങ്ങള്‍ മനുഷ്യ സമൂഹത്തേയും മറ്റ് ജീവജാലങ്ങളേയും ബാധിക്കുന്നുവെന്ന് ഒരു ദാര്‍ശനിക പ്രസ്ഥാനമെന്ന നിലയില്‍ ഇക്കോഫെമിനിസം കാണുന്നു. അതുകൊണ്ടു തന്നെ ഇതിന് സാമൂഹിക പ്രസക്തി കൂടിയുണ്ട്. സാമൂഹിക പ്രശ്നങ്ങളിലുള്ള കാലികമായ ഇടപെടല്‍ തത്വശാസ്ത്രത്തെ ഏറെ പ്രസക്തമാക്കുന്നു. പാരിസ്ഥിതിക നാശം സമൂഹത്തിന്‍റെ ശ്രേണീപരമായ ഘടനയുടെ അനന്തരഫലമാണെന്ന് സാമൂഹിക പരിസ്ഥിതിശാസ്ത്രം സിദ്ധാന്തിക്കുന്നു. പാരിസ്ഥിതിക നാശത്തിന് കാരണം മനുഷ്യന്‍ മനുഷ്യന്‍റെ മേല്‍ നടത്തുന്ന ആധിപത്യമാണ്.

കരോലിന്‍ മര്‍ച്ചന്‍റ്

പരിഷ്കരിച്ച മനുഷ്യബന്ധങ്ങളില്‍ പാരിസ്ഥിതിക നാശത്തിനുള്ള പരിഹാരം ഒരു ദാര്‍ശനിക പ്രസ്ഥാനമെന്ന നിലയില്‍ ഇക്കോഫെമിനിസം നല്‍കിയിട്ടുണ്ട്. സ്ത്രീകളുടേയും പ്രകൃതിയുടേയും നവീകരണം അടിച്ചമര്‍ത്തലുകള്‍ക്ക് സാധ്യമായ പരിഹാരമാണ്. പ്രകൃതിക്ക് കൂടുതല്‍ സംരക്ഷണവും പരിചരണവും നല്‍കാന്‍ സ്ത്രീകള്‍ക്ക് കഴിയും. സ്നേഹം, പരിചരണം, തുടങ്ങിയ സവിശേഷ ഗുണങ്ങള്‍ സ്ത്രീകള്‍ക്കുണ്ട്. അതിനാല്‍ ഒരു അമ്മ കുട്ടിയെ പരിപാലിക്കുന്നതുപോലെ അവള്‍ക്ക് പ്രകൃതിയെ സംരക്ഷിക്കാന്‍ കഴിയും. കൂടാതെ അവരുടെ കുട്ടികളിലൂടെ ഒരു നല്ല സമൂഹം സൃഷ്ടിക്കാനും അവള്‍ക്ക് കഴിയും. സാമൂഹ്യവല്‍കരണ പ്രക്രിയയിലൂടെ, വ്യക്തിയോ കുട്ടിയോ ഒരു സമൂഹത്തിന്‍റെ ഭാഗമാക്കപ്പെടുന്നു. വരാനിരിക്കുന്ന ഒരു പൗരനെന്ന നിലയില്‍, ഒരു കുട്ടിക്ക് ആരോഗ്യകരമായ സ്വഭാവം ഉണ്ടാക്കാന്‍ കഴിയും. അതിനുള്ള പരിശീലനം അവരുടെ വീട്ടില്‍ നിന്നാണ്, പ്രത്യേകിച്ച് അമ്മയില്‍ നിന്ന്. ഇത്തരത്തില്‍ സ്ത്രീകള്‍ക്ക് അവളുടെ മാതൃത്വത്തില്‍ അഭിമാനിക്കാം.

പ്രകൃതിയുടെ അപചയത്തിനും ചൂഷണത്തിനും ഒരേയൊരു പരിഹാരമാണിത്. അതിന്‍റെ നവീകരണത്തിലൂടെ സ്ത്രീകള്‍ക്ക് സ്വയം മോചനം നേടാനാകും. ആധുനിക സാങ്കേതിക പുരോഗതിയുടെ ഗുണപരമായ കണ്ടുപിടുത്തങ്ങള്‍ മുഴുവന്‍ ജീവജാലങ്ങളേയും പ്രതികൂലമായി ബാധിച്ചു. ഇത്തരത്തിലുള്ള ഇടപെടലുകള്‍ മുഴുവന്‍ ആവാസ വ്യവസ്ഥയെയും ബാധിക്കുന്നു. പ്രകൃതിയുടെ നാശത്തിന് മനുഷ്യര്‍ ധാര്‍മികമായി ഉത്തരവാദികളാണ്. എല്ലാ ജീവജാലങ്ങളോടും വരും തലമുറകളോടും അവന് കടപ്പാടുണ്ട്. ഇക്കോഫെമിനിസം പുരുഷന്മാരുമായി തുല്യത തേടുകയല്ല, മറിച്ച് മനുഷ്യര്‍ തമ്മില്‍ യാതൊരു വിധ വ്യത്യാസവും കല്പിക്കുന്നത് ശരിയായ രീതിയല്ല എന്ന തത്ത്വത്തിലാണ്. ആധിപത്യത്തിലും മനുഷ്യേതര ജീവലോകത്തെ കീഴ്പ്പെടുത്തുന്നതിലും അധിഷ്ഠിതമായ ഒരു യഥാര്‍ത്ഥ മനുഷ്യജീവിതം സാധ്യമല്ല. യഥാര്‍ത്ഥ ജീവിത ധാര്‍മ്മിക പ്രശ്നങ്ങളെക്കുറിച്ചുള്ള ഒരാളുടെ ഗ്രാഹ്യത്തെ സമ്പുഷ്ടമാക്കുന്നതിനും വിശാലമാക്കുന്നതിനും ഉപയോഗപ്പെടുത്താം.

References
1 Merchant, Carolyn (1980). The Death of Nature:Women , Ecology and the Scientific RevolutionNew York : Harper & Row. 1983 .
2 . Dasgupta Surendranath ,The History of Indian Philosophy Vol 1, New Delhi:Rupa publications India pvt ltd .2018
3 Ariel Salleh ,Deeper than Deep Ecology:The Ecofeminist Connection, Environmental Ethics
4.Lieber Arnold L .The Lunar effect: Biological Tides and Human Emotions ,NEW York : Anchor Press ,1978

ആഷ കെ.ബി.
അധ്യാപിക
തത്വശാസ്ത്രവിഭാഗം
യൂണിവേഴ്സിറ്റി കോളേജ്,
തിരുവനന്തപുരം

COMMENTS

COMMENT WITH EMAIL: 0